സി.എൻ. അഹ്‌മദ് മൗലവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
CN Ahmad Moulavi
CN Ahmad Moulavi.jpg
ജനനം1905
മരണം1993
ദേശീയതഇന്ത്യൻ
പ്രശസ്തിഎഴുത്തുകാരൻ

ഖുർആൻ മലയാളം പരിഭാഷകനും ഇസ്‌ലാമിക വിഷയങ്ങളിൽ വിവിധ ഗ്രന്ഥങ്ങളുടെ രചയിതാവുമാണ് സി.എൻ. അഹ്‌മദ് മൗലവി[1] (1905-1993).അദ്ദേഹത്തിന്റേത് ഖുർആൻ മലയാള പരിഭാഷകളിൽ നാലാമത്തേതായിരുന്നെങ്കിലും പ്രസിദ്ധീകരിക്കപ്പെട്ട ആദ്യത്തെ പൂർണ്ണ പരിഭാഷയായിരുന്നു.[2] 1959 മുതൽ 1964 വരെ കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു മൗലവി. 1989ൽ സാഹിത്യ അക്കാദമി ഫെലോഷിപ്പ് നൽകി ആദരിച്ചു[3][4]

ജീവിതം[തിരുത്തുക]

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിലെ (ആദ്യ കാലത്തെ മധ്യ ഏറനാട്) വേങ്ങര പഞ്ചായത്തിലെ ചേറൂരിലാണ്‌ സി.എൻ. അഹമ്മദ് മൗലവിയുടെ ജനനം, 1905 ൽ.

പിതാവ്: നത്താൻകോടൻ ഹസ്സൻകുട്ടി. മാതാവ്: അഴുവത്ത് ഖദീജ[3] (കൊളപ്പുറം/ അബ്‌ദുറഹിമാൻ നഗർ പഞ്ചായത്ത്). ഏഴാം വയസ്സിലാണ്‌ സ്കൂളിൽ ചേർത്തത്. പിതാവിന്റെ മരണശേഷം മൂന്നാം ക്ലാസ് വരെ സ്കൂളിൽ പഠിച്ച അദ്ദേഹം കരുവാരക്കുണ്ടിലെ വലിയ ദർസിലാണ്‌ പഠനം തുടർന്നത്. ജ്യേഷ്ഠൻ കുഞ്ഞാലൻ മുസ്‌ലിയാരായിരുന്നു അദ്ധ്യാപകൻ.1916 മുതൽ1620 ദർസ് പഠനം തുടർന്ന അദ്ദേഹം അറബി വ്യാകരണത്തിൽ വ്യുൽപ്പത്തി നേടി. ഒരു ഇടവേളക്ക് ശേഷം വീണ്ടും ദർസ് പഠനം തുടർന്ന അദ്ദേഹം മദ്രാസിലെ ജമാലിയ്യ കോളേജിൽ ചേർന്നു. അക്കാലത്ത് മൗലാനാ അബുൽ കലാം ആസാദ്, ഡോ. ഇഖ്‌ബാൽ, സയ്യിദ് സുലൈമാൻ നദ്‌വി, മർമഡ്യൂക് പിക്‌ത്താൾ തുടങ്ങി പല പണ്ഡിതന്മാരെയും കാണാനും അവരുടെ പ്രഭാഷണങ്ങൾ ശ്രവിക്കാനും അവസരം ലഭിച്ചു. ഇത് മൗലവിയെ പില്‌ക്കാലത്ത് ഒരു പുരോഗമനവാദിയാക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. അക്കാലത്ത് അവിടെ വെച്ച് മുഹമ്മദ് അബ്‌ദുറഹിമാൻ സാഹിബിനെ കണ്ടത് അദ്ദേഹം വലിയ പ്രധാന്യത്തോടെ തന്റെ ആത്‌മകഥയിൽ കുറിച്ചിട്ടുണ്ട്. മദ്രാസിലെ പഠനം ഇടക്ക് വെച്ച് നിർത്തേണ്ടിവന്ന മൗലവി, ബോംബെയിൽ കുറച്ചുകാലം താമസിച്ചു. 1928 ൽ വെല്ലൂർ ബാഖിയാത്തുസ്സാലിഹാത്തിൽ ചേർന്നു. 1930 ൽ മൗലവി ഫാദിൽ ബാഖവി ബിരുദം കരസ്‌തമാക്കി. ബാഖിയാത്തിലെ പഠനത്തിനിടെ തന്നെ അഫ്‌ദലുൽ ഉലമയുടെ പരീക്ഷക്കാവശ്യമായ ഗ്രന്ഥങ്ങൾ സ്വയം പഠിച്ച് 1931 ൽ മദ്രാസ് യൂനിവേഴ്‌സിറ്റിയുടെ അഫ്‌ദലുൽ ഉലമാ പരിക്ഷയും പാസായി.

