Jump to content

ഡിവൈൻ കോമഡി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡാന്റെ കോമഡിയുടെ പകർപ്പുമേന്തി നരകകവാടത്തിനു മുൻപിൽ നിൽക്കുന്നതായി കാണിക്കുന്ന മിഷലിനോയുടെ ചിത്രം - ശുദ്ധീകരണമലയുടെ പടവുകളും ഫ്ലോറൻസ് നഗരവും പശ്ചാത്തലത്തിലും സ്വർഗ്ഗഗോളങ്ങൾ മുകളിലും കാണാം.

ഇറ്റാലിയൻ സാഹിത്യത്തിലെ മുഖ്യ ഇതിഹാസകാവ്യവും ലോകസാഹിത്യത്തിലെ ഏണ്ണപ്പെട്ട രചനകളിൽ ഒന്നുമാണ് ഡാന്റെ അലിഘിയേരി രചിച്ച ഡിവൈൻ കോമഡി. 1308-നും 1321-ൽ ഡാന്റെയുടെ മരണത്തിനും ഇടയിലാണ് അത് എഴുതപ്പെട്ടത്.[1]ഈ കവിതയിൽ തെളിയുന്ന മരണാനന്തര ലോകത്തിന്റെ ചിത്രം, പാശ്ചാത്യക്രൈസ്തവസഭയിൽ വികസിച്ചുവന്ന മദ്ധ്യകാല ലോകവീക്ഷണത്തിന്റെ അന്തിമരൂപമാണ്. ടസ്കനിയിലെ നാട്ടുഭാഷയെ ഇറ്റാലിയൻ ഭാഷയുടെ സാമാന്യരൂപമായി സ്ഥാപിച്ചെടുത്തത് ഈ കാവ്യമാണ്.[2] കൃതി, നരകം, ശുദ്ധീകരണസ്ഥലം, പറുദീസ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു.


"സ്വഭാവം കൊണ്ടല്ലാതെ ജനനം കൊണ്ടു മാത്രം ഫ്ലോറൻസുകാരനായ ഡാന്റെ അലിഘിയേരിയുടെ കോമഡി" എന്നാണ് കൃതിക്ക് ഗ്രന്ഥകർത്താവ് നൽകിയ പേരെന്ന്, കോമഡിയുടെ ആദ്യാദ്ധ്യായത്തിന്റെ കൈയെഴുത്തുപ്രതിക്കൊപ്പം തന്റെ ആശ്രയദാതാവ് ഡെല്ല സ്കാലയ്ക്ക് ഡാന്റെ എഴുതിയതായി കരുതപ്പെടുന്ന കത്തിൽ നിന്ന് മനസ്സിലാക്കാം.[3] ആദ്യം 'കോമഡി' എന്നു മാത്രമായിരുന്ന പേരിനോട് പിൽക്കാലത്ത് 'ഡിവൈൻ' (ദൈവികം) എന്ന വിശേഷണം കൂട്ടിച്ചേർത്തത് ഇറ്റാലിയൻ കവി ജിയോവനി ബൊക്കാച്ചിയോ ആണ്. 'ഡിവൈൻ' എന്നു കൂടി ചേർത്ത പേരോടു കൂടിയ ആദ്യത്തെ പതിപ്പ് പ്രസിദ്ധീകരിച്ചത് വെനീസിലെ മാനവീയവാദി ലൊഡോവിക്കോ ഡോൾസ് 1555-ലാണ്.[4] കിളിമാനൂർ രമാകാന്തൻ ഈ കൃതി മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

കഥാഘടന[തിരുത്തുക]

നരകം, ശുദ്ധീകരണസ്ഥലം, സ്വർഗം എന്നിങ്ങനെ മൂന്നു പർവ്വങ്ങളിലായി പതിനാലായിരത്തിലേറെ വരികളടങ്ങിയ രചനയാണ് 'കോമഡി'. ഓരോ പർവ്വത്തിലും 33 അദ്ധ്യായങ്ങൾ(Cantos) ഉണ്ട്. തുടക്കത്തിൽ, മൊത്തം കാവ്യത്തിന്റെ അവതരണഭാഗമായി വരുന്ന ആദ്യാദ്ധ്യായം ആദ്യപർവ്വത്തിന്റെ ഭാഗമായതിനാൽ ആ പർവ്വത്തിൽ 34 അദ്ധ്യായങ്ങൾ ഉണ്ട്. അങ്ങനെ മൊത്തം അദ്ധ്യായങ്ങളുടെ സംഖ്യ 100 ആവുന്നു. കവിതയുടെ ഘടനയിൽ ക്രിസ്തീയ ത്രിത്വത്തിന്റെ സംഖ്യയായ മൂന്നിന് വലിയ പ്രാധാന്യമുണ്ട്. പർവ്വങ്ങളുടെ എണ്ണം, ഓരോ പർവത്തിലേയും അദ്ധ്യായങ്ങളുടെ എണ്ണം അദ്ധ്യായങ്ങളിലെ മൂന്നു വരികൾ ചേർന്ന ഖണ്ഡങ്ങളുടെ "ടെർസാ റീമാ" എന്ന വൃത്തരീതി എന്നിവയെല്ലാം മൂന്നിനെ ആശ്രയിക്കുന്നു. ഡാന്റെയ്ക്ക് പരലോകത്തിൽ വഴികാട്ടികളായതും മൂന്നു പേരാണ്(വിർജിൽ‍, ബിയാട്രിസ്, വിശുദ്ധ ബെർണാർദ്). മൂന്നിന്റെ വർഗ്ഗമായ ഒൻപതിനും പ്രാധാന്യം കല്പിക്കപ്പെട്ടിട്ടുണ്ട്. നരകവൃത്തങ്ങളുടേയും, ശുദ്ധീകരണമലയുടെ പടവുകളുടേയും, സ്വർഗ്ഗമണ്ഡലങ്ങളുടേയും എല്ലാം എണ്ണം ഒൻപതാണ്.

കോമഡിയുടെ പർവ്വങ്ങൾ മൂന്നിലും അവാസാനത്തെ വാക്ക് 'നക്ഷത്രം' ആണ്.

ഡാന്റെയുടെ പർവ്വങ്ങളെ ആശ്രയിച്ച് ആൽബർട്ട് റിറ്റർ രൂപപ്പെടുത്തിയ കോമഡിയുടെ ഭൂമിശാസ്ത്രം:നരകകവാടം ഫ്ലോറൻസിനടുത്താണ്. നരകവൃത്തങ്ങൾ ഭൂമദ്ധ്യത്തിലേക്കിറങ്ങിച്ചെല്ലുന്നു; ശുദ്ധീകരണമലയുടെ അരികിലെത്തുന്നതിനു മുൻപ് 34-ആം അദ്ധ്യായത്തിൽ നടക്കുന്ന കീഴ്‌മറിയലാണ് വലതുവശത്തെ ചിത്രത്തിൽ. ശുദ്ധീകരമല പിന്നിട്ട് ഡാന്റെ മുകളിൽ ഒന്നാം സ്വർഗ്ഗഗോളത്തിലെത്തുന്നു.


