Jump to content

തൃപ്പാപ്പൂർ സ്വരൂപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(തൃപ്പാദപുരം സ്വരൂപം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തിരുവനന്തപുരം കേന്ദ്രമായി വികസിച്ചുവന്ന ഒരു സ്വരൂപമാണ് തൃപ്പാപ്പൂർ സ്വരൂപം. തൃപ്പാദപുരമെന്നായിരുന്ന ആദ്യപേര് ലോപിച്ചാണ് തൃപ്പാപ്പൂരായി മാറിയത്. ശ്രീപദ്മനാഭന്റെ പാദങ്ങളിൽ അർപ്പിതമായ ദേശമെന്ന സങ്കല്പത്തിലാണ് തൃപ്പാദപുരം എന്ന് പറഞ്ഞുപോന്നിരുന്നത്. തൃപ്പാപ്പൂർ സ്വരൂപത്തിന്റെ അതിരുകൾ പലകാലത്തും പലതായിരുന്നു. 14ആം ശതകത്തിന്റെ തുടക്കത്തിൽ അതിന്റെ തെക്കേ അതിർത്തി കന്യാകുമാരിയും വടക്കേ അതിർത്തി കൊല്ലത്തിനു തെക്ക് പരവൂരും ആയിരുന്നു. നെടുമങ്ങാട് അതിലുൾപ്പെടുമായിരുന്നില്ല. കൊല്ലം രാജധാനിയായി വേണാടു ഭരിച്ചിരുന്ന കീഴ്പേരൂർ രാജകുടുംബത്തിലെ രണ്ടാംസ്ഥാനക്കാരനായിരുന്നു തൃപ്പാപ്പൂരിന്റെ ഭരണാധികാരി. കീഴ്പേരൂർ രാജകുടുംബത്തിന് തൃപ്പാപ്പൂർ എന്നൊരു താവഴി ഉണ്ടായിരുന്നതായി 1168-ലെ കിളിമാനൂർ ശാസനത്തിൽ കാണുന്നു. യാദവന്മാരായ കീഴ്പേരൂർ കുടുംബത്തിലെ പുരുഷന്മാർക്ക് തിരുവട്ടാറുണ്ടായിരുന്ന ചേരരാജകുടുംബത്തിലെ സ്ത്രീകളിൽ ജനിക്കുന്നവരാണ് തൃപ്പാപ്പൂർ താവഴിക്കാരെന്ന് 1168-ലെതന്നെ സ്യാനന്ദൂരപുരാണ സമുച്ചയത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. തിരുവട്ടാറ്റെ ചേരകുടുംബത്തിന് വടശ്ശേരി ഇല്ലം എന്നാണ് പേര്. തൃപ്പാപ്പൂർ കുടുംബക്കാർ മാതൃദായപ്രകാരം ചേരന്മാരും പിതൃദായക്രമമനുസരിച്ച് യാദവന്മാരുമായിരുന്നു. 14ആം ശതകം വരെ രണ്ട് ദായക്രമങ്ങളും അവർ പിന്തുടർന്നിരുന്നു.

തൃപ്പാപ്പൂർ താവഴിയിലെ മൂത്തയാൾ (തൃപ്പാപ്പൂർ മൂത്തവർ) തൃപ്പാപ്പൂർ സ്വരൂപത്തിന്റെ ഭരണാധികാരി മാത്രമല്ല, ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിന്റെ രക്ഷാപുരുഷൻ കൂടിയായിരുന്നു. വേണാടിലെ മുഴുവൻ ക്ഷേത്രങ്ങളുടേയും കോയ്മ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിനുള്ളതുകൊണ്ട് വേണാടിലെ ക്ഷേത്രങ്ങളെല്ലാം തൃപ്പാപ്പൂർ മൂപ്പന് അധീനമായിരുന്നു. ക്ഷേത്രകാര്യങ്ങളെപ്പറ്റിയും ബ്രാഹ്മണ സംരക്ഷണത്തെപ്പറ്റിയും തൃപ്പാപ്പൂർ മൂത്തവരെ ഉപദേശിക്കുവാൻ തിരുവനന്തപുരത്തുണ്ടായിരുന്ന ബ്രാഹ്മണസഭയെ തിരുവനന്തപുരം സഭയെന്നും, 17ആം ശതകം മുതൽ എട്ടരയോഗം എന്നും പറഞ്ഞിരുന്നു. എന്നാൽ‍, തൃപ്പാപ്പൂർ സ്വരൂപത്തിന്റെ ഭരണതലസ്ഥാനം 12ആം ശതകം വരെ തിരുവട്ടാറും അതിനുശേഷം തിരുവിതാംകോടും ആയിരുന്നു. ക്ഷേത്രസംബന്ധമായ കാര്യങ്ങൾ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ വടക്കേനടയിലുള്ള ശ്രീപാദം കോയിക്കൽ ഇരുന്നുകൊണ്ടാണ് നിർവഹിച്ചിരുന്നത്. തൃപ്പാപ്പൂർ താവഴിയുടെ ആസ്ഥാനം ആറ്റിങ്ങൽ‍ ആയിരുന്നു. സ്ത്രീകളും പ്രായപൂർത്തിയാകാത്ത പുരുഷന്മാരും ആറ്റിങ്ങലായിരുന്നു താമസം. 17 വയസ്സായ രാജകുമാരന്മാർ ഏതെങ്കിലും ദേശത്തിന്റേയോ വകുപ്പിന്റേയോ ഭരണച്ചുമതല ഏൽക്കുന്നു. ഇളമുറക്കാരെ ചിറവായ്മൂപ്പൻ എന്നാണ് പറയുക. ചെറു ആയ് ആണ് ചിറവായ് ആയത്. ആയ് എന്നാൽ യാദവൻ എന്നർഥം. ചിറവായ് മൂപ്പന്റെ കീഴിലുള്ള പ്രദേശത്തെ ചിറവായ് സ്വരൂപം എന്നു പറയുന്നു.

