Jump to content

ഡീബേസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡീബേസ്
ഡീബേസ് പ്ലസ് 2.8 വിൻഡോസിൽ പ്രവർത്തിക്കുന്നു
Original author(s)സി. വെയ്ൻ റാറ്റ്ലിഫ്[1]
വികസിപ്പിച്ചത്ആഷ്റ്റൻ-ടേറ്റ്
ആദ്യപതിപ്പ്വൾക്കൻ (1978 (1978))
ഡീബേസ് II (1980 (1980))[2]
Stable release
ഡീബേസ് പ്ലസ് 2.8 / 2012 ഏപ്രിൽ
ഓപ്പറേറ്റിങ് സിസ്റ്റംവിവിധം
നിലവിൽ വിൻഡോസ്
തരംഡി.ബി.എം.എസ്.
അനുമതിപത്രംപ്രൊപ്രൈറ്ററി
വെബ്‌സൈറ്റ്www.dbase.com
ഡീബേസ് പ്രോഗ്രാമിങ് ഭാഷ
ശൈലി:ഇമ്പരേറ്റീവ്, ഡിക്ലറേറ്റീവ്
സ്വാധീനിച്ചത്:ക്ലിപ്പർ, പാരഡോക്സ്, ഫോക്സ്‌പ്രോ, ഹാർബർ

മൈക്രോകമ്പ്യൂട്ടറുകളിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ട ആദ്യത്തെ ഡേറ്റാബേസ് മാനേജ്മെന്റ് സിസ്റ്റം (ഡി.ബി.എം.എസ്.) ആണ് ഡീബേസ് (dBase). ഡേറ്റാബേസ് എഞ്ചിൻ എന്ന പ്രധാനഭാഗത്തിനു പുറമേ, ഒരു ക്വെറി സംവിധാനം, ഒരു ഫോം എഞ്ചിൻ, ഒരു പ്രോഗ്രാമിങ് ഭാഷ എന്നീ ഭാഗങ്ങളും കൂട്ടിച്ചേർത്ത ഒരു സംയോജിതസംവിധാനമായിരുന്നു ഡീബേസ്.

വെയ്ൻ റാറ്റ്ലിഫ്, വൾക്കൻ എന്ന പേരിൽ 1978-ൽ വികസിപ്പിച്ച ഈ സോഫ്റ്റ്‌വേർ, 1980-ൽ സി.പി./എം ഓപ്പറേറ്റിങ് സിസ്റ്റത്തിനുവേണ്ടി മാറ്റിയെടുക്കുകയും ഡീബേസ് II[൧] എന്ന പേരിൽ ആഷ്റ്റൻ-ടേറ്റ് എന്ന കമ്പനിയിലൂടെ വിൽപ്പനയാരംഭിക്കുകയും ചെയ്തു.[2] പിൽക്കാലത്ത് ആപ്പിൾ II-നു വേണ്ടിയും പി.സിയിലെ ഡോസിനു വേണ്ടിയും പതിപ്പുകൾ വികസിപ്പിച്ചു. പ്രത്യേകിച്ചും പി.സി. തട്ടകത്തിൽ, ഇത് വർഷങ്ങളോളം വൻതോതിൽ വിറ്റഴിക്കപ്പെട്ട ഉൽപ്പന്നമായി മുൻനിരയിൽ തുടർന്നു. പിന്നീട് ഡീബേസ് III എന്ന പേരിൽ ഒരു പ്രധാനപതിപ്പിറക്കുകയും ഇതിലൂടെ, യുനിക്സ്, വി.എം.എസ്. തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളിലേക്കും ഡീബേസ് സംക്രമിച്ചു. ഡീബേസിന്റെ പ്രചാരം മൂലം, ആദ്യകാല വാണിജ്യകാര്യ സോഫ്റ്റ്‌വേർ വിപണിയിലെ മൂന്നു വമ്പൻമാരിലൊന്നായി 1980-കളുടെ മദ്ധ്യത്തോടെ ആഷ്ടൻ-ടേറ്റ് മാറി. ലോട്ടസ് ഡെവലപ്മെന്റും വേഡ്പെർഫെക്റ്റുമായിരുന്നു മറ്റുരണ്ടു സ്ഥാപനങ്ങൾ.

എൺപതുകളുടെ പകുതിയോടെതന്നെ മറ്റുപല കമ്പനികളും ഡീബേസിന്റെയും അതിലെ പ്രോഗ്രാമിങ് ഭാഷയുടെയും വകഭേദങ്ങൾ തയ്യാറാക്കാനാരംഭിച്ചു. ഫോക്സ്‌പ്രോ, ക്ലിപ്പർ തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടുന്നു. ഡീബേസിനൊപ്പം ഇവയെയെല്ലാം ചേർത്ത് എക്സ്ബേസ് (xBase) എന്ന് സാധാരണ പറയാറുണ്ട്. ഇവയിൽപ്പലതും ഡീബേസിനേക്കാളും സാങ്കേതികമായി മെച്ചപ്പെട്ടതായിരുന്നെങ്കിലും വിപണിയിൽ കാര്യമായ ചലനമുണ്ടാക്കാനായില്ല. എന്നാൽ അസ്ഥിരമായ ഡീബേസ് IV എന്ന പരാജിതപതിപ്പിന്റെ വരവോടെ ഉപയോക്താക്കൾ ഇതരമാർഗ്ഗങ്ങളിലേക്ക് തിരിഞ്ഞു. ഇക്കാലത്തുതന്നെ ബിസിനസ് കമ്പ്യൂട്ടിങ് മേഖല മൊത്തത്തിൽ എസ്.ക്യു.എൽ. എന്ന മാനകഭാഷയിലേക്കും ക്ലൈന്റ്-സെർവർ കമ്പ്യൂട്ടിങ് ശൈലിയിലേക്കും മാറുകയും ചെയ്തു. ഈ കാരണങ്ങൾ എക്സ്‌ബേസ് ഉൽപ്പന്നങ്ങൾ വളരെപ്പെട്ടെന്ന് രംഗത്തുനിന്നും പുറന്തള്ളപ്പെടാൻ കാരണമായി.

സുഘടിതമായ വിവരങ്ങൾ ലളിതമായി ശേഖരിച്ചുപയോഗിക്കുന്നതിന് ഡീബേസിന്റെ .dbf എന്ന ഫയൽഫോർമാറ്റ്, മറ്റനവധി ആപ്ലിക്കേഷനുകളും ഇന്നുപയോഗിക്കുന്നുണ്ട്. വിവരസംസ്കരണത്തിനായുള്ള മിക്ക ഡേറ്റാബേസ്-സ്പ്രെഡ്ഷീറ്റ് സോഫ്റ്റ്വയറുകളും ഡീബേസ് ഫയൽഫോർമാറ്റിനെ പിന്തുണക്കുകയും ചെയ്യുന്നുണ്ട്.

1991-ൽ ആഷ്ടൻ-ടേറ്റ് കമ്പനി ബോർലാൻഡിൽ ലയിച്ചു. ഡീബേസ് ഉൽപ്പന്നനിരയുടെ അവകാശങ്ങൾ ഇപ്പോൾ ഡീബേസ് എൽ.എൽ.സി. എന്ന കമ്പനിക്കാണ്. വിൻഡോസിനുവേണ്ടിയുള്ള പുതിയ ഡീബേസ് പതിപ്പുകൾ ഇപ്പോഴും ഈ കമ്പനി പുറത്തിറക്കുന്നുണ്ട്. ഡീബേസിന്റെ ഏറ്റവും പുതിയ പതിപ്പായ ഡീബേസ് പ്ലസ് 2.8 പതിപ്പ് 2012 ഏപ്രിലിൽ പുറത്തിറങ്ങി.[3]

നിലവിലെ സ്ഥിതി

[തിരുത്തുക]

നിലവിൽ 32 ബിറ്റ് വിൻഡോസിൽ പ്രവർത്തിക്കുന്ന ഒരു ആധുനിക ഒബ്ജക്റ്റ് ഓറിയെന്റെഡ് ഭാഷയായി ഡീബേസ് മാറിയിട്ടുണ്ട്. വിൻഡോസ് സെർവറിൽ ഹോസ്റ്റ് ചെയ്യാവുന്ന വെബ് ആപ്ലിക്കേഷനുകൾ, തിക്ക് ക്ലൈന്റ് ആപ്ലിക്കേഷനുകൾ, മിഡിൽവെയറുകൾ എന്നിങ്ങലെ പലതരം ആപ്ലിക്കേഷനുകൾ തയ്യാറാക്കാൻ ഡീബേസ് ഉപയോഗിക്കാനാകും. ഒ.ഡി.ബി.സി. ഡ്രൈവറുകൾ ഉപയോഗിച്ച് മറ്റ് ആധുനിക ഡേറ്റാബേസ് എഞ്ചിനുകളുമായി ബന്ധിപ്പിക്കാനും സാധിക്കും.

