വിശ്വകർമ്മജർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രപഞ്ചസൃഷ്ടാവും സർവലോകശില്പിയുമായ വിശ്വകർമ്മാവിന്റെ പിൻ‌ഗാമികളെന്ന് അവകാശപ്പെടുന്ന കരകൗശലവിദഗ്ദ്ധരാണ്‌ വിശ്വകർമ്മജർ എന്നറിയപ്പെടുന്നത്. ഇന്ത്യയിലെ എല്ലാ ഭാഗങ്ങളിലും ഇവർ കാണപ്പെടുന്നു. വിവിധ സ്ഥലങ്ങളിൽ വിവിധ ജാതി പേരുകളാണുള്ളത്. പ്രധാനമായും ഇരുമ്പുപണിക്കാർ, മരപ്പണിക്കാർ, ഓട്ടുപണിക്കാർ, കല്പ്പണിക്കാർ, സ്വർണ്ണപ്പണിക്കാർ എന്നിവർ ഈ വിഭാഗത്തിൽ പെടുന്നു. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ പൊതുവേ ആശാരി, ആചാരി, കമ്മാളര്(കര്മ്മാളര്) എന്നീ പേരുകളിൽ അറിയപ്പെടുന്നു.

ഇവർ വിശ്വകർമ്മാവിന്റെ സൃഷ്ടി ആയ `യഥാക്രമം മനു, മയ, ത്വഷ്ടാ, ശില്പി, വിശ്വജ്ന എന്നീ ഋഷികളുടെ പിൻ‌ഗാമികൾ എന്നും വിശ്വസിക്കുന്നു. വിശ്വകർമ്മജർ ബ്രാഹ്മണവിഭാഗത്തിന്റെ ഒരു ഉപവിഭാഗമായതുകൊണ്ട് ഇവർ വിശ്വ ബ്രാഹ്മണർ എന്നും അറിയപ്പെടുന്നു.[1] [2] ഒരുകാലത്ത് ഇവർ വാസ്തു വിദ്യ, തച്ചു ശാസ്ത്രം, ശില്പ ശാസ്ത്രം, ജ്യോതിഷം എന്നിവയിൽ പ്രഗൽഭരായിരുന്നു. ചിലർ ഇപ്പോഴും പാരമ്പര്യം കാത്തുസൂക്ഷിക്കുന്നു.

പേരിന്റെ ഉറവിടം[തിരുത്തുക]

വിശ്വകർമ്മാവിന്റെ പിൻ‌ഗാമികളായതുകൊണ്ട് വിശ്വകർമ്മജർ എന്നു വിളിക്കുന്നെങ്കിലും ഇതിനും വളരെ മുമ്പുതന്നെ ഇവർ കർമ്മാളാർ എന്നറിയപ്പെട്ടിരുന്നു. കമ്മാളര് എന്ന പദം കണ്ണാളര് അല്ലെങ്കിൽ കണ്ണാളൻ എന്ന തമിഴ് വാക്കിൽ നിന്നുണ്ടായതാണ്. കണ്ണാളൻ എന്നാൽ "നേത്ര-മാംഗല്യം"(ദക്ഷിണേന്ത്യയിൽ, ശില്പ്പി ഒരു വിഗ്രഹം -തടി, ലോഹം, കല്ല് ഏതുമാവാം- പൂർത്തിയാക്കിയ ശേഷം അതിന്റെ ചെവിയിൽ മൂലമന്ത്രം ജപിച്ചും തേൻ കൊണ്ടു കണ്ണെഴുതിയും വിഗ്രഹത്തെ ദൈവചൈതന്യം കൊടുത്ത് ദേവൻ(ദേവി)ആക്കുന്ന ചടങ്ങ്)[3] നടത്തുന്ന ആൾ എന്നാണ്. മറ്റൊരഭിപ്രായം 'തന്റെ കർമ്മത്തിൽ (തൊഴിലിൽ) സ്വന്തമായി നിയമം, വ്യവസ്ഥ, നിയന്ത്രണം ഉള്ള ആള്' എന്ന അർത്ഥം വരുന്ന കർമ്മാളാർ എന്ന വാക്കിൽ നിന്നുണ്ടായത് എന്നാണ്. വിശ്വകർമ്മജർ എന്ന വാക്ക് "വിസ്സാ" എന്ന പാലി പദമോ "വൈശ്യ" എന്ന സംസ്കൃത പദമോ ദ്രാവിഡ വാക്കായ കർമ്മാളര് എന്ന പദവുമായി ചേർന്നാണ് ഉണ്ടായത് എന്നും പറയുന്നു.[4] അതി പുരാതനമായ സനാതന ധ൪മ്മം ക൪മ്മാധിഷ്ഠിതമായിരുന്നു,സൃഷ്ടി (ബഹ്മക൪മ്മത്തി൯റ്റെ ഭാഗമാണ്.അതുകൊണ്ട് വിശ്വക൪മ്മാവിന് ക൪മ്മാള൪ അല്ലെഗില് (ബഹ്മക൪മ്മം ചെയ്യുന്നവ൯ എന്ന പേര് ലഭിച്ചു.[അവലംബം ആവശ്യമാണ്] ഇന്നും നോ൪ത്ത് ഇന്തൃയില് അങ്ങനെയൊരു വിശ്വക൪മ്മസമാജം ഉണ്ട് അവരാണ് ക൪ അല്ലെങ്കിൽ ക൪മ്മാക൪.

