സെബൂ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിലിപ്പീൻസിന്റെ ഭൂപടത്തിൽ സെബൂ

മദ്ധ്യഫിലിപ്പീൻസിൽ വിസയാ മേഖലയിലെ ഒരു ദ്വീപിന്റെയും അതിനു ചുറ്റുമുള്ള 167 ചെറുദ്വീപുകൾ ചേർന്ന പ്രവിശ്യയുടേയും പേരാണ് സെബൂ. മുഖ്യദ്വീപ്, തെക്കു-വടക്കായി 225 കിലോമീറ്റർ നീളത്തിൽ വീതി കുറഞ്ഞതാണ്. ഈ പ്രവിശ്യയുടെ തലസ്ഥാനമായ സെബൂ നഗരം ഫിലിപ്പീൻസിലെ ഏറ്റവും പഴയ പട്ടണമാണ്. മുഖ്യദ്വീപിനടുത്തുള്ള ചെറിയദ്വീപായ മാക്ടാനിലെ അന്തരാഷ്ട്രവിമാനത്താവളത്തിന് പ്രാധാന്യത്തിലും തിരക്കിലും ഫിലിപ്പീൻസിൽ രണ്ടാം സ്ഥാനമുണ്ട്. ഫിലിപ്പീൻസിലെ ഏറ്റവും വികസിതമായ പ്രവിശ്യകളിലൊന്നാണ് സെബൂ. വിസയാ പ്രദേശത്തെ വ്യാപാര, വ്യാവസായിക, വിദ്യാഭ്യാസസംരംഭങ്ങളുടെ കേന്ദ്രമാണ് സെബൂ നഗരം.Yeet

ചരിത്രം[തിരുത്തുക]

ഫെർഡിനാന്റെ മഗല്ലന്റെ കപ്പൽ വിക്ടോറിയയുടെ മാതൃക

പ്രാദേശികഭാഷയായ സെബൂവാനോ-യിൽ സെബൂവിന്റെ പഴയ പേര് 'സുഗ്ബൂ'(Sugbu) എന്നാണ്.[1] 1521-ൽ കപ്പൽ മാർഗ്ഗം ആദ്യമായി ലോകം ചുറ്റിയ സ്പാനിഷ് പര്യവേഷകസംഘത്തെ നയിച്ച് ഇവിടെയെത്തിയ പോർത്തുഗീസ് നാവികൻ മഗല്ലൻ, സുഗ്ബൂവിലെ ഹുമാബോൺ രാജാവിനേയും അദ്ദേഹത്തിന്റെ രാജ്ഞിമാരേയും 800 അനുചരന്മാരേയും ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്തിരുന്നു. ജ്ഞാനസ്നാനത്തിൽ രാജാവിന് 'കാർളോസ്' എന്നും പട്ടമഹിഷി ഹാരാ അമിഹാന് 'ഹുവാന' എന്നും പേരിട്ടു. സ്പെയിനിലെ അന്നത്തെ രാജാവിന്റേയും രാജമാതാവിന്റെയും പേരുകളായിരുന്നു അവ.

ഹുമാബോൺ രാജാവുമായി സഖ്യത്തിലേർപ്പെട്ട മഗല്ലൻ, രാജാവിന്റെ ശത്രുവും അയൽദ്വീപായ മാക്ടാനിലെ ഭരണാധികാരിയും ആയിരുന്ന ലാപു ലാപുവിനെതിരെ പോരിനു പുറപ്പെട്ടു. 1521 ഏപ്രിൽ 27-നു നടന്ന മാക്ടാനിലെ ആ യുദ്ധത്തിൽ മഗല്ലൻ കൊല്ലപ്പെട്ടു. മഗല്ലന്റെ മരണത്തെ തുടർന്ന്, പര്യവേഷകസംഘത്തിൽ അവശേഷിച്ചവർ മടങ്ങിപ്പോയി. എങ്കിലും പിൽക്കാലത്ത് സ്പെയിൻ പുതിയ സംഘങ്ങളെ അയച്ചതോടെ ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ സെബൂ ഉൾപ്പെടെ മുഴുവൻ ഫിലിപ്പീൻ ദ്വീപുകളും സ്പെയിനിന്റെ അധിനിവേശത്തിലാവുകയും പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനം വരെ അതു തുടരുകയും ചെയ്തു.[2]

ജനസംഖ്യ, മതം[തിരുത്തുക]