ദേശിങ്ങനാടും തൃപ്പാപ്പൂരും താവഴികൾ ചേർന്ന് ഒരു കൂട്ടായ്മയായിട്ടാണ് പിന്നീട് വേണാട് ഭരിച്ചത്. രണ്ട് താവഴികളിലുംവച്ച് മൂത്തയാളായിരിക്കും കൂട്ടായ്മയുടെ തലവൻ. ദേശിങ്ങനാട് ശാഖയിലെ മൂത്തയാളാണ് തൃപ്പാപ്പൂർ മൂത്ത തിരുവടി ആകുന്നതെങ്കിൽ തൃപ്പാപ്പൂർ ശാഖയിലെ മൂത്തയാളെ ചിറവായ് മൂത്തവർ എന്നേ പറയുകയുള്ളൂ. തൃപ്പാപ്പൂർ ശാഖയിലെ മൂത്തയാൾ തൃപ്പാപ്പൂർ മൂത്ത തിരുവടി ആയിരിക്കുകയും അദ്ദേഹത്തിന് ഒരു രണ്ടാം സ്ഥാനക്കാരനുണ്ടായിരിക്കുകയും ചെയ്യുകയാണെങ്കിൽ മൂത്തയാൾ തിരുവനന്തപുരം ആസ്ഥാനമാക്കി ക്ഷേത്രഭരണവും ചിറയിൻകീഴ്, തിരുവനന്തപുരം എന്നീ പ്രദേശങ്ങളുടെ ഭരണവും നിർവഹിക്കുന്നു. രണ്ടാം സ്ഥാനക്കാരൻ തിരുവനന്തപുരത്തിനു തെക്കുള്ള ചിറവാ സ്വരൂപത്തിന്റെ ഭരണാധികാരിയായിരിക്കും. തിരുവിതാംകോട് ഭരണ തലസ്ഥാനമായിരുന്നതുകൊണ്ട് തൃപ്പാപ്പൂർ സ്വരൂപത്തെ തിരുവിതാംകോട് (തിരുവിതാംകൂർ‍) എന്ന് വിദേശികൾ രേഖപ്പെടുത്തിയിരുന്നു. തൃപ്പാപ്പൂർ കുടുംബത്തിന്റെ ആസ്ഥാനം ആറ്റിങ്ങൽ ആയിരുന്നതുകൊണ്ട് തൃപ്പാപ്പൂരിനെ ആറ്റിങ്ങൽ രാജ്യം എന്നും ചില വിദേശികൾ രേഖപ്പെടുത്തിയിട്ടുണ്ട്.

നെൽകൃഷി തീരെ പുരോഗമിച്ചിട്ടില്ലായിരുന്ന തൃപ്പാപ്പൂർ സ്വരൂപത്തിന് നെല്ലുല്പാദനത്തിനു പ്രസിദ്ധമായ നാഞ്ചിനാട് പരമപ്ര ധാനമായിരുന്നു. നൂറ്റാണ്ടുകൾക്കു മുമ്പു മുതൽ 1120 വരെ നാഞ്ചിനാട് പാണ്ഡ്യരാജ്യത്തിന്റെ ഭാഗമായിരുന്നു. ഒരു യുദ്ധാനന്തരം ഈ പ്രദേശം പാട്ടവ്യവസ്ഥയിൽ കൈവശം വയ്ക്കാൻ വേണാട് അനുവദിക്കപ്പെട്ടു. പക്ഷേ, സഹ്യനു കിഴക്കുള്ള കൊള്ളക്കാരായ മറവന്മാരും കള്ളന്മാരും കൊയ്ത്തുകാലത്ത് നാഞ്ചിനാട്ടിൽ കടന്ന് കൊള്ള നടത്തുക പതിവായിരുന്നു. അക്കാരണത്താലാണ് കളക്കാട്ടു സ്വരൂപം കൈവശം വയ്ക്കുവാൻ ആദ്യം വേണാടും പിന്നീട് ദേശിങ്ങനാടും ശ്രമിച്ചത്. 1369-ൽ മധുരയിലെ ഭരണം വിജയനഗരസാമ്രാജ്യത്തിൻകീഴിൽ‍ ആയതുമുതൽ നാഞ്ചിനാടിനും കളക്കാടിനും വേണ്ടി കപ്പം നൽകാൻ സമ്മർദമുണ്ടായി. 1544-ൽ വിജയനഗരസൈന്യം കളക്കാട് പിടിച്ചെടുക്കുകയും നാഞ്ചിനാട്ടിലെ കോട്ടാറിൽ വച്ച് ദേശിങ്ങനാടിന്റേയും തൃപ്പാപ്പൂരിന്റേയും സംയുക്ത സൈന്യത്തെ തോല്പിക്കുകയും ചെയ്തു. തുടർന്നുണ്ടായ ഉടമ്പടിയിൽ കളക്കാട് വിജയനഗരസാമ്രാജ്യത്തിനു വിട്ടുകൊടുക്കുകയും നാഞ്ചിനാട്ടിനുവേണ്ടി വിജയനഗരസാമന്തനായ മധുരയിലെ നായക്കർക്ക് കപ്പം നൽകുവാൻ തീരുമാനമുണ്ടാവുകയും ചെയ്തു.

അതുമുതൽ കൊല്ലം തലസ്ഥാനമായ ദേശിങ്ങനാടിന് നാഞ്ചി നാട് സംരക്ഷിക്കുക പ്രയാസമാവുകയും അവിടം തൃപ്പാപ്പൂരിനു വിട്ടുകൊടുക്കുകയും ചെയ്തു(1587). നാഞ്ചിനാടിന്റെ ഭരണച്ചുമ തല തൃപ്പാപ്പൂരിനു ലഭിച്ചതുകാരണം അതിന്റെ സംരക്ഷണത്തിനുവേണ്ടി ഒരു സ്ഥിരം സൈന്യത്തെ സജ്ജീകരിച്ചു. തലസ്ഥാനം തിരുവിതാംകോടു നിന്നും കൽക്കുളത്തേക്കു മാറ്റി. സമീപത്തുള്ള പുലിയൂർ കുറിച്ചിയിൽ കോട്ടകെട്ടി അതിനെ സൈനികത്താവളമാക്കിയിരുന്നു. പ്രഗല്ഭനായ രവിവർമ കുലശേഖരപ്പെരുമാൾ‍ എന്ന തൃപ്പാപ്പൂർ മൂപ്പനായിരുന്നു (1601-ൽ‍) ഈ ഒരുക്കങ്ങൾ ചെയ്തത്. അന്ന് ദേശിങ്ങനാട് ശാഖയിലെ രാമ മാർത്താണ്ഡവർമ ആയിരുന്നു തൃപ്പാപ്പൂർ മൂത്ത തിരുവടി. അദ്ദേഹം 1604-ൽ അന്തരിച്ചതോടുകൂടി ദേശിങ്ങനാടുശാഖ അന്യംനിന്നു. അതിനുശേഷം തൃപ്പാപ്പൂർ ശാഖയിലെ അംഗങ്ങളോ അല്ലെങ്കിൽ തൃപ്പാപ്പൂർ മൂത്ത തിരുവടി ദത്തെടുത്തവരോ ആണ് കൊല്ലം രാജാക്കന്മാരായത്. കൊല്ലം രാജാവിനെ ദേശിങ്ങനാടു രാജാവെന്നും പറയുമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ അധികാരാതിർത്തി കൊല്ലം പട്ടണവും ചുറ്റുമുള്ള ഏതാനും ദേശങ്ങളും ആയി ചുരുങ്ങി. മുമ്പ് ദേശിങ്ങനാടിന്റെ കീഴിലായിരുന്ന നെടുമങ്ങാട്, കൊട്ടാരക്കര, കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, കായംകുളം, പനയപ്പള്ളി എന്നീ സാമന്തസ്വരൂപങ്ങൾ തൃപ്പാപ്പൂർ മൂത്ത തിരുവടിയുടെ നിയന്ത്രണത്തിൽ വന്നു. 1662 ആഗസ്റ്റ് മാസത്തിൽ തൃപ്പാപ്പൂർ മൂത്ത തിരുവടിയായിരുന്ന രവിവർമ അന്തരിച്ചതോടുകൂടി തൃപ്പാപ്പൂർ ശാഖയിൽ പുരുഷന്മാരില്ലാതായി.

