Jump to content

വേര റൂബിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വേര റൂബിൻ
Photograph
2009 ലെ വേര റൂബിൻ
ജനനം
വേര കൂപ്പർ

(1928-07-23)ജൂലൈ 23, 1928
മരണംഡിസംബർ 25, 2016(2016-12-25) (പ്രായം 88)
ദേശീയതഅമേരിക്കൻ
കലാലയം വാസ്സർ കോളേജ്, കോർണെൽ സർവകലാശാല, ജോർജ്ടൌൺ സർവകലാശാല
അറിയപ്പെടുന്നത് ഗാലക്റ്റിക് റൊട്ടേഷൻ പ്രോബ്ലെം
തമോദ്രവ്യം
റൂബിൻ-ഫോർഡ് എഫ്ഫക്റ്റ്
പുരസ്കാരങ്ങൾ ബ്രൂസ് മെഡൽ, ഡിക്‌സൺ പ്രൈസ് ഇൻ സയൻസ്, റോയൽ അസ്‌ട്രോണോമിൿ സൊസൈറ്റിയുടെ സ്വർണമെഡൽ, നാഷണൽ മെഡൽ ഓഫ് സയൻസ്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലം ജ്യോതിഃശാസ്ത്രം
സ്ഥാപനങ്ങൾ ജോർജ്ടൌൺ സർവകലാശാല, കാർനെഗി ഇന്സ്ടിട്യൂഷൻ ഓഫ് വാഷിംഗ്‌ടൺ
പ്രബന്ധംFluctuations in the Space Distribution of the Galaxies (1954)
ഡോക്ടർ ബിരുദ ഉപദേശകൻ ജോർജ് ഗാമോവ്
മറ്റു അക്കാദമിക് ഉപദേശകർ റിച്ചാർഡ് ഫെയ്മാൻ, ഹാൻസ് ബെതെ, ഫിലിപ്പ് മോറിസൺ
ശ്രദ്ധേയരായ വിദ്യാർത്ഥികൾ സാന്ദ്ര ഫാബെർ

താരാപഥങ്ങളുടെ ഭ്രമണനിരക്കുകളെക്കുറിച്ച് ആഴത്തിൽ ഗവേഷണം നടത്തിയ ഒരു അമേരിക്കൻ ജ്യോതിഃശാസ്ത്രജ്ഞയാണ്  വേര റൂബിൻ. [1] താരാപഥങ്ങളിലെ നക്ഷത്രങ്ങളുടെ വർത്തുളചലനത്തിന്റെ നിരക്കിനെ വിശദമായി പഠിച്ച അവർ നിലവിലുള്ള ഗുരുത്വാകർഷണ സിദ്ധാന്തങ്ങൾ പ്രകാരം ഉള്ള അവയുടെ ചലനവും യഥാർത്ഥത്തിൽ അളന്നെടുത്ത അവയുടെ ചലനവും തമ്മിൽ യോജിച്ചുപോകുന്നില്ല എന്ന് കണ്ടെത്തി. ഈ കണ്ടുപിടിത്തമാണ് ഗാലക്റ്റിക് റൊട്ടേഷൻ പ്രോബ്ലെം എന്ന് അറിയപ്പെട്ടത്. ഈ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഒരു താരാപഥത്തിന്റെ ഭൂരിഭാഗവും നമുക്കു കാണാൻ സാധിയ്ക്കാത്ത (വികിരണം ചെയ്യാത്ത) ദ്രവ്യം ആണെന്നുള്ള അനുമാനത്തിൽ അവർ എത്തിച്ചേർന്നു. ഇതാണ് തമോദ്രവ്യം എന്നറിയപ്പെടുന്നത്.[2]

റൂബിന്റെ നിരീക്ഷണങ്ങൾ ആദ്യകാലങ്ങളിൽ അംഗീകരിയ്ക്കപ്പെട്ടിരുന്നില്ലെങ്കിലും പിൽക്കാലത്തു അവ വ്യാപകമായി സ്വീകരിയ്ക്കപ്പെട്ടു. ന്യൂ യോർക്ക് ടൈംസിന്റെ അഭിപ്രായത്തിൽ കോപ്പർനിക്കസ് കൊണ്ടുവന്നതിനു സമാനമായ ഒരു മാറ്റമാണ് അവർ പ്രപഞ്ചവിജ്ഞാനീയത്തിൽ കൊണ്ടുവന്നത്.[1][3]

തന്റെ ജീവിതത്തിലുടനീളം ശാസ്ത്രമേഖലയിൽ കൂടുതൽ സ്ത്രീകൾ ശാസ്ത്രമേഖലയിൽ പ്രവർത്തിയ്ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അവർ ചൂണ്ടിക്കാണിയ്ക്കുകയും അതിൽ വളർന്നു വരുന്ന സ്ത്രീകൾക്ക് പ്രോത്സാഹവും പിന്തുണയും നൽകുകയും ചെയ്തു.

