മുസിരിസ് പൈതൃകസംരക്ഷണപദ്ധതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

മുസിരിസ് എന്ന പഴയകാല തുറമുഖനഗരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് തുടങ്ങിയ പൈതൃകസംരക്ഷണ പദ്ധതിയാണ് മുസിരിസ് പൈതൃകസംരക്ഷണപദ്ധതി. ഇന്ത്യയിലെ ഏറ്റവും വലിയ പൈതൃക സംരക്ഷണപദ്ധതിയായാണിത്. എറണാകുളം ജില്ലയിലെ പറവൂർ മുതൽ തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ വരെയുള്ള പ്രദേശങ്ങളാണ് പദ്ധതിയുടെ പരിഗണനയിൽ വരുന്ന പ്രധാന ഇടങ്ങൾ. കേരള സർക്കാരിന്റെ ആദ്യ ഹരിതപദ്ധതി എന്ന സവിശേഷതയും ഇതിനുണ്ട്. കേരള ടൂറിസം വകുപ്പിനാണ് പദ്ധതിയുടെ ചുമതല. നിരവധി സർക്കാർ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചാണ് പദ്ധതി മുന്നോട്ടുപോകുന്നത്. നാല്പതു കോടി രൂപ വകയിരുത്തിയിട്ടുള്ള ഈ പദ്ധതി സർക്കാരിൻ്റെ ടൂ റിസം വകുപ്പും ധനകാര്യവകുപ്പും ചേർന്നാണ് നടത്തുന്നത്. പട്ടണത്തു നടന്ന ഖനന ഗവേഷണം തന്നെയാണ് പദ്ധതിയുടെ തുടക്കത്തിനു കാരണം. കൊടുങ്ങല്ലൂർ പ റവൂർ പ്രദേശങ്ങളെ ഒന്നിച്ചെടുത്ത് ചരിത്രസ്മാരകങ്ങൾ സംരക്ഷിക്കുകയും വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് പ്രഖ്യാപിത ലക്ഷ്യം. 2007 ലും 2008 ലും കെ.സി. എച്ച്. ആർ. ആാണ് പട്ടണത്തിൽ ഉദ്ഖനനം ഏറ്റെടുത്തു നടത്തുകയും അതിനെ കൃത്യമായ ചട്ടക്കൂടുള്ള പദ്ധതിയായി മാറ്റുകയും ചെയ്തത്.[1]

വടക്ക് മതിലകം, തെക്ക് വടക്കൻ പറവൂർ, കിഴക്ക് ചേന്ദമംഗലം-കൃഷ്ണങ്കോട്ട, പടിഞ്ഞാ റ് അ റബിക്കടൽ ഏകദേശം ഈ അതിരുകൾക്കുള്ളിൽ കൊടുങ്ങല്ലൂർ ആസ്ഥാനമായി കിടക്കുന്ന ഈ പ്രദേശത്തിൻ്റെ ചരിത്ര സമ്പത്ത് വീണ്ടെടുത്ത് ശാസ്ത്രീയമായി സം‌രക്ഷിച്ച് സവിശേഷ ചരിത്ര പഠനാനുഭവമാക്കി മാറ്റുവാൻ ഉള്ള ഒരു സംരഭമാണ് മുസിരിസ് പൈതൃക പദ്ധതി ( എം. എച്ച്. പി. ) ഈ പ്രദേശത്തെ ചരിത്ര സ്മാരകങ്ങളെ ചരിത്ര നടപ്പാതകളും ചരിത്ര ജലപാതകളും വഴി കൂട്ടിയിണക്കി, സന്ദർശകർക്ക് കേരള ചരിത്രത്തിൻ്റെ ഗതിവിന്യാസങ്ങളുടേയും രൂപ പരിണാമങ്ങളുടേയും ഒരു പരിച്ഛേദം പരിചയപ്പെടൂത്തുവാനുള്ള ഉദ്യമം കൂടിയാണിത്. ഭരണ നിർവ്വഹണം വിനോദ സഞ്ചാര വകുപ്പിനാണ്. ഇതിൻ്റെ സാങ്കേതിക അക്കാദമിക നേതൃത്വം കേരള ചരിത്ര ഗവേഷണ കൗൺസിലിനാണ്. ( കെ.സി.എച്ച്.അർ.)

