പൊന്മേരി ശിവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉത്തരകേരളത്തിൽ, കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിൽ വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിൽ പൊന്മേരി ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് പൊന്മേരി ശിവക്ഷേത്രം. ഉഗ്രമൂർത്തിയായ ശിവൻ മുഖ്യപ്രതിഷ്ഠയായ ഈ ക്ഷേത്രത്തിൽ, തുല്യപ്രാധാന്യത്തോടെ വിഷ്ണു, ബ്രഹ്മാവ്, ശങ്കരനാരായണൻ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. കൂടാതെ ഉപദേവതകളായി ഗണപതി, സുബ്രഹ്മണ്യൻ, അയ്യപ്പൻ, ഭഗവതി (പാർവ്വതി സങ്കല്പം), ശ്രീകൃഷ്ണൻ, സൂര്യൻ, ഭൂതത്തേവർ എന്നിവരും ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു. ത്രിമൂർത്തികൾ ഒരുമിച്ച് പ്രതിഷ്ഠിയ്ക്കപ്പെട്ടിട്ടുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്ന് എന്നതിനൊപ്പം, ബ്രഹ്മാവിനെ പ്രതിഷ്ഠിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്ന് എന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്. പാലക്കാട്-മലപ്പുറം ജില്ലകളുടെ അതിർത്തിയിൽ പെട്ട പ്രസിദ്ധമായ പന്നിയൂർ വരാഹമൂർത്തിക്ഷേത്രം പോലെ ഇവിടെയും പണി അവസാനിയ്ക്കില്ല എന്നൊരു വിശ്വാസം നിലനിൽക്കുന്നുണ്ട്. ടിപ്പു സുൽത്താന്റെ പടയോട്ടത്തിൽ വ്യാപകമായ നാശം നേരിട്ട ക്ഷേത്രമായിരുന്നു ഇത്. മകരമാസത്തിലെ രോഹിണി നാളിൽ കൊടികയറി നടക്കുന്ന എട്ടുദിവസത്തെ ഉത്സവം, കുംഭമാസത്തിലെ ശിവരാത്രി, ധനുമാസത്തിലെ തിരുവാതിര എന്നിവയാണ് ഇവിടെ പ്രധാന ആഘോഷങ്ങൾ. ഭക്തജനങ്ങളുടെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയാണ് ക്ഷേത്രഭരണം നടത്തുന്നത്.

"https://ml.wikipedia.org/w/index.php?title=പൊന്മേരി_ശിവക്ഷേത്രം&oldid=3979890" എന്ന താളിൽനിന്ന് ശേഖരിച്ചത്