യുക്തിവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

യുക്തിവാദം എന്നതും വളരെ ചുരുക്കത്തിൽ പറഞ്ഞാൽ ഇത്  തത്വശാസ്ത്രത്തിന്റെ  ഉള്ള ഒരു വീക്ഷണമാണ് ."Rationalism is the philosophical view that knowledge is acquired through reason" [1]

യുക്തി അധിഷ്ടിതമായ ഒരു ചിന്താരീതിയാണ് യുക്തിവാദം (Rationalism). അന്തഃപ്രജ്ഞയുടെ സഹായമില്ലാതെ വസ്തുനിഷ്ഠമായി അറിവിനെ വിശകലം ചെയ്ത് സത്യം കണ്ടെത്താൻ ശ്രമിക്കുന്ന ചിന്താ രീതിയെ യുക്തിചിന്ത എന്ന് പറയുന്നു. അന്തഃപ്രജ്ഞയെ (intuition) സമ്പൂർണ്ണമായി ത്യജിക്കുന്ന രീതിയെ തീവ്രയുക്തിവാദം എന്നും, അന്തഃപ്രജ്ഞയ്ക്ക് താരതമ്യേന പ്രാധാന്യം കുറച്ചു നൽകുന്ന രീതിയെ മിതയുക്തിവാദമെന്നും പറയുന്നു. യുക്തിവാദത്തിൽ വിശ്വസിക്കുന്നവരെ യുക്തിവാദികൾ എന്നു പൊതുവേ പറയുന്നു. യുക്തിവാദികൾ പലരും നിരീശ്വരവാദികൾ ആവാമെങ്കിലും യുക്തിവാദവും നിരീശ്വരവാദവും രണ്ടും രണ്ടാണ്. എല്ലാ വിശ്വാസങ്ങളെയും സന്ദേഹത്തോടെ (skepticism) വീക്ഷിക്കുകയും ഇന്ദ്രിയങ്ങളിൽ നിന്ന് നമുക്കു നേരിട്ടുകിട്ടുന്ന അനുഭവങ്ങളും, ചിന്ത, അറിവ്, ബുദ്ധി (intellect) എന്നിവ ഉപയോഗിച്ചു വിശകലനം ചെയ്തു സത്യം കണ്ടെത്താൻ ശ്രമിക്കുന്ന ഒരു രീതിയാണിത്‌. പുരാതന ഭാരതത്തിൽ നില നിന്നിരുന്ന ഒരു യുക്തിവാദ ചിന്താധാരയാണ് ചർവാകദർശനം.

ജ്ഞാനോദയകാലത്തിന്റെ തുടക്കത്തിനു ശേഷം ഗണിതശാസ്ത്ര വിശകലന രീതികൾ തത്ത്വശാസ്ത്രത്തിൽ ഉപയോഗിച്ചു തുടങ്ങിയത് സ്പിനോസ, ദെക്കാർത്ത്, ലെയ്ബ്നിസ് എന്നീ ചിന്തകരാണ്‌. ഇവർ അവലംബിച്ച രീതികൾ യുക്തിവാദത്തിന്റെ ശാസ്ത്രീയതക്ക് ഒരു മുതൽക്കൂട്ടായി[1]. മെയിൻലാന്ഡ് യൂറോപ്പിൽ ഉത്ഭവിച്ചത് കൊണ്ട് ഇതിനെ കോണ്ടിനെന്റൽ റേഷണലിസം (continental rationalism) എന്ന് വിളിക്കപ്പെടുന്നു. ഇതിൽ നിന്ന് വ്യത്യസ്തമായി ബ്രിട്ടനിലെ തത്ത്വചിന്തകർ അനുഭവവാദത്തിനാണ് (empiricism) കൂടുതൽ പ്രാധ്യാന്യം നൽകിയത്. അനുഭവമാണ് സകല വിജ്ഞാനത്തിന്റെയും ഹേതു എന്നും അനുഭവം വഴിയല്ലാതെ വിജ്ഞാനം നേടാൻ കഴിയില്ല എന്ന് അനുഭവവാദികൾ വാദിക്കുന്നു. മറിച്ചു യുക്തിവാദികൾ അനുഭവം വഴി നേടുന്ന അറിവ് പരിമിതമാണെന്നും, അനുഭവം മാത്രമല്ല അറിവിന്റെ സ്രോതസ്സ് യാഥാർത്ഥ്യത്തിന്റെ ഘടന യുക്തിയിൽ അധിഷ്ടിതമാണെന്നും യുക്തി ഉപയോഗിച്ച് യാഥാർത്ഥ്യത്തിനെ അറിയാൻ കഴിയുമെന്നും വിശ്വസിക്കുന്നു. ഇതാണ് യുക്തിവാദവും അനുഭവവാദവും തമ്മിൽ ഉള്ള പ്രധാന വ്യത്യാസം. [2] എന്നിരുന്നാലും ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്, ആധുനിക തത്ത്വശാസ്ത്രജ്ഞരിൽ പലരും ഈ രണ്ടു തത്ത്വങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്നു. സ്പിനോസയും, ലെയ്ബ്നിസും അനുഭവത്തിൽ നിന്ന് ഉണ്ടാവുന്ന അറിവിൽ ബുദ്ധിയുടെ പ്രവൃത്തികൊണ്ട് പുതിയ അറിവുകൾ ഉണ്ടാക്കാൻ സാധിക്കും (derived knowledge) എന്ന് വാദിച്ചിരുന്നു, എന്നാലും ഇത് പ്രായോഗിക വിജ്ഞാനത്തിനു ബാധകമല്ല എന്നും ഗണിത ശാസ്ത്രം പോലെയുള്ള വിജ്ഞാനതരംഗങ്ങളിൽ മാത്രമേ ഇത് സാധ്യമാകൂ എന്ന് സമ്മതിച്ചിരുന്നു.

