അന്തഃപ്രജ്ഞ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

യാഥാർഥ്യത്തെക്കുറിച്ച് അവ്യവഹിതമായി ലഭിക്കുന്ന അറിവാണ് അന്തഃപ്രജ്ഞ. അനുമാനം, ന്യായവാദം എന്നിവയെ ആശ്രയിക്കാതെ, പെട്ടെന്ന് നേരിട്ടു ലഭിക്കുന്ന അറിവ് അവ്യവഹിതമാണ്. പ്രവചനം നടത്താനും പ്രത്യേക സൂചന നൽകുവാനും ഉള്ള മനുഷ്യമനസ്സിന്റെ, അസാധാരണമായ ഒരു കഴിവായി അന്തഃപ്രജ്ഞയെ പൊതുവേ വ്യാഖ്യാനിക്കപ്പെടുന്നു. ഈശ്വരൻ, ഈശ്വരാസ്തിത്വം തുടങ്ങിയഅനിർവചനീയങ്ങളായ വിഷയങ്ങളെക്കുറിച്ചുള്ള ജ്ഞാനം ഉൾക്കൊള്ളുന്ന പ്രജ്ഞയേയും നന്മ, സൌന്ദര്യം തുടങ്ങിയ സാർവലൌകിക പ്രതിമാനങ്ങൾ ഉൾക്കൊള്ളുന്ന പ്രജ്ഞയേയും അന്തഃപ്രജ്ഞയെന്ന് ചില ദാർശനികർ വ്യവഹരിക്കുന്നു.

ദർശനം[തിരുത്തുക]

ഭാരതീയ ദർശനങ്ങളിലും പാശ്ചാത്യദർശനങ്ങളിലും അന്തഃപ്രജ്ഞയ്ക്ക് ഉയർന്ന സ്ഥാനമാണ് ഉള്ളത്. ഭാരതീയ തത്ത്വചിന്തയുടെ പേരുതന്നെ ദർശനം എന്നാണ്. സത്യം നേരിട്ടു കാണുക അല്ലെങ്കിൽ അറിയുക എന്നതാണ് ഇതിന്നർഥം. വേദോപനിഷത്തുകളിലും ആറ് ആസ്തികദർശനങ്ങളിലും രണ്ട് നാസ്തികദർശനങ്ങളിലും അന്തഃപ്രജ്ഞയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ജൈനമതത്തിൽ അന്തഃപ്രജ്ഞാജ്ഞാനത്തെ മൂന്നുവിധത്തിൽ തരംതിരിച്ചിരിക്കുന്നു: അവധി, മനഃപര്യയം, കേവലജ്ജാനം. ഇതിൽ കേവലജ്ജാനം, ദേശകാലഭേദങ്ങൾക്ക് അതീതമാണ്. ബുദ്ധമതത്തിലെ നിർവാണമെന്ന അനിർവചനീയാവസ്ഥ അന്തഃപ്രജ്ഞയിൽകൂടി മാത്രമേ അറിയുവാൻ സാധിക്കൂ. അദ്വൈത വേദാന്തത്തിൽ ഏറ്റവും ഉയർന്ന സ്ഥാനമുള്ള ശ്രുതി, ഋഷിമാരുടെ അന്തഃപ്രജ്ഞാജ്ഞാനമാണ്. പ്രവാചകർ, മഹർഷിമാർ, ആചാര്യൻമാർ തുടങ്ങിയവർക്ക് ഈശ്വരനെക്കുറിച്ച് ലഭിക്കുന്ന അറിവ് അന്തഃപ്രജ്ഞയിൽകൂടിയാണെന്ന് ഖുർ-ആനും സിദ്ധാന്തിക്കുന്നു.

വിവിധചിന്തകൾ[തിരുത്തുക]

പ്ലേറ്റോണിക് ചിന്തയിലും അരിസ്റ്റോട്ടലിന്റെ ദർശനത്തിലും അന്തഃപ്രജ്ഞയ്ക്ക് പ്രധാനസ്ഥാനം നല്കിയിട്ടുണ്ട്. സ്വതഃപ്രാമാണ്യങ്ങളായ (Axiomatic) തത്ത്വങ്ങൾ അന്തഃപ്രജ്ഞവഴി ലഭിക്കുന്നവയാണെന്ന് ദെക്കാർത് പ്രസ്താവിക്കുന്നു. അറിവിനുള്ള മൂന്നാമത്തെ മാർഗ്ഗമെന്നാണ് അന്തഃപ്രജ്ഞയെക്കുറിച്ച് സ്പിനോസ പറഞ്ഞിട്ടുള്ളത്. അന്തഃപ്രജ്ഞയെ അനുഭവസാപേക്ഷമെന്നും അനുഭവനിരപേക്ഷമെന്നും ഇമ്മാനുവേൽ കാന്റ് രണ്ടായി തരംതിരിക്കുന്നു. ഫിക്ടെയുടെ അഭിപ്രായത്തിൽ അഹ(Ego)ത്തെക്കുറിച്ചുള്ള ജ്ഞാനം ബുദ്ധിപരമായ അന്തഃപ്രജ്ഞയിൽകൂടിയാണ് ലഭിക്കുന്നത്. പരമതത്ത്വത്തെക്കുറിച്ച് അറിയുന്നതിനുള്ള മാധ്യമമാണ് അന്തഃപ്രജ്ഞ എന്ന് ഷെല്ലിങ് സിദ്ധാന്തിക്കുന്നു. യുക്തിവഴി ലഭിക്കുന്ന ജ്ഞാനത്തിനു പുറമേ, ഇന്ദ്രിയാനുഭവങ്ങളിൽ അധിഷ്ഠിതമല്ലാത്ത മനസ്സിന്റെ പ്രത്യേകമായ കഴിവുകൊണ്ട് പെട്ടെന്ന് ലഭിക്കുന്ന അറിവിനെയാണ് തത്ത്വദർശനത്തിൽ അന്തഃപ്രജ്ഞകൊണ്ടുദ്ദേശിക്കുന്നത്. ഇത് ഒരുതരം ദിവ്യാനുഭവവാദമാണ്. ഹെന്റി ബർഗ്സൺ, ലോസ്കി തുടങ്ങിയവരാണ് ഇതിന്റെ പ്രധാന പ്രയോക്താക്കൾ. നിയോതോമിസ്റ്റ് ചിന്തയിലും അന്തഃപ്രജ്ഞയെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്.

