Jump to content

വർത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശബ്ദോച്ചാരണത്തിൽ വായുപ്രവാഹത്തെ ജിഹ്വാഗ്രം കൊണ്ട് മേൽവരിപ്പല്ലിന്റെ ഊനിൽ തടഞ്ഞുവിട്ട് ഉച്ചരിക്കുന്ന ഭാഷണശബ്ദത്തിന് വർത്സ്യം എന്ന് പറയുന്നു. അധുനിക സ്വനവിജ്ഞാനമനുസരിച്ച് നാവ് വായുടെ മേൽത്തട്ടിലെ മോണയോടടുപ്പിച്ചോ മോണയെ സ്പർശിച്ചോ ഉച്ചരിക്കുന്നവയാണ് വർത്സ്യവ്യഞ്ജനങ്ങൾ (Alveolar consonant). വർത്സ്യങ്ങൾ നാവിന്റെ അഗ്രം, ദളം (Blade of tongue) എന്നിവയുപയോഗിച്ചാണ് ഉച്ചരിക്കുന്നത്. ഇവ യഥാക്രമം അഗ്ര്യവ്യഞ്ജനങ്ങൾ, ദളീയവ്യഞ്ജനങ്ങൾ എന്നിങ്ങനെ അറിയപ്പെടുന്നു. ഉച്ചരിക്കുമ്പോൾ ജിഹ്വാഗ്രം പല്ലിനെ സ്പർശിക്കുവോളം അടുക്കുന്നതിനാൽ ദളീയവർത്സ്യങ്ങളെ ദന്ത്യങ്ങളായി തെറ്റിദ്ധരിക്കാറുണ്ട് (ഉദാഹരണം: മലയാളത്തിലെ സകാരം). വായ്പ്പോട് അവസാനിക്കുന്നതും അനുരണത്വമുള്ളതുമായ ഈ ഭാഗം സ്വനങ്ങൾക്ക് സവിശേഷമായ സ്വരഗുണം നൽകുന്നു.

നിരുക്തം

[തിരുത്തുക]

'വർത്സം' എന്നാൽ ഊന് അഥവാ മോണ. ശബ്ദോച്ചാരണത്തിൽ വായുപ്രവാഹത്തെ ജിഹ്വാഗ്രം കൊണ്ട് മേൽവരിപ്പല്ലിന്റെ ഊനിൽ തടഞ്ഞുവിട്ട് ഉച്ചരിക്കുന്ന ഭാഷണശബ്ദത്തിന് വർത്സ്യം എന്ന് നാമം.

മലയാളത്തിലെ വർത്സ്യങ്ങൾ

[തിരുത്തുക]

പരമ്പരാഗത സ്വനവിജ്ഞാനപ്രകാരം

[തിരുത്തുക]

പരമ്പരാഗത സ്വനവിജ്ഞാനമനുസരിച്ച് മലയാളത്തിൽ രണ്ട് വർത്സ്യവ്യഞ്ജനങ്ങളാണുള്ളത്.