ഒരു നിർദ്ദേശവിൻഡോ, തൽസമയ കമ്പൈലർ, ആപ്ലിക്കേഷനെ വിൻഡോസ് എക്സിക്യൂട്ടബിൾ രൂപത്തിലേക്ക് മാറ്റാനുള്ള ലിങ്കർ, സൗജന്യമായി ലഭ്യമാക്കിയിരിക്കുന്ന റൺടൈം എഞ്ചിൻ, സചിത്രസമ്പർക്കമുഖങ്ങൾ നിർമ്മിക്കാനുള്ള നിരവധി കരുക്കൾ തുടങ്ങിയവയടങ്ങിയ സംയോജിതവികസനതട്ടകമാണ് (ഐ.ഡി.ഇ.) നിലവിൽ ഡീബേസിനുള്ളത്. നിലവിലെ ഡീബേസ് പ്ലസ് 2.8 പതിപ്പ്, മുൻ 32 ബിറ്റ് പതിപ്പുകൾക്ക് പൂർണ്ണമായും അനുരൂപമാണ്. വിൻഡോസിനുവേണ്ടിയുള്ള 16 ബിറ്റ് പതിപ്പുകളുമായും ഡോസിനുവേണ്ടിയുള്ള പഴയകാല പതിപ്പുകളുമായും ഭാഗികമായ യോജിപ്പും നിലനിർത്തുന്നുണ്ട്.[4][5]

ചരിത്രം

[തിരുത്തുക]

ജെറ്റ് പ്രൊപൽഷൻ ലബോറട്ടറിയിൽ കോൺട്രാക്റ്ററായി പ്രവർത്തിച്ചിരുന്ന സി. വെയ്ൻ റാറ്റ്ലിഫ്, ഓഫീസിലെ ഫുട്ബോൾ വാതുവെപ്പിൽ വിജയിക്കുന്നത് ലക്ഷ്യംവച്ച്, പത്രങ്ങളിൽ വന്നിരുന്ന മുൻകാലവിജയികളുടെ സ്ഥിതിവിവരങ്ങൾ അവലോകനം ചെയ്യാനായി ഒരു ഡേറ്റാബേസ് സംവിധാനം വികസിപ്പിക്കാൻ തീരുമാനിച്ചു. ഇതിനായി, മുൻപ് ജെ.പി.എല്ലിൽവച്ചുതന്നെ ഫ്രെഡ് തോംപ്സൺ, ജാക്ക് ഹാറ്റ്ഫീൽഡ് എന്നിവർ ചേർന്ന് 1971-ൽ വികസിപ്പിച്ച ജെ.പി.എൽ.ഡി.ഐ.എസ്. (JPLDIS) ഫയൽ മാനേജ്മെന്റ് പ്രോഗ്രാമിനെ[6] ആധാരമാക്കിക്കൊണ്ട് ഒരു ഡേറ്റാബേസ് സംവിധാനം റാറ്റ്ലിഫ് നിർമ്മിച്ചു. തന്റെ കൈവശമുണ്ടായിരുന്ന ഇംസായി 8080 എന്ന മൈക്രോകമ്പ്യുട്ടറിലെ പി.ടി.ഡോസിനു വേണ്ടിയായിരുന്നു ഇത് വികസിപ്പിച്ചത്. വൾക്കൻ എന്നാണ് ഇതിനു പേരിട്ടത്. ഈ പേര് സ്റ്റാർ ട്രെക്കിലെ സ്പോക്ക് എന്ന കഥാപാത്രത്തിൽ നിന്നുമെടുത്തതായിരുന്നു.[7]

ആഷ്റ്റൻ-ടേറ്റ്

[തിരുത്തുക]

ഡിസ്കൗണ്ട് സോഫ്റ്റ്‌വേർ, സോഫ്റ്റ്‌വേർ ഡിസ്ട്രിബ്യൂട്ടേഴ്സ് എന്നീ വിജയകരമായ പി.സി. സോഫ്റ്റ്‌വേർ വിപണനസ്ഥാപനങ്ങളുടെ ഉപജ്ഞാതാക്കളായ ജോർജ് ടേറ്റ്, ഹാൽ ലാഷ്ലീ എന്നിവർ, വൾക്കൻ സോഫ്റ്റ്‌വേർ വിപണനം നടത്തുന്നതിന് റാറ്റ്ലിഫുമായി ഒരു കരാറിലെത്തി. ഇതിനായി അവർ ആഷ്റ്റൻ-ടേറ്റ് എന്ന കമ്പനി രൂപീകരിക്കുകയും ചെയ്തു. ആഷ്ടൻ-ടേറ്റിനുവേണ്ടി, റാറ്റ്ലിഫ്, പി.ടി. ഡോസിൽ പ്രവർത്തിക്കുന്ന തന്റെ പ്രോഗ്രാമിനെ സി.പി./എം.-ൽ പ്രവർത്തിപ്പിക്കാൻ പാകത്തിലാക്കി.

പുതിയ കമ്പനിയുടെ വിപണനവിഭാഗം കൈകാര്യം ചെയ്തിരുന്ന ഹാൽ പോലുക്, കുറച്ചുകൂടി വിൽപനസാധ്യതയുള്ള ഡീബേസ് എന്ന പേരിടാനും ഒരു ആദ്യപതിപ്പിനെ അപേക്ഷിച്ച് പ്രശ്നങ്ങൾ പരിഹരിച്ച പതിപ്പാണെന്ന് തോന്നിപ്പിക്കാനായി രണ്ടാംപതിപ്പ് എന്ന പേരിടാനും നിർദ്ദേശിച്ചു. അങ്ങനെ ഡീബേസ് II എന്ന ഉൽപ്പന്നം പുറത്തിറങ്ങി.[8]

1981-ൽ ഐ.ബി.എം. പി.സി. പ്രഖ്യാപിക്കപ്പെട്ടതിനു ശേഷം, ഡീബേസിനെ പി.സി. ഡോസിലേക്ക് മാറ്റിയെടുക്കാനുള്ള ശ്രമങ്ങൾ ആഷ്റ്റൻ-ടേറ്റ് നടത്തി. 1981 സെപ്റ്റംബറിൽ ഈ പതിപ്പ് പുറത്തിറക്കി. കാനഡയിൽ 900 ഡോളറും യു.എസിൽ ഏതാണ്ട് 650 ഡോളറുമായിരുന്നു ഇതിന് വില.[9] പി.സിയുടെ വൻതോതിലുള്ള വിൽപ്പന ആരംഭിച്ച സമയത്തുതന്നെയായിരുന്നു അത്. ആ സമയത്ത്, പി.സിക്കുവേണ്ടിയുള്ള അപൂർവ്വം വിദഗ്ദ്ധ പ്രോഗ്രാമുകളിലൊന്നായിരുന്ന ഡീബേസ്, ആ തട്ടകത്തിൽ വൻവിജയമായി മാറി.

ഡീബേസിന്റെ നേരിട്ടുള്ള ഉപയോക്താക്കൾക്കുപുറമേ ഡീബേസ് ഉപയോഗിച്ച് ഡേറ്റാബേസ് പ്രോഗ്രാമുകൾ നിർമ്മിച്ച് വിറ്റിരുന്ന ഇടനിലക്കാർക്കിടയിലും ഇത് വൻപ്രചാരം നേടി. 1983 മേയിൽ ഡീബേസ് II റൺടൈം പുറത്തിങ്ങിയത് ഈ വിപണിയെ കൂടുതൽ സജീവമാക്കി. ഇതിലൂടെ ഇടനില ഡെവലപ്പർമാർക്ക്, അവരുടെ ഉപയോക്താക്കൾക്കായി ഡീബേസിന്റെ സമ്പൂർണ്ണപതിപ്പിനുപകരം വിലകുറഞ്ഞ റൺടൈം ഉപയോഗിച്ച് അവരുടെ ആപ്ലിക്കേഷനുകൾ സജ്ജീകരിക്കാമെന്നായി.

