Jump to content

രേവതി പട്ടത്താനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കോഴിക്കോട് സാമൂതിരി രാജാവിന്റെ അദ്ധ്യക്ഷതയിൽ നടന്നിരുന്ന തർക്കശാസ്ത്ര സദസ്സ് അഥവാ പട്ടത്താനം ആണ് രേവതി പട്ടത്താനം. തുലാം മാസത്തിന്റെ രേവതി നാളിൽ തുടങ്ങുന്നുവെന്നതിനാൽ‍ രേവതി പട്ടത്താനം എന്നു് വിളിച്ചു് പോരുന്നു. മലബാറിലേക്ക് ടിപ്പുവിന്റെ ആക്രമണമുണ്ടാകുന്ന കാലം വരേയ്ക്കും രേവതി പട്ടത്താനം തുടർച്ചയായി നടന്നു പോന്നിരുന്നു. പതിനെട്ടരക്കവികളുടെ സാന്നിദ്ധ്യം രേവതി പട്ടത്താനത്തിനു് ഭാരതീയതർക്കശാസ്ത്രത്തിലും കേരളീയ സാംസ്കാരികവേദിയിലും ഖ്യാതി നേടിക്കൊടുത്തു. മുരാരിയുടെ അനർഘരാഘവത്തിനു വിക്രമീയം എന്ന വ്യാഖ്യാനം രചിച്ച മാനവിക്രമൻ ‍(1466-1478) ആയിരുന്നു പട്ടത്താനത്തിൽ പ്രമുഖനായ സാ‍മൂതിരി. രേവതി പട്ടത്താനം, തളിയിൽ താനം എന്നും അറിയപ്പെട്ടിരുന്നു. ഇന്ന് ഇതു നടത്തിവരുന്നത് പട്ടത്താനസമിതിയാണ്. ഇന്നത്തെ സാമൂതിരി ഇതിന് സാക്ഷ്യം വഹിക്കാനെത്താറുണ്ട്. [1] [2] വിജയികൾക്കു പണക്കിഴിയും പട്ടത്താനവും കൊടുത്തിരുന്നു. 51 പുത്തൻപണം ( പതിനാലു് ഉറുപ്പിക അമ്പത്താറു് പൈസ) അടങ്ങിയ കിഴിയാണു് ലഭിക്കുക. പ്രഭാകരമീമാംസ, വ്യാകരണം, വേദാന്തം എന്നീ വിഷയങ്ങൾക്ക് 12, 12, 9, 13 എന്നിങ്ങനെ മൊത്തം 36 കിഴികളാണു് പണ്ടു് പാരിതോഷികമായി കൊടുത്തിരുന്നതു്.

പേരിന്റെ പിന്നിൽ

[തിരുത്തുക]

പട്ടത്താനം എന്നത് പ്രാകൃതഭാഷയിൽ നിന്ന് മലയാളത്തിലേക്ക് ആദേഹം ചെയ്ത പദമാണ്. [3]തുലാം മാസത്തിലെ രേവതി നാളിൽ തുടങ്ങി തിരുവാതിര നാൾ വരെ നിലനിന്നിരുന്ന എഴു ദിവസത്തെ പാണ്ഡിത്യ പരീക്ഷയും തുടർന്നുള്ള ബിരുദം അഥവാ പട്ടം ദാനംചെയ്യലും(convocation)ആണ് ഈ മഹാസംഭവം. മീമാംസാ പണ്ഡിതനായിരുന്ന കുമാരിലഭട്ടന്റെ ഓർമ്മക്കായി ഭട്ടൻ എന്ന ബിരുദം മീമാംസാ പണ്ഡിതർക്കു് നല്കി വന്നിരുന്നതിനാൽ പട്ടത്താനം എന്ന് പറയുന്നു. തിരുവോണനാളിൽ അവസാനിച്ചിരുന്നതിനാൽ തിരുവോണപട്ടത്താനം എന്നും പ്രതിപാദിച്ചു കാണുന്നുണ്ട്. [4]

