തൃപ്പാപ്പൂർ മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരുവനന്തപുരം ജില്ലയിൽ കഴക്കൂട്ടത്തിനടുത്ത് തൃപ്പാദപുരത്ത് സ്ഥിതിചെയ്യുന്ന പുരാതനമായ ക്ഷേത്രമാണ് തൃപ്പാപ്പൂർ മഹാദേവക്ഷേത്രം അഥവാ തൃപ്പാദപുരം മഹാദേവക്ഷേത്രം. തിരുവിതാംകൂർ രാജവംശവുമായും പത്മനാഭസ്വാമിക്ഷേത്രവുമായും ഏറെ അടുത്ത് ബന്ധപ്പെട്ടുകിടക്കുന്ന ഈ മഹാക്ഷേത്രത്തിലെ പ്രതിഷ്ഠ അത്യുഗ്രഭാവത്തിലുള്ള പരമശിവനാണ്. കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്ന ശിവഭഗവാന് അഭിമുഖമായി മഹാവിഷ്ണുഭഗവാൻ പ്രത്യേകം ക്ഷേത്രത്തിൽ കുടികൊള്ളുന്നു. കൂടാതെ ഉപദേവതകളായി അഞ്ച് വ്യത്യസ്തഭാവങ്ങളിൽ ശിവപ്രതിഷ്ഠകളും ഗണപതി, അയ്യപ്പൻ, നാഗദൈവങ്ങൾ എന്നീ ഉപദേവതാപ്രതിഷ്ഠകളും ഈ ക്ഷേത്രത്തിലുണ്ട്. തുലാമാസത്തിലെ ചിത്തിര ആറാട്ടായി എട്ടുദിവസത്തെ ഉത്സവം, കുംഭമാസത്തിലെ ശിവരാത്രി, ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങൾ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം[തിരുത്തുക]

പരമഭാഗവതനായ വില്വമംഗലം സ്വാമിയാർ ഒരു ദിവസം തന്റെ ആശ്രമത്തിൽ കൃഷ്ണപൂജ നടത്തിക്കൊണ്ടിരിയ്ക്കുകയായിരുന്നു. അപ്പോൾ പെട്ടെന്ന് ഉണ്ണിക്കണ്ണൻ അദ്ദേഹത്തിന്റെ പുറകിൽ വന്നുനിൽക്കുകയും അദ്ദേഹത്തിന്റെ കണ്ണുകൾ പൊത്തുകയും ചെയ്തു. ഇത് സ്വാമിയാർക്ക് അസ്വസ്ഥതയുണ്ടാക്കുകയും അദ്ദേഹം ഉണ്ണിക്കണ്ണനെ പുറംകൈ കൊണ്ട് തട്ടുകയും ചെയ്തു. ഇതിൽ ദുഃഖിതനായ ഭഗവാൻ, ഇനി തന്നെ കാണണമെങ്കിൽ അനന്തൻകാട്ടിൽ വരണമെന്ന് പറയുകയും ചെയ്തു.

