നാഞ്ചിനാട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കന്യാകുമാരി ജില്ലയിലെ തോവാള, അഗസ്തീശ്വരം എന്നീ താലൂക്കുകളും കൽക്കുളം താലൂക്കിന്റെ തെക്കുഭാഗവും [1] ഉൾപ്പെടുന്ന പ്രദേശമാണ് നാഞ്ചിനാട്. 1949 വരെ തിരുവിതാംകൂറിന്റെയും 1949 മുതൽ 1956 വരെ തിരു-കൊച്ചിയുടെയും ഭാഗമായിരുന്ന ഈ സ്ഥലം 1956 നവംബർ 1 മുതൽ മദ്രാസ് (തമിഴ്നാട്) സംസ്ഥാനത്തിന്റെ ഭാഗമായി മാറി. തിരുവിതാംകൂറിലെ വലിയൊരു നെല്ലുത്പാദന കേന്ദ്രമായിരുന്ന ഇവിടം 'നെല്ലറ' എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നു. ദീർഘമായ ചരിത്രപാരമ്പര്യമുള്ള നാഞ്ചിനാട് ചോളരാജ്യം, പാണ്ഡ്യരാജ്യം, [2]വിജയനഗരരാജ്യം, ആർക്കാട്ട്, ചേരരാജ്യം, ആയ് രാജ്യം, വേണാട്ടുരാജ്യം എന്നിവയുടെ ഭാഗമായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ നാഞ്ചിക്കുറവൻ എന്ന ഭരണാധികാരി നാഞ്ചിനാട്ടിനെ ഒരു സ്വതന്ത്രരാഷ്ട്രമായും നിലനിർത്തിയിരുന്നു.


നാഞ്ചിനാട് എന്ന പദത്തിന്റെ അർഥം 'കലപ്പകളുടെ നാട്' (Land of the ploughs) എന്നാണ്. നാഞ്ചിനാട്ടിലെ ഒരു പ്രധാനസ്ഥലമായ കന്യാകുമാരിയെക്കുറിച്ചുള്ള പരാമർശം മഹാഭാരതത്തിലുണ്ട്. കന്ദപുരാണം, സേതുപുരാണം തുടങ്ങിയ കൃതികളിലും ചിലപ്പതികാരം, മണിമേഖല തുടങ്ങിയ സംഘകാലകൃതികളിലും നാഞ്ചിനാട്ടിലെ കന്യാകുമാരി, ശുചീന്ദ്രം, കുമാരകോവിൽ തുടങ്ങിയ സ്ഥലങ്ങളെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. എ.ഡി. ഒന്നാം നൂറ്റാണ്ടിൽ ഒരു അജ്ഞാതപണ്ഡിതൻ രചിച്ച പെരിപ്ലസ് ഒഫ് ദി എറിത്രിയൻ സീ (Periplus of the Erithrian Sea) എന്ന കൃതിയിലും കന്യാകുമാരിയെ പരാമർശിച്ചിട്ടുണ്ട്. ഇക്കാലത്ത് നാഞ്ചിനാട് വിദേശരാഷ്ട്രങ്ങളിൽപ്പോലും പ്രസിദ്ധമായിരുന്നുവെന്നർഥം. എ.ഡി. 140-ൽ ടോളമി എന്ന ഗ്രീക്കു ഭൗമപര്യവേക്ഷകൻ നാഞ്ചിനാട്ടിനെ 'ആയ് രാജ്യം' (Aioi or Ay) എന്ന് വിളിച്ചിരുന്നു. നാഞ്ചിനാട്ടിലെ ജനങ്ങൾ തമിഴ് വംശജരായിരുന്നു. നരവംശപരമായി നാഞ്ചിനാട്ടിലെ ജനങ്ങൾ കൊല്ലം, കൊച്ചി, കോഴിക്കോട് എന്നീ സ്ഥലങ്ങളോടു കാണിച്ചിരുന്നതിനെക്കാൾ കൂടുതൽ സാംസ്കാരികമായ അടുപ്പം മധുരയോടും തൃശിനാപ്പള്ളിയോടും കാണിച്ചിരുന്നുവെന്ന് സർദാർ കെ.എം. പണിക്കർ തന്റെ കേരളചരിത്രത്തിൽ (History of Kerala) വിവരിക്കുന്നു.


