മാർസ് ഓർബിറ്റർ മിഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മാർസ് ഓർബിറ്റർ മിഷൻ
മംഗൾ‌യാൻ പര്യവേക്ഷിണി ചൊവ്വയ്ക്കുചുറ്റും കറങ്ങുന്നു. ചിത്രകാരന്റെ ഭാവന.
ദൗത്യത്തിന്റെ തരംചൊവ്വ ഓർബിറ്റർ
ഓപ്പറേറ്റർ ഐ.എസ്.ആർ.ഒ
COSPAR ID2013-060A
SATCAT №39370
വെബ്സൈറ്റ്www.isro.org/mars/home.aspx
ദൗത്യദൈർഘ്യം300 ഭൗമദിനം
സ്പേസ്ക്രാഫ്റ്റിന്റെ സവിശേഷതകൾ
ബസ്I-1K[1]
നിർമ്മാതാവ്ISAC
വിക്ഷേപണസമയത്തെ പിണ്ഡം1,337 kg (2,948 lb)[2]
Dry mass500 kg (1,100 lb)[3]
Payload mass15 kg (33 lb)[4]
അളവുകൾ1.5 cubic metres (53 cu ft)
ഊർജ്ജം840 watts[1]
ദൗത്യത്തിന്റെ തുടക്കം
വിക്ഷേപണത്തിയതി5 November 2013, 09:08 (2013-11-05UTC09:08Z) UTC[5]
റോക്കറ്റ്PSLV-XL C25[6]
വിക്ഷേപണത്തറസതീഷ് ധവാൻ സ്പേസ് സെന്റർ
കരാറുകാർഐ.എസ്.ആർ.ഓ
പരിക്രമണ സവിശേഷതകൾ
Reference systemAreocentric
Periareon365.3 km (227.0 mi)
Apoareon80,000 km (50,000 mi)
Inclination150.0 [7]
Period76.72 hours
EpochPlanned
ചൊവ്വ orbiter
Orbital insertion24 സെപ്തംബർ 2014

2013 നവംബർ 5ൽ ഇന്ത്യ വിക്ഷേപിച്ച ചൊവ്വാ ദൗത്യമാണ് മാർസ് ഓർബിറ്റർ മിഷൻ . അനൗദ്യോഗികമായി ഇത് മംഗൾയാൻ (ഇംഗ്ലീഷ്: Mangalyaan, സംസ്കൃതം: मंगलयान (Mars-craft)) എന്നും അറിയപ്പെടുന്നു. ഇന്ത്യയുടെ ആദ്യത്തെ ഗ്രഹാന്തര യാത്രാദൗത്യമാണ് ഇത്.[8] കൊൽക്കത്തയിൽ വെച്ചു നടന്ന നൂറാം ഇന്ത്യൻ സയൻസ് കോൺഗ്രസ്സിലാണ് ഇതിനെക്കുറിച്ച് ആദ്യപ്രഖ്യാപനമുണ്ടായത്.[9][10][11] 2014 സെപ്റ്റംബർ 24ന് മംഗൾയാൻ ചൊവ്വയുടെ ഭ്രമണപഥത്തിൽ പ്രവേശിച്ചു.[12] ഇതോടെ ചൊവ്വാദൗത്യത്തിലേർപ്പെടുന്ന അഞ്ചാമത്തെ രാജ്യമായി ഇന്ത്യ. ഈ ഉപഗ്രഹം ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ചു പഠിക്കുന്നതിനായാണ് വിക്ഷേപിച്ചത്. പി.എസ്.എൽ.വി.യുടെ പരിഷ്കൃത രൂപമായ പി.എസ്.എൽ.വി.-എക്സ്.എൽ ആണ് നിലവിൽ ഇതിനായി ഉപയോഗിച്ച വിക്ഷേപണ വാഹനം .[13]

ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നും 2013 നവംബർ 5൹ ഉച്ചതിരിഞ്ഞു 2 മണി 38 മിനിട്ടിന് വിക്ഷേപിച്ച ഈ ഉപഗ്രഹം ആദ്യം ഭൂമിയുടെ പരിക്രമണപഥത്തിൽ എത്തി. അതിനുശേഷം ചൊവ്വയിലേക്കുള്ള ഗ്രഹാന്തര യാത്ര തുടങ്ങി. 300 ഭൗമദിനങ്ങൾ നീണ്ടു നിന്ന ഈ യാത്രയുടെ ഒടുവിൽ 2014 സെപ്റ്റംബർ 24ന് ചൊവ്വയുടെ പരിക്രമണപഥത്തിൽ എത്തി. ഏഴ് നിരീക്ഷണ ഉപകരണങ്ങളാണ് ഇതിലുണ്ടാകുക. ഇൻഫ്രാറെഡ് തരംഗങ്ങളുടെ സഹായത്താൽ വിവരം ശേഖരിക്കാൻ കഴിയുന്ന ഉപകരണം, ഹൈഡ്രജൻ സാന്നിദ്ധ്യം പഠിക്കാനുള്ള ആൽഫാ ഫോട്ടോമീറ്റർ,മീഥേൻ സാന്നിദ്ധ്യം പഠിക്കാനുള്ള മീഥേൻ സെൻസർ എന്നീ ഉപകരണങ്ങൾ നിർണായക വിവരങ്ങൾ ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ.