ആദ്യകാല ജീവിതം

[തിരുത്തുക]

റൂബിൻ വേര ഫ്ലോറെൻസ് കൂപ്പർ, ഫിലഡെൽഫിയയിലെ പെൻസിൽവാനിയയിൽ 1928 ജൂലൈ 23 ന് ജനിച്ചു.[1] ഒരു ഇലക്ട്രിക്കൽ എഞ്ചിനീയർ ആയ ഫിലിപ്പ് കൂപ്പർ ആയിരുന്നു അവരുടെ പിതാവ്. റോസ് ആപ്പിൾബൗം ആയിരുന്നു മാതാവ്. ഇവർക്കു വേരയെ കൂടാതെ ഒരു മകൾ കൂടി ഉണ്ടായിരുന്നു.[4]

റൂബിന് 10 വയസ്സുള്ളപ്പോൾ കുടുംബം വാഷിങ്ടണ്ണിലേക്ക് താമസം മാറ്റി.[1] അവിടെ വച്ചാണ് റൂബിന് ജ്യോതിഃശാസ്ത്രത്തിൽ താത്പര്യം ജനിച്ചുതുടങ്ങിയത്.[4]  അവർ തന്റെ മുറിയുടെ ജനാലയിലൂടെ നക്ഷത്രങ്ങളെ നിരീക്ഷിച്ചു.[1][4] "രാത്രി ഇടയ്ക്കിടയ്ക്ക് ഞാൻ ഉണർന്ന് ആകാശത്തേയ്ക്ക് നോക്കുമ്പോൾ നക്ഷത്രങ്ങൾ ധ്രുവനക്ഷത്രത്തിനു ചുറ്റും കറങ്ങുന്നതായി കാണുന്നതായിരുന്നു എനിയ്ക്ക് അക്കാലത്ത് ഏറെ അത്ഭുതകരം".[5] അവർ രാത്രികാലങ്ങളിൽ കൊള്ളിമീനുകൾ വീഴുന്നത് നിരീക്ഷിയ്ക്കുകയും അവയുടെ സ്ഥാനങ്ങളും മറ്റും അടയാളപ്പെടുത്തുകയും ചെയ്തിരുന്നു. തന്റെ പിതാവിന്റെ സഹായത്താൽ കാർഡ് ബോർഡ് കൊണ്ടുണ്ടാക്കിയ ഒരു ദൂരദർശിനിയിലൂടെ അവർ നക്ഷത്രങ്ങളെ നിരീക്ഷിയ്ക്കാൻ തുടങ്ങി. പത്രങ്ങളിൽ ജ്യോതിഃശാസ്ത്ര ലേഖനങ്ങൾ വായിയ്ക്കാനായിരുന്നു ഏറെ താല്പര്യം.[6][7][5] വേരയുടെ ജ്യോതിഃശ്ശാസ്ത്രത്തിലുള്ള താല്പര്യത്തെ പ്രോത്സാഹിപ്പിച്ച പിതാവ് അവരെ പല അനൗദ്യോഗിക ജ്യോതിഃശ്ശാസ്ത്ര സമ്മേളനങ്ങൾക്കും കൊണ്ടുപോകുമായിരുന്നു.[4]

വിദ്യാഭ്യാസം

[തിരുത്തുക]

ഗ്രാജ്വേറ്റ് പ്രോഗ്രാമിന് പ്രിൻസ്ടൺ സർവകലാശാലയിൽ ചേരാൻ ശ്രമിച്ചെങ്കിലും സ്ത്രീയാണെന്ന കാരണത്താൽ അവർക്ക് അഡ്മിഷൻ ലഭിച്ചില്ല.[1][3][8] തുടർന്ന് ന്യൂ യോർക്ക് സംസ്ഥാനത്തെ വാസ്സർ കോളേജിൽ അവർ ജ്യോതിഃശ്ശാസ്ത്രത്തിൽ ബിരുദത്തിനു ചേർന്നു. 1948 ൽ ബാച്ചലർ ബിരുദം നേടിയ അവർ ആ വർഷം തന്നെ വിവാഹിതയായി.[9] തുടർന്ന് കോർണെൽ സർവകലാശാലയിൽ ചേർന്ന അവർ 1951 ൽ മാസ്റ്റേഴ്സ് ബിരുദം നേടി.[4][7] ഇക്കാലത്ത് അവർ 109 വ്യത്യസ്ത താരാപഥങ്ങളുടെ യാത്രാപഥങ്ങളെ നിരീക്ഷിയ്ക്കുകയും ഹബ്ബിൾ നിയമത്തിൽ നിന്നുമുള്ള വ്യതിയാനം രേഖപ്പെടുത്തുകയും ചെയ്തു.[3][6][10] മാർത്ത കാർപെന്റർ എന്ന ജ്യോതിഃശാസ്ത്രജ്ഞയുടെ കൂടെ താരാപഥങ്ങളുടെ ചലനങ്ങളെക്കുറിച്ച് പഠിയ്ക്കുകയും ഫിലിപ്പ് മോറിസൺ, ഹാൻസ് ബെതെ, റിച്ചാർഡ് ഫെയ്മാൻ എന്നിവരുടെ കീഴിൽ പ്രവർത്തിയ്ക്കുകയും ചെയ്‌തു.[5][11] താരാപഥങ്ങൾക്ക് ഒരു ധ്രുവത്തിന് ചുറ്റുമായി ഒരു വർത്തുള ചലനം ഉണ്ടെന്നുള്ള അവരുടെ നിഗമനം തെളിയിയ്ക്കപ്പെട്ടില്ലെങ്കിലും താരാപഥങ്ങൾ ചലിയ്ക്കുന്നുണ്ടെന്നുള്ള നിരീക്ഷണം കൂടുതൽ ഗവേഷങ്ങൾക്ക് ചുവടു പാകി.[6] സൂപ്പർ ഗാലക്ടിക് പ്രതലത്തെക്കുറിച്ചുള്ള ആദ്യ തെളിവുകളും ഇവരുടെ ഗവേഷണഫലമാണ്. ഇവരുടെ ഈ നിരീക്ഷണങ്ങളും നിഗമനങ്ങളും വളരെ വിവാദപരമായിരുന്നു. അമേരിക്കൻ അട്രോണോമിക്കൽ സൊസൈറ്റിയിൽ ഇവർ അവതരിപ്പിച്ച പ്രബന്ധം തള്ളിക്കളയപ്പെടുകയും ചെയ്തു.[5]