ഉത്തമപുരുഷനിൽ എഴുതിയിരിക്കുന്ന കാവ്യം 1300-ആം ആണ്ടിലെ വസന്തത്തിൽ ദുഃഖവെള്ളിയാഴ്ചയ്ക്ക് മുൻപുള്ള രാത്രിക്കും ഉയിർപ്പുതിരുനാളിനെ തുടർന്നുള്ള ബുധനാഴ്ചയ്ക്കും ഇടയിൽ ഡാന്റെ നടത്തിയതായി സങ്കല്പിക്കപ്പെട്ട പരലോകയാത്രയുടെ കഥയാണ്. നരകത്തിലും ശുദ്ധീകരണസ്ഥലത്തിലും അദ്ദേഹത്തിനു വഴികാട്ടിയായത് പുരാതന റോമിലെ കവി വിർജിൽ ആണ്; നരകത്തിൽ ജ്ഞാനസ്നാനം ലഭിക്കാതെ മരിച്ച നീതിമാന്മാർക്കു വേണ്ടിയുള്ള സന്നിഗ്ദവൃത്തത്തിൽ കഴിയുകയായിരുന്നു വിർജിൽ. ഡാന്റെയുടെ പ്രേമഭാജനവും ആദർശവനിതയുമായിരുന്ന ബിയാട്രീസ് സ്വർഗ്ഗത്തിൽ വഴികാട്ടിയാവുന്നു. ഡാന്റെ ബാല്യത്തിൽ കണ്ടുമുട്ടി, അക്കാലത്തെ ധീരപ്രണയസങ്കല്പങ്ങളുടെ മാതൃകയിൽ അകലെനിന്ന് ആരാധിച്ച ഫ്ലോറൻസുകാരി ബിയാട്രീസ്, കോമഡിയുടെ രചനാകാലത്തിനു മുൻപേ മരിച്ചിരുന്നു. പരലോകയാത്രയുടെ അന്ത്യത്തിൽ സ്വർഗ്ഗാതിസ്വർഗ്ഗത്തില് (empyrean) എത്തിച്ചേർന്ന ഡാന്റെയെ യേശുവിന്റെ അമ്മ മേരി വഴിയുള്ള ദൈവസായൂജ്യത്തിലേയ്ക്ക് നയിച്ചത് പന്ത്രണ്ടാം നൂറ്റാണ്ടിലെ ക്രൈസ്തവ വിശുദ്ധനും നവീകർത്താവുമായിരുന്ന ബെർണാർദ് ആണ്.


ഉത്തര ഇറ്റലിയിൽ ഗുവേൽഫുകളും ഘിബല്ലൈന്മാരുമായി നടന്നുവന്നിരുന്ന രാഷ്ട്രീയപ്പോരിൽ, വിശുദ്ധറോമ്മാ സാമ്രാട്ടിനെതിരെ മാർപ്പാപ്പയെ പിന്തുണച്ചിരുന്ന ഗുവേൽഫുകൾക്കൊപ്പമായിരുന്നു ഡാന്റെ. 1300-നടുത്ത് ഫ്ലോറൻസിലെ ഗുവേൽഫുകൾ ധവളഗുവേൽഫുകൾ, കറുത്തഗുവേൽഫുകൾ എന്നിങ്ങനെ രണ്ടു ചേരികളായി തിരിഞ്ഞു. ഡാന്റെ ധവളഗുവേൽഫുകൾക്കൊപ്പമായിരുന്നു. 1302-ൽ, കറുത്ത ഗുവേൽഫുകളെ പിന്തുണച്ച ബോണിഫസ് എട്ടാമൻ മാർപ്പാപ്പയുടെ അഭ്യർത്ഥനയനുസരിച്ച്, വാലോയിസിലെ ചാൾസിന്റെ സൈന്യം ഫ്ലോറൻസിൽ പ്രവേശിച്ചതിനെ തുടർന്ന് വെളുത്ത ഗുവേൽഫുകൾ നാടുകടത്തപ്പെട്ടു. ഡാന്റെയുടെ ശിഷ്ടജീവിതം മുഴുവൻ നീണ്ടുനിന്ന ഈ പ്രവാസത്തിന്റെ സ്വാധീനം കോമഡിയിലെ പ്രവചനങ്ങളിലും രാഷ്ട്രീയവീക്ഷണങ്ങളിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ എതിരാളികളിൽ പലർക്കും ലഭിച്ച നിത്യശിക്ഷയിലും പ്രതിഫലിക്കുന്നു.

നരകം[തിരുത്തുക]

ഭോഗാസക്തിയുടെ കാട്ടിൽ, രക്ഷയിലേക്കുള്ള വഴിതടയപ്പെട്ട ഡാന്റെയെ വഴികാട്ടിയായ വിർജിൽ കണ്ടെത്തുന്നു - വില്യം ബ്ലെയ്കിന്റെ രചന

1300-ൽ ദുഃഖവെള്ളിയാഴ്ചയുടെ തലേരാത്രി ഡാന്റെയുടെ "ജീവിതവഴിയുടെ പകുതി" വച്ചാണ്. അപ്പോൾ 35 വയസ്സിൽ, ബൈബിളിൽ പറഞ്ഞിരിക്കുന്ന (സങ്കീർത്തനം 90:10) മനുഷ്യജീവിതദൈർഘ്യമായ 70-ന്റെ പകുതിയിലായിരുന്ന ഡാന്റെ, വിർജിൽ കണ്ടെത്തുന്നതിനു മുൻപ് ആത്മഹത്യയുടെ വക്കിലായിരുന്നെന്ന് കോമഡിയുടെ മറ്റുഭാഗങ്ങളിൽ സൂചനയുണ്ട്. [5]സിംഹവും, പുലിയും പെൺചെന്നായും മുന്നിൽ നിന്ന് അദ്ദേഹത്തിന് രക്ഷയുടെ സൂര്യനിലേയ്ക്കുള്ള വഴി തടഞ്ഞിരിക്കുകയായിരുന്നു. താൻ നശിക്കുകയാണെന്നും സൂര്യൻ നിശ്ശബ്ദമായിരിക്കുന്ന അഗാധതയിലേയ്ക്ക് പതിക്കുകയാണെന്നും അറിഞ്ഞ അദ്ദേഹത്തെ അവസാനം ഇഷ്ടകവിയും മാതൃകാപുരുഷനുമായിരുന്ന വിർജിൽ രക്ഷപെടുത്തുന്നു. വിർജിലിനെ ഡാന്റേയുടെ രക്ഷയ്ക്കയച്ചത്, ബിയാട്രിസ് ആണ്. ആ കാട്ടിൽ നിന്നു രക്ഷപെടാനുള്ള വഴി നരകത്തിലും ശുദ്ധീകരണ സ്ഥലത്തിലും കൂടിയാണെന്ന് വിർജിൽ അറിയിച്ചതനുസരിച്ച് അവരിരുവരും ചേർന്ന് അധോലോകത്തിലേക്കുള്ള യാത്ര തുടങ്ങുന്നു.

