പാർക്കിൻസൺസ് രോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മസ്തിഷ്കത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിലെ കോശങ്ങളിൽ ആല്ഫാ സിന്യൂക്ലിൻ (α-synuclein) എന്ന് പേരുള്ള ഒരുതരം മാംസ്യം ഉറഞ്ഞുകൂടി സൃഷ്ടിക്കപ്പെടുന്ന "ലൂയിവസ്തുക്കൾ" (Lewy bodies) അടിയുന്നതിനെത്തുടർന്ന് നാഡികൾക്ക് വ്യാപകമായി ക്ഷയമുണ്ടാകുന്ന ഒരു ചലനരോഗമാണ്‌ പാർക്കിൻസൺസ് രോഗം. ശരീരഭാഗങ്ങൾക്ക് വിറയലുണ്ടാകുക (tremor), പേശികൾക്ക് അയവില്ലാതാകുന്നതുമൂലം ശരീരഭാഗങ്ങളിൽ അസാധാരണമാം വിധം ദാർഢ്യം കാണപ്പെടുക (rigidity), ശരീരത്തിന്റെ ചലനശേഷി ആകപ്പാടെ കുറഞ്ഞുവരിക (bradykinesia) എന്നിവയാണ്‌ പാർക്കിൻസൺസ് രോഗത്തിന്റെ കാതലായ ലക്ഷണങ്ങൾ. നൈഗ്രോ സ്ട്രയേറ്റൽ പാത (nigro-striatal pathway) എന്നറിയപ്പെടുന്ന മസ്തിഷ്കനാഡീ പാതയിലെ കോശസന്ധികളിൽ (synapses) ഡോപ്പമീൻ എന്ന നാഡീത്വരകത്തിന്റെ അളവ് കുറയുന്നതുമൂലമാണ്‌ മുഖ്യമായും ഈ ചലനപ്രശ്നങ്ങൾ രോഗിയിലുണ്ടാകുന്നത്. മെഡുല്ല ഒബ്ലോം‌ഗേയ്റ്റ, ഘ്രാണമുകുളം എന്നിവിടങ്ങളിൽ ലൂയിവസ്തുക്കൾ അടിഞ്ഞു തുടങ്ങുന്ന ഘട്ടത്തിൽ ആരംഭിക്കുന്ന പാർക്കിൻസൺസ് രോഗം കാലക്രമേണ മധ്യകപാലത്തിലെ (midbrain) സബ്സ്റ്റാൻഷ്യ നൈഗ്രയിലേക്കും മറ്റ് കേന്ദ്രങ്ങളിലേക്കും പടരുന്നു. ഇങ്ങനെ നാലാം ഘട്ടത്തിലെത്തുമ്പോൾ വ്യാപകമായ രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങുന്ന പാർക്കിൻസൺസ് രോഗി 5 - 6 എന്നീ ഘട്ടങ്ങളിൽ രോഗലക്ഷണങ്ങൾക്ക് പൂർണമായും കീഴ്പ്പെടുന്നു.

ഇംഗ്ലിഷ് വൈദ്യനായിരുന്ന ജെയിംസ് പാർക്കിൻസൺ (1755–1824) ആണ്‌ 1817ൽ ആദ്യമായി "വിറയൽ വാതത്തെപ്പറ്റി ഒരുപന്യാസം" എന്ന പേരിൽ 6 "വിറയൽ രോഗി"കളെ പഠിച്ച് വൈദ്യലോകത്തിനു ഈ രോഗം ഔപചാരികമായി പരിചയപ്പെടുത്തിയത്. പിൽക്കാലത്ത് ന്യൂറോളജിയുടെ സ്ഥാപകനെന്ന് പ്രശസ്തനായ ഷോൺ മാർതെൻ ഷാർക്കൂ (Jean Martin Charcot,1825–1893) ആണ്‌ ഈ രോഗത്തിനെ 1877ൽ തന്റെ ലെക്‌ചറുകളിൽ "മാലഡീ ദെ പാർക്കിൻസൺ" (പാർക്കിൻസണിന്റെ രോഗം) എന്ന് പേരിട്ട് വിളിച്ചത് [1].