സംഘകാലത്ത് നാഞ്ചിനാട് ആയ് രാജ്യത്തിന്റെ ഭാഗമായിരുന്നു. അക്കാലത്ത് ഭൂപ്രദേശം നെല്ലുത്പാദനത്തിനും ഉപ്പുനിർമ്മാണത്തിനും പ്രസിദ്ധമായിത്തീർന്നു. ആയ് രാജാക്കന്മാരുടെ ശക്തി ക്ഷയിച്ചിരുന്ന കാലങ്ങളിൽ പാണ്ഡ്യരാജാക്കന്മാർ നാഞ്ചിനാട്ടിനെ പിടിച്ചടക്കി. പാണ്ഡ്യരാജാക്കന്മാരുടെ ശക്തിക്ഷയിച്ചിരുന്ന കാലങ്ങളിൽ ചോളരാജാക്കന്മാരും നാഞ്ചിനാടിനെ കൈക്കലാക്കിയിരുന്നു.

എ.ഡി. 907 മുതൽ 955 വരെ ചോളരാജ്യം ഭരിച്ചിരുന്ന പരാന്തക ചോളന്റെ അധികാരം ശുചീന്ദ്രംക്ഷേത്രം വരെ വ്യാപിച്ചിരുന്നു. പരാന്തക ചോളന്റെ പിൻഗാമിയായ രാജരാജന്റെ കാലത്തും നാഞ്ചിനാട് ചോളരുടെ ആധിപത്യത്തിൻ കീഴിലായിരുന്നു. രാജരാജന്റെ കാലത്ത് ചോളരും വേണാട്ടു രാജാക്കന്മാരും തമ്മിൽ ഇടഞ്ഞു. കോട്ടാറും നാഞ്ചിനാട്ടിലെ മറ്റുപ്രദേശങ്ങളും രാജരാജൻ പിടിച്ചടക്കി. കന്യാകുമാരിക്ക് അദ്ദേഹം 'രാജരാജേശ്വരം' എന്നു പേരിട്ടു. ഇക്കാലത്ത് കുഴിത്തുറവരെയുള്ള പ്രദേശങ്ങൾ ചോളാധിപത്യത്തിൻ കീഴിലായിരുന്നു. കോട്ടാർ എന്ന സ്ഥലത്ത് വലിയൊരു ചോളസൈന്യവും പാർത്തിരുന്നു. എ.ഡി. 1070-ൽ പാണ്ഡ്യരാജാക്കന്മാർ ശക്തരായി. ഇതിനിടയിൽ വേണാട് ചേരരാജ്യത്തിന്റെ സഹായത്തോടുകൂടി നാഞ്ചിനാട്ടിനെ തിരിച്ചുപിടിച്ചു. അതിനുശേഷം കുലോത്തുംഗ ചോളൻ എന്ന ചോളരാജാവ് പാണ്ഡ്യരെ തോല്പിച്ചുകൊണ്ട് നാഞ്ചിനാട്ടിൽ കടന്ന് കോട്ടാറിലെ വേണാട്ടു ചേരസൈന്യത്തെ തോല്പിച്ചു. അതിനുശേഷം നാഞ്ചിനാട്ടിനെ ആക്രമിക്കുവാൻ ചോളസൈന്യം തയ്യാറായിട്ടില്ല. വേണാട്ടുരാജാവായിരുന്ന വീരകേരളവർമ 1140-ൽ നാഞ്ചിനാടിനെ തിരിച്ചുപിടിച്ച് വേണാടിന്റെ ഭാഗമാക്കി മാറ്റി.