താനം എന്നതിന് സ്ഥാനം എന്നും ക്ഷേത്രഭരണകാര്യാലയം എന്നും അർത്ഥമുണ്ടു്. പാലിയിലെ ഥാന, പ്രകൃതിയിലെ ഠാണ, സംസ്കൃതത്തിലെ സ്ഥാന എന്നിവക്കും സമാനാർത്ഥങ്ങൾ തന്നെയാണ്. ഭട്ടസ്ഥാനം എന്നതാണിതിന്റെ സംസ്കൃതസമം.

ചരിത്രം

[തിരുത്തുക]

പട്ടത്താനത്തിന്റെ ഉത്ഭവത്തെകുറിച്ചു് വിവിധവിശ്വാസങ്ങൾ ഉണ്ടു്. മഹാകവി ഉള്ളൂരിന്റെ അഭിപ്രായത്തിൽ

  • 'ഒരിക്കൽ സിംഹാസനാവകാശികളായി ആൺപ്രജകൾ ഇല്ലാത്ത ഒരു അവസരം രാജവംശത്തിൽ‍ ഉണ്ടായിരുന്നു കുടുംബത്തിൽ രണ്ടു സഹോദരിമാർ മാത്രം ശേഷിച്ചു. ആചാരപ്രകാരം ആദ്യത്തെ ആൺകുട്ടിക്കാണ് സിംഹാസനം എന്നിരിക്കെ ഇളയസഹോദരി ഒരാൺകുഞ്ഞിനെ പ്രസവിക്കുകയും ഇതിൽ അസൂയകൊണ്ട മൂത്ത സഹോദരി കുഞ്ഞിനെ വിഷം കൊടുത്തു കൊല്ലുകയും ചെയ്തു. എന്നാൽ പിന്നീട് മൂത്ത സഹോദരി ഒരു ആൺ കുഞിനെ പ്രസവിക്കുകയും ആ കുഞ്ഞ് വളർന്ന് സാ‍മൂതിരിയാവുകയും ചെയ്തു. ഈ സാ‍മൂതിരിയുടെ ഭരണകാലത്ത് അമ്മ മഹാറാണി രാജ്യകാര്യങ്ങളിൽ ഇടപെടുകയും ഇതിഷ്ടപ്പെടാതിരുന്ന സാമുതിരിയോട് പഴയ കഥകൾ (വിഷം കൊടുത്ത് കൊന്ന കഥ)വിളമ്പുകയും ചെയ്തു. ഇതെല്ലം കേട്ടു വിവശനായ സാ‍മൂതിരി പ്രായശ്ചിത്തത്തിനായി തിരുനാവായ യോഗത്തിന്റെ സഹായം തേടി. അവരുടെ ഉപദേശപ്രകാരമാണ് തന്റെ കുടുംബദേവതയെ പ്രതിഷ്ഠിച്ചിട്ടുള്ള തളി ക്ഷേത്ര അങ്കണത്തിൽ പട്ടത്താനം ഏർപ്പെടുത്തിയത്'.[5]

