തെലുങ്കാന സമരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തെലുങ്കാന സമരം
തിയതി1946 മുതൽ 1951 വരെ
സ്ഥലംആന്ധ്രപ്രദേശ്, ഇന്ത്യ
Belligerents
ഹൈദരാബാദ് നിസാംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ ഹൈദരാബാദിലെ കർഷകർ
നാശനഷ്ടങ്ങൾ
4000
സമരനേതാവ് പി. സുന്ദരയ്യ

ആന്ധ്രാപ്രദേശിൽ നിസാം ഭരണകൂടത്തിന്റെ ഭീകകരതകൾക്കെതിരരെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന വിപ്ലവമുന്നേറ്റമാണ് തെലുങ്കാന സമരം എന്നറിയപ്പെടുന്നത്[1]. നാട്ടുരാജ്യ സ്ഥാപനത്തിനെതിരായ കാർഷിക കലാപമായിരുന്നു ഇത്. ഹൈദരാബാദിലെ ഭൂപ്രദേശത്തിലെ മൂന്നിലൊരു ഭാഗത്തിലധികം ചെറിയ ശതമാനം വരുന്ന ജന്മികളുടെ കയ്യിലായിരുന്നു. നികുതിപിരിവ് എന്നതിലുപരി, അധികാരത്തേയും, നിയമത്തേയും വരുതിയിലാക്കി, കർഷകരെ ചൂഷണം ചെയ്തു ജീവിച്ചിരുന്നവരായിരുന്നു ഈ ജന്മിവർഗ്ഗം.[2]

ഇന്ത്യയുടെ ചരിത്രത്തിൽ നടന്ന ഏറ്റവും വലിയ കർഷക മുന്നേറ്റമാണിതെന്നു കരുതപ്പെടുന്നു. തെലുങ്കാന സമരം ഏതാണ്ട് ആറുവർഷക്കാലം നീണ്ടുനിന്നും, ഭാരതത്തിൽ ഏറ്റവും കാലം നീണ്ടുനിന്ന കർഷക സമരവും ഇതുതന്നെയാണ്.[3] ഏതാണ്ട് 4,000 കർഷകർ മരണമടഞ്ഞെന്നു കണക്കാക്കപ്പെടുന്നു. പതിനായിരക്കണക്കിനാളുകളെ വർഷങ്ങളോളം ജയിലിലടച്ചു. 50000 ത്തോളം വരുന്ന ജനങ്ങളെ വിവിധ ഘട്ടങ്ങളിലായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലുമുള്ള പോലീസ് ക്യാംപുകളിൽ കൊണ്ടുപോയി ക്രൂര മർദ്ദനത്തിരയാക്കി.[4] കോടിക്കണക്കിനു രൂപയുടെ സ്വത്തുവകകൾ നശിപ്പിക്കപ്പെട്ടു. ഹൈദരാബാദ് നിസാമിന്റെ റസാഖാർ എന്നറിയപ്പെടുന്ന സേനയാണ് തുടക്കത്തിൽ സമരക്കാർക്കെതിരേ ഉണ്ടായിരുന്നുള്ളുവെങ്കിലും പിന്നീട് കേന്ദ്രസേനയും, സംസ്ഥാനപോലീസും സമരത്തെ അടിച്ചമർത്താൻ ഒരുങ്ങിയിറങ്ങി. കർഷകകുടുംബങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തം ഈ സമരത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു. ജന്മികളുടെ പണിയിടങ്ങളിൽ രാപകലോളം അദ്ധ്വാനിച്ച് തളർന്ന കർഷകസ്ത്രീകൾ അവരുടെ അഭിമാനവും, സ്വാതന്ത്ര്യവും. അവകാശങ്ങളും സംരക്ഷിക്കാൻ പുരുഷന്മാരോടൊപ്പം ആയുധമെടുത്ത് പോരാടി.[5]

നൽഗൊണ്ട, വാറംഗൾ, ഖമ്മാം എന്നിവിടങ്ങളിൽ നിസാമും അദ്ദേഹത്തിന്റെ കയ്യാളുകളും കയ്യടക്കിവെച്ചിരുന്ന ആയിരക്കണക്കിനു ഏക്കർ ഭൂമി വിപ്ലവകാരികൾ പിടിച്ചെടുത്തു. പിടിച്ചെടുത്ത ഭൂമി ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകർക്കു വിതരണം ചെയ്യുകയുണ്ടായി. കർഷകർക്ക് ഒരു മിനിമം വേതനം ഉറപ്പാക്കാൻ ഈ സമരത്തിലൂടെ കഴിഞ്ഞു. അതുവരെ തുച്ഛമായ കൂലിക്കോ, വേതനമില്ലാതെയോ ജോലി ചെയ്തിരുന്ന കർഷകർക്കുള്ള ആശ്വാസവും, സമരത്തിന്റെ വിജയവുമായിരുന്നു ഇത്. [6]

രാഷ്ട്രീയ സാമൂഹിക പശ്ചാത്തലം[തിരുത്തുക]