ഇതിനിടയിൽ നാഞ്ചിക്കുറവൻ എന്ന ഒരു ഭരണാധികാരി നാഞ്ചിനാട്ടിനെ ഒരു സ്വതന്ത്ര രാഷ്ട്രമാക്കി മാറ്റിയെങ്കിലും പിന്നീട് നാഞ്ചിനാട് വീണ്ടും വേണാടിന്റെ ഭാഗമായിത്തീർന്നു. ശുചീന്ദ്രത്തിന്റെ സമീപപ്രദേശങ്ങളിൽ ജോലിനോക്കിയിരുന്നവരെ നാഞ്ചിനാട്ടിലെ ഉദ്യോഗസ്ഥർ എന്നാണു പൊതുവേ വിശേഷിപ്പിച്ചിരുന്നത്. ഇക്കാലത്ത് നാഞ്ചിനാട്ടിൽ ഗ്രാമസഭകളും പ്രവർത്തിച്ചിരുന്നു. 1215 മുതൽ 1240 വരെ രാജാവായിരുന്ന വീരകേരളവർമ ശുചീന്ദ്രം ക്ഷേത്രത്തിന്റെ കാര്യത്തിൽ വലിയ ശുഷ്കാന്തി കാണിച്ചിരുന്നു. കേരളത്തിലെ നമ്പൂതിരിമാരെ നാഞ്ചിനാട്ടിലെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിച്ചു തുടങ്ങിയതും ഇക്കാലത്താണ്.

1350 മുതൽ 1383 വരെ വേണാട്ടു രാജാവായിരുന്ന ഇരവി ഇരവി വർമ(Iravi Iravi Varma)യുടെ കാലത്ത് മുസ്ലിംപട നാഞ്ചിനാട്ടിനെ ആക്രമിച്ചു. ഇതിനെ തടയുവാൻ കോട്ടാറിലും അമരാവതിയിലും രണ്ടു കൊട്ടാരങ്ങൾ രാജാവു നിർമിച്ചു. രാജാവ് ചിലപ്പോഴൊക്കെ അവിടെ പോയി താമസിക്കുന്ന പതിവും ഉണ്ടായിരുന്നു. കോട്ടാറിലെ കൊട്ടാരത്തെ 'പുതിയേടം' എന്നാണു വിളിച്ചിരുന്നത്. ഇക്കാലത്ത് പാണ്ഡ്യരാജാവായിരുന്ന ജാതവർമൻ പരാന്തകപാണ്ഡ്യർ നാഞ്ചിനാടിനെ പിടിച്ചെടുത്തു. എന്നാൽ ചേരഉദയമാർത്താണ്ഡവർമ (1383-1444) പാണ്ഡ്യരിൽ നിന്നും നാഞ്ചിനാടിനെ തിരിച്ചുപിടിച്ചു. സഭാമണ്ഡലലീലാതിലകം എന്ന വ്യാകരണഗ്രന്ഥം രചിച്ചത് ഈ രാജാവാണ്. 1516 മുതൽ 1585 വരെ വേണാട്ടു രാജാവായിരുന്ന ഭൂതലശ്രീ ഉദയമാർത്താണ്ഡവർമ നാഞ്ചിനാട്ടിലെ ക്ഷേത്രങ്ങൾ സംരക്ഷിക്കുവാൻ പ്രത്യേകം താത്പര്യം കാണിച്ചിരുന്നു. ഈ ഘട്ടത്തിൽ നാഞ്ചിനാട് വിജയനഗരത്തിന്റെ ഭാഗമായിത്തീർന്നു. എന്നാൽ വിജയനഗരത്തിന്റെ പതനത്തോടൊപ്പം നാഞ്ചിനാട് വീണ്ടും വേണാടിന്റെ ഭാഗമായി മാറി. എ.ഡി. 1629-ൽ വേണാടിന്റെ തലസ്ഥാനം പത്മനാഭപുരത്തേക്കു മാറ്റി. തലസ്ഥാനം പദ്മനാഭപുരത്തേക്കു മാറ്റിയതോടുകൂടി നാഞ്ചിനാടിന് പ്രത്യേക പരിഗണനകൾ ലഭിച്ചു.