വാഷിംഗ്‌ടൺ ഡി.സി.യിലെ ജ്യോതിഃശാസ്ത്രത്തിൽ ബിരുദം നൽകുന്ന ഏക സർവ്വകലാശാലയായ ജോർജ്ടൌൺ സർവകലാശാലയിൽ അവർ പി.എഛ്.ഡി യ്ക്ക് ചേർന്നു.[3][12] 23 വയസ്സിൽ പി.എഛ്.ഡി യ്ക്ക് ചേരുമ്പോൾ അവർ ഗർഭിണിയും അതേ സമയം തന്നെ ഒരു ചെറിയ കുട്ടിയുടെ അമ്മയുമായിരുന്നു.[13] പ്രശസ്ത ജ്യോതിഃശ്ശാസ്ത്രജ്ഞനായിരുന്ന ജോർജ് ഗാമോവ് ആയിരുന്നു ഇവരുടെ പി.എഛ്.ഡി ഉപദേശകൻ.[14] താരാപഥങ്ങൾ കൂട്ടം ചേർന്നാണ് കാണപ്പെടുന്നത് എന്നായിരുന്നു 1954 ലെ ഇവരുടെ പി.എഛ്.ഡി പ്രബന്ധത്തിലെ പ്രധാന നിഗമനം. എന്നാൽ അതുവരെയുള്ള ആശയം അവ പ്രപഞ്ചത്തിൽ യാതൊരു ക്രമവുമില്ലാതെ ചിതറിക്കിടക്കുകയാണ് എന്നായിരുന്നു. അവരുടെ ഈ വാദം ഉടനെ തന്നെ പിന്തള്ളപ്പെടുക മാത്രമല്ല അടുത്ത ഇരുപത് കൊല്ലത്തോളം കാലം ആരും ഇതേപ്പറ്റി തുടർഗവേഷണം നടത്തുകയും ചെയ്തില്ല.[3][6][12][15] ബിരുദപഠന കാലത്തെല്ലാം ലിംഗ അസമത്വത്തിന് വിധേയായ ഇവർക്ക് അക്കാലത്ത് തന്റെ ഗൈഡിനെ സർവകലാശാലയിൽ നേരിട്ട് കാണാൻ പോലും കഴിഞ്ഞിരുന്നില്ല.[1][6]

ഔദ്യോഗിക ജീവിതം

[തിരുത്തുക]

അടുത്ത പതിനൊന്ന് വർഷങ്ങളിൽ റൂബിൻ പല അധ്യാപന തസ്തികകളിലും ഇരുന്നിരുന്നു. ഒരു വർഷം മോണ്ട്ഗോമറി കൗണ്ടി കമ്മ്യൂണിറ്റി കോളേജിൽ ഗണിതവും ഭൗതികവും പഠിപ്പിച്ചു. അതിനുശേഷം 1955 മുതൽ 65 വരെ ജോർജ് ടൌൺ സർവകലാശാലയിൽ റിസർച്ച് അസ്സോസിയേറ്റ് അസ്ട്രോണോമെർ ആയും ലെക്ച്ചറർ ആയും (1959-1962) ജ്യോതിഃശാസ്ത്രത്തിന്റെ അസിസ്റ്റന്റ് പ്രൊഫസർ (1962-1965) ആയും പ്രവർത്തിച്ചിട്ടുണ്ട്.[1][15] 1965 ൽ അവർ കാർനെഗി ഇൻസ്റ്റിട്യൂട്ടിൽ ഭൗമകാന്തികതയുടെ വിഭാഗത്തിൽ ചേർന്നു.[1][15][16] ഇവിടെ വെച്ചാണ് ഇവർ ദീർഘകാലം അവരുടെ സഹായിയായി പ്രവർത്തിച്ച കെന്റ് ഫോർഡിനെ പരിചയപ്പെട്ടത്.[6]

