മമ്പുറം സയ്യിദ് ഫസൽ തങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മുസ്‌ലിം പണ്ഡിതൻ
മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ
പൂർണ്ണ നാമം മലബാർ കലാപകാലത്തെ പ്രമുഖ മുസ്ലിം പണ്ഡിതൻ
മരണം തുർക്കി
Madh'hab ഇസ്ലാം

കേരളത്തിൽ ബ്രിട്ടീഷ് വിരുദ്ധ സമരങ്ങളിൽ ഒരു പ്രധാന പങ്ക് വഹിച്ച വ്യക്തിയായിരുന്നു സയ്യിദ് ഫസൽ തങ്ങൾ. മുഴുവൻ പേര് മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ. മമ്പുറം തങ്ങൾ രണ്ടാമൻ എന്നും ഇദ്ദേഹം അറിയപ്പെടുന്നു. ബ്രിട്ടീഷുകാരുടെ ചൂഷണം സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനവും, പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും മലബാറിൽ കർഷക കലാപങ്ങൾ ഉയർന്നു വന്നത്. മലബാറിലെ മുസ്ലിം പണ്ഡിതന്മാരിൽ ഒരു വിഭാഗം ചൂഷണം ചെയ്യപ്പെട്ട ജനവിഭാഗങ്ങളെ പ്രതികരണശേഷിയുള്ളവരാക്കിത്തീർക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു.[1] ചൂഷണവും, മർദ്ദനവും എതിർക്കുന്നതിനുവേണ്ടിയുള്ള ആശയരൂപീകരണത്തിനു സയ്യിദ് ഫസൽ പൂക്കോയ തങ്ങളേപ്പോലുള്ളവർ നിർണ്ണായക പങ്കു വഹിച്ചിരുന്നു.

ജീവചരിത്രം[തിരുത്തുക]

മമ്പുറം തങ്ങളുടെ വീട്

സയ്യിദ് അലവി തങ്ങളുടേയും ഫാത്തിമയുടേയും മകനായി 1824 ൽ സയ്യിദ് ഫസൽ തങ്ങൾ ജനിച്ചു.[2] പിതാവ് മമ്പുറം തങ്ങൾ ഒന്നാമൻ എന്നറിയപ്പെട്ടിരുന്ന സയ്യിദ് അലവി മൌലദ്ദവീല തങ്ങൾ അറിയപ്പെടുന്ന ഒരു മതപണ്ഡിതനായിരുന്നു. 1844ൽ പിതാവ് അന്തരിച്ചപ്പോഴേക്കും സയ്യിദ് ഫസൽ പേരെടുത്ത ഒരു മതപണ്ഡിതനും ബ്രിട്ടീഷ് വിരോധിയും ആയി തീർന്നിരുന്നു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഖുർആനിലും , ഹദീസിലും പാണ്ഡിത്യം നേടാൻ ഫസലിനു കഴിഞ്ഞിരുന്നു.[3]

ഫസൽ തങ്ങൾക്കെതിരെ ശക്തമായ ഒരു നടപടിയെടുക്കാൻ ബ്രിട്ടീഷ് അധികാരികൾക്ക് മടിയായിരുന്നു. ഫസൽ തങ്ങൾക്കെതിരേ എടുക്കുന്ന ഏതൊരു നടപടിയും മലബാറിൽ കലാപമുണ്ടാക്കുമെന്നും, അതിനെ തടയാൻ കണ്ണൂരിൽ നിന്നും, ബാംഗ്ലൂരിൽ നിന്നുപോലും പട്ടാളത്തെ കൊണ്ടു വരേണ്ടി വരുമെന്നും കളക്ടറായിരുന്ന കൊണോലി മേലുദ്യോഗസ്ഥരെ അറിയിച്ചിരുന്നു. താൻ തിരൂരങ്ങാടിയിൽ തുടരുന്നത് തന്റെ മതത്തിനും അനുയായികൾക്കും ദോഷം ചെയ്യും എന്നു മനസ്സിലാക്കിയ തങ്ങൾ തന്റെ ബന്ധുക്കളായ 57 പേരോടു കൂടി 1852 മാർച്ച് 19ന് അറേബ്യയിലേക്ക് പലായനം ചെയ്തു.