മഗല്ലന്റെ സംഘത്തിൽ അംഗമായിരുന്ന ഇറ്റലിക്കാരൻ അന്തോണിയോ പിഗഫെറ്റാ തന്റെ ദിനവൃത്താന്തത്തിൽ വരച്ചു ചേർത്ത സെബൂവാനോകളുടെ (സെബൂ മനുഷ്യർ) ചിത്രം
"സെബൂവിലെ വിശുദ്ധശിശു" എന്നറിയപ്പെടുന്ന ഉണ്ണിയേശുവിന്റെ പ്രതിമ, ഫിലിപ്പീൻസിലെ ഏറ്റവും പുരാതനമായ ക്രിസ്തുമതപ്രതീകമാണ്.

2007-ലെ കാനേഷുമാരിക്കണക്കനുസരിച്ച് സെബൂ പ്രവിശ്യയിലെ ജനസംഖ്യ 25 ലക്ഷത്തോളം വരും. അതിന്റെ മൂന്നിലൊന്നോളം പ്രവിശ്യാ തലസ്ഥാനമായ സെബൂ നഗരത്തിലാണ്. സെബൂ പ്രവിശ്യയിലെ മുഖ്യഭാഷയായ സെബൂവാനോയ്ക്ക് വിസയാ പ്രദേശത്തെ മറ്റു മേഖലകളിലും പ്രചാരമുണ്ട്.

ജനസംഖ്യയിൽ ഭൂരിഭാഗവും കത്തോലിക്കരാണ്. ഇസ്ലാം, ബുദ്ധ, ഹിന്ദു മതവിശ്വാസികളുടെ ന്യൂനപക്ഷവും ഇവിടെയുണ്ട്. സെബൂവിലെ റോമൻ കത്തോലിക്കാ അതിരൂപതയുടെ കീഴിൽ പ്രധാനപ്പെട്ട ഒട്ടേറെ പള്ളികളുണ്ട്. പ്രവിശ്യാതലസ്ഥാനത്തെ ഉണ്ണിയേശുവിന്റെ ഭദ്രാസനപ്പള്ളിയിൽ വണങ്ങപ്പെടുന്ന "സെബൂവിലെ വിശുദ്ധശിശു"-വിന്റെ (സാന്തോ നീനോ ഡെ സെബൂ) പ്രതിമ ഫിലിപ്പീൻസിലെ ക്രിസ്തുമതപ്രതീകങ്ങളിൽ ഏറ്റവും പുരാതനമാണ്. പതിനാറാം നൂറ്റാണ്ടിൽ ഇവിടെയെത്തിയ പോർത്തുഗീസ് പര്യവേഷകൻ ഫെർഡിനാന്റ് മഗല്ലൻ, അന്നത്തെ സെബൂ ഭരണാധികാരി ഹുമാബോൺ രാജാവിന്റെ പട്ടമഹിഷി ഹാരാ അമിഹാനു സമ്മാനിച്ചതാണ് ഈ പ്രതിമയെന്നാണു ചരിത്രസാക്ഷ്യം.

നുറുങ്ങുകൾ[തിരുത്തുക]

  • പര്യവേഷകനായ ഫെർഡിനാന്റ് മഗല്ലന്റെ ദൂതന്മാർ കാണാനെത്തുമ്പോൾ സെബൂവിലെ ഹുമാബോൺ രാജാവ്, തെങ്ങോലപ്പായിൽ ഇരുന്ന് ആമ മുട്ടയും തെങ്ങിൻ കള്ളും കഴിക്കുകയായിരുന്നെന്ന് മഗല്ലന്റെ ദിനവൃത്താന്തകൻ അന്തോണിയോ പിഗഫെറ്റാ സാക്ഷ്യപ്പെടുത്തുന്നു. ഒപ്പം, നാലു സുന്ദരിമാർ ചുറ്റും നിന്ന് ആലപിച്ചിരുന്ന രാഗങ്ങൾക്ക് അദ്ദേഹം അലസമായി ചെവിയും കൊടുത്തിരുന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 ലിയോൺ മരിയോ ഗുവരേരോ എഴുതിയ "First Filipino" (പുറം 524)
  2. Philippine History.com, സ്പനിഷ് കോളനീകരണം
"https://ml.wikipedia.org/w/index.php?title=സെബൂ&oldid=3781105" എന്ന താളിൽനിന്ന് ശേഖരിച്ചത്