Jump to content

ലൂയിസ് റെയ്നർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലൂയിസ് റെയ്നർ
Rainer in 1941
ജനനം(1910-01-12)12 ജനുവരി 1910
മരണം30 ഡിസംബർ 2014(2014-12-30) (പ്രായം 104)
ബെൽഗ്രേവിയ, ലണ്ടൻ, ഇംഗ്ലണ്ട്
പൗരത്വംജർമ്മനി
യുണൈറ്റഡ് സ്റ്റേറ്റ്സ്
യുണൈറ്റഡ് കിംഗ്ഡം
തൊഴിൽനടി
സജീവ കാലം1926–2003
ജീവിതപങ്കാളി(കൾ)
റോബർട്ട് നിറ്റ്
(m. 1945; died 1989)
കുട്ടികൾ1

ലൂയിസ് റെയ്നർ (/ˈrnər/, German: [ˈʁaɪ̯nɐ]; 12 ജനുവരി 1910 - 30 ഡിസംബർ 2014) ഒരു ജർമ്മൻ-അമേരിക്കൻ-ബ്രിട്ടീഷ് ചലച്ചിത്ര നടിയായിരുന്നു.[1][2] ഒന്നിലധികം അക്കാദമി അവാർഡുകൾ നേടിയ ആദ്യത്തെ നടിയായിരുന്നു അവർ. 105-ാം ജന്മദിനത്തിന് പതിമൂന്ന് ദിവസം മുമ്പുള്ള, അവരുടെ മരണസമയത്ത്, ഏറ്റവും കൂടുതൽ കാലം ജീവിച്ചിരുന്ന ഏക ഓസ്‌കാർ പരുസ്കാര സ്വീകർത്താവായിരുന്നു അവർ.[3]

ഓസ്ട്രിയയിലെ പ്രമുഖ നാടക സംവിധായകൻ മാക്സ് റെയ്ൻഹാർഡിന്റെ ശിക്ഷണത്തിൽ 16-ആം വയസ്സിൽ ജർമ്മനിയിൽ റെയ്നർ തൻറെ അഭിനയ ജീവിതം ആരംഭിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽത്തന്നെ, റെയ്ൻഹാർഡിൻറെ വിയന്ന നാടകസംഘത്തിലൂടെ ഒരു ശ്രദ്ധിക്കപ്പെട്ട ബെർലിൻ നാടക നടിയായി അവർ മാറി. അവളുടെ അഭിനയത്തിന്റെ ഗുണനിലവാരം നിരൂപകരുടെ മുക്തകണ്ഠമായ പ്രശംസ നേടി. ഓസ്ട്രിയയിലെയും ജർമ്മനിയിലെയും നാടകവേദികളിലും സിനിമകളിലും വർഷങ്ങളോളം അഭിനയിച്ചതിന് ശേഷം, മെട്രോ-ഗോൾഡ്വിൻ-മേയർ കമ്പനിയുടെ ടാലന്റ് സ്കൗട്ടുകൾ അവളെ കണ്ടെത്തുകയും, 1935-ൽ ഹോളിവുഡിൽ ഒരു മൂന്ന് വർഷത്തെ കരാറിൽ അവളെക്കൊണ്ട് ഒപ്പുവയ്പ്പിക്കുകയും ചെയ്തു. MGM-ന്റെ അക്കാലത്തെ ഒരു മുൻനിര വനിതാ താരത്തെ അനുമസ്മരിച്ചുകൊണ്ട് മറ്റൊരു ഗ്രെറ്റ ഗാർബോ ആയി അവൾ മാറിയേക്കുമെന്ന് നിരവധി ചലച്ചിത്ര നിർമ്മാതാക്കൾ പ്രവചിച്ചു.