രാഷ്ട്രീയം[തിരുത്തുക]

ഒരു മതപണ്ഡിതൻ എന്നതിലുപരി ചുറ്റുപാടിനോടും, സമകാലീന സംഭവങ്ങളോടും ക്രിയാത്മകമായി പ്രതികരിക്കാൻ ഒട്ടും മടികാട്ടിയിരുന്നില്ല ഫസൽ തങ്ങൾ. ഫസലിന്റെ രാഷ്ട്രീയ വീക്ഷണത്തിൽ ജമാലുദ്ദീൻ അഫ്ഘാനിയുടെ പാൻ ഇസ്ലാമിസത്തിന്റെ സ്വാധീനം ഉണ്ടായിരുന്നുവെന്ന് ചരിത്ര പണ്ഡിതനായ സ്റ്റീഫൻ.എഫ്.ഡെയിൽ അഭിപ്രായപ്പെടുന്നു. 1852 ൽ അറേബ്യയിലെത്തിയതിനുശേഷമുള്ള ഫസലിന്റെ പ്രവർത്തനങ്ങൾ ഇതിന് അടിവരയിടുന്നുവെന്നും ഡെയിൽ സമർത്ഥിക്കുന്നു.[4]

ഗ്രന്ഥങ്ങൾ[തിരുത്തുക]

ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ സമരത്തിന്‌ ആഹ്വാനം ചെയ്തു സയ്യിദ് ഫസൽ രചിച്ച കൃതിയാണ് ഉദ്ദത്തുൽ ഉമറാഅ്. തൻബീഹുൽ ഗാഫിലീൻ, അദ്ദുറുൽ മൻസൂം എന്നിവയും അദ്ദേഹത്തിന്റെ കൃതികളാണ്

കലാപങ്ങൾ[തിരുത്തുക]

പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മലബാറിൽ നടന്ന കലാപങ്ങളിൽ സയ്യിദ് ഫസലിന് പങ്കുണ്ടായിരുന്നുവെന്ന് കളക്ടറായിരുന്ന കൊണോലി മേലധികാരികൾക്കയച്ച റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ കലാപങ്ങളെക്കുറിച്ച് വിശദമായി റിപ്പോർട്ട് തയ്യാറാക്കിയ റോബിൻസൺ, ഒരിക്കൽ മാത്രമേ സയ്യിദ് ഫസലിന്റെ പങ്കിനെക്കുറിച്ച് പരാമർശിച്ചിട്ടുള്ളു.[5] കലാപകാരികളിൽ ചിലർ മമ്പുറം സന്ദർശിച്ചതിനെ തെളിവാക്കി കാണിച്ച് സയ്യിദ് ഫസലിനെ അറസ്റ്റ് ചെയ്യണമെന്ന് റോബിൻസൺ ആവശ്യപ്പെട്ടു. കലാപത്തിന് സഹായിക്കാൻ എന്ന പേരിൽ രചിച്ചിട്ടുള്ള കൃതികളെല്ലാം തന്നെ സമർപ്പിച്ചിട്ടുള്ളത് മമ്പുറം തങ്ങൾക്കാണ്. മമ്പുറം തങ്ങന്മാരുടെ ബ്രിട്ടീഷ് വിരോധവും റോബിൻസന്റെ റിപ്പോർട്ടിനെ ഏറെക്കുറെ സഹായിച്ചിട്ടുണ്ട്. ഇതുകൂടാതെ ജന്മിത്വത്തിനും സവർണ്ണരുടെ അനാചാരങ്ങൾക്കുമെതിരേ ശക്തമായ എതിർപ്പു രേഖപ്പെടുത്തിയ ഒരാളായിരുന്നു സയ്യിദ് ഫസൽ. കുടിയൊഴിപ്പിക്കുന്ന ജന്മിയെ വധിക്കുന്നത് പുണ്യമാണ് എന്നാണ് അദ്ദേഹം അനുയായികളെ പഠിപ്പിച്ചിരുന്നത്.[6] ഫസലിന്റെ ഇത്തരം തെളിവുകളുടേയും, നിലപാടുകളുടേയും വെളിച്ചത്തിലാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ നടന്ന കലാപങ്ങളിൽ ഫസലിനും പങ്കുണ്ടാവാം എന്ന തീരുമാനത്തിലെത്തിച്ചേരാൻ ബ്രിട്ടീഷുകാർ തയ്യാറായത്.[7]

നാടുകടത്തൽ[തിരുത്തുക]