തെലുങ്കു ഭാഷ സംസാരിക്കുന്ന എട്ടു ജില്ലകളും, മറാഠി സംസാരിക്കുന്ന അഞ്ചു ജില്ലകളും, കന്നഡ സംസാരിക്കുന്ന മൂന്നു ജില്ലകളും അടങ്ങിയതായിരുന്നു ഹൈദരാബാദ്. തെലുങ്കാന എന്നറിയപ്പെടുന്ന പ്രദേശം മൊത്തം വിസ്തീർണ്ണത്തിന്റെ ഏതാണ്ട് 50 ശതമാനത്തോളം വരുമായിരുന്നു.[7] 12 ശതമാനത്തോളം മാത്രം ആളുകൾ സംസാരിക്കുന്ന ഉറുദുവാണ് ഔദ്യോഗിക ഭാഷയായി നിസാം അംഗീകരിച്ചിരുന്നത്. ഹൈദരാബാദിന്റെ ഒരു പ്രത്യേകമേഖലയിൽ മാത്രമാണ് ഉറുദു സംസാരിക്കുന്ന ആളുകൾ ഉണ്ടായിരുന്നുള്ളു. തെലുങ്ക്, മറാഠ, കന്നട എന്നീ ഭാഷകളിൽ സ്കൂളുകൾ ആരംഭിക്കണമെങ്കിൽ നിസാമിന്റെ പ്രത്യേക അനുമതി വേണമായിരുന്നു. ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളുടെ ബൗദ്ധികവും സാംസ്കാരികമായ എല്ലാ അവകാശങ്ങളേയും ഭരണാധികാരികൾ അടിച്ചമർത്തുകയായിരുന്നു.[8]

ജനസംഖ്യയുടെ കേവലം 12ശതമാനത്തോളമേ ഉള്ളുവെങ്കിലും, ഭരണസിരാകേന്ദ്രങ്ങളിൽ നിറയെ മുസ്ലീം സമുദായക്കാരെയായിരുന്നു നിസാം നിയമിച്ചിരുന്നത്. ലോകത്തെ ഭരിക്കുവാനുള്ള അവകാശം മുസ്ലിം സമുദായത്തിന് ദൈവം നൽകിയിട്ടുണ്ടെന്ന് നിസാം സ്വയം വിശ്വസിച്ചിരുന്നു. ഹിന്ദു സമുദായത്തിലെ വിശ്വാസികളും, പ്രമാണികളും ഇത്തരം അടിച്ചമർത്തലുകൾക്കും, അവഗണനക്കുമെതിരേ ശബ്ദമുയർത്തിയിരുന്നു, ഇത് പലപ്പോഴും ഇരു സമുദായങ്ങളും തമ്മിലുളള സംഘർഷത്തിനു വഴിവെച്ചിരുന്നു.[9] നവാബിനും മറ്റുമെതിരേയുള്ള സമരങ്ങൾ ഏറ്റെടുക്കാൻ തുടക്കത്തിൽ കോൺഗ്രസ്സ് മടിച്ചിരുന്നു. തെലുങ്കാന സമരകാലഘട്ടത്തിൽ നിസാം മുസ്ലിം സമുദായത്തെ മുഴുവൻ സമരത്തിനെതിരേ അണിനിരത്താൻ ശ്രമിച്ചു. എന്നാൽ മുസ്ലിം സമുദായത്തിൽപ്പെട്ട കർഷകർ തെലുങ്കാന സമരത്തിനു പിന്നിൽ അണിനിരക്കാനാണ് ഇഷ്ടപ്പെട്ടത്.[10]

എന്നാൽ ജനങ്ങളെ ദ്രോഹിച്ചിരുന്നത് പ്രധാനമായും ജന്മികളുടെ പീഡനങ്ങളായിരുന്നു. ഹൈദരാബാദിന്റെ ഭൂപ്രദേശത്തിൽ 60ശതമാനവും, ദിവാനി[൧] എന്നറിയപ്പെടുന്ന സംവിധാനത്തിന്റെ അധികാരപരിധിയിലായിരുന്നു. 30 ശതമാനം ജാഗിർദാരി[൨] എന്ന വിഭാഗത്തിൻ കീഴിലും, ബാക്കി 10 ശതമാനം വരുന്നത് നിസാമിന്റെ കീഴിലുമായിരുന്നു. തെലുങ്കാന സമരത്തിൽ ഈ 40 ശതമാനവും പിടിച്ചെടുത്ത് സർക്കാരിന്റെ നേരിട്ടുള്ള അധികാരപരിധിയിൽ വരുന്ന ദിവാനിയുടെ കീഴിലാക്കി. നിസാമിന്റെ കയ്യിലുള്ള 10 ശതമാനത്തോളം വരുന്ന ഭൂമി സർഫ്ഖാസ് എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ ഭൂമിയിൽ നിന്നുകിട്ടുന്ന നികുതി വരുമാനം, നിസാമിന്റെ കുടുംബചെലവുകൾക്കാണ് വിനിയോഗിച്ചിരുന്നത്. ഈ കൃഷിഭൂമിയിൽ പണിയെടുക്കുന്ന സാധാരണ കർഷകരുടെ ക്ഷേമത്തിനായി ഒരു രൂപപോലും നിസാം ചിലവഴിച്ചിരുന്നില്ല. ഈ വരുമാനം കൂടാതെ പ്രതിവർഷം, 70 ലക്ഷം രൂപം നിസാമിന് സർക്കാരിൽ നിന്നും ലഭിക്കുമായിരുന്നു.[11]

ആന്ധ്ര മഹാസഭ[തിരുത്തുക]