കവാടം[തിരുത്തുക]

ഭൂതലത്തിലെ തുരങ്കം കടന്ന് നരകവാടത്തിലെത്തിയ അവർക്ക് അതിൽ എഴുതിവച്ചിരുന്ന ഈ "സ്വാഗതവചനങ്ങൾ" വായിക്കാനായി:-

നരകം സങ്കല്പിക്കപ്പെട്ടിരിക്കുന്നത് ഭൗമോപരിതലത്തിനു താഴെ തുടങ്ങി ഭൂമദ്ധ്യത്തോളമെത്തുന്ന ചോർപ്പിന്റെ (funnel) ആകൃതിയുള്ള ഒരിടമായിട്ടാണ്. ഡാന്റെ അതിനെ ശക്തവും പീഡാരതി(sadism) എന്നു വിശേഷിപ്പിക്കാവുന്നതുമായ ഭാവനയോടെ[6] വിവരിക്കുന്നു.

നിർഗ്ഗുണവൃത്തം, നദി[തിരുത്തുക]

നരകച്ചോർപ്പിന്റെ വിളുമ്പിലെ വൃത്തം എല്ലാക്കാര്യത്തിലും നിഷ്‌പക്ഷത പാലിച്ച നിർഗ്ഗുണന്മാർക്കായി നീക്കിവച്ചിരിക്കുന്നു. ദൈവത്തിനെതിരായുള്ള ലൂസിഫറിന്റെ കലാപത്തിൽ ഇരുപക്ഷവും ചേരാതെ നിന്ന മാലാഖമാരേയും ഇവിടെ കാണാം. ദൈവകാരുണ്യവും ദൈവനീതിയും ഒരുപോലെ കൈവിട്ടതിനാലാണ് അവർക്ക് സ്വർഗ്ഗത്തിലും നരകത്തിലും ഇടം കിട്ടാതെ പോയത്. നിർഗ്ഗുണന്മാരായ അവരെക്കുറിച്ച് ഒന്നും പറയാതെ കടന്നുപോവുകയാണ് സന്ദർശകർ ചെയ്തത്. മാർപ്പാപ്പ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് വൈമനസ്യപൂർവം സ്വീകരിച്ചിട്ട് മാസങ്ങൾക്കുള്ളിൽ സ്ഥാനമൊഴിഞ്ഞ സെലസ്റ്റൈൻ അഞ്ചാമൻ മാർപ്പാപ്പയേയും ഡാന്റെ നിർഗ്ഗുണവൃത്തത്തിൽ കാണുന്നുണ്ട്.[ക]

നരകാതിർത്തിയിലുള്ള ആക്കെറോൺ നദി കടത്തി ദുഷ്ടാത്മാക്കളെ നരകത്തിലെത്തിക്കുന്ന കാരൻ - ഗുസ്താവ് ഡോറിന്റെ ഡിവൈൻ കോമഡി പരമ്പരയിൽ നിന്ന്(1861–1868).

നിർഗ്ഗുണവൃത്തം കഴിഞ്ഞാൻ പിന്നെ നരകാതിർത്തിയിലുള്ള ആക്കെറോൺ നദിയാണ്. ഹോമറുടെ കാലം മുതൽ അവിടെയുണ്ടായിരുന്ന വൃദ്ധൻ, കാരൻ എന്ന കടത്തുകാരന്റെ വഞ്ചിയിൽ ഡാന്റെയും വിർജിലും നദി കടന്ന് നരകത്തിന്റെ ആദ്യവൃത്തത്തിലെത്തി.

നരകവൃത്തങ്ങൾ[തിരുത്തുക]

