റിയൽ സോസീഡാഡ് ദെ ഫുട്ബോൾ, എസ്.എ.ഡി., എന്ന റിയൽ സോസീഡാഡ് അഥവാ ലാ റിയൽ ഒരു സ്പാനിഷ് ഫുട്ബോൾ ക്ലബ്ബാണ്. ബാസ്ക് രാജ്യത്തെ സാൻ സെബാസ്റ്റിയാൻ നഗരം ആസ്ഥാനമായ ഈ ക്ലബ്ബ് 1909 സെപ്റ്റംബർ 7- നാണ് സ്ഥാപിതമായത്. 32,000 പേരെ ഉൾകൊള്ളാൻ ശേഷിയുള്ള അനോയേറ്റ സ്റ്റേഡിയത്തിലാണ് ക്ലബ്ബിന്റെ ഹോം മത്സരങ്ങൾ നടക്കുന്നത്. 1980-81, 1981-82 കാലത്ത് റിയൽ സോസീഡാഡ് ല ലിഗ കിരീടം നേടി. 2002-03-ൽ റണ്ണേഴ്സ് അപ്പ് ആയി. 1909, 1987 എന്നീ വർഷങ്ങളിൽ ക്ലബ് കോപ്പ ദെൽ റെ സ്വന്തമാക്കി. എതിരാളികൾ അത്ലെറ്റിക് ബിൽബാവോക്കെതിരായ മത്സരത്തെ ബാസ്ക് ഡെർബി എന്ന് വിശേഷിപ്പിക്കുന്നു. 1928 ൽ ലാ ലിഗയുടെ സ്ഥാപക അംഗങ്ങളായിരുന്നു റിയൽ സോസീഡാഡ്. 1967 മുതൽ 2007 വരെയുള്ള നാല്പതു വർഷക്കാലം ക്ലബ്ബ് തുടർച്ചയായി ലാ ലിഗയിൽ പങ്കെടുത്തു.[1]
യുവേഫ ചാമ്പ്യൻസ് ലീഗിൽ ക്ലബ്ബ് രണ്ട് പ്രാവശ്യം കളിച്ചിട്ടുണ്ട്. 2003-04 സീസണിൽ, ക്ലബ്ബ് ലീഗിന്റെ രണ്ടാം റൗണ്ടിൽ എത്തി.
വനിതാ ഫുട്ബോൾ, ട്രാക്ക് ആൻഡ് ഫീൽഡ്, ഫീൽഡ് ഹോക്കി, ബാസ്ക് പെലോത്ത തുടങ്ങി മറ്റ് കായിക വിഭാഗങ്ങളും റിയൽ സോസീഡാഡിനുണ്ട്.