1983-ൽ ഡീബേസ് II-ന്റെ പകർപ്പവകാശം, റാറ്റ്ലിഫിൽ നിന്ന് ആഷ്റ്റൻ-ടേറ്റ് വാങ്ങി. റാറ്റ്ലിഫ്, കമ്പനിയുടെ വൈസ് പ്രെസിഡൻഡ് ആകുകയും ചെയ്തു. ഡീബേസ് III-യുടെ പ്രോജക്റ്റ് മാനേജറും രൂപകർത്താവും മുഖ്യപ്രോഗ്രാമറും റാറ്റ്ലിഫ് തന്നെയായിരുന്നു.[10]

ഡീബേസ് III

[തിരുത്തുക]

1980-കളുടെ തുടക്കത്തിൽ നിരവധി കമ്പ്യൂട്ടറുകളും ഓപ്പറേറ്റിങ് സിസ്റ്റങ്ങളും രംഗപ്രവേശം ചെയ്തുതോടെ അസെംബ്ലി ഭാഷയിലെഴുതിയിട്ടുള്ള ഡീബേസിനെ വിവിധ തട്ടകങ്ങളിലേക്ക് മാറ്റിയെടുക്കുക എന്നത് വളരെ ബുദ്ധിമുട്ടായി മാറി. അങ്ങനെ പ്രോഗ്രാമിനെ മൊത്തത്തിൽ സി പ്രോഗ്രാമിങ് ഭാഷയിൽ മാറ്റിയെഴുതി. ഈ പതിപ്പ് 1984 മേയിൽ ഡീബേസ് III എന്ന പേരിൽ പുറത്തിറങ്ങി. മോശം പ്രകടനത്തെക്കുറിച്ച് വിമർശനമുണ്ടായിരുന്നെങ്കിലും മൊത്തത്തിൽ മികച്ച പ്രതികരണമാണ് ഈ പതിപ്പിനും ലഭിച്ചത്. പിന്നാലെയുള്ള ചില അപ്ഗ്രേഡുകൾക്കുശേഷം ഈ പതിപ്പ് സ്ഥിരത കൈവരിക്കുകയും 1980-കൾ ഉടനീളം വിൽപനയിൽ മുൻപന്തിയിൽ നിൽക്കുകയും ചെയ്തു. 1984 അവസാനത്തോടെ ആഷ്റ്റൻ-ടേറ്റ്, 500-ലധികം ജോലിക്കാരുള്ള സ്ഥാപനമായി ഉയരുകയും പ്രതിവർഷം നാലുകോടി ഡോളർ വിറ്റുവരവ് നേടുകയും ചെയ്തു. ഇതിന്റെ സിംഹഭാഗവും ഡീബേസും അനുബന്ധ ഉൽപ്പന്നങ്ങളിൽ നിന്നുമായിരുന്നു.

പുതിയ പതിപ്പിനുവേണ്ടി, അസെംബ്ലി ഭാഷയിൽ നിന്നും സിയിലേക്കുള്ള കോഡ് മാറ്റം, യാന്ത്രികമായി ചെയ്യുന്ന കരുക്കളുപയോഗിച്ചാണ് നടപ്പാക്കിയത്. തന്മൂലമുണ്ടായ കോഡ്, ആവശ്യത്തിന് സാങ്കേതികവിവരണങ്ങൾ (ഡോക്യുമെന്റേഷൻ) ഇല്ലാതിരുന്നതും സാധാരണയാളുകൾ ഉപയോഗിക്കുന്ന വാക്യഘടനയിലല്ലാത്തതുമായിരുന്നു. ഈ കോഡ് നല്ലരീതിയിൽ പ്രവർത്തിച്ചുവെങ്കിലും പിൽക്കാലത്ത് ഇതൊരു ഗൗരവമായ പ്രശ്നമായി മാറി.

ഡീബേസ് III-യോടൊപ്പം അസിസ്റ്റ് എന്ന ആപ്ലിക്കേഷൻ കൂട്ടിച്ചേർത്ത് പുറത്തിറക്കിയ പതിപ്പാണ് ഡീബേസ് III പ്ലസ്.[9]

എതിരാളികൾ

[തിരുത്തുക]

ഡീബേസ് പ്രോഗ്രാമിങ്ങിന്റെ വൻപ്രചാരം മൂലം ഡീബേസിന്റെ നിരവധി അനുരൂപികളായ ഉൽപ്പന്നങ്ങൾ പുറത്തിറങ്ങി. ഡി.ബി.എക്സ്.എൽ., ക്വിക്ക്സിൽവർ, അരാഗോ, ക്ലിപ്പർ, ഫോഴ്സ് തുടങ്ങിയവ ഡീബേസ് പ്രോഗ്രാമുകളെ ഡോസ് എക്സിക്യൂട്ടബിൾ ആക്കി മാറ്റാൻ സൗകര്യം തരുന്ന സോഫ്റ്റ്വെയറുകളായിരുന്നു. ഫോക്സ് സോഫ്റ്റ്‌വേർ പുറത്തിറക്കിയ ഫോക്സ്ബേസ്+ എന്ന ക്ലോൺ ഡീബേസിനേക്കാളും വേഗതയേറിയതുമായിരുന്നു.[9]

ഡീബേസ് IV

[തിരുത്തുക]

അനുരൂപികളുമായുള്ള മൽസരം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലത്താണ് 1988 ഒക്ടോബറിൽ ആഷ്റ്റൻ-ടേറ്റ്, ഡീബേസ് IV-ന്റെ 1.0 പതിപ്പ് പുറത്തിറക്കിയത്. എതിരാളികളുടെ സോഫ്റ്റ്വെയറുകളിലെ സൗകര്യങ്ങളെല്ലാംതന്നെ ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും നിരാശാജനകമായ ഉൽപ്പന്നമായിരുന്നു ഇത്. ഈ പതിപ്പിൽ കമ്പൈലർ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായിരുന്നില്ല; മാത്രമല്ല മെമ്മറിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഈ പ്രശ്നങ്ങൾ പരിഹരിച്ച് പുതിയ പതിപ്പ് പുറത്തിറക്കുന്നതിനു പകരം, ഐ.ബി.എം-ന്റെ ഭാവിയിലെ 32 ബിറ്റ് ഓപ്പറേറ്റിങ് സിസ്റ്റമായ ഓ.എസ്./2-നു വേണ്ടി ഡീബേസിനെ ഒരുക്കിയെടുക്കാൻ ആഷ്റ്റൻ-ടേറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചു. ഒന്നര വർഷത്തിനു ശേഷമാണ് ഡീബേസ് IV-ന്റെ 1.1 പതിപ്പ് പുറത്തിറങ്ങിയത്. ഇക്കാലത്തിനിടക്ക് എതിരാളികൾ മികച്ച ഉൽപ്പന്നങ്ങൾ പുറത്തിറക്കി ബഹുദൂരം മുന്നേറി.[9]

എതിരാളികളുമായുള്ള നിയമനടപടികളും ബോർലാൻഡുമായുള്ള ലയനവും

[തിരുത്തുക]

ഫോക്സ് സോഫ്റ്റ്വെയറിനെ സ്വന്തമാക്കാൻ രഹസ്യമായി ശ്രമിച്ച് പരാജയപ്പെട്ടതിനെത്തുടർന്ന്,[9] 1988-ൽ ഫോക്സിനും സാന്ത ക്രൂസ് കോർപ്പറേഷനും (സ്കോ) എതിരെ, ഡീബേസിന്റെ ഘടനയും പ്രവർത്തനശൈലിയും ഫോക്സ്ബേസിൽ പകർത്തി എന്നാരോപിച്ച് ആഷ്റ്റൻ-ടേറ്റ് നിയമനടപടിയാരംഭിച്ചു. (ഫോക്സ് ഉൽപ്പന്നങ്ങളുടെ ക്സെനിക്, യുനിക്സ് പതിപ്പുകൾ വിറ്റുകൊണ്ടിരുന്നത് സ്കോ ആയിരുന്നു). ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയുടെ, പൊതുസഞ്ചയത്തിലുള്ള ജെ.പി.എൽ.ഡിസിനെ ഭാഗികമായി ആധാരമാക്കിയാണ് ഡീബേസ് തയ്യാറാക്കിയിട്ടുള്ളതെന്ന കാര്യം മറച്ചുവച്ചതിന്റെ പേരിൽ 1990 ഡിസംബറിൽ യു.എസ്. ജില്ലാജഡ്ജ്, ആഷ്റ്റൻ-ടേറ്റിന്റെ കേസ് തള്ളുകയും ഡീബേസിനുമേൽ ആഷ്റ്റൻ-ടേറ്റിന് പകർപ്പവകാശം ഇല്ലെന്നുവിധിക്കുകയും ചെയ്തു.

1990-ൽ വിൻഡോസ് 3.0 പ്രശസ്തിയാർജ്ജിക്കുകയും വിൻഡോസിൽ പ്രവർത്തിക്കുന്ന ഡീബേസിനുവേണ്ടി ഉപയോക്താക്കളിൽനിന്നു ആവശ്യമുണ്ടാകുകയും ചെയ്തെങ്കിലും അത്തരമൊരു ഉൽപ്പന്നം പുറത്തിറക്കാൻ ആഷ്റ്റൻ-ടേറ്റിന് സാധിച്ചില്ല. 1991-ൽ ബോർലാൻഡ് ഇന്റർനാഷണൽ എന്ന ഒരു പുതിയ കമ്പനി ഡീബേസിനനുരൂപമായ വിൻഡോസ് പതിപ്പ് അവതരിപ്പിച്ചു. ഈ പതിപ്പിൽ ഡീബേസ് III പ്ലസിലെ പ്രോഗ്രാമുകളെല്ലാം അതേപടി പ്രവർത്തിപ്പിക്കാനും സാധിക്കുമായിരുന്നു.[9] 1991 ഒക്ടോബറിൽ ബോർലാൻഡ് ഇന്റർനാഷണൽ ആഷ്ടൻ-ടേറ്റിനെ സ്വന്തമാക്കി. ആഷ്റ്റൻ-ടേറ്റ്, ഫോക്സിനെതിരെ കേസിൽ അപ്പീൽ നൽകിയിരുന്ന സമയത്തായിരുന്നു ഈ ലയനം. ഈ നിയമനടപടി നിർത്തുക, മറ്റു കമ്പനികൾക്ക് ഡീബേസിന്റെ പ്രോഗ്രാമിങ് ഭാഷ നിയമക്കുരുക്കുകളില്ലാതെ ഉപയോഗിക്കാനനുവദിക്കുക എന്നിവ യു.എസ്. നിയമവകുപ്പിന്റെ ആവശ്യപ്രകാരം ഈ ലയനത്തിന്റെ വ്യവസ്ഥകളിലുൾപ്പെടുത്തി.