കോട്ടപ്പുറം കോട്ടയുടെ അവശിഷ്ടങ്ങൾ - മുസിരിസ് പ്രൊജക്റ്റുമായി ബന്ധപ്പെട്ട ഖനനത്തിനിടെ
കോട്ടപ്പുറം -മുസിരിസ് പദ്ധതി ഉദ്ഖനനത്തിനിടെ കണ്ട കോട്ടയുടെ അവശിഷ്ടങ്ങൾ
കോട്ടപ്പുറം കോട്ടയുടെ അവശിഷ്ടങ്ങൾ - ഉത്ഖനനം ചെയ്യുന്നതിനിടെ കണ്ടെത്തിയത്

മ്യൂസിയങ്ങൾ[തിരുത്തുക]

മുസിരിസ് പദ്ധതിയുടെ പ്രധാന ആകർഷണങ്ങളിലൊന്ന് ഇരുപത്തഞ്ചോളം വരുന്ന പൈതൃകമ്യൂസിയങ്ങളാണ്. പറവൂർ ജൂതപ്പള്ളി, ചേന്ദമംഗലം ജൂതപ്പള്ളി, പാലിയം കൊട്ടാരം, പാലിയം നാലുകെട്ട് എന്നിവടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാന മ്യൂസിയങ്ങൾ. പറവൂർ ജൂതപ്പള്ളിയിലേത് ജൂതരുടെ ചരിത്രം വിശദമാക്കുന്ന മ്യൂസിയമാണ്. 1615ൽ പണികഴിപ്പിച്ചതെന്നു കരുതുന്ന ഈ ജൂതപ്പള്ളി കേരളത്തിലെ ജൂതരുടെ ആദ്യകാല ചരിത്രമാണ് പറയുന്നത്. ചേന്ദമംഗലം ജൂതപ്പള്ളി ജൂതരുടെ ജീവിതശൈലി വിശദീകരിക്കുന്ന മ്യൂസിയമായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിലാണ് ഈ സിനഗോഗ് നിർമ്മിച്ചത്. പാലിയം കൊട്ടാരം പാലിയത്തു തറവാടിനെ കേന്ദ്രീകരിച്ചുള്ള അക്കാലത്തെ ചരിത്രം വിശദമാക്കുന്ന മ്യൂസിയമാണ്. പാലിയം നാലുകെട്ട് അക്കാലത്തെ ജീവിതരീതികളെയും ഉപകരണങ്ങളെയും പരിചയപ്പെടുത്തുന്നു. ചെറായിലെ സഹോദരൻ അയ്യപ്പൻ മ്യൂസിയം, അബ്ദുൾ റഹ്മാൻ സാഹിബ് മ്യൂസിയം, കേസരി ബാലകൃഷ്ണ മ്യൂസിയം, ചേരമാൻ ജുമാമസ്ജിദിലെ‍‍ ഇസ്ലാമിക് ചരിത്ര മ്യൂസിയം എന്നിവയാണ് മറ്റു പ്രധാന മ്യൂസിയങ്ങൾ. ഇതുകൂടാതെയുള്ള മ്യൂസിയങ്ങൾ നിർമ്മാണഘട്ടത്തിലാണ്.

പുരാവസ്തുഖനന കേന്ദ്രങ്ങൾ[തിരുത്തുക]

മുസിരിസിന്റെ പ്രാധാന്യം വെളിവായത് പട്ടണം എന്ന ഗ്രാമത്തിൽ നടന്ന ഉദ്ഖനനത്തോടെയാണ്. ഖനനം നടന്ന പ്രദേശം ഇന്ന് മുസിരിസ് പൈതൃക പദ്ധതിയുടെ ഭാഗമായി സഞ്ചാരികൾക്കായി തുറന്നുകൊടുത്തിട്ടുണ്ട്. കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം കോട്ടയിലും ഉദ്ഖനനം നടന്നിട്ടുണ്ട്. ഇവിടവും സഞ്ചാരികളെ ആകർഷിക്കുന്നു.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

മുസിരിസ് പൈതൃക പദ്ധതിയുടെ ഔദ്യോഗിക വെബ്‍സൈറ്റ്

റഫറൻസുകൾ[തിരുത്തുക]