നിസാമിന്റെ കാലഘട്ടത്തിൽ യാതൊരു വിധ സ്വാതന്ത്ര്യവും അനുവദിക്കപ്പെട്ടിരുന്നില്ല. സാംസ്കാരികപരിപാടികളോ, എന്തിനേറെ പൊതുസ്ഥലങ്ങളിലുള്ള യോഗങ്ങൾ പോലും നിരോധിക്കപ്പെട്ടിരുന്നു. ഈ സമയത്ത തെലുങ്കാനപ്രദേശത്തെ സാംസ്കാരിക നായകരും, മറ്റുചില സാമൂഹികപ്രവർത്തകരും ചേർന്ന് ആന്ധ്രമഹാസഭക്ക് രൂപംകൊടുക്കുന്നത്. 1928 ൽ ശ്രീ മടാപതി ഹനുമന്തറാവുവിന്റെ നേതൃത്വത്തിലാണ് ആന്ധ്രമഹാസഭ രൂപംകൊള്ളുന്നത്. 1930 ൽ സുരാവരം പ്രതാപ റെഡ്ഡിയുടെ നേതൃത്വത്തിൽ ആന്ധ്രമഹാസഭ അതിന്റെ ഒന്നാം സമ്മേളനം നടത്തി. തങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും, സ്വാതന്ത്ര്യനേടിയെടുക്കുന്നതിനും വേണ്ടിയുള്ള ഒരു കൂട്ടം പ്രമേയങ്ങൾ ആദ്യ സമ്മേളനത്തിൽ തന്നെ അവതരിപ്പിച്ചിരുന്നു. ആന്ധ്രമഹാസഭ നിസാമിന്റെ ദുർഭരണത്തിനെതിരേ ഒരു യുദ്ധത്തിനു കോപ്പു കൂട്ടുകയായിരുന്നു. നാട്ടുരാജ്യങ്ങളുടെ പ്രാദേശിക വിഷയങ്ങളിൽ ഇടപെടുന്നതല്ല എന്നൊരു നിലപാട് കോൺഗ്രസ്സ് സ്വീകരിച്ചിരുന്നു

രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരത്തിൽ പങ്കെടുത്ത് ധാരാളം ധീരന്മാരായ ദേശാഭിമാനികൾ ജയിലിൽ കഴിഞ്ഞിരുന്നു. ഇവരുടെ ജയിൽമോചനത്തിനുശേഷം, ഇവരിൽ കുറേപ്പേരെങ്കിലും പ്രാദേശികമായ പ്രവർത്തനത്തിൽ പങ്കെടുത്ത് സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനായി ചിന്തിച്ചിരുന്നു. അത്തരം ആളുകളുടെ ഒരു കേന്ദ്രമായിമാറി ആന്ധ്രാ മഹാസഭ. വിശാലമായ കാഴ്ചപ്പാടുകളുള്ള ഈ സമരഭടന്മാർ കൂടിചേർന്നതോടെ ആന്ധ്രമഹാസഭ ഒരു പ്രസ്ഥാനമായി വളരാൻ തുടങ്ങി. രവി നാരായൺ റെഡ്ഡി, യെല്ലാ റെഡ്ഡി എന്നിവർ ആന്ധ്രമഹാസഭയുടെ ശക്തികേന്ദ്രങ്ങളായി മാറുകയായിരുന്നു.

1938 ൽ വന്ദേ മാതരം ആലപിക്കുന്നത് നിരോധിച്ചുകൊണ്ട് നിസാം ഒരുത്തരവ് പുറത്തിറക്കി. ഇതിനെതിരേ ശക്തമായ പ്രക്ഷോഭം അലയടിച്ചു. ഈ പ്രക്ഷോഭം സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പടർന്നുപിടിച്ചു. ആന്ധ്രാമഹാസഭയുടെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിക്കാൻ പദ്ധതി തയ്യാറാക്കി. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആന്ധ്ര ഘടകം ഈ സമരത്തെ പിന്തുണക്കുകയും, സമരത്തെ ജനങ്ങളുടെ മുന്നിലേക്കെത്തിക്കാനുള്ള സഹായങ്ങൾ വാഗ്ദാനം ചെയ്തെങ്കിലും, ആന്ധ്രാമഹാസഭയുടെ യാഥാസ്ഥിതിക നേതാക്കൾ ഈ നിർദ്ദേശം തള്ളിക്കളയുകയായിരുന്നു. വൈകാതെ ആന്ധ്രാ മഹാസഭ പിളരുകയും വലതുവിഭാഗം ഒരു പ്രത്യേക സംഘടനയായി മാറുകയും ചെയ്തു.

കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇടപെടൽ[തിരുത്തുക]

