Jump to content

പെദ്രോ കാലുങ്സോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പതിനേഴാം നൂറ്റാണ്ടിൽ ശാന്തസമുദ്രത്തിലെ ഗുവാം ദ്വീപിൽ കൊല്ലപ്പെട്ട ഫിലിപ്പീൻസുകാരൻ ക്രിസ്തുവേദപ്രബോധകനും ദേവാലയശുശ്രൂഷിയുമാണ് (sacristan) പെദ്രോ കാലുങ്സോഡ് (ജനനം: 1654[1]; മരണം: 2 ഏപ്രിൽ 1672). ഗുവാമിലെ ചമോറോ ഗോത്രവർഗ്ഗക്കാർക്കിടയിൽ കത്തോലിക്കാ വിശ്വാസം പ്രചരിപ്പിക്കുന്നതിനായി സ്പെയിനിൽ നിന്നുള്ള ഈശോസഭാ മിഷനറിമാർക്കൊപ്പം പ്രവർത്തിച്ച കാലുങ്‌സോഡിന്, കൊല്ലപ്പെടുമ്പോൾ 18 വയസ്സു മാത്രമേ ഉണ്ടായിരുന്നുള്ളു.

മരിച്ച് മൂന്നു നൂറ്റാണ്ടിലധികം കഴിഞ്ഞ് 2000-ആമാണ്ട് മാർച്ച് 5-ന് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ച കാലുങ്സോഡിനെ 2012 ഒക്ടോബർ 21-ന് ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ വിശുദ്ധപദവിയിലേക്കുയർത്തി. റോമൻ കത്തോലിക്കാ സഭ വിശുദ്ധ പദവി കല്പിച്ചു വണങ്ങുന്ന രണ്ടാമത്തെ ഫിലിപ്പീൻസുകാരനാണ് പെദ്രോ കാലുങ്സോഡ്.[൧][2]

ജീവിതം

[തിരുത്തുക]

കാലുങ്സോഡിന്റെ ജന്മദിവസമോ ജനനസ്ഥലമോ നിശ്ചയമില്ല. അദ്ദേഹത്തിന്റെ മാതാപിതാക്കന്മാർ ആരെന്നും അറിവില്ല. മദ്ധ്യഫിലിപ്പീൻസിലെ വിസായാസ് ദ്വീപുകളിൽ ഒന്നിലാണ് അദ്ദേഹം ജനിച്ചതെന്ന കാര്യത്തിൽ സമ്മതിയുണ്ട്. സെബൂ, ബൊഹോൾ, ലെയ്റ്റി തുടങ്ങിയ വിസയാസ് ദ്വീപുകൾ അദ്ദേഹത്തിന്റെ ജന്മനാടുകളായി പറയപ്പെടുന്നു. മിഷനറി പ്രവർത്തനം ആരംഭിക്കുന്നതിനു മുൻപുള്ള ജീവിതത്തിന്റെ വിശദാംശങ്ങളും ലഭ്യമല്ല. ഈശോസഭക്കാരുടെ കീഴിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം ക്രിസ്തുമതതത്ത്വങ്ങളും സ്പാനിഷ് ഭാഷയും പഠിച്ചിരിക്കാം. പതിനാലാം വയസ്സിൽ ശാന്തസമുദ്രദ്വീപുകളിൽ ഈശോസഭക്കാരായ വേദപ്രചാരകന്മാരെ സഹായിക്കാൻ തെരഞ്ഞെടുക്കപ്പെട്ട തീക്ഷ്ണധാർമ്മികരായ ഫിലിപ്പീൻ യുവാക്കളിൽ കാലുങ്‌സോഡും ഉൾപ്പെട്ടു. ഡിയെഗോ ലൂവിസ് ഡെ സാൻ വിറ്റോറിസ് എന്ന വൈദികനൊപ്പം കാലുങ്സോഡിന്റെ പ്രവർത്തനമേഖലയായത് ഗുവാം ദ്വീപായിരുന്നു. ശിശുക്കളും മുതിർന്നവരുമായി ഒട്ടേറെപ്പേരെ അവർ ജ്ഞാനസ്നാനപ്പെടുത്തിയതായി പറയപ്പെടുന്നു.[3]

ജ്ഞാനസ്നാനജലത്തിൽ വിഷം കലർത്തിയിട്ടുണ്ടെന്ന പ്രചാരണം വിറ്റോറിസിന്റേയും കാലുങ്സോഡിന്റേയും പ്രവർത്തനങ്ങളോട് നാട്ടുകാർക്കിടയിൽ എതിർപ്പു സൃഷ്ടിച്ച് അവരുടെ കൊലക്കു വഴിതെളിച്ചു എന്നൊരു കഥയുണ്ട്. കുറഞ്ഞ ആരോഗ്യാവസ്ഥയിൽ ജനിച്ച ചില ശിശുക്കൾ ജ്ഞാനസ്നാനത്തിനു ശേഷം മരിച്ചത് ഈ കഥയ്ക്ക് വിശ്വസനീയതയും നൽകിയത്രെ. ടോംഹോം എന്ന ഗ്രാമത്തിൽ ചമോറോകളിലെ ഗോത്രത്തലവന്മാരിൽ ഒരാളുടെ നവജാതശിശുവിനെ ക്രിസ്ത്യാനിയായ അമ്മയുടെ സമ്മതത്തോടെ പിതാവിന്റെ എതിർപ്പിനെ അവഗണിച്ച് ജ്ഞാനസ്നാനപ്പെടുത്തിയതിനെ തുടർന്നുള്ള ആക്രമണത്തിലാണ് അവർ കൊല്ലപ്പെട്ടതെന്നു പറയപ്പെടുന്നു. കൊന്നവർ, കടലിൽ ഒഴുക്കിക്കളഞ്ഞ മൃതദേഹങ്ങൾ കണ്ടുകിട്ടിയില്ല.[4]

