നവദ്വാരങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനുഷ്യ ശരീരം

ആയുർവേദ ശാസ്ത്രമനുസരിച്ച് ശരീരത്തിൽ നിന്നും പുറത്തേക്കു തുറക്കുന്ന ഒൻപതുസുഷിരങ്ങളെ നവദ്വാരങ്ങൾ എന്നു പറയുന്നു. നാലു ഭാഗങ്ങളും അടച്ചുസൂക്ഷിച്ചിട്ടുള്ള ഒരു പട്ടണത്തോടാണ് (പുരം/പുരി) മനുഷ്യശരീരത്തെ പൗരാണികദാർശനികർ ഉപമിച്ചിട്ടുള്ളത്. ശരീരം എന്ന പദത്തിന് പുരി എന്നുകൂടി പര്യായം ഉണ്ട്. ഒൻപതു വാതിലുകളാണീ പട്ടണത്തിനുള്ളത്. ശരീരത്തിലെ ഒൻപതു സുഷിരങ്ങൾക്കു തുല്യമാണിവ. ഭഗവദ്ഗീതയിൽ [1] ഇപ്രകാരം പറയുന്നു. - നവ ദ്വാരേ പുരേ ദേഹി നൈവ കുർവൻ ന കാരയാൻ.

ആയുർവേദത്തിൽ[തിരുത്തുക]

ആയുർവേദ ശാസ്ത്രത്തിൽ ആന്തരിക സ്രോതസ്സ്, ബാഹ്യസ്രോതസ്സ് എന്നിങ്ങനെ രണ്ടു സ്രോതസ്സുകൾ പറയുന്നതിൽ ബാഹ്യ സ്രോതസ്സാണ് നവദ്വാരങ്ങൾ എന്നറിയപ്പെടുന്നത്. ശ്രവണനയനവദനഘ്രാണഗുദമേഢ്രാണി നവസ്രോതാംസി നരാണാം ബഹിർമുഖാനി - [2] 2 കർണദ്വാരങ്ങൾ, 2 നേത്രദ്വാരങ്ങൾ, 2 നാസാദ്വാരങ്ങൾ, വായ, ഗുദം, മൂത്രദ്വാരം എന്നിവയാണ് നവദ്വാരങ്ങൾ. ഇവിടെപ്പറഞ്ഞതിൽ ആദ്യത്തെ ഏഴെണ്ണം ശിരസ്സിലും മറ്റുള്ളവ അധഃകായവുമായി ബന്ധപ്പെട്ടുമാണ് സ്ഥിതിചെയ്യുന്നത്. നവ മഹന്തി ഛിദ്രാണി-സപ്ത ശിരസി, ദ്വേചാധഃ, ഏതാവദൃശ്യം ശക്യമപി നിർദിഷ്ടം [3]

ഈ ഒൻപതെണ്ണം കൂടാതെ സ്ത്രീകൾക്ക് 2 സ്തന്യപഥങ്ങൾ, യോനീദ്വാരം (രക്തപഥം) എന്നിങ്ങനെ മൂന്നു സ്രോതസ്സുകൾ അധികമായി പരിഗണിക്കണമെന്നു സുശ്രുതസംഹിത ശാരീരസ്ഥാനത്തിൽ പ്രത്യേക നിർദ്ദേശമുണ്ട്. ഏതാന്യേവസ്ത്രീണാമപരാണി ച ത്രീണീ, ദ്വേ സ്തനയോരധസ്താദ്രക്തവഹംച- [4]

കർണദ്വാരങ്ങൾ[തിരുത്തുക]

മനുഷ്യ കർണം

ശിരസ്സിന്റെ രണ്ടുവശത്തുമായി സ്ഥിതി ചെയ്യുന്നവയാണ് കർണദ്വാരങ്ങൾ. ശബ്ദഗ്രഹണത്തെ സഹായിക്കുന്നതിനായുള്ള സുഷിരങ്ങളാണിവ. മധ്യകർണം തുടങ്ങി കർണപുടം വരെ നീളുന്ന ദ്വാരമാണിത്. ശബ്ദപഥം എന്നാണ് ആയുർവേദഗ്രന്ഥങ്ങളിൽ ഇതിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ചെവിക്കുട എന്ന ബാഹ്യാവയവം ഇതിനെ പുറമേ നിന്നു സംരക്ഷിച്ചുനിർത്തുന്നു. ശബ്ദം കർണപടത്തിൽ തട്ടുമ്പോഴുണ്ടാകുന്ന കമ്പനം അന്തഃകർണത്തിലേക്കു സ്വീകരിക്കപ്പെട്ട് തലച്ചോറിലേക്കു കൈമാറ്റം ചെയ്യപ്പെട്ടാണ് ശബ്ദം തിരിച്ചറിയുന്നത്. തികച്ചും സങ്കീർണമായ ഈ പ്രക്രിയയിൽ ശബ്ദം സ്വീകരിക്കുക എന്ന ആദ്യകർമം സംഭവിക്കുന്നത് കർണദ്വാരത്തിലൂടെയാണ്.