ജാതി വ്യവസ്ഥയിൽ[തിരുത്തുക]

ദക്ഷിണേന്ത്യയിലെ ജാതി വ്യവസ്ഥയിൽ ഈ സമൂഹത്തിന് ബ്രാഹ്മണരിൽ നിന്നും 34അടി ദൂരം കല്പ്പിച്ചിട്ടുണ്ടായിരുന്നു. എങ്കിലും അളവുകോലായ മുഴക്കോല് ആചാരിയുടെ കയ്യിലുള്ളപ്പോൾ അയിത്തം ഇല്ലായിരുന്നു(Edgar Thurston,page-61) കുലത്തൊഴിൽ ചെയ്യുമ്പോൾ ആവീതം എന്ന പൂണൂൽ ധരിച്ചിരുന്നു എങ്കിലും[കർമ്മത്തിൽ ബ്രഹ്മത്വം ഉള്ള അബ്രാഹ്മണർ ഉപനയനം കൂടാതെ ധരിക്കുന്നതാണ് ആവീതം,,,,ഷോഡശസംസ്കാരങ്ങളിൽ ഒന്നായ ഉപനയനത്തോടു കൂടിധരിക്കുന്ന പൂണൂൽ ഉപവീതം] ബ്രാഹ്മണർ കമ്മാളർക്കും പലകാര്യങ്ങളിലും അയിത്തം കല്പിച്ചിരുന്നു. ബ്രാഹ്മണാദി സവൽണ്ണ വിഭാഗങ്ങൾ കമ്മാളരോട് ചിലകാര്യങ്ങളിൽ അയിത്തം പാലിച്ചിരുന്നു.ബ്രാഹ്മണർക്ക് സ്വന്തം എന്നവകാശപ്പെടുന്ന ബ്രാഹ്മണഗൃഹങ്ങൾ,ക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ പണിയായുധവുമായി വിശ്വകർമമ്മന് കയറുവാൻ അനുവാദം ഉണ്ടായിരുന്നു.തച്ചൻമാർക്ക് സംസ്കൃത ജ്ഞാനം,വാസ്തുശാസ്ത്ര വിജ്ഞാനം തച്ചുശാസപരിജ്ഞാനം ഇത്യാദി ഗുണങ്ങൾ ഉണ്ടായിരുന്നു.പൂണുനൂൽ ധരിച്ച മൂത്താശാരി നമ്പൂതിരിയുടെ കൂടെ നടക്കുമ്പോൾ കയ്യിൽ മുഴക്കോല് പിടിച്ചിരിക്കണം എന്ന വ്യവസ്ഥയും ഉണ്ടായിരുന്നു. പരദേശിബ്രാഹ്മണരിലും ഒരുവിഭാഗം ആചാരിസ്ഥാനപ്പേര്ഉപയോഗിച്ചിരുന്നു. .

