Jump to content

താർസൂസിലെ ദിയദോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
താർസൂസിലെ ദിയദോറസ്
താർസൂസിന്റെ ബിഷപ്പ്
സഭഗ്രീക്ക് റോമൻ സഭ
ഭദ്രാസനംതാർസൂസ്
സ്ഥാനാരോഹണം378
ഭരണം അവസാനിച്ചത്390
വൈദിക പട്ടത്വം360
പദവിബിഷപ്പ്
വ്യക്തി വിവരങ്ങൾ
ജനനംഅവ്യക്തം
അന്ത്യോഖ്യ
(ആധുനിക അന്താക്ക്യ, ഹതായ് പ്രവിശ്യ, തുർക്കി)
മരണം390,
താർസൂസ്
(ആധീനിക താർസൂസ്, മേർസിൻ പ്രവിശ്യ, തുർക്കി)
വിഭാഗംനിഖ്യൻ ക്രിസ്തീയത
വിദ്യാകേന്ദ്രംആഥൻസിലെ പഠനകേന്ദ്രം,
അന്ത്യോഖ്യൻ വേദശാസ്ത്രകേന്ദ്രം
ഗുരുഅന്ത്യോഖ്യയിലെ മിലിത്തിയുസ്
വിശുദ്ധപദവി
തിരുനാൾ ദിനംദനഹാക്കാലം നാലാം വെള്ളി: യവന മല്പാന്മാരുടെ ഓർമ്മ (പൗരസ്ത്യ സുറിയാനി സഭകൾ)
വണങ്ങുന്നത്കിഴക്കിന്റെ അസ്സീറിയൻ സഭ,
കിഴക്കിന്റെ പുരാതന സഭ,
സിറോ-മലബാർ സഭ
വിശുദ്ധ ശീർഷകംയവന (ഗ്രീക്ക്) മല്പാൻ

ക്രി. വ. 4ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പ്രമുഖ ക്രൈസ്തവ ദൈവശാസ്ത്രഞ്ജനും ബിഷപ്പും സന്യാസ പരിഷ്കർത്താവും ആയിരുന്നു താർസൂസിലെ ദിയദോറസ് (ഗ്രീക്ക്: Διόδωρος ὁ Ταρσεύ) അഥവാ ദിയദോർ.[1] 1ാം നിഖ്യാ സൂനഹദോസിന്റെ അനുഭാവികളിൽ മുൻനിരയിൽ നിന്ന ഇദ്ദേഹം 1ാം കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിൽ നിർണ്ണായക പങ്കുവഹിക്കുകയും മതത്യാഗിയായ ജൂലിയാന്റെ കാലത്തെ ക്രൈസ്തവിരുദ്ധ നയങ്ങളെ നഖശിഖാന്തം എതിർക്കുകയും ചെയ്തു. അന്ത്യോഖ്യായിലെ വേദശാസ്ത്രകേന്ദ്രം പ്രബലപ്പെടുത്തിയ ഇദ്ദേഹം അവിടെ ഇവാനീസ് ക്രിസോസ്തമസ്, മോപ്സുവേസ്ത്യായിലെ തെയൊദോറോസ് തുടങ്ങിയ പ്രമുഖ പിൽക്കാല ദൈവശാസ്ത്രകാരന്മാരുടെ ഉൾപ്പെടെ നിരവധിയാളുകളുടെ ഗുരുവായും പ്രവർത്തിച്ചു.[2]

ആദ്യകാല ജീവിതം

[തിരുത്തുക]

അന്ത്യോഖ്യയിലെ ഒരു ധനിക പ്രഭുകുടുംബത്തിലാണ് ദിയദോറസിന്റെ ജനനം. ആഥർസിലെ വിദ്യാകേന്ദ്രത്തിൽ നിന്ന് പരമ്പരാഗത തത്വശാസ്ത്ര പരിശീലനം നേടിയ അദ്ദേഹം തുടർന്ന് സന്യാസ ജീവിതം സ്വീകരിക്കുകയാണ് ഉണ്ടായത്.[3] ഇക്കാലയളവിൽ തത്വശാസ്ത്ര പ്രബന്ധങ്ങളിലും റോമാ സാമ്രാജ്യത്തിൽ ക്രിസ്തുമതത്ത അമർച്ചചെയ്ത് പേഗൻമതം പുനഃസ്ഥിപിക്കാനുള്ള ചക്രവർത്തി ജൂലിയാന്റെ പരിശ്രമങ്ങളെ നേരിടുന്നതിലും ദിയദോറസ് ബദ്ധശ്രദ്ധ ചെലുത്തി. ആറിയൻ ചിന്താഗതിക്കാരനായ ലിയോണീഷ്യസ് അന്ത്യോഖ്യയിലെ മെത്രാപ്പോലീത്തയായി നിയമിക്കപ്പെട്ടപ്പോൾ ദിയദോറസും സുഹൃത്തായ ഫ്ലാവിയാനും ചേർന്ന് ലിയോണീഷ്യസിനെതിരായി നിലപാട് എടുക്കുകയും നഗരമതിലിന് പുറത്ത് നിഖ്യൻ വിശ്വാസികൾക്കുവേണ്ടി പ്രാർത്ഥനാ യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു. പിൽക്കാലത്ത് ക്രൈസ്തവ ആരാധനാക്രങ്ങളിൽ വ്യാപകമായി തീർന്ന ഒനീസകളുടെ (മറുപടി ഗീതങ്ങൾ) ഉൽഭവം ഇവിടെ നിന്നാണെന്നാണ് അനുമാനിക്കപ്പെടുന്നത്.[4]

