Jump to content

വിക്കിപീഡിയ:പതിവ് ചോദ്യങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പതിവു് ചോദ്യങ്ങൾ പി.ഡി.എഫ്. പ്രമാണം

വിക്കി, വിക്കിപീഡിയ, മലയാളം വിക്കിപീഡിയ ഇവയെപറ്റി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ആണു് ഈ താളിൽ.

എന്താണു് വിക്കി?

സാധാരണഗതിയിൽ ഇന്റർനെറ്റിലെ ഏതെങ്കിലുമൊരു താളിൽ എന്തെങ്കിലും എഴുതിച്ചേർക്കണമെങ്കിൽ മികച്ച സാങ്കേതിക പരിജ്ഞാനവും മറ്റാരുടെയെങ്കിലും സമ്മതവും വേണം. അത്തരം നിയന്ത്രണങ്ങളൊന്നുമില്ലാതെ ആർക്കും (സാങ്കേതിക പരിജ്ഞാനം വളരെയൊന്നും ഇല്ലാത്ത ഒരു സാധാരണ വെബ്ബു് ഉപയോക്താവിനും) വിവരങ്ങൾ കൂട്ടിച്ചേർക്കാനും, നീക്കം ചെയ്യാനും, മാറ്റംവരുത്താനുമുള്ള സ്വാതന്ത്ര്യവും സൌകര്യവും നൽകുന്ന ഒരു സോഫ്റ്റ്‌വെയർ സം‌വിധാനമാണു് വിക്കി. വളരെ എളുപ്പത്തിൽ വിവരങ്ങൾ ചേർക്കാം എന്നതിനാൽ കൂട്ടായ്മയിലൂടെ രചനകൾ നടത്താനുള്ള മികച്ച ഉപാധിയാണു് വിക്കി സോഫ്റ്റ്‌വെയർ. ചുരുക്കത്തിൽ, ഒരേ സമയം ഗുണദാതാവായും ഉപയോക്താവായും ഏതൊരാൾക്കും പങ്കെടുക്കാനാവുന്ന ഒരു ഇന്റർനെറ്റ് സംവിധാനമാണു് വിക്കി.

വാർ‌ഡ് കണ്ണിംഹാം (Ward Cunningham) എന്ന പോർ‌ട്ട്‌ലാൻ‌ഡുകാരനാണ് വിക്കി എന്ന ആശയത്തിനും, സോഫ്റ്റ്‌വെയറിനും അടിത്തറയിട്ടത്. 1994-ൽ അദ്ദേഹം വികസിപ്പിച്ചെടുത്ത വിക്കിവിക്കിവെബ് എന്ന സോഫ്റ്റ്‌വെയറാണു് വിക്കി എന്ന ആശയത്തിന് തുടക്കമിട്ടത്. 1995 മാർച്ചു് 25-നു് അദ്ദേഹം ഇത് www.c2.com എന്ന വെബ്ബ് സൈറ്റിൽ സ്ഥാപിച്ചു. കണ്ണിംഹാം തന്നെയാണ് ഈ പുതിയ ആപ്ലിക്കെഷനു് വിക്കി എന്ന പേരു് നിർദ്ദേശിച്ചത്. ഹോണോലുലു ദ്വീപിലെ വിമാനത്താവളത്തിലെ ടെർമിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് ഓടിയിരുന്ന വിക്കിവിക്കി ചാൻസ് ആർ.ടി. 52 എന്ന ബസ്സ് സർ‌വ്വീസിനെകുറിച്ചു് അവിടുത്തെയൊരു തൊഴിലാളി പറഞ്ഞതിനെ ഓർത്തായിരുന്നു ഈ പേരിടൽ. ഹവായിയൻ ഭാഷയിൽ വിക്കി എന്നാൽ വേഗത്തിൽ എന്നാണ് അർത്ഥം."What I Know Is" എന്നതിന്റെ ചുരുക്കെഴുത്തായും വിക്കിയെ ഇപ്പോൾ വികസിപ്പിച്ചു് പറയാറുണ്ട്.

എന്താണു് വിക്കിപീഡിയ?

വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അനേകം എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന സ്വതന്ത്രവും സൌജന്യവുമായ ഓൺലൈൻ വിജ്ഞാനകോശമാണ് വിക്കിപീഡിയ. അനേകം എഴുത്തുകാരുടെ അറിവും പ്രയത്നവും വിക്കിപീഡിയയിലെ ഓരോ ലേഖനത്തിനു പിന്നിലുമുണ്ട്. നിരവധി ഉപയോക്താക്കൾ തുടർച്ചയായി വിക്കിപീഡിയ തിരുത്തുന്നുണ്ടു്. ഈ തിരുത്തലുകളുടെ ചരിത്രം എല്ലാംതന്നെ വിക്കിപീഡിയ സൂക്ഷിച്ചു് വെക്കുന്നുണ്ടു്. അനാവശ്യ മാറ്റങ്ങൾ വളരെ പെട്ടെന്നു് തന്നെ സാധാരണയായി ഒഴിവാക്കാറുണ്ടു്. അതേ പോലെ തുടർച്ചയായി ശല്യപ്പെടുത്തുന്ന നിയമവിരുദ്ധരെ തിരുത്തലുകൾ വരുത്തുന്നതിൽ നിന്നു് തടയാറുമുണ്ടു്.

വഴികാട്ടി (Help)
Read in Malayalam
അംഗമാവുക
മലയാളം എഴുതുവാൻ
യുണികോഡ്‌ ഫോണ്ടുകൾ
പരീക്ഷണങ്ങൾ
സംവാദ സഹായി
യൂസർ പേജ് സഹായി
സംശയം ചോദിക്കാൻ
കീഴ്‌വഴക്കങ്ങൾ
ശൈലീ പുസ്തകം
ലേഖനം തുടങ്ങുക
തിരുത്തൽ വഴികാട്ടി
കണ്ണികൾ ചേർക്കുവാൻ
അടിസ്ഥാന വിവരങ്ങൾ
ചിട്ടവട്ടം
വിക്കി ലിങ്കുകൾ
സചിത്രലേഖനങ്ങൾ
ഫലകങ്ങൾ
വർഗ്ഗീകരണം
മീഡിയ സഹായി
പട്ടികകൾ
വീഡിയോ പരിശീലനം
കണ്ടുതിരുത്തൽ
കണ്ടുതിരുത്തൽ വഴികാട്ടി

വിക്കിയും വിക്കിപീഡിയയും ഒന്നാണോ?

വിക്കിയും വിക്കിപീഡിയയും ഒന്നല്ല. വിക്കിപീഡിയയുടെ മറ്റൊരു പേരല്ല വിക്കി എന്ന നാമം.

വിക്കി എന്നതു് കൂട്ടായ്മയിലൂടെ രചന നിർവ്വഹിക്കാൻ സഹായിക്കുന്ന ഒരു സോഫ്റ്റ്‌വെയർ മാത്രമാണ്. വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു എന്നതാണു് വിക്കിപീഡിയയും വിക്കിയും തമ്മിലുള്ള ബന്ധം. യഥാർത്ഥത്തിൽ വിക്കി സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന അസംഖ്യം വെബ്ബ് സൈറ്റുകളിൽ ഒന്നു് മാത്രമാണു് വിക്കിപീഡിയ. ഇന്നു് നിലവിലുള്ള വിക്കികളിൽ പ്രചാരവും ഉള്ളടക്കത്തിന്റെ മികവും കൊണ്ടു് ഏറ്റവും മുന്നിട്ടു് നിൽക്കുന്നതും വിക്കിപീഡിയ എന്ന സർവ്വവിജ്ഞാനകോശം ആണു്. പക്ഷെ, വിക്കിപീഡിയയുടെ ജനപ്രീതിയും വളർച്ചയും മൂലം വിക്കി എന്നു് പറഞ്ഞാൽ വിക്കിപീഡിയ ആണെണു് പലരും ധരിച്ചു് വെച്ചിട്ടുണ്ടു്. അതു് ശരിയല്ല എന്നു് ഇപ്പോൾ മനസ്സിലായല്ലോ.

വിക്കിപീഡിയയുടെ ലഘു ചരിത്രം തരാമോ?

ആർക്കും എഴുതാവുന്ന സ്വതന്ത്രവിജ്ഞാനകോശം എന്ന ആശയം പ്രാവർത്തികമാക്കാനുള്ള ആദ്യശ്രമം റിക്ക് ഗേറ്റ്സിന്റെ ഇന്റർപീഡിയ ആയിരുന്നു. എങ്കിലും അത്‌ പ്ലാനിങ് ഘട്ടം കഴിഞ്ഞു് അധികം മുന്നോട്ടുപോയില്ല. അതാതു് വിഷയങ്ങളിൽ നൈപുണ്യമുള്ളവരുടെ ലേഖനങ്ങൾക്കു്‌ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള നുപീഡിയ (Nupedia) ആയിരുന്നു വേറൊരു പ്രധാനസംരംഭം‌. ജിമ്മി വെയിൽസും സഹായി ലാരി സാങറും ആയിരുന്നു അതിന്റെ ശിൽപ്പികൾ. ലേഖനങ്ങളുടെ ഗുണമേന്മയ്ക്കു് കൊടുത്തിരുന്ന അമിതപ്രാധാന്യം മൂലം അതിന്റെ വളർച്ച വളരെ പതുക്കെയായിരുന്നു. അതുകൊണ്ട്‌, നുപീഡിയയെ സഹായിക്കാനായി ആർക്കും എഡിറ്റ് ചെയ്യാനാവുന്ന വിക്കിപീഡിയ എന്ന സംരംഭം ജിമ്മി വെയിൽസും സഹായി ലാരി സാങറും ചേർന്നു് ആരംഭിച്ചു. അതിശയമെന്നു പറയട്ടെ, ജനകീയ പങ്കാളിത്തത്തിലൂടെ മാതൃവെബ്‌സൈറ്റിനെയും കടത്തി വെട്ടിയ വിക്കിപീഡിയ, കാലാന്തരത്തിൽ തനതുവ്യക്തിത്വമുള്ള സ്വതന്ത്രവിജ്ഞാനകോശമായി മാറി. ഇന്നു് സ്വതന്ത്രവിജ്ഞാനകോശം എന്നതിന്റെ മറുവാക്കായി വിക്കിപീഡിയ മാറികഴിഞ്ഞിരിക്കുന്നു.

ലാഭേച്ഛകൂടാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൌണ്ടേഷൻ (http://wikimediafoundation.org) എന്ന സ്ഥാപനമാണ്‌ ഇപ്പോൾ വിക്കിപീഡിയയെ നിയന്ത്രിക്കുന്നത്‌.

ഏതൊക്കെ ഭാഷകളിൽ വിക്കിപീഡിയ ഉണ്ടു്?

ഏതാണ്ടു് 270-തിൽ പരം ലോകഭാഷകളിൽ വിക്കിപീഡിയ നിലവിലുണ്ടു്. മലയാളത്തിലും വിക്കിപീഡിയ ഉണ്ടു്.

