തമോദ്രവ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രപഞ്ചത്തിൽ കാണാനും തൊടാനും കഴിയാത്ത രീതിയിൽ നിലനിൽക്കുന്ന ദ്രവ്യത്തെയാണ് തമോദ്രവ്യം (Dark Matter) എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. താരാപഥങ്ങൾ‍ അഥവാ നക്ഷത്ര സമൂഹത്തെക്കുറിച്ചുള്ള അന്വേഷണമാണ് ‘കാണാദ്രവ്യം’ എന്ന സങ്കല്പത്തിലേക്ക് ശാസ്ത്ര ലോകത്തെ നയിച്ചത്. പഠനവിധേയമാക്കിയ ഓരോ നക്ഷത്ര സമൂഹത്തിന്റെയും ഭാ‍രം അവയിലെ നക്ഷത്രങ്ങൾ ചേർന്നുള്ള ആകെ ഭാ‍രത്തിലും എത്രയോ ഏറെയാണെന്ന് 1937-ൽ ഫ്രിട്ടസ് സ്വിക്കി എന്ന ശാസ്ത്രജ്ഞൻ കണ്ടെത്തിയിരുന്നു.

കണക്കാക്കാനാവുന്ന പിണ്ഡംകൊണ്ട് മാത്രം നക്ഷത്ര സമൂഹമോരോന്നും ചിതറിപ്പോകാതെ നിലനിൽ‌ക്കുന്നത് എങ്ങനെയാണെന്ന് ശാസ്ത്രജ്ഞർ‌ക്ക് മനസ്സിലായില്ല. കണ്ടെത്തിയ പിണ്ഡത്തെക്കാൾ ഒമ്പതിരട്ടിയെങ്കിലും പിണ്ഡം കൂടുതലായി ഇല്ലെങ്കിൽ ഗുരുത്വ ബലത്തെ അതിജീവിച്ച് നക്ഷത്ര സമൂഹത്തിലെ അംഗങ്ങൾ അകന്നകന്ന് പോകുമെന്ന് ശാസ്ത്രലോകത്തിന് ബോധ്യപ്പെട്ടു. കാണാത്ത പിണ്ഡമുണ്ടെങ്കിൽ അതിനു അടിസ്ഥാനമായി കാണാദ്രവ്യവും ഉണ്ടാകുമെന്ന് ശാസ്ത്രകാരൻ‌മാർ അനുമാനിച്ചു. ആ അനുമാനം ശാസ്ത്രത്തിന്റെ പൂർ‌ണ അംഗീകാരമുള്ള സങ്കല്പമായി വികസിച്ചത് 2004-ൽ ആണ്. മാഞ്ചസ്റ്റർ സർവകലാശാല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ ഈ കാണാദ്രവ്യത്തെ തമോദ്രവ്യം എന്നു പേരിട്ടു വിളിച്ച് ശാസ്ത്രീയമായി വിശദീകരിച്ചു. ദ്രവ്യത്തിന്റെ അടിസ്ഥാന സ്വഭാവങ്ങളിലൊന്നായ ഗുരുത്വ സ്വഭാവം പ്രകടിപ്പിക്കുമ്പോഴും പ്രകാശത്തെ ആഗിരണം ചെയ്യുകയോ പ്രതിഫലിപ്പിക്കുകയോ ചെയ്യാത്തത് എന്ന അർത്ഥത്തിലാണ് തമോദ്രവ്യമെന്നു വിളിപ്പേരിട്ടത്. കാണുകയും തൊടുകയും ചെയ്യാവുന്ന വിധത്തിലുള്ള ദ്രവ്യം 10 ശതമാനം മാത്രമായിരിക്കെ ബാക്കി 90 ശതമാനവും തമോദ്രവ്യമാണെന്ന് ശാസ്ത്രം കണക്കാക്കുന്നു. 2007 മെയ് മാസത്തിൽ നാസയുടെ ഹബിൾ ദൂരദർശിനി കട്ടപിടിച്ച തമോദ്രവ്യത്തിന്റെ ചിത്രം പകർത്തിയെന്ന് അവകാ‍ശവാദമുണ്ട്.

"https://ml.wikipedia.org/w/index.php?title=തമോദ്രവ്യം&oldid=1714377" എന്ന താളിൽനിന്നു ശേഖരിച്ചത്