ചരിത്രം[തിരുത്തുക]

2010ലെ ഒരു സാധ്യതാ പഠനത്തോടെയാണ്‌ മാർസ് ഓർബിറ്റർ മിഷൻ (മംഗൾയാൻ) ആരംഭിക്കുന്നത്. 2008ൽ ചന്ദ്രയാൻ[14] വിജയമായതിനു ശേഷം 2012 ആഗസ്റ്റ്‌ 3ന് [15] ഭാരത സർക്കാർ ചൊവ്വാ പദ്ധതിക്ക് അനുമതി നൽകി. മൊത്തം ചെലവായ 454 കോടി (US$71 million) [9][16]യിൽ 125 കോടി (US$19 million)[17] ആദ്യ പഠനങ്ങൾക്ക് വേണ്ടിയും 153 കോടി (US$24 million) ഉപഗ്രഹത്തിനും ആയി നിജപെടുത്തി. ആദ്യം ഒക്ടോബർ 28നാണ് വിക്ഷേപണം തീരുമാനിച്ചിരുന്നത്. പക്ഷെ അന്നേ ദിവസം ബഹിരാകാശപേടകത്തിന്റെ ഗതി വീക്ഷിക്കാൻ നിയോഗിക്കപെട്ട കപ്പലുകൾക്കു പസഫിക് മഹാസമുദ്രത്തിലെ മോശം കാലാവസ്ഥ കാരണം യഥാസ്ഥാനത്തു നിലയുറപ്പിക്കാൻ സാധിക്കാഞ്ഞതു കൊണ്ടു നവംബർ 5ലേക്ക് മാറ്റി വച്ചു.

ഉപഗ്രഹം വഹിക്കേണ്ട വാഹനത്തിന്റെ (PSLV) സംയോജനം 5 ആഗസ്റ്റ്‌ 2013നു [18] തുടങ്ങി. ബാംഗ്ലൂരിലെ ഉപഗ്രഹ കേന്ദ്രത്തിൽ സംയോജനം പൂർത്തിയാക്കി 2 ഒക്റ്റോബർ 2013ന് [18] വിക്ഷേപണ കേന്ദ്രമായ ശ്രീഹരികോട്ടയിലേയ്ക്കു അയച്ചു. ഉപഗ്രഹ നിർമ്മാണം വളരെ പെട്ടെന്ന് പതിനഞ്ചു മാസം കൊണ്ടാണ് പൂർത്തിയാക്കിയത്. അമേരിക്കൻ ഐക്യനാടുകളിൽ സർക്കാർ പ്രതിസന്ധി ഉണ്ടായിട്ടും 5 ഒക്ടോബർ 2013ന് [19] മിഷന് തങ്ങൾ വാഗ്ദാനം ചെയ്ത ആശയ വിനിമയ ഗതാഗത സഹായം തരാം എന്ന് നാസ ഉറപ്പു നല്കി.

പ്രത്യേകതകൾ[തിരുത്തുക]

ചരിത്രത്തിൽ ISRO-യുടെ ചൊവ്വാ ദൗത്യത്തിന് വളരെയധികം പ്രത്യേകതകൾ ഉണ്ട്. അവയിൽ ചിലത് താഴെ കൊടുക്കുന്നവയാണ്. [20]

 • ഒന്നാമത്തെ തവണ തന്നെ വിജയിക്കുന്ന ആദ്യ ചൊവ്വാ ദൗത്യം.
 • യു.എസ്.എ, റഷ്യ, യൂറോപ്യൻ യൂണിയൻ എന്നിവയ്ക്കു ശേഷം നാലാമത് വിജയകരമായി പൂർത്തിയായ ചൊവ്വാ ദൗത്യം.
 • വിജയകരമായി പൂർത്തിയായ ആദ്യ ഏഷ്യൻ ചൊവ്വാ ദൗത്യം.
 • ഏറ്റവും കുറഞ്ഞ ചിലവിൽ ചൊവ്വായിലെത്തുന്ന ദൗത്യം.
 • വളരെ കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കിയ ചൊവ്വാദൗത്യം.

ലക്ഷ്യങ്ങൾ[തിരുത്തുക]

ചൊവ്വാപര്യവേഷണത്തിനുള്ള ഈ പ്രഥമ ഇന്ത്യൻ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം ഗ്രഹാന്തര ദൗത്യങ്ങൾക്കാവശ്യമായ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കൽ, ആസൂത്രണം, നിർവ്വഹണം മുതലായവയാണ്. ഈ പദ്ധതിയിലെ പ്രമുഖ ചുമതലകൾ ഇവയാണ്:

 • ഭൗമകേന്ദ്രീകൃത പരിക്രമണപഥത്തിൽ നിന്നും സൗരകേന്ദ്രീകൃത പരിക്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ എത്തിക്കുക, പിന്നീട് ചൊവ്വയ്ക്കു ചുറ്റുമുള്ള പരിക്രമണപഥത്തിലെത്തിക്കുക, അതിനാവശ്യമായ പരിക്രമണപഥ ചലനങ്ങൾ ചിട്ടപ്പെടുത്തുക.
 • പരിക്രമണപഥത്തിനും ഉയരത്തിനും മറ്റും ആവശ്യമായ ഗണനങ്ങൾക്കും വിശകലനങ്ങൾക്കും ആവശ്യമുള്ള മോഡലുകളും അൽഗോരിതങ്ങളും വികസിപ്പിക്കുക
 • എല്ലാ ഘട്ടങ്ങളിലെയും ദിശാനിയന്ത്രണം സാധ്യമാക്കുക
 • ദൗത്യത്തിന്റെ എല്ലാ ഘട്ടങ്ങളിലും ഉപഗ്രഹത്തിന്റെ ഊർജ്ജ, ആശയവിനിമയ, താപ, ഭാരവാഹക പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുക
 • അപായകരമായതും അപ്രതീക്ഷിതവുമായ തകരാറുകൾ മുതലായവയെ മറികടക്കാൻ, സ്വയംനിയന്ത്രണ സംവിധാനങ്ങൾ വികസിപ്പിച്ച് ഏകോപിപ്പിക്കുക

ഉപകരണങ്ങൾ[തിരുത്തുക]

 • ലിമാൻ ആൽഫാ ഫോട്ടോമീറ്റർ (LAP)
 • മാർസ് കളർ കാമറ (MCC)
 • മീഥേൻ സെൻസർ ഫോർ മാർസ് (MSM)
 • മാർസ് എക്സോസ്‌ഫെറിക് ന്യൂട്രൽ കമ്പോസിഷൻ അനലൈസർ (MENCA)
 • തെർമൽ ഇൻഫ്രാറെഡ് ഇമേജിംഗ് സ്പെക്ട്രോമീറ്റർ (TIS)

എന്നിവയാണ് പ്രധാന ഉപകരണങ്ങൾ.[21]

ചൊവ്വയുടെ അന്തരീക്ഷത്തിന്റെ ഉയർന്ന തലങ്ങളിലുള്ള ഹൈഡ്രജന്റെയും ഡ്യൂട്ടീരിയത്തിന്റെയും അളവ് കണക്കാക്കുക എന്നതാണ് ലിമാൻ ആൽഫാഫോടോമീറ്ററിന്റെ ദൗത്യം. ഇതിലൂടെ ചൊവ്വയുടെ അന്തരീക്ഷത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകും. ചൊവ്വയുടെ ഉപരിതലത്തിന്റെ പ്രത്യേകതകളെയും രാസഘടനെയെയും കുറിച്ച് പഠിക്കുക, കാലാവസ്ഥ നിരീക്ഷിക്കുക, ചൊവ്വയുടെ ഉപഗ്രഹങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുക, മറ്റു ഉപകരണങ്ങൾക്കു വേണ്ട അടിസ്ഥാനവിവരങ്ങൾ നൽകുക എന്നീ ജോലികളാണ് മാർസ് കളർ കാമറക്കു ചെയ്യാനുള്ളത്. ചൊവ്വയിലെ മീഥേയിനിന്റെ അളവു കണക്കാക്കുകയും അതിന്റെ പ്രഭവകേന്ദ്രങ്ങളുടെ മാപ്പ് തയ്യാറാക്കുന്നതിനും വേണ്ടിയുള്ളതാണ് മീഥേൻ സെൻസർ. ഇതുലൂടെ ചൊവ്വയിൽ സൂക്ഷ്മജീവികൾ ഉണ്ടായിരുന്നോ എന്നു കണ്ടെത്താനാകും. ചൊവ്വയുടെ അന്തരീക്ഷത്തിന്റെ ഉയർന്ന പാളിയായ എക്സോസ്‌ഫിയറിനെ പഠിക്കുന്നതിനുള്ള ഉപകരണമാണ് മാർസ് എക്സോസ്‌ഫെറിക് ന്യൂട്രൽ കമ്പോസിഷൻ അനലൈസർ. ചൊവ്വയുടെ ഉപരിതലത്തിൽ നിന്നും 372കി.മീറ്റർ ഉയരം മുതലുള്ള അന്തരീക്ഷത്തെയാണ് ഈ ഉപകരണം നിരീക്ഷിക്കുന്നത്. ഉയരവ്യത്യാസത്തിനനുസരിച്ച് കാണപ്പെടുന്ന മാറ്റങ്ങൾ, രാപ്പകലുകൾ, ഋതുഭേദങ്ങൾ എന്നിവക്കനുസരിച്ച് അന്തരീക്ഷത്തിലുണ്ടാവുന്ന വ്യതിയാനങ്ങൾ എന്നിവ ഇതിലൂടെ കണ്ടെത്താനാവും. ചൊവ്വയിലെ താപവികിരണം അളക്കുക, ഉപരിതലത്തിലെ ധാതുക്കളുടെ ഘടനയും വ്യാപനവും മനസ്സിലാക്കുക എന്നീ ലക്ഷ്യങ്ങളാണ് തെമൽ ഇൻഫ്രാറെഡ് ഇമേജിംഗ് സ്പെക്ട്രോമീറ്ററിനുള്ളത്.[21]

ഘട്ടങ്ങൾ[തിരുത്തുക]

മൂന്നു ഘട്ടങ്ങളായിട്ടായിരുന്നു മംഗൾയാന്റെ യാത്ര.

