Jump to content

ഡിക്ലൈൻ ആൻഡ് ഫാൾ ഓഫ് ദ റോമൻ എമ്പയർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"ഡിക്ലൈൻ ആൻഡ് ഫാൾ" എഴുതിയ എഡ്വേഡ് ഗിബ്ബൺ

പൊതുവർഷം ഒന്നാം നൂറ്റാണ്ടിന്റെ അവസാനഘട്ടം മുതൽ ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ പതനം വരെയുള്ള കാലത്ത് റോമാസാമ്രാജ്യത്തിനു സംഭവിച്ച ക്ഷതിപതനങ്ങൾ വിവരിച്ച് ചെയ്ത് പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് ചരിത്രകാരൻ എഡ്‌വേഡ് ഗിബ്ബൺ എഴുതിയ ചരിത്രരചനയാണ് ഡിക്ലൈൻ ആൻഡ് ഫാൾ ഓഫ് ദ റോമൻ എമ്പയർ. ഈ കൃതിയുടെ ദീർഘമായ മുഴുവൻ പേര് ദ ഹിസ്റ്ററി ഓഫ് ദ ഡിക്ലൈൻ ആൻഡ് ഫാൾ ഓഫ് ദ റോമൻ എമ്പയർ എന്നാണ്. ആറു വാല്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട ഈ രചന വെളിച്ചം കണ്ടത് 1776-നും 1789-നും ഇടയിലായിരുന്നു. പൊതുവർഷം 98 മുതൽ ബൈസാന്തിയൻ സാമ്രാജ്യത്തിന്റെ പതനം നടന്ന് ഒരു നൂറ്റാണ്ടു കഴിഞ്ഞ് 1590 വരെയുള്ള കാലത്തെ റോമാസാമ്രാജ്യത്തിന്റെയും, യൂറോപ്പിന്റെയും, ക്രിസ്തീയസഭകളുടേയും കഥ ഉൾക്കൊള്ളുന്ന ഈ കൃതി പാശ്ചാത്യ-പൗരസ്ത്യസാമ്രാജ്യങ്ങളെ അവയുടെ തളർച്ചയുടെ വഴിയിൽ തകർച്ചയോളം പിന്തുടരുന്നു.

ഒട്ടേറെ മൂലരേഖകളുടെ പിൻബലത്തോടെ താരതമ്യേന വസ്തുനിഷ്ഠമായി എഴുതപ്പെട്ടിരിക്കുന്ന ഗിബ്ബന്റെ രചന, പ്രസിദ്ധീകരിക്കപ്പെട്ട കാലത്ത് പിൽക്കാലചരിത്രകാരന്മാർക്ക് മാതൃകയായി കണക്കാക്കപ്പെട്ടു. "റോമിന്റെ ആദ്യത്തെ ആധുനികചരിത്രകാരൻ" എന്നു ഗിബ്ബൻ വിശേഷിപ്പിക്കപ്പെടുന്നതിന് ഇതു കാരണമായി.[1] "തളർച്ചയും തകർച്ചയും" അതിലെ ആക്ഷേപഹാസ്യം നിറഞ്ഞ ഗദ്യത്തിന്റെ മേന്മ, മൂല്യസ്രോതസ്സുകളിലുള്ള ആശ്രയം, സംഘടിതമതത്തിന്റെ വിമർശനം എന്നിവയുടെ പേരിലും ശ്രദ്ധിക്കപ്പെട്ടു.