എ.ഡി. 1662-ൽ മധുരയിലെ തിരുമലനായിക്ക് നാഞ്ചിനാടിനെ ആക്രമിച്ചു. സമ്പത്സമൃദ്ധമായ നാഞ്ചിനാട്ടിനെ പിടിച്ചടക്കുകയായിരുന്നു തിരുമലനായിക്കിന്റെ ലക്ഷ്യം. മധുരസൈന്യം ആരുവാമൊഴി കടന്ന് നാഞ്ചിനാട്ടിലേക്കു പ്രവേശിച്ചു. മധുര സൈന്യാധിപനായ രാമപ്പയ്യ വേണാട്ടുസൈന്യാധിപനായിരുന്ന ഇരവിക്കുട്ടിപ്പിള്ളയെ തോല്പിച്ചു. കണിയാംകുളം എന്ന സ്ഥലത്തുവച്ചായിരുന്നു യുദ്ധം നടന്നത്. തുടർന്ന് തിരുമലനായിക്ക് നാഞ്ചിനാട്ടിലെ രാജാവായി. നായിക്കിന്റെ സേന പലതവണ നാഞ്ചിനാട്ടിൽ കടന്ന് ഇവിടത്തെ സ്വത്തെല്ലാം കൈക്കലാക്കി.

ഉമയമ്മറാണി രാജ്ഞിയായിരുന്ന കാലത്ത് (1677-1684) ഒരു മുകിലപ്പട വേണാട്ടിനെ ആക്രമിച്ചു. അവർ നാഞ്ചിനാടു മുഴുവനും പിടിച്ചെടുത്തു. മുകിലപ്പടയെ നേരിടുന്നതിനുവേണ്ടി ഉമയമ്മറാണി വടക്കൻ മലബാറിൽ നിന്നും കേരളവർമയുടെ സഹായം തേടി. കേരളവർമയുടെ സൈന്യം തിരുവട്ടാറിൽ വച്ച് മുകിലപ്പടയെ തോല്പിച്ചു. 1684-ൽ രാമവർമ വേണാട്ടു രാജാവായി. ഇക്കാലത്ത് മധുരയിലെ നായിക്ക് വീണ്ടും നാഞ്ചിനാട്ടിനെ ആക്രമിച്ച് ജനങ്ങളെ കൊള്ളയടിച്ചു. 1689-നും 1706-നും ഇടയ്ക്ക് പലതവണ മധുരപ്പടയുടെ ആക്രമണം ഉണ്ടായി. 1697-ൽ ദളവാ നരസപ്പയ്യന്റെ നേതൃത്വത്തിൽ മധുരപ്പട വേണാട്ടു സേനയെ തോല്പിച്ച് ജനങ്ങളുടെ ആഭരണങ്ങളും പണവും കൊള്ളടയടിച്ചു. കൃഷിയിടങ്ങളെല്ലാം നശിപ്പിക്കപ്പെട്ടു. കൃഷി നശിച്ച കർഷകർക്ക് നികുതി ആശ്വാസം നല്കുന്നതിന് വേണാട്ടു സർക്കാർ തയ്യാറായില്ല. ഇതിൽ പ്രതിഷേധിച്ച് നാഞ്ചിനാട്ടിലെ ജനങ്ങൾ വേണാട്ടു ഗവൺമെന്റിനെതിരെ നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ചുവെന്ന് ദേശിവിനായകംപിള്ള എന്ന ചരിത്രകാരൻ രേഖപ്പെടുത്തിയിരിക്കുന്നു. അക്കാലത്ത് ജനങ്ങളുടെയിടയിൽ അസാധാരണമായ ഐകമത്യം പ്രത്യക്ഷപ്പെട്ടു. വസ്തുവകയെല്ലാം നഷ്ടപ്പെട്ട നാഞ്ചിനാട്ടിലെ കർഷകർ ഗവൺമെന്റിനു നല്കാനുള്ള നികുതികൾ ഒടുക്കാതെയായി.


