സനൽ ഇടമറുക്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സനൽ ഇടമറുക്
Sanal Edamaruku.jpg
ജനനം (1955-05-26) മേയ് 26, 1955 (വയസ്സ് 63)
കേരളം

സനൽ ഇടമറുക് ഇന്ത്യൻ യുക്തിവാദി സംഘത്തിന്റെ പ്രസിഡന്റും റാഷണലിസ്റ്റ് ഇന്റർനാഷണലിന്റെ സ്ഥാപക പ്രസിഡന്റും ആണ്.[1]

ജീവചരിത്രം[തിരുത്തുക]

പ്രശസ്ത യുക്തിവാദിയും പത്രപ്രവർത്തകനുമായ ജോസഫ്‌ ഇടമറുകിന്റെ മകനായി കേരളത്തിലെ തൊടുപുഴയിൽ ജനിച്ചു.[2] ഹിന്ദു-ക്രിസ്ത്യൻ മിശ്രദമ്പതിമാർക്ക്‌ ജനിചതിനാൽ ഔപചാരികമായി മതവിദ്യാഭ്യാസം ലഭിച്ചില്ല. പതിനഞ്ചാം വയസുമുതൽ യുക്തിവാദ പ്രചാരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടു.

1977 - ൽ കേരള സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തരബിരുദം നേടി. തുടർന്ന് ജവഹർലാൽ നെഹ്രു സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ സ്റ്റഡീസിൽ എം ഫിൽ ബിരുദവും നേടി. പുസ്തകങ്ങൾ രചിക്കുന്നതിനും മുഴുവൻ സമയ ഇന്ത്യൻ യുക്തിവാദ സംഘത്തിന്റെ പ്രവർത്തനത്തിനുമായി 1982 - ൽ ആഫ്രോ - ഏഷ്യൻ റീ കൺസ്ട്രക്ഷനിൽ ലഭിച്ച ജോലി ഉപേക്ഷിച്ചു.

യുക്തിവാദ പ്രവർത്തനങ്ങൾ[തിരുത്തുക]

യുക്തി ചിന്തയുടെ പ്രാധാന്യം, അന്ധവിശ്വാസങ്ങൾ എതിർക്കപ്പെടേണ്ടത്തിന്റെ ആവിശ്യകത എന്നിവ വിഷയമാക്കി ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇന്ത്യൻ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന അന്ധവിശ്വാസങ്ങൾക്ക് നിദാനമായ പൂജാരിവൃന്ദത്തിന്റെ ദിവ്യാത്ഭുതങ്ങൾ അനാവരണം ചെയ്യുന്ന രീതിയിൽ അന്വേഷണാത്മകമായ കണ്ടെത്തെലുകൾ നടത്തിയിട്ടുണ്ട്[2]. അദേഹത്തിന്റെ പ്രവർത്തനങ്ങൾ പലപ്പോഴും പ്രമുഖ വാർത്താമാധ്യമങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഇടയായിട്ടുണ്ട്. കേരളത്തിൽ അദേഹവും കൂട്ടരും സംഘടിപ്പിച്ച ഒരു റോഡ്‌ ഷോയിൽ അതീന്ദ്രമായതെന്നു സന്യാസിമാരും മതഗുരുക്കളും അവകാശപ്പെടുന്ന കാര്യങ്ങൾ ഒരു സാധാരണക്കാരന് എങ്ങനെ ചെയ്യാൻ കഴിയുമെന്ന് വിവരിക്കുന്നതിനെക്കുറിച്ച് "ഗുരു ബസ്റ്റ്‌ർ" എന്ന ഡോകുമെന്ററിയിൽ കാണിക്കുന്നുണ്ട്.[3] ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും ആവിശ്യകതയെ പിന്തുണച് അദേഹം പലപ്പോഴും ടെലിവിഷൻ പരിപാടികളിൽ പങ്കെടുക്കാറുണ്ട്[2].

മതനിന്ദ കുറ്റം[തിരുത്തുക]

2012 മാർച്ചിൽ മുംബൈയിലെ വിലെ പാർലെയിലെ വേളാങ്കണ്ണി പള്ളിയിൽ നിന്ന് ക്രൂശിതനായ ക്രിസ്തുരൂപത്തിന്റെ ചോരപ്പാടുള്ള കാലിൽ നിന്ന് വെള്ളമൊഴുകുന്നു എന്ന വാർത്തയെ തുടർന്നു ലക്ഷക്കണക്കിന് ജനങ്ങൾ എത്തി ക്രിസ്തുവിന്റെ കാലിൽ നിന്ന് ഒലിക്കുന്ന വെള്ളം കുപ്പികളിലാക്കി ദിവ്യജലമായി വീട്ടിൽ കൊണ്ടുപോയി സൂക്ഷിച്ചു. ഈ സംഭവത്തെ വെല്ലുവിളിച്ചു കൊണ്ട് സനൽ അവിടെ എത്തി ഇതിനു പിന്നിലെ ശാസ്ത്രിയ സത്യം ബോധ്യപ്പെടുത്തി.[4] പ്രതിമ നിൽക്കുന്ന സ്ഥലത്തിനടുത്തിന് തൊട്ടടുത്ത് മലിനജലം കെട്ടി നിൽക്കുന്ന ചെറിയ കനാലും സമീപത്ത് മുകളിൽ തന്നെയായി ഒരു വാട്ടർടാങ്കുമുണ്ട്. ഇവിടെ കാപ്പില്ലറി ആക്ഷന്റെ അഥവാ കേശികത്വം എന്ന മർദ്ദതത്വത്തിന്റെ ഭാഗമായി വെള്ളം ചെറിയ സുഷിരങ്ങളിലൂടെ പ്രതിമയ്ക്കരികിൽ എത്തുകയും അത് ക്രിസ്തുരൂപത്തിന്റെ കാലിലൂടെ ഒഴുകുകയും ചെയ്യുന്നുവെന്ന് അദേഹം വിശദീകരിച്ചുവെങ്കിലും ക്രിസ്ത്യൻ മതമേലധികാരികൾ അദ്ദേഹത്തിനെതിരെ പോലീസിന് പരാതി നൽകുകയും മുംബൈ പോലീസ്‌ കേസെടുക്കുകയുമാണുണ്ടായത്. മതവികാരം വ്രണപ്പെടുത്തിയതിന് പരസ്യമായി മാപ്പുപറയണമെന്നും പുരോഹിതർ ആവശ്യപ്പെട്ടു. ഇത് അദ്ദേഹം നിരസിച്ചതോടെ അവർ കേസുമായി മുന്നോട്ടുപോയി. ഇന്ത്യൻ പീനൽകോഡ് സെക്ഷൻ: 295 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജൂഹു സ്‌റ്റേഷനിൽ (കേസ് നമ്പർ: സി.ആർ. 61/2012) മഹാരാഷ്ട്ര കാത്തലിക് യൂത്ത് ഫോറം പ്രസിഡന്റ് ആഞ്ചെലോ ഫെർണാണ്ടസ് ആണ് പരാതി നൽകിയത്.[5] ഇതിനെ തുടർന്ന് അദേഹം ഫിൻലാൻഡിലേക്ക് പോയി.[6][7] ഇപ്പൊ മത നിന്ദാ നിയമങ്ങൾക്കെതിരെ അഭിപ്രായസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അവബോധം സൃഷ്ടിക്കാനായുള്ള യൂറോപ്യൻ പര്യടനത്തിലാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സനൽ_ഇടമറുക്‌&oldid=2784150" എന്ന താളിൽനിന്നു ശേഖരിച്ചത്