1603-ൽ കൊച്ചിയിലെ വെള്ളാരപ്പള്ളി കോയിക്കൽനിന്ന് ദത്തെടുത്ത രാമവർമ, ആദിത്യവർമ എന്നീ സഹോദരന്മാരിൽ മൂത്ത ആളായ രാമവർമ ചിറവാമൂപ്പ് ഏറ്റുവെങ്കിലും അദ്ദേഹത്തിന് തൃപ്പാപ്പൂർമൂപ്പ് വഹിക്കുവാൻ അർഹതയില്ലായിരുന്നു; എന്തെന്നാൽ‍, ആറ്റിങ്ങൽ രാജകുടുംബത്തിലെ സ്ത്രീ പ്രസവിച്ചുണ്ടാകുന്ന ആൾക്കു മാത്രമേ അതിനർഹതയുണ്ടായിരുന്നുള്ളൂ. മൂന്ന് തമ്പുരാട്ടിമാരാണ് 1662-ൽ തൃപ്പാപ്പൂർ ശാഖയിൽ അവശേഷിച്ചത്: ആയില്യം തിരുനാൾ‍, അവരുടെ സഹോദരീപുത്രി മകയിരം തിരുനാൾ, ആയില്ല്യം തിരുനാളിന്റെ പുത്രി അശ്വതി തിരുനാൾ എന്നിവർ‍. അവരിൽ വൃദ്ധയായ ആയില്യം തിരുനാൾ തൃപ്പാപ്പൂർ മൂപ്പ് ഏറ്റു. എങ്കിലും രാജ്യകാര്യങ്ങൾ നിർവഹിച്ചത് അവരുടെ പുത്രി അശ്വതി തിരുനാളാണ്. മകയിരം തിരുനാൾ കൊല്ലം റാണിയായി അവിടെ പാർത്തു. 1662 ജനുവരിയിൽ പോർച്ചുഗീസുകാരിൽ‍ നിന്ന് ഡച്ചുകാർ കൊല്ലം പിടിച്ചെടുക്കുകയും റാണിയുടെ കൊട്ടാരം നശിപ്പിക്കുകയുമുണ്ടായി. തുടർന്ന് ഡച്ചുകാർ കൊടുങ്ങല്ലൂർ‍, കൊച്ചി, കണ്ണൂർ കോട്ടകൾ പിടിച്ചെടുക്കുകയും പോർച്ചുഗീസുകാരെ അപ്പാടെ കേരളത്തിൽനിന്നു പുറത്താക്കുകയും ചെയ്തു. ഡച്ചുകാർ തിരുവിതാംകൂറുമായും തൃപ്പാപ്പൂരിന്റെ എല്ലാ സാമന്തസ്വരൂപങ്ങളുമായും വാണിജ്യ ഉടമ്പടികൾ ഒപ്പിട്ടു. കൊല്ലം ഉൾപ്പെടെയുള്ള സാമന്തസ്വരൂപങ്ങൾ ഡച്ചുകാരുമായി കുത്തകവ്യാപാരത്തിനു സമ്മതിച്ചുവെങ്കിലും തിരുവിതാംകൂറിലെ രാമവർമ അതിനു സമ്മതിച്ചില്ല. 1645 മുതൽ വിഴിഞ്ഞത്തും പൂന്തുറയിലും വ്യാപാരം നടത്തിയിരുന്ന ഇംഗ്ളീഷുകാരെ ഒഴിവാക്കാൻ കഴിയാത്തതായിരുന്നു കാരണം. പോർച്ചുഗീസുകാരിൽ നിന്നു പിടിച്ചെടുത്ത അഞ്ചുതെങ്ങിലും തേങ്ങാപ്പട്ടണത്തും കന്യാകുമാരിയിലും ഡച്ചുകാർ ഫാക്റ്ററികളുണ്ടാക്കി. വിദേശികളുമായുള്ള ബന്ധത്തിന് തൃപ്പാപ്പൂർമൂപ്പു വഹിച്ചിരുന്ന ആറ്റിങ്ങൽ റാണിയുടെ അംഗീകാരം ആവശ്യമായിരുന്നു. എങ്കിലും സാമന്ത സ്വരൂപങ്ങളൊന്നുംതന്നെ റാണിയുടെ അംഗീകാരം നേടിയിരുന്നില്ല. തിരുവിതാംകൂർ ഒഴികെയുള്ള സാമന്തസ്വരൂപങ്ങൾക്ക് ഡച്ചുകാരുടെ പിൻബലം ഉണ്ടായിരുന്നു എന്നതാണ് കാരണം.

