ജോസഫ് ഇടമറുക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പത്രപ്രവർത്തകൻ, യുക്തിവാദി, ഗ്രന്ഥകാരൻ, രാഷ്ട്രീയ പ്രവർത്തകൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്നു ജോസഫ് ഇടമറുക് (ആംഗലേയം: Joseph Idamaruku) (ജ. സെപ്റ്റംബർ 7, 1934 - മ. 29 ജൂൺ 2006) ഇദ്ദേഹം ഇടമറുക് എന്ന പേരിൽ പൊതുവേ അറിയപ്പെടുന്നു. കോട്ടയം, ദില്ലി എന്നിവിടങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പ്രവർത്തനകേന്ദ്രങ്ങൾ.

ആദ്യകാല ജീവിതം[തിരുത്തുക]

കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള ഒരു യാഥാസ്തിക കത്തോലിക്കാ കുടുംബത്തിൽ 1934-ൽ ജനിച്ചു. പിന്നീട് ആ കുടുംബം യാക്കോബായ സഭയിലേക്ക് മാറി. ചെറുപ്പത്തിലേ സുവിശേഷ പ്രസംഗകനും മതാദ്ധ്യാപകനും ആയിരുന്ന അദ്ദേഹം പത്തൊമ്പതാമത്തെ വയസിൽ ‘ക്രിസ്തു ഒരു മനുഷ്യൻ‘ എന്ന പുസ്തകം എഴുതിയതിനെത്തുടർന്ന് സഭയിൽ നിന്ന് പുറത്താക്കപ്പെട്ടു. ഈഴവ സമുദായത്തിൽ ജനിച്ച സോളിയെ 1954-ൽ വിവാഹം കഴിച്ചതോടുകൂടി ബന്ധുക്കളും മറ്റും അദ്ദേഹത്തെ വീട്ടിൽ നിന്നും പുറത്താക്കി. തൊടുപുഴയിൽ നിന്നും ‘ഇസ്ക്ര’ (തീപ്പൊരി) എന്ന മാസിക ഇക്കാലയളവിൽ പുറത്തിറക്കി.

രാഷ്ട്രീയ പ്രവർത്തനം[തിരുത്തുക]

മാർക്സിയൻ ആശയങ്ങളിൽ ആകൃഷ്ടനായി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നീട് റെവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാർട്ടിയിലും ചേർന്നു പ്രവർത്തിച്ചു. റെവല്യൂഷണറി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായും കേന്ദ്രകമ്മിറ്റിയംഗമായും പ്രവർത്തിച്ചിരുന്നു. മലനാട് കർഷക യൂണിയൻ സെക്രട്ടറിയുമായിരുന്നു. 1955-ൽ രാഷ്ട്രീയജീവിതം അവസാനിപ്പിച്ചു.

പത്രപ്രവർത്തനം[തിരുത്തുക]

1957 മുതൽ 1970 വരെ മനോരമ വാർഷിക പുസ്തകത്തിന്റെ (ആംഗലേയം: Manorama year book) പത്രാധിപരായിരുന്നു. വിളംബരം, തേരാളി, യുക്തി എന്നീ യുക്തിവാദ മാസികളിൽ സജീവമായി പ്രവർത്തിച്ചു. തേരാളി മാസിക, പുത്രനായ സനൽ ഇടമറുകിന്റെ പത്രാധിപത്യത്തിൽ ഇപ്പോൾ ദില്ലിയിൽ നിന്നും പ്രസിദ്ധീകരിക്കുന്നു.

1971-ൽ കേരളഭൂഷണം അൽമനാക്ക്, മനോരാജ്യം, കേരളഭൂഷണം, കേരളധ്വനി എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായി. 1977-ൽ എറൌണ്ട് ഇന്ത്യ (ആംഗലേയം: Around India) എന്ന ആംഗലേയ മാസികയുടെ പത്രാധിപരായി ദില്ലിയിലെത്തി. അതേ വർഷം തന്നെ കേരളശബ്ദം പ്രസിദ്ധീകരണങ്ങളുടെ ദില്ലി ലേഖകനായി.

യുക്തിവാദം[തിരുത്തുക]

1956-ൽ കോട്ടയം കേന്ദ്രമാക്കി യുക്തിവാദസംഘം രൂപവത്കരിക്കുന്നതിന് മുൻ‌കൈയ്യെടുത്തു. കേരള യുക്തിവാദി സംഘത്തിന്റെ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട് എന്നീ നിലകളിലും, കേരള മിശ്രവിവാഹ സംഘം ജനറൽ സെക്രട്ടറി, ദില്ലി യുക്തിവാദി സംഘം പ്രസിഡണ്ട്, ലോക നാസ്തിക സംഘം വൈസ് പ്രസിഡണ്ട്, ഇന്ത്യൻ യുക്തിവാദി സംഘം വൈസ്പ്രസിഡണ്ട്, റാഷണലിസ്റ്റ് ഇന്റർനാഷണലിന്റെ (ആംഗലേയം: Rationalist International) ഓണററി അസോസിയേറ്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. 1978-ലെ അന്താരാഷ്ട്ര എതീസ്റ്റ് അവാർഡ് ഇദ്ദേഹത്തിനു ലഭിച്ചു.

രചനകൾ[തിരുത്തുക]

മതം, തത്ത്വചിന്ത മുതലായ വിഷയങ്ങളെ അധികരിച്ച് 170-ൽ അധികം കൃതികളുടെ രചയിതാവാണ് ഇടമറുക്. ആത്മകഥയായകൊടുങ്കാറ്റുയർത്തിയ കാലം’ എന്ന പുസ്തകത്തിന് 1999-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. മറ്റു പ്രധാനപ്പെട്ട കൃതികൾ:

  • ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ല
  • ഉപനിഷത്തുകൾ ഒരു വിമർശനപഠനം
  • ഖുർആൻ ഒരു വിമർശനപഠനം
  • ഭഗവദ്ഗീത ഒരു വിമർശനപഠനം
  • യുക്തിവാദരാഷ്ട്രം
  • കോവൂരിന്റെ സമ്പൂർണകൃതികൾ (തർജമ)
  • കൊടുങ്കാറ്റുയർത്തിയ കാലം ആത്മകഥ

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോസഫ്_ഇടമറുക്&oldid=2784594" എന്ന താളിൽനിന്ന് ശേഖരിച്ചത്