2001 ജനുവരി 15-നു് ഇംഗ്ലീഷു് ഭാഷയിലാണു് ആദ്യ വിക്കിപീഡിയ തുടങ്ങുന്നതു്. 2001 മാർച്ച് 16-നു് ആരംഭിച്ച ജർമ്മൻ ഭാഷയിലുള്ള വിക്കിപീഡിയയാണു് രണ്ടാമത്തെ വിക്കിപീഡിയ. തുടർന്നുള്ള മാസങ്ങളിൽ ഫ്രഞ്ച്, ചൈനീസ്, ഡച്ച്, ഹീബ്രു, ഇറ്റാലിയൻ, റഷ്യൻ തുടങ്ങിയ വിവിധ ഭാഷകളിൽ വിക്കിപീഡിയ ആരംഭിച്ചു.

എങ്കിലും ആദ്യത്തെ ഒരു വർഷത്തിൽ ഒരു ഇന്ത്യൻ ഭാഷയിൽ പോലും വിക്കി ആരംഭിക്കാനുള്ള ശ്രമങ്ങളുണ്ടായില്ല. ഈ വഴിക്കുള്ള ആദ്യത്തെ ശ്രമം ഉണ്ടായതു് 2002 ജൂൺ മാസത്തിൽ പഞ്ചാബി, അസ്സാമീസ്, ഒറിയ ഭാഷകളിലുള്ള വിക്കിപീഡിയ ആരംഭിച്ചപ്പോഴാണു്. ഈ മൂന്നു് ഇന്ത്യൻ ഭാഷകൾക്കു് ശേഷം 2002 ഡിസംബർ 21നാണു് മലയാളം വിക്കിപീഡിയ പിറവിയെടുത്തതു്. ക്രമേണ 2003-ഫെബ്രുവരിയിൽ ഭോജ്പൂരി, 2003 മെയിൽ മറാഠി, 2003 ജൂണിൽ കന്നഡ, 2003 ജൂലൈയിൽ ഹിന്ദി, 2003 സെപ്തംബറിൽ തമിഴ്, 2003 ഡിസംബറിൽ തെലുഗ്, ഗുജറാത്തി, 2004 ജനുവരിയിൽ ബംഗാളി എന്നിങ്ങനെ വിവിധ ഇന്ത്യൻ ഭാഷകളിൽ ഉള്ള വിക്കിപീഡിയകൾ ആരംഭിച്ചു. നിലവിൽ 270-തിൽ പരം ലോകഭാഷകളിൽ വിക്കിപീഡിയയുടെ പതിപ്പുകളുണ്ട്‌. മൃതമായിക്കൊണ്ടിരുന്ന പല ഭാഷകളും ലിപികളും വിക്കിപീഡിയയുടെ പ്രവർത്തനങ്ങളിലൂടെ ഇപ്പോൾ പുതുജീവൻ പ്രാപിക്കുന്നു.

ഏറ്റവും വലിയ വിക്കിപീഡിയ ഇംഗ്ലീഷിലാണു് (http://en.wikipedia.org/). ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിലവിൽ (2010 ഏപ്രിൽ) 32 ലക്ഷത്തിൽപ്പരം ലേഖനങ്ങളുണ്ടു്. മലയാളം വിക്കിപീഡിയ (http://ml.wikipedia.org) വികസിച്ചുവരുന്നതേയുള്ളൂ. നിലവിൽ 86,360 ലേഖനങ്ങളാണു് മലയാളം വിക്കിപീഡിയയിലുള്ളതു്.

ഇതൊരു സർക്കാർ പദ്ധതി ആണോ? ഇതിൽ‌ സർക്കാറിന്റെ പങ്കെന്താണ്?

വിക്കിപീഡിയ ഒരു സർക്കാർ പദ്ധതിയോ വിക്കിമീഡിയ ഫൌണ്ടേഷൻ ഒരു സർക്കാർ സ്ഥാപനമോ അല്ല. അതിൽ ഒരു രാജ്യത്തെ സർക്കാരുകൾക്കും യാതൊരു പങ്കുമില്ല. വിക്കിമീഡിയ ഫൌണ്ടേഷൻ എന്ന ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിന്റെ കീഴിലാണു് വിക്കിപീഡിയ പ്രവർത്തിക്കുന്നതു്. വിക്കിമീഡിയ ഫൌണ്ടേഷന്റെ കീഴിലുള്ള എല്ലാ വിക്കികളുടേയും പ്രവർത്തനച്ചെലവിനുള്ള പണം വിക്കി ഉപയോഗിക്കുന്ന സാധാരണക്കാർ നൽകുന്ന എളിയ സംഭാവനകളിൽ നിന്നാണു് കണ്ടെത്തുന്നതു്. ഈ അടുത്ത കാലത്തായി വിക്കിമീഡിയ ഫൗണ്ടേഷന്റെ വിക്കി സംരംഭങ്ങളുടെ പ്രവർത്തനത്തിൽ ആകൃഷ്ടരായി പല സർക്കാറുകളും കോർപ്പറേറ്റു് കമ്പനികളും വിവിധ രീതിയിൽ സഹായങ്ങൾ ചെയ്യുന്നുണ്ടു്.

വിക്കിപീഡിയയിൽ ലേഖനം എഴുതുന്നതിനു് എഴുതേണ്ട വിഷയത്തിൽ നല്ല അറിവു് വേണ്ടേ?

വിക്കിപീഡിയയിൽ നിന്നു് ആളുകളെ അകറ്റി നിർത്തുന്ന ഒരു പ്രധാന തെറ്റിദ്ധാരണയാണു് ഇതു്. വിക്കിപീഡിയയിൽ ലേഖനം എഴുതുവാൻ നിങ്ങൾക്കു് ഒരു വിഷയത്തിലും അഗാധപാണ്ഡിത്യം ഉണ്ടാവേണ്ടതില്ല. വിക്കിപീഡിയയിലെ ഒരു ലേഖനവും ഒരാൾ മാത്രമായി എഴുതിതീർത്തതുമല്ല. പല മേഖലയിലുള്ളവർ, പലരാജ്യങ്ങളിൽ താമസിക്കുന്നവർ, ഇന്റർനെറ്റ് എന്ന മാധ്യമത്തിലൂടെ കൂട്ടായി എഴുതിത്തീർത്തവയാണു് മലയാളം വിക്കിപീഡിയയിലെ ഓരോ ലേഖനവും. ഒരു ഉദാഹരണം വഴി ഇതു് വ്യക്തമാക്കാം.

തിരുവനന്തപുരത്തെ ഒരു സ്കൂൾ വിദ്യാർത്ഥി ഇലക്ട്രിക് ബൾബ് എന്ന ഒരു ലേഖനം വിക്കിപീഡിയയിൽ എഴുതുവാൻ തുടങ്ങുന്നു എന്നു സങ്കല്പിക്കൂ. അവന്റെ അറിവിന്റെ പരിധിയിൽനിന്നുകൊണ്ടു് ഇലക്ട്രിക് ബൾബ് എന്താണു് ചെയ്യുന്നതെന്നതിന്റെ ഒരു അടിസ്ഥാന വിവരണം മാത്രം ഒരു ഖണ്ഡികയിൽ എഴുതുകയാണു് അവൻ ചെയ്യുക. കുറേ ദിവസം കഴിഞ്ഞു് മദ്രാസിൽ നിന്നും ഒരു എഞ്ചിനീയറിംഗ് വിദ്യാർത്ഥി ആ ലേഖനം അല്പം കൂടി വിപുലപ്പെടുത്തി ബൾബിന്റെ പ്രവർത്തന തത്വങ്ങളും, അതിന്റെ രേഖാചിത്രങ്ങളും അതേ ലേഖനത്തിൽ കൂട്ടിച്ചേർക്കുന്നു. തുടർന്നു് അമേരിക്കയിൽ ജോലി ചെയ്യുന്ന മലയാളിയായ ഒരു ഇലക്ട്രിക്കൽ എഞ്ചിനീയർ ഈ ലേഖനം കാണാനിടയാവുകയും, പലവിധ ബൾബുകളെ കുറിച്ചു് കുറച്ചു് കൂടി ആധികാരികമായതും, സാങ്കേതിക വിജ്ഞാനം പകരുന്നതുമായ മറ്റുകാര്യങ്ങൾകൂടി ആ ലേഖനത്തിൽ ചേർക്കുന്നു എന്നും വിചാരിക്കുക. ഇങ്ങനെ അവസാനം ഇലക്ട്രിക് ബൾബിനെപ്പറ്റിയുള്ള ആ ലേഖനം വിജ്ഞാനപ്രദമായ ഒരു നല്ല ലേഖനമായി മാറുന്നു. പലതുള്ളി പെരുവെള്ളം! ഇതുതന്നെയാണു് വിക്കിപീഡിയയിലേ ഓരോ ലേഖനത്തിനു പിന്നിലും ഉള്ള തത്വം. ഇതിൽ ഭാഗഭാക്കാവാൻ നിങ്ങൾക്കും സാധിക്കും എന്നു് മനസ്സിലായില്ലേ. പുതിയ ലേഖനങ്ങൾ തുടങ്ങിയും നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും നിങ്ങൾക്കു് ഈ സംരംഭത്തിന്റെ ഭാഗമാകാം.

ഞാൻ എന്തിനു് വിക്കിപീഡിയയിൽ ലേഖനം എഴുതണം? വിക്കിപീഡിയയിൽ ലേഖനം എഴുതിയാൽ എനിക്കെന്താ പ്രയോജനം?

നമുക്കോരോരുത്തർക്കും ഇന്നു് ലഭിച്ചിരിക്കുന്ന അല്ലെങ്കിൽ ലഭിച്ചു് കൊണ്ടിരിക്കുന്ന അറിവു്, പലരിൽനിന്നു്, പലസ്ഥലങ്ങളിൽ നിന്നു്, പലപ്പോഴായി പകർന്നു് കിട്ടിയിട്ടുള്ളതാണു്. അതു് മറ്റുള്ളവർക്കു് കൂടി പ്രയോജനമാകുന്ന രീതിയിൽ പകർന്നു് നൽകാൻ, സൂക്ഷിച്ചുവയ്ക്കുവാൻ ഒരു സാമൂഹിക വ്യവസ്ഥിതിയിൽ നമുക്കോരോരുത്തർക്കും കടമയുണ്ടു്. രേഖപ്പെടുത്താത്തതു് മൂലം നഷ്ടമായിപ്പോയ നിരവധി അറിവുകളുണ്ടു്. നമുക്കു് ലഭിച്ച അറിവുകൾ വിക്കിപീഡിയയിൽ കൂടിയും മറ്റു് വിക്കി സംരംഭങ്ങളിൽ കൂടിയും പങ്കു് വെക്കുന്നതിലൂടെ നമ്മൾ നമ്മുടെ ഭാവി തലമുറയ്ക്കായി ഒരു സേവനം ആണു് ചെയ്യുന്നതു്.

