Jump to content

യൂജിൻ ഡെലാക്രോയിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂജിൻ ഡെലാക്രോയിക്സ്
Eugène Delacroix (portrait by Nadar)
ജനനം
Ferdinand Victor Eugène Delacroix

26 April 1798
മരണം13 August 1863 (aged 65)
Paris, France
ദേശീയതFrench
അറിയപ്പെടുന്നത്Painting, Lithography
അറിയപ്പെടുന്ന കൃതി
Liberty Leading the People, 1830
പ്രസ്ഥാനംRomanticism

ഒരു ഫ്രഞ്ച് റൊമാന്റിക് ചിത്രകാരനായിരുന്നു യൂജിൻ ഡെലാക്രോയിക്സ്. 1798 ഏപ്രിൽ 26-ന് പാരിസിനടുത്ത് ഇദ്ദേഹം ജനിച്ചു. വിദ്യാഭ്യാസകാലത്ത് സംഗീതത്തിലായിരുന്നു കൂടുതൽ താത്പര്യമെങ്കിലും 1816-ൽ ചിത്രരചന പരിശീലിക്കാനാരംഭിച്ചു. ചിത്രകാരനായ പിയറി ഗുറീനോടൊപ്പമായിരുന്നു പഠനം. ആദ്യകാലത്ത് വരയാണോ എഴുത്താണോ തന്റെ മാധ്യമം എന്ന കാര്യത്തിൽ ഇദ്ദേഹത്തിന് വ്യക്തതയില്ലായിരുന്നു. എന്നാൽ തിയോഡോർ ഗെറികാൾട്ടിന്റെ കവൽറി ഓഫീസർ (1812) എന്ന ചിത്രം ഒരു ചിത്രകാരനാകണമെന്ന മോഹത്തെ ഇദ്ദേഹത്തിൽ ദൃഢമാക്കി. നൈരാശ്യവും സ്വാതന്ത്ര്യദാഹവും ക്രിയാത്മകതയും ഇഴചേർന്ന ആ ചിത്രത്തിന്റെ കാല്പനിക ഭാവതലം ഇദ്ദേഹത്തിന്റെ രചനകളിൽ എക്കാലവും നിഴലിക്കുകയും ചെയ്തു. നിയോക്ലാസിക് സങ്കേതത്തിലുള്ള ചിത്രരചനയ്ക്കായിരുന്നു ഇക്കാലത്ത് മുൻതൂക്കം. പ്രസിദ്ധ ചിത്രകാരനായിരുന്ന ഡേവിഡും പിൻഗാമികളും നെപ്പോളിയന്റെ സാഹസിക കൃത്യങ്ങളിൽ ആകൃഷ്ടരായിരുന്നു.

ഫ്രഞ്ച് റൊമാന്റിക് ചിത്രകല

[തിരുത്തുക]

ഫ്രഞ്ച് പാരമ്പര്യത്തിലധിഷ്ഠിതമായ ക്രമവും സുതാര്യതയും ഡെലാക്രോയിക്സിന്റെ ചിത്രരചനയിൽ പ്രാരംഭം മുതൽക്കു തന്നെ പ്രകടമായിരുന്നു. 1822-ലെ സലോൺ പ്രദർശനമേളയിൽ അവതരിപ്പിച്ച ഡാന്റെ ആൻഡ് വിർജിൽ ഇൻ ദി ഇൻഫേണൽ റീജിയൺസ്' 19-ആം നൂറ്റാണ്ടിലെ ഫ്രെഞ്ച് റൊമാന്റിക് ചിത്രകലയുടെ പാതയിൽ ഒരു നാഴികക്കല്ലായി മാറി. നെപ്പോളിയന്റെ യുദ്ധരംഗത്തുള്ള വിജയങ്ങളെത്തുടർന്ന് നാട്ടിലേക്ക് പ്രവഹിച്ച ഇറ്റാലിയൻ-ഡച്ച്-ഫ്ലെമിഷ് ക്ലാസിക്കൽ ചിത്രങ്ങൾ വിശദമായി പഠിച്ചശേഷമാണ് ഡെലാക്രോയിക്സ് സ്വന്തം ശൈലി രൂപപ്പെടുത്തിയത്. മൈക്കലാഞ്ചലോയുടേയും റൂബെൻസിന്റേയും സ്വാധീനം ഇദ്ദഹത്തിന്റെ രചനകളിൽ കാണാം. സമകാലികരായ ചിത്രകാരന്മാരിൽ തിയഡോർ ഗെരികോൾട്ടും ഒരു സ്വാധീനകേന്ദ്രമായിരുന്നു.