1963 ൽ റൂബിൻ ജെഫ്‌റി ബുർബിഡ്‌ജ്‌, മാർഗരററ് ബുർബിഡ്‌ജ്‌ എന്നിവരുമായി ഒരു വർഷം ചേർന്ന് പ്രവർത്തിച്ചു. ഇക്കാലത്താണ് മക്ഡൊണാൾഡ് ഒബ്സർവേറ്ററിയിലെ 82 ഇഞ്ച് ദൂരദർശിനി ഉപയോഗിച്ച് അവർ താരാപഥങ്ങളുടെ ഭ്രമണത്തെക്കുറിച്ചുള്ള ആദ്യനിരീക്ഷണങ്ങൾ നടത്തിയത്.[6] തുടർന്ന് ഇവിടെ വെച്ച് കെന്റ് ഫോർഡിന്റെ 'ഇമേജ് ട്യൂബ്' സ്‌പെക്‌ട്രോഗ്രാഫുകൾ ഉപയോഗിച്ച് താരാപഥങ്ങളുടെ സമൂഹത്തെ (ഗാലക്ടിക് ക്ലസ്റ്റർ) കുറിച്ചുള്ള[15] തന്റെ വിവാദ പ്രബന്ധത്തിനു വേണ്ടി തയ്യാറെടുത്തത്.[17] ഈ ഉപകരണം ഉപയോഗിച്ച് ദൂരദർശിനിയിലൂടെ ലഭിയ്ക്കുന്ന നക്ഷത്രങ്ങളുടെ വെളിച്ചത്തിന്റെ തീവ്രത വർദ്ധിപ്പിയ്ക്കാൻ സാധിച്ചു.[6][17] ഇവർ നമ്മുടെ ഏറ്റവും അടുത്തു കിടക്കുന്ന ആൻഡ്രോമീഡ ഗാലക്സി എന്ന താരാപഥത്തെ നിരീക്ഷിച്ചു സർപ്പിളാകൃതിയിലുള്ള താരാപഥങ്ങളുടെ പഠനം തുടങ്ങി. ഈ പഠനത്തിലൂടെ താരാപഥങ്ങൾ പ്രപഞ്ചത്തിൽ എല്ലാ ദിശയിലും ഒരേ ക്രമത്തിൽ അല്ല വിതരണം ചെയ്തിട്ടുള്ളതെന്നും ചില പ്രത്യേക ദിശകളിൽ അവ കൂടുതൽ കാണപ്പെടുന്നു (anisotropy) എന്നും അവർ കണ്ടെത്തി.[5][18] 1976 ൽ പുറത്തുവന്ന ഈ പഠനം ഏതാണ്ട് 100 ദശലക്ഷം പ്രകാശവർഷങ്ങൾ ഒരു യൂണിറ്റ് ആയി എടുത്താൽ മാത്രം കാണാൻ സാധിയ്ക്കുന്ന ഈ അസാധാരണ അസമമിതി(asymmetry) വ്യക്തമായി വിശദീകരിച്ചുവെങ്കിലും അന്നത്തെ ശാസ്ത്രലോകത്തിന് അംഗീകരിയ്ക്കാവുന്നതിലും അപ്പുറമായിരുന്നു അതിന്റെ സ്ഥാനം. അവരുടെ മറ്റു കണ്ടുപിടിത്തങ്ങൾ പോലെ ലാർജ് സ്കെയിൽ സ്ട്രീമിംഗ് എന്നറിയപ്പെടുന്ന ഈ പ്രതിഭാസവും കാലക്രമേണ അംഗീകരിയ്ക്കപ്പെട്ടു.[3][5]