ബോർലാൻഡിൽ നിന്നുള്ള ഡീബേസ് പതിപ്പുകൾ

[തിരുത്തുക]

വിൻഡോസിനു വേണ്ടിയുള്ള ഡീബേസ് പതിപ്പിനു പുറമേ ഡോസിനു വേണ്ടിയുള്ള ഡീബേസ് IV-ന്റെ 2.0 പതിപ്പ് 1993-ൽ ബോർലാൻഡ് പുറത്തിറക്കി. ടോം ബർട്ടിന്റെ നേതൃത്വത്തിൽ വികസിപ്പിച്ച ഈ പതിപ്പ് വളരെ വിശ്വാസ്യതയുള്ളതായിരുന്നു. കാലങ്ങളായി ഉപയോക്താക്കൾ പ്രതീക്ഷിച്ചിരുന്ന കമ്പൈലറും ഇതിലുണ്ടായിരുന്നു.

എന്നാൽ ജോർജ് ഫ്രുവെൻഡിന്റെ നേതൃത്വത്തിൽ വികസിപ്പിക്കപ്പെട്ട വിൻഡോസ് പതിപ്പ് അത്ര ഉപയോക്തൃസൗഹാർദ്ദപരമായിരുന്നില്ല. എന്നാൽ ഇക്കാലത്തുതന്നെ വേഡ്ടെക് എന്ന കമ്പനിയിൽ റാൻഡി സോൾട്ടനും സംഘവും ഡീബേസ് അനുരൂപിയായ അരാഗോയുടെ വിൻഡോസ് പതിപ്പ് വികസിപ്പിക്കുന്നുണ്ടായിരുന്നു. ഈ സോഫ്റ്റ്‌വേർ വളരെ മികച്ചതായിരുന്നു. പിൽക്കാലത്ത് ജാവയിൽ വിജയകരമായി അവതരിപ്പിക്കപ്പെട്ട വിപ്ലവകരമായ വെർച്വൽ മെഷീൻ എന്ന ആശയം ഈ സോഫ്റ്റ്വെയറിൽ ഉപയോഗിച്ചിരുന്നു. വിൻഡോസിനുശേഷം മാക്കിനും യുനിക്സിനുമെല്ലാമുള്ള വെർച്വൽ മെഷീനുകൾ നിർമ്മിക്കാനും വിൻഡോസിനുവേണ്ടിയുള്ള അതേ സോഫ്റ്റ്‌വേർ തന്നെ മാറ്റങ്ങളൊന്നുമില്ലാതെ ഈ തട്ടകങ്ങളിലെല്ലാം ഉപയോഗിക്കാനും വേഡ്ടെക് പദ്ധതിയിടുകയായിരുന്നു. കോംഡെക്സിൽ പ്രദർശിപ്പിച്ച വിൻഡോസിനുവേണ്ടിയുള്ള അരാഗോയുടെ ആദിമരൂപം കണ്ട ബോർലാൻഡ് മേധാവികൾ വേഡ്ടെക്കിനെ ഏറ്റെടുത്ത് അരാഗോ സ്വന്തമാക്കി. അങ്ങനെ ബോർലാൻഡിന്റെ കൈവശം ഡീബേസിന്റെ രണ്ട് പതിപ്പുകളായി. അരാഗോയെ ആധാരമാക്കിയുള്ളതാണ് വിൻഡോസിനുവേണ്ടിയുള്ള ഡീബേസിന്റെ 5.0 പതിപ്പ്. ഇത് 1994 ഓഗസ്റ്റിൽ പുറത്തിറങ്ങി. പഴയ ഡീബേസ് പതിപ്പിൽ നിന്നെടുത്ത ഒരേയൊരു ഘടകം അതിലെ ഡീബഗ്ഗർ മാത്രമായിരുന്നു.[9]

എന്നാൽ വിൻഡോസിനുവേണ്ടിയുള്ള ഡീബേസ് 5.0 പതിപ്പ് പുറത്തിറക്കുമ്പോഴേക്കും മൈക്രോസോഫ്റ്റ് ആക്സസ് പുറത്തിറങ്ങുകയും ആദ്യവർഷം തന്നെ അഞ്ചുലക്ഷത്തിലധികം പകർപ്പുകൾ വിറ്റഴിച്ച് പെഴ്സണൽ ഡേറ്റാബേസ് രംഗത്ത് പിടിമുറുക്കിക്കഴിഞ്ഞിരുന്നു.[9] 1995-ൽ[11] ബോർലാൻഡ് വിഷ്വൽ ഡീബേസ് 5.5 എന്നൊരു ഓബ്ജക്റ്റ് ഓറിയെന്റഡ് ഡീബേസ് പതിപ്പ് പുറത്തിറക്കി. 1999-ൽ[11] ഇതിന്റെ 5.7 പതിപ്പും പുറത്തിറങ്ങി. ഇവയെല്ലാം 16 ബിറ്റ് പ്രോഗ്രാമിങ് ഭാഷയായിരുന്നു എങ്കിലും വിൻഡോസ് 95-നുവേണ്ടി പ്രത്യേകം തയ്യാറാക്കിയതായിരുന്നു.[12] 1997-ൽ വിഷ്വൽ ഡീബേസിന്റെ 32 ബിറ്റ് വകഭേദമായ 7.0-വും തൊട്ടടുത്ത വർഷം 7.1-ആം പതിപ്പും ബോർലാൻഡ് പുറത്തിറക്കി.[11]

ഡീബേസ് ഇൻകോർപ്പറേറ്റഡ്

[തിരുത്തുക]

ഇൻപ്രൈസ് എന്നു പേരുമാറ്റിയ ബോർലാൻഡ്, 1999-ൽ[13] ഡീബേസിനെ, ഡീബേസ് ഉപയോക്തൃസമൂഹത്തിലെ ഒരു പ്രധാനവ്യക്തിയും പ്രോത്സാഹകനുമായിരുന്ന അലൻ എ. കേറ്റ്സിന്റെ നേതൃത്വത്തിലുള്ള കെ സോഫ്റ്റ് എന്ന കമ്പനിക്ക് വിറ്റു. ഡീബേസിന്റെ വികസനവും ഉപയോഗവും പുനരുജ്ജീവിപ്പിക്കുന്നതിന് അലൻ, ഡീബേസ് ഇൻകോർപ്പറേറ്റഡ് എന്ന പേരിൽ കെസോഫ്റ്റിന് ഒരു ഉപകമ്പനിയുണ്ടാക്കുകയും ചെയ്തു.[9] ഈ കമ്പനി 2000-ആമാണ്ടിൽ ഡീബേസ് 2000 എന്നൊരു പതിപ്പും 2002-ൽ ഡീബേസ് പ്ലസും പുറത്തിറക്കി.[11]

ഡീബേസ് സമ്പർക്കമുഖവും പ്രോഗ്രാമിങ് ഭാഷയും

[തിരുത്തുക]
ഡീബേസ് III പ്ലസിന്റെ സ്ക്രീൻഷോട്ട് - ഡോട്ട് പ്രോംപ്റ്റിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങളും അവയുടെ ഫലങ്ങളും കാണുക

വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിന് നിരവധി പ്രൊസീജ്യറൽ നിർദ്ദേശങ്ങളും ഫങ്ഷനുകളും ഡീബേസിലുണ്ട്. പട്ടിക രൂപത്തിലുള്ള വിവരങ്ങൾ ശേഖരിച്ചിരിക്കുന്ന ഡേറ്റാ ഫയലുകൾ തുറക്കുന്നതിനും അതിലെ റെക്കോഡുകൾ അഥവാ വരികളിലൂടെ സഞ്ചരിക്കുന്നതിനുമായുള്ള USE, SKIP, GO TOP, GO BOTTOM, GO <വരിയുടെ ക്രമസംഖ്യ> പോലെയുള്ള നിർദ്ദേശങ്ങൾ, നിരകളിലെ വില മാറ്റി സജ്ജീകരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമായുള്ള REPLACE, STORE പോലെയുള്ള നിർദ്ദേശങ്ങൾ, ടെക്സ്റ്റ് സ്ട്രിങ്ങുകൾ കൈകാര്യം ചെയ്യുന്നതിനായുള്ള STR(), SUBSTR() പോലെയുള്ള ഫങ്ഷനുകൾ, സംഖ്യകളും തിയതികളും കൈകാര്യം ചെയ്യാനുള്ള മറ്റു ഫങ്ഷനുകൾ തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിൽപ്പെടുന്നു.