അന്ത്യോഖ്യയിലെ ആശ്രമത്തിൽ ജീവിച്ചിരുന്ന കാലത്ത് ദിയദോറസ് അന്ത്യോഖ്യയിലെ മിലിത്തിയൂസിന്റെ ശിഷ്യനായി. 360ൽ മിലിത്തിയൂസ് അന്ത്യോഖ്യയുടെ മെത്രാപ്പോലീത്തയായി അവരോധിതനായതോടെ ദിയദോറസിന്റെ പ്രവർത്തനങ്ങൾ ഔദ്യോഗിക തലത്തിൽ വ്യാപകമായി. ദിയദോറസിനെ വൈദികനായി അഭിഷേകം ചെയ്തത് മിലിത്തിയൂസാണ്. അന്ത്യോഖ്യായിലെ സഭ വിവിധ വിഭാഗങ്ങളായി ഭിന്നിച്ചുനിന്നിരുന്ന അക്കാലത്ത് മിലിത്തിയൂസിന്റെ പക്ഷത്ത് അടിയുറച്ച് നിന്ന് നിഖ്യൻ വിശ്വാസത്തിന്റെ സംരക്ഷണത്തിന് ദിയദോറസ് ശ്രദ്ധ പതിപ്പിച്ചു.

ലളിത ജീവിതംകൊണ്ട് ശ്രദ്ധേയനായിമാറിയ ദിയദോറസ് തനിക്ക് ഭിക്ഷയായി ലഭിച്ചിരുന്നവയിൽ നിന്നാണ് ഭക്ഷണം കണ്ടെത്തിയിരുന്നത്. സ്വത്തുക്കൾ ആർജ്ജിക്കുന്നതിലോ കൈവശം വയ്ക്കുന്നതിലോ അദ്ദേഹത്തിന് താത്പര്യമുണ്ടായിരുന്നില്ല. വിശ്വാസ വിഷയങ്ങളിൽ അടിയുറച്ച നിലപാടുകളുടെ ഉടമയായിരുന്നു അദ്ദേഹം. തന്റെ നിഖ്യൻ വിശ്വാസ നിലപാടുകളുടെ പേരിൽ അദ്ദേഹം നിരവധി തവണ തടവിലാക്കപ്പെടുകയും ചെയ്തു. അദ്ദേഹം പരുക്കനായ രൂപത്തിന് ഉടമയായിരുന്നെങ്കിലും ഇവനീസ് ക്രിസോസ്തമസ് അദ്ദേഹത്തിന്റെ ഭാവങ്ങളെ മാലാഖമാരുടേത് എന്നാണ് വിശേഷിപ്പിക്കുന്നത്. ക്രിസോസ്തമസ് തൻ്റെ വചന പ്രസംഗങ്ങളിൽ ഒന്നിൽ ദിയദോറസിനേക്കുറിച്ച് ഇപ്രകാരം പറഞ്ഞു: "അദ്ദേഹത്തിൻറെ ശോഷിച്ച കൈകാലുകളും അദ്ദേഹത്തിൻറെ മുഖവും കാണുക, ഒരു മനുഷ്യന്റെ രൂപം, പക്ഷേ ഒരു മാലാഖയുടെ ഭാവം".[1]

പൗരോഹിത്യം

[തിരുത്തുക]