അവളുടെ ആദ്യത്തെ അമേരിക്കൻ ചലച്ചിത്ര വേഷം 1935-ൽ പുറത്തിറങ്ങിയ എസ്‌കേപേഡ് എന്ന ചിത്രമായിരുന്നു. അടുത്ത വർഷം ദി ഗ്രേറ്റ് സീഗ്‌ഫെൽഡ് എന്ന സംഗീത പ്രധാനമായ ജീവചരിത്രത്തിൽ ഒരു സഹ വേഷം ലഭിക്കുകയും അതിൽ  പരിമിതമായ പ്രകടനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിലും അവളുടെ ഭാവോജ്ജ്വലമായ പ്രകടനം പ്രേക്ഷകരെ ആകർഷിക്കുകയും മികച്ച ഓസ്കാർ അവാർഡ് ലഭിക്കുകയും ചെയ്തു. സിനിമയിലെ അവളുടെ നാടകീയമായ ടെലിഫോൺ രംഗത്തിൻറെ പേരിൽ അവൾ പിന്നീട് "വിയന്നീസ് ടിയർഡ്രോപ്പ്" എന്ന് വിളിക്കപ്പെട്ടു. സ്റ്റുഡിയോയുടെ കടുത്ത വിയോജിപ്പ് ഉണ്ടായിരുന്നിട്ടും ചൈനയിലെ കഷ്ടപ്പാടുകളെക്കുറിച്ചുള്ള പേൾ എസ്. ബക്കിന്റെ നോവലിനെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ദി ഗുഡ് എർത്ത് (1937) എന്ന സിനിമയിൽ ഒരു പാവപ്പെട്ട, സാധാരണ ചൈനീസ് കർഷക ഭാര്യയുടെ വേഷം ചെയ്യാനും തനിക്ക് കഴിയുമെന്ന് ഈ വേഷത്തിലൂടെ, നിർമ്മാതാവ് ഇർവിംഗ് താൽബെർഗിനെ അവൾ ബോധ്യപ്പെടുത്തി. അവളുടെ മുൻകാലങ്ങളിലെ ചടുല കഥാപാത്രത്തിൽനിന്ന് നാടകീയമായ വ്യത്യസ്‌തത പുലർത്തുന്ന ഒതുങ്ങിയ ഈ  കഥാപാത്രത്തിലൂടെ  മികച്ച നടിക്കുള്ള അക്കാദമി അവാർഡ് വീണ്ടും അവർക്ക് ലഭിച്ചു. 30 വയസ്സിന് മുമ്പ് രണ്ട് ഓസ്‌കാറുകൾ നേടിയ ഏക അഭിനേത്രികളാണ് റെയ്‌നറും ജോഡി ഫോസ്റ്ററും.

എന്നിരുന്നാലും, തുടർച്ചയായി രണ്ട് ഓസ്‌കാറുകൾ നേടുന്നതിനേക്കാൾ മോശമായ ഒന്നുംതന്നെ തനിക്ക് സംഭവിക്കാനില്ലെന്ന് പറഞ്ഞ അവർ അതുമുതൽ പ്രേക്ഷക പ്രതീക്ഷകൾ തനിക്ക് നിറവേറ്റാൻ കഴിയാത്തത്ര വലുതായിരിക്കുന്ന് അഭിപ്രായപ്പെട്ടു. അപ്രധാനമായ നിരവധി വേഷങ്ങൾക്ക് ശേഷം, എം‌ജി‌എമ്മും റെയ്‌നറും അവളുടെ പ്രകടനങ്ങളിൽ നിരാശരായിത്തീരുകയും, മൂന്ന് വർഷത്തെ തൻറെ ഹ്രസ്വകാല ചലച്ചിത്ര ജീവിതം ഉപേക്ഷിച്ച് താമസിയാതെ യൂറോപ്പിലേക്ക് മടങ്ങിപ്പോകാൻ അവർ നിർബന്ധിതയായി. അവളുടെ ദ്രുതഗതിയിലുള്ള തകർച്ചയ്‌ക്ക് കൂട്ടുനിൽക്കുന്നത്, അവളുടെ അന്നത്തെ ഭർത്താവും, നാടകകൃത്തുമായിരുന്ന ക്ലിഫോർഡ് ഒഡെറ്റ്‌സിൽ നിന്ന് അവൾക്ക് ലഭിച്ച മോശം തൊഴിൽ ഉപദേശവും, ഒപ്പം അഭ്യുദയാകാംഷിയും നിർമ്മാതാവുമായിരുന്ന ഇർവിംഗ് താൽബെർഗിന്റെ 37-ാം വയസ്സിലെ അപ്രതീക്ഷിത മരണവുമായിരുന്നു.

അവലംബം

[തിരുത്തുക]
  1. Robert D. McFadden (30 December 2014). "Luise Rainer Dies at 104. '30s Star Won Back-to-Back Oscars". New York Times. Retrieved 30 December 2014. ... died on Tuesday at her home in London. She was 104. The cause was pneumonia ...
  2. "Luise Rainer, Hollywood golden era Oscar winner, dies aged 104". BBC News. 30 December 2014. Retrieved 30 December 2014. Actress Luise Rainer, who became the first winner of consecutive Oscars in the 1930s, has died at the age of 104. ...
  3. "Luise Rainer: Oldest Living Oscar Winner Turns 103", Alt Film Guide
"https://ml.wikipedia.org/w/index.php?title=ലൂയിസ്_റെയ്നർ&oldid=3811977" എന്ന താളിൽനിന്ന് ശേഖരിച്ചത്