കെ.വി. കൃഷ്ണയ്യരുടെ അഭിപ്രായത്തിൽ

  • സാമൂതിരിയുടെ ശത്രുക്കളായ പോർളതിരി, കോലത്തിരി ഗൂഢാലോചന നടത്തിയതുകൊണ്ട് തളിക്ഷേത്രത്തിലെ നടത്തിപ്പുഭാരവാഹികളായ ബ്രാഹ്മണ‍മൂസ്സതുമാർ രാജാവിന്റെ അപ്രീതിക്കിരയാകുകയും തന്റെ നിയന്ത്രണത്തിൻ കീഴിലായപ്പോൾ സാമൂതിരി ഇവരെ പുറത്താക്കുകയും ചെയ്തു. ഈ നമ്പൂതിരിമാർ ക്ഷേത്രത്തോട് ചേർന്ന് നിരാഹാരം എടുക്കുകയും പലരും മരണമടയുകയും ചെയ്തു. ബ്രാഹ്മണരെ സംരക്ഷിക്കാൻ ബാധ്യസ്ഥനായ സാ‍മൂതിരിക്ക് ബ്രഹ്മഹത്യാപാപം മൂലമാണ് പിന്നീട് കുടുംബത്തിനുണ്ടായ അനിഷ്ടങ്ങൾ എന്നു വിശ്വസിക്കുകയും അതിനു പരിഹാരമായി പ്രസിദ്ധ ശൈവ സന്യാസിയായിരുന്ന കോൽകുന്നത്ത് ശിവാങ്കളുടെ ഉപദേശപ്രകാരം പട്ടത്താനം ഏർപ്പെടുത്തിയത്.[5]

ബാലകൃഷ്ണകുറുപ്പിന്റെ അഭിപ്രായത്തിൽ

  • സാമൂതിരി പോർളാതിരിയെ തോല്പിച്ചെങ്കിലും അത് പോർളാതിരി സ്ഥപിച്ച തളി ക്ഷേത്രത്തിലെ നമ്പിമാർ അംഗീകരിക്കാൻ തയ്യാറായില്ല. അവർ നെടിയിരുപ്പിനെ ശക്തിയായി പ്രതിരോധിച്ചു. ക്ഷേത്രത്തിന്റെ ഊരായ്മക്കാരായ മൂസ്സതുമാർ (നമ്പി)60 ഇല്ലക്കാർ ഉണ്ടായിരുന്നു. ഇവരെ നെടിയിരുപ്പ് കൂലിപട്ടാളത്തെ ഉപയോഗിച്ച് അമർച്ച ചെയ്യാൻ ശ്രമിച്ചു കൂറേ പേർ മരണമടഞ്ഞു. കൂറേ പേർ പട്ടിണി വ്രതം ആരംഭിച്ചെങ്കിലും സാമൂതിരി ചെവിക്കൊണ്ടില്ല. മുസ്ലീങ്ങളുടെ സ്വാധീനമയിരിക്കണം കാരണം. അങ്ങനെയും നിരവധി പേർ മരിക്കനിടയായപ്പോൾ ബാക്കിയുള്ളവർ വ്രതം നിർത്തി ആക്രമണത്തിനൊരുങ്ങി. അവരെയും പട്ടാളം വകവരുത്തി. ഈ സംഭവത്തിനു ശേഷം കൂറേ കാലം പൂജാദി കർമ്മങ്ങൾ ഇല്ലായിരുന്ന തളി ക്ഷേത്രത്തിൽ പിന്നീട് ശിവാങ്കൾ ആണ് പുന: പ്രതിഷ്ഠ നടത്തി പൂജാദി കർമ്മങ്ങൾ പുനരാരംഭിച്ചത്. ശിവാങ്കളിന്റെ നിർദ്ദേശപ്രകാരം കന്മതിൽ കെട്ടി തളിക്ഷേത്രവും കല്പടവുകൾ കെട്ടി ചിറയും സമൂതിരി പരിഷ്കരിച്ചു. അവിടന്നപ്പുറം നാട്ടുകാർക്കിടയിൽ നെടിയിരിപ്പു സ്വരൂപം സമൂതിരി എന്നറിയപ്പെട്ടു.[6]