സൗജന്യമായി വിജ്ഞാനം പകർന്നു് നൽകുന്നതിലൂടെ ലഭിക്കുന്ന ആത്മസംതൃപ്തിയാണു് വിക്കിയന്മാർക്കു് ഇത്തരം പൊതുസേവനത്തിലൂടെ ലഭിക്കുക. അതോടൊപ്പം അറിവു് പങ്കു് വെക്കുന്നതിലൂടെ അതു് വർദ്ധിക്കുന്നു എന്ന പഴഞ്ചൊല്ല് നിത്യജീവിതത്തിൽ പ്രാവർത്തികമാകുന്നതും കാണാനാകും. ഓർക്കുക, ഇതുപോലെ പല സുമനസ്സുകൾ വിചാരിച്ചതിന്റെ ഫലമാണു് നാമിന്നു് ആർജ്ജിച്ചിരിക്കുന്ന അറിവുകളൊക്കെയും.

വിക്കിപീഡിയപോലുള്ള സംരംഭങ്ങളിൽ ലേഖനം എഴുതുന്നതിലൂടെ നമ്മുടെ അറിവു് വർദ്ധിക്കുകയും ആ അറിവു് വിക്കിപീഡിയ്ക്കു പുറത്തുള്ളവരേക്കാൾ ഏറ്റവും പുതുതായി ഇരിക്കുകയും ചെയ്യുന്ന പ്രതിഭാസമാണു് വിക്കിസംരംഭങ്ങളിൽ പ്രവർത്തിക്കുന്നതിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ നേട്ടം എന്നു പരിചയസമ്പന്നരായ വിക്കിപീഡിയർ എല്ലാം തന്നെ സമ്മതിക്കുന്നുണ്ടു്. കാരണം സ്വന്തമായി ലേഖനം എഴുതുമ്പോൾ അതിൽ എഴുതുന്ന കാര്യങ്ങളുടെ ആധികാരികത ഉറപ്പാക്കാനായി പ്രസ്തുത വിഷയം സ്വയം പഠിക്കും. അതോടൊപ്പം നിരവധി വിക്കിപീഡിയരുമായി സംവദിക്കുമ്പോൾ ആർജ്ജിക്കുന്ന അറിവു് വേറെയും.

വിക്കിപീഡിയയിൽ ലേഖനം എഴുതിയാൽ എനിക്കെന്തെങ്കിലും സാമ്പത്തിക ലാഭം കിട്ടുമോ?

വിക്കിപീഡിയയിൽ പ്രവർത്തിക്കുന്നതു് വഴി താങ്കൾക്കു് യാതൊരുവിധ സാമ്പത്തികലാഭവും കിട്ടില്ല. വിജ്ഞാനം പകരുക വഴി വർദ്ധിക്കുന്നു എന്ന പഴഞ്ചൊല്ല് പ്രാവർത്തികമാക്കുകയാണു് വിക്കിപീഡിയയിലൂടെ താങ്കൾക്കു് ചെയ്യാനാകുന്നതു്. വിദ്യ കൊടുക്കും തോറും ഏറീടും എന്നാണല്ലോ. താങ്കൾ നേടിയ വിജ്ഞാനം പങ്കുവെക്കാതിരിക്കുന്നതു് വഴി അതു് നഷ്ടപ്പെടുത്തുകയും ഉള്ള അറിവിനെ മുരടിപ്പിച്ചു് കളയുകയുമാണു് താങ്കൾ ചെയ്യുന്നതു്.

മലയാളം വിക്കിപീഡിയയുടെ പിറവിയും വളർച്ചയും എങ്ങനെയായിരുന്നു? അതിന്റെ ചരിത്രം ചുരുക്കത്തിൽ വിശദീകരിക്കാമോ?

ആരംഭകാലത്ത് മലയാളം വിക്കിപീഡിയയിൽ പങ്കെടുത്തിരുന്ന അംഗങ്ങളെല്ലാം വിദേശമലയാളികളായിരുന്നു. തൊഴിലിനോ വിദ്യാഭ്യാസത്തിനോ വേണ്ടി അന്യദേശങ്ങളിൽ ചെന്നു കൂടിയിരുന്ന അഭ്യസ്തവിദ്യരായിരുന്ന പ്രവാസിമലയാളികളാണു് എക്കാലത്തും ഭാഷയ്ക്കും സമൂഹത്തിനും മുതൽക്കൂട്ടാകാവുന്ന ഒരു വിശ്വവിജ്ഞാനകോശമെന്ന നിലയിൽ മലയാളം വിക്കിപീഡിയയെ ആദ്യമായി പരിചയപ്പെടുന്നതു്.

മുഖ്യവിക്കിപീഡിയയിൽനിന്നും വേറിട്ട് ml.wikipedia.org എന്ന സ്വതന്ത്രമായ നാമരൂപം മലയാളം വിക്കിപീഡിയക്കു് ലഭ്യമായതു് 2002 ഫെബ്രുവരിയിലാണു്. ഇപ്പോൾ കണ്ടെടുക്കാവുന്ന രേഖകൾ അനുസരിച്ച്, 2002 ഡിസംബർ 21-നു് അമേരിക്കൻ സർവ്വകലാശാലയിൽ ഗവേഷണ വിദ്യാർത്ഥിയായിരുന്ന തിരുവനന്തപുരം സ്വദേശിയായ വിനോദ് എം. പി യാണ് 2002 ഡിസംബർ 21നു് മലയാളം വിക്കിപീഡിയയിൽ (http://ml.wikipedia.org/) അംഗത്വമെടുത്ത് ആദ്യമായി ലേഖനങ്ങൾ നിർമ്മിച്ചുതുടങ്ങിയ മലയാളി. ആദ്യത്തെ രണ്ടു് വർഷത്തോളം ഏറെക്കുറെ അദ്ദേഹം മാത്രമായിരുന്നു മലയാളം വിക്കിപീഡിയയിൽ സ്ഥിരനാമത്തിൽ പങ്കെടുത്തു കൊണ്ടിരുന്നതു്.

ഉപയോക്താക്കളുടെ അഭാവം മൂലം ആദ്യത്തെ രണ്ടുമൂന്നുവർഷങ്ങളിൽ മലയാളം വിക്കിപീഡിയയുടെ വളർച്ച വളരെ മന്ദഗതിയിലായിരുന്നു. മറ്റെല്ലാ വിക്കികളിലേയുംപോലെ മലയാളത്തിലും വിരലിലെണ്ണാവുന്ന ചെറുലേഖനങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2004 ജൂലായ് മാസം വരെ മലയാളം വിക്കിപീഡിയയിൽ രെജിസ്റ്റർ ചെയ്ത ആകെ ഉപയോക്താക്കളുടെ എണ്ണം (അന്താരാഷ്ട്രവിക്കിസംരംഭങ്ങളിൽ പ്രവർത്തിച്ചിരുന്ന മലയാളികളല്ലാത്ത ആളുകളുൾപ്പെടെ ) വെറും 28 ആയിരുന്നു. പേരു രെജിസ്റ്റർ ചെയ്തിരുന്നെങ്കിലും ഇവരിൽത്തന്നെ പലരും ലേഖനങ്ങൾ എഴുതുകയോ തിരുത്തുകയോ ചെയ്തിരുന്നില്ല. നൂറോളം ലേഖനങ്ങളാണു് ആ വർഷം കഴിയുമ്പോൾ മലയാളം വിക്കിപീഡിയയിൽ ആകെ എഴുതപ്പെട്ടിരുന്നതു്.

മലയാളം പോലുള്ള ഭാഷകൾക്കു് കമ്പ്യൂട്ടറിൽ എഴുതാനും വായിക്കാനുമുപയോഗിക്കുന്ന ലിപിവ്യവസ്ഥകളിൽ അക്കാലം വരെ പൊതുവായ ഒരു മാനദണ്ഡമുണ്ടായിരുന്നില്ല. അത്തരം ഭാഷകളിൽ എഴുതുന്ന ലേഖനങ്ങൾ വായിക്കണമെങ്കിൽ പ്രസ്തുത ലേഖനമെഴുതിയ ആൾ ഉപയോഗിച്ച അതേ ഫോണ്ടും കമ്പ്യൂട്ടർ ലിപിവ്യവസ്ഥയും തന്നെ വായനക്കാരനും ഉപയോഗിക്കണം എന്ന സ്ഥിതി ആയിരുന്നു. എന്നാൽ യൂണിക്കോഡ് എന്നറിയപ്പെടുന്ന കമ്പ്യൂട്ടർ ലിപിവ്യവസ്ഥ വന്നതോടുകൂടി ഈ സ്ഥിതി മാറി. കമ്പ്യൂട്ടർ നമ്മുടെ ഭാഷയ്ക്കും വഴങ്ങും എന്നായി.

എല്ലാഭാഷയ്ക്കും തനതായ ലിപിസ്ഥാനങ്ങൾ നിശ്ചയിച്ചുകൊണ്ടു് അന്താരാഷ്ട്രതലത്തിൽ നിലവിൽ വന്നിട്ടുള്ള സംവിധാനമാണു് യൂണികോഡ്. വിക്കിപീഡിയയിലെ ലേഖനങ്ങൾ യുണികോഡ് രീതിയിൽ ആണു സജ്ജമാക്കിയിട്ടുള്ളതു്. പക്ഷേ മലയാളത്തിൽ ഉപയോഗിക്കാൻ തക്ക പൂർണ്ണസജ്ജമായ ഒരു യൂണീക്കോഡ് ലിപിയോ അതെഴുതിച്ചേർക്കാൻ തക്കതായ ഒരു എഴുത്തുരീതിയോ (typing tool) തയ്യാറായിരുന്നില്ല. അഥവാ ലഭ്യമായിരുന്ന തൂലിക എന്ന യുണികോഡ് ലിപിയ്ക്കും ധാരാളം പോരായ്മകൾ ഉണ്ടായിരുന്നു. ഇതിനെല്ലാം പുറമേ ഓപ്പറേറ്റിങ്ങ് സിസ്റ്റം യുണികോഡ് സജ്ജമല്ലാത്ത കമ്പ്യൂട്ടറുകൾ ആ സമയത്തും ധാരാളം പ്രചാരത്തിലുണ്ടായിരുന്നു. ഇത്തരം പ്രതിബന്ധങ്ങൾ മൂലം വിക്കിപീഡിയ പോലുള്ള ഒരു പദ്ധതിയുടെ പ്രാധാന്യം കണ്ടറിഞ്ഞെത്തുന്ന ഒരു സന്നദ്ധസുഹൃത്തിനുപോലും അതിനുവേണ്ടി ക്രിയാത്മകമായി ഒന്നും ചെയ്യാനാവാതെ നിസ്സഹായമായി മാറിനിൽക്കേണ്ടി വന്നു.