 • രണ്ടാം വൃത്തം വിഷയാസക്തർക്കുള്ളതാണ്. അവരെ ഇവിടെ അവസാനിക്കാത്ത കൊടുങ്കാറ്റ് നിത്യം വീശിയെറിയുന്നു. ഗ്രീക്ക് ഇതിഹാസമായ ഇലിയഡിലെ കഥാപാത്രങ്ങളായ പാരിസ്-ഹെലൻ ജോഡി, ക്ലിയോപാട്ര മുതലായവർ ഇവിടെയാണ്.
 • മൂന്നാം വൃത്തം തീറ്റിപ്പണ്ടങ്ങളുടെ ഇടമാണ്. ഭോജനപ്രിയർ ഇവിടെ ചളിക്കുണ്ടിൽ കിടന്ന് കൊടുങ്കാറ്റിലും മഞ്ഞുമഴയിലും എല്ലാം പീഡിപ്പിക്കപ്പെടുന്നു.
 • നാലാം വൃത്തം ധൂർത്തന്മാരുടേയും ലുബ്ധന്മാരുടേയും പരലോകമാണ്. ഒരേ ഭാരങ്ങൾ ഒരിക്കലും നീങ്ങാത്ത വണ്ണം വിരുദ്ധദിശയിൽ നിത്യകാലം ഉന്തുകയെന്നതാണ് അവർക്കു വിധിച്ചിട്ടുള്ളത്.
 • അഞ്ചാം വൃത്തം: ഇവിടെ വിദ്വേഷികളും, തീക്ഷ്ണതയില്ലാത്ത മന്ദന്മാരും പീഡിപ്പിക്കപ്പെടുന്നു.
 • ആറാം വൃത്തം: മതദ്രോഹികൾ ഇവിടെ ജ്വലിക്കുന്ന ശവക്കുഴികളിൽ പൊരിയുന്നു.
 • ഏഴാം വൃത്തം അക്രമം പ്രവർത്തിച്ചവരുടെ പീഡനസ്ഥാനമാണ്. അവർ അവിടെ പാഞ്ഞൊഴുകുന്ന രക്തനദിയിൽ മുങ്ങിമരിക്കാറായ സ്ഥിതിയിൽ എപ്പോഴും കഴിയുന്നു. ഈ വൃത്തത്തിന്റെ ഒരു ഭാഗത്ത് ആത്മഹത്യ ചെയ്തവരാണ്. മറ്റൊരു ഭാഗത്ത് ദൈവത്തോടോ, കലയോടോ, അവനവനോടു തന്നെയോ അക്രമം പ്രവർത്തിച്ചവരാണ്. സ്വവർഗ്ഗഭോഗികളുടെ സ്ഥാനവും ഇവിടമാണ്.
ചോർപ്പാകൃതിയുള്ള ഡാന്റെയുടെ നരകം ബോട്ടിച്ചെല്ലിയുടെ ഭാവനയിൽ
 • എട്ടാം വൃത്തം വഴിപിഴപ്പിക്കുന്നവർ, സ്തുതിപാഠകന്മാർ, വിശുദ്ധിവ്യാപാരികൾ(simoniacs) തുടങ്ങിയവരുടെ ഇടമാണ്. വിശുദ്ധിവ്യാപാരികളെ തലകീഴായി കുഴിച്ചിട്ടാണ് ശിക്ഷിക്കുന്നത്. കുഴിക്കു വെളിയിൽ നിൽക്കുന്ന കാലുകളെ അഗ്നിനാളങ്ങൾ നക്കുന്നു. കോമഡിയുടെ രചനക്ക് കാൽ നൂറ്റാണ്ടു മാത്രം മുൻപ് മരിച്ച നിക്കോളാസ് മൂന്നാമൻ മാർപ്പാപ്പ അപ്പോൾ അവിടെ വിശുദ്ധവ്യാപാരത്തിന് ശിക്ഷിക്കപ്പെട്ടിരുന്നു. ബോണിഫസ് എട്ടാമൻ, ക്ലെമന്റ് അഞ്ചാമൻ തുടങ്ങിയ മാർപ്പാപ്പമാരും താമസിയാതെ അവിടെയെത്തുമെന്ന് നിക്കോളാസ് ഡാന്റെയോട് പറഞ്ഞു. എട്ടാം വൃത്തത്തിന്റെ മറ്റൊരു ഭാഗത്ത് ഗണികന്മാരും ജ്യോതിഷികളും മറ്റുമായിരുന്നു. തല പുറകോട്ടു തിരിച്ചു നടക്കാനാണ് അവർക്കു വിധി. മറ്റൊരിടത്ത് പൊതുമുതൽ മോഷ്ടിക്കുന്നവരും വേറൊരിടത്ത് കാപട്യക്കാരും ആയിരുന്നു. ദുരുപദേശക്കാരായിരുന്നു മറ്റൊരിടത്ത്. ഹോമറിന്റെ ഇലിയഡിലേയും ഒഡീസ്സിയിലേയും കഥാപാത്രമായ ഒഡീസിയസ് അവരിൽ ഒരാളായിരുന്നു. ഇനിയുമൊരിടത്ത് അപവാദപ്രചരണക്കാരും ധർമ്മഭേദികളും (schismatics) ഉണ്ടായിരുന്നു. അംഗങ്ങൾ പിരിച്ച് കീറപ്പെട്ട ശരീരവുമായി അവർ നിത്യതയോളം അവിടെ അലഞ്ഞു നടന്നു. എട്ടാം വൃത്തത്തിന്റെ അവസാന ഭാഗത്ത് വ്യാജരേഖകൾ ചമക്കുന്നവർ, കള്ളനാണയക്കാർ, രസായനന്മാർ(alchemists) തുടങ്ങിയവരായിരുന്നു.
 • ഒൻപതാം വൃത്തം: നരകച്ചോർപ്പിന്റെ ഏറ്റവും താഴെയുള്ള ഈ വൃത്തം ഒരു ഹിമക്കിണറായിരുന്നു. രാജദ്രോഹികൾ, സ്വാമിദ്രോഹികൾ മുതലായ ഒറ്റുകാർക്കുവേണ്ടി മാറ്റി വയ്ക്കപ്പെട്ട സ്ഥലമാണിത്. പിസായെ ഒറ്റിക്കോടുത്ത ഉഗോളിനോ പ്രഭുവിനെ, അയാളെ തടവിൽ പട്ടിണിക്കിട്ട് കൊന്ന റഗിയേരി മെത്രാപ്പോലീത്തയോട് ചേർത്ത് ഇവിടെ കെട്ടിയിട്ടിരുന്നു. മെത്രാപോലീത്തയുടെ തല ഉഗോളിനോ വായിലിട്ട് ചവയ്ക്കുന്നുണ്ടായിരുന്നു. നരകത്തിന്റെ തീരെ ഇടുങ്ങിയ അടിഭാഗത്താണ് ഭീമാകാരനായ ലൂസിഫർ അരയോളം ഹിമത്തിൽ മൂടി ബന്ധിക്കപ്പെട്ടിരുന്നത്. അയാൾ വലിയ ചിറകുകൾ അടിച്ചുകൊണ്ടിരുന്നു. ലൂസിഫറുടെ തലയിൽ മൂന്നു മുഖങ്ങളുണ്ടായിരുന്നു. ആ മുഖങ്ങളിലെ കണ്ണുകളിൽ നിന്ന് ഖനീഭവിച്ച രക്തം കണ്ണീരായി ഒഴുകി. മൂന്നു വായ്‌കളിൽ അയാൾ ഓരോ ദ്രോഹിയെ ചവച്ചു കൊണ്ടിരുന്നു. ബ്രൂട്ടസ്, കാസ്സിയസ്, യൂദാസ് എന്നിവരായിരുന്നു ആ ദ്രോഹികൾ.

ശുദ്ധീകരണ സ്ഥലം[തിരുത്തുക]

ശുദ്ധീകരണമല[തിരുത്തുക]

കോമഡിയിലെ ശുദ്ധീകരണമല ബോട്ടിച്ചെല്ലിയുടെ ഭാവനയിൽ

നരകത്തിലെ യാത്ര അവസാനിപ്പിച്ച ഡാന്റെയും വിർജിലും ശിരോപാദങ്ങളുടെ ദിശതിരിച്ച് മുകളിലേയ്ക്ക് യാത്രചെയ്ത് ഉയിർപ്പു ഞായറാഴ്ച പ്രഭാതത്തിൽ ദക്ഷിണാർദ്ധഗോളത്തിൽ ശുദ്ധീകരണമലയുടെ അടിവാരത്തിലെത്തി. സമുദ്രമധ്യത്തിൽ ഉയർന്ന്, കോണാകൃതിയും ഒൻപത് എടുപ്പുകളുമായുള്ള ഒരു മലയാണ് ഡാന്റെയുടെ ശുദ്ധീകരണസ്ഥലം. ദൈവപ്രീതിയിലും പശ്ചാത്താപത്തിലും മരിച്ചവരെങ്കിലും ശുദ്ധീകരണം വേണ്ട പാപക്കറ അവശേഷിക്കുന്നവരാണ് ഇവിടെ എത്തുന്നത്.

പൂർവകക്ഷം[തിരുത്തുക]

ശുദ്ധീകരണമലയുടെ ഏറ്റവും താഴെയുള്ള എടുപ്പ് ശുദ്ധീകരണസ്ഥലത്തിനു പുറത്തുള്ള പൂർവകക്ഷമാണ്(ante-purgatory). സഭയുമായി രമ്യതയിലല്ലാതിരുന്നതുകൊണ്ടോ അലസതകോണ്ടൊ കുംബസാരത്തിലൂടെയുള്ള പാപമോചനം നേടാനായില്ലെങ്കിലും, പാപത്തെക്കുറിച്ചുള്ള പശ്ചാത്താപത്തോടെ മരിക്കുന്നവരുടെ കാത്തിരിപ്പിന്റെ ഇടമാണിത്. സഭാപിണക്കത്തിന്റെയോ അലസതയുടെയോ കാലദൈർഘ്യത്തിന്റെ മുപ്പതിരട്ടി ഇവിടെ കാത്തിരുന്ന ശേഷമേ അവർക്ക് ശുദ്ധീകരണസ്ഥലത്തിൽ പ്രവേശനം കിട്ടുകയുള്ളു.

ശുദ്ധീകരണസ്ഥലത്തിലെ യാത്ര തുടങ്ങുന്നതിനു മുൻപ് വിർജിൽ മഞ്ഞുകൊണ്ട് ഡാന്റെയുടെ മുഖത്തുണ്ടായിരുന്ന നരകവിയർപ്പും പൊടിയും തുടച്ചുമാറ്റുന്നു.