പാർക്കിൻസൺസ് രോഗത്തിനു ഒറ്റക്കാരണമായി ഒരു സംഗതി നിലവിൽ കണ്ടെത്തിയിട്ടില്ല. മറിച്ച് പാരിസ്ഥിതികവും ജനിതകവുമായ പല ഘടകങ്ങളുടെ കരണപ്രതികരണങ്ങളാവാം പാർക്കിൻസൺസിനു ഹേതുവായ ജൈവരാസതല മാറ്റങ്ങളിലേക്ക് നയിക്കുന്നത് എന്നാണു നിലവിലെ നിഗമനം. എന്നാൽ പാർക്കിൻസൺസ് രോഗത്തിന്റെ അടിസ്ഥാനമായ കോശാപക്ഷയത്തിലേക്ക് നയിക്കാൻ സാധ്യതയുള്ള ഒട്ടനവധി ജനിതക ഉല്പരിവർത്തനങ്ങൾ (mutations) തിരിച്ചറിഞ്ഞിട്ടുണ്ട്. ഏകദേശം 5% പാർക്കിൻസൺസ് രോഗം ജനിതകമായി പകർന്ന് കിട്ടുന്നതാണ്‌. പത്തിലധികം ജനിതകസ്ഥാനങ്ങൾ (gene loci) ഇതുമായി ബന്ധപ്പെട്ട് നിർണയിക്കപ്പെട്ടിട്ടുമുണ്ട്.

രക്തബന്ധമുള്ളവരിൽ രോഗമുണ്ടായിരിക്കുക, കീടനാശിനികളുമായോ കളനാശിനികളുമായോ സമ്പർക്കം, ഗ്രാമ്യപ്രദേശങ്ങളിലെ താമസം, സ്ഥിരമായി കിണറുവെള്ളം കുടിക്കൽ, ഹൈഡ്രോകാർബൺ ലായനികളുമായി ബന്ധം, മസ്തിഷ്കത്തിനു ക്ഷതമുണ്ടാവുക തുടങ്ങി പലതും ഉയർന്ന പാർക്കിൻസൺസ് രോഗ സാധ്യതയുമായി ബന്ധപ്പെട്ട് കണ്ടെത്തിയിട്ടുണ്ട്. എം പി ടി പി (മെഥൈൽ ഫീനൈൽ ടെട്രാഹൈഡ്രോ പൈറിഡീൻ) എന്ന മയക്കുമരുന്ന്, കാർബൺ മോണോക്സൈഡ് വാതകം, മാംഗനീസ് ലോഹം, സയനൈഡ് തുടങ്ങിയവ കൊണ്ട് വിഷീകരണം (toxicity) സംഭവിക്കുന്നവരിലും പാർക്കിൻസൺസ് രോഗസാധ്യത കൂടുതലാണ്‌. ഛർദ്ദി തടയാനോ വിഷാദരോഗം ചിത്തഭ്രമം തുടങ്ങിയ മനോരോഗങ്ങൾ ചികിത്സിക്കാനോ ഉപയോഗിക്കുന്ന മരുന്നുകളും പാർക്കിൻസൺസ് രോഗത്തിനു കാരണമാകാം.

പാർക്കിൻസൺസ് രോഗം 35 - 85 വയസ്സുവരെയുള്ളവരിൽ കാണപ്പെടാമെങ്കിലും ശരാശരി 50കളിലാണ്‌ രോഗം നിർണയിക്കപ്പെടുന്നത്. ജനിതക പാർക്കിൻസൺസ് രോഗം വരുന്ന വിഭാഗങ്ങളിൽ രോഗലക്ഷണങ്ങൾ കാണുന്ന പ്രായം താരതമ്യേന കുറവാണ്‌. കുട്ടിക്കാലമുതൽക്ക് ലക്ഷണങ്ങൾ കാണപ്പെടുന്ന അപൂർ‌വ പാർക്കിൻസൺസ് രോഗമാണു ശൈശവപാർക്കിൻസൺസ് (Juvenile Parkinson's Disease). സാധാരണഗതിയിൽ പാർക്കിൻസൺസ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ 10 മുതൽ 25 വർഷങ്ങളോളമാണ്‌ രോഗിയുടെ ആയുർ‌ദൈർഘ്യം. ഇളം പ്രായത്തിൽ പാർക്കിൻസൺസ് പിടിപെടുന്നവർ കൂടുതൽ കാലം രോഗവുമായി ജീവിച്ചിരിക്കുന്നുവെന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്.