ഈ വാക്കുകൾ സ്വാമിയാരെ അത്യധികം ദുഃഖിപ്പിച്ചു. താൻ നിത്യവും പൂജിയ്ക്കുന്ന, എന്നും തന്നോടൊപ്പം നടന്ന ഉണ്ണിക്കണ്ണൻ, ഒറ്റ ദിവസം കൊണ്ട് തനിയ്ക്ക് അപ്രത്യക്ഷനായിരിയ്ക്കുന്നു! ദുഃഖിതനായ അദ്ദേഹം ഉടനെ അനന്തൻകാട് അന്വേഷിച്ച് യാത്ര പുറപ്പെട്ടു. ഒരുപാട് സ്ഥലങ്ങളിൽ അദ്ദേഹം ഈ ദിവസങ്ങളിൽ യാത്ര ചെയ്തു. പലരോടും അനന്തൻകാട്ടിലേയ്ക്കുള്ള വഴി ചോദിച്ചു. പക്ഷേ ആർക്കും ആ സ്ഥലത്തെക്കുറിച്ച് അറിവുപോലുമുണ്ടായിരുന്നില്ല. അങ്ങനെ ദിവസങ്ങൾ ഒരുപാട് പിന്നിട്ടപ്പോൾ അദ്ദേഹം ഒരു വനപ്രദേശത്തെത്തി. അവിടെ ഒരു യാത്രയ്ക്കിടയിൽ അടുത്തുള്ള കുടിലിൽ താമസിച്ചിരുന്ന ഒരു പുലയസ്ത്രീ, തന്റെ മകനെ ചീത്ത പറയുന്നത് അദ്ദേഹത്തിന് കേൾക്കാനിടയായി. ഇനിയും വികൃതി കാണിച്ചാൽ നിന്നെ അനന്തൻകാട്ടിലേയ്ക്ക് വലിച്ചെറിയും എന്നായിരുന്നു ആ സ്ത്രീ പറഞ്ഞ വാക്കുകൾ. ഇതുകേട്ട സ്വാമിയാർ ആ പുലയസ്ത്രീയുടെ കുടിലിലെത്തി അവരോട് അനന്തൻകാടിനെപ്പറ്റി ചോദിച്ചപ്പോൾ അടുത്തുകണ്ട കാടുതന്നെയാണ് അനന്തൻകാട് എന്നായിരുന്നു മറുപടി. സ്വാമിയാർ ആ കാട്ടിലേയ്ക്ക് പ്രവേശിച്ചതും അദ്ദേഹം അത്യദ്ഭുതകരമായ ഒരു കാഴ്ച കണ്ടു. താൻ അന്വേഷിച്ചുവന്ന ബാലൻ, ഒരു ഇലിപ്പമരത്തിൽ ലയിച്ചുചേരുന്നതായിരുന്നു അത്. ഉടനെത്തന്നെ ആ ഇലിപ്പമരം മറിഞ്ഞുവീഴുകയും അതിൽ നിന്ന് സ്വയംഭൂവായി അനന്തശയനരൂപം പിറവിയെടുക്കുകയും ചെയ്തു! എന്നാൽ, ആ രൂപം അത്യധികം വലിപ്പമുള്ളതായിരുന്നു. ഭഗവാന്റെ തല, തിരുവനന്തപുരത്തിന് തെക്കുള്ള തിരുവല്ലത്തും ഉടൽ ഇപ്പോൾ പത്മനാഭസ്വാമിക്ഷേത്രം നിൽക്കുന്ന സ്ഥലത്തും പാദങ്ങൾ തൃപ്പാദപുരത്തുമായിരുന്നു. ഭഗവദ്പാദങ്ങൾ കിടന്ന സ്ഥലം തൃപ്പാദപുരം എന്നും പിന്നീട് അത് ലോപിച്ച് തൃപ്പാപ്പൂർ എന്നും അറിയപ്പെട്ടു. ഈ കാഴ്ച കണ്ട് സ്തബ്ധനായ സ്വാമിയാർ, തന്റെ കയ്യിലുള്ള യോഗദണ്ഡിന്റെ മൂന്നുമടങ്ങ് വലിപ്പത്തിലേയ്ക്ക് ചുരുങ്ങാൻ ഭഗവാനോട് അഭ്യർത്ഥിയ്ക്കുകയും അതനുസരിച്ച് ഭഗവാൻ ചുരുങ്ങുകയും ചെയ്തു. മേൽപ്പറഞ്ഞ മൂന്ന് സ്ഥലങ്ങളിലും ദേവചൈതന്യങ്ങളുണ്ടായി. തിരുവല്ലത്ത് വൈഷ്ണവാവതാരമായ പരശുരാമനും, തിരുവനന്തപുരത്ത് ശ്രീപത്മനാഭനായ വിഷ്ണുവും, തൃപ്പാപ്പൂരിൽ ശിവനും കുടികൊണ്ടു. ഈ മൂന്നിടത്തും ഒരേ ദിവസം ഉച്ചപ്പൂജയ്ക്കുമുമ്പ് തൊഴുന്നത് ഉത്തമമായി കണക്കാക്കപ്പെടുന്നു.

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

ശ്രീകോവിൽ[തിരുത്തുക]

നാലമ്പലം[തിരുത്തുക]