സാമന്തസ്വരൂപങ്ങളിൽ താവഴികൾ തമ്മിൽ കുടുംബ കലഹം സാധാരണമായിരുന്നു. കലഹങ്ങളിലിടപെട്ട് തങ്ങൾക്ക് ഇഷ്ടമായവരെ വാഴിക്കുവാനായിരുന്നു ഡച്ചുകാരുടെ ശ്രമം. അങ്ങനെയിരിക്കെയാണ് 1672-ൽ തിരുവിതാംകൂറിലെ രാമവർമ അന്തരിക്കുകയും ആദിത്യവർമ ചിറവാമൂപ്പേൽക്കുകയും ചെയ്തത്. വെള്ളാരപ്പള്ളി കോയിക്കൽനിന്ന് ഭാഗിനേയനായ രവിവർമയെ തന്റെ പിൻഗാമിയായി ദത്തെടുക്കുവാൻ ആദിത്യവർമ ആഗ്രഹിച്ചു. ആറ്റിങ്ങൽ തമ്പുരാട്ടിമാർക്ക് അതിലെതിർപ്പില്ലായിരുന്നുവെങ്കിലും നെടുമങ്ങാട് രാജാവായ രാമവർമ അതിനോടു യോജിച്ചില്ല. 1622-ൽ പേരകത്താവഴി(നെടുമങ്ങാട്)യിലെ എല്ലാ അംഗങ്ങളേയും തൃപ്പാപ്പൂരിലേക്ക് ദത്തെടുത്തിട്ടുണ്ട്. എന്നതായിരുന്നു കാരണം. അതിൻപ്രകാരം തന്റെ ഭാഗിനേയനെ തിരുവിതാംകൂറിലേക്ക് ദത്തെടുക്കണമെന്ന് അദ്ദേഹം വാദിച്ചു. ആദിത്യവർമയുടെ ഭാഗിനേയൻ തിരുവിതാംകൂർ രാജാവാകുന്നത് ഡച്ചുകാർക്കും പഥ്യമായിരുന്നില്ല. ദത്തുകാര്യം തീരുമാനിക്കപ്പെട്ടിരുന്നില്ലെങ്കിലും 1677-ൽ ആദിത്യവർമ അന്തരിച്ചപ്പോൾ രവിവർമയെ കൽക്കുളത്തുകൊണ്ടുപോയി, അശ്വതി തിരുനാൾ‍, ചിറവാമൂപ്പു വാഴിച്ചു. എന്നാൽ‍, തിരുവിതാംകൂറിലെ രണ്ടു മന്ത്രിമാരും കുറെ മാടമ്പിമാരും ചേർന്ന് പേരകത്താവഴിയിലെ കേരളവർമയെ കൽക്കുളത്തു വാഴിക്കുകയും രവിവർമയെ ബഹിഷ്ക്കരിക്കുകയുമാണ് ചെയ്തത്. തുടർന്ന്, അശ്വതി തിരുനാളും രവിവർമയും ചേർന്ന് കരമനയാറ്റിന്റെ കരയിൽവച്ച് തിരുവിതാംകൂർ സൈന്യവുമായി യുദ്ധത്തിലേർപ്പെട്ടു. യുദ്ധത്തിൽ പരാജയപ്പെട്ട അശ്വതി തിരുനാൾ വർക്കലക്ക് പിൻവാങ്ങി. അതേത്തുടർന്ന് ആയില്യം തിരുനാൾ അന്തരിക്കുകയും മകയിരം തിരുനാൾ തൃപ്പാപ്പൂർ മൂപ്പ് ഏൽക്കുകയും ചെയ്തു. കൊട്ടാരക്കരരാജാവുകൂടി ഇടപെട്ട് ഒത്തുതീർപ്പുണ്ടാക്കുകയും പേരകത്താവഴിയിലെ കേരളവർമയെ തിരുവിതാംകൂർ രാജാവായി അംഗീകരിക്കുകയുമാണ് ചെയ്തത്. രവിവർമയെ കൊല്ലം രാജാവാക്കി. പക്ഷേ, അടുത്തവർഷം (1688) മകയിരം തിരുനാൾ അന്തരിക്കുകയും അശ്വതി തിരുനാൾ തൃപ്പാപ്പൂർ മൂപ്പ് ഏൽക്കുകയും ചെയ്തു. അവർ സൈന്യവുമായിച്ചെന്ന് കേരളവർമയെ ബഹിഷ്ക്കരിച്ച് രവിവർമയെ കൽക്കുളത്തു വാഴിച്ചു. എങ്കിലും കേരളവർമയും സഹായികളും കൽക്കുളംകോട്ട ഉപരോധിച്ചുകൊണ്ട് സമീപത്തുതന്നെ കഴിഞ്ഞു. ഈ സമയം കപ്പക്കുടിശ്ശികയ്ക്കുവേണ്ടി മധുര സർക്കാരിന്റെ സമ്മർദം ഏറിവന്നതിനാൽ കേരളവർമയുടെ മന്ത്രിമാരായ ഇളമ്പയിൽ പണ്ടാൽ‍, ഇടത്തറപ്പോറ്റി എന്നിവർ ആറ്റിങ്ങൽ റാണിയുടെ മന്ത്രിമാരായ കൊടുമൺപിള്ള, വഞ്ചിമുട്ടംപിള്ള എന്നിവരുമായി കൂടിയാലോചിച്ച് സന്ധിയുണ്ടാക്കി. അതിൻപ്രകാരം രവിവർമയെ ചിറവാമൂപ്പനായി അംഗീകരിച്ചുകൊണ്ട് കേരളവർമയെ ഇളംകൂറായി വാഴിച്ചു.