ശുദ്ധീകരണം[തിരുത്തുക]

തുടർന്നു വരുന്ന ഏഴെടുപ്പുകളിൽ ക്രൈസ്തവദൈവശാസ്ത്രം അനുസരിച്ചുള്ള മൂലപാപങ്ങൾ ഓരോന്നായി ശുദ്ധീകരിക്കപ്പെടുന്നു. ശുദ്ധീകരണത്തിന്റെ ഓരോ എടുപ്പും കഴിയുന്തോറും ദുരിതത്തിന്റെ കാഠിന്യം കുറയുന്നു. ഓരോ എടുപ്പു കയറുമ്പോഴും ഒരു മാലാഖ സുവിശേഷഭാഗ്യങ്ങളിൽ (Beatitudes) ഒന്ന് ചൊല്ലുകയും ചെയ്യും. ശുദ്ധീകരണമലയുടെ ഉച്ചിയിലെ ഏടുപ്പ് ഭൗമികപറുദീസയാണ്.

ഒന്നാമത്തെ ഏടുപ്പിൽ ശിക്ഷിക്കപ്പെടുന്ന പാപം അഹങ്കാരമാണ്. വലിയ കല്ലുകൾ പുറത്തു ചുമന്നുകൊണ്ടു നടക്കുന്നതാണ് ശിക്ഷ. രണ്ടാം എടുപ്പിൽ അസൂയ ശിക്ഷിക്കപ്പെടുന്നു. കണ്ണുകളെ ഇരുമ്പു സൂചികൊണ്ട് ആവർത്തിച്ച് തുന്നിയടക്കുകയാണ് ആ പാപത്തിനുള്ള ശിക്ഷ. അതുപോലെ മൂന്നാം ഏടുപ്പിൽ കോപവും, നാലാം എടുപ്പിൽ മടിയും ശിക്ഷിക്കപ്പെടുന്നു. അഞ്ചാം ഏടുപ്പിലെ ശിക്ഷ ദ്രവ്യാഗ്രഹത്തിനാണ്. ഒരുകാലത്ത് ധനമോഹം കാട്ടിയിരുന്ന ഹാഡ്രിയൻ അഞ്ചാമൻ മാർപ്പാപ്പ അവിടെ അപ്പോൾ ശിക്ഷയേൽക്കുന്നുണ്ടായിരുന്നു. ആ ഏടുപ്പിൽ സന്ദർശകർ, പുരാതന റോമിലെ കവി സ്റ്റാറ്റിയസ്സിനേയും കണ്ടുമുട്ടി. ആറാം ഏടുപ്പിൽ ശിക്ഷിക്കപ്പെട്ടിരുന്നത് ഭോജനപ്രിയം ആണ്. അവാസാനത്തേതായ ഏഴാം എടുപ്പിൽ ഭോഗപരതക്കായിരുന്നു ശിക്ഷ. ശുദ്ധീകരണത്തിന്റെ അവസാനത്തെ ഏടുപ്പും കഴിഞ്ഞപ്പോൾ ഒരു മാലാഖ അവരെ ഭൗമികപറുദീസയിലേക്ക് നയിച്ചു. അവിടെ, അതുവരെ വഴികാട്ടിയായിരുന്ന വിർജിൽ ഡാന്റെയെ വിട്ടുപോയി.

ബിയാട്രിസ്[തിരുത്തുക]

ഡാന്റെയും ബിയാട്രിസും, ഗുസ്താവ് ഡോറിന്റെ ചിത്രം

ഭൗമികപറുദീസ പണ്ട് ആദിമാതാപിതാക്കൾ വസിച്ചിരുന്ന ഏദേൻ തോട്ടമായിരുന്നു. ദൈവത്തെ ധിക്കരിച്ച് പാപം ചെയ്തതിനെ തുടർന്ന് അവർ അവിടന്ന് ബഹിഷ്കരിക്കപ്പെട്ടതിനാൽ ഇപ്പോൾ അവിടം വിജനമായിക്കിടക്കുന്നു. അവിടത്തെ സൗന്ദര്യം ആസ്വദിച്ച് നടന്ന ഡാന്റെക്കു മുൻപിൽ സ്വർഗ്ഗത്തിൽ നിന്ന് ബിയാട്രിസ് ഇറങ്ങിച്ചെന്നു. കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തിൽ പൊതിഞ്ഞിരുന്ന അവളുടെ സാന്നിദ്ധ്യം അറിയാനായെങ്കിലും അവളെ കാണാനാകാതെ വിഷമിച്ച് ഡാന്റെ കരഞ്ഞു. വിർജിൽ ഡാന്റെയെ കണ്ടെത്തി രക്ഷപെടുത്തിയ വനം അയാളുടെ വിഷയലോലുപമായ ജീവിതമായിരുന്നെന്നും തനിക്കുവേണ്ടി കരയാതെ ആ ജീവിതത്തിലെ പാപങ്ങളെയോർത്ത് കരയാനും ബിയാട്രിസ് ഡാന്റെയോടു പറഞ്ഞു. ലജ്ജാപരവശനായി നിലത്തുവീണ് പാപങ്ങൾ ഏറ്റുപറഞ്ഞ ഡാന്റെയ്ക്ക് ഒടുവിൽ ബിയാട്രിസ് സ്വർഗ്ഗത്തിലെ തന്റെ ആത്മീയസൗന്ദര്യം പ്രകടമാക്കി. എന്നാൽ അവളുടെ മുഖത്തല്ലാതെ പാദങ്ങളിൽ മാത്രം നോക്കാൻ സ്വർഗ്ഗീയ കന്യകമാർ അയാളെ ഉപദേശിച്ചു. ഡാന്റെയേയും, പന്ത്രണ്ടു നൂറ്റാണ്ടു നീണ്ട ശുദ്ധീകരണത്തിനു ശേഷം അപ്പോൾ മാത്രം മോചനം നേടിയ കവി സ്റ്റാറ്റിയസിനേയും ബിയാട്രിസ്, സമീപത്തുണ്ടായിരുന്ന വിസ്മൃതി, സുബോധം എന്നീ അരുവികളിൽ കൊണ്ടുപോയി. സുബോധാരുവിയിലെ ജലപാനം ഡാന്റെയെ വിശുദ്ധീകരിക്കുകയും നവീകരിക്കുകയും ചെയ്ത് സ്വർഗപ്രവേശനത്തിന് ഒരുക്കി.

പറുദീസ[തിരുത്തുക]

ഒന്നിനുപുറമേ ഒന്നായി ക്രമീകരിക്കപ്പെട്ട് ഭൂമിയെ ചുറ്റിത്തിരിയുന്ന അകം പൊള്ളയായ ഒൻപത് സ്പടികഗോളങ്ങളുടെ ഗണമായാണ് ഡാന്റെ സ്വർഗ്ഗീയപറുദീസയുടെ മണ്ഡലങ്ങളെ വിഭാവന ചെയ്തത്. ആദ്യത്തെ ഏഴു മണ്ഡലങ്ങൾ ഓരോന്നിലും ഒരു ഗ്രഹവും നക്ഷത്രകോടികളും മുത്തുമണികൾ പോലെ പതിക്കപ്പെട്ടിരിക്കുന്നു. എട്ടാം മണ്ഡലത്തിൽ നക്ഷത്രങ്ങൾ മാത്രമാണ്. ഏറ്റവും അവസാനത്തെ മണ്ഡലമായ സ്വർഗ്ഗാതിസ്വർഗ്ഗത്തിൽ ഗ്രഹങ്ങളോ നക്ഷത്രങ്ങളോ ഇല്ല.