ജാതി പേരുകൾ[തിരുത്തുക]

ദക്ഷിണേന്ത്യയിൽ[തിരുത്തുക]

‍ആചാരി
വിശ്വകർമ്മ
ചാരി
ശർമ്മ[അവലംബം ആവശ്യമാണ്]
റാവു
വിശ്വബ്രാഹ്മണർ

ഉത്തരേന്ത്യയിൽ[തിരുത്തുക]

പാഞ്ചാൽ ബ്രാഹ്മണർ
ശർമ്മ
മഹാറാണ
താര്ഖാൻ
മിശ്രി
മാലിക്
സുതാർ

ആചാരി, ശില്പ ശാസ്ത്രത്തിൽ[തിരുത്തുക]

"ആ" കാരൊ ആഗമരതച
"ചാ" കാരൊ ശാസ്ത്രകൊവിത
"രി" കാരൊ ദേവോല്പതി
"ആചാരി" അതു ത്രയക്ഷരം

വിശദീകരണം: ഉച്ഛ്വാസ വായുവിൽ പോലും വേദത്തേ കാണുകയും ശാസ്ത്രം അറിയുകയും സൃഷ്ടികർമ്മം(ദേവശില്പം,കരകൗശലം മുതലായവ) ചെയ്യാൻ കഴിവുള്ളവനാണു "ആചാരി" എന്നു ശില്പ ശാസ്ത്രത്തിൽ പറയുന്നു.

കേരളത്തിൽ ഈ സമുദായത്തിലെ കുലത്തൊഴിലുകാർ അറിയപ്പെടുന്നത്[തിരുത്തുക]

ആശാരി, കല്ലാശാരി, കൽത്തച്ചൻ,കമ്മല, കംസല, കണ്ണൻ, കരുവാൻ, കിടാരൻ, കൊല്ലൻ, മലയാള കമ്മല, മൂശാരി, പാണ്ടികമ്മല, പാണ്ടിതട്ടാൻ, പെരുംകൊല്ലൻ, തച്ചൻ,തട്ടാൻ, വിൽകുറുപ്പ്, വില്ലാശാൻ, വിശ്വബ്രാഹ്മണൻ(ർ), വിശ്വകർമാല എന്നിവരെയാണ് കേരള സംസ്ഥാനത്തിൽ വിശ്വകർമ്മജരായി അറിയപ്പെടുന്നത് [5].

ഈ സമുദായത്തിന്റെ മുഴുവൻ കുലനാമം ആചാരി എന്നാണെങ്കിലും, തൊഴില്, ദേശം, ഭാഷ എന്നിവകൊണ്ട് വിവിധ പേരിൽ അറിയപ്പെടുന്നു.

ഇരുമ്പുപണി ചെയ്യുന്നവർ കൊല്ലൻ എന്നും കരുവാൻ എന്നും അറിയപ്പെടുന്നു. കൊല്ലൻ എന്ന വാക്കിന്റെ മൂലപദമോ എങ്ങനെ ഉണ്ടായെന്നോ അറിയില്ല. "കർമ്മാര" (ലോഹപ്പണിക്കാരൻ) എന്ന സംസ്കൃത പദത്തിൽ നിന്നാവണം കരുവാൻ എന്ന വാക്ക് ഉണ്ടായത്. ഇവരുടെ പണിശാല ആല, ഉല എന്നീ പേരുകളിൽ അറിയപ്പെടുന്നു. ഇവർ കാർഷിക ഉപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ എന്നിവ ഇരുമ്പിൽ ഉണ്ടാക്കുന്നു. ഇവർ മനു ഋഷിയുടെ പിൻഗാമികൾ എന്നു വിശ്വസിക്കുന്നു.

തുകൽ പണി ചെയ്യുന്നവരെ തുകൽകൊല്ലൻ എന്ന് പറയുന്നു.മദ്ദളം, ചെണ്ട മറ്റ് തുകൽ വാദ്യങ്ങളും ചെരിപ്പ്, തുകൽ ഉല്പന്നങ്ങൾ എന്നിവ ഉണ്ടാക്കുന്നത് കൊണ്ടാണ് ഇവരെ തുകൽ കൊല്ലൻ എന്നു പറയുന്നത്[6].