കെവിൻ-സിജി ദമ്പതികൾ രൂപകല്പന ചെയ്തു് അവതരിപ്പിച്ച അഞ്ജലി ഓൾഡ്ലിപി എന്ന മലയാളം യുണികോഡ് ലിപിസഞ്ചയവും അതോടൊപ്പം ‘മൊഴി‘ എന്നറിയപ്പെടുന്ന ഇംഗ്ലീഷ്-മലയാളം ലിപ്യന്തരരീതിയും ഇന്റർനെറ്റിൽ പ്രചരിച്ചതോടെ സാധാരണ ഉപയോക്താക്കൾക്കു് കമ്പ്യൂട്ടറിലെ മലയാളം ഉപയോഗം സുഗമമായിത്തുടങ്ങി. യൂണീക്കോഡ് മലയാളം ഉപയോഗിച്ചു് ഗൾഫ് നാടുകളിലും, അമേരിക്കൻ ഐക്യനാടുകളിലും, മറ്റു് മറുനാടുകളിലും ഉള്ള അനേക മലയാളികൾ മലയാളത്തിൽ ബ്ലോഗു് ചെയ്യുവാൻ തുടങ്ങി. മുഖ്യമായും ബ്ലോഗിങ്ങിലൂടെ മലയാളം ടൈപ്പിങ് അനായാസം പഠിച്ചെടുത്ത ഇവരിൽ പലരുടേയും ശ്രദ്ധ ക്രമേണ വിജ്ഞാനസംഭരണസംരംഭമായ വിക്കിപീഡിയയിലേക്കു് തിരിഞ്ഞു. എഴുത്തുമലയാളം യൂണിക്കോഡ് സാർവത്രികമായി ഉപയോഗിക്കുവാൻ തുടങ്ങിയതോടെ മലയാളം വിക്കിപീഡിയയും സജീവമായി. 2005 മദ്ധ്യത്തോടെ ധാരാളം പുതിയ അംഗങ്ങളെത്തി. മലയാളം വിക്കിപീഡിയയുടെ മുഖ്യതാൾ അണിയിച്ചൊരുക്കപ്പെട്ടു. ലേഖനങ്ങൾ വിഷയാനുസൃതമായി ക്രമീകരിച്ചു തുടങ്ങി. 2005 സെപ്റ്റംബറിൽ മലയാളം വിക്കിപീഡിയയ്ക്കു് ആദ്യത്തെ സിസോപ്പിനെ ലഭിച്ചു. ഇതോടെ സാങ്കേതിക കാര്യങ്ങളിൽ മെറ്റാവിക്കിയിലെ പ്രവർത്തകരെ ആശ്രയിക്കാതെ മലയാളം വിക്കിപീഡിയക്കു് നിലനിൽക്കാം എന്ന സ്ഥിതിയായി. തുടർന്നുള്ള മാസങ്ങളിൽ അംഗങ്ങൾ വിക്കിപീഡിയയെക്കുറിച്ച് ഇന്റർനെറ്റ് വഴിയും അല്ലാതെയും സ്വന്തം നിലയിൽ പ്രചരണം തുടങ്ങി. വിക്കിപീഡിയയിൽ എഴുതുന്നതിനെ സഹായിക്കാനും ലേഖനങ്ങൾ സമ്പുഷ്ടമാക്കാനും മാത്രം ലക്ഷ്യമാക്കി ബ്ലോഗുകളും ഈ-ഗ്രൂപ്പുകളും ഉണ്ടായി.

2006 അവസാനിക്കുമ്പോഴേക്കും ലേഖനങ്ങളുടെ എണ്ണവും ഉള്ളടക്കത്തിന്റെ വൈവിധ്യവും മെച്ചപ്പെട്ടു. 2006 ഏപ്രിൽ 10നു് മലയാളം വിക്കിപീഡിയയിൽ 500-മത്തെ ലേഖനം പിറന്നു. ലേഖനങ്ങളുടെ എണ്ണം അതേവർഷം സെപ്റ്റംബറിൽ 1000 തികഞ്ഞു. കേരളത്തിലും ഭാരതത്തിലും വസിച്ചിരുന്ന ഒട്ടനവധി ആളുകൾ കൂടി ഈ സംരംഭത്തിൽ ഭാഗഭാക്കുകളാവാൻ തുടങ്ങി. ലിപ്യന്തരണരീതിക്കുപുറമേ അവരിൽ പലരും രചന യുണികോഡ് ലിപിയും , ഇൻസ്ക്രിപ്റ്റ് രീതിയും ഉപയോഗിച്ചും കമ്പ്യൂട്ടറിൽ മലയാളം സന്നിവേശിപ്പിക്കുന്നതു് പഠിച്ചെടുത്തു. തുടർന്നുള്ള ഏതാനും മാസങ്ങളിൽ വിക്ഷണറി, വിക്കിഗ്രന്ഥശാല, വിക്കിചൊല്ലുകൾ തുടങ്ങിയ സഹോദരസംരംഭങ്ങൾ കൂടി പുഷ്ടി പ്രാപിക്കാൻ തുടങ്ങി.

2007 ഡിസംബർ 12-നു് 5000 വും, 2009 ജൂൺ 1-നു് 10,000-വും ലേഖനങ്ങളാണു് മലയാളം വിക്കിപീഡിയയിൽ എഴുതപ്പെട്ടിരുന്നതു്. നിലവിൽ (2011 ജനുവരിയിൽ) 16,000 ത്തിൽ പരം ലേഖനങ്ങളുണ്ടു്. ഇംഗ്ലീഷ് വിക്കിപീഡിയയിലെ ലേഖനങ്ങളുടെ (2011 ജനുവരിയിൽ എകദേശം 3,520,0000) അര ശതമാനം പോലും ആവില്ല ഈ സംഖ്യ . എങ്കിൽ‌ പോലും നമ്മുടെ ഭാഷയിൽ ഇന്നേവരെ പ്രസിദ്ധീകരിച്ചിട്ടുള്ള ഏറ്റവും ബൃഹത്തായ പുസ്തകങ്ങളിലൊന്നായി മലയാളം വിക്കിപീഡിയ മാറിക്കഴിഞ്ഞു. ലേഖനങ്ങളുടേ മേന്മയിലും ഉൾക്കാമ്പിലും വിശ്വാസ്യതയിലും നമ്മുടെ വിക്കിപീഡിയ മറ്റു ഭാരതീയഭാഷകളിലുള്ളതിനേക്കാൾ വളരെയധികം മികച്ചുനിൽക്കുന്നു.

ഇന്റർനെറ്റു് ബന്ധമില്ലാതെ തന്നെ ഓഫ്‌ലൈൻ ആയി വായിക്കാവുന്ന വിധത്തിൽ സി.ഡി. രൂപത്തിൽ മലയാളം വിക്കിപ്രവർത്തകർ തയ്യാറാക്കിയെടുത്ത തെരഞ്ഞെടുത്ത വിക്കിലേഖനങ്ങളുടെ സമാഹാരം വിക്കിപീഡിയയിൽ ലോകത്തിലെത്തന്നെ ഇദം‌പ്രഥമമായ ഒരു പരീക്ഷണമായിരുന്നു. 2010ൽ പോളണ്ടിൽ നടന്ന അഖിലലോക വിക്കിപീഡിയ സമ്മേളനത്തിൽ (വിക്കിമാനിയ 2010) മലയാളം വിക്കിപീഡിയയുടെ ഈ നേട്ടം പ്രത്യേകം പരാമർശിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയുമുണ്ടായി.

മലയാളം വിക്കിപീഡിയയിൽ ഇനിയും ഏറെ ജനപങ്കാളിത്തം എത്തിച്ചേരേണ്ടതുണ്ടു്. കൂടുതൽ ജനങ്ങൾക്കു് കമ്പ്യൂട്ടറും ഇന്റർനെറ്റും പ്രാപ്യമായിക്കൊണ്ടിരിക്കുന്നതും സർക്കാരും മാദ്ധ്യമങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും അതുപോലുള്ള മറ്റു പ്രസ്ഥാനങ്ങളും കൂടുതൽ സഹകരിക്കാൻ സന്നദ്ധരാവുന്നതും ഈ മഹാഗ്രന്ഥത്തിന്റെ ശോഭനമായ ഭാവിയിലേക്കാണു് വിരൽ ചൂണ്ടുന്നതു്. ഏതാനും വർഷങ്ങൾക്കുള്ളിൽ നമ്മുടെ സമൂഹത്തിലെ ഏറ്റവും സമ്പുഷ്ടവും ആധികാരികവുമായ വിജ്ഞാനനിധിയായി വിക്കിപീഡിയയും അതോടൊപ്പമുള്ള മറ്റുവിക്കിശേഖരങ്ങളും പരിണമിക്കും. വീട്ടിലും വിദ്യാലയത്തിലും ഒഴിച്ചുകൂടാനാവാത്ത ഒരുപകരണമായിത്തീരും വിക്കിപീഡിയ.

ആരാണു് മലയാളം വിക്കിപീഡിയയിൽ ലേഖനം എഴുതുന്നതു്?

അറിവു് പങ്കുവെയ്ക്കാൻ താല്പര്യവും, മലയാള ഭാഷയോടു് സ്നേഹവുമുള്ള താങ്കളെ പോലുള്ള സാധാരണ ഉപയോക്താക്കളാണു് മലയാളം വിക്കിപീഡിയയിലെ ലേഖനങ്ങൾ എഴുതുന്നതു്. അതിൽ സ്കൂൾ വിദ്യാർത്ഥികളുണ്ടു്, കർഷകരുണ്ടു്, വീട്ടമ്മമാരുണ്ടു്, വിമുക്തഭടന്മാരുണ്ടു്, ഐടി മേഖലകളിൽ പ്രവർത്തിക്കുന്നവരുണ്ടു്, സർക്കാർ ജീവനക്കാരുണ്ടു്, അങ്ങനെ സമൂഹത്തിന്റെ നാനാതുറയിലുള്ള സുമനസ്സുകൾ മലയാളം വിക്കിപീഡിയയിലൂടെ തങ്ങൾക്കുള്ള അറിവു് പങ്കു് വെച്ചു് തങ്ങളുടെ അറിവിന്റെ ചക്രവാളത്തെ വികസിപ്പിക്കുകയും അതോടൊപ്പം മലയാളിയുടെ ഭാവിതലമുറയ്ക്കായി വലിയ സേവനവും ചെയ്യുന്നു.

മറ്റു് ഇന്ത്യൻ ഭാഷാ വിക്കിപീഡിയകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം വിക്കിപീഡിയയുടെ പ്രത്യേകതകൾ എന്തൊക്കെയാണു്?

മലയാളികൾ എന്ന നിലയിൽ നമുക്കഭിമാനിക്കാവുന്ന നിരവധി പ്രത്യേകതകൾ മലയാളം വിക്കിപീഡിയയ്ക്കുണ്ടു്. പ്രസിദ്ധീകൃത ലേഖനങ്ങളുടെ ആഴത്തിന്റെ (Depth) കാര്യത്തിൽ ലോകത്തുള്ള എല്ലാ സജീവ വിക്കിപീഡിയകളുടേയും വിവിധ ഭാഷാപതിപ്പുകളിൽ മലയാളം വിക്കിപീഡിയയുടെ സ്ഥാനം രണ്ടാമതാണു്‌. അതായതു് ഇംഗ്ലീഷു് മാത്രമാണു് മലയാളത്തിനു് മുൻപിലുള്ളതു്. ആഴത്തിന്റെ കാര്യത്തിൽ ഇംഗ്ലീഷിനു് 500 പോയിന്റും മലയാളത്തിനു് 300 പോയിന്റും ആണു് ഇപ്പോൾ (2010 ഏപ്രിൽ) ഉള്ളതു്.