വിവാദങ്ങളിൽ നിന്നും അകന്നു നിൽക്കാനായി അവർ താരാപഥങ്ങളുടെ ചലനം, ക്വാസാറുകൾ തുടങ്ങിയ മേഖലകൾ വിട്ട് കൂടുതൽ ലളിതമായ മേഖലകളിലേക്ക് ചുവടുമാറി. ബുർബിഡ്‌ജ്‌ ദമ്പതികളുമായുള്ള ചങ്ങാത്തം മൂലം അവർ താരാപഥങ്ങളുടെ പുറത്തെ അരികുകളിലുള്ള നക്ഷത്രങ്ങൾ എങ്ങനെ സഞ്ചരിയ്ക്കുന്നു എന്ന വിഷയത്തിൽ തല്പരയായി.[6] സർപ്പിളാകൃതിയിലുള്ള താരാപഥങ്ങളിലെ നക്ഷത്രങ്ങളിൽ ആയിരുന്നു അവർ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇത്തവണയും ആൻഡ്രോമിഡ ഗാലക്സി തന്നെയായിരുന്നു അവരുടെ ആദ്യ ലക്‌ഷ്യം. ക്രമേണ ഗാലക്സികളുടെ പുറമെ ഉള്ള നക്ഷത്രങ്ങളും ഉള്ളിലുള്ള നക്ഷത്രങ്ങളുടെ അതേ നിരക്കിൽ തന്നെയാണ് താരാപഥകേന്ദ്രത്തെ ചുറ്റുന്നതെന്ന് അവർ കണ്ടെത്തി.[19] താരാപഥങ്ങൾ തമോദ്രവ്യത്താൽ ചുറ്റപ്പെട്ടിരിയ്ക്കുന്നു ( ഡാർക്ക് മാറ്റർ ഹാലോ) എന്ന ആധുനിക നിഗമനത്തിന്റെ ആദ്യകാല സൂചനയായിരുന്നു ഇത്.[3][6] ഇത്തരം നക്ഷത്രങ്ങളുടെ കെപ്ലർ നിയമം ഉപയോഗിച്ച് കണക്കുകൂട്ടിയെടുക്കുന്ന വർത്തുളചലന നിരക്കും ഇവർ രേഖപ്പെടുത്തിയ നിരക്കുകളും ഒത്തുപോയിരുന്നില്ല.[20] താരാപഥങ്ങളിലെ കാണാവുന്ന നക്ഷത്രങ്ങളുടെ പിണ്ഡത്തിൽ നിന്നുമാണ് താരാപഥത്തിന്റെ പിണ്ഡം കണക്കാക്കുന്നത്.[20] എന്നാൽ ഈ പിണ്ഡം ഉപയോഗിച്ച് കെപ്ലർ നിയമം പ്രയോഗിച്ചാൽ കിട്ടുന്ന വേഗതയെക്കാളും ഉയർന്ന വേഗതയിൽ ആയിരുന്നു ഈ നക്ഷത്രങ്ങൾ സഞ്ചരിച്ചിരുന്നത്. ഇത്ര വേഗതയിൽ പുറംഭാഗത്തുള്ള നക്ഷത്രങ്ങൾ താരാപഥകേന്ദ്രത്തെ ചുറ്റുകയാണെങ്കിൽ അവ വളരെ വേഗം തന്നെ തെറിച്ചു പോകേണ്ടതാണ്. അത് സംഭവിയ്ക്കാത്തതിനാൽ, താരാപഥത്തിന്റെ പിണ്ഡം നമ്മൾ കാണുന്ന പിണ്ഡത്തെക്കാൾ വളരെ കൂടുതൽ ആയിരിയ്ക്കണം. ഒരു താരാപഥത്തിന്റെ ഭൂരിഭാഗം പിണ്ഡവും നമുക്ക് ദൃശ്യമല്ലെന്നുള്ള അവരുടെ നിഗമനം ആണ് ഗാലക്സി റോടേഷൻ പ്രോബ്ലം എന്നറിയപ്പെടുന്നത്.[3][19]

അവരുടെ കണക്കുകൂട്ടൽ പ്രകാരം താരാപഥങ്ങളിൽ സാധാരണ ദ്രവ്യത്തെ അപേക്ഷിച്ച് അഞ്ചു മുതൽ 10 മടങ്ങുവരെ തമോദ്രവ്യം കാണണം.[21][22] തുടർന്നുള്ള ദശകങ്ങളിൽ അവരുടെ കണക്കുകൂട്ടലുകൾ ശരിയാണെന്നു തെളിയിയ്ക്കപ്പെട്ടു.[1] ഫ്രിറ്റ്സ് സ്വിക്കി എന്ന ശാസ്ത്രജ്ഞൻ 1930 കളിൽ മുന്നോട്ടു വെച്ച തമോദ്രവ്യത്തിന്റെ നിഗമനങ്ങൾക്ക് ഉണ്ടായ ആദ്യ തെളിവുകളായിരുന്നു അവരുടെ ഗവേഷണഫലങ്ങൾ.[1][5][23] ഈ ഡാറ്റാ പിന്നീട് റേഡിയോ അസ്‌ട്രോണോമെർമാരും, പിന്നീട് കണ്ടുപിടിയ്ക്കപ്പെട്ട കോസ്മിക് പശ്ചാത്തല വികിരണവും ഗ്രാവിറ്റേഷണൽ ലെൻസിന്റെ ഇമേജുകളും ശരിവെച്ചു.[6][5] ന്യൂട്ടൺ'ന്റെ ഗുരുത്വാകർഷണസിദ്ധാന്തത്തെ ഭേദപ്പെടുത്തി അവർ ഒരു പുതിയ സിദ്ധാന്തം മുന്നോട്ടു വെച്ചെങ്കിലും ജ്യോതിശാസ്ത്രജ്ഞമാർ ഇത് അംഗീകരിച്ചിട്ടില്ല.[3]

താരാപഥങ്ങളുടെ എതിർ-ഭ്രമണം ആയിരുന്നു അവരുടെ മറ്റൊരു പഠനമേഖല. ഗാലക്സിയിലെ ചില വാതകങ്ങളും നക്ഷത്രങ്ങളും ഗാലക്സിയുടെ പൊതുവെയുള്ള ചലനത്തിന് വിപരീതദിശയിൽ ചലിയ്ക്കുന്നുണ്ട് എന്നതായിരുന്ന ഇവർ ഇതിൽ നിന്നും എത്തിയ നിഗമനം. ഗാലക്സികൾ രൂപപ്പെടാൻ ഇടവരുത്തുന്നു ചില ആദ്യകാല പ്രവർത്തനങ്ങളുടെ തുടർച്ചയാകാം ഇതെന്ന് കരുതപ്പെടുന്നു.[24]