വെളിപാട്

[തിരുത്തുക]

തന്റെ ആനന്ദവും ആശ്വാസവും ആയിത്തീർന്ന വായനയുടേയും ലോകത്തിലേയ്ക്ക് വളരെ നേരത്തേ പ്രവേശിച്ച ഗിബ്ബൺ, ലോറൻസ് എക്കാർഡിന്റെ "റോമൻ ചരിത്രം" (1713), വില്യം ഹോവലിന്റെ "പൊതുചരിത്രം" (1680–85), "ആദിമകാലം മുതലുള്ള വിശ്വചരിത്രം" എന്ന പ്രശംസ പിടിച്ചുപറ്റിയ പരമ്പരയുടെ 65 വാല്യങ്ങളിൽ പലതും എല്ലാം വയനയിൽ ഉൾപ്പെടുത്തിയിരുന്നു. അങ്ങനെ അദ്ദേഹം, താൻ ഭാവിയിൽ ഏറ്റെടുക്കാനിരുന്ന മഹത്തായ രചനാസംരംഭത്തിന്റെ സൂചന അന്നേ നൽകിയിരുന്നു.[2]

1759 മുതൽ തെക്കൻ ഹാമ്പ്ഷയർ മിലിഷ്യാ എന്ന സൈനികവിഭാഗത്തിൽ പ്രവർത്തിച്ച ഗിബ്ബൺ, 1770-ൽ സപ്തവത്സരയുദ്ധത്തിന്റെ സമാപ്തിയിൽ ആ സേനാവിഭാഗം തന്നെ പിരിച്ചുവിടപ്പെട്ടപ്പോൾ സേവാനിവൃത്തനായി. അതിനടുത്ത വർഷം യൂറോപ്പിൽ ഒരു വിശാലപര്യടനത്തിന് അദ്ദേഹം ഇറങ്ങിത്തിരിച്ചു. റോമിലേക്കുള്ള സന്ദർശനം ഈ യാത്രയുടെ ഭാഗമായിരുന്നു. "തീർത്ഥയാത്രയുടെ ഈ ലക്‌ഷ്യസ്ഥാനത്ത്" എത്താറായപ്പോഴുള്ള തന്റെ മനോനില ഗിബ്ബൺ സ്മരണകളിൽ ഇങ്ങനെ വിവരിക്കുന്നു:

ആദ്യമായി "നിത്യനഗരത്തെ" സമീപിച്ച് അതിൽ പ്രവേശിച്ചപ്പോൾ ഉണ്ടായ വികാരാവേശം എനിക്ക് മറക്കാനോ വിവരിക്കാനോ കഴിയുകയില്ല. നിദ്രാരഹിതമായി ഒരു രാത്രിക്കുശേഷം, നീണ്ട കാൽവയ്പുകളോടെ ഞാൻ, പ്രദർശനശാലയുടെ അവശിഷ്ടങ്ങളിൽ പ്രവേശിച്ചു; റോമുലസ് നിന്നതും, സിസറോ പ്രസംഗിച്ചതും, സീസർ വീണതുമായ സ്ഥലങ്ങൾ എന്റെ കണ്മുൻപിൽ തന്നെ ഉണ്ടായിരുന്നു; ഏറെ ദിവസങ്ങൾ ഈ ഉന്മാദാവസ്ഥയുടെ ആനന്ദത്തിൽ നഷ്ടപ്പെടുത്തിയതിനു ശേഷം മാത്രമാണ് സമനിലയോടെയുള്ള ഒരന്വേഷണം തുടങ്ങാൻ എനിക്കായത്.[3]

റോമിന്റെ ചരിത്രമെഴുതുകയുന്ന ആശയം ഗിബ്ബണ് തോന്നിയത് ഇവിടെവച്ചാണ്. പിന്നീട് സാമ്രാജ്യത്തിന്റെ തന്നെ ചരിത്രമെഴുത്തിലേക്ക് നയിച്ച ആ നിമിഷത്തെ പിൽക്കാലചരിത്രകാരന്മാർ "കാപ്പിറ്റലിലെ വെളിപാട്"[4] എന്നു വിളിച്ചു.