സപ്തമണ്ഡലങ്ങൾ[തിരുത്തുക]

സ്വർഗ്ഗത്തിൽ ആദ്യത്തേത് ചന്ദ്രമണ്ഡലമാണ്. സ്വന്തം തെറ്റുകൊണ്ടല്ലാതെ സംന്യാസവൃതം ലംഘിക്കേണ്ടിവന്നവർക്കൂള്ള ഇടമാണിത്. പിന്നെയുള്ളത് ബുധമണ്ഡലമാണ്. പ്രായോഗികകാര്യങ്ങളിൽ സദുദ്ദേശ്യത്തോടെ വ്യാപരിച്ചവരെങ്കിലും ദൈവപ്രീതിയേക്കാൾ ലോകപ്രശംസ കാക്ഷിച്ചവരാണിവിടെ. റോമൻ ചക്രവർത്തി ജസ്റ്റിനിയനേയും മറ്റുമാണ് ഡാന്റെ ഇവിടെ കണ്ടത്. മൂന്നാമത്തേത് ശുക്രമണ്ഡലമാണ്. നാലാമത്തേത് സൂര്യമണ്ഡലമായിരുന്നു. ക്രൈസ്തവദാർശനികന്മാരായ ബോത്തിയസ്, ബീഡ്, വലിയ അൽബർത്തോസ്, തോമസ് അക്വീനാസ്, ബൊനവന്തുരാ തുടങ്ങിയവർ അവിടെയായിരുന്നു. പറുദീസയുടെ അഞ്ചാം മണ്ഡലം രുധിരമണ്ഡലമാണ്. വിശ്വാസത്തിനുവേണ്ടി പൊരുതി മരിച്ച യോദ്ധാക്കളായിരുന്നു അവിടെ സമ്മാനിക്കപ്പെട്ടിരുന്നത്. ജോഷ്വ, ജൂദാസ് മക്കാബിയസ്, ഷാർലിമെയ്ൻ തുടങ്ങിയവരാണ് അവിടെയുണ്ടായിരുന്നത്. ആറാമത്തേത് വ്യാഴമണ്ഡലമായിരുന്നു. ഭൂമിയിൽ നീതിയും സമത്വവും നടപ്പാക്കിയ ഭരണാധികളായ ദാവീദ്, ഹെസക്കിയ, കോൺ‌‌സ്റ്റന്റൈൻ‍, ട്രാജൻ തുടങ്ങിയവരായിരുന്നു അവിടെ. ഏഴാമത്തേതായ ശനിമണ്ഡലത്തിൽ ഉണ്ടായിരുന്നത് ഭക്തിയിലും വൃതസ്ഥിരതയിലും ജീവിച്ച യമികളായിരുന്നു. പീറ്റർ ഡാമിയൻ മുതലായവർ അവിടെയുണ്ടായിരുന്നു ഡാന്റെ അദ്ദേഹത്തോട്, ദൈവം പൂർവജ്ഞാനിയും എല്ലാ മനുഷ്യരുടേയും ഗതി മുന്നേ അറിയുന്നവനുമാണെന്നിരിക്കെ, മനുഷ്യസ്വാതന്ത്ര്യമെന്ന സങ്കല്പത്തിന് എന്തർത്ഥമാണുള്ളതെന്ന് ചോദിച്ചു. സ്വർഗ്ഗത്തിലെ ഏറ്റവും വലിയ ജ്ഞാനിക്കുപോലും ഈ ചോദ്യത്തിന് മറുപടി പറയാനാവില്ല എന്നായിരുന്നു ഡാമിയന്റെ മറുപടി.

ഡാന്റെയുടെ പറുദീസയിലെ സ്വർഗ്ഗാതിസ്വർഗ്ഗം(Empyrean) ഗുസ്താവ് ഡോറിന്റെ ഭാവനയിൽ

താരാമണ്ഡലം[തിരുത്തുക]

എട്ടാമത്തേതായ താരാമണ്ഡലത്തിൽ ഡാന്റെ, യേശു വഴി രക്ഷപ്രാപിച്ച് അപ്പോൾ സ്വർഗ്ഗത്തിലെത്തിയ ഒരു വൃന്ദം ആത്മാക്കൾ കടന്നു പോകുന്നതു കണ്ടു. യേശുവും, മേരിയും, അപ്പസ്തോലന്മാരും അവർക്കൊപ്പം ഉണ്ടായിരുന്നു. ഓരോ മണ്ഡലം കടന്നുപോകുമ്പോഴും ബിയാട്രിസിന്റെ സൗന്ദര്യം വർദ്ധിച്ചു വന്നിരുന്നതു കൊണ്ട്, ഡാന്റെയ്ക്ക് അവളെ നോക്കുക തന്നെ വയ്യെന്നായി. തന്നെ അവഗണിച്ച് ക്രിസ്തുവിലും, മേരിയിലും അപ്പസ്തോലന്മാരിലും ദൃഷ്ടിയൂന്നാൻ ബിയാട്രിസ് ഡാന്റെയോടാവശ്യപ്പെട്ടു. അവർക്കു ചുറ്റുമുള്ള പ്രഭാപൂരമല്ലാതെ അവരേയും അദ്ദേഹത്തിന് കാണാനായില്ല. എങ്കിലും സ്വർഗ്ഗീയ വൃന്ദങ്ങളുടെ ഗാനഘോഷം ഡാന്റേക്ക് കേൾക്കാമായിരുന്നു. ഒടുവിൽ, ഗ്രഹങ്ങളോ നക്ഷത്രങ്ങളോ ഇല്ലാത്ത ഒൻപതാമത്തെ മണ്ഡലമായ സ്വർഗ്ഗാതിസ്വർഗ്ഗത്തിലേയ്ക്ക് (Empyrean) എല്ലാവരും കടന്നു പോയി. ബിയാട്രിസിനെ പിന്തുടർന്ന് ഡാന്റെയും അവിടെയെത്തി.

സ്വർഗ്ഗാതിസ്വർഗ്ഗം[തിരുത്തുക]

സ്വർഗ്ഗാതിസ്വർഗ്ഗത്തിൽ, എല്ലാത്തിന്റേയും കാരണമായ ദൈവവും അവനെ ചുറ്റിയുള്ള ശുദ്ധതേജസ്സുമല്ലാതെ നക്ഷത്രങ്ങൾ പോലും ഉണ്ടായിരുന്നില്ല. അവിടെ ദൈവികസത്തയെ ദർശിച്ച് പരമാനുഭൂതിയിലെത്താൻ ശ്രമിച്ചെങ്കിലും ഡാന്റെയ്ക്ക് അതിനു കഴിഞ്ഞില്ല. ആകെ അദ്ദേഹത്തിന് കാണാനായത് ഒരു തേജബിന്ദുവും അതിനെ ചുറ്റിത്തിരിയുന്ന ശുദ്ധബുദ്ധിയുടെ ഒൻപത് വൃന്ദങ്ങളുമായിരുന്നു. അവ ദൈവദൂതന്മാരുടെ ഒൻപതു ഗണങ്ങളായിരുന്നു. ഡാന്റെ നോക്കിനിൽക്കേ സ്വർഗ്ഗവാസികളൊന്നിച്ച് ദൈവതേജസിനു ചുറ്റും നിന്ന് പ്രകാശം ചൊരിയുന്ന വലിയ പനിനീർപ്പൂവിന്റെ രൂപമായി. ബിയാട്രിസും ഡാന്റെയെ വിട്ടുപോയി ആ പനിനീർപ്പൂവിന്റെ ഭാഗമായി.