മലയാളത്തേക്കാൾ ലേഖനങ്ങളുള്ള തെലുങ്കിന്‌ 7-ഉം ഹിന്ദിക്ക്‌ 18-ഉം ബംഗാളിക്ക്‌ 88-ഉം തമിഴിനു് 27-ഉം പോയിന്റുകൾ മാത്രമാണു് ഉള്ളതു് എന്നു് കൂടി അറിയുക. ഓരോ ഭാഷയിലേയും ലേഖനങ്ങളുടെ ആഴം തീരുമാനിക്കുന്നതു്‌ വിക്കിയുടെ ഗുണമേന്മാ മാനകം അടിസ്ഥാനമാക്കിയാണ്‌. ആഴം (Depth) = [(Edits/Articles) x (Non-Articles/Articles) x (Stub-ratio)] എന്ന സമവാക്യം ഉപയോഗിച്ചാണു് ഇതു് കണക്കാക്കുക. അതായത്‌ ലേഖനങ്ങൾക്കുമേൽ നടന്ന തിരുത്തലുകളുടെ എണ്ണത്തെയും അംഗങ്ങളുടെ താൾ, സംവാദ താൾ, പദ്ധതി താൾ, ചിത്രങ്ങൾ, വർഗ്ഗങ്ങൾ, ഫലകങ്ങൾ തുടങ്ങിയ ലേഖനങ്ങളല്ലാത്ത വിക്കി താളുകളുടെ എണ്ണത്തെയും, ലേഖനങ്ങളുടെ എണ്ണമുപയോഗിച്ച്‌ വെവ്വേറെ ഹരിച്ചുകിട്ടുന്ന സംഖ്യകളെ സ്റ്റബ്‌ അനുപാതവുമായി ഗുണിച്ച്‌ ലഭിക്കുന്ന സംഖ്യയാണ്‌ ആഴം (Depth). ഇത്‌ അക്കാദമിക് ഗുണമേന്മയായി പരിഗണിച്ചുകൊള്ളണമെന്നില്ല. എന്നാൽ വിക്കി മാനകമനുസരിച്ചുള്ള നിലവാരം ലേഖനങ്ങൾക്കുണ്ടാകും.

മറ്റു് ഇന്ത്യൻ ഭാഷകളിലുള്ള വിക്കിപീഡിയകളുമായി താരതമ്യം ചെയ്യുമ്പോൾ മലയാളം വിക്കിപീഡിയയുടെ മറ്റു് ചില പ്രത്യേകതകൾ താഴെ പറയുന്നവയാണു്.

  • ഏറ്റവും അധികം തിരുത്തലുകൾ നടന്ന ഇന്ത്യൻ ഭാഷാ വിക്കിപീഡിയ (6 ലക്ഷത്തിലധികം)
  • ഒരു ലേഖനത്തിനു് ഏറ്റവുമധികം പതിപ്പുകളുള്ള ഇന്ത്യൻ ഭാഷാ വിക്കിപീഡിയ ( അധികം)
  • നൂറ്‌ ബൈറ്റ്സിനു് മേൽ വലിപ്പമുള്ള ഏറ്റവും കൂടുതൽ ലേഖനങ്ങളുള്ള ഇന്ത്യൻ ഭാഷാ വിക്കിപീഡിയ
  • ഏറ്റവും അധികം സജീവ ഉപയോക്താക്കൾ ഉള്ള ഇന്ത്യൻ ഭാഷാ വിക്കിപീഡിയ
  • ഏറ്റവും അധികം ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യപ്പെട്ട ഇന്ത്യൻ ഭാഷാ വിക്കിപീഡിയ

അങ്ങനെ നിരവധി ഗുണനിലവാര മാനകങ്ങളിൽ മലയാളം വിക്കിപീഡിയ മറ്റു് ഇന്ത്യൻ ഭാഷാവിക്കിപീഡിയകളേക്കാൾ വളരെ മുൻപിലാണു്. ലേഖനങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിലാണു് മറ്റു് ചില ഇന്ത്യൻ ഭാഷാവിക്കിപീഡിയകളുമായി താരതമ്യം ചെയ്യുമ്പോൾ നമ്മൾ പിന്നിൽ. അതു് പക്ഷെ ധാരാളം പുതിയ ഉപയോക്താക്കൾ മലയാളം വിക്കിപീഡിയയിൽ എത്തി, നിരവധി പുതിയ വിഷയങ്ങളിൽ ലേഖനങ്ങൾ തുടങ്ങുമ്പോൾ തീരുന്ന പ്രശ്നമേ ഉള്ളൂ.

എനിക്കു് മലയാളം വിക്കിപീഡിയയിൽ എഴുതണമെന്നുണ്ടു്. പക്ഷേ മലയാളം ടൈപ്പിംഗ് അറിയില്ല. ഞാനെന്തു് ചെയ്യും?

മലയാളം ടൈപ്പ് ചെയ്യാൻ ധാരാളം മാർഗ്ഗങ്ങളുണ്ടു്. ബാഹ്യ ഉപകരണങ്ങളുടെ സഹായമില്ലാതെ മലയാളം എഴുതുവാനുള്ള ഒരു സംവിധാനം മലയാളം വിക്കിപീഡിയയിൽ ഒരുക്കിയിട്ടുണ്ടു്. ഇതു് കൂടാതെ, മലയാളം ടൈപ്പ് ചെയ്യാൻ മറ്റു് ബാഹ്യ ഉപകരണങ്ങളുടെ സഹായം താങ്കൾക്കു് തേടാവുന്നതാണു്. കൂടുതൽ വിവരങ്ങൾക്കു് മലയാളം വിക്കിപീഡിയയിലെ സഹായം:എഡിറ്റിങ്‌ വഴികാട്ടി എന്ന താൾ കാണുക.

എനിക്കു് ഇംഗ്ലീഷ് നന്നായി അറിയാം. ഞാനെന്തിനു് മലയാളം വിക്കിസംരംഭങ്ങളിൽ സംഭാവന ചെയ്യണം?

താങ്കൾക്കു് എത്ര നന്നായി മറ്റു് ഭാഷകൾ അറിയാമെങ്കിലും മലയാളിയല്ലാതാകുന്നില്ലല്ലോ. അതുകൊണ്ടു് തന്നെ സ്വന്തം മാതൃഭാഷയോടു് താങ്കൾക്കു് ഉത്തരവാദിത്വവും ഉണ്ടു്. താങ്കൾക്കു് ഇംഗ്ലീഷിലുള്ള പ്രാവീണ്യം പലയിടങ്ങളിൽ നിന്നു് കൂടുതൽ വിവരങ്ങൾ സമ്പാദിക്കാനും അവ മാതൃഭാഷയിൽ പുനഃപ്രസിദ്ധീകരിക്കാനും വിക്കിപീഡിയ അവസരം നൽകുന്നു. മലയാളം മാത്രമറിയുന്ന ഒരു വ്യക്തിക്കോ, മലയാള ഭാഷയിൽ വൈജ്ഞാനിക വിഷയങ്ങൾ വായിക്കാൻ താല്പര്യമുള്ള മറ്റുള്ളവർക്കും വിജ്ഞാനം പകരുവാൻ കഴിയുന്നതു് താങ്കൾക്കും സന്തോഷകരമല്ലേ! അത്തരം പ്രവർത്തനത്തിൽ പങ്കാളിയാകുമ്പോൾ താങ്കളുടെ സ്വന്തം അറിവും വർദ്ധിക്കുന്നതാണു്. കാരണം അറിവു് പകർന്നു് കൊടുക്കുമ്പോൾ വർദ്ധിക്കുമല്ലോ. അതൊനൊപ്പം താങ്കൾ താങ്കലുടെ മാതൃഭാഷയ്ക്കായി വലിയ സേവനവും ചെയ്യുന്നു.

ഒരു സർവ്വവിജ്ഞാനകോശത്തിന്റെ സ്ഥാനമാണു് മലയാളം വിക്കിപീഡിയയ്ക്കു്. വിജ്ഞാനം സ്വന്തം ഭാഷയിൽ തന്നെ വേണം എന്നതു് ഭാഷയുടെ വളർച്ചയുടെ ആവശ്യമാണു്. ഇതിനൊക്കെ അപ്പുറം കേരളീയർ/മലയാളികൾ എന്ന നിലയിലുള്ള നമ്മുടെ സംസ്കാരത്തിന്റേയും തനിമയുടേയും ഒക്കെ സൂക്ഷിപ്പു് കൂടിയാണു് മലയാളം വിക്കിസംരംഭങ്ങൾ ലക്ഷ്യം വെക്കുന്നതു്.

മലയാളം വിക്കിസംരംഭങ്ങളുടെ പ്രസക്തി എന്തു്?

വിവരങ്ങൾ സ്വതന്ത്രമാക്കുക, അതു് എല്ലാവരുമായി പങ്കുവെക്കുക, എന്നതൊക്കെയാണു് വിക്കിപീഡിയ ഉൾപ്പെടുന്ന വിക്കിമീഡിയാ ഫൌണ്ടേഷൻ വിക്കി സംരംഭങ്ങളുടെ പ്രവർത്തനലക്ഷ്യമെങ്കിൽ, അതോടൊപ്പം, ശുഷ്കമായിക്കൊണ്ടിരിക്കുന്ന നമ്മുടെ ഭാഷയുടെ ജീവൻ നിലനിർത്തുകയും, ഓൺലൈനിൽ മലയാളത്തിന്റെ സാന്നിദ്ധ്യം സജീവമാക്കി നിർത്തുക എന്നതു് കൂടിയാണു് മലയാളം വിക്കി സംരംഭങ്ങളുടെ ലക്ഷ്യം.

നമ്മുടെ സ്കൂളുകളിലെ പഠനസമ്പ്രദായം വിദ്യാർത്ഥികേന്ദ്രീകൃതമാകുന്ന ഇക്കാലത്തു് പാഠപുസ്തകത്തിനപ്പുറമുള്ള വിവരശേഖരണം പ്രധാനമാണല്ലോ. സ്കൂളുകളിൽ വീടുകളിലും ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചുവരുന്നതിനാൽ കുട്ടികൾക്കു് മലയാളം വിക്കിപീഡിയ അടക്കമുള്ള വിവിധ വിക്കിസംരംഭങ്ങൾ പ്രയോജനപ്പെടുത്താനുള്ള അവസരമുണ്ടു്. ചരിത്രം, ഭൂമിശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിൽ മലയാളം വിക്കിപീഡിയയിലുള്ള ലേഖനങ്ങൾ വിജ്ഞാനപ്രദമാണു്. പകർപ്പവകാശമുക്തമായ ധാരാളം കൃതികൾ മലയാളം വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണു്. ഏതൊരു വൈജ്ഞാനിക വിഷയത്തെ കുറിച്ചും സ്വന്തമായി വിക്കിപുസ്തകങ്ങൾ രചിക്കാൻ വിക്കിപാഠശാല അവസരം നൽകുന്നു. ബഹുഭാഷാനിഘണ്ടുവായ വിക്കിനിഘണ്ടുവിലൂടെ വിവിധഭാഷകളിലുള്ള വാക്കുകളുടെ മലയാളത്തിലുള്ള അർത്ഥം അറിയാം. ഈ മലയാളം വിക്കിസംരംഭങ്ങളിൽ കൂടെ അറിവു് നേടുക എന്നതിനൊപ്പം തന്നെ നിങ്ങൾക്കുള്ള അറിവു് മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള അവസരം കൂടി ലഭ്യമാണു്. അതോടൊപ്പം നമ്മുടെ ഭാഷയുടെ നിലനിൽപ്പിനും കെട്ടുപണിക്കുമായി താങ്കളും താങ്കളെ കൊണ്ടാകുന്ന സംഭാവന ചെയ്യുന്നു.