മാസങ്ങൾക്കകം മലപ്പുറം ട്രെയ്നിങ്ങ് സ്കൂളിൽ റിലീജ്യസ് ഇൻസ്ട്രക്‌ടറായി ജോലി കിട്ടി[4] 1944-ൽ ഈ ജോലിയിൽ നിന്ന് അഞ്ചു വർഷത്തേക്ക് ലീവെടുത്ത് കച്ചവടം, കൃഷി എന്നിവ നടത്തിനോക്കിയെങ്കിലും ഒന്നും വിജയിച്ചില്ല. ആ ഘട്ടത്തിലാണ്‌ കരുവാരക്കുണ്ടിൽ നിന്ന് 'അൻസാരി; മാസിക പ്രസിദ്ധീകരിക്കാൻ തുടങ്ങിയത്. 1949 ഡിസംബറിൽ ആദ്യലക്കം പുറത്തിറങ്ങി. 14 ലക്കം ഇറങ്ങിയ ശേഷം അതും നിന്നുപോയി.

അൻസാരിയിലെ ഖുർആൻ പംക്തി വലിയ ജനശ്രദ്ധ ആകർഷിച്ചിരുന്നു. പെരുമ്പാവൂരിലെ മജീദ് മരൈക്കാർ സാഹിബ് മൗലവിയെ കാണുകയും മലയാളത്തിൽ ഒരു ഖുർആൻ പരിഭാഷ തയ്യാറാക്കാൻ ആവശ്യപ്പെടുകയും ചെയ്‌തു. 1951 ൽ അതിന്‌ തുടക്കം കുറിച്ചു. വലിയ ഒരു ഗ്രൻഥശേഖരമൊരുക്കുകയാണ്‌ ആദ്യം ചെയ്‌തത്. അറബി, ഉർദു, ഇങ്‌ഗ്ലീഷ്, പാർസി, തമിഴ് ഭാഷകളിലുള്ള 22 തഫ്‌സീറുകൾ ആ ശേഖരത്തിലുണ്ടായിരുന്നുവെന്നും അവ പരിശോധിച്ച ശേഷമാണ്‌ പരിഭാഷയ്ക്കും വ്യാഖ്യാനത്തിനും അന്തിമരൂപം നല്‌കിയിരുന്നതെന്നും മൗലവി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.[അവലംബം ആവശ്യമാണ്] 1953 ൽ  ഖുർആനിന്റെ നാലിലൊരു ഭാഗത്തിന്റെ പരിഭാഷയും വ്യാഖ്യാനവും പുറത്തിറങ്ങി. 1961 ൽ ആ ദൌത്യം പൂർത്തീകരിച്ചു. ഈ കൃതി 1964 മുതൽ, രണ്ടു വാല്യങ്ങളിലായി എൻ.ബി.എസ് (കോട്ടയം) പ്രസിദ്ധീകരിച്ചു വരുന്നു.