ലക്ഷണങ്ങൾ[തിരുത്തുക]

പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണങ്ങൾ ഏറിയോ കുറഞ്ഞോ കാണിക്കുന്ന ഒരുകൂട്ടം നാഡീരോഗങ്ങൾ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. പാർക്കിൻസൺസ് രോഗത്തിൽ സാധാരണ കാണപ്പെടാത്തതോ അപൂർ‌വമായതോ ആയ രോഗലക്ഷണങ്ങളും പാർക്കിൻസൺസിതര നാഡീഭാഗങ്ങളുടെ ക്ഷയവുമാണ്‌ ഈ രോഗസംഘാതത്തിന്റെ മുഖമുദ്ര. ഇവയെ പാർക്കിൻസണിസം പ്ലസ് സിൻഡ്രോമുകളെന്ന് വിളിക്കുന്നു. പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണങ്ങളെ മാത്രമായി സൂചിപ്പിക്കാനുപയോഗിക്കുന്ന പദമാണ്‌ പാർക്കിൻസണിസം. ഹണ്ടിംഗ്‌ടൺസ് രോഗം, വിൽ‌സൺസ് രോഗം, മൾട്ടിപ്പിൾ സിസ്റ്റം അട്രോഫി എന്നിങ്ങനെ ഒട്ടനവധി രോഗങ്ങളുടെ ലക്ഷണവ്യൂഹത്തിൽ പാർക്കിൻസണിസം കാണപ്പെടാറുണ്ട്.

പാർക്കിൻസൺസ് രോഗത്തിന്റെ ലക്ഷണങ്ങൾക്ക് അടിസ്ഥാനപരമായ കാരണം ചില മസ്തിഷ്കഭാഗങ്ങളിൽ ഡോപ്പമീൻ എന്ന നാഡീത്വരകം കുറയുന്നതാണ്‌ എന്നതിനാൽ ഈ രോഗത്തിന്റെ ചികിത്സയിൽ ഏറ്റവും പ്രധാനമായി ഉപയോഗിക്കപ്പെടുന്നതും ഡോപ്പമീനെ പൂർ‌വനിലയിലെത്തിക്കാനുള്ള മരുന്നുകളാണ്‌. ഡോപ്പമീന്റെ തന്നെ വിവിധവകഭേദങ്ങൾ മരുന്നുകളായി നൽകാറുണ്ട്. മസ്തിഷ്കകോശ സന്ധികളിൽ ഡോപ്പമീൻ നശിപ്പിക്കപ്പെടാതിരിക്കാനുള്ള മരുന്നുകളും ഡോപ്പമീൻ സ്വീകരിണികളെ മറ്റ് വിധങ്ങളിൽ ഉത്തേജിപ്പിക്കുന്ന മരുന്നുകളും പാർക്കിൻസൺസ് രോഗചികിത്സയിൽ ഉപയോഗിക്കപ്പെടുന്നു. മസ്തിഷ്കത്തിലെ ഡോപ്പമീൻ നിർമ്മാണത്തെ ത്വരിതപ്പെടുത്താൻ നേരിട്ട് തലച്ചോറിന്റെ ഭാഗങ്ങളെ ചെറു വൈദ്യുത സ്ഫുലിംഗങ്ങൾ കൊണ്ട് ഉത്തേജിപ്പിക്കുന്ന ചികിത്സാരീതിയായ ഡീപ്പ് ബ്രെയിൻ സ്റ്റിമുലേഷൻ (Deep Brain Stimulation) പലയിടത്തും ഇപ്പോൾ വ്യാപകമാണ്‌. ഡോപ്പമീൻ നിർമ്മാണത്തിലേർപ്പെടുന്ന കോശങ്ങൾ നശിച്ച് പോകുന്നത് പൂർ‌വസ്ഥിതിയിലാക്കുന്നതിനായി ഡോപ്പമീനർജിക നാഡീകോശങ്ങളെ വളർത്തുന്ന വിത്തുകോശ ചികിത്സയും പരീക്ഷണത്തിന്റെ വിവിധഘട്ടത്തിലാണ്‌.