ചിത്രീകരണം

[തിരുത്തുക]

കാലുങ്സോഡിന്റെ ജന്മദിനവും ജന്മസ്ഥലവും എന്നതു പോലെ രൂപപ്രകൃതിയും ഊഹിക്കുകയേ നിവൃത്തിയുള്ളു. ജീവിതകാലത്തെ ചിത്രങ്ങളൊന്നും നിലവിലില്ല. നാടൻ വസ്ത്രം ധരിച്ച കൗമാരപ്രായക്കാരനായാണ് അദ്ദേഹത്തെ ചിത്രീകരിക്കുക പതിവ്. വസ്ത്രത്തിൽ ചിലപ്പോൾ രക്തക്കറ കാണാം. നെഞ്ചോടു ചേർത്ത രക്തസാക്ഷിയുടെ പനയോലയും, കത്തോലിക്കാ വേദപ്രബോധനഗ്രന്ഥമായ ഡോക്ട്രിനാ ക്രിസ്റ്റിയാനയും ചിത്രത്തിൽ ഉണ്ടായിരിക്കും. വേദപ്രചാരണവ്യഗ്രത സൂചിപ്പിക്കാനായി, പഥികന്റെ രൂപത്തിലാണ് മിക്കവാറും ചിത്രങ്ങൾ. ജപമാലയും ക്രൂശിതരൂപവും ചിത്രങ്ങളിൽ പതിവാണ്. രക്തസാക്ഷിത്വം സൂചിപ്പിക്കാൻ കുന്തവും ചെറുവാളും ചില ചിത്രങ്ങളിൽ കാണാം.

കാലുങ്സോഡിന്റെ വിശുദ്ധപദവിക്കു വേണ്ടിയുള്ള ഫിലിപ്പീൻസിലെ ദേശീയ സമിതി, യുവതലമുറയെ ലക്ഷ്യമാക്കി വിശുദ്ധന്റെ സാദൃശ്യം ഒരു പാവയായി രൂപകല്പന ചെയ്തും ഇറക്കിയിട്ടുണ്ട്. 'പെദ്രിറ്റോ' എന്നു പേരിട്ടിരിക്കുന്ന പാവയ്ക്ക് 15 ഇഞ്ചാണ് ഉയരം. തോളിൽ തൂക്കു സഞ്ചി വഹിക്കുന്ന പെദ്രിറ്റോയ്ക്ക് 'ടെക്കി' ചുവ നൽകാൻ "ഡോക്ട്രിനാ ക്രിസ്റ്റിയാനാ" അടങ്ങുന്നതായി സങ്കല്പിക്കപ്പെടുന്ന ഒരു ഐ-പോഡും ചേർത്തിരിക്കുന്നു.[5]

കുറിപ്പുകൾ

[തിരുത്തുക]

^ 1987-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ച ലോറൻസോ റൂയിസാണു കത്തോലിക്കാസഭയിലെ ആദ്യത്തെ ഫിലിപ്പീനി വിശുദ്ധൻ.

അവലംബം

[തിരുത്തുക]
  1. Blessed Pedro Calungsod By Emy Loriega / The Pacific Voice
  2. EWTN Televised Broadcast: Public Consistory for the Creation of New Cardinals. Rome, February 18, 2012. Saint Peter's Basilica. Closing remarks before recession preceded by Cardinal Agostino Vallini.
  3. Sunstar.com.ph About Pedro Calungsod Archived 2014-10-31 at the Wayback Machine.
  4. Filemon A Uriarte Jr, 2012 ഒക്ടോബർ 21-ലെ ഫിലിപ്പീൻ സ്റ്റാർ ദിനപത്രത്തിൽ എഴുതിയ ലേഖനം "Pedro and Lorenzo: Overseas Filipinos"[പ്രവർത്തിക്കാത്ത കണ്ണി]
  5. 2012 ഒക്ടോബർ 21-ലെ ഫിലിപ്പീൻ സ്റ്റാർ ദിൻപ്പത്രത്തിൽ എവലിൻ മക്കയിരാൻ എഴുതിയ വാർത്താലേഖനം "'Pedrito' in Rome, too"[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പെദ്രോ_കാലുങ്സോഡ്&oldid=3806224" എന്ന താളിൽനിന്ന് ശേഖരിച്ചത്