സയ്യിദ് ഫസൽ 1852ലാണ് തന്റെ ബന്ധുക്കളോടൊപ്പം അറേബ്യയിലേക്ക് പോകുന്നത്. 1852 ഫെബ്രുവരി 12 ന് മദ്രാസ് സർക്കാർ പ്രസിദ്ധപ്പെടുത്തിയ ഒരു ഉത്തരവു പ്രകാരം സയ്യിദ് ഫസൽ തങ്ങളെ നാടുകടത്താൻ തീരുമാനിച്ചിരുന്നു. സർക്കാരിന് സ്ഥിരം വെല്ലുവിളികൾ സൃഷ്ടിച്ചിരുന്ന ഒരു വ്യക്തിയെന്ന നിലയിലായിരുന്നു ഈ ഉത്തരവ് പുറത്തിറങ്ങിയത്.[8] സയ്യിദിന്റെ വർദ്ധിച്ച ജനപിന്തുണയും, സ്വാധീനവും കാരണം ഈ ഉത്തരവ് നടപ്പിലാക്കാനുള്ള ധൈര്യം കളക്ടറായിരുന്ന കൊണോലിക്കുണ്ടായിരുന്നില്ല. ഉത്തരവ് നടപ്പാക്കാൻ ശ്രമിക്കുമ്പോൾ തങ്ങൾ അതിനെ എതിർത്താൽ അതിനെ അടിച്ചമർത്താൻ മൈസൂർ കുതിരപ്പടയുടെ സേവനം ആവശ്യപ്പെടുന്നതിനെക്കുറിച്ചും കളക്ടർ ആന്ന് ആലോചിച്ചിരുന്നു. സയ്യിദ് ഫസൽ തങ്ങൾ സർക്കാരിന് ഒരു തലവേദനയായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.[9] സയ്യിദ് ഫസലിനെ സ്വമേധയാ എന്ന രീതിയിൽ എന്നാൽ നിർബന്ധപൂർവ്വം രാജ്യം വിട്ടുപോകാൻ പ്രേരിപ്പിക്കുന്ന തന്ത്രങ്ങൾ കൊണോലി സ്വീകരിച്ചു. അതിനായി സയ്യിദ് ഫസലുമായി വളരെ അടുപ്പമുള്ള വ്യക്തികളെ കൊണോലി സമീപിച്ചു. ഏറനാട് തഹസീൽദാർ കുട്ടൂസ, ഡെപ്യൂട്ടി കളക്ടർ സി.കണാരൻ, തങ്ങളുടെ ബന്ധുവും ബ്രിട്ടീഷ് അനുകൂലിയുമായ ആറ്റക്കോയ തങ്ങൾ എന്നിവരാണ് സയ്യിദ് ഫസലുമായി കൊണോലിക്കു വേണ്ടി ചർച്ചകൾ നടത്തിയത്. സയ്യിദ് ഫസൽ ആദ്യമൊക്കെ വഴങ്ങിയില്ലെങ്കിലും, പിന്നീട് തന്റെ മതത്തിനും, തന്നെ സ്നേഹിക്കുന്നവർക്കും കൂടി അപകടം വരുമെന്നായപ്പോൾ സ്വമേധയാ അറേബ്യയിലേക്കു പലായനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.

സയ്യിദ് ഫസൽ അറേബ്യയിലേക്ക് പോകുന്നതറിഞ്ഞ് ഫെബ്രുവരി ആദ്യ ആഴ്ചകളിൽ പതിനായിരത്തിലധികം സായുധരായ മുസ്ലിങ്ങൾ തിരൂരങ്ങാടിയിൽ തമ്പടിച്ചിരുന്നു. സയ്യിദ് ഫസൽ വിചാരിച്ചിരുന്നവെങ്കിൽ ബ്രിട്ടീഷുകാരുമായി ഒരു തുറന്ന പോരാട്ടത്തിനു തന്നെ വേദിയാകുമായിരുന്നു തിരൂരങ്ങാടി, എന്നാൽ തന്റെ പേരിൽ മലബാറിൽ രക്തച്ചൊരിച്ചിൽ ഉണ്ടാവുന്നത് ഇഷ്ടപ്പെടാതിരുന്ന സയ്യിദ് ഫസൽ അവരോടെല്ലാം സമാധാനപരമായി പിരിഞ്ഞുപോകാൻ ആവശ്യപ്പെടുകയായിരുന്നു.[10]

വിദേശവാസം[തിരുത്തുക]