വൈദികനായി പ്രവർത്തിച്ചിരുന്ന കാലത്ത് അന്ത്യോഖ്യക്ക് അടുത്തായി ഒരു ആശ്രമത്തിനും വേദപരിശീലന കേന്ദ്രത്തിനും ദിയദോറസ് തുടക്കം കുറിച്ചു. അവിടെവെച്ചാണ് അദ്ദേഹം രണ്ട് പ്രമുഖ ക്രൈസ്തവ ദൈവശാസ്ത്രകാരന്മാരുടെ ഗുരുവായത്. ക്രൈസ്തവരുടെ ഇടയിൽ പൊതുസ്വീകാര്യനായ പ്രഭാഷകനായി മാറിയ ഇവനീസ് ക്രിസോസ്തമസും ഏറ്റവും പ്രമുഖ ക്രൈസ്തവ ദൈവശാസ്ത്രജ്ഞന്മാരിൽ ഒരാളും പിൽക്കാലത്ത് സഭകൾ തമ്മിലുള്ള ക്രിസ്തുശാസ്ത്ര ഭിന്നതകളിൽ വിവാദവിഷയമായി മാറിയ ബൈബിൾ വ്യാഖ്യാതാവുമായ മോപ്സുവേസ്ത്യയിലെ തെയൊദോറസും ആയിരുന്നു ഈ രണ്ടുപേർ.[5][6] ക്രിസ്തുവിജ്ഞാനീയത്തിലും ബൈബിൾ വ്യാഖ്യാനത്തിലും സവിശേഷമായ അന്ത്യോഖ്യൻ നിലപാടുകൾ പിന്തുടർന്നിരുന്ന അന്ത്യോഖ്യൻ വേദശാസ്ത്ര കേന്ദ്രത്തിന്റെ അഥവാ ആശയധാരയുടെ വളർച്ചയുടെ ശക്തി കേന്ദ്രം ദിയദോറസ് രൂപീകരിച്ച ഈ വേദശാസ്ത്രപരിശീലന കേന്ദ്രമായിരുന്നു.[7] അഞ്ചാം നൂറ്റാണ്ടിൽ ക്രൈസ്തവസഭ മുഴുവനും വ്യാപിച്ച ക്രിസ്തുവിജ്ഞാനീയ സംബന്ധമായ വിവാദത്തിൽ ഈ വിദ്യാ കേന്ദ്രം അലക്സാണ്ട്രിയൻ വേദശാസ്ത്രകേന്ദ്രത്തോടൊപ്പം പ്രധാന പങ്കു വഹിച്ചു. അന്ത്യോഖ്യൻ ആശയധാരയുടെ പ്രചാരകരിൽ ഒരാളായിരുന്ന നെസ്തോറിയസിനെ 431ലെ എഫേസൂസ് സൂനഹദോസ് കോൺസ്റ്റാന്റിനോപ്പിളിലെ മെത്രാപ്പോലീത്ത എന്നനിലയിൽ നിന്ന് സ്ഥാനഭൃഷ്ടനാക്കുകയും അദ്ദേഹത്തിൻറെ വിശ്വാസപ്രബോധനങ്ങളെ അപലപിക്കുകയും ചെയ്തു. എന്നാൽ 451ലെ കാൽക്കിദോനിയാ സൂനഹദോസ് അന്ത്യോഖ്യൻ വേദശാസ്ത്ര നിലപാടുകളെ തന്നെയാണ് അംഗീകരിച്ചത്.

അന്ത്യോഖ്യയിലെ വിദ്യാകേന്ദ്രത്തിന്റെ തലവൻ എന്ന നിലയിലുള്ള ദിയദോറസിന്റെ പ്രവർത്തനവും നിഖ്യാ വിശ്വാസ പ്രമാണത്തോടുള്ള കൂറും കാരണം 372ൽ റോമാ ചക്രവർത്തി വാലെൻസ് അദ്ദേഹത്തെ അർമേനിയയിലേക്ക് നാടുകടത്തി. നിഖ്യൻ വിശ്വാസത്തിന്റെ അനുകൂലികളിൽ മറ്റൊരു പ്രമുഖനായിരുന്ന കേയ്സറിയായിലെ ബസേലിയോസുമായി ദിയദോറസ് സൗഹൃദത്തിൽ ആകുന്നത് ഇക്കാലഘട്ടത്തിലാണ്.[8] 378ൽ ചക്രവർത്തിയുടെ മരണത്തെ തുടർന്ന് ദിയദോറസിനെ കേയ്സറിയായിലെ മെത്രാപ്പോലീത്തയായി പ്രവർത്തിച്ചിരുന്ന ബസേലിയോസ്‌ താർസൂസിന്റെ ബിഷപ്പായി ശുപാർശ ചെയ്താണ് തിരിച്ച് യാത്രയാക്കിയത്.[1]

മെത്രാൻ

[തിരുത്തുക]