1940 കളുടെ മദ്ധ്യത്തിൽ ആന്ധ്രമഹാസഭയിലെ ഇടതുപക്ഷ ചിന്താഗതിക്കാരും, കമ്മ്യൂണിസ്റ്റ് പാർട്ടിയും കൂടിച്ചേർന്ന് ജന്മിവർഗ്ഗം അന്യായമായി നടത്തുന്ന വെട്ടി[൩] സംവിധാനത്തിനെതിരേ ചില മുന്നേറ്റങ്ങൾ നടത്തിയിരുന്നു. നൽഗൊണ്ട ജില്ലയിലെ ധർമ്മപുരം പ്രദേശത്ത് അന്യായമായി കർഷകരുടെ വിളകൾ അപഹരിച്ചിരുന്ന ജമ്മീന്ദാർമാർക്കെതിരേ ആന്ധ്രമഹാസഭയുടെ നേതൃത്വത്തിൽ നടത്തിയ മുന്നേറ്റത്തിൽ ധാരാളം കർഷകർ പങ്കെടുത്തു. ലംബാടി തണ്ട എന്ന ഗോത്രവർഗ്ഗക്കാരായിരുന്നു ഈ പ്രദേശത്ത് കൃഷി ചെയ്തിരുന്നത്. കാട്ടുപ്രദേശമായിരുന്ന ഈ സ്ഥലം വെട്ടിത്തെളിച്ച് കൃഷിചെയ്തു തുടങ്ങിയപ്പോഴാണ് സർക്കാർ ഉത്തരവുകളുടെ പിൻബലത്തിൽ അധികാരദണ്ഡുമായി ജന്മിമാർ വരുന്നത്. ഇതുപോലെ മുണ്ടാരി, എറപ്പാട്, ബെറ്റവുലു, ബക്കവന്തലു, മല്ലാറെഡ്ഡിഗുഡെ, മെല്ലച്ചെരുവ്,അല്ലിപുരം, തിമ്മപുരം, മുലക്കലഗുഡെ, നാസിക്കല്ലു, തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ സൃഷ്ടിക്കാൻ ആന്ധ്രമഹാസഭയ്ക്ക് കഴിഞ്ഞു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഇടപെടൽ ഈ സമരങ്ങളിൽ ഒരു വലിയ അളവു വരെ സ്വാധീനം ചെലുത്തിയിരുന്നു. ഭൂപരിഷ്കരണം ആവശ്യപ്പെട്ടുകൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ആന്ധ്രപ്രദേശിൽ വൻ ജനകീയമുന്നേറ്റങ്ങൾ നടന്നിരുന്നു. നൽഗൊണ്ട, വാറംഗൾ, ഖമ്മാം എന്നിവിടങ്ങളിൽ പാർട്ടിക്ക് വ്യക്തമായ അടിത്തറയുണ്ടായിരുന്നു.[12][13]

പ്രധാന കാരണം[തിരുത്തുക]

ജനഗൺ താലൂക്കിലെ വെറുക്കപ്പെട്ട ദേശ്മുഖായ വിഷ്ണുർ രാമചന്ദ്ര റെഡ്ഡി, പാവപ്പെട്ട കർഷകതൊഴിലാളി സ്ത്രീയായ ഐലാമ്മയുടെ കൃഷി ഭൂമി പിടിച്ചെടുക്കാൻ ശ്രമിച്ചതാണ് തെലുങ്കാന കർഷകമുന്നേറ്റത്തിന്റെ പെട്ടെന്നു കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നത്. ഈ കയ്യേറ്റത്തെ ആന്ധ്രമഹാസഭയുടെ നേതൃത്വത്തിൽ എതിർക്കപ്പെട്ടു, പിടിച്ചെടുക്കാൻ വന്ന ഗുണ്ടകളെ നേതാക്കളും തൊഴിലാളി പ്രവർത്തകരും ചേർന്ന് തല്ലിയോടിച്ചു. ഇതിൽ കോപാക്രാന്തനായ റെഡ്ഡി, പോലീസിനെ സ്വാധീനിച്ച് കർഷകതൊഴിലാളി നേതാക്കൾക്കെതിരേ കള്ളകേസുണ്ടാക്കി.[14] അടുത്ത ദിവസം രാവിലെ തന്നെ ദേശ്മുഖ് നൂറുകണക്കിന് ഗുണ്ടകളേയും, പരിചാരകരേയും കൂട്ടി ഐലാമ്മയുടെ കൃഷി പിടിച്ചെടുക്കാനായി ശ്രമിച്ചെങ്കിലും, കർഷകതൊഴിലാളികളുടെ കൂട്ടായ്മയിൽ ഈ അക്രമികളെ തുരത്തിയോടിച്ചു. പോലീസ് സന്നാഹത്തോടെയെത്തിയെങ്കിലും അക്ഷോഭ്യരായി നിന്ന കർഷകതൊഴിലാളികൾക്കെതിരേ ഒരു ചെറുവിരലനക്കാൻ പോലും അവർ തയ്യാറായില്ല. ജീവൻ പോയാലും ഐലാമ്മയുടെ കൃഷിഭൂമി വിട്ടുകൊടുക്കില്ല എന്ന് അവർ തീരുമാനിച്ചിട്ടുണ്ടായിരുന്നു. പിറ്റേ ദിവസം 6 സംഘം നേതാക്കളെ അറസ്റ്റ് ചെയ്തു. ഇവരെ ക്രൂരമായ പീഡനങ്ങൾക്കു വിധേയരാക്കി, എന്നിട്ടും ഐലാമ്മയുടെ കൃഷി ഭൂമി തിരിച്ചുപിടിക്കാൻ അവർക്കായില്ല. ദേശ്മുഖിനെതിരായ ഈ വിജയം തൊഴിലാളികളിൽ ഒരു പുത്തനുണർവ്വും ആവേശവും സൃഷ്ടിച്ചു.[15]

