പുരസ്സരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒരു ഗൈറോസ്കോപ്പിന്റെ പുരസ്സരണം

ഭ്രമണം ചെയ്യുന്ന ഒരു വസ്തുവിന്റെ അച്ചുതണ്ട് വൃത്താകൃതിയിൽ ചലിക്കുന്ന പ്രതിഭാസമാണ്‌ പുരസ്സരണം (Precession). ഭ്രമണം മൂലമുള്ള കോണീയപ്രവേഗത്തിന്‌ ലംബമായി ടോർക് (torque) പ്രയോഗിക്കപ്പെടുമ്പോൾ കോണീയപ്രവേഗത്തിന്റെ പരിമാണം വ്യത്യാസപ്പെടാതെ ദിശ വ്യത്യാസപ്പെടുന്നതിനാൽ അച്ചുതണ്ട് വൃത്താകൃതിയിൽ സഞ്ചരിക്കുന്നു. പുരസ്സരണത്തിനു പുറമെ അക്ഷഭ്രംശം (Nutation) മൂലവും അച്ചുതണ്ടിന്റെ ദിശയിൽ വ്യതിയാനം സംഭവിക്കുന്നു.

ഉത്ഭവം[തിരുത്തുക]

കോണീയസംവേഗം (Angular Momentum) ഒരു സദിശമാണ്‌. ഭ്രമണം ചെയ്യുന്ന ഒരു വസ്തുവിന്റെ കോണീയസംവേഗം അതിന്റെ അച്ചുതണ്ടിന്റെ ദിശയിലായിരിക്കും. ഇതിന്‌ ലംബമായി ഒരു ടോർക് പ്രയോഗിക്കുമ്പോൾ ടോർകിന്റെ ദിശയിൽ കോണീയസംവേഗത്തിന്‌ വ്യത്യാസം വരുന്നു. ഒരു സദിശത്തിന്‌ എല്ലായ്പ്പോഴും ലംബമാണ്‌ ആ സദിശത്തിനുണ്ടാകുന്ന മാറ്റം എങ്കിൽ അതിന്റെ പരിമാണം വ്യത്യാസപ്പെടാതെ ദിശ വ്യത്യാസപ്പെടുന്നു. അതിനാൽ ഭ്രമണം ചെയ്യുന്ന വസ്തുവിന്റെ ആവൃത്തി വ്യത്യാസപ്പെടാതെ അച്ചുതണ്ടിന്റെ ദിശ വ്യത്യാസപ്പെടുന്നു. ഇങ്ങനെ ചലിച്ചുകൊണ്ടിരിക്കുന്ന അച്ചുതണ്ട് അന്തരീക്ഷത്തിൽ ഒരു വൃത്തസ്തൂപിക(cone) നിർമ്മിക്കുന്നു.

ഉദാഹരണങ്ങൾ[തിരുത്തുക]

  • കറങ്ങുന്ന പമ്പരത്തിന്റെ പുരസ്സരണം
    കറങ്ങുന്ന പമ്പരം പ്രതലത്തിന്‌ ലംബമായി കറങ്ങാറില്ല. പമ്പരം അച്ചുതണ്ടിനു ചുറ്റും കറങ്ങുന്നതിനു പുറമെ പുരസ്സരണം മൂലം പമ്പരത്തിന്റെ അച്ചുതണ്ട് പ്രതലത്തിന്‌ സമാന്തരമായ (ഭൂഗുരുത്വാകർഷണത്തിന്‌ ലംബമായ) വൃത്തത്തിൽ കറങ്ങുന്നു.
  • പുരസ്സരണവും അക്ഷഭ്രംശവും ഗൈറോസ്കോപ്പിന്റെ പ്രവർത്തനതത്വത്തിന്റെ ഭാഗമാണ്‌
  • സൂര്യന്റെയും ചന്ദ്രന്റെയും ആകർഷണം മൂലം ഭൂമിയുടെ ഭ്രമണാക്ഷത്തിന്‌ പുരസ്സരണം സംഭവിക്കുന്നു. ഇതിന്റെ ഫലമായി വിഷുവങ്ങൾക്കുണ്ടാകുന്ന സ്ഥാനചലനത്തിന്‌ വിഷുവങ്ങളുടെ പുരസ്സരണം എന്നു പറയുന്നു. 26000 വർഷം കൊണ്ട് പൂർത്തിയാകുന്ന ഈ പ്രതിഭാസം മൂലം ധ്രുവനക്ഷത്രവും മാറിക്കൊണ്ടിരിക്കുന്നു

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുരസ്സരണം&oldid=1696769" എന്ന താളിൽനിന്നു ശേഖരിച്ചത്