ആറിയൻവാദിയായിരുന്ന വാലെൻസ് ചക്രവർത്തി 378ൽ മരണമടഞ്ഞതിനുശേഷം അന്ത്യോഖ്യയിലെ മെത്രാപ്പോലീത്ത എന്ന നിലയിലുള്ള തൻറെ പ്രവർത്തനം മിലിത്തിയുസ് വീണ്ടും സജീവമാക്കി. പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയ ദിയദോറസിനെ അദ്ദേഹം താർസൂസിന്റെ ബിഷപ്പും അവിഭക്ത കിലിക്യായുടെ മെത്രാപ്പോലീത്തയും ആയി ചുമതലപ്പെടുത്തി അയച്ചു.[9] താർസൂസ് രൂപതയുടെ മെത്രാൻ എന്ന നിലയിൽ നിഖ്യൻ വിശ്വാസധാരക്ക് വിരുദ്ധമായ വീക്ഷണങ്ങൾക്കെതിരായി അദ്ദേഹം തൻ്റെ പ്രബോധനങ്ങൾ തുടർന്നു കൊണ്ടേയിരിന്നു. യേശുക്രിസ്തുവിന്റെ വ്യക്തിത്വത്തിൽ ദൈവത്വവും മനുഷ്യത്വവും തമ്മിലുള്ള ബന്ധപ്പെടലിനെ സംബന്ധിക്കുന്ന നിഖ്യൻ കാഴ്ചപ്പാടിന്റെ വ്യാഖ്യാനത്തിൽ അദ്ദേഹം ശ്രദ്ധ പതിപ്പിച്ചു. ആറിയൻവാദത്തോടൊപ്പം അപ്പോളോനാറിയൻവാദത്തിന് എതിരായും അദ്ദേഹം ശക്തമായ നിലപാടെടുത്തു. യേശുക്രിസ്തു ദൈവത്തിൻറെ ഒരു സൃഷ്ടിയാണെന്നും പുത്രൻ അല്ലെന്നും അതിനാൽ യേശുക്രിസ്തു ദൈവത്തിന് കീഴിലാണ് എന്നും ആയിരുന്നു ആറിയുസ് പഠിപ്പിച്ചിരുന്നത്. അതേസമയം അപ്പോളോനാറിയുസിന്റെ കാഴ്ചപ്പാടിൽ ഭൂമിയിൽ ജനിച്ച ദൈവപുത്രൻ എന്ന നിലയിൽ യേശുക്രിസ്തുവിന്റെ മനുഷ്യ സ്വഭാവം ദൈവസ്വഭാവത്തിൽ അലിഞ്ഞുചേർന്ന് ഒരൊറ്റ സ്വഭാവമായി മാറുകയും യേശുക്രിസ്തുവിന്റെ മനുഷ്യസവിശേഷതകൾ അപ്രസക്തമാവുകയും ചെയ്തു എന്നാണ് വിശദീകരിച്ചിരുന്നത്. അപ്പോളോനാറിയുസിന്റെ ഈ ആശയവും നിഖ്യൻ വിശ്വാസത്തിന് വിരുദ്ധമാണെന്ന് ദിയദോറസ് വിലയിരുത്തി.[10]

379ൽ അന്ത്യോഖ്യയിൽ ചേർന്ന പ്രദേശിക സൂനഹദോസിലും 381ലെ 1ാം കോൺസ്റ്റാന്റിനോപ്പിൾ സാർവ്വത്രിക സൂനഹദോസിലും ദിയദോറസ് പ്രധാന പങ്ക് വഹിച്ചു. 381ൽ തന്റെ ഗുരുവായ മിലിത്തിയുസ് മരണപ്പെട്ടപ്പോൾ തൻ്റെ സുഹൃത്തായ ഫ്ലാവിയാനെ അന്ത്യോഖ്യയിലെ മെത്രാപ്പോലീത്ത എന്ന നിലയിൽ അദ്ദേഹത്തിൻറെ പിൻഗാമിയായി ദിയദോറസ് ശുപാർശ ചെയ്തു. അന്ത്യോഖ്യായിലെ നിഖ്യൻ വിരുദ്ധരായ സമാന്തര മെത്രാപ്പോലീത്തമാരുടെ കീഴിലേക്ക് സഭാഭരണം പൂർണമായി എത്തുന്നത് തടയാൻ ലക്ഷ്യമിട്ട് നടത്തിയ നീക്കം അവിടെയുള്ള ഭിന്നത കുറെ കാലം കൂടി തുടരുന്നതിൽ കാരണമായി.[11] കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസിന്റെ പ്രബോധനങ്ങളെ സഭാംഗങ്ങളിൽ എത്തിക്കുന്നതിലും ദിയദോറസ് പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. 394ന് മുമ്പ് താർസൂസിലെ മെത്രാനായിരിക്കെയാണ് ദിയദോറസിന്റെ അന്ത്യം. 394ൽ കോൺസ്റ്റാന്റിനോപ്പിളിൽ നടന്ന ഒരു പ്രാദേശിക സൂനഹദോസിൽ താർസൂസിന്റെ ബിഷപ്പ് എന്ന പേരിൽ പങ്കെടുത്തത് ഫാലേറിയുസ് ആണ്. ഇതിൽ നിന്ന് ദിയദോറസ് അപ്പോഴേക്കും മരണമടഞ്ഞിരുന്നു എന്ന നിഗമനത്തിൽ എത്താൻ കഴിയുന്നു.[9]

