അസെംബ്ലി ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Motorola MC6800 Assembly Language.

അസ്സെംബ്ലി ഭാഷ ഒരു കമ്പ്യൂട്ടർ പ്രോഗ്രാമുകൾ എഴുതാൻ ഉതകുന്ന നിമ്നതല (low level) ഭാഷയാണ്. ആദ്യകാലങ്ങളിൽ മെഷീൻ കോഡുകൾ ഉപയോഗിച്ചുള്ള പ്രോഗ്രാമിങ് രീതി മാത്രമായിരുന്നു നിലവിലുണ്ടായിരുന്നത്. സങ്കീർണമായ ഈ രീതിയെ ലഘൂകരിക്കുന്നതായിരുന്നു 1950 കളിൽ ഉപയോഗിച്ചു തുടങ്ങിയ അസംബ്ളി ഭാഷാരീതി. രണ്ടാം തലമുറ പ്രോഗ്രാമിങ് ഭാഷ എന്നും ഇത് അറിയപ്പെടുന്നു. യന്ത്ര ഭാഷയെ അപേക്ഷിച്ച്‌ സരളമായ നെമോണിക് കോഡുകൾ നിർദ്ദേശങ്ങളായി ഇതിൽ ഉപയോഗിക്കുന്നു.

മെഷീൻ ഭാഷയിൽ ഉപയോഗിക്കുന്ന ബൈനറി രീതിക്ക് പകരമായി അഡ്രസ്/ക്രിയകൾ രേഖപ്പെടുത്താൻ ഇംഗ്ലീഷ് വാക്കുകളോടു സാമ്യമുള്ള പേരുകൾ ആണ് ഈ ഭാഷയിൽ ഉപയോഗിക്കുന്നത്. (ഉദാ. ADD,DIV), പേരിൽ നിന്നു തന്നെ ഏതു ക്രിയ ചെയ്യണം എന്നത് എളുപ്പത്തിൽ ഗ്രഹിക്കാൻ സാധിക്കുന്ന രീതിയിലുള്ള പദങ്ങൾ ഉപയോഗിക്കുന്നതു മൂലം ഈ കോഡുകളെ നെമോണിക്കുകൾ (Mnemonics) എന്നു വിളിക്കുന്നു. അസ്സെംബ്ലി ഭാഷയും യന്ത്ര തല ഭാഷയും ഓരോരോ കമ്പ്യൂട്ടർ ആർക്കിടെക്ചറിനും വ്യത്യസ്തമാണ്. അതായത്‌ ഒരു കമ്പ്യൂട്ടറിനായി ഉണ്ടാക്കുന്ന അസ്സെംബ്ലി ഭാഷാ പ്രോഗ്രാമുകൾ മറ്റൊരു കമ്പ്യൂട്ടർ ശ്രേണിയിൽ പ്രവർത്തിക്കണമെന്നില്ല. അതിനാൽ ഹൈ ലെവൽ കംപ്യൂട്ടർ ഭാഷകളെപ്പോലെ ഇവ പോർട്ടബിൾ അല്ല.

അസംബ്ലർ (നോ: അസംബ്ലർ) എന്ന സോഫ്റ്റ്‌വെയറാണ് അസംബ്ളി ഭാഷാ കോഡുകളെ മെഷീൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്നത്. നേരിട്ടുള്ള ഹാർഡ് വെയർ ക്രിയകൾക്കാണ് ഇന്ന് പ്രധാനമായും അസംബ്ളി ഭാഷ ഉപയോഗിക്കുന്നത്. ഡിവൈസ് ഡ്രൈവറുകളിലും എംബഡഡ് സംവിധാനങ്ങ ളിലും റിയൽ ടൈം സംവിധാനങ്ങളിലും അസംബ്ലി ഭാഷ ഉപയോഗിക്കാറുണ്ട്.

കമ്പ്യൂട്ടർ പ്രോഗ്രാമുകൾ നിർമ്മിക്കാൻ, അസ്സെംബ്ലി ഭാഷ, മുൻ കാലങ്ങളിൽ വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു. എന്നാൽ കൂടുതൽ സരളമായ ഉന്നത തല ഭാഷകളുടെ ആവിർഭാവത്തോടു കൂടി ഈ ഭാഷയുടെ ഉപയോഗം കമ്പ്യൂട്ടർ ഹാർഡ്‌വെയറിനെ നേരിട്ട്‌ നിയന്ത്രിക്കേണ്ടുന്ന പ്രോഗ്രാമുകളുടെ നിർമ്മാണത്തിൽ മാത്രമായി ഒതുങ്ങി. ഉന്നത തല ഭാഷകളേക്കാൾ വേഗത്തിൽ ഓടുമെന്നതാണ് അസെംബ്ലി ഭാഷയിലെഴുതപ്പെട്ടിട്ടുള്ള പ്രോഗ്രാമുകളുടെ ഗുണം. സി പോലുള്ള ഉന്നത തല ഭാഷകൾ അസെംബ്ലിയിലെഴുതിയ പ്രോഗ്രാമുകൾ ഉൾപ്പെടുത്താൻ സ്വന്തമായ വഴികൾ നൽകുന്നുണ്ട്.


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അസംബ്ലി ഭാഷ (കംപ്യൂട്ടർ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അസെംബ്ലി_ഭാഷ&oldid=1964959" എന്ന താളിൽനിന്ന് ശേഖരിച്ചത്