തക്കോലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തക്കോലം
Illicium verum 2006-10-17.jpg
തക്കോലത്തിന്റെ ഫലം (Illicium verum)
Scientific classification
Kingdom:
(unranked):
Order:
Family:
Genus:
Species:
I. verum
Binomial name
Illicium verum
തച്ചോലം

ഒരു നിത്യഹരിത ഫലവൃക്ഷമാണ് തക്കോലം. പ്രധാനമായും സുഗന്ധമസാലയായി ഉപയോഗിക്കുന്ന ഇതിന്റെ ഫലത്തിനും തക്കോലം എന്നാണ് പേര്. ശാസ്ത്രീയ നാമം: (Illicium verum). തക്കോലപുട്ടിൽ, തക്കോലപ്പൊട്ടിൽ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. ആഫ്രിക്ക, ജപ്പാൻ‍, ചൈന, നേപ്പാൾ‍, ഭൂട്ടാൻ എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് അരുണാചൽ പ്രദേശിലാണ്[1].

ഘടന[തിരുത്തുക]

20 മീറ്റർ വരെ ഉയരത്തിൽ വളരുന്ന വൃക്ഷമാണ് തക്കോലം. ഇലകൾക്ക് 10-15 സെ.മീ. നീളവും 2.5 സെ.മീ. വീതിയുമുണ്ട്. പുഷ്പങ്ങൾ ഒറ്റയായോ പുഷ്പമഞ്ജരിയായിട്ടോ ഉണ്ടാകുന്നു. പുഷ്പങ്ങൾക്ക് മഞ്ഞയോ ചുവപ്പോ നീലലോഹിതമോ നിറമായിരിക്കും. പുഷ്പങ്ങൾ ദ്വിലിംഗിയാണ്; 3-6 ബാഹ്യദളങ്ങളും ഒമ്പത് ദളങ്ങളുമുണ്ട്. അനേകം കേസരങ്ങളുണ്ടായിരിക്കും. കേസരതന്തുക്കൾ കട്ടിയുള്ളതാണ്. നക്ഷത്രാകൃതിയിലുള്ള ഫലം എട്ട് പുടകങ്ങൾ (follicle) ചേർന്നതാണ്. ഓരോ പുടകത്തിലും തിളങ്ങുന്ന തവിട്ടുനിറമുള്ളതും പരന്ന് അണ്ഡാകൃതിയിലുള്ളതുമായ ഒരു വിത്തു മാത്രം കാണപ്പെടുന്നു. സുഗന്ധമുള്ള ഫലം മധുരമുള്ളതും ദഹനശേഷിയും വിശപ്പും വർധിപ്പിക്കുന്നതും കഫത്തെ നശിപ്പിക്കുന്നതുമാണ്. തക്കോലത്തിന്റെ ഫലത്തിൽ എ-പൈനിൻ (a-pinene), ലിമോനിൻ (limonine), അനിഥോൾ (anithole), ഡി-പൈനിൻ (d-pinene), ഫിലാൻഡ്രിൻ (phillandrine), ഹൈഡ്രോക്വിനൈൻ (hydroquinine), സാഫ്രോൾ (safrol), ബാഷ്പശീല തൈലം തുടങ്ങിയവ അടങ്ങിയിരിക്കുന്നു.

ആയുർവേദ ഔഷധങ്ങൾക്കും കറികൾക്കും സുഗന്ധവും ഗുണവും വർധിപ്പിക്കാനുപയോഗിക്കുന്നു. കൂടാതെ മിഠായി, ചുയിംഗം, കാലിത്തീറ്റ, മദ്യം, സോപ്പുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയിൽ സ്വാദിനും സുഗന്ധത്തിനുമായും കുമിൾ നാശിനിയായും ഉപയോഗിക്കുന്ന ഒരു വിളയാണിത് [1]. ഫലവും തൈലവും ഔഷധയോഗ്യമാണ്. തൈലം ശ്വാസകോശ രോഗങ്ങൾക്കുള്ള ഔഷധങ്ങളുടേയും ചുമനിവാരിണികളുടേയും പ്രധാന ചേരുവയാണ്. ആമവാതം, സന്ധിവാതം തുടങ്ങിയ രോഗങ്ങൾക്ക് ലേപനമായുപയോഗിക്കുന്നു. മിക്ക ലേപനങ്ങളുടേയും ഒരു ഘടകമാണ് ഈ തൈലം. ഫലം കോഷ്ഠവായുവിനെ ശമിപ്പിക്കും; വായ്നാറ്റത്തെ അകറ്റും. ഫലം വാതഹരവുമാണ്. ഗുണപാഠത്തിൽ തക്കോലത്തിനെ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു:

രസാദി ഗുണങ്ങൾ[തിരുത്തുക]

രസം :കടു

ഗുണം :തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു [2]

ഔഷധയോഗ്യ ഭാഗം[തിരുത്തുക]

ഫലം, തൈലം. ചികുൻ ഗുനിയക്ക് ഫലപ്രദമാണെന്ന് വിശദീകരിച്ചിട്ടുണ്ട്> [2]

അവലംബം[തിരുത്തുക]

  1. 1.0 1.1 കർഷകശ്രീ മാസിക, ജൂലൈ 2012. പുറം 68
  2. 2.0 2.1 ഔഷധ സസ്യങ്ങൾ-2, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്

പുറം കണ്ണികൾ[തിരുത്തുക]
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തക്കോലം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തക്കോലം&oldid=3658348" എന്ന താളിൽനിന്ന് ശേഖരിച്ചത്