നല്ല ശമരിയാക്കാരന്റെ ഉപമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിൻസന്റ് വാൻഗോഗിന്റെ "നല്ല ശമരിയാക്കാരൻ"

നിസ്സ്വാർത്ഥമായ പരസ്നേഹഭാവത്തിന്റെ മാതൃക അവതരിപ്പിക്കാൻ യേശുക്രിസ്തു പറഞ്ഞ പ്രസിദ്ധമായൊരു അന്യാപദേശമാണ് നല്ല ശമരിക്കാരന്റെ ഉപമ. പുതിയനിയമത്തിലെ ചതുർസുവിശേഷങ്ങളിൽ ഒന്നായ ലൂക്കായുടെ സുവിശേഷത്തിൽ മാത്രമാണ് ഈ കഥ കാണുന്നത്. അതനുസരിച്ച്, യെരുശലേമിൽ നിന്നു യെറീക്കോയിലേക്കു യാത്ര ചെയ്യുകയായിരുന്ന ഒരു മനുഷ്യൻ കൊള്ളക്കാരുടെ ആക്രമണത്തിനിരയായി. അവർ അയാളെ കവർച്ച ചെയ്തശേഷം മൃതപ്രായനായി വഴിയിൽ ഉപേക്ഷിച്ചു പോകുന്നു. താമസിയാതെ ഒരു പുരോഹിതനും, ദേവാലയശുശ്രൂഷികളുടെ ഗണത്തിൽ പെട്ട ലേവായനും ആ വഴി വന്നെങ്കിലും അവർ അയാളെ കാണാത്തമട്ടിൽ കടന്നു പോകുന്നു. ഒടുവിൽ, യഹൂദർ പൊതുവേ താഴ്ന്നവരായി കണക്കാക്കിയിരുന്ന ശമരിയാക്കാരിൽ പെട്ട ഒരുവൻ ആ വഴി വന്നു. നിസ്സഹായാവസ്ഥയിൽ കിടന്നിരുന്ന ആ മനുഷ്യനെ കണ്ടു മനസ്സലിഞ്ഞ ശമരിയാക്കാരൻ അയാളെ നിർല്ലോഭം സഹായിക്കുന്നു.[1]

പാഠം[തിരുത്തുക]

എബ്രായബൈബിളിൽ ലേവ്യരുടെ പുസ്തകത്തിലെ "നിന്നപ്പോലെ നിന്റെ അയൽക്കാരയേയും സ്നേഹിക്കുക" എന്ന പ്രബോധനത്തിന്റെ പശ്ചാത്തലത്തിൽ, "ആരാണ് എന്റെ അയൽക്കാരൻ?" എന്ന ചോദ്യത്തിനു മറുപടി പറയുമ്പോഴാണ് യേശു പ്രസിദ്ധമായ ഈ ഉപമ പറഞ്ഞത്. ലൂക്കായുടെ സുവിശേഷത്തിൽ അതിന്റെ പാഠം ഇതാണ്:‌

വിലയിരുത്തൽ[തിരുത്തുക]

"നല്ല ശമരിയാക്കാരൻ", ഫ്രെഞ്ച് ചിത്രകാരൻ എയ്മേ മൊറോട്ടിന്റെ സങ്കല്പത്തിൽ

യാഥാസ്ഥിതികയഹൂദർ അവജ്ഞയോടെ വീക്ഷിച്ചിരുന്ന ശമരിയാക്കാരിൽ ഒരുവനെ ഈവിധം നന്മസ്വരൂപനായി ചിത്രീകരിച്ചത് യേശുവിന്റെ യഹൂദശ്രോതാക്കളെ അമ്പരപ്പിച്ചിരിക്കണം. വ്യവസ്ഥാപിതമായ പ്രതീക്ഷകളെ തകിടം മറിക്കുംവിധമുള്ള യേശുവിന്റെ പ്രകോപനപരമായ പ്രബോധനശൈലിയുടെ ഉദാഹരണമാണ് ഈ അന്യാപദേശം.

ഹിപ്പോയിലെ അഗസ്റ്റിനെപ്പോലുള്ള വ്യാഖ്യാതാക്കൾ, പാപാവസ്ഥയിൽ മരണത്തോടടുത്ത ആത്മാവിനെ രക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ പ്രതിരൂപമായി നല്ല ശമരിയാക്കാരനെ കാണുന്നു. എന്നാൽ ഈ വ്യാഖ്യാനം അന്യാപദേശത്തിന്റെ ഉദ്ദിഷ്ടാർത്ഥവുമായി ബന്ധമില്ലാത്തതാണെന്നും താൻ അവതരിപ്പിച്ച നവസാന്മാർഗ്ഗികത പിന്തുടരേണ്ടതെങ്ങനെ എന്നു വിശദീകരിക്കുകയായിരുന്നു യേശു ഇതിലെന്നും മറ്റുള്ളവർ കരുതുന്നു.

ഈ കഥയുടെ ലാളിത്യവും സൗന്ദര്യവും നൂറ്റാണ്ടുകളിലൂടെ ചിത്രകാരന്മാരേയും, ശില്പികളേയും, കവികളേയും ആകർഷിച്ചിട്ടുണ്ട്. അപരിചതനെ സഹായിക്കുന്നവൻ എന്ന അർത്ഥമുള്ള "നല്ല ശമരിയാക്കാരൻ" എന്ന പ്രയോഗത്തിന്റെ സ്രോതസ്സ് ഈ കഥയാണ്. ആശുപത്രികൾക്കും, ജീവകാരുണ്യസ്ഥാപനങ്ങൾക്കും നല്ല ശമരിയാക്കാരന്റെ പേരിടുക പതിവാണ്.

അവലംബം[തിരുത്തുക]

  1. ലൂക്കാ എഴുതിയ സുവിശേഷം 10:25-37