Jump to content

ലാ മലിഞ്ചെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അസ്ടെക് സാമ്രാജ്യത്തിന്റെ തലസ്ഥാനം ടെനോച്ചിറ്റ്ലനിൽ 1519 നവമ്പർ 8-നു കോർട്ടെസ്സിനൊപ്പം മാക്ടെസൂമാ രണ്ടാമനെ കാണുന്ന ലാ മലിഞ്ചെ

പതിനാറാം നൂറ്റാണ്ടിൽ മെക്സിക്കോയിലെ സ്പാനിഷ് അധിനിവേശത്തിന്റെ തുടക്കത്തിൽ ആസ്ടെക് സാമ്രാജ്യവും സ്പാനിഷ് ആക്രമണകാരികളുമായുള്ള ബന്ധത്തിൽ വലിയ പങ്കുവഹിച്ച നവ്വാ വനിതയായിരുന്നു ലാ മലിഞ്ചെ (ജനനം 1496 അല്ലെങ്കിൽ 1501 - മരണം 1529). മാലിനല്ലി, മാലിന്റ്സിൻ, ഡോണാ മരീനാ എന്നീ പേരുകളിലും അവർ അറിയപ്പെടുന്നു. ലാ മലിഞ്ചെയുടെ ബഹുഭാഷാപ്രാവീണ്യമാണ്, ആ ചരിത്രസന്ധിയെ നിർണ്ണായകമായി സ്വാധീനിക്കാൻ അവളെ സഹായിച്ചത്. ആസ്ടെക് ഭരണത്തിൽ കീഴിലിരുന്ന മെക്സിക്കൻ സമതലത്തിന്റേയും, യുക്കാട്ടാനിലെ മായൻ പ്രദേശങ്ങളുടേയും അതിർത്തിയിൽ പിറന്ന ലാ മെഞ്ചായ്ക്ക് മായൻ, നവ്വാട്ടിൽ ഭാഷകൾ വശമുണ്ടായിരുന്നു. സ്പാനിഷ് ഭാഷ കൂടി സ്വാധീനമായതോടെ, വിവിധവിഭാഗങ്ങൾ തമ്മിലുള്ള ആശയവിനിമയങ്ങളിലെ പ്രധാന കണ്ണിയായിത്തീർന്നു അവർ.[1]

അടിമ, ദ്വിഭാഷി

[തിരുത്തുക]

പതിനാറാം വയസ്സിൽ, സ്പാനിഷ് അധിനിവേശസൈന്യത്തിന്റെ തലവൻ ഹെർനാൻ കോർതസിന് അടിമയായി സമ്മാനിക്കപ്പെട്ട അവൾ, മരീന എന്ന പേരിൽ ക്രിസ്തുമതം സ്വീകരിച്ചു. ഒരു മായൻ പ്രഭു കൈമാറിയ 20 അടിമകളിൽ ഒരുവളായിരുന്നു അവൾ. കോർതെസിന്റെ വെപ്പാട്ടിയായിത്തീർന്ന ലാ മലിഞ്ചെ അയാളുടെ ആദ്യപുത്രനും മദ്ധ്യ അമേരിക്കയിലെ മെസ്റ്റിസോ ജനതകളുടെ പൂർവികരിലൊരുവനുമായ മാർട്ടിൻ കോർതസിന്റെ അമ്മയുമായി. ദ്വിഭാഷിയായി കോർതസിനെ എല്ലായിടത്തും പിന്തുടർന്ന മലിഞ്ചെ, എതിരാളികളുടെ തന്ത്രങ്ങളെയും അവർക്കിടയിലെ ആഭ്യന്തരഭിന്നതകളെയും സംബന്ധിച്ച മുന്നറിയിപ്പ് അയാൾക്കു കൊടുത്തു. കോർതസിന്റെ വിശ്വസ്തസഹായിയും ഉപദേഷ്ടാവുമായിരുന്ന അവൾ അയാൾക്കൊപ്പം ബഹുമാനിക്കപ്പെട്ടു.[1]

മെക്സിക്കോയിലെ തബാസ്കോ ബാങ്ക് 1901-ൽ ഇറക്കിയ അഞ്ചു പേസോയുടെ നോട്ടിൽ ലാ മലിഞ്ചെയുടെ ചിത്രമുണ്ട്

പിൽക്കാലം

[തിരുത്തുക]

