Jump to content

പദാർത്ഥാന്തരീകരണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശുദ്ധ കുർബാനയിലെ ബലിയപ്പത്തിലെ യേശുവിന്റെ "സത്യസാന്നിദ്ധ്യം" (real presence) ഒരു കത്തോലിക്കാ സഭയിൽ ആരാധിക്കപ്പെടുന്നു.

വിശുദ്ധകുർബ്ബാനയിൽ സമർപ്പിക്കപ്പെടുന്ന ഗോതമ്പപ്പത്തിന്റേയും, മുന്തിരി-വീഞ്ഞിന്റേയും 'പദാർത്ഥങ്ങൾക്ക്' കൂദാശാവചനങ്ങളുടെ ഉച്ചാരണത്തിൽ യേശുവിന്റെ യഥാർത്ഥമായ ശരീര-രക്തങ്ങളുടെ 'പദാർത്ഥങ്ങളുടെ' അവസ്ഥയിലേയ്ക്ക് സംഭവിക്കുന്നതായി കത്തോലിക്കാ ദൈവശാസ്ത്രം കരുതുന്ന മാറ്റമാണ് പദാർത്ഥാന്തരീകരണം (Transubstantiation).[1]ഈ മാറ്റത്തിനു ശേഷവും മുന്നേപ്പോലെ, മനുഷ്യേന്ദ്രിയങ്ങൾക്ക് അപ്പവും വീഞ്ഞും അവയുടെ പൂർവ-സാദൃശ്യങ്ങൾ നിലനിർത്തുന്നുവെന്നും (appearances) കത്തോലിക്കാ സഭ പഠിപ്പിക്കുന്നുണ്ട്.[2][3][4]

മദ്ധ്യയുഗത്തിൽ വികസിച്ച് ക്രമേണ വ്യാപകമായ അംഗീകാരം നേടിയ ഈ വിശ്വാസത്തെ പതിനാറാം നൂറ്റാണ്ടിൽ പ്രൊട്ടസ്റ്റന്റ് നവീകർത്താക്കൾ പല നിലപാടുകളിൽ നിന്ന് നിശിതമായി ചോദ്യം ചെയ്തിരുന്നു. എങ്കിലും കത്തോലിക്കാ പ്രതിനവീകരണത്തിന്റെ ഭാഗമായി സമ്മേളിച്ച ത്രെന്തോസ് സൂനഹദോസ് പദാർത്ഥാന്തരീകരണത്തെ അതിന്റെ തീവ്രരൂപത്തിൽ നിർവചിച്ചുറപ്പിച്ചു.

ചരിത്രം

[തിരുത്തുക]

അപ്പത്തിനും വീഞ്ഞിനും വിശുദ്ധകുർബാനയിൽ സംഭവിക്കുന്നതായി വിശ്വസിക്കപ്പെടുന്ന മാറ്റത്തെ വിവരിക്കാൻ "പദാർത്ഥാന്തരീകരണം" എന്ന പദം ആദ്യം ഉപയോഗിച്ചത് പതിനൊന്നാം നൂറ്റാണ്ടിൽ ഫ്രാൻസിൽ ടൂർസിലെ മെത്രാനായിരുന്ന ലവാർഡിനിലെ ഹിൽഡെബെർട്ട് ആണ്. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ പദം വ്യാപകമായ പ്രചാരം നേടി. 1215 നവംബർ 11-നു തുടങ്ങിയ നാലാം ലാറ്ററൻ സൂനഹദോസ്, വിശുദ്ധകുർബാനയിലെ അപ്പത്തേയും വീഞ്ഞിനേയും യേശുവിന്റെ ശരീര-രക്തങ്ങളായി "പദാർത്ഥാന്തരീകരണം" സംഭവിച്ചവ എന്നു വിശേഷിപ്പിച്ചു: "അൾത്താരയിലെ കൂദാശ അവന്റെ ശരീരരക്തങ്ങളെ, ദൈവികശക്തിയാൽ പദാർത്ഥാന്തരീകരിക്കപ്പെട്ട അപ്പത്തിന്റേയും വീഞ്ഞിന്റേയും രൂപത്തിൽ സത്യമായും ഉൾക്കൊള്ളുന്നു" എന്നു സൂനഹദോസ് പ്രഖ്യാപിച്ചു.[5] പതിമൂന്നാം നൂറ്റാണ്ടിൽ സ്കൊളാസ്റ്റിക് പാരമ്പര്യത്തിലെ പേരെടുത്ത കത്തോലിക്കാ ചിന്തകൻ തോമസ് അക്വീനാസ് ഈ വിശ്വാസത്തെ വിശദീകരിക്കാൻ അരിസ്റ്റോട്ടിലിയൻ ചിന്തയുടെ സങ്കേതങ്ങളെ ആശ്രയിച്ചു. അപ്പത്തിന്റേയും വീഞ്ഞിന്റേയും ബാഹ്യപ്രകൃതിയുടെ 'ആകസ്മികതകൾ' (accidents) നിലനിൽക്കെ അവയുടെ ആന്തരികപദാർത്ഥങ്ങൾക്കു ('breadness' and 'wineness') സംഭവിക്കുന്ന പരിവർത്തനമായി അദ്ദേഹം പദാർത്ഥാന്തരീകരണത്തെ കണ്ടു.[6]