ഗുരുതരമായ മൂന്ന് പ്രശ്നങ്ങളാണ് അശ്വതിതിരുനാൾ നേരിട്ടുകൊണ്ടിരുന്നത്. മധുരപ്പടയിൽനിന്നുള്ള ആക്രമണങ്ങളായിരുന്നു അതിൽ പ്രധാനം. കളക്കാട് സ്വരൂപം കൈവിട്ടുപോയതുമുതൽ നാഞ്ചിനാടിന്റെ സുരക്ഷിതത്വം ഭീഷണിയെ നേരിട്ടുകൊണ്ടിരുന്നു. തിരുനെൽവേലി ഭാഗത്തുനിന്നുള്ള കൊള്ളകൾ തടയുവാൻ മധുരയിലെ നായ്ക്കഭരണത്തിനു കഴിഞ്ഞില്ല. എങ്കിലും വാർഷികപ്പാട്ടം വസൂലാക്കുന്നതിൽ അവർ കണിശക്കാരായിരുന്നു. കൊയ്ത്തുകാലത്ത് നാഞ്ചിനാട്ടിലെത്തി മധുരയുടെ പ്രതിനിധികൾ ബലമായി പിരിവുകൾ നടത്തി. ഇപ്രകാരം പിരിവു നടത്തിയ വേലയ്യൻ എന്ന പടനായകനെ തിരുവിതാംകൂറിന്റെ പടത്തലവന്മാരിലൊരാളായ ഇരവിക്കുട്ടിപ്പിള്ള യുദ്ധത്തിൽ വധിച്ചു. തുടർന്ന് ദളവാ രാമപ്പയ്യന്റെ നേതൃത്വത്തിൽ വടുകപ്പട (നായക്കരുടെ സൈന്യത്തെ അങ്ങനെയാണ് വിളിച്ചിരുന്നത്ത്) നാഞ്ചിനാട്ടിലെത്തി യുദ്ധത്തിൽ ഇരവിക്കുട്ടിപ്പിള്ളയുടെ തല വെട്ടിയെടുത്തുകൊണ്ടുപോയി. സമാധാന ഉടമ്പടി ഉണ്ടായെങ്കിലും കപ്പം മുടക്കലും വടുകപ്പടയുടെ ആക്രമണങ്ങളും പതിവു സംഭവങ്ങളായി. കൊള്ളക്കാരായ മറവന്മാരേയും മറ്റും പ്രതിരോധിക്കുവാൻ നാഞ്ചിനാട്ടുകാർ സംഘടിച്ചുവെങ്കിലും അതൊന്നും ഫലപ്രദമായില്ല. റാണി നേരിട്ട മറ്റൊരു പ്രശ്നം എട്ടരയോഗത്തിൽ നിന്നുമാണ്. കളക്കാട്ടും നാഞ്ചിനാട്ടിലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രം വകയായി ഒട്ടേറെ ഗ്രാമങ്ങളുണ്ടായിരുന്നു. ക്ഷേത്രത്തിലെ വമ്പിച്ച ചെലവുകൾക്ക് അവിടെനിന്നുമുള്ള വരവായിരുന്നു ആശ്രയം. മുമ്പുതന്നെ ദേവസ്വം, ബ്രഹ്മസ്വം സ്വത്തുക്കളിന്മേൽ നടന്ന കയ്യേറ്റങ്ങൾക്ക് എട്ടരയോഗം ധാരാളം പ്രായശ്ചിത്തങ്ങൾ വിധിച്ചിരുന്നു. സ്വർണക്കുടം, ആന, പണക്കിഴി എന്നിവയാണ് പ്രായശ്ചിത്തം വിധിച്ചിരുന്നത്. ഇവയെല്ലാം ഈടാക്കി നൽകേണ്ടത് തൃപ്പാപ്പൂർ മൂത്ത തിരുവടി ആണ്. തൃപ്പാപ്പൂർ മൂത്ത തിരുവടിക്ക് അതു കഴിയാത്തതിനാൽ ഒട്ടേറെ പ്രായശ്ചിത്തം ഏറെക്കാലമായി കുടിശ്ശികയായി. അതിനു പ്രതികാരമായി ആണ്ടുതോറും തുലാമാസത്തിൽ ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിൽ നടക്കാറുള്ള ഉത്സവം മുടക്കുക എന്നതായിരുന്നു എട്ടരയോഗം ചെയ്തത്. ഉത്സവത്തിന്റെ പത്താം ദിവസം നടക്കുന്ന ആറാട്ട് തൃപ്പാപ്പൂർ മൂത്ത തിരുവടിക്ക് വളരെ പ്രധാനമാണ്. ആറാട്ടിന് സാമന്തന്മാരും ദേശവാഴികളും മാടമ്പിമാരും തൃപ്പാപ്പൂർ മൂത്ത തിരുവടിക്ക് അകമ്പടി സേവിക്കുന്നു. ആറാട്ട് നടക്കാതിരുന്നാൽ അദ്ദേഹത്തിന് ആ ബഹുമതി ലഭിക്കുകയില്ല. 1633 മുതൽ ഇങ്ങനെ ക്ഷേത്രത്തിലെ വാർഷികോത്സവം മുടങ്ങിക്കിടക്കെയാണ് സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ പൂജകൾ പോലും 1673 മുതൽ മുടക്കിയത്. പൂജകൾ എങ്കിലും പുനരാരംഭിക്കുവാൻ റാണി ശ്രമിച്ചെങ്കിലും ക്ഷേത്രാധികാരികളും എട്ടരയോഗവും ക്ഷേത്രജീവനക്കാരും പൂജാരിമാരും എല്ലാം വിഘടിച്ചു നിന്നതുകൊണ്ട് അത് നടന്നില്ല. ഒരു തൃപ്പാപ്പൂർ മൂത്ത തിരുവടിയെ വാഴിച്ചാൽ എല്ലാത്തിനും പരിഹാരമുണ്ടാകുമെന്നു കരുതി രവിവർമയെ വാഴിക്കാൻ ശ്രമിച്ചെങ്കിലും എട്ടരയോഗം അതിനും സഹകരിച്ചില്ല.