ചൊവ്വാപരിക്രമണദൗത്യത്തിന്റെ സഞ്ചാരപാത
ചൊവ്വാപരിക്രമണദൗത്യത്തിന്റെ സഞ്ചാരപാത

ഭൗമകേന്ദ്രീകൃതപരിക്രമണഘട്ടം[തിരുത്തുക]

PSLV C25 (Polar Satelite Launching Vehicle - C25) ആണ് ഉപഗ്രഹത്തെ നാല്പത്തിനാല് മിനിറ്റ് കൊണ്ട് ഒരു താൽക്കാലികപരിക്രമണപഥത്തിൽ എത്തിക്കുന്നത്. ഈ പഥത്തിന്റെ ഭൂമിയിൽ നിന്നും കുറഞ്ഞ ദൂരം (Perigee) 252 കി.മീ.യും കൂടിയ ദൂരം (Apogee) 28,825 കി.മീ.യും ആണ്. ഭൂമിയുടെ ആകർഷണവലയത്തിന്റെ പരിധിയിലുള്ള ഈ ഘട്ടത്തിൽ മുഴുവൻ സമയവും ഉപഗ്രഹം ഭൂമിക്കുചുറ്റും കറങ്ങും. 918347 കിലോമീറ്റർ ദൂരത്തിൽ ഉപഗ്രഹം നമ്മുടെ ഭൂമിയുടെ ആകർഷണവലയത്തിനു പുറത്തു കടക്കും. ഈ ദൂരത്തിനു് ഭൂമിയുടെ ഗുരുത്വപ്രഭാവപരിധി (Earth's sphere of influence) (SOI) എന്നു പറയുന്നു. എന്നാൽ ഈ അകലത്തേക്കു് ഒരൊറ്റ കറക്കം കൊണ്ടു് ഉപഗ്രഹത്തെ എത്തിക്കാൻ സാധിക്കില്ല. അതുകൊണ്ട് ഇതിനെ ക്രമമായി ആറു ഘട്ടങ്ങളായിട്ടാണ് (ഓർബിറ്റൽ റെയിസിംഗ്) എത്തിക്കുന്നത്. ഇവിടെനിന്നും കുറഞ്ഞ ഇന്ധനം ഉപയോഗിച്ചുകൊണ്ട് ചൊവ്വയുടെ ഗുരുത്വപരിധിയിലുള്ള ഒരു ദീർഘവൃത്താകാരപരിക്രമണപഥത്തിൽ എത്തിച്ചേരുക എന്നതാണ് വിക്ഷേപണത്തിന്റെ ആത്യന്തികലക്ഷ്യം. ഇതിനായി ISRO ഹോമാൻ ട്രാൻസ്ഫർ ഓർബിറ്റ് എന്ന മാർഗ്ഗം ആണ് കൈക്കൊള്ളുന്നത്.

സൗരകേന്ദ്രീകൃതപരിക്രമണഘട്ടം[തിരുത്തുക]

ഭൂമിയുടെ പരിക്രമണപഥത്തിന് സ്‌പർശരേഖീയമായി (tangential) ഉപഗ്രഹം ഭൂമിയുടെ ആകർഷണവലയത്തിൽനിന്ന് പുറത്തുകടന്നു് ഹൈപ്പർബോളിക് പാതയിലൂടെ സഞ്ചരിച്ചു ഇതേ രീതിയിൽ ചൊവ്വയുടെ പരിക്രമണപഥത്തിൽ പ്രവേശിക്കും. ഈ സഞ്ചാരത്തിനു് മുന്നൂറു ദിവസം ആണ് കണക്കാക്കിയിരിക്കുന്നത്. ചൊവ്വയുടെ ആകർഷണവലയത്തിൽ പ്രവേശിക്കുന്ന സമയത്ത് ഭൂമിയും ചൊവ്വയും സൂര്യനും തമ്മിൽ ഉള്ള കോണളവ്(Angle) 44 ഡിഗ്രി ആയിരിക്കും. ഈ അവസ്ഥയിൽ ആണ് ഏറ്റവും കുറവ് ദൂരത്തിൽ ഉപഗ്രഹത്തിനു ചൊവ്വയിൽ എത്തിച്ചേരാൻ സാധിക്കുക. 780 ദിവസത്തിൽ ഒരിക്കൽ മാത്രമാണു് ഈ അതിസാമീപ്യാവസ്ഥ സംഭവിക്കുന്നതു്. 2013 നവംബറിൽ സാദ്ധ്യമായിരുന്നില്ലെങ്കിൽ ഇത്തരമൊരു അവസരം പിന്നീട് ലഭിയ്ക്കുക 2016 ജനുവരിയിലും അതുകഴിഞ്ഞ് 2018 മേയിലും മാത്രമാണ്.