രാമചന്ദ്ര റെഡ്ഡി തന്റെ അഭിമാനത്തിനേറ്റ ഒരു വലിയ മുറിവായാണ് ഈ പരാജയത്തെ കണ്ടത്. ഇതിനെതിരേ പ്രതികാരം ചെയ്യാൻ അയാൾ തീരുമാനിക്കുകയും, തന്റെ ഗുണ്ടാ സംഘത്തേയും പോലീസിനേയും ചേർത്ത് ഒരു പദ്ധതിക്കു രൂപം കൊടുക്കുകയും ചെയ്തു. ഇതനുസരിച്ച് പോലീസ് സംഘം നേതാക്കൾക്കെതിരേ കേസ് തയ്യാറാക്കി. 1946 ജൂലൈ 4 ന് നേരത്തെ നിശ്ചയിച്ചപ്രകാരം ഗുണ്ടകൾ സ്ഥലത്തെത്തിച്ചേരുകയും കർഷകരുടെ വീടുകൾക്കു നേരെ അക്രമം ആരംഭിക്കുകയും ചെയ്തു.[16] കർഷകർ സംഘടിക്കുകയും ഇവർക്കെതിരേ തിരിയുകയും ചെയ്തപ്പോൾ രക്ഷപ്പെടാൻ നിവൃത്തിയില്ലാതെ അക്രമികൾ ദേശ്മുഖിന്റെ വീട്ടിനടുത്തുള്ള പുരയിലേക്കു പ്രാണരക്ഷാർത്ഥം ഓടിക്കയറി. വീടിനകത്തു നിന്നും അവർ ജനക്കൂട്ടത്തിനു നേരെ വെടിയുതിർക്കുകയും അതിൽ സംഘം നേതാവായ ദോദി കോമരയ്യ മരണമടയുകയും ചെയ്തു[17] വിവരം കേട്ടറിഞ്ഞ അടുത്ത ഗ്രാമങ്ങളിൽനിന്നും കൂടുതൽ ജനങ്ങൾ ദേശ്മുഖിന്റെ വീടിനു ചുറ്റും കൂടാൻ തുടങ്ങി. ഇതറിഞ്ഞ ദേശ്മുഖിന്റെ പുത്രൻ കൂടുതൽ ഗുണ്ടകളുമായി വന്ന് കർഷകതൊഴിലാളികളെ നേരിട്ടു. ചോരക്കു ചോര എന്ന എന്ന നിലപാടിലായിരുന്നു ജനക്കൂട്ടം. തുടർന്ന് പോലീസെത്തുകയും ഗുണ്ടകൾക്കെതിരേ കേസ് എടുക്കാമെന്ന ഉറപ്പു നൽകുകയും ചെയ്തു. പിറ്റേ ദിവസം കോമറയ്യയുടെ മൃതദേഹവും വഹിച്ചുകൊണ്ട് ജനം ജാഥ നടത്തുകയും, ജമീന്ദാർമാർക്കെതിരേ തങ്ങളുടെ സമരം പ്രഖ്യാപിക്കുകയും ചെയ്തു. അടുത്ത ഗ്രാമങ്ങളിൽ നിന്നു വരെ ആളുകൾ അവിടെ വന്നു തമ്പടിച്ചു. സ്ത്രീകളുടെ പ്രാതിനിധ്യവും വളരെയധികമായിരുന്നു, ഐലാമ്മയുടെ കർഷകഭൂമിക്കു വേണ്ടിയുള്ള സമരത്തിൽ പാടിയ വിപ്ലവഗാനങ്ങൾ സ്ത്രീകളെ വളരെയധികം ആകർഷിച്ചിരുന്നു.[18][19]

പോലീസ് നായാട്ട്[തിരുത്തുക]

സായുധപോലീസിന്റെ സഹായത്തോടെ, ധർമ്മപുരം ഗ്രാമത്തിലെ സംഘം നേതാവിനെ മജിസ്ട്രേട്ട് അറസ്റ്റ് ചെയ്തു. 1500 ഓളം വരുന്ന ജനങ്ങൾ പോലീസ് വാഹനത്തിനു മുമ്പിൽ തങ്ങളുടെ നേതാവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് തടിച്ചു കൂടി. ഇത് കാര്യങ്ങൾ കൂടുതൽ വഷളാക്കി. സർക്കാർ ഉടൻ തന്നെ 144[൪] ആം വകുപ്പ് പ്രഖ്യാപിച്ചു. പോലീസ് ഗ്രാമങ്ങളിൽ നിന്നും കുറേയേറെ ആളുകളെ അറസ്റ്റു ചെയ്യുകയും ദേശ്മുഖിന്റെ വീടുകളിൽ ഹാജരാക്കുകയും ചെയ്തു. ദേശ്മുഖിന്റെ കിങ്കരന്മാർ ഇവരെ ക്രൂരമായ പീഡനങ്ങൾക്കിരയാക്കിയെങ്കിലും, തങ്ങളിനിയും അടിമത്തത്തിനെതിരേയുള്ള സമരം തുടർന്നുകൊണ്ടുപോകുമെന്നായിരുന്നു നേതാക്കളുടെ മറുപടി..[20] മറ്റു ഗ്രാമങ്ങളിലുമുള്ള ജനങ്ങൾ പോലീസ് വേട്ട പ്രതീക്ഷിച്ച് അതിനെ നേരിടാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയായിരുന്നു. പകൽ മുഴുവൻ അദ്ധ്വാനവും, രാത്രിമുഴുവൻ ഉറങ്ങാതെ കാവലിരിക്കുകയുമായിരുന്നു അവർ. ഇവരെ സഹായിക്കാൻ അടുത്ത ഗ്രാമങ്ങളിൽ നിന്നുപോലും ആളുകൾ വന്നിരുന്നു. നേരം പുലരുമ്പോൾ ഇവരെല്ലാം തങ്ങളുടെ സ്വന്തം ഗ്രാമങ്ങളിലേക്കു തിരിച്ചുപോവുകയും ചെയ്തിരുന്നു.[21]

സായുധപോരാട്ടം[തിരുത്തുക]