പ്രൊട്ടസ്റ്റന്റ് നവീകരണയുഗത്തിൽ പദാർത്ഥാന്തരീകരണവാദം അരിസ്റ്റോട്ടിലിയൻ ചിന്തയിൽ നിന്നു ക്രിസ്തീയതയിൽ കടന്നുകൂടിയ വ്യാജദർശനമായി വിമർശിക്കപ്പെട്ടു.[7] ഇതിനു പകരമായി മാർട്ടിൻ ലൂഥർ അവതരിപ്പിച്ച വീക്ഷണം കൂദാശാപരമായ സംയോഗം (sacramental union) എന്നറിയപ്പെട്ടു. വിശുദ്ധ കുർബാന കേവലമൊരു അനുസ്മരണച്ചടങ്ങാണെന്ന നിലപാടാണ് മറ്റൊരു നവീകർത്താവായ ഉൾറിക്ക് സ്വിംഗ്ലി സ്വീകരിച്ചത്.[8]

എങ്കിലും പ്രൊട്ടസ്റ്റന്റ് നവീകരണത്തോടുള്ള കത്തോലിക്കാ സഭയുടെ പ്രതികരണത്തിലെ ഏറ്റവും പ്രധാന സംരംഭമായ ത്രെന്തോസ് സൂനഹദോസ് പദാർത്ഥാന്തരീകരണത്തെ അതിന്റെ തീവ്രരൂപത്തിൽ നിർവചിച്ച് അംഗീകരിച്ചതിനൊപ്പം അതിനെ നിഷേധിക്കുന്നവരെ ശപിക്കുകയും ചെയ്തു:‌-

കുർബാനയിൽ കൂദാശചെയ്യപ്പെട്ട അപ്പത്തെ എത്ര ചെറുതായി വിഭജിച്ചാലും ഓരോ തരിയിലും യേശുവിന്റെ ശരീരവും രക്തവും ആത്മാവും അവയുടെ സമ്പൂർണ്ണതയിൽ ഉണ്ടായിരിക്കുമെന്നും ത്രെന്തോസ് സൂനഹദോസ് പ്രഖ്യാപിച്ചു.[10]

കത്തോലിക്കാ, പ്രൊട്ടസ്റ്റന്റു സഭകൾ തമ്മിലുള്ള ഭിന്നതയുടെ കാതൽ കുർബാനയിലെ ഈ 'അത്ഭുതത്തെ' സംബന്ധിച്ചാണെന്നും ആധുനികകാലത്തു പോലും അവയ്ക്കിടയിലുള്ള സ്ഥായിയായ പൊരുത്തത്തിനു തടസ്സം അതാണെന്നും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.[11]

അവലംബം

[തിരുത്തുക]
  1. "കത്തോലിക്കാ ദൈവശാസ്ത്രം അനുസരിച്ച്, യേശുവിന്റെ ശരീരമായി മാറുന്ന അപ്പത്തോട് രക്തവും, ആത്മാവും, ദൈവസ്വഭാവവും ചേരുന്നു; യേശുവിന്റെ രക്തമായി മാറുന്ന വീഞ്ഞിനോട്, ശരീരവും ആത്മാവും ദൈവസ്വഭാവവും ചേരുന്നു" - concomitance
  2. കത്തോലിക്കാ സഭയുടെ വേദോപദേശം, 1413
  3. "അപ്പത്തിന്റേയും വീഞ്ഞിന്റേയും മുഴുവൻ പദാർത്ഥവും യേശുവിന്റെ ശരീര-രക്തങ്ങളുടെ മുഴുവൻ പദാർത്ഥമായി മാറുന്നു; അവയുടെ 'ആകസ്മികതകൾ' (accidents), അപ്പത്തിന്റേയും വീഞ്ഞിന്റെയും സാദൃശ്യങ്ങൾ മാത്രം, നിലനിൽക്കുകയും ചെയ്യുന്നു" (ഓക്സ്ഫോർഡ് ഡിക്ഷ്ണറി ഓഫ് ക്രിസ്ത്യൻ ചർച്ച് - ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രെസ് 2005 ISBN 978-0-19-280290-3 - "പദാർത്ഥാന്തരീകരണം" എന്ന ലേഖനം
  4. പദാർത്ഥാന്തരീകരണം ബ്രിട്ടാണിക്കാ വിജ്ഞാനകോശത്തിൽ
  5. of Faith 1215-ലെ നാലാം ലാറ്ററൻ സൂനഹദോസിന്റെ വിശ്വാസപ്രഖ്യാപനം, 1. Confession of Faith, retrieved 2010-03-13.
  6. ജോൺ എ ഹച്ചിസ്സൺ, Paths of Faith (പുറങ്ങൾ 514-15)
  7. മാർട്ടിൻ ലൂഥർ, ക്രിസ്തീയസഭയുടെ ബാബിലോൺ പ്രവാസം 1520. Quoted in, McGrath, A. 1998. Historical Theology, An Introduction to the History of Christian Thought. Blackwell Publishers: Oxford. p. 198.
  8. McGrath, op.cit. pp. 198-99
  9. വിവിയൻ ഗ്രീൻ, എ ന്യൂ ഹിസ്റ്ററി ഓഫ് ക്രിസ്റ്റ്യാനിറ്റി (പുറം 164-67)
  10. വിൽ ഡുറാന്റ്, "വിശ്വാസത്തിന്റെ യുഗം", സംസ്കാരത്തിന്റെ ചരിത്രം (നാലാം ഭാഗം - പുറം 741)
  11. വിവിയൻ ഗ്രീൻ, (പുറം 109) "It was the miracle of the Mass which separated Catholics from Protestants and still in the twentieth century makes any ultimate reconciliation or reunion ....impossible."
"https://ml.wikipedia.org/w/index.php?title=പദാർത്ഥാന്തരീകരണം&oldid=1879552" എന്ന താളിൽനിന്ന് ശേഖരിച്ചത്