ചൊവ്വാ കേന്ദ്രീകൃതപരിക്രമണഘട്ടം[തിരുത്തുക]

ചൊവ്വയുടെ ഗുരുത്വാകർഷണപ്രഭാവമുള്ള ദൂരം (Zone of gravitational influence) ഏകദേശം 573473 കി.മീ.ആണ്. ചൊവ്വയുടെ ഏറ്റവും അടുത്ത് നില്ക്കുന്ന ദൂരത്തിൽ ഉപഗ്രഹം എത്തിയാൽ ഒരു ലഘുവായ തള്ളലിലൂടെ ചൊവ്വയുടെ ചുറ്റുമായി കറങ്ങാവുന്ന ഒരു സ്ഥിരപരിക്രമണപഥത്തിലേക്കു് ഉപഗ്രഹത്തെ എത്തിക്കാനാവും. ഈ പഥത്തിനു് ചൊവ്വയിൽ നിന്നുള്ള ഏറ്റവും കൂടുതൽ ദൂരം (അപഭൂ) (Apo-Apsis) 80000 കി.മീ.യും ഏറ്റവും കുറഞ്ഞ ദൂരം (ഉപഭൂ)(Peri-Apsis) 365.3 കി.മീ.യും ആണ്. ഉപഗ്രഹം ചൊവ്വയെ ഒരു തവണ പൂർണ്ണമായി ചുറ്റാൻ എടുക്കുന്ന സമയം 76.72 മണിക്കൂർ ആയിരിക്കും.

മിഷൻ രൂപരേഖ[തിരുത്തുക]

രണ്ടു വത്യസ്ത വേഗതയിൽ സൂര്യനെ ചുറ്റുന്നതിനാൽ ഭൂമിയുടെയും ചൊവ്വയുടെയും ഇടയിലെ അകലം 5 മുതൽ 40 കോടി കി.മീ. വരെ വത്യാസപ്പെടുന്നുണ്ട്. ചൊവ്വ ഏറ്റവും അടുത്താകുമ്പോഴും 5 കോടി കി.മീ ദൂരം സഞ്ചരിക്കാൻ ആവശ്യമായ ഇന്ധനം പേടകത്തിൽ കരുതേണ്ടി വരും എന്നതാണ് ഗ്രഹാന്തര യാത്രയുടെ ഒരു പ്രധാന വെല്ലുവിളി. ഇതിനെ മറികടക്കാൻ മംഗൾ‌യാനിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതിക വിദ്യയാണ് ഹോഹ്മാൻ ട്രാൻസ്ഫർ ഓർബിറ്റ്. ജർമ്മൻ ശാസ്ത്രജ്ഞൻ വാൾട്ടർ ഹോഹ്മാൻ 1925-ലെ ഗോളാന്തര യാത്ര എന്ന പുസ്തകത്തിലൂടെ പ്രതിപാദിച്ചിരുന്ന ചാഞ്ചാട്ടയാത്രാ പദ്ധതിയാണിത്. ഇതനുസരിച്ച് ഭൂമിയിൽ നിന്നകന്നു പോകുന്തോറും ഉണ്ടാകുന്ന ഗുരുത്വാകർഷണക്കുറവിനെ ഉപയോഗപ്പെടുത്തി ഘട്ടം ഘട്ടമായി പരിക്രമണപഥം ഉയർത്തി ഗ്രഹത്തിന്റെ ആകർഷണവലയം ഭേദിച്ച് ഗ്രഹാന്തര യാത്ര ചെയ്യാനാകും. അതുകൊണ്ട് തുടർച്ചയായി യന്ത്രം പ്രവർത്തിപ്പിക്കാതെ താരതമ്യേന കുറച്ചു ഊർജ്ജം ഉപയോഗിച്ച് യാത്ര ചെയ്യാം. [22]

പരിക്രമണപഥം ഉയർത്തുന്ന ഘട്ടങ്ങൾ
ഘട്ടം തിയ്യതി ജ്വലന സമയം
അപഭൂ(കി.മി)
ഭൗമകേന്ദ്രീകൃതപരിക്രമണഘട്ടം നവംബർ 5
തുടക്കം
15മി 35സെ

അഞ്ചു ഘട്ടങ്ങൾ ആയി[23]

23,903 km
നവംബർ 6 416 സെക്കന്റ്‌ 28,825
നവംബർ 7 570.6 സെക്കന്റ്‌ 40,186
നവംബർ 8 707 സെക്കന്റ്‌ 71,636
നവംബർ 10 അപൂർണം 78,276
നവംബർ 12
അനുബന്ധം
303.8 സെക്കന്റ്‌ 1,18,642[24]
നവംബർ 16 243.5 സെക്കന്റ്‌ 1,92,874[24]
സൗരകേന്ദ്രീകൃതപരിക്രമണഘട്ടം ഡിസംബർ 1 1328.89 സെക്കന്റ്‌[24] ചൊവ്വയിലെക്കുള്ള യാത്രയിൽ, ഈ ഘട്ടത്തിൽ 4 തവണ സഞ്ചാരപഥത്തിരുത്തൽ നടത്തും. ഡിസംബർ 11, ഏപ്രിൽ, ആഗസ്റ്റ്‌, സെപ്റ്റംബർ എന്നീ സമയങ്ങളിൽ ആയി നാല് തവണ ആണ് ഇത് നടത്തുക
ഡിസംബർ 11 40.5 സെക്കന്റ്‌[24] ആദ്യ പരിക്രമണപഥതിരുത്തൽ പൂർത്തിയായി. സൂര്യനാപേക്ഷികമായി ഉപഗ്രഹം 32 കിലോമീറ്റർ/സെക്കന്റ് എന്ന വേഗതയിലാണ് ഇപ്പോൾ സഞ്ചരിക്കുന്നത്.