ഒരു മനുഷ്യൻ്റെ സാധാരണ പ്രവൃത്തികളിലും രീതികളിലും, അയാൾ അറിയാതെതന്നെ രോഗം കൈവെച്ച് തുടങ്ങും. ഉദാഹരണത്തിനു് ഒരു കൃഷിക്കാരൻ അല്ലെങ്കിൽ കൂലിപ്പണി ചെയ്യുന്നയാൾക്ക് ,ഒരു പക്ഷെ വർഷത്തിൽ ഒരിക്കലോ മറ്റോ മാത്രമേ എന്തെങ്കിലും എഴുതുകയോ ഒപ്പിടുകയോ ചെയ്യേണ്ടി വരികയുള്ളൂ. അത്തരക്കാർക്ക് എഴുതാനും ഒപ്പിടാനും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ,അത് വർഷങ്ങൾക്ക് ശേഷമേ യാദച്ഛികമായി എങ്കിലും അയാൾക്ക് ബോധ്യപ്പെടുക ഉള്ളൂ. അതെ സമയം ഒരു ബാങ്ക് ഉധ്യോഗസ്ഥനാനെങ്കിൽ ഇത് നേരെ വിപരീതമായിരിക്കും. എഴുതാനുള്ള കഴിവ് നഷ്ടപ്പെടുന്ന/അക്ഷരങ്ങൾ ചെറുതായി പോവുന്ന  അവസ്ഥ ഒരു പ്രധാന ലക്ഷണം തന്നെയാണ്.


കുറെ നേരത്തെ പ്രത്യക്ഷപ്പെടുന്ന ഒരു ലക്ഷണമാണ് വിഴുങ്ങാൻ ഉള്ള ബുദ്ധിമുട്ട്. വലിയ എന്തെങ്കിലും പദാർത്ഥങ്ങൾ വിഴുങ്ങുന്ന അവസരത്തിൽ അല്ല, മറിച്ച് വളരെ ചെറിയ ഗുളികകൾ കയ്യിൽ എടുക്കുമ്പോൾ തന്നെ ഓക്കാനം വരും. സംസാരിക്കുന്നതിന് തടസ്സം നേരിടുന്നത് മറ്റൊരു പ്രധാന ലക്ഷണമാണ്.ഒരു പ്രസംഗം ചെയ്യുന്നതിനിടെ നിങ്ങൾക്ക് വാക്കുകൾ മുഴുമിക്കാൻ കഴിയാതിരിക്കുക, അല്ലെങ്കിൽ തൊണ്ടയിൽ കുരുങ്ങിയ രീതിയിൽ അനുഭവപ്പെടുന്നതും ,തുടർന്ന് വളരെ ശ്രദ്ധിച്ച്, സാവധാനം സംസാരിക്കേണ്ട ഒരു അവസ്ത വരുന്നതും മറ്റൊരു പ്രധാന സൂചനയാണ്.

വായിൽ നിന്നും ഉമിനീർ കിനിഞ്ഞു കൊണ്ടേയിരിക്കുന്നു എന്ന് കരുതുക. പലരും വായ്പുണ്ണ് അല്ലെങ്കിൽ അൾസർ എന്നൊക്കെ ഉള്ള ധാരണയിൽ ഇരിക്കും. പിന്നീട് ഉമിനീരിൻ്റെ കട്ടി സ്വൽപം കൂടിയതായി തോന്നും. രോഗി അറിയാതെ ഉമിനീർ വായിൽ നിന്നും ഇറക്കുകയോ,പുറത്തേക്ക് തുപ്പുകയോ ചെയ്തുകൊണ്ടിരിക്കും. മറ്റൊരു പ്രധാന ലക്ഷണമാണ് കൈ കൊണ്ടുള്ള ചില ചലനങ്ങൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു എന്നുള്ളത്.പ്രധാനമായും പല്ല് തേക്കാൻ കഴിയാത്ത അവസ്ഥ. വിരലുകൾ ഉപയോഗിച്ചുള്ള ചെറിയ പ്രവൃത്തികൾ ചെയ്യാൻ ബുദ്ധിമുട്ട്/കാലതാമസം വരും.അതേപോലെ വലതു കൈയുടെ ചില സാധാരണ ചലനങ്ങൾ രോഗി അറിയാതെ മാറി പോകും. ഇത് മറ്റുള്ളവർ സൂചിപ്പിക്കുംബോൾ മാത്രമേ രോഗി അറിയുകയുള്ളൂ.


