മല്ല മഹാജനപദം
മല്ല മഹാജനപദം | |
---|---|
700 ബി.സി.ഇ–300 ബി.സി.ഇ | |
മല്ല മഹാജനപദവും മറ്റു മഹാജനപദങ്ങളും വേദകാലഘട്ടത്തിനുശേഷം. | |
തലസ്ഥാനം | കുസാവതി (ഇന്നത്തെ കാസിയ ഗോരഖ്പൂരിനടുത്ത്), പാവ (ഇന്നത്തെ ഫാസിൽനഗർ) |
പൊതുവായ ഭാഷകൾ | സംസ്കൃതം |
മതം | ഹിന്ദുമതം ബുദ്ധമതം ജൈനമതം |
ഭരണസമ്പ്രദായം | ഗണതന്ത്രം |
രാജ | |
Historical era | വെങ്കലയുഗം, അയോയുഗം |
• Established | 700 ബി.സി.ഇ |
• Disestablished | 300 ബി.സി.ഇ |
Today part of | ഇന്ത്യ |
മല്ല ഗണസംഘം പുരാതന ഇന്ത്യയിലെ പതിനാറു മഹാജനപദങ്ങളിൽ പെടുന്ന ഒരു റിപ്പബ്ലിക് ആയിരുന്നു. ബുദ്ധനും മഹാവീരനും തങ്ങളുടെ ജീവൻ വെടിയാൻ തിരഞ്ഞെടുത്ത സ്ഥലം എന്ന പ്രാധാന്യം ഈ ഗണസംഘത്തിനുണ്ട്.
ചരിത്രം
[തിരുത്തുക]മല്ലരാജ്യം, അംഗുത്തരനികായത്തിൽ പരാമർശിച്ചിരിക്കുന്ന ഷോലസ മഹാജനപദങ്ങളിൽ ഒന്നായിരുന്നു. മല്ലഗോത്രക്കാർ ഭരിച്ചിരുന്നതുകൊണ്ടാണ് മല്ലരാജ്യത്തിനു ആ പേരു ലഭിച്ചത്. മഹാഭാരതത്തിൽ ഈ പ്രദേശത്തെ മല്ലരാഷ്ട്ര എന്നാണു പരാമർശിക്കുന്നത്. മല്ല മഹാജനപദം മഗധയ്ക്കു വടക്കായാണ് സ്ഥിതി ചെയ്യിരുന്നത്. മല്ല മഹാജനപദം രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. കാക്കുത്ത (ഇന്നത്തെ കുകു) നദിയായിരുന്നു രണ്ടു ഭാഗങ്ങളുടേയും അതിർത്തി. ഈ രണ്ടു ഭാഗങ്ങളുടേയും തലസ്ഥാനങ്ങൾ യഥാക്രമം കുസാവതി (കുശിനഗരം), പാവ എന്നിവ ആയിരുന്നു.[1]
ബുദ്ധന്റെ തിരുശേഷിപ്പുകൾക്കായുള്ള യുദ്ധം
[തിരുത്തുക]ബുദ്ധമത്തിന്റെ ചരിത്രത്തിൽ വളരെ പ്രാധാന്യമുള്ള സ്ഥലങ്ങളാണ് കുശിനഗരവും പാവയും. ബുദ്ധൻ തന്റെ അവസാനഭക്ഷണം കഴിച്ചത് പാവയിൽ വച്ചായിരുന്നു. അതിനുശേഷം അദ്ദേഹം മഹാപരിനിർവാണത്തിനായി കുശിനഗരത്തിലേക്കു തിരിച്ചു. ബുദ്ധന്റെ മരണശേഷം മല്ലർ അദ്ദേഹത്തിന്റെ ചിതാഭസ്മം കാത്തുസൂക്ഷിക്കാൻ ആഗ്രഹിച്ചെങ്കിലും ചിതാഭസ്മത്തിനായി മറ്റു രാജ്യങ്ങൾ മല്ല ജനപദം ആക്രമിക്കുകയും കുശിനഗരം ഉപരോധിക്കുകയും ചെയ്തു. വിജയകരമായ ഉപരോധത്തിനുശേഷം മറ്റു രാജ്യങ്ങളും മല്ല ജനപദവും തമ്മിൽ ഒരു കരാറിലേർപ്പെട്ടു. കരാറനുസരിച്ച് ബുദ്ധന്റെ ചിതാഭസ്മം തിരുശേഷിപ്പുകളുടെ രൂപത്തിൽ 8 രാജ്യങ്ങളുടേയും ബുദ്ധന്റെ ശിഷ്യന്മാരുടെയും ഇടയിൽ വിഭജിച്ചു. വർഷങ്ങൾക്കുശേഷം ഈ തിരുശേഷിപ്പുകൾ അശോകചക്രവർത്തി 84000 സ്തൂപങ്ങളിൽ പ്രതിഷ്ഠിച്ചു.[2] കുശിനഗരത്തിന്റെ ഉപരോധം, സാഞ്ചിയിലെ പ്രസിദ്ധമായ ഒരു ദൃശ്യത്തിൽ പകർത്തിയിട്ടുണ്ട്. ഈ ദൃശ്യം പുരാതനഭാരതത്തിന്റെ കെട്ടിടനിർമ്മാണരീതികളെപ്പറ്റി അറിവു നൽകുന്നു.