പരസ്പരബന്ധമുള്ള വിവരങ്ങളടങ്ങിയ പട്ടികകൾ അടങ്ങിയ ഒന്നിലധികം ഫയലുകൾ ഒരേസമയം തുറന്ന് കൈകാര്യം ചെയ്യാനുള്ള കഴിവ് മൂലം ഡീബേസ് ഒരു റിലേഷണൽ ഡേറ്റാബേസ് ആണെന്ന് ആഷ്റ്റൻ-ടേറ്റ് മുദ്ര ചാർത്തിയിരുന്നു. എന്നാൽ എഡ്ഗാർ എഫ്. കോഡ് ആവിഷ്കരിച്ച റിലേഷണൽ ഡേറ്റ മോഡലിന്റെ മാനദണ്ഡങ്ങൾ ഡീബേസ് പാലിക്കുന്നില്ല. കൃത്യമായി പറയുകയാണെങ്കിൽ ഒരു ആപ്ലിക്കേഷൻ വികസനഭാഷയും റിലേഷണൽ ആശയങ്ങളാൽ സ്വാധീനിക്കപ്പെട്ടിട്ടുള്ള നാവിഗേഷണൽ ഡാറ്റാബേസ് മാനേജ്മെന്റ് സിസ്റ്റവും ചേർന്നതാണ് ഡീബേസെന്ന് നിർവചിക്കാം.

ഒരു റൺടൈം ഇന്റർപ്രെട്ടർ മാതൃകയാണ് ഡീബേസ് ഉപയോഗിക്കുന്നത്. "ഡോട്ട് പ്രംപ്റ്റ്" എന്ന പേരിലറിയപ്പെടുന്ന നിർദ്ദേശ പ്രോംപ്റ്റിൽ നിർദ്ദേശങ്ങൾ ടൈപ്പ് ചെയ്ത് പ്രവർത്തിപ്പിക്കാൻ ഉപയോക്താവിന് സാധിക്കുന്നു. ഡോട്ട് പ്രോംപ്റ്റിൽ നിർദ്ദേശമടിച്ച് എന്റർ കീ അടിക്കുകയോ നിർദ്ദേശത്തിനു തുല്യമായ ഫങ്ഷൻ കീ അമർത്തുകയോ ചെയ്യുമ്പോൾത്തന്നെ ഇന്റർപ്രെട്ടർ ആ നിർദ്ദേശത്തെ പ്രവർത്തിപ്പിക്കുന്നു. ഇത്തരം നിർദ്ദേശങ്ങളുടെ കൂട്ടമായ പ്രോഗ്രാം സ്ക്രിപ്റ്റുകളെ DO നിർദ്ദേശമുപയോഗിച്ച് പ്രവർത്തിപ്പിക്കുകയും ചെയ്യാം. പ്രോഗ്രാം സ്ക്രിപ്റ്റുകൾ PRG എക്സ്റ്റെൻഷൻ ഉള്ള ടെക്സ്റ്റ് ഫയലുകളായിരിക്കും.

പ്രോഗ്രാമിലെ നിർദ്ദേശങ്ങളും ചരങ്ങളുമെല്ലാം വിലയിരുത്തുന്നതും തിട്ടപ്പെടുത്തുന്നതും അവ പ്രവർത്തിപ്പിക്കുമ്പോൾ മാത്രമാണ്. പ്രോഗ്രാം തെറ്റുകൂടാതെ മൊത്തത്തിൽ എഴുതി കമ്പൈലിങ്, ലിങ്കിങ് തുടങ്ങിയ പ്രക്രിയകൾക്ക് വിധേയമാക്കേണ്ടിയിരുന്നില്ല. വാക്യഘടനയിൽ തെറ്റുകളുള്ള പ്രോഗ്രാമും അതിന്റെ തെറ്റില്ലാത്ത ഭാഗം വരെ ശരിയായി പ്രവർത്തിക്കുകയും ചെയ്യും. അതുകൊണ്ട് ഡീബേസ് പ്രോഗ്രാമുകൾ എഴുതാനും തെറ്റു പരിശോധിക്കാനുമെല്ലാം താരതമ്യേന എളുപ്പമായിരുന്നു. ഡീബേസ് പുറത്തിറങ്ങുന്ന കാലത്തെ വേഗതകുറഞ്ഞ കമ്പ്യൂട്ടറുകളിൽ ഇത് ഏറെ ഗുണകരവുമായിരുന്നു. പ്രോഗ്രാമിന്റെ മെമ്മറി അലോക്കേഷനും മറ്റും ഇന്റർപ്രെട്ടർ സ്വയം ചെയ്യുമെന്നതിനാൽ കാര്യമായ പ്രോഗ്രാമിങ് പരിചയമില്ലാത്തവർക്കുപോലും ഡീബേസിൽ ആപ്ലിക്കേഷനുകൾ വികസിപ്പിക്കാമായിരുന്നു. എന്നാൽ ലാളിത്യം മൂലം കൂടുതൽ പേർ ഈ ഭാഷ ഉപയോഗിക്കാനാരംഭിക്കുകയും സങ്കീർണ്ണമായ പ്രോഗ്രാമുകൾ എഴുതാനാരംഭിക്കുകയും ചെയ്തപ്പോൾ കൂടുതൽ വിശ്വാസ്യതയും മെച്ചപ്പെട്ട പ്രകടനവും കാഴ്ചവക്കുന്നതിനായി വിദഗ്ദ്ധപ്രോഗ്രാമിങ്ങിനാവശ്യമായ സൗകര്യങ്ങൾ ഭാഷയിലുൾപ്പെടുത്താൻ നിർബന്ധിതമായി.

കാലക്രമേണ ആഷ്റ്റൻ-ടേറ്റിന്റെ എതിരാളികൾ അനുരൂപമായ ഉൽപ്പന്നങ്ങളും കമ്പൈലറുകളും അവതരിപ്പിക്കുകയും സ്വതേയുള്ള ഫങ്ഷനുകൾക്ക് പൂരിതമായി യൂസർ-ഡീഫൈൻഡ് ഫങ്ഷനുകൾ, സ്കോപ്പുകളുള്ള ചരങ്ങൾ, സങ്കീർണ്ണമായ വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിന് അരേകൾ, ആപ്ലിക്കേഷനുകളെ പ്രത്യേകം റൺടൈമിന്റെ സഹായമില്ലാതെ പ്രവർത്തിപ്പിക്കാവുന്ന എക്സിക്യൂട്ടബിൾ ഫയലുകളുണ്ടാക്കാനുള്ള സൗകര്യം, ഓബ്ജക്റ്റ് ഓറിയെന്റഡ് വാക്യഘടന, റിമോട്ട് ഡേറ്റാബേസ് മാനേജ്മെന്റ് സിസ്റ്റങ്ങൾക്ക് ഡേറ്റ ലഭ്യമാക്കുന്നതിനുള്ള ഇന്റർഫേസ് എന്നിങ്ങനെ നിരവധി കൂടുതൽ കാര്യക്ഷമമായ പ്രോഗ്രാമിങ് സൗകര്യങ്ങൾ ഉൾപ്പെടുത്താനാരംഭിച്ചു. ഇത്തരത്തിലുള്ള നിരവധി സവിശേഷതകൾ ആഷ്റ്റൻ-ടേറ്റും ഡീബേസിൽ ഉൾപ്പെടുത്തുകയും പലതും വിജയിക്കുകയും ചെയ്തു. സുപ്രധാനമായി, ഡേറ്റാബേസ് കൈകാര്യം ചെയ്യുന്നതിനുള്ള മാനകഭാഷയായ എസ്.ക്യു.എൽ. പിന്തുണയും ഉൾപ്പെടുത്തപ്പെട്ടു.

1980-കളുടെ അവസാനം പ്രോഗ്രാമർമാരുടെ ആവശ്യപ്രകാരം ഡീബേസിലെ പ്രോഗ്രാമിങ് ഭാഷക്ക് ഒരു മാനകരൂപം (IEEE 1192) സൃഷ്ടിക്കപ്പെട്ടു. ഇതിനെത്തുടർന്ന് ഈ മാനകത്തെ ആഷ്റ്റൻ-ടേറ്റിന്റെ ഉൽപ്പന്നത്തിൽനിന്ന് വേർതിരിച്ചുകാണുന്നതിന് എക്സ്ബേസ് എന്നാണ് പരാമർശിക്കുന്നത്. ഡീബേസിലും എക്സ്ബേസിലുമുള്ള പ്രോഗ്രാമിങ് പഠിപ്പിക്കുന്ന നൂറുകണക്കിന് പുസ്തകങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്.

ഡീബേസിന്റെ പ്രോഗ്രാമിങ് ഭാഷയുടെ ഇന്നത്തെ വകഭേദങ്ങളിൽ വാണിജ്യപ്രോഗ്രാമുകളെ ലക്ഷ്യംവച്ചുകൊണ്ടുള്ള നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഓബ്ജക്റ്റ് ഓറിയെന്റഡ് പ്രോഗ്രാമിങ്, എസ്.ക്യു.എൽ. ഉപയോഗിച്ച് വിദൂരവും ഡിസ്ട്രിബ്യൂട്ടഡും ആയ ഡേറ്റ കൈകാര്യം ചെയ്യൽ, ഇന്റെർനെറ്റ് സൗകര്യം, ആധുനിക ഉപകരണങ്ങളുമായി വിനിമയം ചെയ്യാനുള്ള സൗകര്യം എന്നിവ ഇവയിൽച്ചിലതാണ്.