റാണിയെ ഏറ്റവും വിഷമിപ്പിച്ചത് സാമന്തസ്വരൂപങ്ങളുടെ നിലപാടാണ്. അവർ റാണിയുടെ അംഗീകാരമില്ലാതെ ഡച്ചുകാരുമായി വാണിജ്യക്കരാറുകളിൽ ഏർപ്പെട്ടു എന്നുമാത്രമല്ല പിൻഗാമിയെ വാഴിക്കുന്നതിന് റാണിയുടെ അനുവാദം വാങ്ങിയിരുന്നുമില്ല. കുടുംബത്തിനു പുറത്തുനിന്ന് ദത്തെടുക്കുന്നതിനുപോലും അവർ റാണിയുടെ അനുവാദം നേടിയില്ല. ഡച്ചുകാരുടെ പിൻബലമാണ് സ്വതന്ത്രന്മാരെപ്പോലെ പെരുമാറാൻ അവരെ പ്രേരിപ്പിച്ചത്. ഈ പ്രശ്നങ്ങളെയെല്ലാം നേരിടുവാൻ കരുത്തനായ ഒരു സഹായിയെ കാത്തിരിക്കുമ്പോഴാണ് വടക്കൻ കോട്ടയത്തെ യുവരാജാവായ കേരളവർമ ആറ്റിങ്ങലെത്തി റാണിയെ കണ്ടത്. പണ്ഡിതനും കവിയും നിശ്ചയദാർഢ്യക്കാരനും ആയുധാഭ്യാസിയുമായ കേരളവർമയെ റാണി ദത്തെടുക്കുകയും തിരുവിതാംകൂറിലെ ഇളയ രാജാവായി ഇരണിയലിൽ വാഴിക്കുകയും ചെയ്തു. വടക്കൻ സ്വരൂപങ്ങളുടെ മേൽ അച്ചടക്ക നടപടികൾക്ക് അദ്ദേഹം ശ്രമം തുടങ്ങിയത് ഡച്ചുകാരുടേയും തിരുവിതാംകൂറിലെ മാടമ്പിമാരുടേയും എതിർപ്പുകൾക്കു കാരണമായി. മാടമ്പിമാരായിരുന്നു തങ്ങളുടെ കീഴിലുള്ള നായന്മാരുമായി രാജാവിനെ സഹായിക്കുവാൻ ചുമതലപ്പെട്ടവർ. ദൂരദേശങ്ങളിൽ പോയി യുദ്ധം ചെയ്യുവാനും ഡച്ചുകാരുടെ തോക്കുകളെ നേരിടുവാനും മാടമ്പിമാർ തയ്യാറല്ലായിരുന്നു. അതുകൊണ്ട് കേരളവർമ കിഴക്കുനിന്ന് പടയാളികളായ മറവന്മാരെ വാടകയ്ക്കെടുക്കുകയും വിജയപൂർവം സാമന്തസ്വരൂപങ്ങളെ നേരിടുകയും ചെയ്തു. അപ്പോൾ വാടകസൈന്യത്തിനുള്ള ചെലവ് മാടമ്പിമാർ നൽകണമെന്ന് തീരുമാനമായി. അതിനും മാടമ്പിമാർ തയ്യാറായില്ല. അനുസരണയില്ലാത്ത മാടമ്പിമാരുടെമേൽ പലവിധ ശിക്ഷണനടപടികളും കോട്ടയം കേരളവർമ സ്വീകരിച്ചു. അങ്ങനെ നാട്ടിലെ മാടമ്പിമാർ ഏതാണ്ട് ഒന്നടങ്കം കേരളവർമക്കെതിരായി. അവർ സംഘടിച്ച് നെയ്യാറ്റിൻകര കോട്ടവാതുക്കൽ കൂടിയിരുന്ന് റാണിയെകണ്ട് പരാതി ബോധിപ്പിക്കുവാൻ തുനിഞ്ഞുവെങ്കിലും റാണി ഒഴിഞ്ഞുമാറുകയാണു ചെയ്തത്. മാത്രമല്ല, 1684-ൽ രവിവർമയെ തൃപ്പാപ്പൂർ മൂത്ത തിരുവടിയായി വാഴിക്കുവാനും കേരളവർമയെ ചിറവാമൂത്തവരായി അംഗീകരിക്കുവാനും അശ്വതി തിരുനാൾ തയ്യാറായി. കേരളവർമയുടെ നടപടികൾക്കെല്ലാം ഇംഗ്ളീഷുകാരുടെ രഹസ്യപിന്തുണ ഉണ്ടായിരുന്നു. 1684-ൽ അഞ്ചുതെങ്ങിൽ ഒരു വ്യാപാരശാല തുറക്കുവാൻ റാണി ഇംഗ്ളീഷുകാർക്ക് അനുവാദം നൽകി. റാണിയുടെ സാമീപ്യമാണ് ഇംഗ്ളീഷുകാർക്കുണ്ടായ നേട്ടം. 1694-ൽ ഡച്ചുകാരുടെ തേങ്ങാപ്പട്ടണത്തുള്ള ഫാക്റ്ററി കൊള്ളയടിക്കപ്പെടുകയും അവരുടെ ചീഫ് വധിക്കപ്പെടുകയും ചെയ്തു. രണ്ട് ഡച്ചു കപ്പലുകൾക്ക് നാശമുണ്ടായി. ഡച്ചുകാരിൽനിന്ന് പ്രതികാരം ഭയന്ന് അഞ്ചുതെങ്ങിലെ വ്യാപാരശാലയുടെ സംരക്ഷണത്തിനായി ഇംഗ്ളീഷുകാർ കോട്ടപണി ആരംഭിച്ചു. ചിറയിൻകീഴിലെ മാടമ്പിമാർ അതിനെ ചെറുത്തെങ്കിലും പീരങ്കികളുടെ സഹായത്തോടുകൂടി ഇംഗ്ളീഷുകാർ 1696-ൽ കോട്ടപണി പൂർത്തിയാക്കി. കോട്ടപണി പൂർത്തിയായ ഉടനെ ഇംഗ്ളിഷുകാർ സമീപത്തുള്ള ഡച്ച് വ്യാപാരശാല വെടിവച്ചു തകർത്തു.

1694 മുതൽ കേരളവർമക്കുനേരേ മാടമ്പിമാരുടെ എതിർപ്പ് ശക്തമായി. ഒട്ടേറെ മാടമ്പി കുടുംബങ്ങൾ കേരളവർമയുടെ പ്രതികാര നടപടികൾക്ക് പാത്രമാവുകയും ചെയ്തു. 1696-ൽ 16 മാടമ്പിമാർ ചേർന്ന് തിരുവനന്തപുരത്തെ കൊട്ടാരവാതുക്കൽ വച്ച് രാത്രി സമയം കേരളവർമയെ കുത്തി കൊലപ്പെടുത്തി. മരണത്തിനുമുമ്പ് കോലത്തുനാട്ടിൽനിന്ന് രണ്ട് സഹോദരന്മാരേയും രണ്ട് സഹോദരിമാരേയും കേരളവർമ ദത്തെടുക്കുവാൻ ഏർപ്പാടു ചെയ്തിരുന്നു. തലശ്ശേരിയിലെ ഇംഗ്ളീഷ് ഫാക്റ്ററിത്തലവന്റെ ഒത്താശ അതിനുണ്ടായിരുന്നു. 1700-ന് അടുപ്പിച്ച് അശ്വതിതിരുനാൾ റാണിയും അന്തരിച്ചു. അത് തൃപ്പാപ്പൂരിനെ ആകെ കടുത്ത അരാജകത്വത്തിലാഴ്ത്തി. കോലത്തുനാട്ടിൽനിന്ന് ദത്തെടുത്തവരിൽ മൂത്തയാളായ ആദിത്യവർമ ചിറവാമൂപ്പേറ്റെങ്കിലും നെടുമങ്ങാട് രാജാവ് അതിനെ എതിർത്തു. മുമ്പ് തിരുവിതാംകൂറിൽ ചിറവാ മൂപ്പേറ്റ കേരളവർമയുടെ അനുജനായിരുന്നു അദ്ദേഹം. 1705-ൽ ചിറവാമൂപ്പനായി അദ്ദേഹം സ്വയം പ്രഖ്യാപിച്ചുവെങ്കിലും 1707-ൽ യുദ്ധത്തിൽ മരിച്ചു. തുടർന്ന് പരേതന്റെ രണ്ടു ഭാഗിനേയന്മാർ തിരുവിതാംകൂറിൽ ഇളമുറകളായി അംഗീകരിക്കപ്പെട്ടു.