ചിത്രരചനയ്ക്കുള്ള വിഷയങ്ങൾ

[തിരുത്തുക]

ചിത്രരചനയ്ക്കുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കുമ്പോൾ റൊമാന്റിക് കവികൾക്കാണ് ഡെലാക്രോയിക്സ് കൂടുതൽ പ്രാധാന്യം കൽപിച്ചത്. ദാന്തെയുടേയും ഷെയ്ക്സ്പിയറുടേയും കൃതികളിലെ രംഗങ്ങൾ അദ്ദേഹം ക്യാൻവാസിലേക്കു പകർത്തി. തുർക്കികൾക്കെതിരെ ഗ്രീക്കുകാർ നടത്തിയ മുന്നേറ്റത്തെ ചിത്രീകരിക്കുന്ന മാസക്കർ അറ്റ് കിയോസ് 1824-ൽ പ്രദർശിപ്പിച്ചു.

ഇംഗ്ലണ്ട് സന്ദർശനം

[തിരുത്തുക]

1825-ൽ ഇംഗ്ലണ്ട് സന്ദർശിച്ച ഡെലാക്രോയിക്സ് രചിച്ച ബാരൺ ഷ്വിറ്ററുടെ പോർട്രെയ്റ്റ് ലണ്ടനിലെ നാഷണൽ ഗാലറിയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിലെ മധ്യകാല കലാസൃഷ്ടികളെക്കുറിച്ച് ഇദ്ദേഹം വിശദമായ പഠനങ്ങൾ നടത്തി. അടിമകളും സ്ത്രീകളും ആടയാഭരണങ്ങളും കൂടിക്കലർന്ന ഡെത്ത് ഒഫ് സർദാനാ പാലസ് (1827) എന്ന ചിത്രത്തിന്റെ പ്രമേയം ബൈറണിൽ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്. 1830-ൽ രചിച്ച ലിബർട്ടി ഗൈഡിങ് ദ് പീപ്പിൾ എന്ന ചിത്രത്തിൽ അലിഗറിയും റിയലിസവും സംയോജിപ്പിച്ചിരിക്കുന്നു.

അൾജീരിയ, സ്പെയിൻ, മൊറൊക്കോ സന്ദർശനം

[തിരുത്തുക]

1832-ൽ അൾജീരിയ, സ്പെയിൻ, മൊറൊക്കോ എന്നീ രാജ്യങ്ങൾ സന്ദർശിച്ചതിനുശേഷം ഡെലാക്രോയിക്സ് രചിച്ച അൾജീരിയൻ വിമൻ എന്ന ചിത്രം ഏറെ ശ്രദ്ധേയമായി. ഇക്കാലത്ത് ലക്സംബർഗിലെ ലൈബ്രറി ഉൾപ്പെടെ അനേകം മന്ദിരങ്ങളുടെ ചിത്രാലങ്കാരപ്പണി ഇദ്ദേഹം ഏറ്റെടുക്കുകയുണ്ടായി. എന്റി ഒഫ് ദ് ക്രൂസേഡേഴ്സ് ഇന്റു കോൺസ്റ്റാന്റിനോപ്പിൾ പോലെയുള്ള പല മികച്ച ചിത്രരചനകളും ഡെലാക്രോയിക്സിന്റെ പ്രശസ്തി വർധിപ്പിച്ചു.

കാല്പനിക ചിത്രകലാ പ്രസ്ഥാനം

[തിരുത്തുക]

19-ആം നൂറ്റാണ്ടിലെ കാല്പനിക ചിത്രകലാ പ്രസ്ഥാനത്തിന്റെ മുൻനിരക്കാരിലൊരാളായിരുന്നു ഡെലാക്രോയിക്സ്. ഇംപ്രഷനിസ്റ്റു പ്രസ്ഥാനത്തിന് വഴിയൊരുക്കിയവരുടെ കൂട്ടത്തിലും ഇദ്ദേഹത്തെ ഉൾപ്പെടുത്താവുന്നതാണ്. ചിത്രകാരനെന്നതിനു പുറമെ ഇദ്ദേഹം മികച്ചൊരു എഴുത്തുകാരനുമായിരുന്നു. ജേണൽ എന്ന അദ്ദേഹത്തിന്റെ പ്രസിദ്ധീകരണം തന്നെ ഒരുദാഹരണം. ഇതിനു പുറമേ നാലു വാല്യങ്ങളിലായി അദ്ദേഹത്തിന്റെ കത്തുകളും ലേഖനങ്ങളും സമാഹരിച്ചിട്ടുണ്ട്. 1863 ഓഗസ്റ്റ് 13-ന് ഡെലാക്രോയിക്സ് പാരിസിൽ അന്തരിച്ചു.

ഡെലാക്രോയിക്സിന്റെ ചിത്രങ്ങൾ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ഡെലാക്രോയിക്സ്, യൂജിൻ (1798 - 1863) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=യൂജിൻ_ഡെലാക്രോയിക്സ്&oldid=3261667" എന്ന താളിൽനിന്ന് ശേഖരിച്ചത്