1740-ൽ ആർക്കാട്ട് നവാബായ ചന്ദാസാഹിബ് നാഞ്ചിനാട്ടിലെ ജലസേചനസൗകര്യങ്ങൾ മെച്ചപ്പെടുത്തി. പൊന്മന അണക്കെട്ടും, പുന്നാർ അണക്കെട്ടും അദ്ദേഹം നിർമിച്ചു. പദ്മനാഭപുരം കൊട്ടാരത്തിന്റെ ഭദ്രതയ്ക്കുവേണ്ടി അദ്ദേഹം പുതിയ കോട്ട നിർമിച്ചു. നികുതിപിരിവ് ക്രമീകരിക്കുന്നതിനുവേണ്ടി പള്ളിയാടിയിലെ മല്ലൻ ശങ്കരൻ എന്നൊരുദ്യോഗസ്ഥനെ നിയമിച്ചു. ആരുവാമൊഴിയിൽ ഒരു നികുതിപിരിവുകേന്ദ്രവും (chowkie) അദ്ദേഹം ഏർപ്പെടുത്തി.

1758-ൽ മാർത്താണ്ഡവർമയുടെ കാലശേഷം രാമവർമ എന്ന ധർമരാജാവ് അധികാരം ഏറ്റെടുത്തു. രാമവർമയുടെ കാലത്ത് കർണാട്ടിക് നവാബിന്റെ സേന മാഫിസ്ഖാൻ (Maphiskhan) എന്ന ജനറലിന്റെ നേതൃത്വത്തിൽ ആരുവാമൊഴികടന്ന് നാഞ്ചിനാട്ടിലെത്തി. എന്നാൽ ധർമരാജാവ് കുമാരൻ ചെമ്പകരാമൻപിള്ളയുടെ നേതൃത്വത്തിൽ കർണാട്ടിക് സേനയെ നേരിടുവാൻ അയ്യായിരം സൈനികരെ നിയോഗിച്ചു. തിരുവിതാംകൂർ സേന മാഫിസ് ഖാനെ തോല്പിച്ചോടിച്ചു.

ധർമരാജാവിന്റെ പിൻഗാമിയായ ബാലരാമവർമയുടെ കാലത്ത് തക്കലക്കാരനായ ശങ്കരനാരായണൻ ചെട്ടി ഗവൺമെന്റിൽ വലിയ പദവികൾ നേടി. ജയന്തൻ ശങ്കരൻ നമ്പൂതിരിയും ശങ്കരനാരായണൻ ചെട്ടിയും കൂടി നടത്തിയ ദുർഭരണത്തിന്റെ ഫലമായിബഹുജനപ്രക്ഷോഭമുണ്ടാവുകയും, വേലുത്തമ്പിദളവ ദളവാ പദവിയിലേക്കുയരുകയും ചെയ്തു. 1756-ൽ തലക്കുളത്തു ജനിച്ച വേലായുധൻ തമ്പി അഥവാ വേലുത്തമ്പി തന്റെ പ്രക്ഷോഭപരിപാടികൾ ആരംഭിച്ചത് ഇരണിയൽ ക്ഷേത്രത്തിന്റെ മുന്നിൽ നിന്നും ആയിരുന്നു. ദളവയായിത്തീർന്ന വേലുത്തമ്പി തന്റെ സ്വദേശമായ തലക്കുളത്തും, നാഞ്ചിനാട്ടിലെ മറ്റു ഭാഗങ്ങളിലും വലിയ പരിഷ്കാരങ്ങൾ വരുത്തി. എന്നാൽ വേലുത്തമ്പി ബ്രിട്ടീഷുകാരുടെ ശത്രുവായപ്പോൾ കേണൽ സെന്റ് ലഗറിന്റെ നേതൃത്വത്തിൽ ഒരു വലിയ ബ്രിട്ടീഷ് സേന ആരുവാമൊഴി കടന്നുവന്ന് നാഞ്ചിനാട്ടിൽ പ്രവേശിച്ചു. 1809 ഫെ. 9-ന് ഉദയഗിരിക്കോട്ടയും പദ്മനാഭപുരം കോട്ടയും ബ്രിട്ടീഷ് സൈന്യം പിടിച്ചെടുത്തു. എന്നാൽ വേലുത്തമ്പിക്കുശേഷം ദിവാനായിത്തീർന്ന ഉമ്മിണിത്തമ്പി ബ്രിട്ടീഷുകാരോട് വലിയ ചങ്ങാത്തം പുലർത്തിയതിനാൽ വീണ്ടും പദ്മനാഭപുരം കോട്ടയും ഉദയഗിരിക്കോട്ടയും ഉൾപ്പെടെയുള്ള നാഞ്ചിനാട് തിരുവിതാംകൂറിന്റെ ഭാഗമായി മാറി. വേലുത്തമ്പിയുടെ കാലത്ത് നാഞ്ചിനാട്ടിലെ നാട്ടുക്കൂട്ടങ്ങൾ കാര്യമായി പ്രവർത്തിച്ചിരുന്നു. വെള്ളോടുകൊണ്ടു നിർമിച്ച മണികൾ മുഴക്കിയാണ് (Bell Metal Trumpet) അവർ അടിയന്തര യോഗങ്ങൾ വിളിച്ചുകൂട്ടിയിരുന്നത്. എന്നാൽ വെള്ളോട്ടു മണിമുഴക്കി അടിയന്തര പൊതുയോഗങ്ങൾ വിളിച്ചുകൂട്ടുന്ന പതിവിനെ ഉമ്മിണിത്തമ്പി നിരോധിച്ചു.