മരപ്പണി ചെയ്യുന്നവർ തച്ചൻ എന്നും ആശാരി എന്നും അറിയപ്പെടുന്നു. തച്ചൻ എന്ന പദം തക്ഷു (മരം) എന്ന സംസ്കൃത പദത്തിൽ നിന്നാണ് ഉണ്ടായത്. ആശാരി എന്നതു ആചാരി പദത്തിന്റെ തെറ്റിദ്ധരിക്കപ്പെട്ട വാമൊഴി ആണ്(ആചാരി എന്നാൽ മരപ്പണി മാത്രം ചെയ്യുന്നവർ എന്നു കാലങ്ങളായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു). ഇവര് വിഗ്രഹങ്ങൾ, ക്ഷേത്രത്തിന്റെയും ഭവനങ്ങളുടെയും വാതിലുകൾ, മേൽക്കൂരക്കൂട്ട്, ഗൃഹോപകരണങ്ങൾ എന്നിവ തടിയിൽ‌ ഉണ്ടാക്കുന്നു. ഇവര് ഗണിതം, ശാസ്ത്രം എന്നിവ കർശനമായി പാലിക്കുന്നു. ഇവർ മയ ഋഷിയുടെ പിൻഗാമികൾ എന്നു വിശ്വസിക്കുന്നു.

ഓട്ടുപണി ചെയ്യുന്നവരെ ശില്പ്പാചാരി എന്നും മൂശാരി എന്നും അറിയപ്പെടുന്നു. ഇവരുടെ പണിശാല മൂശ എന്നി പേരിൽ അറിയപ്പെടുന്നു. പിച്ചള, ചെമ്പ്, ഓട് എന്നിവ ഉരുക്കുന്ന furnace ആണു മൂശ. ഇതിൽ നിന്നും മൂശാചാരി എന്നും, പിന്നെ മൂശാരി എന്ന പദം ഉണ്ടായി. ഓടുകൊണ്ടുള്ള പാത്രങ്ങൾ, വിഗ്രഹങ്ങൾ,ശില്പ്പങ്ങൾ, വിളക്കുകൾ എന്നിവ ഉണ്ടാക്കുന്നു. പഞ്ചലോഹ വിഗ്രഹങ്ങൾ, ആറന്മുളക്കണ്ണാടി മുതലായ അമൂല്യ വസ്തുക്കൾ ഉണ്ടാക്കുന്നതും ഈ വിഭാഗമാണ്. ഇവർ ത്വഷ്ടാവ് എന്ന ഋഷിയുടെ പിൻഗാമികൾ എന്നു വിശ്വസിക്കുന്നു.

കല്പ്പണി ചെയ്യുന്നവരെയും 'ശില്പ്പാചാരി' എന്നും കല്ലാചാരി എന്നും അറിയപ്പെടുന്നു. ഇവർ കല്ലിൽ വിഗ്രഹങ്ങൾ, ദേവശില്പ്പങ്ങൾ, ക്ഷേത്രങ്ങൾ തുടങ്ങിയവ ചെയ്യുന്നു. ഇവർ ശില്പി എന്ന ഋഷിയുടെ പിന്ഗാമികൽ എന്നു വിശ്വസിക്കുന്നു.

സ്വർണ്ണപ്പണി ചെയ്യുന്നവർ പൊന്നാചാരി എന്നും തട്ടാൻ എന്നും അറിയപ്പെടുന്നു. തട്ടാൻ എന്ന പദം എങ്ങനെ ഉണ്ടായെന്ന് അറിയില്ല. സ്വർണ്ണം,വജ്രം,രത്നാഭരണങ്ങൾ, പവിത്രമായ താലി, തിരുവാഭരണങ്ങൾ മുതലായവയിൽ ഉണ്ടാക്കുന്നു. ഇവർ വിശ്വജ്ന എന്ന ഋഷിയുടെ പിൻഗാമികൾ എന്നു വിശ്വസിക്കുന്നു.