പബ്ലിക്കേഷൻസ് ഓഫ് ദി അസ്‌ട്രോണോമിക്കൽ സൊസൈറ്റി ഓഫ് ദി പസിഫിക് എന്ന മാഗസിന്റെ 2000-മാണ്ടിലെ ലക്കത്തിൽ വൺ ഹൻഡ്രഡ് യേഴ്സ് ഓഫ് റൊട്ടേറ്റിങ് ഗാലക്സിസ് എന്ന ഒരു ലേഖനം പ്രത്യക്ഷപ്പെട്ടു. 1996 ൽ റോയൽ അസ്ട്രോണോമിക്കൽ സൊസൈറ്റിയുടെ സ്വർണമെഡൽ ഏറ്റുവാങ്ങുന്ന വേളയിൽ ഇവർ നടത്തിയ പ്രസംഗത്തിന്റെ ലേഖനരൂപം ആയിരുന്നു ഇത്. 1828 ൽ കരോളിൻ ഹെർഷെൽ ഈ മെഡൽ ഏറ്റുവാങ്ങിയതിന് 168 വർഷങ്ങൾക്കു ശേഷം ആദ്യമായാണ് ഒരു സ്ത്രീയ്ക്ക് ഈ മെഡൽ ലഭിയ്ക്കുന്നത്.[3][25]

സ്വകാര്യ ജീവിതം

[തിരുത്തുക]

1948 മുതൽ 2008 ൽ മരിയ്ക്കുന്നത് വരെ റോബർട്ട് റൂബിൻ ആയിരുന്നു അവരുടെ ഭർത്താവ്.[24][26][9] കോർണെൽ സർവകലാശാലയിൽ പഠിയ്ക്കുന്ന കാലത്തുതന്നെ അവർ അമ്മയായി മാറിക്കഴിഞ്ഞിരുന്നു. തന്റെ ചെറിയ കുട്ടികളെ വളർത്തിക്കൊണ്ടിരിയ്ക്കുമ്പോൾ തന്നെയാണ് അവർ തന്റെ ഗവേഷണം മുന്നോട്ടു കൊണ്ടുപോയിരുന്നത്.[1] അവരുടെ മക്കളെല്ലാം ശാസ്ത്രത്തിന്റെ വിവിധ ശാഖകളിലോ ഗണിതത്തിലോ ഡോക്ടറേറ്റ് നേടിയവരാണ്.[4][6] 2016 ഡിസംബർ 25 നു ഡിമെൻഷ്യയെത്തുടർന്നുള്ള സങ്കീർണതകൾ മൂർച്ഛിച്ചതിനെത്തുടർന്ന് അവർ മരിച്ചു.[1][7][27]

ജീവിതത്തിലുടനീളം ഒരു സ്ത്രീ എന്ന നിലയിൽ ലിംഗവിവേചനം നേരിട്ട അവർ ശാസ്ത്രരംഗത്ത് സ്ത്രീകൾ കടന്നുവരുന്നതിനെ ധാരാളം പ്രോത്സാഹിപ്പിച്ചിരുന്നു.[13][28] ബുർബ്രിഡ്ജും അവരും ചേർന്ന് നാഷണൽ അക്കാദമി ഓഫ് സയൻസിലും, റിവ്യൂ പാനലുകളിലും, അധ്യാപന തസ്തികകളിലും ധാരാളം സ്ത്രീകൾ വേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിച്ചിരുന്നു. യഹൂദമതവിശ്വാസിയായിരുന്നിട്ടു കൂടി തന്റെ ശാസ്ത്രഗവേഷണങ്ങൾ തുടരുന്നതിന് അതൊരു തടസ്സമായി അവർ കണ്ടിരുന്നില്ല. ഒരു അഭിമുഖത്തിൽ അവർ ഇങ്ങനെ പറഞ്ഞു : "എന്റെ സ്വന്തം ജീവിതത്തിൽ ശാസ്ത്രവും മതവും ഞാൻ വേറെ വേറെ ആയിട്ടാണ് കാണുന്നത്. ഞാൻ ഒരു യഹൂദമതവിശ്വാസിയാണ്, അതിനാൽ മതം എന്നത് എനിയ്ക്കൊരു സന്മാർഗ തത്ത്വവും ചരിത്രരേഖയുമാണ്. നേരായ വഴിയിലൂടെ ശാസ്ത്രത്തിൽ മുന്നേറണമെന്നാണ് ഞാൻ ആഗ്രഹിയ്ക്കുന്നത്. ഈ പ്രപഞ്ചത്തിൽ നമ്മുടെ പ്രാധാന്യം തിരിച്ചറിയാനായി ശാസ്ത്രം നമ്മെ സഹായിയ്ക്കും എന്നാണ് ഞാൻ കരുതുന്നത്."[29]

പ്രസിദ്ധീകരണങ്ങൾ

[തിരുത്തുക]

പുസ്തകങ്ങൾ

[തിരുത്തുക]
  • Rubin, Vera (1997). Bright Galaxies, Dark Matters. Masters of Modern Physics. Woodbury, New York, US: Springer Verlag/AIP Press. ISBN 1563962314.[15]
  • Alan Lightman, Roberta Brawer (1992). Origins: The Lives and Worlds of Modern Cosmologists. Harvard University Press. ISBN 9780674644717.

ലേഖനങ്ങൾ/പ്രബന്ധങ്ങൾ

[തിരുത്തുക]

റൂബിൻ ഏതാണ്ട് 150 ഓളം പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[3][15] താഴെ കൊടുത്തിരിയ്ക്കുന്നവ അതിന്റെ ചെറിയ ഒരു ഭാഗം മാത്രമാണ്.

