നോട്ട് ഔട്ട് (ക്രിക്കറ്റ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ക്രിക്കറ്റിൽ ഒരു ബാറ്റ്സ്മാൻ പുറത്താകാതെ നിന്നു എന്ന് പറഞ്ഞാൽ ഒരു ഇന്നിംഗ്സിന്റെ അവസാനം വരെ ആ ബാറ്റ്സ്മാനെ പുറത്താക്കാൻ എതിർടീമിന് കഴിയാതെ വരുമ്പോഴാണ്. അതുപോലെ തന്നെ ഒരു ഇന്നിംഗ്സ് പുരോഗമിച്ചുകൊണ്ടിരിക്കുമ്പോൾ ബാറ്റ് ചെയ്യുന്നവരേയും നോട്ട് ഔട്ട് ആയാണ് കണക്കാക്കുന്നത്. പുറത്താകാതെ നിൽക്കുന്ന ബാറ്റ്സ്മാന്റെ സ്കോറിനു മുകളിലായി ഒരു നക്ഷത്രചിഹ്നം (*) നൽകിക്കൊണ്ടാണ് പുറത്താകാതെ നിൽക്കുന്നതിനെ സൂചിപ്പിക്കുന്നത്. അതായത് "33*" എന്നെഴുതിയാൽ "33 നോട്ട് ഔട്ട്" എന്നാണ് വായിക്കുന്നത്.

ഒരു ഇന്നിംഗ്സ് പൂർത്തിയാവുമ്പോൾ കുറഞ്ഞത് ഒരു ബാറ്റ്സ്മാനെങ്കിലും പുറത്താവാതെ നിൽക്കുന്നുണ്ടാവും. എന്തുകൊണ്ടെന്നാൽ പത്തു ബാറ്റ്സ്മാന്മാരും പുറത്തായിക്കഴിഞ്ഞാൽ അവസാനം നിൽക്കുന്ന ബാറ്റ്സ്മാന് ഒരു ബാറ്റിംഗ് കൂട്ടാളി ഇല്ലാതാവുന്നു. ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയാണെങ്കിൽ രണ്ട് ബാറ്റ്സ്മാന്മാർ പുറത്താകാതെ നിൽക്കാനുള്ള സാധ്യതയുണ്ട്. അതുപോലെത്തന്നെ നിശ്ചിത ഓവർ മത്സരങ്ങളിൽ ഓവർ തികയുമ്പോഴും രണ്ട് ബാറ്റ്സ്മാന്മാർ പുറത്താകാതെ നിൽക്കാനുള്ള സാധ്യതയുണ്ട്. ബാറ്റിംഗ് ഓർഡറിൽ പുറത്താകാതെ നിൽക്കുന്ന ബാറ്റ്സ്മാനു താഴെ ഇനിയും ബാറ്റ് ചെയ്യാൻ ബാറ്റ്സ്മാനുണ്ടെങ്കിൽ അയാൾ പുറത്തായിട്ടില്ല എന്നതിനു പകരം "ബാറ്റ് ചെയ്തിട്ടില്ല" എന്നാണ് കാണിക്കുന്നത്. എന്നാൽ ബാറ്റ് ചെയ്യാൻ ക്രീസിലെത്തി ഒരു പന്ത് പോലും നേരിടാൻ കഴിഞ്ഞിട്ടില്ലെങ്കിലും ആ ബാറ്റ്സ്മാൻ പുറത്താകാതെ നിൽക്കുന്നതായാണ് രേഖപ്പെടുത്തുന്നത്. അതുപോലെത്തന്നെ പരിക്കുമൂലം റിട്ടയർ ചെയ്യുകയാണെങ്കിൽ അയാൾ നോട്ട് ഔട്ട് ആണ്. എന്നാൽ പരിക്കില്ലാതെ റിട്ടയർ ചെയ്ത ഒരു ബാറ്റ്സ്മാൻ റിട്ടയർ ഔട്ട് ആയതായാണ് രേഖപ്പെടുത്തുക.

നേടിയ റണ്ണുകളെ പുറത്താവലുകളുടെ എണ്ണം കൊണ്ട് ഹരിച്ചാണ് ഒരു ബാറ്റ്സ്മാന്റെ ബാറ്റിംഗ് ശരാശരി കണക്കാക്കുന്നത്. അതിനാൽ പുറത്താകാതെ നിൽക്കുന്ന ഒരു ബാറ്റ്സ്മാന് വളരെ നല്ലൊരു ബാറ്റിംഗ് ശരാശരി ഉണ്ടാവാൻ സാധ്യതയുണ്ട്.[1] മൈക്കിൾ ബെവൻ ഏകദിനക്രിക്കറ്റിൽ 67 പ്രാവശ്യം പുറത്താകാതെ നിന്നിട്ടുണ്ട്. അതിനാൽത്തന്നെ അദ്ദേഹത്തിന്റെ ഏകദിന ബാറ്റിംഗ് ശരാശരി വളരെ ഉയർന്നതാണ് (53.58). 1953ലെ ഇംഗ്ലണ്ടിന്റെ ഓസ്ട്രേലിയൻ പര്യടനത്തിൽ പതിനൊന്നാമനായ ബിൽ ജോൺസ്റ്റൺ ബാറ്റിംഗ് ശരാശരിയിൽ ഒന്നാമതായ പ്രശസ്ത സംഭവവും ഉണ്ടായിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Frindall, Bill (13 April 2006). "Stump the Bearded Wonder No 120". BBC Online. ശേഖരിച്ചത് 8 July 2010.