നേത്രദ്വാരങ്ങൾ[തിരുത്തുക]

കണ്ണ്

ദർശനേന്ദ്രിയമായ നേത്രം സ്ഥിതി ചെയ്യുന്ന സുഷിരങ്ങളാണ് നേത്രദ്വാരങ്ങൾ. മുകളിലും താഴെയുമായി കൺപോളകൾ ഈ ദ്വാരത്തെ സംരക്ഷിച്ചുനിർത്തുന്നു. ശ്ലേഷ്മസ്തരം കൊണ്ട് ഉൾഭാഗം ആവരണം ചെയ്യപ്പെട്ടിട്ടുണ്ട്. നേത്രഗോളവും അതിന്റെ മധ്യത്തിൽ ഉള്ളിലായി പ്രകാശം കടത്തിവിട്ടു രൂപഗ്രഹണമുണ്ടാക്കുന്നതിനുള്ള ഭാഗങ്ങളും അടങ്ങിയിരിക്കുന്നു.

നാസാദ്വാരങ്ങൾ[തിരുത്തുക]

നാസാദ്വാരങ്ങൾ

നാസാദ്വാരങ്ങൾ ശിരസിലേക്കുള്ള ദ്വാരം ആകുന്നു. നാസാ ഹി ശിരസ്സഃ ദ്വാരം എന്നാണ് നാസാദ്വാരത്തെ വാഗ്ഭടൻ വിശേഷിപ്പിച്ചിട്ടുള്ളത്. നാസാദ്വാരങ്ങൾ വഴി പ്രധാനമായും രണ്ടു കാര്യങ്ങളാണു സംഭവിക്കുക. ഒന്ന്-ഗന്ധം തിരിച്ചറിയാൻ സഹായിക്കുന്ന ഭാഗങ്ങൾ ഇതുമായി ബന്ധപ്പെട്ടാണ് സ്ഥിതിചെയ്യുന്നത്. ഇത് സ്വീകരിക്കുന്ന ചോദനകൾ, നാഡികൾ വഴി തലച്ചോറിലെത്തി ഗന്ധഗ്രഹനം ഉണ്ടാകുന്നു. രണ്ട്-പ്രാണവായു ഉള്ളിലേക്കു സ്വീകരിക്കുകയും ദുഷിച്ച വായു പുറത്തേക്കു വിടുകയും ചെയ്യുന്നു.

വായ[തിരുത്തുക]

വായ

അന്നവാഹസ്രോതസ്സ് എന്ന് ആയുർവേദഗ്രന്ഥങ്ങളിൽ വിവരിക്കുന്ന അന്നപഥത്തിന്റെ (alimentary canal) തുടക്കമാണ് വായ. മുകളിലും താഴെയുമായി വാതിലുകൾ പോലെയുള്ള ഓഷ്ഠങ്ങൾ (lips) ഇതിനെ അടച്ചു സൂക്ഷിക്കുന്നു. വായയുടെ ഉൾഭാഗം ശ്ലേഷ്മസ്തരം കൊണ്ട് ആവരണം ചെയ്തിരിക്കുകയാണ്. മുകളിലും താഴെയുമായി 16 വീതം മൊത്തം 32 ദന്തങ്ങൾ ഇതിനുള്ളിലാണ് ഉള്ളത്. രസനേന്ദ്രിയമായ ജിഹ്വ വായ്ക്കുള്ളിലായി സ്ഥിതി ചെയ്യുന്നു. ശരീരത്തിനുള്ളിലേക്കു ആഹാരവസ്തുക്കൾ സ്വീകരിക്കുക, സംഭാഷണത്തിനു സഹായകമാകുക എന്നീ ധർമങ്ങളാണ് പ്രധാനമായും വായയ്ക്കുള്ളത്.

ഗുദം[തിരുത്തുക]

ഗുദം

മേല്പറഞ്ഞ അന്നവാഹസ്രോതസ്സിന്റെ അവസാനഭാഗമാണ് ഗുദം എന്നറിയപ്പെടുന്ന സുഷിരം. സ്ഥൂലാന്ത്ര (Large intestine) ത്തിന്റെ അവസാനഭാഗമാണ് ഗുദം എന്ന് ആയുർവേദഗ്രന്ഥങ്ങളിൽ വിവരിക്കുന്നു. പുരീഷം, അധോവായു എന്നിവ പുറത്തുകളയാനുള്ള ദ്വാരമാണ് ഇതെന്നതുകൊണ്ട് മറ്റു പേരുകളിൽ കൂടി ഗുദാവയവത്തെ വിളിക്കാറുണ്ട്. പുരീഷമാർഗം, ശകൃത്മാർഗം, വിട്മാർഗം, മലമാർഗ്ഗം എന്നിവയാണീ പേരുകൾ. ഗുദഭാഗം ബാഹ്യമായി ആരംഭിക്കുന്നയിടത്തുനിന്നു ഉത്തരഗുദവും, അതിനെത്തുടർന്ന് അധരഗുദവും എന്നിങ്ങനെയാണ് ഈ സുഷിരം കടന്നുപോകുന്നതെന്നു ചരകസംഹിത. ഇത് സ്ഥൂലാന്ത്രത്തിൽ ചെന്നു ചേരുന്നു. ഗുദദ്വാരം സ്ഥൂലാന്ത്രത്തിൽ എത്തിച്ചേരുന്നതു വരെ നാലര അംഗുലം നീളമുണ്ടെന്നു സുശ്രുതസംഹിതയിൽ പറയുന്നു.