തന്റെ വിദേശവാസത്തിനിടയിൽ സയ്യിദ് ഫസൽ മൂന്നു പ്രാവശ്യം ഇസ്താംബൂൾ സന്ദർശിച്ചു. സയ്യിദ് പിന്നീട് സുഫാറിലെ അമീറായി പ്രവർത്തിച്ചു. അമീറായുള്ള സയ്യിദ് ഫസലിന്റെ പ്രവർത്തനങ്ങൾ ബ്രിട്ടീഷ് രാജ്ഞിയുടെ പ്രശംസ പിടിച്ചു പറ്റി. തന്റെ അഭിനന്ദനം രാ‍ജ്ഞി ഫസലിനെ നേരിട്ടറിയിക്കുകയായിരുന്നു.[11] പിന്നീട് സുഫാറിലെ ഗോത്രങ്ങളുടെ കലാപം കാരണം സയ്യിദിന് അവിടുത്തെ ഭരണം അവസാനിപ്പിക്കേണ്ടി വന്നു. ഫസലും കുടുംബവും തിരികെ കോൺസ്റ്റാന്റിനോപ്പിളിലേക്ക് തിരിച്ചുപോയി.[12]

കൂടുതൽ വായനക്ക്[തിരുത്തുക]

മമ്പുറം തങ്ങന്മാർ സമരം, പ്രത്യയശാസ്ത്രം. ഭാഗം 1, ഭാഗം 2, ഭാഗം 3

അവലംബം[തിരുത്തുക]

 1. ഡോ.കെ.കെ.എൻ, കുറുപ്പ്. മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ. ചിന്ത. p. 11. ഐ.എസ്.ബി.എൻ. 93-823-2853-X. 
 2. ഡോ.എം, ഗംഗാധരൻ. മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ. ചിന്ത. p. 23. ഐ.എസ്.ബി.എൻ. 93-823-2853-X. "മമ്പുറം തങ്ങന്മാരുടെ കാലവും അകാലവും" 
 3. മഅദനുൽയവാകീത്, സയ്യിദ് ഫസലിന്റെ ജീവിതത്തെക്കുറിച്ച് പ്രതിപാദിക്കുന്ന അറബി-മലയാളം കാവ്യം - കുഴിയന്തടത്തിൽ അബ്ദുൾറഹ്മാൻ
 4. സയ്യിദ്സ് ഇൻ മലബാർ, മേനോൻ & ഡെയിൽ, പേജ് 4
 5. കറസ്പോണ്ടൻസ് ഓഫ് മാപ്ല ഔടേജസ് ഇൻ മലബാർ ഫോർ ദ ഇയേഴ്സ് 1849-53. റെയർബുക്സ്. p. 54-56. ഐ.എസ്.ബി.എൻ. 978-1130249163. 
 6. വില്ല്യം, ലോഗൻ (2012-പുനപ്രസിദ്ധീകരണം). മലബാർ മാന്വൽ. മാതൃഭൂമി ബുക്സ്. ഐ.എസ്.ബി.എൻ. 978-81-8265-429-7. "സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ"  തീയതിയ്ക്ക് നൽകിയ വില പരിശോധിക്കുക: |date= (സഹായം)
 7. ഡോ.കെ.കെ.മുഹമ്മദ്, അബ്ദുൾ സത്താർ. മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ. ചിന്ത. p. 44. ഐ.എസ്.ബി.എൻ. 93-823-2853-X. "പത്തൊമ്പതാം നൂറ്റാണ്ടിലെ കലാപങ്ങളും മമ്പുറം തങ്ങന്മാരും" 
 8. കറസ്പോണ്ടൻസ് ഓഫ് മാപ്ല ഔടേജസ് ഇൻ മലബാർ ഫോർ ദ ഇയേഴ്സ് 1849-53. റെയർബുക്സ്. p. 266. ഐ.എസ്.ബി.എൻ. 978-1130249163. 
 9. ലെറ്റർ ഫ്രം എച്ച്.വി.കോണോലി ടു II, പൈക്രാഫ്ട്,Sec, ടു ഗവൺമെന്റ്. തീയതി 7 ഫെബ്രുവരി 1852
 10. കറസ്പോണ്ടൻസ് ഓഫ് മാപ്ല ഔടേജസ് ഇൻ മലബാർ ഫോർ ദ ഇയേഴ്സ് 1849-53. റെയർബുക്സ്. p. 277. ഐ.എസ്.ബി.എൻ. 978-1130249163. 
 11. സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ ലഘു ജീവചരിത്രം, പരപ്പനങ്ങാടി, 1934 - താൾ 8-9
 12. ഡോ.കെ.കെ.മുഹമ്മദ്, അബ്ദുൾ സത്താർ. മമ്പുറം സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ. ചിന്ത. p. 48-49. ഐ.എസ്.ബി.എൻ. 93-823-2853-X. "സയ്യിദ് ഫസൽ ഓട്ടോമൻ രാഷ്ട്രീയത്തിൽ"