വിക്കിപീഡിയ:തിരഞ്ഞെടുത്ത ചിത്രങ്ങൾ/ഓഗസ്റ്റ് 2023

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
<< ഓഗസ്റ്റ് 2023 >>

ഓഗസ്റ്റ് 1-4

രാജശ്രീ വാര്യർ
രാജശ്രീ വാര്യർ

തോൽപ്പാവക്കൂത്ത് കലാകാരനാണ് രാമചന്ദ്ര പുലവർ. ക്ഷേത്രകലയായി ഒതുങ്ങി നിന്നിരുന്ന പാവക്കൂത്തിന്റെ സാധ്യതകൾ നാടകവേദികളിലും ബോധവൽക്കരണ പരിപാടികളിലും ഉപയോഗപ്പെടുത്തിയ ഇദ്ദേഹത്തിന് ഫോക്‌ലോർ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലും വിദേശത്തും നിരവധി വേദികളിൽ പാവക്കൂത്ത്‌ അവതരിപ്പിച്ചു. കലാരംഗത്തെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി 2021-ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു.

ഛായാഗ്രഹണം: കണ്ണൻഷൺമുഖം


ഓഗസ്റ്റ് 5-9

വിളനോക്കി
വിളനോക്കി

അസിപിട്രിഡേ പക്ഷികുടുംബത്തിൽപ്പെടുന്ന ഒരിനം പ്രാപ്പിടിയനാണ്‌ വിളനോക്കി അഥവാ കരിതപ്പി. വെള്ളത്തിലെ മരകുറ്റികളിൽ കുത്തിയിരിക്കാൻ ഇഷ്ടപ്പെടുന്ന ദേശാടനപക്ഷികളാണിവ. ചെളിയും വെള്ളവും ഇഷ്ടം പോലെ കാണപ്പെടുന്നിടത്തേക്കാണ് അവ പറന്നെത്തുക. വേനൽക്കാലത്ത് യൂറോപ്പ് മുതൽ സൈബീരിയ വരെ ഇക്കൂട്ടരെ കാണാം. മുട്ടയിട്ട് കുഞ്ഞുങ്ങളെ വളർത്തുന്നതും അവിടങ്ങളിൽ തന്നെ. തണുപ്പുകാലത്തിന്റെ തുടക്കത്തിൽ വിളനോക്കികൾ ഇന്ത്യ, ശ്രീലങ്ക, മ്യാൻ‌മാർ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് പറക്കും.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്‌


ഓഗസ്റ്റ് 10-14

കണ്ടൽക്കാട്
കണ്ടൽക്കാട്

അഴിമുഖങ്ങളിലും ചതുപ്പുകളിലും കായലോരങ്ങളിലും വളരുന്ന വൃക്ഷങ്ങളും കുറ്റിച്ചെടികളും അടങ്ങുന്ന സങ്കീർണ്ണമായ ആവാസവ്യവസ്ഥയാണ്‌ കണ്ടൽക്കാട് . വേലിയേറ്റ സമയത്ത് ജലാവൃതവും വേലിയിറക്ക സമയത്ത് അനാവൃതവുമായ തണ്ണീർത്തടങ്ങളിലെ ചതുപ്പുനിലങ്ങളിലാണ്‌ സാധാരണയായി കണ്ടൽക്കാടുകൾ വളരുന്നത്. ഭൂമിയിലെ ഏറ്റവും ജൈവസമ്പന്ന ആവാസവ്യവസ്ഥകളിൽ പ്രധാനപ്പെട്ടവയാണ്‌ കണ്ടൽകാടുകൾ. ഉഷ്ണമേഖല കാടുകൾ ആഗിരണം ചെയ്യുന്ന കാർബണിനേക്കാൾ അമ്പതിരട്ടി വലിച്ചെടുക്കാനുള്ള ശേഷി കണ്ടൽക്കാടുകൾക്കുണ്ട്.

ഛായാഗ്രഹണം: ഷഗിൽ കണ്ണൂർ


ഓഗസ്റ്റ് 15-19

ചെറിയ കടൽകാക്ക
ചെറിയ കടൽകാക്ക

ഏഷ്യയിലും, യൂറോപ്പിലും, കാനഡയുടെ കിഴക്കൻ തീരങ്ങളിലും പ്രജനനം നടത്തുന്ന ഒരു ദേശാടനപ്പക്ഷിയാണ് ചെറിയ കടൽകാക്ക. പറക്കുമ്പോൾ ചിറകിന്റെ മുൻഭാഗത്ത് കാണുന്ന വെളുത്ത വക്ക് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. വലിയ ഞാങ്ങണകളിലോ ചതുപ്പുനിലങ്ങളിലോ തടാകങ്ങളിലെ ദ്വീപുകളിലോ കൂട്ടമായിട്ടാണ് ഇത് കുഞ്ഞുങ്ങളെ വളർത്തുക. പ്രാണികൾ, മത്സ്യം, വിത്തുകൾ, പുഴുക്കൾ, മണ്ണിരകൾ, സസ്യഭാഗങ്ങൾ എന്നിവയൊക്കെ ഇവയുടെ ഭക്ഷണമാവാറുണ്ട്.

ഛായാഗ്രഹണം: ഇർവിൻ കാലിക്കറ്റ്‌