  • Rubin, Vera; Ford, Jr., W. Kent (1970). "Rotation of the Andromeda Nebula from a Spectroscopic Survey of Emission Regions". The Astrophysical Journal. 159: 379ff. Bibcode:1970ApJ...159..379R. doi:10.1086/150317.
  • Rubin, Vera; Roberts, M. S.; Graham, J. A.; Ford Jr., W. K.; Thonnard, N. (1976). "Motion of the Galaxy and the Local Group Determined from the Velocity Anisotropy of Distant Sc I Galaxies. I. The Data". The Astronomical Journal. 81: 687. Bibcode:1976AJ.....81..687R. doi:10.1086/111942.
  • Rubin, Vera; Roberts, M. S.; Graham, J. A.; Ford Jr., W. K.; Thonnard, N. (1976). "Motion of the Galaxy and the Local Group Determined from the Velocity Anisotropy of Distant Sc I Galaxies. II. The Analysis for the Motion". The Astronomical Journal. 81: 719ff. Bibcode:1976AJ.....81..719R. doi:10.1086/111943.
  • Rubin, Vera; Thonnard, N.; Ford, Jr., W. K. (1980). "Rotational Properties of 21 SC Galaxies With a Large Range of Luminosities and Radii, From NGC 4605 (R=4kpc) to UGC 2885 (R=122kpc)". The Astrophysical Journal. 238: 471ff. Bibcode:1980ApJ...238..471R. doi:10.1086/158003.
  • Rubin, Vera; Burstein, D.; Ford, Jr., W. K.; Thonnard, N. (1985). "Rotation Velocities of 16 SA Galaxies and a Comparison of Sa, Sb, and SC Rotation Properties". The Astrophysical Journal. 289: 81ff. Bibcode:1985ApJ...289...81R. doi:10.1086/162866.
  • Rubin, Vera; Graham, J. A.; Kenney, J.D. P. (1992). "Cospatial Counterrotating Stellar Disks in the Virgo E7/S0 Galaxy NGC 4550". The Astrophysical Journal. 394: L9–L12. Bibcode:1992ApJ...394L...9R. doi:10.1086/186460.
  • Rubin, Vera (1995). "A Century of Galaxy Spectroscopy". The Astrophysical Journal. 451: 419ff. Bibcode:1995ApJ...451..419R. doi:10.1086/176230. The abstract of this is also generally available.[30]