സ്വാധീനം

[തിരുത്തുക]

ദിയദോറസിന്റെ ക്രിസ്തുശാസ്ത്ര നിലപാടുകൾക്ക് അദ്ദേഹത്തിൻറെ ജീവിതകാലത്തും അതിനുശേഷം കുറേക്കാലത്തേക്കും നിഖ്യൻ വിശ്വാസികളുടെ ഇടയിൽ വലിയ പിന്തുണ ലഭിച്ചിരുന്നു. റോമാ ചക്രവർത്തി തിയഡോഷ്യസ് 1ാമൻ അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'വിശ്വാസത്തിൻറെ വിജയതാവ്' എന്നാണ്.[12] എന്നാൽ അഞ്ചാം നൂറ്റാണ്ടിൽ ദിയദോറസിന്റെ ക്രിസ്തുശാസ്ത്ര കാഴ്ചപ്പാടുകൾ വിവാദ വിഷയമായി മാറി. നെസ്തോറായസിനെയും അന്ത്യോഖ്യൻ നിലപാടുകളെയും ശക്തമായി എതിർത്തിരുന്ന അലക്സാണ്ട്രിയൻ സഭാനേതാവായ കുറില്ലോസ് ഇവാനീസ് ക്രിസോസ്തമസ്, മോപ്സുവേസ്ത്യയിലെ തെയദോറോസ് എന്നിവരുടെ നിലപാടുകളോടൊപ്പം താർസൂസിലെ ദിയദോറസിന്റെ ആശയങ്ങളെയും എതിർത്തിരുന്നു. ക്രിസോസ്തമസിന് ലഭിച്ചിരുന്ന പൊതു സ്വീകാര്യത മനസ്സിലാക്കി അദ്ദേഹത്തോടുള്ള എതിർപ്പ് കുറില്ലോസ് അവസാനിപ്പിക്കുകയും തൻ്റെ നേതൃത്വത്തിൽ നടന്ന എഫേസൂസ് സൂനഹദോസ് സ്ഥിരീകരിക്കുന്നതിന് വേണ്ടി അന്ത്യോഖ്യൻ മെത്രാപ്പോലീത്ത ഇവാനീസ് 1ാമനുമായി അവസാനം ഒത്തുതീർപ്പിൽ എത്തുകയും ചെയ്തുവെങ്കിലും ദിയദോറസ്, തിയദോറോസ് എന്നിവരോടുള്ള വിയോജിപ്പ് തുടർന്നു. 499ൽ കോൺസ്റ്റാന്റിനോപ്പിളിൽ ചേർന്ന പ്രാദേശിക സൂനഹദോസ് ദിയദോറസിന്റെ ക്രിസ്തുശാസ്ത്ര കാഴ്ചപ്പാടുകൾ നെസ്തോറിയൻ ആണ് എന്ന് വിലയിരുത്തി. ഇതിനുശേഷം ഗ്രീക്ക് സഭകൾ പൊതുവേ ദിയദോറസിന്റെ നിലപാടുകളെ വിശ്വാസ വിപരീതമായി കണക്കാക്കുന്നു.[12]

അതേസമയം റോമാസാമ്രാജ്യത്തിന് പുറത്തുള്ള കിഴക്കിന്റെ സഭയിൽ ദിയദോറസിനുള്ള സ്വീകാര്യത നിലനിൽക്കുന്നു. തെയദോറോസ്, നെസ്തോറിയസ് എന്നിവരോടൊപ്പം ഗ്രീക്ക് സഭാ മല്പാനായും വിശുദ്ധനായും ദിയദോറസിനെ പൗരസ്ത്യ സുറിയാനി സഭകൾ ബഹുമാനിക്കുന്നു.[13]

സാഹിത്യശേഷിപ്പുകൾ

[തിരുത്തുക]