1947 ൽ ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയതിനുശേഷം നിസാം സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായിരിക്കാൻ താൽപ്പര്യപ്പെട്ടില്ല. ഹൈദരാബാദ് ഒരു സ്വതന്ത്രരാജ്യമായിരിക്കുമെന്ന് നിസാം പ്രഖ്യാപിച്ചു, ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ചേർക്കുന്നതിനുവേണ്ടിയുള്ള സമ്മർദ്ദ തന്ത്രത്തിന്റെ ഭാഗമായി കോൺഗ്രസ്സ് ഒരു സത്യാഗ്രഹസമരം തുടങ്ങി. കമ്മ്യൂണിസ്റ്റ് പാർട്ടി ഈ സമയത്ത് ഹൈദരാബാദിൽ നിരോധനത്തിലായിരുന്നുവെങ്കിലും, ഈ സമയത്ത് അവർ കോൺഗ്രസ്സിന്റെ കൂടെ ചേർന്ന് ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിനുവേണ്ടിയുള്ള സമരത്തിൽ പങ്കാളിയായി.[22] നിസാമിനെതിരേ പൊരുതാൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആയുധശേഖരണം ആരംഭിച്ചു. കോൺഗ്രസ്സ് തുടക്കമിടുന്ന പരിപാടികളെല്ലാം തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇടപെട്ട് വമ്പിച്ച ജനമുന്നേറ്റങ്ങളാക്കി മാറ്റി. ഇന്ത്യൻ യൂണിയനും, ഹൈദരാബാദ് പ്രവിശ്യയും തമ്മിലുള്ള അതിർത്തി സമരക്കാർ പൊളിച്ചു കളഞ്ഞു. അവിടെയുണ്ടായിരുന്ന ചുങ്കപിരിവുതാവളങ്ങളുമെല്ലാം നശിപ്പിക്കപ്പെട്ടു.

ഗ്രാമങ്ങളിലെ യുവാക്കൾ പ്രത്യേകിച്ച് നേതൃസഹായമൊന്നുമില്ലാതെ സ്വയം സംഘടിച്ച് ചെറിയ സംഘങ്ങളായി മാറി. തൊഴിലാളികൾ തങ്ങളുടെ കയ്യിൽ കിട്ടിയ ചെറുതും വലുതുമായ എല്ലാ ആയുധങ്ങളും ശേഖരിക്കുവാൻ തുടങ്ങി.ഇതോടൊപ്പം പോലീസ് എയ്ഡ്പോസ്റ്റുകൾ ആക്രമിച്ച് ആയുധങ്ങൾ കൈവശപ്പെടുത്തി.[23] സായൂധപോലീസും, റസാഖേർസ് എന്നറിയപ്പെടുന്ന നിസാമിന്റെ സേനയും അക്രമം ആരംഭിച്ചിരുന്നു. വീടുകളിൽ കയറി പ്രവർത്തകരെ അന്വേഷിക്കുക, അവരെ കിട്ടിയില്ലെങ്കിൽ സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുക തുടങ്ങിയ അക്രമപ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. ഇവരെ ചെറുക്കാൻ രൂപം കൊണ്ടിരുന്ന ഗറില്ലായുദ്ധസംഘങ്ങൾ അപര്യാപ്തമായിരുന്നു. കാരണം ആധുനിക ആയുധങ്ങളുമായാണ് ഗുണ്ടകൾ നരനായാട്ട് നടത്തിയിരുന്നത്. കർഷകതൊഴിലാളികളുടെ കയ്യിലുള്ളതോ പഴയതരം ആയുധങ്ങളും, അതുകൊണ്ട് തന്നെ ചെറുത്തു നിൽപ്പ് നിസ്സാരമായിരുന്നു.[24] എന്നിരിക്കിലും, കൈവശമുള്ള ആയുധങ്ങളുടേയും, നിശ്ചയദാർഢ്യത്തിന്റേയും പിൻബലത്തിൽ തൊഴിലാളികൾ ജന്മികളിൽ നിന്നും ഭൂമികളും, ധാന്യങ്ങളും പിടിച്ചെടുത്തു. പലയിടങ്ങളിലും, രക്തരൂക്ഷിതമായ പോരാട്ടങ്ങളാണ് നടന്നത്. അനവധി ആളുകൾ മരിച്ചു വീണു. അതിലേറെ പേർക്ക് പരുക്കേറ്റു. ജന്മിത്തത്തിനു മുന്നിൽ തലകുനിക്കുവാൻ തയ്യാറല്ലെന്നു തൊഴിലാളികൾ ഉറക്കെ പ്രഖ്യാപിച്ചു.

സ്ത്രീ പങ്കാളിത്തം[തിരുത്തുക]

തെലുങ്കാന സമരത്തിലെ സ്ത്രീ പങ്കാളിത്തം വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. നിസാമിന്റെ ഗുണ്ടകളുടേയും, പോലീസിന്റേയും അക്രമത്തിന് ഏറെയും ഇരയായത് ഈ പാവം കർഷകതൊഴിലാളി സ്ത്രീകളായിരുന്നു. അവർ ക്രൂരമായി വേട്ടയാടപ്പെട്ടു. അവരുടെ കുഞ്ഞുങ്ങൾ കൺമുമ്പിൽ വധിക്കപ്പെട്ടു. പോലീസും, ഗുണ്ടകളും ഈ പാവപ്പെട്ട സ്ത്രീകളെ മാനഭംഗപ്പെടുത്തി. ഇവരുടെ കൺമുമ്പിൽ വച്ച് സഹോദരനേയും, ഭർത്താവിനേയും, മക്കളേയും പോലീസ് വേട്ടയാടി, തല്ലിച്ചതച്ചു. നിലനിൽപ്പിനായി അവർ ആയുധമെടുത്തു പോരാട്ടത്തിനിറങ്ങുകയായിരുന്നു. തങ്ങളുടെ ഭൂമിയും കഷ്ടപ്പെട്ടു വിളയിച്ച ധാന്യങ്ങളും, ജമ്മിന്ദാർമാർക്കു വിട്ടുകൊടുക്കാതിരിക്കാൻ സ്ത്രീകൾ സമരമുഖത്തേക്കിറങ്ങി, കൂടാതെ വേതന വർദ്ധനവിനുവേണ്ടിയും ഇവർ സമരം ചെയ്യുകയുണ്ടായി.