പന്നിയൂർ ചൊവ്വരഗ്രാമങ്ങൾ തമ്മിലുണ്ടായിരുന്ന കൂർ മത്സരങ്ങൾ പ്രസിദ്ധമാണ്, [7] വൈഷ്ണവരായ പന്നിയൂർകാരും ശൈവരായ ശുകപുരംകാരും തമ്മിലുള്ള കിടമത്സരത്തിൽ യഥക്രമം ചാലൂക്യരും രാഷ്ട്രകൂടരും ഇവരെ പിന്താങ്ങിയിരുന്നതായും ഒടുവിൽ ഇത് വെള്ളാട്ടിരി- സാമൂതിരി മത്സരങ്ങളിൽ ചെന്നു കലാശിച്ചതായും ലോഗൻ അഭിപ്രായപ്പെടുന്നു. എന്നാൽ ഇതിനെ പിന്താങിയും എതിരായും അഭിപ്രായങ്ങളും തെളിവുകളും ഉണ്ട്. (വീരരാഘവ പട്ടയം, മണിപ്രവാളം എന്നീ കൃതികളിൽ ഈ കൂർ മത്സരം വിവരിക്കുന്നുണ്ട്)ഇങ്ങനെ രക്ഷകർ രണ്ടുപേർ രണ്ടു ചേരിയിലായപ്പോൾ ഗ്രാമങ്ങൾ തമ്മിലുണ്ടായ കിടമത്സരം വർദ്ധിച്ചു വന്നു. പാണ്ഡിത്യത്തിന്റെയും മറ്റും പേരിൽ നടന്ന മത്സരം ഈ കിടമത്സരത്തിന്റെ ബാക്കി പത്രമായാണ് ചില ചരിത്രകാരന്മാർ കാണുന്നത്. [8] ആഴ്വാഞ്ചേരി തമ്പ്രാക്കൾ ചോകിരത്തിന്റെയും (ചൊവ്വര)കൈപ്പഞ്ചേരി മനക്കാർ പന്നിയൂരിന്റെയും ആത്മീയാദ്ധ്യക്ഷന്മാരായിരുന്നു.

കേരളത്തിലെ എല്ല സഭാമഠങ്ങളുടേയും പ്രതിനിധികൾ ഇതിൽ പങ്കെടുത്തിരുന്നു. പയ്യൂർ മനയ്ക്കലെ പ്രധാനിയായിരുന്നു വിധി കർത്താക്കളിൽ പ്രമുഖൻ. മീമാംസ വ്യാകരണം, വേദാന്തം മുതലായ വിഷയങ്ങളിൽ ചർച്ചകൾ നടത്തുകയും വിധികർത്താക്കൾ തിരഞ്ഞെടുക്കുന്നവരെ ഏഴാം ദിവസം 'മാങ്ങാട്ടച്ചൻ' സദസ്സിനുമുൻപായി അറിയിക്കുകയും സാമൂതിരി പട്ടത്താനവും പാരിതോഷികങ്ങളും നൽകുകയും ചെയ്യുകയായിരുന്നു പതിവ്.

തളിയിൽ താനം ടിപ്പു സുൽത്താന്റെ ആക്രമണത്തൊടെ നിന്നു പോയി എങ്കിലും 1840 കളിൽ ശക്തൻ സാമൂതിരി അത്‌ പുനരുദ്ധരിപ്പിച്ചു. പിന്നീട്‌ കൂറ്റല്ലൂർ നമ്പൂതിരിമാർ അത്‌ 1934 വരെ നടത്തി വന്നു. ഇന്നും എല്ലാവർഷവും രേവതി പട്ടത്താനം ആഘോഷിച്ചുവരുന്നു.

രേവതീപട്ടത്താനം നേടുക എന്നത്‌ ഏതു പണ്ഡിതനും അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. മേൽപ്പത്തൂർ നാരായണ ഭട്ടതിരി പോലും ആറു പ്രാവശ്യം അർഹത നിഷേധിക്കപ്പെട്ടതിനു ശേഷമാണ്‌ ഇതു കരസ്ഥമാക്കിയത് . ഇങ്ങനെ പട്ടത്താനം ലഭിച്ചവരാണ്‌ ഉദ്ദണ്ഡനും കാക്കശ്ശേരിയും മറ്റും. ഇതിൽ പങ്കെടുക്കാനാണ്‌ ഉദ്ദണ്ഡൻ ആദ്യമായി കോഴിക്കോട്ടു വരുന്നതു തന്നെ [9]