1810-ൽ ബാലരാമവർമ അന്തരിച്ചപ്പോൾ റീജന്റ് ഭരണം ഏറ്റെടുത്ത റാണി ഗൗരി ലക്ഷ്മീഭായി ഉമ്മിണിത്തമ്പിയെ ദിവാൻ സ്ഥാനത്തുനിന്നും മാറ്റി. പകരം കേണൽ മൺറോയെ പുതിയ ദിവാനായി നിയമിച്ചു. 1812-ൽ മൺറോ അടിമക്കച്ചവടം നിരോധിക്കുകയും ഒരു പണ്ടകശാല സ്ഥാപിക്കുകയും ചെയ്തു. പദ്മനാഭപുരത്ത് അദ്ദേഹം ഒരു ജില്ലാകോടതിയും സ്ഥാപിച്ചു. 1815-ൽ റാണി ഗൗരി പാർവതീഭായി റീജന്റ് ഭരണം ഏറ്റെടുത്തു. 1816-ൽ നാഞ്ചിനാട്ടിലെ മൈലാടിയിൽ റിംഗിൾടോബി എന്ന ബ്രിട്ടീഷ് മിഷനറി സ്ഥാപിച്ചു (മൈലാടി പരമ്പരാഗതമായി ഒരു ശിലാശില്പികളുടെ ഗ്രാമമാണ്) നടത്തിവന്ന സ്കൂളിന് എല്ലാവിധ സഹായങ്ങളും റാണി നല്കി. നാഞ്ചിനാട്ടിൽ പുതിയ ദേവാലയങ്ങൾ നിർമ്മിക്കുവാൻ ഇംഗ്ലീഷുകാർക്ക് സ്ഥലവും മറ്റു സഹായങ്ങളും റാണി സംഭാവന ചെയ്തു.


1829-ൽ സ്വാതിതിരുനാൾ മഹാരാജാവ് സ്ഥാനമേറ്റു. അദ്ദേഹത്തിന്റെ കാലത്ത് നാഞ്ചിനാട്ടിനുവേണ്ടി ഒരു ജലസേചന ഡിപ്പാർട്ടുമെന്റ് രൂപീകരിച്ചു. ആസൂത്രിതമായ ജലസേചന പദ്ധതികളിലൂടെ സൃഷ്ടിക്കപ്പെട്ട കുളങ്ങളിൽ പലതും ഇന്നും നിലനില്ക്കുന്നുണ്ട്. 1847-ൽ സ്വാതിതിരുനാൾ അന്തരിച്ചപ്പോൾ അനുജൻ ഉത്രാടം തിരുനാൾ രാജാവായി. ഉത്രാടം തിരുനാളിന്റെ കാലത്താണ് നാഞ്ചിനാട്ടിൽ മേൽമുണ്ടു സമരത്തിന്റെ അവസാനഘട്ടം നടന്നത്.