മറവി മറ്റൊരു ലക്ഷണമാ ണ്. ബാല്യകാലം മുതലുള്ള പഴയ  ഓർമകൾ ഒന്നും നഷ്ടപ്പെടില്ല. പക്ഷേ തൊട്ടു തലേ ദിവസത്തെ കാര്യങ്ങൾ വീണ്ടെടുക്കാൻ ബുദ്ധിമുട്ടും. സ്ഥിരം കാണുന്നവരുടെ പേരുകൾ ഓർത്തെടുക്കാൻ കഴിയാതെവരും. ഇന്നലെ വൈകീട്ട് ഇത്ര മണിക്ക് എവിടെ ആയിരുന്നു എന്നൊക്കെ ചോദിച്ചാൽ വലിയ ആശയകുഴപ്പം തന്നെ അനുഭവപ്പെടും.

പ്രവൃത്തികളിലും തീരുമാനങ്ങളിലും ആശയകുഴപ്പം വരുന്നത് ഒരു പ്രധാന ലക്ഷണമാണ്.ഏതെങ്കിലും ഒരു കാര്യത്തിൽ കേന്ദ്രീകരിച്ച് ആലോചിക്കാൻ കഴിയാത്ത അവസ്ഥ വരും. അത് വലിയ മനപ്രയാസവും രോഗിക്ക് നൽകും.

ഉമിനീർ കിനിയുന്നതിന് പുറമെ ചുണ്ടുകൾ വരണ്ടതായി അനുഭവപ്പെടും. എപ്പോഴും വെള്ളം കുടിക്കാൻ തോന്നും,കൊടും തണുപ്പിൽ പോലും.

മറവി പലരീതിയിൽ ആക്രമിക്കും. രണ്ടു് സെറ്റ് ചെരിപ്പുകൾ ഉണ്ടെങ്കിൽ ഓരോ സെറ്റ്ൽ നിന്നും ഓരോന്ന് കാലിൽ ഇട്ടു പോവുക,ബെൽറ്റ് ധരിക്കാൻ മറക്കുക,ബാത്ത്റൂമിൽ ഫ്ലഷ് ചെയ്യാൻ മറക്കുക, ടൂത്ത് പേസ്റ്റ് എടുത്ത് വെച്ചിട്ട്, പല്ല് തേക്കാതെ മടങ്ങുക തുടങ്ങി നിരവധി രീതിയിൽ മറവിയുടെ വകഭേദങ്ങൾ ഉണ്ടായേക്കാം.

ഇരിക്കുമ്ബഴോ കിടക്കുമ്പഴോ കാലുകൾ നിരന്തരം ചലിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒരവസ്ഥ സംജാതമാകും. ഇതിനെ restless leg syndrome(RLS) എന്ന് പറയും.ശരീരത്തിൻ്റെ ഏതു ഭാഗത്താണ് വിറയൽ തുടങ്ങുന്നത്,അതെ ഭാഗത്തെ കാലിനാണ് ഈ സ്ഥിതി വിശേഷം ആദ്യം കാണുക.

രുചി/മണം എന്നീ വികാരങ്ങളേ  ഇല്ലാതാവും. ഏറ്റവും ഉയർന്ന മാനസിക സംഘർഷം നൽകുന്ന ഒരു അവസ്ത ആണിത്. അമ്മയുടെ മുലപ്പാൽ മുതൽ അനുഭവിച്ച എല്ലാ രുചിക്കൂട്ടുകളും അന്യമാവും.


ലക്ഷണങ്ങൾ പ്രധാനമായി ചലനശേഷിയെ ബാധിക്കുന്നു. ചിന്താശക്തി കുറയുകയും ഭാവത്തിലും പെരുമാറ്റത്തിലും വ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു. ഈ ലക്ഷണങ്ങളും രോഗത്തിന്റെ വളർച്ചയും ഓരോരുത്തരിലും ഓരോ വിധമാണു.