പ്രോഗ്രാമിങ് ഉദാഹരണങ്ങൾ

[തിരുത്തുക]

താഴെക്കാണുന്ന ഉദാഹരണത്തിൽ ഒരു സ്ഥാപനത്തിലെ പണിക്കാരുടെ വിവരങ്ങളടങ്ങിയ empl എന്ന പട്ടിക തുറക്കുകയും, അതിലെ ഒന്നോ അതിലധികമോ പണിക്കാരുടെ മേൽനോട്ടം നടത്തുന്ന മാനേജർമാർക്ക് 10 ശതമാനം വേതനം വർദ്ധിപ്പിച്ച് രേഖപ്പെടുത്തുകയും ശേഷം, എല്ലാവരുടെയും പേരും വേതനവും പ്രദർശിപ്പിക്കുകയും ചെയ്യുന്നു. വായനക്കാർക്ക് മനസ്സിലാക്കാനെളുപ്പത്തിനായി, ഡീബേസ് പ്രോഗ്രാമിലെ കരുതൽവാക്കുകൾ (റിസെർവ്ഡ് വേഡ്സ്) ഇംഗ്ലീഷ് വലിയക്ഷരത്തിലാണ് എഴുതിയിരിക്കുന്നത്. വലിയക്ഷരമോ ചെറിയക്ഷരമോ ഏതുപയോഗിച്ചാലും ഒരേ ഫലം തന്നെ ലഭിക്കും.

 USE empl
 REPLACE ALL salary WITH salary * 1.1 FOR supervises > 0
 LIST ALL fname, lname, salary TO PRINT


USE ഉപയോഗിച്ച് ഒരു ടേബിൾ മെമ്മറിയിലേക്കെടുത്താൽ, മറ്റൊന്ന് ഉപയോഗിക്കുംവരെയോ പ്രത്യേകം നിർദ്ദേശം നൽകി അതിനെ ഒഴിവാക്കുകയോ ചെയ്യുന്നതുവരെ, അത് കറണ്ട് ടേബിൾ (നിലവിലുപയോഗിക്കുന്ന ടേബിൾ) ആയി മെമ്മറിയിൽ നിലനിൽക്കും. തുടർന്നുള്ള ക്രിയകൾക്കൊന്നും ഏതുടേബിളിലാണ് ആ ക്രിയ ചെയ്യേണ്ടതെന്ന് പറയേണ്ടതുമില്ല (മുകളിലെ ഉദാഹരണത്തിൽ REPLACE, LIST എന്നീ നിർദ്ദേശങ്ങൾ ഉപയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക). ഡീബേസ് പ്രോഗ്രാമിങ് ഭാഷക്ക് എസ്.ക്യു.എലുമായുള്ള പ്രധാനവ്യത്യാസം ഇവിടെയാണ്. എസ്.ക്യു.എല്ലിൽ ഓരോ ക്രിയക്കും ഉദ്ദിഷ്ടപട്ടികയുടെ പേര് വ്യക്തമായി പരാമർശിക്കേണ്ടതുണ്ട്. ഒരു ഇന്റെർപ്രെട്ടെഡ് ഇന്റെറാക്റ്റീവ് ഭാഷ എന്ന നിലയിൽ തുടങ്ങിയ ഡീബേസ്, നിർദ്ദേശങ്ങൾ ടൈപ്പ് ചെയ്യുന്നത് കുറക്കുന്നതിനായി, ഇത്തരത്തിലുള്ള പരികൽപ്പനകൾ (നിലവിലുപയോഗിക്കുന്ന ടേബിൾ, ടേബിളിൽ നിലവിൽ ചൂണ്ടിയിരിക്കുന്ന റെക്കോഡ് എന്നിങ്ങനെ) അടിസ്ഥാനമാക്കിയുള്ള നിരവധി ക്രിയകൾക്ക് സൗകര്യം നൽകുന്നുണ്ട്. ഇത് ലളിതമായ പ്രോഗ്രാമിങ്ങിന് വളരെയേറെ സൗകര്യമാണെങ്കിലും വലിയ തോതിലുള്ള മോഡുലാർ പ്രോഗ്രാമിങ് തികച്ചും ബുദ്ധിമുട്ടാക്കുന്നു. പ്രോഗ്രാമിന്റെ ഒരു ഭാഗത്തിന്റെ (മൊഡ്യൂളിന്റെ) പ്രവർത്തനം, മറ്റൊരു ഭാഗത്ത് കൈകാര്യം ചെയ്ത മെമ്മറിയിലെ ചരങ്ങളുടെ വിലയോ ഉപയോഗിച്ച ടേബിളുകളോ പോലുള്ള ബാഹ്യഘടകങ്ങളാൽ സ്വാധീനിക്കാൻ പാടില്ല എന്നതാണ് മോഡുലാർ പ്രോഗ്രാമിന്റെ അടിസ്ഥാനതത്വം. ഡീബേസിന്റെ രൂപകൽപ്പനയിൽ ഈ തത്ത്വം കണക്കിലെടുത്തിട്ടില്ല.

തുറക്കുന്ന ടേബിളുകളെ പ്രത്യേകം പ്രത്യേകം പ്രവർത്തനമേഖലകളിലേക്ക് (വർക്ക്ഏരിയ) നിശ്ചയിച്ച്, ഒന്നിലധികം ടേബിളുകൾ ഒരേ സമയം കൈകാര്യം ചെയ്യാനാകും. അമ്പടയാളച്ചിഹ്നം ഉപയോഗിച്ച് ആവശ്യമായ വർക്ക്ഏരിയയിലെ വിവരങ്ങൾ എടുക്കാനുമാകും. ഈ ആശയംതന്നെ ടേബിളുകൾക്ക് അർത്ഥവത്തായ പേരുകൾ നൽകി പ്രോഗ്രാമിനകത്ത് ഉപയോഗിക്കാനും സൗകര്യം നൽകുന്നു. ഉദാഹരണം കാണുക.

 USE empl ALIAS employee
 USE cust ALIAS customer
 ?employee->salary
 ?customer->fname


ഒരേ രീതിയിലുള്ള നിർദ്ദേശഭാഗങ്ങൾ വിവിധ നിർദ്ദേശങ്ങൾക്കുപയോഗിക്കുന്ന ഡീബേസിന്റെ ശൈലിയും ശ്രദ്ധേയമാണ്. ഒരു ക്രിയ ടേബിളിലെ ഏതൊക്കെ റെക്കോഡുകളെ ബാധിക്കണം എന്ന് നിജപ്പെടുത്തുന്നതിനുവേണ്ടിയുള്ള FOR എന്ന നിർദ്ദേശഭാഗം ഇതിനുദാഹരണമാണ് (FOR, എസ്.ക്യു.എലിലെ WHERE-ന് ഏറെക്കുറേ സമാനമാണ്). ഡീബേസിലെ വ്യത്യസ്തയാവശ്യങ്ങൾക്കുപയോഗിക്കുന്ന LIST, DELETE, REPLACE, BROWSE തുടങ്ങിയ നിർദ്ദേശങ്ങൾക്കെല്ലാമൊപ്പം FOR ഒരേ പോലെ പ്രവർത്തിക്കുന്നു. ഈ പ്രോഗ്രാമിങ് ഭാഷയുടെ പഠനം ലളിതമായതിന്റെ പ്രധാനകാരണങ്ങളിലൊന്നാണിത്. ഉദാഹരണം കാണുക.

 LIST FOR salary>1000
 REPLACE salary WITH salary+100 FOR salary>1000
 DELETE FOR salary>1000


സ്ട്രിങ് ഇവാല്യൂവേഷൻ അഥവാ ഒരു സ്ട്രിങിലെ ഉള്ളടക്കത്തെ നിർദ്ദേശമായി പരിഗണിക്കുന്ന ശൈലി ആദ്യമായി അവതരിപ്പിച്ച വാണിജ്യകാര്യ പ്രോഗ്രാമിങ് ഭാഷയിലൊന്നാണ് ഡീബേസ്. മാക്രോ എന്നാണ് ഈ സൗകര്യത്തെ ഡീബേസിൽ പരാമർശിക്കുന്നത്. ഉദാഹരണം താഴെക്കാണുക.

 i = 2
 myMacro = "i + 10"
 i = &myMacro
 * comment: i now has the value 12

പ്രോഗ്രാം പ്രവർത്തിക്കുമ്പോൾ, മൂന്നാമത്തെ വരിയിൽ "&" ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് "myMacro" എന്ന ചരത്തിലെ അക്ഷരക്കൂട്ടത്തെ ഒരു പ്രോഗ്രാം കോഡ് ആയി പരിഗണിച്ച് പ്രവർത്തിക്കുന്നു. ഡീബേസ് പ്രോഗ്രാമിങ്ങിന്റെ വഴക്കവും കഴിവും പ്രകടിപ്പിക്കുന്ന ഒരു സവിശേഷതയാണ് ഇത്. ഈ പ്രത്യേകതവഴി, പ്രോഗ്രാം നിർദ്ദേശങ്ങളും ക്രിയകളും ടേബിളുകൾക്കകത്ത് ശേഖരിച്ചുവച്ച് സ്പ്രെഡ്ഷീറ്റുകളിലെ ഫോർമുലകൾ പോലെ ആവശ്യാനുസരണം മാറ്റം വരുത്താനും സാധിക്കുമായിരുന്നു. എന്നാൽ ഈ രീതിയുപയോഗിക്കുമ്പോൾ, പ്രോഗ്രാം കമ്പൈൽ ചെയ്ത് ഉപയോഗിക്കാനും പ്രോഗ്രാം കോഡ് സുരക്ഷിതമായി വക്കുന്നതിലും തടസമായിരുന്നു. എന്നാൽ ഡീബേസ് പ്രോഗ്രാമുകൾ ചെറുതും ഇടത്തരവും കമ്പനികളുടെ ആഭ്യന്തര ആപ്ലിക്കേഷനുകൾക്കാണ് ഉപയോഗിച്ചിരുന്നതെന്നതിനാൽ ഇതൊരു കാര്യമായ പ്രശ്നമായിരുന്നില്ല.