ഊർജ്ജമാധ്യമം[തിരുത്തുക]

ഭൂമിയിൽ ലഭിക്കുന്ന സൗരോർജ്ജത്തിന്റെ ഏകദേശം നാല്പത്തിരണ്ടു ശതമാനം മാത്രമേ ചൊവ്വയിൽ ലഭിക്കുകയുള്ളൂ. മീറ്റർ വിസ്തീർണ്ണമുള്ള മൂന്നു സൗരപാനലുകൾ ആണ് ഊർജ്ജാവശ്യങ്ങൾക്കായി മംഗൾ‌യാൻ പര്യവേക്ഷിണിയിൽ ഘടിപ്പിച്ചിട്ടുള്ളതു്. ഇവ ഉപയോഗിച്ച് പരമാവധി 840 വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാം. ഈ ഊർജ്ജം ശേഖരിക്കാനായി 36Ah ലിത്തിയം - അയോൺ ബാറ്ററിയും സജ്ജമാക്കിയിട്ടുണ്ടു്.

നാൾവഴി[തിരുത്തുക]

നിലവിൽ മംഗൾ‌യാൻ ചൊവ്വയുടെ ഭ്രമണപഥത്തിലാണുള്ളത്. സെപ്റ്റംബർ 24 ബുധനാഴ്ച ഇന്ത്യൻ സമയം രാവിലെ 7:17ന് ദൗത്യ പേടകത്തിലെ 440 ന്യൂട്ടൻ ശക്തിയുള്ള എഞ്ചിനായ ലാം (Liquid Apogee Motor (LAM) ജ്വലിപ്പിയ്ക്കുകയുണ്ടായി. ഈ ജ്വലനം 7 :41 വരെ നീണ്ടു നിന്നു. ഈ സമയം മംഗൾയാൻ ചൊവ്വയുടെ നിഴലിലായിരുന്നതിനാൽ സിഗ്നലുകൾ ലഭ്യമായിരുന്നില്ല. ഏതാനും മിനിട്ടുകൾക്ക് ശേഷമാണു 'വിജയകരമായി ഭ്രമണപഥത്തിലെത്തി' എന്നുള്ള സന്ദേശം ഭൂമിയിൽ എത്തിയത്.[25]

2014 ജൂൺ 11[തിരുത്തുക]

മംഗൾയാന്റെ സഞ്ചാരപഥത്തിലെ ക്രമീകരണം ഐ.എസ്.ആർ.ഒ. വിജയകരമായി നടപ്പാക്കി. പേടകത്തിലെ നാല് ചെറുറോക്കറ്റുകൾ 16 സെക്കൻഡ് ജ്വലിപ്പിച്ചാണ് നിശ്ചിത സഞ്ചാരപഥത്തിലേക്ക് മാറ്റിയത്. ആകെ 680 ദശലക്ഷം കിലോമീറ്റർ സഞ്ചരിക്കേണ്ട പേടകം ഭൂമിയിൽനിന്ന് 460 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ചുകഴിഞ്ഞു. നിലവിൽ മംഗൾയാൻ ഒരു മണിക്കൂറിൽ 1,00,800 കിലോമീറ്റർ വേഗതയിലാണ് സഞ്ചരിക്കുന്നത്. [26]

2014 ജൂലൈ 28[തിരുത്തുക]

ചൊവ്വാ ദൗത്യപേടകം മംഗൾയാൻ 555 മില്യൺ കി. മീറ്റർ പിന്നിട്ടു. സപ്തംബർ 24-ന് ചൊവ്വയുടെ ഭ്രമണപഥത്തിൽ പേടകം എത്തിച്ചേരുമെന്നാണ് വിലയിരുത്തൽ. യാത്രയുടെ തൊണ്ണൂറ് ശതമാനം പിന്നിട്ടതായി ഐ.എസ്.ആർ.ഒ. ചെയർമാൻ കെ. രാധാകൃഷ്ണൻ പറഞ്ഞു. [27]

2014 സെപ്റ്റംബർ 22[തിരുത്തുക]

ചൊവ്വാ ദൗത്യപേടകം മംഗൾയാൻ ഇന്ത്യൻ സമയം രാവിലെ 9 മണിയോടെ ചൊവ്വയുടെ ഗുരുത്വപ്രഭാവപരിധിയിൽ കടന്നു.[28] യാത്ര പുറപ്പെട്ട് ഭൂമി വിട്ടതിനു ശേഷം പത്തു മാസത്തെ ഇടവേളയ്ക്കു ശേഷം ആദ്യമായി ചൊവ്വാപേടകത്തിന്റെ ലാം എന്ന യന്ത്രം വീണ്ടും പ്രവർത്തിപ്പിച്ച് പരീക്ഷിച്ചു. ഈ യന്ത്രം 4 സെക്കൻഡ് നേരത്തേക്ക് പ്രവർത്തിപ്പിക്കുകയും അടുത്ത ദിവസത്തെ ചൊവ്വാ പരിക്രമണപഥ പ്രവേശനത്തിന് സജ്ജമാക്കുകയും ചെയ്തു. ഇന്ത്യൻ സമയം ഉച്ചക്ക് 2:50-നാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വന്നത്.[20]

2014 സെപ്റ്റംബർ 23[തിരുത്തുക]