അവകാശത്തർക്കങ്ങൾ കരുനാഗപ്പള്ളിയിലും ആറ്റിങ്ങൽ രാജകുടുംബത്തിലും ഉണ്ടായി. കോലത്തുനാട്ടിൽനിന്ന് ദത്തെടുക്കപ്പെട്ട രണ്ട് തമ്പുരാട്ടിമാരിൽ ഒരാൾ നെടുമങ്ങാട്ടേയ്ക്കും മറ്റൊരാൾ കരുനാഗപ്പള്ളിയിലേക്കും ദത്തുപോയിരുന്നതിനാൽ 1713 മുതൽ ആറ്റിങ്ങൽ റാണിയായി ആരും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ അഞ്ചുതെങ്ങിലെ ഇംഗ്ലീഷുകാർ കോട്ട നിൽക്കുന്ന സ്ഥലത്തിനുവേണ്ടിയുള്ള പാട്ടം നൽകിയിരുന്നില്ല. ആറ്റിങ്ങലെ മന്ത്രിമാരും യഥാർഥ ഭരണാധികാരികളും ആയിരുന്ന കൊടുമൺപിള്ള, വഞ്ചിമുട്ടംപിള്ള എന്നിവർ പരസ്പരം ശത്രുതയിലായിരുന്നു. 1721-ൽ കോലത്തുനാട്ടിൽനിന്നു ദത്തെടുക്കപ്പെട്ട ആദിത്യവർമ അന്തരിക്കുകയും അനുജൻ രാമവർമ ചിറവാമൂപ്പ് ഏല്ക്കുകയുമുണ്ടായി. തുടർന്ന് കൊല്ലം രാജാവിന്റെ സഹോദരിയെ ആറ്റിങ്ങൽ റാണിയായി രണ്ട് മന്ത്രിമാരുംചേർന്ന് വാഴിച്ചു. പുതിയ റാണിയെ സന്ദർശിക്കുവാനും പാട്ടക്കുടിശ്ശികകൾ നൽകാനുമായി അഞ്ചുതെങ്ങിലെ ചീഫ് ഗിഫോർഡ് സഹപ്രവർത്തകരുമായി ആറ്റിങ്ങലേക്കു പോയി. അഞ്ചുതെങ്ങിലെ ഇംഗ്ളീഷുകാരുമായി കടുത്ത ശത്രുതയിലായിരുന്ന ഒരു വിഭാഗം മാടമ്പിമാരെ സമ്മാനങ്ങൾ നൽകി പ്രീതിപ്പെടുത്തുവാനും പരിപാടിയിട്ടിരുന്നു. ആറ്റിങ്ങലെത്തിയ ദിവസം രാത്രി ഇംഗ്ലീഷുകാർ കൊട്ടാരപരിസരത്താണ് താമസിച്ചത്. ഗിഫോർഡും അനുചരൻമാരും അന്നുരാത്രി വധിക്കപ്പെട്ടു. അടുത്തദിവസംമുതൽ അഞ്ചുതെങ്ങുകോട്ട ആക്രമിക്കുവാൻ ശ്രമം തുടങ്ങിയെങ്കിലും ആ ശ്രമം വിജയിച്ചില്ല. കൊടുമൺപിള്ളയുടെ ആൾക്കാരായിരുന്നു ആക്രമണത്തിനു പിന്നിൽ‍. കുറ്റക്കാരെ ശിക്ഷിക്കുവാൻ സഹായിക്കാമെന്ന് റാണിയും വഞ്ചിമുട്ടംപിള്ളയും കൊല്ലം രാജാവും വാഗ്ദാനം ചെയ്തുവെങ്കിലും തത്ക്കാലം ഇംഗ്ലീഷുകാർക്ക് ഒന്നും ചെയ്യാൻ സാധിച്ചില്ല. അടുത്ത വർഷം (1722) കൊല്ലം രാജാവിന്റെ സഹോദരിയായ ആറ്റിങ്ങൽ റാണിയെ ബഹിഷ്ക്കരിച്ച് രാമവർമ തന്റെ സഹോദരിയെ ആറ്റിങ്ങൽ റാണിയായി വാഴിച്ചു. ഈ സഹോദരി രണ്ട് പുത്രന്മാരോടൊപ്പം കരുനാഗപ്പള്ളിയിൽ 1715 മുതൽ ഭരണം നടത്തി. കോലത്തിരി കുടുംബത്തിലെ പിണക്കത്തിൽ സ്ഥാനഭ്രഷ്ടനായി ഒരു രാജകുമാരൻ തലശ്ശേരി കോട്ടയിൽ ഇംഗ്ളീഷുകാരെ അഭയം പ്രാപിച്ചിരുന്നു. ഈ രാജകുമാരനെ തന്റെ മൂത്ത ഭാഗിനേയനായി ദത്തെടുത്ത് രാമവർമ കരുനാഗപ്പള്ളിയിൽ വാഴിച്ചു. ഇതിൽ കുപിതനായ കായംകുളം രാജാവ് തന്റെ ഭാഗിനേയനേയും ഒരു ഭാഗിനേയിയേയും ദേശിങ്ങനാട്ടേയ്ക്ക് ദത്തെടുപ്പിക്കുകയും അവരിരുവരും കൊല്ലത്തിന്റേയും ആറ്റിങ്ങലിന്റേയും അവകാശികളായിത്തീരുകയും ചെയ്തു. തന്റെ മറ്റൊരു ഭാഗിനേയനെ കായംകുളം രാജാവ് നെടുമങ്ങാട്ടു രാജാവായും വാഴിച്ചു. അതോടുകൂടി കായംകുളവും ദേശിംഗനാടും നെടുമങ്ങാടും ഒരുവശത്തും തിരുവിതാംകൂറും കരുനാഗപ്പള്ളിയും മറുവശത്തുമായി ശത്രുത തുടർന്നു. തിരുവിതാംകൂറിലെ മാടമ്പിമാർ രാമവർമയെ സഹായിക്കാനെത്താത്തതുകൊണ്ട് മറവന്മാരുടെ കുതിരപ്പടയെ വാടകയ്ക്കെടുത്തു. മൂത്ത ഭാഗിനേയൻ നെയ്യാറ്റിൻകര രാജകുമാരൻ എന്ന നിലയിലും രണ്ടാമത്തെ ഭാഗിനേയനായ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ ഇരണിയൽ രാജകുമാരൻ എന്ന നിലയിലും രാമവർമയെ സഹായിക്കാനെത്തി. മറവപ്പടയ്ക്കു പണം നൽകാൻ നാട്ടിലെ മാടമ്പിമാർ തയ്യാറാകാത്തതുകൊണ്ട് ഇംഗ്ലീഷുകാരിൽ നിന്ന് പണം കടംവാങ്ങിയാണ് രാമവർമ ചെലവുകൾ നിർവഹിച്ചത്. പക്ഷേ മാടമ്പിമാരുടെ സഹകരണമില്ലാതിരുന്നതിനാൽ ഇംഗ്ളീഷ്കാർക്കു കച്ചവടം സുഗമമായില്ല. മധുര സർക്കാരിനു പണം നൽകുവാൻവേണ്ടി യൂറോപ്യൻ കച്ചവടക്കാരെയെല്ലാം തിരുവിതാംകൂറിലേക്കു ക്ഷണിച്ചത് രാമവർമയുടെ വിശ്വാസ്യത തകർത്തു. ആറ്റിങ്ങൽ നിന്ന് സ്ഥാനഭ്രഷ്ടയാക്കപ്പെട്ട തന്റെ സഹോദരിയെ 1727-ൽ വീണ്ടും വാഴിക്കാൻ രാമവർമ്മ ശ്രമിച്ചെങ്കിലും ആ ശ്രമം ഫലവത്തായില്ല.

