വിഷുവങ്ങളുടെ പുരസ്സരണം
സൂര്യചന്ദ്രന്മാർ ഭൂമിയിൽ ചെലുത്തുന്ന ഗുരുത്വാകർഷണം മൂലം ഭൂമിയുടെ അച്ചുതണ്ടിന് പുരസ്സരണം (Precession) മൂലം ദിശാവ്യതിയാനം സംഭവിക്കുന്നു. പുരസ്സരണം മൂലം വിഷുവങ്ങളുടെ സ്ഥാനത്തിനുണ്ടാകുന്ന വ്യതിയാനത്തിനാണ് വിഷുവങ്ങളുടെ പുരസ്സരണം എന്നു പറയുന്നത്. ഏകദേശം 25772 വർഷം കൊണ്ടാണ് ഭൂമിയുടെ പുരസ്സരണചക്രം പൂർത്തിയാകുന്നത്[1]. അക്ഷഭ്രംശം മൂലവും ഭൂമിയുടെ അച്ചുതണ്ടിന് ദിശാവ്യതിയാനം ഉണ്ടാകുമെങ്കിലും ഇതിന്റെ അളവ് വളരെ കുറവാണ്.
വിഷുവങ്ങളുടെ സ്ഥാനചലനം
[തിരുത്തുക]ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം മൂലം ഖഗോളമദ്ധ്യരേഖ ഓരോ വർഷവും 50.26 (50.26 ആർക് സെക്കന്റ് ) വീതം കറങ്ങികൊണ്ടിരിക്കുന്നു. അതിനാൽ വിഷുവങ്ങളുടെ സ്ഥാനം വർഷം തോറും 50.26 ആർക് സെക്കന്റ് പടിഞ്ഞാറേക്ക് ദൂരം മാറുന്നു. ഏകദേശം 71.6 വർഷം കൊണ്ട് ഒരു ഡിഗ്രിയുടെ മാറ്റം ഉണ്ടാകും. 360 ഡിഗ്രിയുടെ കറക്കം പൂർത്തിയാക്കുന്നതുവഴി ഒരു പുരസ്സരണചക്രം പൂർത്തിയാക്കാൻ ഏകദേശം 25772 വർഷം വേണം. ഈ കാലയളവിനെ ഒരു പ്ലാറ്റോണിക് വർഷം (Platonic year) എന്നു വിളിക്കുന്നു
വിഷുവങ്ങളുടെ സ്ഥാനനിർണ്ണയം നടത്തപ്പെട്ട സമയത്ത് മേടം രാശിയിലായിരുന്ന മേഷാദി അഥവാ മഹാവിഷുവം (Vernal Equinox) ഇപ്പോൾ മീനം രാശിയിലാണ്. എ.ഡി 2600 നോടടുത്ത് ഇത് കുംഭം രാശിയിലേക്ക് മാറും. അതുപോലെ തുലാം രാശിയിലായിരുന്ന തുലാദി അഥവാ അപരവിഷുവം (autumnal equinox) ഇപ്പോൾ കന്നി രാശിയിലാണ്. അയനാന്തങ്ങൾക്കും ഇതുപോലെ സ്ഥാനചലനം സംഭവിക്കുന്നുണ്ട്.
ധ്രുവനക്ഷത്രത്തിന്റെ സ്ഥാനചലനം
[തിരുത്തുക]ഭൂമിയുടെ അച്ചുതണ്ടിന്റെ ദിശയിൽ ആകാശത്ത് വരുന്ന നക്ഷത്രമാണ് ധ്രുവനക്ഷത്രം. അതിനാൽ പുരസ്സരണം മൂലം അച്ചുതണ്ടിന്റെ ദിശ മാറുന്നതിനനുസരിച്ച് ധ്രുവനക്ഷത്രവും മാറിക്കൊണ്ടിരിക്കുന്നു. ലഘുബാലു രാശിയിലെ ധ്രുവൻ (Polaris) ആണ് ഖഗോള ഉത്തരധ്രുവത്തോട് ഇപ്പോൾ ഏറ്റവുമടുത്തുള്ള പ്രകാശമുള്ള നക്ഷത്രം. പിരമിഡുകളുടെ നിർമ്മാണകാലത്ത് വ്യാളം രാശിയിലെ ഠുബാൻ ആയിരുന്നു ധ്രുവനക്ഷത്രം[2].
ഏകദേശം 3000 എ.ഡി യോടടുത്ത് കൈകവസ് രാശിയിലെ നക്ഷത്രമായ അൽറായ് ഉത്തരധ്രുവത്തിന്റെ ധ്രുവനക്ഷത്രമായി മാറും[3]. ദക്ഷിണധ്രുവത്തിനും ഇതുപോലെ പുരസ്സരണം മൂലം സ്ഥാനചലനമുണ്ടാകുന്നുണ്ട്. ദക്ഷിണാർദ്ധഗോളത്തിന് ഇപ്പോൾ ധ്രുവനക്ഷത്രമില്ലെങ്കിലും പുരസ്സരണം മൂലം ഇതിന് മാറ്റം വരും[4].
ധ്രുവനക്ഷത്രത്തിന്റെ സ്ഥാനചലനത്തിനനുസരിച്ച് ഒരു പ്രദേശത്തുനിന്ന് കാണാനാകുന്ന നക്ഷത്രങ്ങളും വ്യത്യാസപ്പെടുന്നു. പുരസ്സരണം മൂലം ഒരു പ്രദേശത്തു നിന്ന് ഇപ്പോൾ ദൃശ്യമാകുന്ന ചില നക്ഷത്രങ്ങൾ കാണാതാകുകയും. ഇപ്പോൾ കാണാനാകാത്ത ചില നക്ഷത്രങ്ങൾ ദൃശ്യമാകുകയും ചെയ്യും. Circumpolar behavior ആണ് ഇതിനു കാരണം. ധ്രുവപ്രദേശങ്ങളിലാണ് ഇതിന്റെ വ്യാപ്തി കൂടുതൽ അനുഭവപ്പെടുക.
അവലംബം
[തിരുത്തുക]- ↑ Chapter 5 : Earth, Astronomy for Olympiad Students. Part two : Solar System
- ↑ Astronomical map : The celestial sphere : Britannica Online Encyclopedia
- ↑ http://www.dibonsmith.com/cep_con.htm
- ↑ http://www.crystalinks.com/precession.html
- ↑ Vondrák, J.; Capitaine, N.; Wallace, P. (2011-10-01). "New precession expressions, valid for long time intervals". Astronomy & Astrophysics (in ഇംഗ്ലീഷ്). 534: A22. doi:10.1051/0004-6361/201117274. ISSN 0004-6361.