കുറിപ്പുകൾ[തിരുത്തുക]

 • ^ മുഗൾ സാമ്രാജ്യത്തിൽ നിലനിന്നിരുന്ന ഒരു സമ്പ്രദായമായിരുന്നു ദിവാനി ഭരണം. ഈസ്റ്റിന്ത്യാ കമ്പനിയുടെ നിയമങ്ങൾ നിലവിൽ വരുന്നതുവരെ ഇതു നിലവിലുണ്ടായിരുന്നു. നികുതിവരുമാന സംബന്ധമായ കാര്യങ്ങൾക്ക് ദിവാൻ എന്ന സ്ഥാനപ്പേരുള്ള വ്യക്തിയായിരുന്നു നിയോഗിക്കപ്പെട്ടിരുന്നത്. യഥാർത്ഥത്തിൽ ഇയാൾ സർക്കാരിന്റേയോ രാജാവിന്റേയോ ഒരു പ്രതിനിധി ആയിരുന്നു. ജനങ്ങളിൽ നിന്നും നികുതി പിരിച്ചെടുത്ത് ദിവാൻ നേരിട്ട് സർക്കാരിനു സമർപ്പിക്കുന്നു [25]
 • ^ സർക്കാരിന്റെ ഭൂമി ഔദ്യോഗികമായി കൈവശംവെച്ചനുഭവിക്കുന്ന ആളുകളാണ് ജാഗിർദാർ. ജാഗിർ(കൈവശാവകാശമുള്ള) എന്നും, ദാർ(ഔദ്യോഗികമായി) എന്നു ഉള്ള രണ്ട് പേർഷ്യൻ വാക്കുകളിൽ നിന്നാണ് ഈ പദം ഉണ്ടായത്. ഇന്ത്യയിൽ 13 ആം നൂറ്റാണ്ടു മുതൽ ഈ സമ്പ്രദായം നിലനിന്നിരുന്നു.[26]
 • ^ കർഷക കുടുംബത്തിൽ നിന്നുമുള്ള ആളുകളെ ജന്മികളുടേയും, ഉന്നത ഉദ്യോഗസ്ഥരുടേയും വീടുകളിൽ അടിമകളേപ്പോലെ പണിയെടുക്കാൻ നിർബന്ധിക്കുന്ന ഒരു രീതിയായിരുന്നു ഇത്. തൊഴിലാളികൾ ഇതിനെ എതിർക്കാൻ പാടില്ലായിരുന്നു. ഓരോ വീട്ടിൽ നിന്നും ജന്മിമാർ അവർക്കിഷ്ടമുള്ളവരെ ഇങ്ങനെ അടിമവേലകൾക്കായി കൊണ്ടുപോകുമായിരുന്നു
 • ^ നിയമവിരുദ്ധമായി ആയുധങ്ങളോടെ സംഘം ചേരുന്നതിനെ തടഞ്ഞുകൊണ്ടുള്ള നിയമം[27]

അവലംബം[തിരുത്തുക]

 • പി., സുന്ദരയ്യ (2006). തെലുങ്കാന പീപ്പിൾസ് സ്ട്രഗ്ഗിൾ ആന്റ് ഇറ്റ്സ് ലെസ്സൺസ്. ഫൗണ്ടേഷൻ ബുക്സ്. ISBN 81-7596-316-6.