അന്തഃപ്രജ്ഞാവാദം[തിരുത്തുക]

(Intuitionism).

സത്യാന്വേഷണത്തിൽ അന്തഃപ്രജ്ഞയെ മുഖ്യോപാധിയായി സ്വീകരിച്ചുകൊണ്ടുള്ള സിദ്ധാന്തം. മധ്യകാല സ്കളൊസ്റ്റിക്ക് ചിന്തയിൽ നിന്നാണ് അന്തഃപ്രജ്ഞാവാദത്തിന്റെ ഉദ്ഭവം. ഇത് പ്രയോജനവാദത്തിനെതിരാണ് (pragmatism). മുഖ്യമായി തത്ത്വദർശനത്തിലും നീതിശാസ്ത്രത്തിലും ആണ് ഈ സിദ്ധാന്തത്തെ അംഗീകരിച്ചിട്ടുള്ളത്. ഷാഫ്റ്റ്സ്ബറിയാണ് നീതിശാസ്ത്രത്തിൽ അന്തഃപ്രജ്ഞാവാദത്തിന്റെ ഉപജ്ഞാതാവ്. അദ്ദേഹത്തിന്റെ സിദ്ധാന്തത്തെ പതിനെട്ടാം നൂറ്റാണ്ടിൽ ബട്ലർ ഓ. ഹച്ചിസൺ കൂടുതൽ പരിപുഷ്ടമാക്കി. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ധാർമികവിധി-പ്രസ്താവനകളുടെ പരമാധികാരി മനസാക്ഷിയാണ്. സ്വതഃസിദ്ധമായ ധാർമികബോധം (Moral sense)കൊണ്ടാണ് നമ്മൾ തെറ്റും ശരിയും മനസ്സിലാക്കുന്നത് എന്ന് ഹച്ചിസൺ വാദിക്കുന്നു. പഞ്ചേന്ദ്രിയങ്ങൾകൊണ്ട് ഓരോ വസ്തുവിന്റേയും ഗുണവിശേഷങ്ങൾ മനസ്സിലാക്കുന്നതുപോലെ ആന്തരികപ്രേരണകൊണ്ട് നന്മ-തിന്മകൾ മനസ്സിലാക്കുന്നു. ഈ സിദ്ധാന്തം പലരും സ്വീകരിച്ചു. ആധുനിക നീതിശാസ്ത്രത്തിൽ പ്രത്യേകിച്ച് ബ്രിട്ടനിൽ ഇതിന് പ്രചാരം ലഭിച്ചു. ജോർജ് മൂർ, ചാർലി ബ്രോഡ്, ഡേവിഡ് റോസ്, ആൽഫ്രഡ് ഇവിങ് തുടങ്ങിയവരാണ് ഇതിന്റെ പ്രയോക്താക്കൾ. അന്തഃപ്രജ്ഞ വഴി ലഭിച്ച ചില തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് നീതിശാസ്ത്രം ചുമതലകൾ നിശ്ചയിക്കുന്നത്. അല്ലാതെ മനുഷ്യൻ, സമൂഹം, പ്രകൃതി എന്നിവയെക്കുറിച്ചുള്ള അറിവിൽനിന്നല്ല എന്ന് ഇക്കൂട്ടർ വാദിക്കുന്നു. ഈ തത്ത്വങ്ങൾ സ്വതഃപ്രാമാണ്യങ്ങളാണെന്ന് ഫലനിരപേക്ഷതാവാദികൾ (Deontologists) അഭിപ്രായപ്പെട്ടു. ധാർമികമൂല്യങ്ങളെക്കുറിച്ചോ തത്ത്വങ്ങളെക്കുറിച്ചോ പെട്ടെന്നുള്ള അവബോധത്തെയാണ് നീതിശാസ്ത്രത്തിൽ അന്തഃപ്രജ്ഞകൊണ്ടുദ്ദേശിക്കുന്നത്.

ശാസ്ത്രീയ കണ്ടുപിടിത്തങ്ങൾക്കാധാരമായ പരീക്ഷണ നിരീക്ഷണങ്ങളിൽ ചില നിർണായകഘട്ടങ്ങളിൽ അന്തഃപ്രജ്ഞ പ്രവർത്തിക്കാറുണ്ടെന്ന് ചിലർ കരുതുന്നു.

പുറംകണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്തഃപ്രജ്ഞ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അന്തഃപ്രജ്ഞ&oldid=3623051" എന്ന താളിൽനിന്ന് ശേഖരിച്ചത്