1860-ൽ ആയില്യം തിരുനാൾ രാജാവായി. സർ. ടി. മാധവറാവുവായിരുന്നു ഇക്കാലത്തെ ദിവാൻ. നാഞ്ചിനാട്ടിലെ കർഷകരുടെ നികുതി വ്യവസ്ഥയിൽ ചില ഇളവുകൾ ഇക്കാലത്ത് ഗവൺമെന്റ് പ്രഖ്യാപിച്ചു. 1875-ൽ ശുചീന്ദ്രംക്ഷേത്രത്തിന്റെ മണ്ഡപത്തിന്റെ പണി രാജാവു പൂർത്തിയാക്കി. 1877-ൽ നാണുപ്പിള്ള ദിവാനായിത്തീർന്നു. നാഞ്ചിനാട്ടിലെ കർഷകരുടെ സഹായത്തിനായി കോതയാറിൽ ഒരു പുതിയ അണക്കെട്ടു നിർമ്മിക്കുന്നതിനുള്ള സർവേപണികൾ നാണുപിള്ള ദിവാൻ നടത്തി. 1880-ൽ വിശാഖം തിരുനാൾ രാജാവായി. തെക്കൻ തിരുവിതാംകൂറിലെ ജലസേചന പദ്ധതികൾ അദ്ദേഹം അഭിവൃദ്ധിപ്പെടുത്തി.

1885-ൽ ശ്രീമൂലം തിരുനാൾ രാജാവായിത്തീർന്നു. അദ്ദേഹത്തിന്റെ കാലത്ത് പാണ്ഡ്യർ അണക്കെട്ടും പദ്മനാഭപുരം പുത്തനാറും വലുതാക്കി. 1895-ൽ പേച്ചിപ്പാറ ഉൾപ്പെടുന്ന കോതയാർ പദ്ധതിയുടെ പണി ആരംഭിച്ചു. തിരുവനന്തപുരത്തോടൊപ്പം നാഗർകോവിലിനെയും ഒരു സംരക്ഷിതനഗരം (conservancy town) ആയി രാജാവു പ്രഖ്യാപിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും മറ്റു സാമൂഹ്യപ്രസ്ഥാനങ്ങളും നാഞ്ചിനാട്ടിൽ വളർന്നു. ശ്രീമൂലം തിരുനാൾ 1924-ൽ അന്തരിച്ചു. സേതു ലക്ഷ്മീഭായി റീജന്റ് ഭരണാധികാരിയായിത്തീർന്നു. ഇക്കാലത്ത് നാഞ്ചിനാട്ടിൽ നിലനിന്ന ദേവദാസി സമ്പ്രദായം റാണി നിർത്തൽ ചെയ്തു.

1931-ൽ ശ്രീചിത്തിരതിരുനാൾ രാജാവായി. 1936-ൽ സർ സി.പി. രാമസ്വാമി അയ്യർ ദിവാനായിത്തീർന്നു. ഇക്കാലത്ത് സർക്കാർ ചെലവിന്റെ വലിയൊരു ഭാഗം നാഞ്ചിനാട്ടിലെ ജലസേചനപദ്ധതികൾക്കുള്ളതായിരുന്നു. തിരുവിതാംകൂറിൽ ഉദ്ഭവിച്ച രാഷ്ട്രീയപ്രബുദ്ധതയുടെ അലകൾ നാഞ്ചിനാട്ടിലും ദൃശ്യമായി. 1938-ൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് സ്ഥാപിക്കപ്പെട്ടു. ഉത്തരവാദഭരണപ്രക്ഷോഭം ആരംഭിച്ചു. രാജ്യമൊട്ടുക്ക് പ്രതിഷേധ പ്രകടനങ്ങളും ലാത്തിച്ചാർജും ഉണ്ടായി.

തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സിലെ നേതാക്കൾ തെക്കൻ തിരുവിതാംകൂറിലെ ജനങ്ങളെ അവഗണിക്കുന്നതായി സംശയിച്ച് 1947-ൽ തന്നെ തിരുവിതാംകൂർ തമിഴ്നാടു കോൺഗ്രസ് എന്ന സംഘടന രൂപംകൊണ്ടു. നേശമണി, നഥാനിയൽ, താണുലിംഗനാടാർ തുടങ്ങിയവരായിരുന്നു പുതിയ സംഘടനയുടെ നേതാക്കൾ. തെക്കൻ തിരുവിതാംകൂറിൽ തമിഴ്ഭാഷ സംസാരിക്കുന്നവർ കൂടുതലുള്ള തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവംകോട് എന്നീ താലൂക്കുകളെ മദ്രാസ് സംസ്ഥാനത്തിൽ (ഇന്നത്തെ തമിഴ്നാട്ടിൽ) ലയിപ്പിക്കണം എന്നതായിരുന്നു തിരുവിതാംകൂർ തമിഴ്നാടു കോൺഗ്രസ്സിന്റെ ലക്ഷ്യം. 1947 ആഗ. 15-ാം തീയതി ഇംഗ്ളീഷുകാർ ഇന്ത്യയിലെ ഭരണം അവസാനിപ്പിച്ചുവെങ്കിലും നാഞ്ചിനാട്ടിലെ തമിഴ്നാടു കോൺഗ്രസ്സിന്റെ സമരം തുടർന്നു. 1948-ൽ നടന്ന തെരഞ്ഞെടുപ്പിൽ തിരുവിതാംകൂർ അസംബ്ളിയിലെ 104 സീറ്റിൽ പതിനാലെണ്ണവും തിരുവിതാംകൂർ തമിഴ്നാടു കോൺഗ്രസ്സിനു ലഭിച്ചു. 1949-ൽ തിരുവിതാംകൂറും കൊച്ചിയും ചേർന്ന് ഐക്യസംസ്ഥാനം രൂപീകരിച്ചപ്പോൾ തമിഴ് വംശജരെ മദ്രാസ് സംസ്ഥാനത്തിൽ ചേർക്കണമെന്ന വാദം ശക്തമായി. സമരത്തോടനുബന്ധിച്ച് രണ്ടു വെടിവയ്പുകളും 1948-ലും 1954-ലും തെക്കൻ തിരുവിതാംകൂറിലുണ്ടായി. 1952-ൽ തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്തിൽ എ.ജെ. ജോൺ മുഖ്യമന്ത്രിയായുള്ള മന്ത്രിസഭ അധികാരത്തിൽ വന്നത് തിരുവിതാംകൂർ തമിഴ്നാടു കോൺഗ്രസ്സിന്റെ സഹായത്തോടുകൂടിയായിരുന്നു. ഇക്കാലത്ത് ഭാരതത്തിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാന പുനസംഘടനയ്ക്കുള്ള ശ്രമങ്ങൾ നടക്കുകയായിരുന്നു. 1956 ന. 1-ന് ഇന്ത്യയെ പതിനാലു ഭാഷാ സംസ്ഥാനങ്ങൾ ആയി വിഭജിച്ചു. ഈ സമയം തിരുവിതാംകൂറിന്റെ തെക്കേ അറ്റത്തുള്ള തോവാള, അഗസ്തീശ്വരം, കൽക്കുളം, വിളവംകോട്, ചെങ്കോട്ട എന്നീതാലൂക്കുകളെ മദ്രാസ് (തമിഴ്നാട്) സംസ്ഥാനത്തോടു കൂട്ടിച്ചേർത്തു. 1956 നവംബർ 1 മുതൽ നാഞ്ചിനാട് തമിഴ്നാട്ടിന്റെ ഭാഗമായിത്തീർന്നു.

അവലംബം[തിരുത്തുക]

  1. http://www.nanjilonline.com/cityinfo/history.asp
  2. http://www.nagercoil.co.in/history.php
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാഞ്ചിനാട് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാഞ്ചിനാട്&oldid=3089105" എന്ന താളിൽനിന്ന് ശേഖരിച്ചത്