ദിയദോറസ് അന്ത്യോഖ്യൻ ദൈവശാസ്ത്ര ധാരയിലെ ഏറ്റവും പ്രമുഖരായ ദൈവസ്ത്രജ്ഞരിൽ ഒരാളാണ്. ഇദ്ദേഹത്തിൻറെ പേരിൽ നിരവധി കൃതികൾ അറിയപ്പെട്ടിട്ടുണ്ടെങ്കിലും അഞ്ചാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഗ്രീക്ക് സഭകളിൽ അദ്ദേഹത്തോട് ഉണ്ടായ വിപ്രതിപത്തി കാരണം അദ്ദേഹത്തിൻറെ ഒട്ടുമിക്ക കൃതികളും നശിപ്പിക്കപ്പെടുകയും അവയുടെ പകർത്തി എഴുതലുകൾ നിരോധിക്കപ്പെടുകയും ചെയ്തു. ബൈബിളിലെ സങ്കീർത്തനങ്ങളുടെ അദ്ദേഹം രചിച്ച ഒരു വ്യാഖ്യാന കൃതി മാത്രമാണ് ഇതിനെ അതിജീവിച്ചത്. ഈ കൃതിയിൽ ആകൃഷ്ടരായ ചില ഗ്രീക്ക് സന്യാസികൾ ദിയദോറസിന്റെ പേരിന് പകരം അത്തനാസിയൂസിന്റെ പേരിൽ ഇത് പകർത്തി എഴുതുകയാണ് ഉണ്ടായത്.[13]

ക്രിസ്തുമതത്തിൽ നിന്ന് സ്വാധീനം ഉൾക്കൊണ്ട് രൂപപ്പെടുകയും ഒരു ലോക മതമായി വ്യാപിക്കുകയും ചെയ്ത മനിക്കേയമതത്തെ ദിയദോറസ് ശക്തമായി എതിർത്തിരുന്നു. മനിക്കേയമതത്തിന്റെ ആശയങ്ങൾക്ക് എതിരായ ഒരു കൃതി ദിയദോറസിന്റെ രചിച്ചു. മൂന്ന് ഭാഗങ്ങളിലായി എഴുതപ്പെട്ട ഈ കൃതി പൂർണമായി നഷ്ടപ്പെട്ടു എന്നാണ് കണക്കാക്കപ്പെട്ടിരുന്നത് എങ്കിലും ചെറിയ ഒരു ശകലം ആധുനിക ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.[14]

ദിയദോറസിനെക്കുറിച്ചുള്ള പരാമർശങ്ങൾ ക്രിസോസ്തമസിന്റെ കൃതികളിലും കാണാനാകും. വടക്കൻ അറേബ്യയിൽ (ബേഥ് ഖത്രായ) നിന്നുള്ള പൗരസ്ത്യ സുറിയാനി പണ്ഡിതരായ ദാദീശോ, നിനവേയിലെ ഇസഹാഖ് എന്നിവർ തങ്ങളുടെ രചനകളിൽ ദിയദോറസിന്റെ 'ദൈവാധീനത്തെ കുറിച്ച്' എന്ന കൃതിയുടെ ഭാഗങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്.[13] 13ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ പ്രാത് മെയ്ശാന്റെ പൗരസ്ത്യ സുറിയാനി മെത്രാപ്പോലീത്ത ആയിരുന്ന ബസ്രയിലെ ശ്ലേമോൻ താൻ രചിച്ച 'തേനീച്ചയുടെ പുസ്തകത്തിൽ' ദിയദോറസിന്റെ ഉദ്ധരണികളും ചേർത്തിട്ടുണ്ട്.[15]

ദൈവശാസ്ത്ര കാഴ്ച്ചപ്പാടുകൾ

[തിരുത്തുക]

ക്രിസ്തുശാസ്ത്രം

[തിരുത്തുക]

ദിയദോറസിന്റെ പേരിൽ അറിയപ്പെടുന്ന കൃതികളുടെ കർതൃത്വം സംശയാസ്പദമാണ് എന്നതിനാൽ അദ്ദേഹത്തിന്റെ ക്രിസ്തുശാസ്ത്ര കാഴ്ചപ്പാടുകളുടെ സവിശേഷതകൾ കൃത്യമായി നിർണയിക്കുന്നത് ദുഷ്കരമാണ്. [16][17] അന്ത്യോഖ്യൻ ദൈവശാസ്ത്ര വീക്ഷണം പിന്തുടർന്നിരുന്ന അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെയും ബൗദ്ധിക പിൻഗാമികളുടെയും പരാമർശങ്ങളിൽ നിന്നാണ് ദിയദോറസിന്റെ ദൈവശാസ്ത്ര വീക്ഷണം വ്യക്തമാകുന്നത്.