ദൗത്യ പേടകം ചൊവ്വയുടെ പരിക്രമണപഥത്തിലേയ്ക്കു എത്തിയ്ക്കുന്നതിനുള്ള എഞ്ചിൻ ഇന്ത്യൻ സമയം രാവിലെ 9:47: 32 നു പ്രവർത്തിപ്പിയ്ക്കപ്പെട്ടു.[29] ഇതുവരെ 442 ദശലക്ഷം മൈലുകൾ( 712 ദശലക്ഷം കിലോമീറ്റർ ) പേടകം പിന്നിടുകയുണ്ടായി. [30]

2014 സെപ്റ്റംബർ 24[തിരുത്തുക]

ദൗത്യ പേടകത്തിലെ 440 ന്യൂട്ടൻ ശക്തിയുള്ള എഞ്ചിനായ ലാം (Liquid Apogee Motor (LAM) ഇന്ത്യൻ സമയം രാവിലെ 7:17 നു ജ്വലിപ്പിയ്ക്കുകയുണ്ടായി. ഈ ജ്വലനം 7 :41 വരെ നീണ്ടു നിന്നു. ഇതോടെ പേടകത്തിന്റെ പ്രവേഗം സെക്കന്റിൽ 5 കി.മീറ്റർ എന്നതിൽ നിന്നും ഇത് 4 .3 കി.മീ/സെക്കൻഡായി കുറഞ്ഞു. ഏതാനും മിനിട്ടുകൾ നീണ്ട ഗ്രഹണത്തിനു ശേഷം ചൊവ്വയുടെ ഭ്രമണപഥത്തിൽ ദൗത്യപേടകം എത്തിചേർന്നതായി ഔദ്യോഗികമായി പ്രഖ്യാപിയ്ക്കപ്പെട്ടു.[31][32]

2014 സെപ്റ്റംബർ 25[തിരുത്തുക]

'മംഗൾയാൻ' പകർത്തിയ ആദ്യ ദൃശ്യമായ , ചൊവ്വാപ്രതലത്തിന്റെ ചിത്രം ഐ.എസ്.ആർ.ഒ. പുറത്തുവിട്ടു. 7300 കിലോമീറ്റർ ഉയരെ നിന്നുള്ള ദൃശ്യമായിരുന്നു ഇത്.[33]

2015 ജൂൺ 8[തിരുത്തുക]

ചൊവ്വാ ഉപരിതലത്തിൽ എത്തിയ ശേഷം ആദ്യമായി 2015 ജൂൺ 8 മുതൽ 22 വരെ 'മംഗൾയാൻ' ഒരു അഗോചരഘട്ടത്തിലെയ്ക്ക് കടന്നു. ഈ ഘട്ടത്തിൽ വാഹനത്തിൽ നിന്നുമുള്ള സന്ദേശങ്ങളെ സൂര്യൻ തടയും. ആയതിനാൽ വാഹനം ഒരു സ്വയംപര്യാപ്ത അവസ്ഥയിൽ ആയിരിക്കും.[34]

2015 ജൂലൈ 14[തിരുത്തുക]

അഗോചരഘട്ടത്തിന് ശേഷം വാഹനത്തിൽ നിന്നും ആദ്യ ചിത്രം ലഭിച്ചു. പതിനഞ്ചു ദിവസത്തെ ബ്ലാക്ക്ഔട്ടിനു ശേഷവും വാഹനത്തിന്റെ എല്ലാ ഭാഗവും പ്രവർത്തന നിരതം ആണെന്ന് ISRO അറിയിച്ചു. [35]

അവലംബം[തിരുത്തുക]