കാര്യങ്ങൾ നേരാംവണ്ണം മനസ്സിലാക്കിയെടുക്കാന് പാകപ്പെട്ടിട്ടുള്ളൊരു സൈക്കിയാണ് കേരളീയ സമൂഹത്തിന്റേത്. സമൂഹത്തിൽ നിലനിന്നിരുന്ന പല അസമത്വങ്ങളും മാറ്റിയെടുക്കാൻ ഈ സൈക്കി, കേരളത്തിനെ സഹായിച്ചിട്ടുണ്ട്. അങ്ങനെ വിപ്ലവങ്ങളുടെ നാടെന്നും കേരളത്തിന് പേരു വീണു.കാര്യങ്ങൾ ഇതൊക്കെയാണെങ്കിലും ഡിജിറ്റൽ ഡിവൈഡ് എന്ന അസമത്വം അവസാനിപ്പിക്കാൻ നമുക്കായിട്ടില്ല. ചെറിയൊരു ന്യൂനപക്ഷം മാത്രമാണ് കേരളത്തിൽ ഐടിയുടെ സാധ്യതകൾ അനുഭവിക്കുന്നത്. മലയാളത്തിന്റെ കാര്യത്തിൽ, ഐടി മേഖലയിൽ പ്രവർത്തിക്കുന്ന ഭാഷാസ്നേഹികൾ ആവുംവിധം ചിലതൊക്കെ ഭാഷയ്ക്ക് വേണ്ടി ചെയ്തിട്ടുണ്ട്. ലിപിമാറ്റ സോഫ്റ്റ്വയറുകളും വിക്കിപീഡിയയുടെ മലയാളം പതിപ്പും ബ്ലോഗുകളും സൈറ്റുകളും ഇവയിൽ ചിലതാണ്.

എഴുതിവയ്ക്കപ്പെടേണ്ടത്‌ ഏതു സംസ്കാരത്തിന്റേയും നിലനിൽപിനെന്നതു പോലെ കേരളസംസ്കാരത്തിനും ആവശ്യമാണ്. എഴുതിവയ്ക്കപ്പെടുക എന്നാൽ വരാനിരിക്കുന്ന അനേകം തലമുറകളിലേയ്ക്ക്‌ സം‌പ്രേക്ഷണം ചെയ്യപ്പെടുക എന്നാണർഥം.സംസ്കാരമെന്നാൽ മറഞ്ഞുപോയ തലമുറകളിൽ നിന്നും പകർന്നു കിട്ടിയതും. ഇത്രയും നമുക്ക്‌ ദാനം കിട്ടിയതാണെങ്കിൽ, ഒരണ്ണാറക്കണാവുന്നിടത്തോളമെങ്കിലും വരാനിക്കുന്നവർക്കുവേണ്ടിയെടുത്തുവയ്ക്കാൻ നമുക്ക്‌ കടമയുണ്ടു്.


എനിക്കു് പ്രധാന താൾ തിരുത്താനാവുന്നില്ല

എന്തുകൊണ്ട്‌ വിക്കിപീഡിയയുടെ പ്രധാന പേജ്‌ എഡിറ്റു ചെയ്യാനാവുന്നില്ല? എല്ലാവർക്കും തോന്നാവുന്ന സംശയം.

തുറന്നു വച്ച പേജുകളായതിനാൽ വിക്കിപീഡിയയുടെ താളുകളിൽ അനാവശ്യ ലിങ്കുകൾ പതിപ്പിക്കുന്ന ധാരാളം പേരുണ്ട്‌. Vandalism എന്നു വിളിക്കുന്ന ഇത്തരം ആക്രമണങ്ങളെ നിയന്ത്രിക്കുന്നതിനാണ്‌ പ്രധാന താളിലെ തിരുത്തലുകൾ നിയന്ത്രിച്ചിരിക്കുന്നത്‌. Vandalism വരുത്തുന്ന ദോഷകരമായ മാറ്റങ്ങളറിയുവാൻ താഴെപ്പറയുന്ന ലിങ്കുകൾ പരിശോധിക്കുക.

സിസോപ്‌ പദവിയുള്ള ഉപയോക്താക്കൾക്കു മാത്രമേ പ്രധാനതാൾ തിരുത്താനാവൂ. വിക്കിപീഡിയയിൽ സ്ഥിരമായി പ്രവർത്തിക്കുന്ന ആർക്കും സിസോപ്പ് ആകാം. വിക്കിപീഡിയയിൽ എങ്ങനെ സിസോപ്പ് ആകാമെന്നറിയാൻ ഈ താൾ‌ സന്ദർശിക്കുക.


വിക്കിപീഡിയയുടെ നിയന്ത്രണാധികാരം ആർക്കാണു്? മലയാളം വിക്കിപീഡിയയ്ക്കു് മറ്റു വിക്കിപീഡിയകളിൽ നിന്നും വേറിട്ട് നിയന്ത്രണാധികാരങ്ങളുണ്ടോ?

പൂർണ്ണമായും ജനാധിപത്യപരമായ നിലപാടുകളിലൂടെയാണു് വിക്കിപീഡിയ എന്ന പ്രസ്ഥാനം വികസിച്ചുവരുന്നതു്. നയപരമായി പ്രാധാന്യമുള്ള എല്ലാ കാര്യങ്ങളും വിക്കിപീഡിയയുടെ സജീവപ്രവർത്തകർ പതിവായി ചർച്ച ചെയ്യുന്നു. ചർച്ചയ്ക്കുശേഷം ആവശ്യമാണെങ്കിൽ വോട്ടു രേഖപ്പെടുത്തിയോ അല്ലെങ്കിൽ സമവായത്തിലൂടെയോ രേഖപ്പെടുത്തുന്ന നയങ്ങൾ തുടർന്നുള്ള പ്രവർത്തനങ്ങൾക്കു് അവലംബമായിത്തീരുന്നു. മാറിവരുന്ന സാഹചര്യങ്ങൾക്കനുസരിച്ച് അത്തരം നയങ്ങൾ പിന്നീടും പുനഃപരിശോധനയ്ക്കു വിധേയമാകാവുന്നതും ഭൂരിപക്ഷാഭിപ്രായം അടിസ്ഥാനമാക്കി തിരുത്തപ്പെടാവുന്നതുമാണു്.

ആത്യന്തികമായി വിക്കിപീഡിയയുടെ എല്ലാ ഭാഷകളിലുമുള്ള എല്ലാ സഹോദരസംരംഭങ്ങളും വിക്കിമീഡിയ ഫൗണ്ടേഷൻ എന്ന ഒരൊറ്റ സംഘടനയുടെ കുടക്കീഴിലാണു് നിലനിൽക്കുന്നതു്. അമേരിക്കയിലെ സാൻഫ്രാൻസിസ്കോ നഗരത്തിൽ രെജിസ്റ്റർ ചെയ്തിട്ടുള്ള ഒരു സന്നദ്ധസംഘടനയാണു് വിക്കിമീഡിയ ഫൗണ്ടേഷൻ. തുടക്കം മുതലേ വിക്കിസംരംഭങ്ങളിൽ പങ്കുചേർന്നു പ്രവർത്തിച്ചിരുന്ന ഒരു പറ്റം സന്നദ്ധാംഗങ്ങൾ, പ്രതിവർഷം വോട്ടിങ്ങിലൂടെ തെരഞ്ഞെടുക്കപ്പെടുന്ന ഭരണസമിതി, വിവിധമേഖലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ഒരു കൂട്ടം വിദഗ്ദ്ധോപദേശകർ, സാങ്കേതികമായും ഭരണപരമായും ചെയ്യേണ്ട നിത്യകൃത്യങ്ങളുടെ ചുമതലയുള്ള, ശമ്പളം വാങ്ങി ജോലിചെയ്യുന്ന ചുരുക്കം ചില ഉദ്യോഗസ്ഥർ എന്നിവർക്കാണു് വിക്കിമീഡിയ ഫൗണ്ടേഷന്റെ ആസ്ഥാനനിയന്ത്രണം.

ഉപസംരംഭങ്ങളുടെ പരമാധികാരം വിക്കിമീഡിയ ഫൗണ്ടേഷനാണെങ്കിലും അതാതു വിക്കിപീഡിയകളിൽ തനതു പ്രവർത്തകർക്കു് നയപരമായി മികച്ച സ്വാതന്ത്ര്യമുണ്ടു്. ദൈനംദിനമുള്ള ഭരണനിർവ്വഹണം, ലേഖനങ്ങളുടെ സ്വഭാവം, തിരുത്തൽ, ഉപയോക്താക്കളുടെ നിയന്ത്രണം തുടങ്ങിയ കാര്യങ്ങളിലൊക്കെ ഇടപെടുന്നതും തീരുമാനമെടുക്കുന്നതും ഇത്തരം പ്രവർത്തകരുടെ ഭൂരിപക്ഷാഭിപ്രായമനുസരിച്ചാണു്. സാങ്കേതികമായി പ്രത്യേകാധികാരങ്ങൾ ആവശ്യമുള്ള ചുമതലകൾ നിർവ്വഹിക്കാൻ ഇവരിൽനിന്നുതന്നെ, ഉപാധികൾക്കുവിധേയമായി, തെരഞ്ഞെടുക്കപ്പെടുന്ന പ്രത്യേക ആളുകൾ 'സിസോപ്പ്', ബ്യൂറോക്രാറ്റ് തുടങ്ങിയ പേരിലറിയപ്പെടുന്നു. ഈ തസ്തികകളെ അധികാരപദവികളായല്ല, പ്രത്യുത, ഉത്തരവാദിത്തങ്ങളായാണു് വിക്കിപീഡിയന്മാർ പൊതുവേ പരിഗണിക്കുന്നതു്.

വിക്കിമീഡിയയുടെ നയങ്ങൾ അനുവർത്തിച്ചുകൊണ്ടു് വിക്കിപീഡിയയിൽ പതിവായും കാര്യക്ഷമമായും പ്രവർത്തിച്ചുപോരുന്ന ഏതൊരാൾക്കും ബ്യൂറോക്രാറ്റ്, സിസോപ്പ് തുടങ്ങിയ ചുമതലകൾ നേടിയെടുക്കാനാവും. അത്യന്തം സ്ഥിരോത്സാഹവും അർപ്പണമനോഭാവവുമുള്ള ഒരാൾ ക്രമേണ വിക്കിമീഡിയ ഫൗണ്ടേഷന്റെ ഉന്നതാധികാരസമിതിയിൽപ്പോലും എത്തിച്ചേരാനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല.