സാർവ്വത്രികരക്ഷാവാദം

[തിരുത്തുക]

എല്ലാ മനുഷ്യരും അവസാനം രക്ഷപ്രാപിക്കും ആശയമാണ് സാർവ്വത്രികരക്ഷാവാദം. ദിയദോറസിന്റെ രചനകളിൽ ഈ ആശയം പ്രകടമാണെന്ന് സാർവ്വത്രികരക്ഷാവാദികൾ വിലയിരുത്തുന്നു.[18]

13ാം നൂറ്റാണ്ടിൽ ബസ്രയിലെ ശ്ലേമോൻ തന്റെ 'തേനീച്ചയുടെ പുസ്തകത്തിൽ' എല്ലാ മനുഷ്യരും അവസാനം രക്ഷിക്കപ്പെടുമെന്ന കാഴ്ചപ്പാട് പ്രകടമാക്കുകയും അതിന് ദിയദോറസ്, തെയോദോറോസ് എന്നിവരുടെ അഭിപ്രായങ്ങളെ ഉദ്ധരിക്കുകയും ചെയ്യുന്നു.[15]

ക്രൈസ്തവ സാർവ്വത്രികരക്ഷാവാദത്തിന്റെ വാക്താക്കളിൽ ഒരാളായാണ് ദിയദോറസിനെ സാർവ്വത്രികരക്ഷാവാദി വൈദികനായ ജോൺ മാഥെർ ഓസ്റ്റിൻ ഗണിക്കുന്നത്.[19] മറ്റൊരു സാർവ്വത്രികരക്ഷാവാദി പണ്ഡിതനായ ജെ. ഡബ്ല്യു. ഹാൻസൺ 1899ൽ ഇപ്രകാരം എഴുതി: ദൈവത്തിന്റെ കരുണ ദുഷ്ടന്മാരെ അവരുടെ പാപങ്ങൾ അർഹിക്കുന്നതിലും കുറവായേ ശിക്ഷിക്കുകയുള്ളു എന്നും അതുപോലെ അവിടുത്തെ കാരുണ്യം അവർക്ക് അർഹിക്കുന്നതിനേക്കാൾ കൂടുതൽ നന്മ നൽകുകയും ചെയ്യുമെന്നും ദിയദോറസ് വിശ്വസിച്ചു, കഷ്ടത ദീർഘിപ്പിക്കുന്നതിനോ വ്യാപിപിക്കുന്നതിനോ ദൈവം അമർത്യത നൽകുമെന്നത് അദ്ദേഹം നിഷേധിക്കുകയും ചെയ്തു.[20]

ജ്യൂസെപ്പെ സൈമോണസ് അസ്സേമാനിയുടെ ബിബ്ലിയോഥീക്കാ ഓറിയന്റാലിസ്' (1728) അനുസരിച്ച് ദിയദോറസ്:

— "ദുഷ്ടന്മാർക്ക് ശിക്ഷകളുണ്ട്, അവ ശാശ്വതമല്ല, എന്നിരുന്നാലും, അവർക്കായി ഒരുക്കിയിരിക്കുന്ന അമർത്യത ഒരു പോരായ്മയാകാതിരിക്കാൻ, അവരുടെ പ്രവൃത്തികളിലെ ദുഷ്ടതയുടെ അളവനുസരിച്ച് ഒരു ഹ്രസ്വകാലത്തേക്ക് അവരെ ശുദ്ധീകരിക്കേണ്ടിയിരിക്കുന്നു. അതിനാൽ ചുരുങ്ങിയ സമയത്തേക്ക് അവർ ശിക്ഷ അനുഭവിക്കും, പക്ഷേ അനന്തമായ അനുഗ്രഹമാണ് അവരെ കാത്തിരിക്കുന്നത്. അവരുടെ അനേകവും ഗുരുതരവുമായ പാപങ്ങൾക്ക് ഈടാക്കേണ്ട ശിക്ഷകൾ അവരോട് കാണിക്കാനിരിക്കുന്ന കാരുണ്യത്തിന്റെ വലുപ്പത്താൽ മറികടക്കപ്പെടുന്നു. അതിനാൽ, പുനരുത്ഥാനം നല്ലവർക്ക് മാത്രമല്ല, ദുഷ്ടർക്കും ഒരു അനുഗ്രഹമായി കണക്കാക്കപ്പെടുന്നു."[21]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 Chapman (1909).
  2. "Patristic literature - Early Church, Fathers, Writings | Britannica" (in ഇംഗ്ലീഷ്). Retrieved 2024-01-07.
  3. Julian, Letters, 55.
  4. Chisholm, Hugh, ed. (1911). "Flavian I." . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 10 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 484.
  5. Socrates, Historia Ecclesiastica, 6.3
  6. Greer (1997).
  7. Norris, Frederick W (1997). Ferguson, Everett (ed.). Antioch. The Encyclopedia of Early Christianity (രണ്ടാം ed.). New York: Garland Publishing.
  8. Catholic Encyclopedia, "Diodorus of Tarsus".
  9. 9.0 9.1 "Henry Wace: Dictionary of Christian Biography and Literature to the End of the Sixth Century A.D., with an Account of the Principal Sects and Heresies. - Christian Classics Ethereal Library". Retrieved 2024-01-07.
  10. Beeley (2011).
  11. Norris (1997).
  12. 12.0 12.1 Kelly, J. N. D. (1978). Early Christian Doctrines (revised ed.). San Francisco: HarperCollins. p. 302. ISBN 0-06-064334-X.
  13. 13.0 13.1 13.2 Brock 2011.
  14. Malavasi (2015).
  15. 15.0 15.1 Ramelli (2013).
  16. What remains is fragments in the catenae on the Hexateuch and the Pauline Epistles. Recently a complete commentary on the Psalms has been discovered, which its editor ascribes to Diodore. Andrew Louth, 'John Chrysostom to Theodoret of Cyrrhus', in Frances Young, Lewis Ayres and Andrew Young, eds, The Cambridge History of Early Christian Literature, (2010), p344
  17. Parry, Ken and David Melling (editors). The Blackwell Dictionary of Eastern Christianity. Malden, MA: Blackwell Publishing, 1999. ISBN 0-631-23203-6
  18. "Salvation for All". Retrieved 2024-01-07.
  19. J. M. Austin. "Brief History of Universalism Archived 2007-12-26 at the Wayback Machine.". Ca. 1855.
  20. J.W. Hanson. Universalism: The Prevailing Doctrine Of The Christian Church During Its First Five Hundred Years. "Chapter 18 Additional Authorities Archived 2013-05-12 at the Wayback Machine.". Boston and Chicago Universalist Publishing House. 1899.
  21. J. W. Hanson, citing Assemani Bib. Orientalis, III, p. 324.

പ്രധാന സ്രോതസ്സുകൾ

[തിരുത്തുക]
  • Abramowski, Luise (1960). Diodore de Tarse. DHGE. Vol. 14. pp. 496–504.
  • Abramowski, Rudolf (1949). Der theologische Nachlass des Diodor von Tarsus. Zeitschrift für die neutestamentliche Wissenschaft. Vol. 42. pp. 19–69.
  • Beeley, Christopher A. (2011). The Early Christological Controversy: Apollinarius, Diodore, and Gregory Nazianzen. Vigiliae Christianae. Vol. 65 No. 4. Brill. pp. 376–407.
  • Brière,, M. (1946). Quelques fragments syriaques de Diodore, évêque de Tarse (378–394?). ROC. Vol. 30. pp. 231–83.{{cite book}}: CS1 maint: extra punctuation (link)
  • Brock, Sebastian P. (2011). Diodore of Tarsus. Gorgias Encyclopaedia of Syriac Heritage. Retrieved 2024-01-07.
  • Chapman, John. (1909). "Diodorus of Tarsus". Catholic Encyclopedia. Vol. 5. Retrieved 2024-01-06.
  • Greer, Rowan A (1997). Ferguson, Everett (ed.). Diodore of Tarsus. The Encyclopedia of Early Christianity (രണ്ടാം ed.). New York: Garland Publishing. p. 331.
  • Malavasi, Giulio (2015). Diodore of Tarsus’ Treatise Against the Manichaeans: A New Fragment. Vigiliae Christianae. Vol. 69(3). pp. 296–304. doi:10.1163/15700720-12341222.
  • O'Keefe, John J. (2000). A Letter that Killeth': Toward a Reassessment of Antiochene Exegesis. or Diodore, Theodore, and Theodoret on the Psalms. JECS. Vol. 8.1. pp. 83–103.
  • Ramelli, Ilaria L.E. (2013). "Origen's Apologists and Followers, the Cappadocians, Evagrius, the Antiochenes, and Fourth-Century Latin Origenians". The Christian Doctrine of Apokatastasis. BRILL. pp. 521–539. ISBN 9789004245709.
  • Greer, Rowan A. (1966). The Antiochene Christology of Diodore of Tarsus. JTS. Vol. n.s. 17. pp. 327–341.
  • Schäublin, C. (1974). Untersuchungen zu Methode und Herkunft der antiochenischen Exegese. pp. 15–18, 43–55.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=താർസൂസിലെ_ദിയദോറസ്&oldid=4115570" എന്ന താളിൽനിന്ന് ശേഖരിച്ചത്