ലാപു ലാപു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പതിനാറാം നൂറ്റാണ്ടിൽ ഫിലിപ്പീൻ ദ്വീപുകളിലെ സ്പെയിനിന്റെ അധിനിവേശത്തിന്റെ തുടക്കത്തിൽ മദ്ധ്യ ഫിലിപ്പീൻസിൽ മാക്ടാൻ ദ്വീപിലെ ഭരണാധികാരി (ദാതു) ആയിരുന്നു ലാപു ലാപു (1491–1542). ദ്വീപസമൂഹത്തിൽ സ്പാനിഷ് അധിനിവേശത്തെ ചെറുത്ത അദ്യത്തെ തദ്ദേശീയനായി പരിഗണിക്കപ്പെടുന്ന അദ്ദേഹത്തെ[1] ആധുനിക ഫിലിപ്പീൻസ് അതിന്റെ പ്രഥമ ദേശീയവീരനായി മാനിക്കുന്നു. ലാപു ലാപു ഇസ്ലാം മതാനുയായി ആയിരുന്നെന്നു കരുതുന്നവരുണ്ട്.[1]

ഭൂഗോളം ചുറ്റിയുള്ള ആദ്യത്തെ കപ്പൽ യാത്രക്കു നേതൃത്വം കൊടുത്ത് മദ്ധ്യ ഫിലിപ്പീൻസിലെത്തിയ സ്പാനിഷ് പര്യവേഷകനായ ഫെർഡിനാന്റ് മഗല്ലൻ കൊല്ലപ്പെട്ടത് ലാപു ലാപു നേതൃത്വം കൊടുത്ത ചെറുത്തു നില്പിന്റെ ഭാഗമായ മാക്ടാനിലെ യുദ്ധത്തിലാണ്. 1521 ഏപ്രിൽ 27-നു നടന്ന ആ യുദ്ധത്തിൽ മഗല്ലനു പുറമേ അദ്ദേഹത്തിന്റെ ഒട്ടേറെ സഹയാത്രികരും കൊല്ലപ്പെട്ടു.[1] യൂറോപ്യൻ കോളോണിയലിസത്തിനെതിരെ ഏഷ്യൻ ജനതയുടെ ആദ്യവിജയം എന്നു പോലും ഫിലിപ്പീൻ ദേശീയവാദികളിൽ ചിലർ ഈ യുദ്ധത്തെ വിശേഷിപ്പിക്കുന്നു.[2]

മക്ടാൻ ദ്വീപിൽ ലാപു ലാപുവിന്റെ ഒരു പ്രതിമ സ്ഥാപിച്ച ഫിലിപ്പീൻ സർക്കാർ സെബു ദ്വീപിലെ ഓപോൺ നഗരത്തെ അദ്ദേഹത്തിന്റെ പേരിൽ "ലാപു ലാപു സിറ്റി" എന്നു പുനർ നാമകരണം ചെയ്തിരിക്കുന്നു. ഫിലിപ്പീൻസിന്റെ തലസ്ഥാനമായ മനിലയിലെ റിസാൽ പാർക്കിലും അദ്ദേഹത്തിന്റെ ഒരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഫിലിപ്പീൻ ദേശീയ പോലീസ് സേനയുടെ ഔദ്യോഗിക ചിഹ്നത്തിൽ ലാപു ലാപുവിന്റെ ചിത്രമുണ്ട്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 ഫിലിപ്പീൻ സെനറ്റിൽ റിച്ചാർഡ് ജെ. ഗോർഡൻ അവതരിപ്പിച്ച പ്രമേയം സംഖ്യ 2162
  2. National holiday honoring Lapu-Lapu pushed in Senate Philstar.com[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ലാപു_ലാപു&oldid=3790025" എന്ന താളിൽനിന്ന് ശേഖരിച്ചത്