  • നിന്റെ, എന്റെ, തുടങ്ങിയ വാക്കുകളിൽ 'റ' എന്ന ലിപി പ്രതിനിധീകരിക്കുന്ന ശബ്ദമാണ് ആദ്യത്തേത്. ഇതൊരു ഖരവ്യഞ്ജനമാണ്. ഇതിന് സ്വന്തമായി ഒരു ലിപിയില്ല. 'റ'കാരത്തിന്റെ ലിപിയാണ് ഉപയോഗിച്ചുവരുന്നത്. ഇതിനെ സൂചിപ്പിക്കാൻ കേരളപാണിനി തമിഴിലെ 'ട'യുടെ ലിപിക്ക് സമാനമായ ട (വർത്സ്യം) എന്നൊരു ലിപി ആവിഷ്കരിച്ച് തന്റെ വ്യാകരണഗ്രന്ഥങ്ങളിൽ ഉപയോഗിച്ചെങ്കിലും മറ്റൊരിടത്തും അത് പ്രചരിച്ചില്ല. 'റ്റ' എന്ന ലിപി ഈ വർത്സ്യശബ്ദത്തിന്റെ ഇരട്ടിപ്പാണ് സൂചിപ്പിക്കുന്നത്. പാറ്റ, കറ്റ തുടങ്ങിയ വാക്കുകളിലുള്ള 'റ്റ' ഈ ശബ്ദത്തിന്റെ ഇരട്ടിപ്പാണ്.
  • ആന, പനി, വിന തുടങ്ങിയ വാക്കുകളിൽ 'ന' എന്ന ലിപി പ്രതിനിധീകരിക്കുന്ന ശബ്ദമാണ് അടുത്തത്. ഇതൊരു അനുനാസികവ്യഞ്ജനമാണ്. തമിഴിൽ ഇതിന് സ്വന്തമായി 'ன' എന്ന ലിപിയുണ്ടെങ്കിലും, മലയാളത്തിലും, സംസ്കൃതത്തിലും, ഹിന്ദി, ബംഗാളി, തുടങ്ങിയ ഉത്തരഭാരതീയ ഭാഷകളിലും ഇതിന് സ്വന്തമായി ലിപിയില്ല. മലയാളത്തിൽ ഈ അക്ഷരത്തെ സൂചിപ്പിക്കുന്നതിന് 'ന'കാരത്തിന്റെ ലിപിയാണ് ഉപയോഗിച്ചുവരുന്നത്. ഈ അക്ഷരത്തെ സൂചിപ്പിക്കുന്നതിനായി കേരളപാണിനി 'ന (വർത്സ്യം)' എന്നൊരു ലിപി ആവിഷ്കരിച്ച് തന്റെ വ്യാകരണഗ്രന്ഥങ്ങളിൽ ഉപയോഗിച്ചെങ്കിലും മറ്റൊരിടത്തും അത് പ്രചരിച്ചില്ല. തിന്നുക, തെന്നൽ, പിന്നണി തുടങ്ങിയ വാക്കുള്ളിലെ 'ന്ന' എന്ന ലിപി സൂചിപ്പിക്കുന്നത് ഈ അക്ഷരത്തിന്റെ ഇരട്ടിപ്പാണ്. ഇരട്ടിച്ച അക്ഷരത്തിനു കേരളപാണിനി 'ന്ന (വർത്സ്യം)' എന്ന ലിപിയായിരുന്നു നിർദ്ദേശിച്ചിരുന്നത്.

ഈ അക്ഷരങ്ങളെ മലയാള അക്ഷരമാലയിലെ വർഗീയ വ്യഞ്ജനാക്ഷരങ്ങളിൽ ഉൾപ്പെടുത്താനും കേരളപാണിനി ശ്രമിച്ചു. മൂർധന്യവ്യഞ്ജനങ്ങളെ ഉൾക്കൊള്ളുന്ന 'ട'വർഗത്തിനും ദന്ത്യവ്യഞ്ജനങ്ങളെ ഉൾക്കൊള്ളുന്ന 'ത'വർഗത്തിനും ഇടയിലായി ഈ രണ്ട് വർത്സ്യവ്യഞ്ജനാക്ഷരങ്ങളെയും ഉൾപ്പെടുത്തി ഖരവും അനുനാസികവും മാത്രമുള്ള 'ട (വർത്സ്യം)'വർഗം എന്നൊരു വർഗം അദ്ദേഹം നിർദ്ദേശിച്ചു. എന്നാൽ, പ്രായോഗിക അക്ഷരമാലയിൽ ഇതിന് സ്ഥാനം കണ്ടെത്താനായില്ല.

ആധുനിക സ്വനവിജ്ഞാനപ്രകാരം

[തിരുത്തുക]

ആധുനിക സ്വനവിജ്ഞാനം ട (വർത്സ്യം), ന (വർത്സ്യം) എന്നിവയ്ക്കു പുറമേ ര, റ, ല, എന്നിവയെയും വർത്സ്യസ്വനിമങ്ങളായി പരിഗണിക്കുന്നു. വർത്സ്യപരസ്ഥാനീയമാണ് (ദന്ത്യവർത്സ്യം) 'റ'കാരം. ട (വർത്സ്യം), ന (വർത്സ്യം) എന്നിവ മലയാളത്തിൽ ലിപിസ്വീകാരം നേടാത്ത വർണ്ണങ്ങളാണ്. കേരളപാണിനി നിർദ്ദേശിച്ച ലിപികളാണ് ഇവയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നത്. ഇവ സ്പർശവ്യഞ്ജനങ്ങളാണ്. മലയാളത്തിൽ സ്വനിമികമായ വ്യതിരിക്തതയോടെ നിൽക്കുന്ന ഈ വർണ്ണങ്ങളെ ഏ.ആർ. വർത്സ്യവർഗ്ഗം എന്ന പേരിൽ വർഗ്ഗാക്ഷരമായി പരിഗണിച്ചിട്ടുണ്ട്.

ഇവകൂടി കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വർത്സ്യം&oldid=2286186" എന്ന താളിൽനിന്ന് ശേഖരിച്ചത്