ഇതും കൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 Overbye, Dennis (ഡിസംബർ 27, 2016). "Vera Rubin, 88, Dies; Opened Doors in Astronomy, and for Women". The New York Times. Retrieved മേയ് 16, 2018.
  2. de Swart, Jaco; Bertone, Gianfranco; van Dongen, Jeroen (2017). "How dark matter came to matter". Nature Astronomy. 1 (0059). Bibcode:2017NatAs...1E..59D. doi:10.1038/s41550-017-0059. Retrieved മേയ് 16, 2018.
  3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 "1996 November 8 meeting of the Royal Astronomical Society". The Observatory. 117: 129–135. ജൂൺ 1997. Bibcode:1997Obs...117..129.
  4. 4.0 4.1 4.2 4.3 4.4 4.5 Larsen, Kristine (മാർച്ച് 1, 2009). "Vera Cooper Rubin". Jewish Women: A Comprehensive Historical Encyclopedia. Brookline, Massachusetts, US: Jewish Women's Archive. Retrieved മേയ് 31, 2018.
  5. 5.0 5.1 5.2 5.3 5.4 5.5 5.6 5.7 Scoles, Sarah (ഒക്ടോബർ 4, 2016). "How Vera Rubin Discovered Dark Matter". Astronomy Magazine. Retrieved മേയ് 16, 2018.
  6. 6.00 6.01 6.02 6.03 6.04 6.05 6.06 6.07 6.08 6.09 6.10 6.11 Irion, Robert (2002). "The Bright Face behind the Dark Sides of Galaxies". Science. Washington, DC, US: AAAS. 295 (5557, February 8): 960–961. doi:10.1126/science.295.5557.960. PMID 11834801. Retrieved മേയ് 16, 2018.
  7. 7.0 7.1 7.2 Schudel, Matt (ഡിസംബർ 26, 2016). "Vera Rubin, astronomer who proved existence of dark matter, dies at 88". Washington Post. Retrieved മേയ് 16, 2018.
  8. Overbye, Dennis (ഡിസംബർ 27, 2016). "Vera Rubin, 88, Dies; Opened Doors in Astronomy, and for Women". The New York Times.
  9. 9.0 9.1 Bahcall, Neta A. (ഫെബ്രുവരി 2, 2017). "Vera Rubin (1928-2016)". Nature (in ഇംഗ്ലീഷ്). 542 (7639): 32–32. Bibcode:2017Natur.542...32B. doi:10.1038/542032a. ISSN 0028-0836. Retrieved മേയ് 18, 2018.
  10. "Vera Florence Cooper Rubin". The Bruce Medalists. Sonoma State University. Archived from the original on ജനുവരി 17, 2018. Retrieved ജൂലൈ 6, 2017.
  11. Drake, Nadia (ഡിസംബർ 27, 2016). "Vera Rubin, Pioneering Astronomer, Dies at 88". National Geographic. Retrieved മേയ് 17, 2018.
  12. 12.0 12.1 Popova, Maria (ഏപ്രിൽ 18, 2016). "Pioneering Astronomer Vera Rubin on Women in Science, Dark Matter, and Our Never-Ending Quest to Know the Universe" (journalist blog). Brain Pickings. self-published. Retrieved മേയ് 17, 2018.
  13. 13.0 13.1 Domonoske, Camila (ഡിസംബർ 26, 2016). "Vera Rubin, Who Confirmed Existence Of Dark Matter, Dies At 88". NPR News. Retrieved മേയ് 17, 2018.
  14. "Vera Cooper Rubin". Women in Aviation and Space History (in ഇംഗ്ലീഷ്). Smithsonian National Air and Space Museum. Archived from the original on മേയ് 9, 2019. Retrieved മേയ് 17, 2018.
  15. 15.0 15.1 15.2 15.3 15.4 15.5 Johnson, Ben; Tsai, Meigy (2001). "Vera Cooper Rubin". Contributions of 20th Century Women to Physics (CWP). Los Angeles, California, US: CWP and Regents of the University of California. Archived from the original on ഏപ്രിൽ 24, 2013. Retrieved മേയ് 17, 2018. {{cite book}}: Unknown parameter |editors= ignored (|editor= suggested) (help)
  16. "Vera C. Rubin". Carnegie Institution: Department of Terrestrial Magnetism. Retrieved ഡിസംബർ 29, 2016.
  17. 17.0 17.1 "Kent Ford & Vera Rubin's Image Tube Spectrograph named in Smithsonian's "101 Objects that Made America"". DTM (Carnegie Science) (in ഇംഗ്ലീഷ്). Retrieved മേയ് 17, 2018.
  18. Ridpath, Ian, ed. (2016) [2012]. "Rubin-Ford Effect". A Dictionary of Astronomy (2nd, revised ed.). Oxford, UK: Oxford University Press. p. 406. doi:10.1093/oi/authority.20110803100432262. ISBN 9780199609055. Retrieved മേയ് 17, 2018.
  19. 19.0 19.1 Bahcall, Neta A. (ഫെബ്രുവരി 28, 2017). "Vera C. Rubin: Pioneering American astronomer (1928–2016)". Proceedings of the National Academy of Sciences (in ഇംഗ്ലീഷ്). 114 (9): 2099–2100. doi:10.1073/pnas.1701066114. ISSN 0027-8424. PMID 28167783. Archived from the original on മേയ് 16, 2019. Retrieved മേയ് 18, 2018.
  20. 20.0 20.1 Tucker, Wallace; Tucker, Karen (1988). The Dark Matter. William Morrow. ISBN 9780688103880.
  21. "Vera Rubin Who Confirmed "Dark Matter" Dies". Carnegie Science. ഡിസംബർ 26, 2016. Retrieved മേയ് 18, 2018.
  22. Randall, Lisa (2015). Dark Matter and the Dinosaurs. HarperCollins. ISBN 9780062328502.
  23. Peebles, P.J.E. (1993). Principles of Physical Cosmology. Princeton University Press. ISBN 0691019339.
  24. 24.0 24.1 "Vera Rubin". The Gruber Foundation. Retrieved മേയ് 18, 2018.
  25. Rubin, Vera (2000). "One Hundred Years of Rotating Galaxies" (PDF). Publications of the Astronomical Society of the Pacific. 112 (June): 747–750. Bibcode:2000PASP..112..747R. doi:10.1086/316573. Retrieved ഡിസംബർ 28, 2016.
  26. Sullivan, Patricia (ഫെബ്രുവരി 5, 2008). "Robert J. Rubin, 81; Scientist Whose Work Combined Disciplines". The Washington Post. Retrieved മേയ് 18, 2018.
  27. "Pioneering Astronomer Vera Rubin Dies at 88". Atlanta Journal-Constitution. Associated Press. ഡിസംബർ 26, 2016. Archived from the original on ഡിസംബർ 26, 2016. Retrieved മേയ് 18, 2018.
  28. Grant, Andrew (ഡിസംബർ 27, 2016). "Vera Rubin in the pages of Physics Today". Physics Today (in ഇംഗ്ലീഷ്). doi:10.1063/pt.5.9080. Retrieved മേയ് 18, 2018.
  29. Meyer, Gabriel (ഡിസംബർ 1–7, 1996). "Pontifical Science Academy Banks on Stellar Cast". Eternal Word Television Network. Archived from the original on ജൂലൈ 24, 2010. Retrieved മേയ് 18, 2018.
  30. Rubin, Vera. "A Century of Galaxy Spectroscopy". Bulletin of the AAS, Vol. 26. 185th AAS Meeting. Washington, DC, US: American Astronomical Society (AAS). p. 1360. Bibcode:1994AAS...185.3101R. 31.01.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=വേര_റൂബിൻ&oldid=3999284" എന്ന താളിൽനിന്ന് ശേഖരിച്ചത്