എന്നാൽ അപ്പോഴും അദ്ദേഹത്തിന് അവളെ കാണാമായിരുന്നു. ഡാന്റെയെ നോക്കി പുഞ്ചിരിച്ച ബിയാട്രിസ് വിശുദ്ധ ബെർണാർദിനെ അദ്ദേഹത്തിന്റെ അടുത്തേക്കയച്ചു. സ്വർഗ്ഗരാജ്ഞിയായ മേരിയിൽ ദൃഷ്ടിയൂന്നാൻ ബെർണാർദ് ഡാന്റെയെ ഉപദേശിച്ചു. അതിനുശ്രമിച്ച ഡാന്റെയ്ക്ക് ആകെ കാണാനായത് ജ്വലിക്കുന്ന ഒരു തേജസ്സും അതിനെ ചുറ്റി പ്രകാശത്തെ ഉടയാടയാക്കിയ അനേകസഹസ്രം മാലാഖമാരെയുമാണ്. ദൈവദർശനം അതിന്റെ പൂർണ്ണതയിൽ സാധ്യമാകാനായി തന്നോടുചേർന്ന് ദൈവമാതാവിനോട് പ്രാർത്ഥിക്കാൻ ബെർണാർദ് ദാന്റെയോടാവശ്യപ്പെട്ടു. അവരുടെ പ്രാർത്ഥനകേട്ട മേരി ഡാന്റെയെ കൃപാപൂർവം കടാക്ഷിച്ചശേഷം ദൈവതേജസ്സിലേയ്ക്ക് കണ്ണയച്ചു. അതോടെ ഡാന്റെയ്ക്ക് സത്യപ്രകാശത്തിന്റെ പൂർണ്ണദർശനം ലഭിച്ചു. മൂവർണ്ണങ്ങളിലെ മൂന്നു വൃത്തങ്ങൾ കാന്തിയുടെ ആ അത്യഗാധതയിൽ ഒത്തുചേർന്നിരിക്കുന്നതായി ഡാന്റെയ്ക്ക് തോന്നി. വാക്കുകൾ കൊണ്ട് അതിലപ്പുറം വിവരിക്കാനാവുന്നതായിരുന്നില്ല ആ ദർശനം.

വിലയിരുത്തൽ, വിമർശനം[തിരുത്തുക]

യൂറോപ്യൻ സംസ്കാരത്തിന്റെ പഠനത്തിൽ മദ്ധ്യയുഗങ്ങൾ എന്നു വിശേഷിപ്പിക്കപ്പെടാറുള്ള കാലഘട്ടത്തിലെ ഏറ്റവും മഹത്തായ രചനകളിലൊന്നായ ഡിവൈൻ കോമഡി പാശ്ചാത്യറോമാസാമ്രാജ്യത്തിന്റെ പതനത്തിനും നവോത്ഥാനത്തിന്റെ തുടക്കത്തിനും ഇടയ്ക്കുള്ള നൂറ്റാണ്ടുകളിലെ വിജ്ഞാനത്തിന്റേയും ബൗദ്ധികനേട്ടങ്ങളുടേയും സംഗ്രഹമാണ്. അരിസ്റ്റോട്ടിലിനെ ക്രൈസ്തവീകരിച്ച തോമസ് അക്വീനാസിനെ സാഹിത്യത്തിലൂടെ പിന്തുടർന്ന ഡാന്റെയുടെ സന്മാർഗവ്യവസ്ഥയും തത്ത്വമീമാംസയും അരിസ്റ്റോട്ടിലിന്റേതായിരുന്നെങ്കിലും അദ്ദേഹം ഉപയോഗിച്ച യന്ത്രസാമിഗ്രി മദ്ധ്യകാലത്തെ ജനകീയ സംസ്കൃതിയാണ്. പതിമൂന്നാം നൂറ്റാണ്ടിലെ ഇറ്റലിയിലെ കത്തോലിക്കാമതത്തിന്റെ സമ്പൂർണ്ണചിത്രം 'കോമഡി' വരച്ചുകാട്ടുന്നു.[7]

"എല്ലാക്കവിതകളിലും വച്ച് ആത്മാർത്ഥത നിറഞ്ഞ കവിത" എന്ന് ഇംഗ്ലീഷ് ചരിത്രകാരൻ തോമസ് കാർലൈൽ കോമഡിയെ വിശേഷിപ്പിച്ചു.[8] എന്നാൽ ഡാന്റെയുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും [ഗ] മദ്ധ്യകാലക്രിസ്തുമതത്തിന്റെ ഭീതികളും അസഹിഷ്ണുതയും 'കോമഡി'യെ കലുഷമാക്കിയതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മാർപ്പാപ്പമാരടക്കമുള്ള തന്റെ രാഷ്ടീയപ്രതിയോഗികളിൽ ഒട്ടേറെപ്പെരെ ഡാന്റെ നരകത്തിലെറിഞ്ഞു. കോമഡിയുടെ ആദ്യപർവത്തിലെ വരികളിൽ തെളിയുന്ന നരകചിത്രം മദ്ധ്യകാലമനസ്സിന്റെ ഭീതികളുടെ ഖനീഭൂതരൂപമാണെന്ന് വിൽ ഡുറാന്റ് എഴുതിയിട്ടുണ്ട്.

തോമസ് കാർലൈൽ

എന്നാൽ മദ്ധ്യകാല ദൈവശാസ്ത്രത്തിന്റെ നാടകീയരൂപമെന്നതിലുപരി സൽബുദ്ധിയിലും സ്നേഹത്തിലും കൂടെ ശുദ്ധീകരിക്കപ്പെട്ട് ആന്തരികസമാധാനത്തിലേക്കുള്ള മനുഷ്യാത്മാവിന്റെ മുന്നേറ്റത്തിന്റെ കഥയാണ് കോമഡി. [10]പാപത്തേയും, പശ്ചാത്താപ-പ്രായശ്ചിത്തങ്ങളേയും, അവ വഴി ലഭ്യമാകുന്ന ദൈവസാക്ഷാത്കാരത്തേയും സംബന്ധിച്ച അന്യാപദേശമെന്ന നിലയിൽ ഈ കൃതിയ്ക്കു സമമായി മറ്റൊന്നില്ല. അങ്ങനെ വായിക്കുമ്പോൾ, ഒന്നാം പർവത്തിലെ നരകം ലോകത്തിലെ പാപപങ്കിലമായ ജീവിതത്തിന്റേയും അതുളവാക്കുന്ന ദുരിതത്തിന്റേയും ചിത്രമാകുന്നു. ശുദ്ധീകരണസ്ഥലത്തിലെ വേദനകൾ, നവീകരണത്തിലേക്കും രക്ഷയിലേക്കുമുള്ള വഴിയിൽ പാശ്ചാത്താപപരവശനായ ആത്മാവ് സ്വയം ഏറ്റെടുക്കുന്ന പ്രായശ്ചിത്തങ്ങളാണ്. സ്വർഗ്ഗമണ്ഡലങ്ങളും അവയിലെ അന്തേവാസികളും ദൈവാവബോധത്തോടെയുള്ള നീതിനിരതമായ മനുഷ്യജീവിതമാണ്.[3] പാപ-പ്രായശ്ചിത്തങ്ങളുടെ അധോലോകത്തിലൂടെ സ്വാതന്ത്ര്യത്തിലേക്കുള്ള മനുഷ്യാത്മാവിന്റെ തീർത്ഥാടത്തിന്റെ ശുഭാന്തനാടകമെന്ന് 'കോമഡി'-യെ എസ്. രാധാകൃഷ്ണൻ വിശേഷിപ്പിച്ചിട്ടുണ്ട്.[11]