1519 മുതൽ 1526 മുതൽ കോർതസിന്റെ സഹകാരിയായിരുന്ന ലാ മലിഞ്ചെ 1524-ൽ മറ്റൊരു സ്പാനിഷ് സൈന്യാധിപൻ ഹുവാൻ ഡി ജെരാമില്ലോയുടെ ഭാര്യയായി. അവരുടെ ബന്ധത്തിൽ ഒരു മകൾ പിറന്നു. രണ്ട് സ്പാനിഷ് സൈനികരുടെ പങ്കാളിയായിരിക്കുകയും അവരുടെ കുട്ടികളെ പ്രസവിക്കുകയും ചെയ്ത മലിഞ്ചെയുടെ അന്ത്യം വ്യക്തമല്ല. 1527-നോ അതിനും മുൻപോ, 25-നടുത്ത വയസ്സിലായിരുന്നിരിക്കാം അവളുടെ മരണം എന്നു കരുതപ്പെടുന്നു. കോർതസിന്റെ സഹപ്രവർത്തകനായിരുന്ന ബെർനൽ ഡയസ് ദെൽ കാസ്റ്റില്ലോ, അവളുടെ കഴിവുകളേയും സൗന്ദര്യത്തേയും ഏറെ പ്രശംസിച്ച് എഴുതിയിട്ടുണ്ട്. കോർതസ് തന്നെ സ്പെയിനിലെ രാജാവിനെഴുതിയ എഴുത്തുകളിൽ ലാ മലിഞ്ചെ പരാമർശിക്കപ്പെടുന്നത് രണ്ടുവട്ടം മാത്രമാണ്. ഇതിൽ രണ്ടാമത്തെ പരാമർശം കൗതുകകരമാണ്. "ജിഹ്വ, ദ്വിഭാഷി…..ഇന്നാട്ടുകാരിയായ ഒരു ഇന്ത്യൻ സ്ത്രീ..."(la lengua…que es una India desta tierra) എന്നാണ് ആ പരാമർശം.[2]

പ്രതിച്ഛായ

[തിരുത്തുക]
മെക്സിക്കോ നഗരത്തിൽ ലാ മലിഞ്ചെയുടെ പ്രതിമ

ലാ മരിഞ്ചെയുടെ ചരിത്രവ്യക്തിത്വം, മക്കൾക്കുവേണ്ടി വിലപിക്കുന്ന ലാ-ലൊറോണായെയും മറ്റും സംബന്ധിച്ച പ്രാദേശികകഥകളുമായി പിൽക്കാലത്ത് കെട്ടുപിണഞ്ഞു. കാലാകാലങ്ങളിലെ ചിന്താഗതികൾക്കും വീക്ഷണകോണുകൾക്കുമൊപ്പം അവളുടെ പ്രതിച്ഛായയും മാറിവന്നു. 1910-20 കാലത്തെ മെക്സിക്കൻ വിപ്ലവത്തിനുശേഷം, നാടകങ്ങളിലും നോവലുകളിലും മറ്റും അവൾ, തിന്മനിറഞ്ഞവളും, ഉപജാപകയും, പ്രലോഭകയുമൊക്കെയായി ചിത്രീകരിക്കപ്പെട്ടു. മെക്സിക്കോയിൽ ലാ മലിഞ്ചെയുടെ പ്രതീകപ്രാധാന്യം ഇന്നും ശക്തമായിരിക്കുന്നു. അവളുടെ വ്യക്തിത്വത്തിന്റെ വിലയിരുത്തൽ, "ചതിയുടെ അവതാരം", "മാതൃകാ ഇര", "ഒരു പുതുമെക്സിക്കൻജനതയുടെ അമ്മ" എന്നീ വിധത്തിൽ വൈവിദ്ധ്യവും പരസ്പരവൈരുദ്ധ്യവും ചേർന്നതാണ്. മെക്സിക്കോയിൽ പ്രത്യേകിച്ച്, 'മലിഞ്ചിസ്റ്റാ' എന്ന വാക്കിനർത്ഥം, കൂറില്ലാത്ത നാട്ടുകാരൻ എന്നാണ്.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Mini Krishnan: An Atlas of the Mind, 2016 മാർച്ച് 26-ലെ ഹിന്ദു ദിനപത്രം സൻഡേ മാഗസിനിലെ ലേഖനം
  2. Women in World History, Dona Maria Cortez, Translator
"https://ml.wikipedia.org/w/index.php?title=ലാ_മലിഞ്ചെ&oldid=3782758" എന്ന താളിൽനിന്ന് ശേഖരിച്ചത്