 1. 1.0 1.1 "Mars Orbiter Spacecraft". ISRO. November 2013. Archived from the original on 2013-11-09. Retrieved 2013-11-06.
 2. "ISRO: Mars Orbiter Mission - Spacecraft". Archived from the original on 2016-12-25. Retrieved 2017-02-22.
 3. 's+Mars+Orbiter+Mission.jpg Aero India 2013 Expo
 4. "ISRO-Mars Orbiter Mission(Payloads)". Archived from the original on 2014-09-27. Retrieved 2013-11-11.
 5. "India to launch Mars Orbiter Mission on November 5". NDTV. 22 October 2013. Retrieved 19 October 2013.
 6. "ISRO: Mars Orbiter Mission - Launch Vehicle". Archived from the original on 2013-12-03. Retrieved 2013-11-11.
 7. "MOM : Mission Plan". ISRO. ഡിസംബർ 1, 2013. Archived from the original on 2013-12-03 23:54:51. Retrieved ഡിസംബർ 5, 2013. {{cite news}}: Check date values in: |archivedate= (help)
 8. ഹരിശ്രീ, ലക്കം പതിനാല്, പുസ്തകം 21,പേജ് നമ്പർ 13, 2013 ഫെബ്രുവരി 2
 9. 9.0 9.1 "India Announces Mars Mission One Week After Curiosity Landing". Web Pro News. August 15, 2012. Archived from the original on 2017-06-14. Retrieved 2012-09-10. {{cite news}}: |first= missing |last= (help)
 10. "Manmohan formally announces India's Mars mission". The Hindu. August 15, 2012. Retrieved August 31, 2012. {{cite news}}: Cite uses deprecated parameter |authors= (help)
 11. Bal, Hartosh Singh (August 30, 2012). "BRICS in Space". New York Times. Retrieved August 31, 2012.
 12. Spacecraft Successfully enters Martian Orbit[1] Archived 2013-12-03 at the Wayback Machine.
 13. Damon Poeter (August 3, 2012). "India Aims for Mars Voyage in 2013". PCMAG.com. Retrieved 8 September 2012.
 14. "India Might Just Get A Spaceship To Mars". CarbonatedTV. November 5, 2013. Archived from the original on 2013-11-09. Retrieved 2013-11-08.
 15. "Cabinet clears Mars mission". The Hindu. 4 August 2012. Retrieved 10 August 2012.
 16. "'We are planning to send our first orbiter to Mars in 2013'". Deccan chronicle. 12 August 2012. Archived from the original on 2012-08-12. Retrieved 13 August 2012.
 17. India's Mars mission gets Rs.125 crore (19 March 2012)
 18. 18.0 18.1 Isro kicks off Mars mission campaign with PSLV assembly Times of India Retrieved 6 August 2013
 19. "NASA Reaffirms Support for Mars Orbiter Mission". ISRO. Archived from the original on 2013-10-17. Retrieved 13 October 2013.
 20. 20.0 20.1 "അഭിമാന മുഹൂർത്തം; ഇന്ത്യ ചൊവ്വയിൽ". മാതൃഭൂമി. 24 സെപ്റ്റംബർ 2014. Archived from the original (പത്രലേഖനം) on 2014-09-24. Retrieved 24 സെപ്റ്റംബർ 2014.
 21. 21.0 21.1 മംഗൾയാൻ: ചൊവ്വയിലേക്ക് ബുധനാഴ്ച - ജസ്റ്റിൻ ജോസഫ്[2] Archived 2014-09-16 at the Wayback Machine.
 22. പി.എസ്. ജയൻ (14 നവംബർ 2013). "ചൊവ്വയിലേക്ക് ഇന്ത്യ: ജർമൻകാരൻ വരഞ്ഞിട്ട മംഗളയാത്ര". മാതൃഭൂമി. തിരുവനന്തപുരം. മാതൃഭൂമി. Archived from the original (പത്രലേഖനം) on 2013-12-11 23:58:00. Retrieved 2013 ഡിസംബർ 13. {{cite news}}: Check date values in: |accessdate= and |archivedate= (help)
 23. ISRO (October 2013). "ISRO Mars Orbiter mission - Launch Vehicle PSLV-C25". Archived from the original on 2013-12-03. Retrieved 2013-11-12.
 24. 24.0 24.1 24.2 24.3 Latest Updates Archived 2013-12-03 at the Wayback Machine. Indian Space Research Organisation: Mars Orbiter Mission. 8 November 2013.
 25. On Wednesday, the orbiter’s propulsion system, called 440 Newton engine or the Liquid Apogee Motor (LAM), will erupt into life at 7.17 a.m. after remaining dormant for 300 days during the spacecraft’s journey to the Red Planet.
 26. "മംഗൾയാൻ സഞ്ചാരപഥത്തിന്റെ ക്രമീകരണം വിജയം". www.mathrubhumi.com. Archived from the original on 2014-06-12. Retrieved 12 ജൂൺ 2014.
 27. "മംഗൾയാൻ 555 ദശലക്ഷം കി.മീ. പിന്നിട്ടു". www.mathrubhumi.com. Archived from the original on 2014-07-29. Retrieved 29 ജൂലൈ 2014.
 28. "മംഗൾ‌യാൻ ചൊവ്വയുടെ സ്വാധീന മണ്ഡലത്തിലെത്തി". മലയാളമനോരമ. 22 സെപ്റ്റംബർ 2014. Archived from the original (പത്രലേഖനം) on 2014-09-22. Retrieved 22 സെപ്റ്റംബർ 2014.
 29. The MOI engine firing is targeted for Sept. 23 at 9:47:32 p.m. EDT and Sept. 24 at 07:17:32 hrs IST
 30. Today, MOM concludes her 10 month interplanetary voyage of some 442 million miles (712 million km) from Earth to the Red Planet.
 31. On Wednesday, the orbiter’s propulsion system, called 440 Newton engine or the Liquid Apogee Motor (LAM), will erupt into life at 7.17 a.m. after remaining dormant for 300 days during the spacecraft’s journey to the Red Planet.
 32. It will approach Mars on Wednesday at a velocity of just over 5 km per second, which will be slowed down to about 4.3 km per second after the LAM fires for 24 minutes starting 7.17 am. Read more at: http://economictimes.indiatimes.com/articleshow/43184383.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst
 33. "മംഗൾയാനിൽനിന്ന് ചൊവ്വായുടെ ആദ്യദൃശ്യമെത്തി". www.mathrubhumi.com. Archived from the original on 2014-09-25. Retrieved 25 സെപ്റ്റംബർ 2014.
 34. "Mangalyaan mission to enter 15-day 'blackout' phase tomorrow". www.indianexpress.com. Retrieved 29 ജൂലൈ 2015.
 35. "First image taken by MCC after MOM comes out of blackout". www.isro.gov.in. Archived from the original on 2015-07-28. Retrieved 29 ജൂലൈ 2015.

കൂടുതൽ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മാർസ്_ഓർബിറ്റർ_മിഷൻ&oldid=3948004" എന്ന താളിൽനിന്ന് ശേഖരിച്ചത്