വിക്കിപീഡിയയിൽ എന്തൊക്കെ എഴുതാം‌, എന്തൊക്കെ എഴുതരുതു് എന്നതിനെക്കുറിച്ച്‌ നിബന്ധനകൾ വല്ലതും‌‌ ഉണ്ടോ?

വൈജ്ഞാനിക സ്വഭാവമുള്ള ഏതു് വിഷയത്തെക്കുറിച്ചും വിക്കിപീഡിയയിൽ ലേഖനം എഴുതാമെങ്കിലും ഇക്കാര്യത്തിൽ വിക്കിപീഡിയയിൽ കുറച്ചു് നയങ്ങൾ ഉണ്ടു്. ആ നയങ്ങൾ പാലിച്ചു് കൊണ്ടു് ഏതു് വിഷയത്തെ കുറിച്ചും താങ്കൾക്കു് വിക്കിപീഡിയയിൽ ലേഖനം എഴുതാം. ഏതൊക്കെ വിഷയങ്ങൾ ഒഴിവാക്കണം എന്നറിയാൻ മലയാളം വിക്കിപീഡിയയിലെ വിക്കിപീഡിയ എന്തൊക്കെയല്ല എന്ന മാർഗ്ഗരേഖ കാണുക.

ഞാനെഴുതിത്തുടങ്ങിയ ഒരു ലേഖനം എന്റെ അറിവോ സമ്മതമോ കൂടാതെ മറ്റുപലരും തിരുത്തുന്നു. ഇതെന്തുകൊണ്ടാണ്?

വിക്കിപീഡിയയിലെ ലേഖനങ്ങൾ ആരുടേയും സ്വന്തമല്ല. താങ്കൾ എഴുതിയ ഒരു ലേഖനം മറ്റൊരാൾ തിരുത്തരുതു് എന്നു് നമുക്കൊരിക്കലും നിർബന്ധം പിടിക്കാനും സാധിക്കില്ല / കഴിയില്ല. ഇതു് വിക്കിപീഡിയ - ഒരു സ്വതന്ത്ര വിജ്ഞാനകോശം എന്ന നിർവ്വചനത്തിനു് തന്നെ ചേരുന്നതല്ല. ലേഖനം സ്വതന്ത്രമാണു്. ആർക്കും അതു് തിരുത്താനവകാശമുണ്ടു്. പക്ഷേ, ആധികാരികമല്ലാത്ത അല്ലെങ്കിൽ തെറ്റായ വിവരങ്ങൾ ലേഖനങ്ങളിൽ ചേർക്കുന്നതു് ശരിയല്ല.

വിക്കിപീഡിയയിലെ വസ്തുതാ പരമായ തെറ്റുകളെ പറ്റി ഒരു ലേഖനം പ്രസിദ്ധീകരിക്കാൻ ഉദ്ദേശിക്കുന്നു. ഇതിനെ കുറിച്ചു് വിക്കിപീഡിയർ എന്തു് പറയുന്നു?

വിക്കിപീഡിയയെ പരമ്പരാഗത വിജ്ഞാനസ്രോതസ്സുകൾക്കു് തുല്യമായി കാണുന്നതു കൊണ്ടാണു് താങ്കൾക്കിങ്ങനെയൊരു സംശയമുണ്ടായതു്. താങ്കൾക്കു് പരിചയമുള്ള എല്ലാ മാദ്ധ്യമങ്ങളിൽ നിന്നും വ്യത്യസ്തമാണു് വിക്കിപീഡിയയുടെ കാര്യം. പത്രമാദ്ധ്യമങ്ങളൊ, പുസ്തകങ്ങളൊ, ബ്ലോഗോ, ടി.വി. ചാനലുകളോ എന്തുമാകട്ടെ പ്രസ്തുത മാദ്ധ്യമങ്ങളിൽ വരുന്ന വസ്തുതാ പരമായ തെറ്റുകൾ തിരുത്താനും പറ്റിയ വേദികളിൽ ഉന്നയിക്കാനും അവ തിരുത്താനുമുള്ള അവകാശവും അധികാരവും മിക്കപ്പോഴും താങ്കൾക്കില്ല. എന്നാൽ ആർക്കും തിരുത്താവുന്ന സ്വതന്ത്രവിജ്ഞാനകോശമായ വിക്കിപീഡിയയുടെ കാര്യം അങ്ങിനെയല്ല. വിക്കിപീഡിയ സ്വതന്ത്രവും ആർക്കും തിരുത്താവുന്നതുമാണു്. വസ്തുതാപരമായ തെറ്റു് കണ്ടാൽ അതു് വിക്കിപീഡിയയിൽ വന്നു് നേരിട്ടു് തിരുത്താനുള്ള അധികാരവും അവകാശവും വിക്കിപീഡിയ താങ്കൾക്കു് തരുന്നു.

അതിനാൽ താങ്കൾക്കു് കൂടെ ഉത്തരവാദിത്വവും അധികാരവും അവകാശവുമുള്ള വിക്കിപീഡിയയിൽ നേരിട്ടു് തിരുത്താൻ അവസരമുള്ളപ്പോൾ അതിലെ തെറ്റുകളെപ്പറ്റി ലേഖനം എഴുതാൻ നിൽക്കുന്നതു് അപഹാസ്യമല്ലേ. മാത്രമല്ല ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടവും അല്ലേ.

താങ്കൾ വിക്കിപീഡിയയിലെ ലേഖനത്തിലെ തെറ്റുകളെ കുറിച്ചു് ഒരു ലേഖനം എഴുതുന്നതിലും എത്രയോ എളുപ്പമാണു് ലേഖനം തന്നെ തിരുത്തി തെറ്റുകൾ നീക്കം ചെയ്യുന്നതു്. വിക്കിപീഡിയയിലെ ഒരു ലേഖനവും ആദ്യം തന്നെ സമഗ്രവും സമ്പൂർണ്ണവും ശരിയുമായിട്ടും പിറക്കുന്നതല്ല. നമ്മളോരോരുത്തരും എഴുതിയും തമ്മിൽ തിരുത്തിയും ഉരുത്തിരിഞ്ഞു വരുന്ന തു മാണു്. അതുകൊണ്ടു് ലേഖനത്തിലെ തെറ്റുകളെ മറ്റെവിടെയെങ്കിലും പ്രസിദ്ധീകരിക്കുന്നതിലും നല്ലതു് വിക്കിപീഡിയയിൽ തന്നെ തിരുത്തി ശരിയാക്കുന്നതാണു്.

വിക്കിപീഡിയക്കു് പുറമേയുള്ള വിക്കി സംരംഭങ്ങൾ ഏതൊക്കെയാണു്?

വിക്കിപീഡിയ എന്ന ഓൺലൈൻ വിജ്ഞാനകോശത്തിന്റെ അഭൂതപൂർവ്വമായ വളർച്ചയെത്തുടർന്നു് വിക്കിമീഡിയ ഫൌണ്ടേഷൻ ഇതര വിവരശേഖരണ മേഖലകളിലേക്കും ശ്രദ്ധതിരിച്ചു. സ്വതന്ത്ര ബഹുഭാഷാ നിഘണ്ടുവായ വിൿഷ്ണറി, പൊതു സഞ്ചയത്തിലുള്ള അല്ലെങ്കിൽ പകർപ്പവകാശനിബന്ധനകൾ ഇല്ലാത്ത പുസ്തകങ്ങൾ ശേഖരിച്ചുവയ്ക്കുന്ന വിക്കിസോഴ്സ്, പഠനസഹായികളും മറ്റും ചേർക്കുന്ന വിക്കിബുക്ക്സ്, സിറ്റിസൺ ജേണലിസത്തെ പ്രോത്സാഹിപ്പിക്കുന്ന വിക്കിന്യൂസ്, ഓൺ‌‌ലൈൻ പരിശീലനം നൽകുന്നു വിക്കിവാഴ്സിറ്റി, ചൊല്ലുകൾ ശേഖരിച്ചുവയ്ക്കുന്ന വിക്കിക്വോട്ട്സ് എന്നിങ്ങനെ ഒട്ടേറെ സഹോദര സംരംഭങ്ങൾ വിക്കിപീഡിയയ്ക്കുണ്ടു്.

ഇതിൽ വിക്കിസോഴ്സ് മലയാളത്തിൽ വിക്കിഗ്രന്ഥശാല എന്ന പേരിലും, വിൿഷ്ണറി വിക്കിനിഘണ്ടു എന്ന പേരിലും, വിക്കിബുക്സ് വിക്കിപാഠശാല എന്ന പേരിലും വിക്കിക്വോട്സ് വിക്കിചൊല്ലുകൾ എന്ന പേരിലും പ്രവർത്തിക്കുന്നുണ്ടു്. ഈ പദ്ധതികളെല്ലാം തന്നെ മലയാളത്തിൽ ശൈശവദശയിലാണെന്നു പറയാം. മേൽപ്പറഞ്ഞ എല്ലാ വിക്കിസംരംഭങ്ങൾക്കും മലയാളത്തിൽ ഏറെ പ്രസക്തിയുണ്ടു്.

ഏതൊക്കെ മലയാളം വിക്കിസംരംഭങ്ങളാണു് നിലവിൽ സജീവമായിരിക്കുന്നതു്?

വിക്കിപീഡിയ (http://ml.wikipedia.org)

ഏറ്റവും പ്രധാനവും ഏറ്റവും സജീവവും ആയിരിക്കുന്നതു്, സൌജന്യവും സ്വതന്ത്രവുമായ സർവ്വവിജ്ഞാനകോശമായ മലയാളം വിക്കിപീഡിയയാണു്. മലയാളം വിക്കിപീഡിയയെ കുറിച്ചു് നമ്മൾ ഇതിനകം തന്നെ മുൻചോദ്യങ്ങളിൽ നിന്നു് ധാരാളം മനസ്സിലാക്കിയല്ലോ. മലയാളം വിക്കിപീഡിയക്കു് താഴെ പറയുന്ന സഹോദര സംരംഭങ്ങളുമുണ്ടു്.

വിക്കിഗ്രന്ഥശാല (http://ml.wikisource.org)

പകർപ്പവകാശനിബന്ധനകളില്ലാത്ത കൃതികൾ ശേഖരിച്ചു്, ആവശ്യക്കാർക്കു് എളുപ്പം ലഭ്യമാക്കുന്ന വിക്കിയാണു് വിക്കിഗ്രന്ഥശാല. പകർപ്പവകാശപരിധിയിൽ വരാത്ത പ്രാചീനകൃതികൾ, പകർപ്പവകാശ കാലാവധി കഴിഞ്ഞ കൃതികൾ, പകർപ്പവകാശത്തിന്റെ അവകാശി പൊതുസഞ്ചയത്തിൽ ആക്കിയ കൃതികൾ എന്നിങ്ങനെ മൂന്നു് തരം കൃതികളാണു് വിക്കിഗ്രന്ഥശാലയിൽ ലഭ്യമാകുക. ഈ മാനദണ്ഡങ്ങൾ പാലിക്കുന്ന മലയാളകൃതികൾ, മറ്റു് ഭാഷകളിലെ കൃതികളുടെ മലയാളലിപ്യന്തരണങ്ങൾ എന്നിവ വിക്കിഗ്രന്ഥശാലയിലേക്കു് കൂട്ടിച്ചേർക്കാവുന്നതാണു്.