ചടങ്ങുകൾ

[തിരുത്തുക]

തളിക്ഷേത്രത്തിലെ വാതിൽ മാടത്തിലെ ഇടവും വലവുമുള്ള ഉയർന്ന വിശാലമായ മാടത്തറകളിൽ വച്ചാണ് പട്ടത്താന മത്സരങ്ങൾ നടന്നുവനിരുന്നത്. ( ഇന്ന് കൂത്തിനും മറ്റുമാണ് ഇത് ഉപയോഗിക്കുന്നത്) തെക്കേ വാതിൽ മാടത്തിൽ തെക്കേ അറ്റത്ത് പ്രഭാകരമീമാംസയും അതിന്റെ വടക്ക് ഭാട്ടമീമാംസയും വടക്കേ വാതിൽമാടത്തിൽ വടക്കേ അറ്റത്ത് വ്യാകരണത്തിനും തെക്കു ഭാഗത്ത് വേദാന്തത്തിനും നാലു വിളക്ക് വച്ച വേദശാസ്ത്രവാദങ്ങൾ നടത്തിപ്പോന്നു.

“കോഴിക്കോട്ടേ തളിയിൽ തുലാഞായറ്റിൽ ഇരവതിപട്ടത്താനത്തിനവിൾകലം ഉണ്ടാകയാൽ താനം കൊള്ളുവാൻ തക്കവണ്ണം നാം കല്പിച്ചു, അതിന കൊല്ലം... ധനു... നു സഭ കോഴിക്കോട്ടെത്തുകയും വേണം”

എന്നീ പ്രകാരമുള്ള തിരുവെഴുത്തുകൾ സാമൂതിരി സഭായോഗങ്ങൾ, വൈദിക നമ്പൂതിരിമാർ, കോവിലകത്തെ തമ്പുരാക്കന്മാർ എന്നിവർക്കയക്കുന്നു. ക്ഷണിക്കപ്പെടാതെ ആരും പങ്കെടുക്കാറില്ല. ചില പ്രത്യേക സാഹചര്യങ്ങളിൽ പങ്കെറ്റുക്കാൻ സാധിക്കാത്തതിൽ മറുപടി അയക്കുകയും ചെയ്യാറുണ്ട്. (മാപ്പിള ലഹള ക്കാലത്ത്)

ചടങ്ങുകൾ

[തിരുത്തുക]

തളിയിൽ ‘കോയിമ്മ’യും മങ്ങാട്ടച്ചന്മാരും പേരൂർ നമ്പൂതിരിയും പേരകത്തു കോവിലും ചേർന്ന തളിയിൽ അറ തുറന്ന് നാലു വിളക്കെടുത്ത് തെക്കേ വാതിൽ മാടത്തിൽ തെക്കേയറ്റത്ത് പ്രഭാകരത്തിലേയ്ക്കും അതിനു വടക്കു ഭാട്ടത്തിലേയ്ക്കും വടക്കേ മാടത്തിൽ വടക്കേയറ്റത്തു വേദാന്തത്തിലേയ്ക്കും തെക്ക് വ്യാകരണത്തിലേയ്ക്കും വിളക്കുകൾ വയ്ക്കുന്നു. ഇങ്ങനെ വിളക്കു വച്ചുകഴിഞ്ഞാൽ ഭട്ടകളുടെ യോഗത്തിൽ നിന്നു പട്ടത്താനത്തിനു ചാർത്തിയവർ (തിരഞ്ഞെടുത്തവർ)ശാസ്ത്രവാദങ്ങൾ ആരംഭിക്കുന്നു.