ഇപ്രകാരം ആഭ്യന്തരകലഹങ്ങളും മധുരയിൽ നിന്നുള്ള സമ്മർദവും പണത്തിനുള്ള ഞെരുക്കവും രൂക്ഷമായിരിക്കെയാണ് 1729-ൽ രാമവർമ്മ അന്തരിച്ചത്. തലശ്ശേരിയിൽനിന്നു ദത്തെടുക്കപ്പെട്ട് കരുനാഗപ്പള്ളിയിൽ രാജാവായിരുന്നയാൾ തുടർന്ന് തിരുവിതാംകൂർ രാജാവായി. അദ്ദേഹം ഏഴ് മാസത്തിനകം അന്തരിച്ചതുകൊണ്ട് നെയ്യാറ്റിൻകര രാജകുമാരൻ ഭരണമേറ്റു. ഒരു മാസം കഴിഞ്ഞ് അദ്ദേഹവും അന്തരിച്ചു. അതേത്തുടർന്നാണ് അനുജൻ മാർത്താണ്ഡവർമ ചിറവാമൂപ്പേറ്റത്. തലശ്ശേരി രാജകുമാരൻ 1729-ൽ തിരുവിതാംകൂർ രാജാവായ സമയത്ത് അദ്ദേഹത്തിന്റെ സഹോദരിയായിരുന്നു കരുനാഗപ്പള്ളിയിൽ ഭരണം നടത്തിയത്. കായംകുളം രാജാവ് അവരെ അവിടെനിന്ന് നിഷ്ക്കാസിതയാക്കിയതിനെത്തുടർന്ന് അവർ തിരുവനന്തപുരത്തെ പുത്തൻകോട്ടയിൽ വന്ന് താമസിച്ചു. മധുര സൈന്യത്താൽ മാർത്താണ്ഡവർമ കൽക്കുളത്തുനിന്നു ബഹിഷ്കൃതനായ സമയം ആറ്റിങ്ങലെ മന്ത്രിമാരായ കൊടുമൺപിള്ള, വഞ്ചിമുട്ടം പിള്ള എന്നിവർ റാണിയെ ആറ്റിങ്ങൽ റാണിയായി സ്വീകരിച്ചു. ആറ്റിങ്ങൽ തമ്പുരാട്ടിമാരിലൊരാളുടെ മകനെന്ന നിലയിൽ തൃപ്പാപ്പൂർ മൂത്ത തിരുവടി എന്ന പദവി മാർത്താണ്ഡവർമയ്ക്ക് അർഹതപ്പെട്ടതായിരുന്നു. ആ പദവി ഏറ്റെടുത്താൽ മാത്രമേ സാമന്തസ്വരൂപങ്ങളെ നിലയ്ക്കു നിർത്തുവാൻ അദ്ദേഹത്തിന് കഴിയുമായിരുന്നുള്ളൂ. എന്നാൽ റാണിയെ പാവയായി വച്ചുകൊണ്ട് നാടു ഭരിക്കുകയായിരുന്നു മാടമ്പിമാരുടേയും അവരുടെ തലപ്പത്തുണ്ടായിരുന്ന മന്ത്രിമാരുടേയും ലക്ഷ്യം. ഇംഗ്ലീഷുകാരുടെ സഹായത്തോടുകൂടി മാർത്താണ്ഡവർമ നാട്ടിൽ മാടമ്പി ഭരണം പൂർണമായി അവസാനിപ്പിച്ചു. 1737-ൽ ആറ്റിങ്ങൽ റാണിയിൽനിന്ന് അദ്ദേഹം തൃപ്പാപ്പൂർ മൂപ്പ് ഏറ്റെടുത്തു. റാണിക്ക് ഏതാനും ഗ്രാമങ്ങൾ ചെലവിനായി നൽകുകയും ചെയ്തു. അതിനുശേഷം തൃപ്പാപ്പൂർ സ്വരൂപം എന്ന പേര് പിന്നീടുള്ള രേഖകളിൽ പരാമർശിക്കപ്പെടാതായി; ഈ സ്ഥാനത്ത് തിരുവിതാംകൂർ എന്നാണ് പരാമർശിച്ചു വന്നത്. എങ്കിലും കൊച്ചി രാജാക്കന്മാർ‍ കുറേക്കാലം കൂടി തിരുവിതാംകൂർ രാജാവിനെ തൃപ്പാപ്പി എന്നാണ് പരാമർശിച്ചിരുന്നത്. ശ്രീപദ്മനാഭസ്വാമിക്ഷേത്രരേഖകളിലും അപൂർവമായി തിരുവിതാംകൂർ രാജാവിനെ തൃപ്പാപ്പൂർ മൂത്ത തിരുവടി എന്നും ചിറവായ്മൂത്ത തിരുവടിയെന്നും പറഞ്ഞിട്ടുണ്ട്.

അവലംബം

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തൃപ്പാപ്പൂർ സ്വരൂപം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തൃപ്പാപ്പൂർ_സ്വരൂപം&oldid=2283373" എന്ന താളിൽനിന്ന് ശേഖരിച്ചത്