യാന്ത്രിക ലക്ഷണങ്ങൾ[തിരുത്തുക]

  • നാലുമുതല് ഏഴു ഹെറ്ട്സുവരെ അളവില് വിറയൽ ഉണ്ടാവാം. അവയവങ്ങൾ വിശ്രമാവസ്തയിലുള്ളപ്പോൾ ഇതു കൂടുകയും ചലനാവസ്തയിലുള്ളപ്പോൾ കുറയുകയും ചെയ്യുന്നു.
  • മസിലുകള്ക്കു ഇറുക്കം അനുഭവപ്പെടുന്നതിനാല് വിറയലും ചേര്ന്ന് പിന്നിലേയ്കു ചലിക്കാത്ത പല്ചക്രം പോലെ അനുഭവപ്പെടുന്നു.
  • വേഗത കുറയുക, അല്ലെങ്കില് ചലനം തന്നെ നിലക്കുക, ഇവയെല്ലാം എല്ലാ പ്രവർത്തികളേയും ബാധിക്കുന്നു.
  • ഹ്രസ്വപാദചലനങ്ങളും പാദം തറയിൽനിന്നും പൊക്കി വെക്കാനുള്ള ഒരു പ്രേരണയും(Gait) വഴിയിലുള്ള ചെറിയ തടസ്സങ്ങൾ പോലും രോഗി വീഴാന് കാരണമാകുന്നു.
  • നടക്കുമ്പോൾ ഉള്ള കയ്യിന്റെ ചലനം(ആട്ടം) കുറയുന്നു.
  • കഴുത്തും മറ്റവയവങ്ങളും തിരിക്കുമ്പോള് മാംസപേശികളുടെ ഇറുക്കം കാരണം പല പടികളായാണു ഇതു സാധ്യമാകുന്നതു.
  • മുന്നിലേക്കു കുനിഞ്ഞുള്ള ഒരു അവസ്തയില് ഇരിക്കുന്നു.
  • ചോറ് കുഴച്ച്, ഉരുട്ടിയെടുക്കാൻ ബുദ്ധിമുട്ട് അനുഭപ്പെടുക, ഉയരത്തിൽ കയറാൻ പേടി തോന്നുക, ടെറസിലും മറ്റും നിന്ന് താഴേക്ക് നോക്കുമ്പോൾ ഭീതി തോന്നുക,കൈയുടെ തള്ള വിരൽ സ്വൽപം വിടർന്ന് നിൽക്കുക,കൈ ഉയർത്തി വെക്കുമ്പോൾ വിറയൽ അനുഭവപ്പെടുക, നടക്കുമ്പോൾ ശരീരത്തിൻ്റെ സ്വാഭാവിക ചലനം മാറുക, കൈകാലുകളുടെ മസിലുകൾ കാഴ്ചയിൽ ദുർബലമായി കാണുക,ശരീരത്തിൽ മസിലുകൾ ഉള്ള എല്ലാ സ്ഥലങ്ങളിലും  കോച്ചിപ്പിടുത്തം അനുഭവപ്പെടുക, മർമം ഉള്ള സ്ഥലങ്ങളിൽ നിന്നും തുള്ളൽ പോലെ തൊലിപ്പുറത്തെക്ക് ദൃശ്യ മാവുന്ന രീതിയിൽ വിറയൽ ഉണ്ടാവുകയുo ചെയ്യും. ഇരുകൈകളുടെയും ചുമലിന് (shoulders) കഠിനമായ വേദന അനുഭവപ്പെടാം.ഏതെങ്കിലും ഒരു ഭാഗം ചേർന്ന് തിരിഞ്ഞ് കിടന്നാൽ ഇത് അസഹനീയമാവും. കണ്ണുകളുടെ താഴെ ഭാഗം കറുപ്പ് വ്യാപിക്കുകയും, കണ്ണുകളിൽ  നിർവികാരത പ്രകടമാവുകയും ചെയ്യും. വ്യക്തിയുടെ സ്വാഭാവികമായ മുഖഭാവം ക്രമേണ മാറിവരും. വളരെ മെല്ലെ ആക്രമണം ആരംഭിക്കുന്ന ഈ മഹാരോഗം ഒരു ഖട്ടത്തിൽ മനുഷ്യനെ പൂർണമായും കീഴ്പ്പെടുത്തി ഭീകരരൂപം കൈവരിക്കും.

പ്രമുഖ പാർക്കിൻസൺ രോഗികൾ[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Gardner-Thorpe, C. 2010.James Parkinson (1755-1824)[പ്രവർത്തിക്കാത്ത കണ്ണി]. J Neurol. 2010 Mar;257(3):492-3.doi: 10.1007/s00415-009-5440-8. PMID: 20127352
"https://ml.wikipedia.org/w/index.php?title=പാർക്കിൻസൺസ്_രോഗം&oldid=3936595" എന്ന താളിൽനിന്ന് ശേഖരിച്ചത്