രാഷ്ട്രീയവും യുക്തിവാദവും[തിരുത്തുക]

സുപ്രസിദ്ധ തത്ത്വശാസ്ത്രജ്ഞനും രാഷ്ട്രീയ താത്വികനുമായ ശ്രീ മൈക്കൽ ഓക്ക്ഷോട്ട് റേഷണലിസം ഇൻ പൊളിറ്റിക്സ് എന്ന ലേഖനത്തിൽ യുക്തിപരമായ ചിന്ത എല്ലാ രാഷ്ട്രീയ നിലപാടുകളിലും ഒരു പോലെ ബാധകമായ ഘടകമാണെന്നും, പക്ഷെ യുക്തിവാദത്തിന്റെ ചില അടിസ്ഥാന ആശയങ്ങൾ രാഷ്ട്രീയത്തിൽ അപ്രായോഗികമാണെന്നും വാദിച്ചു. [3]

യുക്തിവാദം കേരളത്തിൽ[തിരുത്തുക]

യുക്തിവാദം പിന്തുടരുന്നവരുടെ അനേകം കൂട്ടായ്മകൾ കേരളത്തിൽ നിലവിവുണ്ട്. കേരള യുക്തിവാദി സംഘം, ഭാരതീയ യുക്തിവാദി സംഘം, സ്വതന്ത്രചിന്തകർ ഇവ അവയിൽ ചിലതാണ്. സഹോദരൻ അയ്യപ്പൻ, പവനൻ, ജോസഫ് ഇടമറുക്, എ.ടി. കോവൂർ, എം.സി. ജോസഫ്, കുറ്റിപ്പുഴ കൃഷ്ണപ്പിള്ള തുടങ്ങിയവർ കേരളത്തിലെ പ്രമുഖ യുക്തിവാദികൾ ആയിരുന്നു.[4]

അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയരായ കേരളീയരായ യുക്തിവാദികളാണ് സനൽ ഇടമറുക്,[5] മനോജ് ജോൺ[6] എന്നിവർ. സനൽ ഇടമറുക് ഫിൻലാൻഡ് ആസ്ഥാനമായ റാഷണലിസ്റ്റ് ഇൻറർനാഷണലിൻറെ പ്രസിഡന്റ് ആണ്. വിവിധ രാജ്യങ്ങളിലെ യുക്തിവാദി സംഘടനകളുടെ ഫെഡറേഷനും ഐക്യരാഷ്ട്ര സഭയിൽ ഉപദേശക പദിവിയുള്ള സന്നദ്ധ സംഘടനയുമായ യു.എസ്. ആസ്ഥാനമായ എതീസ്റ്റ് അലയൻസ് ഇൻറനാഷണലിൻറെ ഡയറക്ടർ ആണ് മനോജ് ജോൺ.[7] വൈശാഖൻ തമ്പി, യു. കലാനാഥൻ, സി. രവിചന്ദ്രൻ, ഇ.എ. ജബ്ബാർ, മൈത്രേയൻ, മനുജാ മൈത്രി, ജാമിത ടീച്ചർ തുടങ്ങിയവർ കേരളത്തിൽ അറിയപ്പെടുന്ന യുക്തിവാദികൾ ആണ്‌.

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Bourke, Vernon J., "Rationalism", p. 263 in Runes (1962)
  2. http://plato.stanford.edu/entries/rationalism-empiricism
  3. Oakeshott, Michael,"Rationalism in Politics," The Cambridge Journal 1947
  4. "കേരളയുക്തിവാദി". മൂലതാളിൽ നിന്നും 2017-01-15-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-08-17.
  5. "Wayback Machine". 2001-02-02. ശേഖരിച്ചത് 2020-11-20. Cite uses generic title (help)
  6. "Who We Are" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-20.
  7. "മനോജ് ജോൺ അന്താരാഷ്ട്ര യുക്തിവാദി ഫെഡറേഷനിൽ" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-20.
"https://ml.wikipedia.org/w/index.php?title=യുക്തിവാദം&oldid=3649666" എന്ന താളിൽനിന്ന് ശേഖരിച്ചത്