ഇന്ററാക്റ്റീവ് ഉപകരണങ്ങൾ

[തിരുത്തുക]
ഡീബേസിലെ ASSIST ആപ്ലിക്കേഷൻ

ഡോട്ട് പ്രോംപ്റ്റിനുപുറമെയായി, ഡേറ്റയും ക്വെറികളും കൈകാര്യം ചെയ്യുന്നതിനായുള്ള ഡീബേസിലെ നിർദ്ദേശങ്ങൾ ഇന്ററാക്റ്റീവായി പ്രവർത്തിപ്പിക്കുന്നതിന് മെനു അടിസ്ഥാനമാക്കിയുള്ള അസിസ്റ്റ് (ASSIST) എന്നൊരു ആപ്ലിക്കേഷൻ ഡീബേസ് III, III+, IV എന്നീ പതിപ്പുകളിൽ ഉൾപ്പെടുത്തിയിരുന്നു. നാലാം തലമുറ പ്രോഗ്രാമിങ്ഭാഷകളിലെന്ന പോലെ, കോഡ് എഴുതാതെ ഇന്ററാക്റ്റീവായി ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനുള്ള ആപ്സ്ജെൻ (APPSGEN) എന്ന ആപ്ലിക്കേഷനും ഡീബേസിലെ ഒരു ഘടകമാണ്. ഡീബേസ് IV പതിപ്പിലെ ആപ്പസ്ജെൻ ടൂൾ, സി.പി./എം.-ൽ മുൻപുണ്ടായിരുന്ന പേഴ്സണൽ പേൾ എന്ന പ്രോഗ്രാമിന്റെ ഭാഗങ്ങൾ ആധാരമാക്കിയുള്ളതാണ്.

മേൻമകൾ

[തിരുത്തുക]

വാണിജ്യകാര്യ ആപ്ലിക്കേഷനുകളുടെ നിർമ്മിതിക്ക് ആളുകൾ ഇപ്പോൾ ഡീബേസ് കാര്യമായി ഉപയോഗിക്കുന്നില്ലെങ്കിലും ഡേറ്റാ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ചതും ലളിതവുമായ ഇന്ററാക്റ്റീവ് ആപ്ലിക്കേഷനാണിതെന്ന് ചിലർ കരുതുന്നുണ്ട്. ഒരു റിലേഷണൽ ഡേറ്റാബേസിൽ നിന്ന് വിവരങ്ങളെടുക്കാൻ എസ്.ക്യു.എൽ. ഉപയോഗിക്കാമെങ്കിലും ഡീബേസ് ഉപയോഗിച്ച് ടേബിളുകളിലെ റെക്കോഡുകൾ ഓരോന്നോരോന്നായി കൈകാര്യം ചെയ്യാനും വിശകലനം ചെയ്യാനും അവയുപയോഗിച്ച് ക്രിയകൾ നടത്താനും സാധിക്കും. ചെറിയ ചെറിയ നിർദ്ദേശങ്ങൾ ഉപയോഗിച്ച് ഘട്ടംഘട്ടമായി ഈ പ്രവൃത്തികൾ ചെയ്യാമെന്ന മേന്മയുമുണ്ട്.

ഒരു ആപ്ലിക്കേഷൻ വികസനതട്ടകം എന്ന നിലയിൽ ഡീബേസിന്റെ സ്ഥാനം, സി, സി++ പോലുള്ള അടിസ്ഥാനപരമായ ഭാഷകൾക്കും ആധുനിക നാലാംതലമുറ ഭാഷകൾക്കും ഇടയിലാണ്. ദൃശ്യാത്മകമായ ഉപകരണങ്ങളിലൂടെ പ്രോഗ്രാമിങ്ങിൽ കാര്യമായ പരിചയമില്ലാത്തവർക്കും താരതമ്യേന എളുപ്പത്തിൽ ഡീബേസിൽ പ്രോഗ്രാമുകളുണ്ടാക്കാം. വിദഗ്ദ്ധ പ്രോഗ്രാമർമാർക്കാകട്ടെ, ലോ ലെവൽ നിയന്ത്രണത്തിന്റെ കാര്യം വിട്ടുവീഴ്ച ചെയ്യാമെങ്കിൽ ഉയർന്ന ഉൽപാദനക്ഷമത ഡീബേസ് പ്രദാനം ചെയ്യുന്നു.

മൗസ് അടിസ്ഥാനമായുള്ള ഉൽപ്പന്നങ്ങളുടെ വരവോടെ ഡീബേസിന്റെ വിൽപനയിൽ കാലക്രമേണ കുറവുണ്ടായെങ്കിലും പഠനഗ്രന്ഥങ്ങൾക്ക് യോജിച്ചത്, ടെക്സ്റ്റ് അടിസ്ഥാനത്തിലുള്ള നിർദ്ദേശങ്ങളായിതിനാൽ ഒരു പഠനോപാധി എന്ന നിലയിൽ ഡീബേസ് തുടർന്നും ജനകീയമായിരുന്നു. മൗസ് ഉപയോഗിച്ചുള്ള നിർദ്ദേശങ്ങൾ ഡീബേസിലും കാലക്രമേണ വന്നുചേർന്നെങ്കിലും വിവിധ എക്സ്ബേസ് അനുരൂപികളിൽ ഇത് വിവിധതരത്തിലായിരുന്നതിനാൽ കീബോർഡ് നിർദ്ദേശങ്ങൾതന്നെ പ്രഥമദൃഷ്ട്യാലുള്ള മാനകമായി തുടർന്നു.

ഫയൽ ഫോർമാറ്റുകൾ

[തിരുത്തുക]

ഡീബേസിന്റെ ഏറ്റവും ശ്രദ്ധേയമായ പൈതൃകശേഷിപ്പ് അതിന്റെ ഡേറ്റാഫയൽ ഫോർമാറ്റാണ്. .dbf എന്ന ഫയൽ ഫോർമാറ്റാണ്, ഡീബേസ് ടേബിളുകൾ ശേഖരിക്കുന്നതിനുപയോഗിക്കുന്നത്. ആധുനിക ഫയൽ ഡി.ബി.എം.എസുകളിൽ നിന്നും വ്യത്യസ്തമായി ഓരോ ടേബിളും ഓരോരോ .dbf ഫയലിലാണ് ശേഖരിക്കപ്പെടുന്നത്. ഡേറ്റാഫയലിന്റെ തുടക്കത്തിലുള്ള ഹെഡറിൽ, ഡേറ്റയുടെ ഘടന രേഖപ്പെടുത്തിയിട്ടുണ്ടാകുമെന്നതിനാൽ ഈ ഫയൽ വായിക്കുന്ന പ്രോഗ്രാമിന് ശേഖരിച്ചിരിക്കുന്ന വിവരങ്ങൾ എന്താണെന്നും എങ്ങനെയാണെന്നും ഹെഡറിൽനിന്ന് അറിയാൻ സാധിക്കും. ഈ ഗുണംകൊണ്ടുതന്നെ എക്സ്ബേസ് അല്ലാത്ത പല പ്രോഗ്രാമുകളും ഈ ഫയൽ ഫോർമാറ്റ് വിവരങ്ങൾ ശേഖരിക്കാനായി ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് ഡിജിറ്റൽ രൂപത്തിലുള്ള ഭൂപടങ്ങൾ ശേഖരിക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്ന എസ്രിയുടെ ഷേപ്പ് ഫയലിൽ, ജ്യാമിതീയരൂപങ്ങൾക്കൊപ്പമുള്ള അനുബന്ധവിവരങ്ങൾ (ആട്രിബ്യൂട്ടുകൾ) ശേഖരിക്കുന്നതിന് .dbf ഫയൽ ഫോർമാറ്റാണ് ഉപയോഗിക്കുന്നത്. ഈ ഫയൽഫോർമാറ്റ് ഉപയോഗിക്കുന്ന മറ്റൊരു ആപ്ലിക്കേഷനാണ് മൈക്രോസോഫ്റ്റ് വർക്ക്സ്. [14] ഏതാണ്ട് എല്ലാ ഡേറ്റാബേസ്-സ്പെഡ്ഷീറ്റ് ആപ്ലിക്കേഷനുകളും ഡീബേസ് ഫയൽഫോർമാറ്റിലുള്ള വിവരങ്ങൾ പിന്തുണക്കുകയും ചെയ്യുന്നുണ്ട്. ഫയലിന്റെ എക്സ്റ്റെൻഷൻ dbf എന്നാണെങ്കിലും നിർമ്മിച്ച ആപ്ലിക്കേഷനും ഡീബേസിന്റെ പതിപ്പുകൾക്കനുസരിച്ചും dbf ഫയലുകളുടെ ആന്തരികഘടനയിൽ മാറ്റങ്ങളുണ്ടാവാം. എല്ലാ dbf ഫയലുകളും, എല്ലാ ഡീബേസ്-അനുബന്ധ ആപ്ലിക്കേഷനുകൾക്കും അനുരൂപമാകണമെന്നില്ല.