'കോമഡി' കൂടുതലും അറിയപ്പെടുന്നത് ആദ്യപർവമായ നരകത്തിന്റെ പേരിലാണെങ്കിലും തുടർന്നുവരുന്ന രണ്ടു പർവങ്ങളും അതിനൊപ്പം മേന്മയുള്ളവയാണെന്ന് പരക്കെ അഭിപ്രായമുണ്ട്. മൂന്നു പർവങ്ങളിൽ കലാപരമായ തികവ് കൂടുതൽ രണ്ടാം പർ‌വമായ ശുദ്ധീകരണസ്ഥലത്തിനാണ്. സമുദ്രമദ്ധ്യത്തിൽ സ്വർഗ്ഗത്തിലേക്കുയർന്നു നിന്ന് അവിടേയ്ക്ക് നയിക്കുന്ന പ്രായശ്ചിത്തതിന്റെ ഏടുപ്പുകൾ അടങ്ങുന്ന ഒരു പർവതമായുള്ള ശുദ്ധീകരണസ്ഥലത്തിന്റെ സങ്കല്പം അസാധാരണവും ഡാന്റെയുടെ സ്വന്തവുമാണ്.[7] അവസാനത്തെ രണ്ടു പർവങ്ങൾ, പ്രത്യേകിച്ച് ശുദ്ധീകരണസ്ഥലം ആദ്യത്തേതിനേക്കാൾ മെച്ചമാണെന്ന് തോമസ് കാർലൈൽ നിർക്ഷിച്ചിട്ടുണ്ട്.[8]

കുറിപ്പുകൾ[തിരുത്തുക]

Comencia la Comedia, 1472
 • ^ "ഭീരുത്വം കൊണ്ട് സ്ഥാനത്യാഗം നടത്തിയവന്റെ നിഴൽ" ആണ് ഡാന്റെ കണ്ടത്("the shadow of him who, from cowardice made the great refusal"). [12]സെലസ്റ്റീൻ അഞ്ചാമൻ മാർപ്പാപ്പയെ കത്തോലിക്കാ സഭ വിശുദ്ധനായി അംഗീകരിച്ചിട്ടുണ്ട്.[7]
 • ^ അരിസ്റ്റോട്ടിലിന്, അദ്ദേഹത്തിന്റെ ഗുരുവും ഗുരുവിന്റെ ഗുരുവുമായിരുന്ന പ്ലേറ്റോക്കും സോക്രട്ടീസിനും ഉപരി സ്ഥാനം കല്പിക്കുമ്പോൾ, ഡാന്റെ പിന്തുടരുന്നത് തോമസ് അക്വീനാസിന്റേയും മറ്റും സ്കോളാസ്റ്റിക് തത്ത്വചിന്തയുടെ വഴിയാണ്. അക്വീനാസിന്റെ മുഖ്യകൃതി ദൈവശാസ്ത്രസംഗ്രഹത്തിന്റെ(Summa Theologica) കാവ്യഭാഷ്യമാണ് 'കോമഡി' എന്നുപോലും പറയാറുണ്ട്.
 • ^ ചെറിയ നഗരങ്ങളിലെ ചെറിയ മനുഷ്യരുമായുള്ള തന്റെ ചെറിയ ഏർപ്പാടുകൾക്ക് വലിയ പ്രാധാന്യം കൊടുത്തതിന്, സാഹിത്യകാരനും ചിന്തകനുമായ ജെ.ആർ.ആർ. റ്റോൾകീൻ ഡാന്റെയെ കുറ്റപ്പെടുത്തിയിട്ടുണ്ട്. "He is full of spite and malice. I don't care for his petty relations with petty people in petty cities." [13]

അവലംബം[തിരുത്തുക]

 1. ബ്ലൂം, ഹാരോൾഡ് (1994). ദി വെസ്റ്റേൺ കാനൻ.
 2. ലെപ്സ്ചി, ലോറ (1977). ഇറ്റാലിയൻ ഭാഷ ഇന്ന്. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
 3. 3.0 3.1 കോമഡിയുടെ - Carlyle-Wicksteed Translation-ന് C.H. Grandgent എഴുതിയ അവതാരിക
 4. റോണി എച്ച്. ടെർപെനിങ്ങ്, ലൊഡോവിക്കോ ഡോൾസ്, നവോത്ഥാനകാല പണ്ഡിതൻ (Toronto, Buffalo, London: University of Toronto Press, 1997), p. 166.
 5. ശുദ്ധീകരണസ്ഥലം, അദ്ധ്യായം 1, വരികൾ 58–60, സിസ്സൺ പരിഭാഷ.
 6. വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ ചരിത്രം നാലാം ഭാഗം, വിൽ ഡുറാന്റ്, (പുറം 1069) "....powerful, almost sadistic imagination"
 7. 7.0 7.1 7.2 ഡാന്റെ അലിഘിയേരി - കത്തോലിക്കാ വിജ്ഞാനകോശം [1]
 8. 8.0 8.1 വീരന്മാരും വീരാരാധനയും: ഡാന്റെയും ഷെയ്ക്ക്സ്പിയറും - തോമസ് കാർലൈൽ [2]
 9. വിശ്വാസത്തിന്റെ യുഗം, സംസ്കാരത്തിന്റെ ചരിത്രം നാലാം ഭാഗം, വിൽ ഡുറാന്റ്, (പുറം 1073) "
 10. Island of Freedom - Dante Alighieri [3] Archived 2009-09-15 at the Wayback Machine.
 11. "The Divine Comedy is a Pilgrim's Progress" എസ്. രാധാകൃഷ്ണൻ, "റിക്കവറി ഓഫ് ഫെയ്ത്ത്" (പുറം 133)
 12. ഡിവൈൻ കോമഡി, നരകം ഒന്നാം അദ്ധ്യായം
 13. JRR Tolkien Encyclopedia: "Scholarship and Critical Assessment by Michael DC Drout
"https://ml.wikipedia.org/w/index.php?title=ഡിവൈൻ_കോമഡി&oldid=3633290" എന്ന താളിൽനിന്ന് ശേഖരിച്ചത്