ഖുർആൻ പരിഭാഷാ യജ്ഞം പൂർത്തിയായതോടെ മൗലവി രോഗബാധിതനായി; ഒരു വർഷത്തിലേറെ നീണ്ട ചികിൽസ; തൃശൂരിലും പിന്നെ വെല്ലൂരിലും. 1963 ൽ രോഗം ഭേദമായി നാട്ടിൽ തിരിച്ചെത്തിയശേഷം കിഴക്കൻ ഏറനാട്ടിൽ ഒരു കലാലയം ​സ്ഥാപിക്കാനുള്ള ശ്രമത്തിൽ ഏർപ്പെട്ടു. മമ്പാട് അധികാരി അത്തൻ മോയിൻ സാഹിബ് നൽകിയ 25 ഏക്കർ സ്ഥലത്താണ് ഏറനാട് എഡ്യൂക്കേഷൻ അസോസിയേഷന്റെ കീഴിൽ മമ്പാട് കോളേജ് സ്ഥാപിച്ചത്. 1965 മുതൽ 69 വരെ നടത്തിയ ശേഷം സ്ഥാപനം എം.ഇ.എസിനെ ഏൽപ്പിച്ചു. അതാണ്‌ എം.ഇ.എസ്. മമ്പാട് കോളേജ്‌.

1959-'64 കാലത്ത് കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

1993 ഏപ്രിൽ 27ന് കോഴിക്കോട് വെച്ച് മൗലവി നിര്യാതനായി.

കൃതികൾ[തിരുത്തുക]

 • ഖുർആൻ മലയാളം പരിഭാഷ. (2 വാല്യം)നേഷനൽ ബുക്‌ സ്റ്റാൾ, കോട്ടയം   പ്രസിദ്ധീകരിക്കുന്നു.
 • ഇസ്‌ലാം ഒരു സമഗ്രപഠനം, അൽ ഹുദാ ബുക്‌ സ്റ്റാൾ കോഴിക്കോട് -1(1965)
 • ഇസ്‌ലാം ചരിത്രം
 • മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം (കെ. കെ. അബ്ദുൽ കരീം, സി.എൻ. അഹ്‌മദ് മൗലവി) (1978)[5][6])
 • സഹീഹുൽ ബുഖാരി മലയാളം പരിഭാഷ അൽ ഹുദാ ബുക്‌ സ്റ്റാൾ കോഴിക്കോട് -1
 • യസ്സർനൽ ഖുർആൻ(അറബിയിൽ എഴുതിയത്)
 • ഇസ്‌ലാമിലെ ധനവിതരണാ പദ്ധതി (ഇംഗ്ലീഷ് പതിപ്പ് 1953)
 • ഇസ്‌ലാം ഒരു സമഗ്ര പഠനം (ഇംഗ്ലീഷ് പതിപ്പ് 1965)
 • സഹീഹുൽ ബുഖാരി (പരിഭാഷ 1970)
 • ചന്ദ്രമാസ നിർണ്ണയം (1991)
 • ഖുർആൻ ഇൻഡക്‌സ്
 • അഞ്ചു നേരത്തെ നമസ്‌ക്കാരം ഖുർആനിൽ
 • യസ്സർനൽ ഖുർആൻ

പുരസ്കാരം[തിരുത്തുക]

 • 1989 ൽ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‌കി ആദരിച്ചു.

കൂടുതൽ വായനക്ക്[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Encyclopaedia Of Islam-Volume 6. E.J Brill. p. 458. ശേഖരിച്ചത് 3 ഒക്ടോബർ 2019.
 2. എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം-വാള്യം 6. 1988. p. 462.
 3. 3.0 3.1 പ്രബോധനം വാരിക സ്പെഷൽ പതിപ്പ്:കേരള മുസ്‌ലിം നവോത്ഥാന ചരിത്രം1998
 4. 4.0 4.1 കേരള സാഹിത്യ അക്കാദമി
 5. Salahudheen, O P. Anti_European struggle by the mappilas of Malabar 1498_1921 AD (PDF). p. 123. ശേഖരിച്ചത് 11 നവംബർ 2019.
 6. Mumtas Begum A.L. Muslim women in Malabar Study in social and cultural change (PDF). p. 264. ശേഖരിച്ചത് 11 നവംബർ 2019.
"https://ml.wikipedia.org/w/index.php?title=സി.എൻ._അഹ്‌മദ്_മൗലവി&oldid=3246451" എന്ന താളിൽനിന്ന് ശേഖരിച്ചത്