1764 ഒക്ടോബർ പതിനഞ്ചാം തിയതി, നിഷ്പാദുകരായ സംന്യാസികൾ ജൂപ്പിറ്റർ ദേവന്റെ ക്ഷേത്രത്തിൽ സായാഹ്നപ്രാർത്ഥന നടത്തിക്കൊണ്ടിരിന്നപ്പോൾ, കാപിറ്റലിന്റെ നാശനഷ്ടങ്ങൾക്കിടയിൽ ചിന്താമഗ്നനായിരുന്ന എനിക്ക്, റോമിന്റെ ക്ഷതി-പതനങ്ങളുടെ ചരിത്രം എഴുതുകയെന്ന ആശയം ആദ്യമായുദിച്ചു.[5]

പ്രസിദ്ധീകരണം

[തിരുത്തുക]

പല തിരുത്തിയെഴുതലുകൾക്കൊടുവിൽ "ഡിക്ലൈൻ ആൻഡ് ഫാളിന്റെ" ആദ്യവാല്യം ഗിബ്ബൺ 1776 ഫെബ്രുവരി 17-ന് പ്രസിദ്ധീകരിച്ചു. 1777 അവസാനിച്ചപ്പോൾ അതിന്റെ മൂന്നു പതിപ്പുകൾ വെളിച്ചം കണ്ടിരുന്നു. ഗിബ്ബണ് നല്ല പ്രതിഫലവും കിട്ടി. മൊത്തം കിട്ടിയ ലാഭത്തിന്റെ മൂന്നിലൊന്നായ 1000 പൗണ്ടായിരുന്നു അദ്ദേഹത്തിന്റെ വിഹിതം.[6] തുടർന്ന് ഗിബ്ബന്റെ പ്രശസ്തി ശീഘ്രം വളർന്ന് സ്ഥിരമായി നിന്നു എന്ന് ജീവചരിത്രകാരൻ ലെസ്ലി സ്റ്റീഫൻ എഴുതിയിട്ടുണ്ട്. ആദ്യവാല്യത്തിന് "ഡേവിഡ് ഹ്യൂം നൽകിയ ഊഷ്മളമായ അഭിനന്ദനം തന്നെ പത്തുവർഷത്തെ പ്രയത്നത്തിന് പ്രതിഫലമാകാൻ മതിയാകുമായിരുന്നു" എന്ന് ഗിബ്ബൺ എഴുതി.

1781 മാർച്ചിൽ പ്രസിദ്ധീകരിക്കപ്പെട്ട രണ്ടും മൂന്നും വാല്യങ്ങളും ആദ്യവാല്യത്തിനൊപ്പം തന്നെ ജനസമ്മതി നേടി. നാലാം വാല്യം വെളിച്ചം കണ്ടത് 1784 ജൂണിലാണ്;[7] അവസാനത്തെ രണ്ടു വാല്യങ്ങൾ 1783 സെപ്റ്റംബർ മുതൽ 1787 ഓഗസ്റ്റ് വരെ ലൊസാനിലേയ്ക്കുനടത്തിയ രണ്ടാം യാത്രക്കിടെയാണ് പൂർത്തിയായത്. ലൊസാനിൽ അദ്ദേഹം പഴയ സുഹൃത്ത് ഡെയ്‌വർഡുമായി സൗഹൃദം പുതുക്കി. തന്റെ സം‌രംഭത്തിന്റെ സമാപ്തി നൽകിയ ആശ്വാസത്തെക്കുറിച്ച് ഗിബ്ബൺ സ്മരണകളിൽ ഇങ്ങനെ എഴുതി:

1787 ജൂൺ 27-ആം തിയതി പതിനൊന്നും പന്ത്രണ്ടും മണികൾക്കിടക്ക് എന്റെ തോട്ടത്തിലെ ഒരു വേനൽക്കാലവസതിയിലാണ് ഞാൻ അവസാനപുറം ഒടുവിലെ വരി എഴുതിയത്. എന്റെ സ്വാതന്ത്ര്യം തിരിച്ചുകിട്ടിയതിലും ഒരുപക്ഷേ പ്രശസ്തി ഉറച്ചതിലും തോന്നിയ സന്തോഷത്തെക്കുറിച്ച് കൂടുതൽ പറയാനില്ല. അതേസമയം എന്റെ അഹങ്കാരത്തിൽ വിനയവും കലർന്നിരുന്നു. പ്രിയങ്കരനായ ഒരു പഴയ സുഹൃത്തിനോട് വിടവാങ്ങുമ്പോഴെന്നപോലെ ഒരുതരം ശോകഭാവം എന്റെ മനസ്സിൽ നിറഞ്ഞു.[8]