ഇന്ന് കേരളത്തിൽ[തിരുത്തുക]

സമുദായത്തിലെ കുറച്ചുപേര് സ്വന്തം പ്രയത്നത്താൽ വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും തൊഴില്പരമായും നല്ലനിലയിലാണ്. പക്ഷേ ബഹുഭൂരിഭാഗവും കാലത്തിനിടെ മാറ്റമായ യാന്ത്രികവൽക്കരണവും ആഗോളവൽകരണവും കണ്ടു പകച്ചു. ഒരുകാലത്ത് ഇന്ത്യയുടെ തന്നെ മഹാൽഭുതങ്ങളായ ക്ഷേത്രങ്ങളും കൊട്ടാരങ്ങളും നിർമ്മിച്ച മഹാശില്പ്പികളുടെ പിൻ‌ഗാമികൾ, ബ്രാഹ്മണ്യവും പൂണുലും അഴിച്ചുവെച്ച് ദിവസവേതനത്തിൽ തൊഴിൽ ചെയ്യുകയാണിപ്പോൾ. കേരളത്തിൽ ഈ സമുദായത്തിനു ഒരു രാഷ്ട്രീയ നേതാവോ ആത്മീയഗുരുവോ ചരിത്രപുരുഷന്മാരോ ഇല്ല. കേരളത്തിൽ ഇന്നു കാണുന്ന പല മഹാക്ഷേത്രങ്ങളുടെയും വാസ്തുശില്പികൾ ആരാണെന്നു പോലും സമുദായത്തിന് അറിയില്ല, കാരണം ഐതിഹ്യകഥാപാത്രമായ പെരുംതച്ചനുമായി ചരിത്രം അല്ലെങ്കിൽ ചിലർ ഇതിനെ മനഃപൂർവം കൂട്ടിച്ചേർത്തിരുന്നു.

1947 -ൽ ഇന്ത്യയുടെ സ്വാതന്ത്ര്യം സാക്ഷ്യം വഹിച്ചുകൊണ്ട് സമുദായത്തിന്അഖില തിരുവിതാംകൂർ വിശ്വകർമ്മ മഹാസഭ എന്ന സംഘടന രൂപപ്പെട്ടു. 1957 മുതല് അഖില കേരള വിശ്വകർമ്മ മഹാസഭ എന്ന പേരിൽ ഈ സംഘടന കേരളം മുഴുവൻ വ്യാപിച്ചു. പക്ഷെ പിന്നീട് പല പുതിയ സംഘടനകളും ഉണ്ടായി. 2001 ല് ഈ സംഘടനകളെല്ലാം ലയിച്ച് കേരള വിശ്വകർമ്മ മഹാസഭഎന്ന സംഘടന ഉണ്ടായെങ്കിലും ലയനം പിന്നീട് പരാജയമായി. അഖില കേരള വിശ്വകർമ്മ മഹാസഭയുടെ ആസ്ഥാനം ചെങ്ങന്നൂർ ആണ്. വിശ്വദേവൻ മാഗസിൻ ആണ് കേരളത്തിലെ പ്രമുക വിശ്വകർമ മാധ്യമം.

ചിങ്ങമാസത്തിലെ പഞ്ചമി നാളിൽ സമുദായം ഋഷിപഞ്ചമി ആഘോഷിക്കാറുണ്ട്. മനു, മയ തുടങ്ങിയ അഞ്ച് ഋഷികളും ദൃഢ ഐക്യത്തോടെ തങ്ങളുടെ സ്രഷ്ടാവിനെ (വിരാട് വിശ്വകർ‌മ്മാവ്) പ്രാർത്ഥിക്കുകയും പൂജിക്കുകയും ചെയ്ത ദിവസമായി ഈ ദിനത്തെ കാണുന്നു.