2006 മാർച്ച് 29-നാണു് വിക്കിഗ്രന്ഥശാലയുടെ തുടക്കം. പൂന്താനത്തിന്റെ ജ്ഞാനപ്പാനയാണു് ആദ്യമായി വിക്കിഗ്രന്ഥശാലയിൽ ചേർത്തു് തുടങ്ങിയതു്. ആ വർഷംതന്നെ അദ്ധ്യാത്മരാമായണം കിളിപ്പാട്ടു് ഗ്രന്ഥശാലയിലാക്കുന്ന പ്രവർത്തനം ആരംഭിച്ചു. 2008-2009-ൽ സത്യവേദപുസ്തകം, ഖുർആൻ, കേരളപാണിനീയം, ഇന്ദുലേഖ, കൃഷ്ണഗാഥ എന്നിവ സമ്പൂർണ്ണമായി വിക്കിഗ്രന്ഥശാലയിലെത്തിച്ചു. കുമാരനാശാന്റെയും ചങ്ങമ്പുഴകൃഷ്ണപിള്ളയുടെയും കവിതകൾ ഏതാണ്ടു് പൂർണ്ണമായി ഗ്രന്ഥശാലയിൽ സമാഹരിച്ചിട്ടുണ്ടു്.

ശ്രീനാരായണഗുരു, കുഞ്ചൻ നമ്പ്യാർ, പൂന്താനം, എഴുത്തച്ഛൻ, മേല്പത്തൂർ, തുടങ്ങി നിരവധി പേരുടെ വിവിധ കൃതികൾ ഗ്രന്ഥശാലയിൽ സമാഹരണത്തിന്റെ പ്രാഥമികഘട്ടത്തിലാണു്. ഭാഗവതം കിളിപ്പാട്ടു്, നാരായണീയം, ഗീതഗോവിന്ദം, ഋഗ്വേദം തുടങ്ങിയവ അപൂർണ്ണമായി നിൽക്കുന്നു. അറബിമലയാളത്തിലെ ആദ്യകാവ്യമായി കരുതപ്പെടുന്ന ഖാസി മുഹമ്മദിന്റെ മുഹ്‌യുദ്ദീൻ മാലയും, കെ.വി. സൈമൺ, , പി.എം. കൊച്ചുകുറു, പി.വി. തൊമ്മി, മോശവത്സലം, വി. നാഗൽ, കൊച്ചുകുഞ്ഞുപദേശി തുടങ്ങിയവരുടെ ക്രിസ്തീയകീർത്തനങ്ങളും ആണു് വിക്കിഗ്രന്ഥശാലയുടെ അപൂർവത. ത്യാഗരാജകൃതികൾ, സ്വാതിതിരുനാൾ കൃതികൾ, ഉള്ളൂർ കൃതികൾ എന്നിവയും വിക്കിഗ്രന്ഥശാലയിലെത്തിക്കാനുള്ള ശ്രമം നടന്നുവരുന്നു.

അച്ചടിയുടെ കാലത്തിനുമുമ്പു് വിശിഷ്ടഗ്രന്ഥങ്ങൾ ഒരു ചുരുങ്ങിയ വിഭാഗത്തിന്റെ കയ്യിലേക്കും മനസ്സിലേക്കും ഒതുങ്ങിയിരുന്നു. അവ ഭൂരിപക്ഷത്തിനു് അപ്രാപ്യമായിരുന്നു. അച്ചടി ഇക്കാര്യത്തിൽ സമഗ്രമായ മാറ്റമുണ്ടാക്കി. എന്നാലിന്നു് പുസ്തകങ്ങളുടെ വർദ്ധനവു് പല കൃതികളെയും വീണ്ടും അലഭ്യമാക്കിയിരിക്കുന്നു. ഉല്പാദനത്തിന്റെ ചെലവും ലാഭേച്ഛയും ലഭ്യമായ പുസ്തകങ്ങളെക്കൂടി സാധാരണക്കാരിൽനിന്നു് അകറ്റുകയാണു്. പഴയ കൃതികളുടെ പുനർമുദ്രണം ചുരുക്കമായി നടക്കുന്നുണ്ടെങ്കിലും കഴിഞ്ഞ കാലത്തെ കൃതികൾ സമസ്തവും പ്രസിദ്ധീകരിക്കുക അച്ചടിമേഖലയ്ക്കു് അസാദ്ധ്യം തന്നെ. അച്ചടി ഉയർത്തുന്ന പാരിസ്ഥിതികപ്രശ്നങ്ങളും ചെറുതല്ല. ഈ അവസരത്തിലാണു് വിക്കിഗ്രന്ഥശാല പ്രസക്തമാകുന്നതു്. പകർപ്പവകാശത്തിനുപുറത്തുള്ള എല്ലാ കൃതികളും - മതം, ശാസ്ത്രം, സാഹിത്യം, തത്ത്വചിന്ത, വൈദ്യം, വ്യാകരണം - എന്തുമാകട്ടെ - മലയാളിക്കു് പ്രാപ്യമാക്കുക എന്നതാണു് വിക്കിഗ്രന്ഥശാലയുടെ ലക്ഷ്യം. മലയാളത്തിൽ ചീരാമകവിയുടെ രാമചരിതം മുതൽ ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രം വരെയുള്ള ഗ്രന്ഥങ്ങൾ വിരൽത്തുമ്പിൽ - സ്വതന്ത്രവും സൌജന്യവുമായി- എത്തുക എന്നതു് ഏതൊരു ഭാഷാ-സാഹിത്യപഠിതാവിനും ആഹ്ലാദകരമാണു്. അതിനുള്ള ഭൂമികയാണു് ഗ്രന്ഥശാല. ഓരോരുത്തരും തന്നാൽ കഴിയുന്ന സഹായങ്ങൾ ചെയ്താൽ ഈ ആഹ്ലാദം അകലെയല്ല.

ആവശ്യത്തിനു് സന്നദ്ധസേവകർ ഇല്ല എന്നതാണു് മലയാളം വിക്കിഗ്രന്ഥശാല നേരിടുന്ന പ്രതിസന്ധി. വിക്കിഗ്രന്ഥശാലയെക്കുറിച്ചു് കൂടുതൽ അവബോധമുണ്ടാകുന്നതിലൂടെ ഇതു് പരിഹരിക്കപ്പെടുമെന്നാണു് പ്രതീക്ഷ. പ്രാചീനഗ്രന്ഥങ്ങളെ പബ്ലിക് റിസോഴ്സ് ആയി ലഭ്യമാക്കാൻ കേരളാ സർക്കാരും വിക്കിഗ്രന്ഥശാലയും കൈകോർക്കുകയാണെങ്കിൽ സമഗ്രഗ്രന്ഥശേഖരം എന്ന സ്വപ്നം സാർത്ഥകമാകും.

വിക്കിനിഘണ്ടു‌ (http://ml.wiktionary.org)

നിർവചനങ്ങൾ, ശബ്ദോത്പത്തികൾ, ഉച്ചാരണങ്ങൾ, മാതൃകാ ഉദ്ധരണികൾ, പര്യായങ്ങൾ, വിപരീതപദങ്ങൾ, തർജ്ജമകൾ എന്നിവയടങ്ങുന്ന ഒരു സ്വതന്ത്ര ബഹുഭാഷാ നിഘണ്ടു സൃഷ്ടിക്കുവാനുള്ള ഒരു സഹകരണ പദ്ധതിയാണു് മലയാളം വിക്കിനിഘണ്ടു‌. മലയാളം വാക്കുകൾക്കു് തത്തുല്യമായ ഇതരമലയാള പദങ്ങളും അതേ പോലെ അന്യഭാഷാ പദങ്ങളുടെ മലയാളത്തിലുള്ള അർത്ഥവും ചേർത്തു് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾ ഈ സംരംഭത്തിനുവേണ്ടി പ്രവർത്തിക്കുന്നു. നിലവിൽ ഏതാണ്ടു് അര ലക്ഷത്തോളം (51,000) പദങ്ങളുടെ നിർവചനമാണു് വിക്കിനിഘണ്ടുവിലുള്ളതു്. മലയാള വാക്കുകളുടേതിനു് പുറമേ ഇംഗ്ലീഷ്, ജാപ്പനീസ്, കൊറിയൻ, ഹിന്ദി, തമിഴ്, ചൈനീസ് എന്നീ ഭാഷകളിലെ വാക്കുകളും അവയുടെ മലയാളത്തിലുള്ള നിർവചനവും ഈ വിക്കിയിലുണ്ടു്. കാലക്രമേണ ഇതു് ഓൺലൈൻ മലയാളത്തിന്റെ നട്ടെല്ലായി മാറും.

വിക്കിപാഠശാല (http://ml.wikibooks.org)

പാഠപുസ്തകങ്ങൾ, മത്സരപ്പരീക്ഷാ സഹായികൾ, വിനോദയാത്രാ സഹായികൾ, പഠനസഹായികൾ എന്നിവ ചേർക്കുന്ന വിക്കിയാണു വിക്കിപാഠശാല. ഈ പദ്ധതി വരുംകാലങ്ങളിൽ മലയാളികൾക്കു് ഏറെ പ്രയോജനപ്പെടുത്താവുന്നതാണു്. ആവശ്യത്തിനു് പ്രവർത്തകരില്ലാത്തതു് മൂലം ഇഴഞ്ഞു് നീങ്ങുന്ന ഒരു പദ്ധതി ആണിതു്.

വിക്കിചൊല്ലുകൾ (http://ml.wikiquote.org)

പഴഞ്ചൊല്ലുകൾ, പ്രസിദ്ധരായ വ്യക്തികളുടെ മൊഴികൾ, പ്രസിദ്ധമായ പുസ്തകങ്ങൾ / പ്രസിദ്ധീകരണങ്ങൾ എന്നിവയിലുള്ള ഉദ്ധരണികൾ, എന്നിവ ശേഖരിക്കുന്ന വിക്കിയാണു് വിക്കിചൊല്ലുകൾ. നിലവിൽ ഈ വിക്കി സംരംഭത്തിൽ വലിയ പ്രവർത്തനങ്ങൾ നടക്കുന്നില്ല. വിജ്ഞാനം പങ്കുവയ്ക്കുവാൻ തയ്യാറുള്ള ധാരാളം പ്രവർത്തകർ വന്നാൽ മാത്രമേ ഈ സംരംഭങ്ങൾ സജീവമാകൂ.

സാങ്കേതികപരമായ സ്ഥിരം ചോദ്യങ്ങൾ ഇവിടെ കാണാം.
For frequently asked technical questions, please refer this page