ഡേറ്റാഫയലിനൊപ്പമുള്ള അനുബന്ധവിവരങ്ങൾ അതേ പേരിൽ മറ്റ് എക്സ്റ്റെൻഷനിലുള്ള ഫയലുകളിലായാണ് ശേഖരിക്കപ്പെടുന്നത്. ടേബിളിലുണ്ടാകാവുന്ന മെമോ ഫീൽഡിലെ വിവരങ്ങൾ ശേഖരിക്കുന്നതിന് .dbt എന്ന ഫയൽ ഫോർമാറ്റ് ഉപയോഗിക്കുന്നു. ഡീബേസിലെ ക്യാരക്റ്റർ ഫീൽഡിൽ പരമാവധി 254 അക്ഷരങ്ങളേ ശേഖരിക്കാനാകൂ. ഇതിൽക്കൂടുതൽ വലിപ്പമുള്ള എഴുത്ത് ശേഖരിക്കുന്നതിന് മെമോ ഫീൽഡ് ഉപയോഗിക്കുന്നു. മെമോ ഫീൽഡിലേക്കെഴുതുന്ന വിവരങ്ങൾ dbt ഫയലിലും dbf ഫയലിൽ ഈ വിവരത്തിലേക്കുള്ള ഒരു പോയിന്ററും ശേഖരിക്കുന്നു. മെമോ എന്നത്, dbt ഫയലിലേക്ക് വിരൽചൂണ്ടുന്ന 10 ബൈറ്റ് വലിപ്പമുള്ള ഒരു പോയിന്റർ ഫീൽഡാണ്. മെമോ ഫീൽഡിലെ വിവരങ്ങൾ വിശദമായി വിശകലനം ചെയ്യാനുള്ള കഴിവ് ഡീബേസിനില്ല. ഉദാഹരണത്തിന് മെമോ ഫീൽഡിനകത്തുള്ള വിവരങ്ങൾ തിരഞ്ഞ് കണ്ടുപിടിക്കാൻ ഡീബേസിൽ എളുപ്പമല്ല. എന്നാൽ ക്ലിപ്പർ പോലുള്ള മറ്റുചില എക്സ്ബേസ് ഭാഷകൾ മെമോ ഫീൽഡിനെയും, ക്യാരക്റ്റർ ഫീൽഡ് പോലെതന്നെ കൈകാര്യം ചെയ്യുന്നു.

ഡേറ്റാഫയലിന്റെ ഇൻഡെക്സ് വിവരങ്ങളും പ്രത്യേകം ഫയലുകളിലാണ് ഡീബേസ് സൂക്ഷിക്കുന്നത്. ഒറ്റ ഇൻഡെക്സ് ശേഖരിക്കുന്നതിന് .ndx ഫയൽഫോർമാറ്റും ഒന്നിലധികം (48 വരെ) ഇൻഡെക്സുകൾ ശേഖരിക്കുന്നതിന് .mdx (multiple-index) ഫയലുകളും ഉപയോഗിക്കുന്നു. ഇതേ ഇൻഡെക്സ് ഫോർമാറ്റുകൾ തന്നെ മറ്റു ചില എക്സ്ബേസ് ഭാഷകളും ഉപയോഗിക്കുന്നുണ്ടെങ്കിലും ക്ലിപ്പർ, .ntx ഫോർമാറ്റും, ഫോക്സ്പ്രോയും ഫ്ലാഗ്ഷിപ്പും .idx/.cdx ഫോർമാറ്റുകളുമാണ് ഉപയോഗിക്കുന്നത്. ക്ലിപ്പറിന്റെ പിൽക്കാലപതിപ്പുകളിൽ .ndx, .mdx, .idx and .cdx തുടങ്ങിയ എല്ലാത്തരം ഇൻഡെക്സ് ഫയലുകൾക്കുമുള്ള ഡ്രൈവറുകൾ ഉൾക്കൊള്ളിച്ചിരുന്നു.

കുറിപ്പുകൾ

[തിരുത്തുക]
  • ^ ആദ്യപതിപ്പ് എന്ന പേര് വിൽപ്പനയെ ബാധിക്കുമോ എന്ന ഭയം മൂലമാണ് ഡീബേസ് II എന്ന പേരുപയോഗിച്ചത്.[2]

അവലംബം

[തിരുത്തുക]
  1. "The History of FoxPro".
  2. 2.0 2.1 2.2 "ഡീബേസ് (1978)" (എച്ച്.ടി.എം.എൽ.). ജെറെമി നോർമൻസ് - കേവ് പെയിന്റിങ്സ് റ്റു ഇന്റെർനെറ്റ് (in ഇംഗ്ലീഷ്). ജെറെമി നോർമൻസ് ആൻഡ് കമ്പനി. Retrieved 20 ഒക്ടോബർ 2012.
  3. "ദ ലെജെൻഡ് ലിവ്സ് ഓൺ: അനൗൺസിങ് ഡീബേസ് 2.8" (എച്ച്.ടി.എം.എൽ.). യൂനിവേഴ്സൽ ത്രെഡ് (in ഇംഗ്ലീഷ്). ലെവൽ എക്സ്ടീംസ് ഇൻകോർപ്പറേറ്റെഡ്. 2012 ഏപ്രിൽ 23. Retrieved 2012 ഒക്ടോബർ 21. {{cite web}}: Check date values in: |accessdate= and |date= (help)
  4. "Migrating Applications from Visual dBASE 5.x to Visual dBASE 7".
  5. "Migrating an Application from dBASE IV to Visual dBASE (5.5)".
  6. Susan Lammers, "How it Started - JPLDIS: How Came The Idea", The History of FoxPro
  7. Susan Lammers, "Interview with Wayne Ratliff", The History of FoxPro
  8. "Ashton-Tate People", The History of FoxPro
  9. 9.0 9.1 9.2 9.3 9.4 9.5 9.6 9.7 9.8 ജീൻ പിയറി മാർട്ടെൽ. "എ പെഴ്സണൽ ഹിസ്റ്ററി ഓഫ് ഡീബേസ്". സ്റ്റോബ്അസോസിയേറ്റ്സ്.കോം. Archived from the original on 2016-03-03. Retrieved 2012 നവംബർ 13. {{cite web}}: Check date values in: |accessdate= (help)
  10. "പീപ്പിൾ ദാറ്റ് ബിഗാൻ ദ ഹിസ്റ്ററി - വെയ്ൻ റാറ്റ്ലിഫ്". ദ ഹിസ്റ്ററി ഓഫ് ഫോക്സ്പ്രോ (in ഇംഗ്ലീഷ്). Retrieved 2012 നവംബർ 14. {{cite web}}: Check date values in: |accessdate= (help)
  11. 11.0 11.1 11.2 11.3 "dBASE versions - technical definition". യുവർ ഡിക്ഷ്ണറി - കമ്പ്യൂട്ടർ. ലൗവ്റ്റു നോ കോർപ്പറേഷൻ. Archived from the original on 2013-03-30. Retrieved 2012 നവംബർ 15. {{cite web}}: Check date values in: |accessdate= (help)
  12. "About Visual dBase & dBase Plus". മേപ്പിൾസോഫ്റ്റ്.നെറ്റ്. Retrieved 2012 നവംബർ 15. {{cite web}}: Check date values in: |accessdate= (help)
  13. "Inprise Finally Sells Off dBASE to Ksoft". കമ്പ്യൂട്ടർ ബിസിനസ് റിവ്യൂ (in ഇംഗ്ലീഷ്). 1999 മാർച്ച് 14. Archived from the original on 2016-03-05. Retrieved 2012 നവംബർ 15. {{cite news}}: Check date values in: |accessdate= and |date= (help)
  14. http://office.microsoft.com/en-us/excel-help/troubleshoot-converting-file-formats-HP005203437.aspx
"https://ml.wikipedia.org/w/index.php?title=ഡീബേസ്&oldid=4108644" എന്ന താളിൽനിന്ന് ശേഖരിച്ചത്