 1. കരോളിൻ, എലിയോട്ട് (നവംബർ-1974). ഡിക്ലൈൻ ഓഫ് എ പാട്രിമോണിയൽ റെജിം. ദ തെലുങ്കാന റിബല്ല്യൻ ഇൻ ഇന്ത്യ - 1946-1951. ജേണൽ ഓഫ് ഏഷ്യൻ സ്റ്റഡീസ്. Check date values in: |date= (help)
 2. കിങ്ഷുക്, നാഗ് (2011). ദ ബാറ്റിൽ ഗ്രൗണ്ട് ഓഫ് തെലുങ്കാന - കോണിക്കിൾ ഓഫ് ആൻ അജിറ്റേഷൻ. ഹാർപ്പർ കോളിൻസ്. ISBN 978-9350290743. തെലുങ്കാന സമരത്തിന്റെ പശ്ചാത്തലം
 3. അമിത്, കുമാർ ഗുപ്ത. "ദ തെലുങ്കാന മൂവ്മെന്റ്". റെവല്യൂഷണറി ഡെമോക്രസി. ശേഖരിച്ചത് 30-ഏപ്രിൽ-2013. Check date values in: |accessdate= (help)
 4. തെലുങ്കാന പീപ്പിൾസ് സ്ട്രഗ്ഗിൾ - സുന്ദരയ്യ തെലുങ്കാന സമരം - ആമുഖം
 5. പി., ഉദ്ദവ്. "തെലുങ്കാന സമരത്തിലെ സ്ത്രീ പങ്കാളിത്തം" (PDF). കേംബ്രിഡ്ജ് സർവ്വകലാശാല.
 6. തെലുങ്കാന പീപ്പിൾസ് സ്ട്രഗ്ഗിൾ - സുന്ദരയ്യ തെലുങ്കാന സമരത്തിന്റെ നേട്ടങ്ങൾ - ഒറ്റ നോട്ടത്തിൽ
 7. തെലുങ്കാന പീപ്പിൾസ് സ്ട്രഗ്ഗിൾ - സുന്ദരയ്യ പുറം 3
 8. തെലുങ്കാന പീപ്പിൾസ് സ്ട്രഗ്ഗിൾ - സുന്ദരയ്യ പുറം 3-4
 9. തെലുങ്കാന പീപ്പിൾസ് സ്ട്രഗ്ഗിൾ - സുന്ദരയ്യ പുറം 4-5
 10. തെലുങ്കാന പീപ്പിൾസ് സ്ട്രഗ്ഗിൾ - സുന്ദരയ്യ പുറം 5 തെലുങ്കാന സമരത്തിലെ വർഗീയത
 11. തെലുങ്കാന പീപ്പിൾസ് സ്ട്രഗ്ഗിൾ - സുന്ദരയ്യ പുറം 5 നിസ്സാമിന്റെ ധൂർ ത്തുകൾ
 12. പട്രീഷ്യ, ഗോസ്മാൻ (1992). ഹ്യൂമൻ റൈറ്റ്സ് ഇൻ ഇന്ത്യ- പോലീസ് കില്ലിംഗ് ആന്റ് റൂറൽ വയലൻസ് ഇൻ ആന്ധ്രപ്രദേശ്. ഏഷ്യാ വാച്ച്. pp. 6–7. ISBN 978-1564320711.
 13. രബീന്ദ്രനാഥ്, മുഖർജി (2005). ഫിലോസഫി ഇൻ ഇന്ത്യൻ പൊളിറ്റിക്സ്. കൺസപ്റ്റ് പബ്ലിഷിംഗ്. p. 192-193. ISBN 978-8180691591.
 14. തെലുങ്കാന പീപ്പിൾസ് സ്ട്രഗ്ഗിൾ - സുന്ദരയ്യ പുറം 24 കർഷകരുടെ ചെറുത്തു നിൽപ്പ്
 15. തെലുങ്കാന പീപ്പിൾസ് സ്ട്രഗ്ഗിൾ - സുന്ദരയ്യ പുറം 24-25 ജന്മിത്തത്തിനെതിരേ കർഷകവിജയം
 16. തെലുങ്കാന പീപ്പിൾസ് സ്ട്രഗ്ഗിൾ - സുന്ദരയ്യ പുറം 25 കർഷകർക്കെതിരേ ഗുണ്ടാ ആക്രമണം
 17. തെലുങ്കാന പീപ്പിൾസ് സ്ട്രഗ്ഗിൾ - സുന്ദരയ്യ പുറം 25 ദോദി കോമരയ്യയുടെ രക്തസാക്ഷിത്വം
 18. തെലുങ്കാന പീപ്പിൾസ് സ്ട്രഗ്ഗിൾ - സുന്ദരയ്യ പുറം26 സ്ത്രീകളും മുന്നേറ്റത്തിൽ പങ്കാളികളാവുന്നു
 19. പി., ഉദ്ദവ്. "തെലുങ്കാന സമരത്തിലെ സ്ത്രീ പങ്കാളിത്തം" (PDF). കേംബ്രിഡ്ജ് സർവ്വകലാശാല. സ്ത്രീകളും വിപ്ലവമുന്നേറ്റത്തിൽ സജീവമായി പങ്കെടുത്തിരുന്നു
 20. തെലുങ്കാന പീപ്പിൾസ് സ്ട്രഗ്ഗിൾ - സുന്ദരയ്യ പുറം 25 പോലീസ് വേട്ട
 21. തെലുങ്കാന പീപ്പിൾസ് സ്ട്രഗ്ഗിൾ - സുന്ദരയ്യ പുറം30 ജനങ്ങൾ തയ്യാറെടുക്കുന്നു
 22. തെലുങ്കാന പീപ്പിൾസ് സ്ട്രഗ്ഗിൾ - സുന്ദരയ്യ പുറം 40 നിസാമിനെതിരേ കോൺഗ്രസ്സ്-കമ്മ്യൂണിസ്റ്റ് സമരം
 23. തെലുങ്കാന പീപ്പിൾസ് സ്ട്രഗ്ഗിൾ - സുന്ദരയ്യ പുറം45-46 തൊഴിലാളികളുടെ നേതൃത്വത്തിൽ ആയുധസംഭരണം
 24. തെലുങ്കാന പീപ്പിൾസ് സ്ട്രഗ്ഗിൾ - സുന്ദരയ്യ പുറം 47 തൊഴിലാളികളുടെ അപര്യാപ്തമായ ചെറുത്തുനിൽപ്പ്
 25. "ദിവാനി സമ്പ്രദായം". ബംഗ്ലാപീഡിയ. മൂലതാളിൽ നിന്നും 2013-08-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-30.
 26. "ജാഗിർദാർ സമ്പ്രദായം". ബ്രിട്ടാനിക്ക.
 27. "ഇന്ത്യൻ പീനൽ കോഡ് 144 ആം വകുപ്പ്". ഇന്ത്യൻ കാനൂൻ.
"https://ml.wikipedia.org/w/index.php?title=തെലുങ്കാന_സമരം&oldid=3634115" എന്ന താളിൽനിന്ന് ശേഖരിച്ചത്