കേളത്തിലെ ചില പ്രശസ്തർ[തിരുത്തുക]

ഉളിയന്നൂർ പെരുംതച്ചൻ [പെരുംതച്ചൻമാർ പലകാലങ്ങളിലായി പലരുണ്ടായിരുന്നതായി പറയപ്പെടുന്നു] ശില്പശാസ്ത്രശിരോമണി സ്തപതി കിടങ്ങൂർ ശ്രീ രാഘവൻ ആചാരി (വാസ്തുശില്പി)
പി. ഡി. തങ്കപ്പൻ ആചാരി (ലോകസഭാ ജനറൽ സെക്രട്ടറി)
കെ.പി. സോമാരാജൻ IPS (DGP കേരളാ പോലീസ്)
കെ.പി. ബാലകൃഷ്ണൻ IAS (Rtd. Kerala cadre)
ജഗതി എൻ.കെ. ആചാരി (സാഹിത്യകാരർ)
പയ്യന്നൂർ കേശവനാചാരി (വാസ്തുശില്പി)
എം.വി. ദേവൻ ചിത്രകാരൻ, എഴുത്തുകാരൻ, ചിന്തകൻ
കവി തിരുനെല്ലൂർ കരുണാകരൻ
കവി എ. അയ്യപ്പൻ
കവി കുരീപ്പുഴ ശ്രീകുമാർ
സംഗീത സംവിധായകൻ ദേവരാജൻ മാഷ്[അവലംബം ആവശ്യമാണ്]
സംഗീത സംവിധായകൻ എം.കെ.അർജുനൻ[അവലംബം ആവശ്യമാണ്]
സംഗീത സംവിധായകൻ കലവൂർ ബാലൻ
ജഗതി ശ്രീകുമാർ (സിനിമാ നടൻ)
ജയസൂര്യ (സിനിമാ നടൻ)
ബ്രഹ്മാനന്ദൻ(ഗായകൻ)
തിരുവിഴ ശിവാനന്ദൻ, വയലിനിസ്റ്റ്
കവിയൂർ പൊന്നമ്മ(സിനിമാ നടി)
ശരത് (സംഗീതസംവിധായകൻ)
ചുനക്കര രാജൻ (വാസ്തുശില്പി. national award from national handicraft development corporation for sculpture in 1993 )
ചങംകരി വേണു ആചാരി (പള്ളിയോടം ശില്പി)
പാരീസ് വിശ്വനാഥാൻ, ആർടിസ്റ്റ് മദനൻ, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ബോസ് കൃഷ്ണമാചാരി

ഇതും കാണുക[തിരുത്തുക]

ആചാരി
വാസ്തുശാസ്ത്രം
തച്ചുശാസ്ത്രം
ആറന്മുളക്കണ്ണാടി
പള്ളിയോടം
പെരുന്തച്ചൻ
പഞ്ചലോഹം

അവലംബം[തിരുത്തുക]

  1. [Castes And Tribes Of Southern India by Edgar Thurston, K. Rangachari,. Volume 3. pp. 126-129]കാണുക.
  2. [Creativity’s Global Correspondents – 1999 Edited by Morris I. Stein, Ph.D.,M. K. Raina, Ph.D.]page.79
  3. [Medieval Sinhalese Art, Pantheon Books INC, New York. by Coomaraswamy, Ananda K]
  4. [Bharatiya Visvakarmajar: Manava Parishkarathinte Silpikal,by Somanathan R, Edava (1987)]
  5. http://www.keralapsc.org/scstobc.htm#obc
  6. http://archive.org/stream/castestribesofso03thuruoft#page/134/mode/2up
  • Bharathiya Viswakarmajar- written by Edava R. Somanathan reviews about the community and its contribution to the world civilisation.© Viswakarma Community College @ 9447066040
  • http://www.viswakarma.info/article-list/63-judgements-about-jangid-vishwakarma-brahmins.html
  • Globalisation Traumas and New Social Imaginary: Visvakarma Community of Kerala, by George Varghese K. © 2003 Economic and Political Weekly.
  • Russell R.V. and Lai R.B.H., The tribes and castes of the Central Provinces of India, Asian Educational Services, 1995, ISBN 812060833X
"https://ml.wikipedia.org/w/index.php?title=വിശ്വകർമ്മജർ&oldid=2667486" എന്ന താളിൽനിന്നു ശേഖരിച്ചത്