മൂത്രമാർഗം[തിരുത്തുക]

മലാംശമായ മൂത്രം പുറത്തുകളയുന്നതിനുള്ള ഭാഗമാണ് മൂത്രമാർഗ്ഗം എന്ന ബാഹ്യസുഷിരം. അധോഭാഗത്തു സ്ഥിതി ചെയ്യുന്നു. മൂത്രമാർഗ്ഗം ഉള്ളിലേക്കു എത്തിച്ചേരുന്നത് മൂത്രാശയം-വസ്തി എന്ന അവയവത്തിലേക്കാണ്. പുരുഷന്മാരിൽ ശുക്ലസ്രോതസ്സ് കൂടി മൂത്രമാർഗ്ഗത്തിലേക്കാണ് തുറക്കപ്പെടുന്നത്.

സ്തന്യപഥങ്ങൾ[തിരുത്തുക]

സ്ത്രീകൾക്ക് പ്രസവശേഷം സ്തന്യഗ്രന്ഥിയിൽ നിന്നും മുലപ്പാൽ (സ്തന്യം) പുറത്തേക്കു വരുന്നതിനുള്ള സുഷിരങ്ങളാണ് സ്തന്യപഥങ്ങൾ. ഹൃദയസ്ഥമായ സിരകൾ പൂർണമായി തുറക്കപ്പെടാത്തിനാൽ പ്രസവശേഷം 3-4 ദിവസങ്ങൾ കൊണ്ടേ പൂർണരീതിയിലുള്ള സ്തന്യപ്രവർത്തനം ഉണ്ടാകുകയുള്ളു എന്ന് അഷ്ടാംഗഹൃദയം (സിരണാം ഹൃദയസ്ഥാനാം വിവൃതത്വാൽ പ്രസൂതിതഃ തൃതീയേ അഹ്നി ചതുർത്ഥേ വാ സ്ത്രീണാം സ്തന്യം പ്രവർത്തതെ) - [5] പാലൂട്ടുന്ന കാലം കഴിഞ്ഞാൽ ഈ സുഷിരങ്ങൾ സ്വാഭാവികമായിത്തന്നെ പ്രവർത്തനമില്ലാത്തതാകും.

യോനീ ദ്വാരം[തിരുത്തുക]

യോനീ ദ്വാരം

ആർത്തവകാലത്ത് ഋതുരക്തം പുറത്തേക്കു വരുന്നതിനും, ലൈംഗിക പ്രക്രിയയിൽ ശുക്ലം ഉള്ളിലേക്കു കടക്കുന്നതിനും പ്രസവകാലത്ത് ശിശു പുറത്തേക്കു വരുന്നതിനും വേണ്ടിയുള്ള ദ്വാരമാണ് യോനീ ദ്വാരം അഥവാ രക്തപഥം. ഈ സുഷിരം ഗർഭാശയമുഖത്ത് അവസാനിക്കുന്നു.

ഇവിടെപ്പറഞ്ഞവ കൂടാതെ വിയർപ്പുഗ്രന്ഥിയുടെ സുഷിരങ്ങൾ, സ്നേഹഗ്രന്ഥി സുഷിരങ്ങൾ തുടങ്ങിയവ ആധുനിക ഗ്രന്ഥങ്ങളിൽ ബാഹ്യസുഷിരങ്ങളായി വിവരിക്കുന്നുണ്ട്. സൂക്ഷ്മസുഷിരങ്ങളായിരിക്കയാലാകണം ഇവയ്ക്ക് ആയുർവേദഗ്രന്ഥങ്ങളിൽ പ്രാധാന്യം നൽകപ്പെട്ടിട്ടില്ലാത്തത്.

അവലംബം[തിരുത്തുക]

  1. അധ്യായം 5 / ശ്ളോകം 13
  2. സുശ്രുതം ശാരീരം 5/10.
  3. ചരക ശാരീരം.
  4. സുശ്രുതം ശാരീരം 5/10
  5. അഷ്ടാംഗഹൃദയം ഉത്തരം അധ്യായം 1

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നവദ്വാരങ്ങൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നവദ്വാരങ്ങൾ&oldid=3635080" എന്ന താളിൽനിന്ന് ശേഖരിച്ചത്