ശാസ്ത്രവാദങ്ങൾ കഴിഞ്ഞാൽ ഭട്ടന്മാരെ തിരഞ്ഞെടുത്തിരിയ്ക്കും. കോവിലകം എഴുത്തുകാരൻ ഭട്ടതിരിമാരുടെ പേരെഴുതിയ ഓല മങ്ങാട് അച്ചനെ ഏല്പിക്കുന്നു. അഗ്രശാലയുടെ പടിഞ്ഞാറായി വച്ചിരിക്കുന്ന വിളക്കുകളുടെ മദ്ധ്യത്തിൽ പള്ളിപ്പലക വച്ച് സാമൂതിരി അതിൽ ഉപവിഷ്ടനാകുന്നു. തുടർന്ന് മങ്ങാട്ടച്ഛൻ തിർഞ്ഞെടുക്കപ്പെടുന്നവരുടെ പേർ വായിക്കുന്നു. കുമ്മിൽ ഇളേടത്തു നമ്പൂതിരി വിളക്കുമായി ഒരോരുത്തരെയും ക്ഷണിച്ചു കൊണ്ടുവരുകയും പരവതാനിവിരിച്ച് അതിൽ വച്ചിരിക്കുന്ന പീഠങ്ങളിൽ ഇരുത്തുകയും ചെയ്യുന്നു. തുടർന്ന് തേവാരി നമ്പൂതിരി തമ്പുരാന്റെ കയ്യിൽ വെറ്റില,പച്ചടക്ക, ചന്ദനപ്പൊതി, മുല്ലപ്പൂവ്, ചുരുൾ, കിഴി എന്നിവ കൊടുക്കുകയും തമ്പുരാൻ ഭട്ടന് ഇവ സമ്മനിക്കുകയും ഭട്ടൻ തമ്പുരാനെ അനുഗ്രഹിക്കുകയും ചെയ്യുന്നു. ഇതിന് ചുരുള കൊടുക്കുക എന്നാണ് പറയുക. ഒടുവിൽ വച്ചു നമസ്കാരക്കിഴിയും വച്ച് സാമൂതിരിയും മറ്റു ഇളയ തമ്പുരാക്കന്മാരും ഭട്ടന്മാരെ പ്രദക്ഷിണം ചെയ്ത് നമസ്കരിച്ച് പൾലിപ്പലകമേൽ ഇരിക്കുന്നതോടെ താനത്തിന്റെ ചടങ്ങുകൾ അവസാനിക്കുന്നു. [10]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-10-16. Retrieved 2006-12-13.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2007-10-01. Retrieved 2006-12-13.
  3. പി.എം., ജോസഫ് (1995). മലയാളത്തിലെ പരകീയ പദങ്ങൾ. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)
  4. എം.എൻ. നമ്പൂതിരി; സാമൂതിരിചരിത്രത്തിലെ കാണാപ്പുറങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള.
  5. 5.0 5.1 എ. ശ്രീധരമേനോൻ, കേരളചരിത്രശില്പികൾ (ചരിത്രം)ഏട് 86. 1988. സാഹിത്യപ്രവർത്തക സഹകരണ സംഘം, കോട്ടയം.
  6. കെ. ബാലകൃഷ്ണക്കുറുപ്പ്; കോഴിക്കോടിന്റെ ചരിത്രം - മിത്തുകളും യാഥാർഥ്യങ്ങളും.ഏട് 72, മാതൃഭൂമി പ്രിന്റ്റിങ് അൻറ് പബ്ലിഷിങ് കമ്പനി. കോഴിക്കോട് 2000.
  7. കെ.വി. കൃഷ്ണയ്യർ 1938, പ്രതിപാധിച്ചിരിക്കുന്നത്- എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള.
  8. എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, ഏട് 112, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള.
  9. കേരള സംസ്കാര ദർശനം. പ്രൊഫ. കിളിമാനൂർ വിശ്വംഭരൻ. ജുലൈ‌ 1990. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂർ, കേരള
  10. എം.എൻ. നമ്പൂതിരി; സാമൂതിരി ചരിത്രത്തിലെ കാണാപ്പുറങ്ങൾ, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം, കേരള.

വിശകലനം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രേവതി_പട്ടത്താനം&oldid=3789623" എന്ന താളിൽനിന്ന് ശേഖരിച്ചത്