ബുദ്ധന്റെ കാലഘട്ടത്തിൽ മല്ലകുലം കിഴക്കേ ഇന്ത്യയിലെ ശക്തരായ ഒരു വിഭാഗമായിരുന്നു. ബുദ്ധഗ്രന്ഥങ്ങളിലും ജൈനഗ്രന്ഥങ്ങളിലും ഇവരെക്കുറിച്ച് പരാമർശങ്ങളുണ്ട്. മഹാഭാരതം (VI.9.46) മല്ലരെ അംഗ, വംഗ, കലിംഗരോടൊപ്പം ഒരു കിഴക്കൻ ഗോത്രകുലമായി ചിത്രീകരിക്കുന്നു. മനുസ്മൃതി, ലിച്ചാവികളെപ്പോലെ മല്ലരും വ്രത്യക്ഷത്രിയരാണെന്നു അഭിപ്രായപ്പെടുന്നു. മഹാപരിനിബ്ബാനസുത്തത്തിൽ മല്ലരെ വിശേഷിപ്പിക്കുന്നത് വസിഷ്ഠർ (വാസെത്ത) എന്നാണ്. ജൈനമതത്തിനും ബുദ്ധമതത്തിനും മല്ലരിൽ ധാരാളം അനുനായികളുണ്ടായിരുന്നു.
മല്ലർ ആദ്യകാലത്ത് രാജവാഴ്ച പിന്തുടർന്നെങ്കിലും പിന്നീട് അവർ റിപ്പബ്ലിക് ഭരണസംവിധാനത്തിലേക്കു (ഗണസംഘം) മാറി. ഗണസംഘം തീരുമാനങ്ങളെടുത്തിരുന്നത് അംഗങ്ങളുടെ സഭയിലൂടെയായിരുന്നു.അംഗങ്ങൾ സ്വയം വിളിച്ചിരുന്നത് "രാജ" എന്നായിരുന്നു. മല്ല ജനപദവും ലിച്ചാവിയും കൂടി പരസ്പരപ്രതിരോധത്തിനായി സഖ്യം രൂപീകരിച്ചിരുന്നു. പക്ഷെ ബുദ്ധന്റെ പരിനിർവാണം കഴിഞ്ഞു അധികകാലം പിന്നിടും മുമ്പെ മല്ലരുടെ പരമാധികാരം നഷ്ടമാവുകയും അവരുടെ കീഴിലുള്ള പ്രദേശങ്ങൾ മഗധസാമ്രാജ്യത്തിൽ കൂട്ടിചേർക്കപ്പെടുകയും ചെയ്യപ്പെട്ടു.
മല്ല ജനപദത്തിലെ പ്രധാനപ്പെട്ട നഗരങ്ങൾ പാവയും കുശിനഗരവുമായിരുന്നു. മഹാവീരൻ നിർവാണം പാവയിലും ഗൗതമബുദ്ധന്റെ മഹാപരിനിർവാണം കുശിനഗരത്തിലുമായിരുന്നു. വിനയപിടകം അനുപിയ എന്ന മറ്റൊരു നഗരത്തേയും അംഗുത്തരനികായം ഉറുവേലകപ്പ എന്ന നഗരത്തേയും കുറിച്ച് പരാമർശിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Raychaudhuri, Hemchandra (1972) Political History of Ancient India, University of Calcutta, Calcutta, pp. 85, 113
- ↑ Lopez Jr., Donald S. "The Buddha's relics". Encyclopædia Britannica.
- ↑ Asiatic Mythology by J. Hackin p.83ff