മുസ്‌ലിം വ്യക്തി നിയമം 1937

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇന്ത്യയിലെ മുസ്‌ലിംകളുടെ വിവാഹം, പിന്തുടർച്ചാവകാശം, അനന്തരാവകാശം, ദാനധർമ്മങ്ങൾ എന്നിവയെ നിയമപരമായി നിയന്ത്രിക്കുന്ന നിയമമാണ് മുസ്‌ലിം പെർസണൽ ലോ (ശരീഅത്ത്) അപ്ലിക്കേഷൻ ആക്റ്റ്, 1937 എന്ന മുസ്‌ലിം വ്യക്തിനിയമം[1]. മുസ്‌ലിം സ്ത്രീകളുടെ വിവാഹമോചനം സാധ്യമാക്കുന്നതിനായി[2] 1939-ൽ മുസ്‌ലിം വിവാഹമോചന നിയമം നിലവിൽ വന്നു[3]. ഗോവയിൽ ഒഴികെ എല്ലാ ഇന്ത്യൻ ഭൂപ്രദേശങ്ങളിലും ഈ നിയമം പ്രാബല്യത്തിലിരിക്കുന്നു. 1954-ലെ സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം വിവാഹിതരായ മുസ്ലീങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് ഈ നിയമങ്ങൾ ബാധകമല്ല.

ചരിത്രം[തിരുത്തുക]

ഇന്ത്യൻ ഉപദ്വീപിൽ 1206 വരെ മുസ്ലീം വ്യക്തിനിയമം ക്രോഡീകരിക്കപ്പെട്ടതായി തെളിവുകളൊന്നുമില്ല. മുസ്‌ലിംകളായ മംലൂക്കുകൾ (1206 - 1290), ഖിൽജി രാജവംശം (1290 - 1321), തുഗ്ലക്ക് രാജവംശം (1321 - 1413), ലോധി രാജവംശം (1451 - 1526), സുർ രാജവംശം (1539 - 1555) എന്നീ കാലങ്ങളിലൊക്കെ പണ്ഡിതന്മാരുടെ മേൽനോട്ടത്തിലെ കോടതികൾ വഴി മുസ്‌ലിംകൾക്കിടയിലെ തർക്കങ്ങളും മറ്റും പരിഹരിച്ചുവന്നു[4]. ഷേർ ഷാ സൂരിയുടെ കാലത്ത് നിലവിലുള്ള നിയമങ്ങൾ പരിശോധിക്കുകയും ആവശ്യമായ പരിഷ്കരണങ്ങൾ വരുത്തുകയും ചെയ്തു[4].

മുഗൾ രാജാക്കന്മാരായ ബാബറിന്റെയും ഹുമയൂണിന്റെയും ഭരണകാലത്ത് മുമ്പത്തെ നിയമങ്ങൾ പിന്തുടരുകയും മതപണ്ഡിതർക്ക് നിയമപരമായ തീരുമാനങ്ങളിൽ ഗണ്യമായ സ്വാധീനമുണ്ടാവുകയും ചെയ്തു. അക്ബറിന്റെ ഭരണകാലത്ത് മതപണ്ഡിതരുടെ അധികാരം കുറയുകയും യാഥാസ്ഥിതിക സുന്നി ധാരയുടെ ശക്തി ക്ഷയിക്കുകയും ചെയ്തു. ജഹാംഗീറിൻറെ ഭരണകാലത്ത് ചക്രവർത്തിയുടെ അനുമതിയില്ലാതെ മൂക്കും ചെവിയും മുറിക്കാനും വധശിക്ഷ നൽകാനും കഴിയുമായിരുന്നില്ല. ഔറംഗസേബിന്റെ കാലത്താണ് ഇസ്‌ലാമിക നിയമങ്ങളുടെ ഒരു ക്രോഡീകരണത്തിന് തുടക്കമാവുന്നത്.[4]

ഈസ്റ്റ് ഇന്ത്യ കമ്പനി[തിരുത്തുക]

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഭരണകാലത്ത് മുസ്‌ലിംകൾക്ക് മുസ്‌ലിം നിയമപ്രകാരം തീർപ്പുകൾ നൽകപ്പെട്ടുവന്നു. 1772-ലെ റെഗുലേഷൻ 11 പ്രകാരം ഇത് നിയമമായി മാറി[4]. എന്നാൽ ഏതെങ്കിലും മുസ്‌ലിം കക്ഷികൾക്ക് താല്പര്യമുണ്ടെങ്കിൽ തങ്ങളുടെ തർക്കങ്ങൾ ഹിന്ദു ശാസ്ത്രങ്ങൾ പ്രകാരവും തീർക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു[അവലംബം ആവശ്യമാണ്].

അനന്തരാവകാശം, പിന്തുടർച്ച, വിവാഹം, ജാതി, മറ്റു മതസംബന്ധിയായ കാര്യങ്ങളും സ്ഥാപനങ്ങളും എന്നിവ സംബന്ധിച്ച എല്ലാ വ്യവഹാരങ്ങളിലും മുസ്‌ലിംകൾക്ക് ഖുർആനിക നിയമങ്ങൾ ബാധകമായിരിക്കും. ജെന്റൂസിന് (ഹിന്ദുക്കൾക്ക്) ശാസ്ത്ര അടിസ്ഥാനമാക്കിയാണ് വിധികൾ നടപ്പാക്കുക.

1822 -ൽ പ്രിവി കൌൺസിൽ അംഗീകരിച്ചത് പ്രകാരം ഷിയാ മുസ്‌ലിംകൾക്ക് അവരുടെ സ്വന്തം നിയമം പാലിക്കനുള്ള അവകാശം ലഭിക്കുകയുണ്ടായി.

അവലംബം[തിരുത്തുക]

  1. Rooychowdhary, Arija (4 May 2016). "Shariat and Muslim Personal Law: All your questions answered". The Indian Express. Indian Express. Archived from the original on 11 December 2017. Retrieved 1 December 2017.
  2. "the Dissolution of Muslim Marriages Act, 1939". indiankanoon.org. Archived from the original on 2019-09-26. Retrieved 2017-12-01.
  3. "Maintenance for Muslim women". The Hindu. 2000-08-07. Archived from the original on 26 November 2016. Retrieved 1 December 2017.
  4. 4.0 4.1 4.2 4.3 Rahiman, Abdul, K.K. "History of the Evolution of Muslim Personal Law in India" (PDF). Journal of Dharma: Dharmaram Journal of Religions and Philosophies. Archived from the original (PDF) on 23 November 2018. Retrieved 1 December 2017.{{cite web}}: CS1 maint: multiple names: authors list (link)