നാലും അഞ്ചും ആറും വാല്യങ്ങൾ 1788 മേയ് മാസത്തിലാണ് അച്ചടിക്കെത്തിയത്. ഗിബ്ബന്റെ 51-ആം പിറന്നാൾ വരെ പ്രസിദ്ധീകരണം താമസിപ്പിച്ചു. [9] അവസാനവാല്യങ്ങളെ പ്രശംസകൊണ്ടു മൂടാൻ അക്കാലത്തെ പ്രശസ്തന്മാരായ ആഡം സ്മിത്ത്, വില്യം റോബർട്ട്സൺ, ആദം ഫർഗൂസൺ, ചാൾസ് പ്രാറ്റ്, ക്യാംഡൻ പ്രഭു ഹൊറേസ് വാൽപോൾ എന്നിവർ മുന്നിലുണ്ടായിരുന്നു. ഗിബ്ബന്റെ നേട്ടം അദ്ദേഹത്തെ യൂറോപ്പിലെ എഴുത്തുകാരുടെ മുൻനിരയിൽ എത്തിച്ചെന്ന് ആഡം സ്മിത്ത് അഭിപ്രായപ്പെട്ടു.

ഏറ്റവും മഹാനായ റോമൻ ചക്രവർത്തിമാരിലൊരാളായിർന്ന മാർക്കസ് ഔറേലിയസ് തന്റെ അനന്തരാവകാശിയായി തെരഞ്ഞെടുത്തത് ദുർവൃത്തനായ പുത്രൻ കമ്മോഡസിനെയായിരുന്നു. സാമ്രാജ്യത്തിന്റെ തളർച്ച ആ തെരഞ്ഞെടുപ്പിൽ തുടങ്ങിയതായി ഗിബ്ബൺ കരുതി. പാശ്ചാത്യസാമ്രാജ്യത്തിന്റെ ക്രി.വ. 476-ലെ പതനത്തോടെ രചന അവസാനിപ്പിക്കാനാണ് ആദ്യം ഗിബ്ബൺ പദ്ധതിയിട്ടിരുന്നത്. എന്നാൽ മൂന്നാം വാല്യം പൂർത്തിയായപ്പോൾ തന്റെ ചരിത്രത്തിൽ ബൈസാന്തിയത്തിന്റെ ബാക്കി കഥ കൂടി ഉൾപ്പെടുത്താൻ അദ്ദേഹം തീരുമാനിച്ചു. അങ്ങനെയാണ് തുടർന്ന് മൂന്നുവാല്യങ്ങൾ കൂടി എഴുതപ്പെട്ടത്.[10]

വിമർശനങ്ങൾ

[തിരുത്തുക]

ഗിബ്ബന്റെ കൃതി, അതിന്റെ പതിനഞ്ചും പതിനാറും അദ്ധ്യായങ്ങളിൽ ക്രിസ്തുമതത്തിനുനേരേ അദ്ദേഹം നടത്തുന്ന ആക്രമണത്തിന്റെ പേരിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. ആ അദ്ധ്യായങ്ങൾ നിശിതമായി വിമർശിക്കപ്പെടുകയും പുസ്തകം പല രാജ്യങ്ങളിലും നിരോധിക്കപ്പെടുന്നതിന് അവ ഇടവരുത്തുകയും ചെയ്തു. ക്രിസ്തുമതത്തേയും പാവനമെന്നുകരുതിയ അതിന്റെ വിശ്വാസസംഹിതയേയും ഭൗതികേതരമായ വിശദീകരണങ്ങൾ ആവശ്യപ്പെടുന്നതും ചരിത്രപ്രക്രിയയുടെ പരിധിയിൽ വരാത്തതുമായ പ്രതിഭാസങ്ങളായി പരിഗണിക്കാതെ ചരിത്രത്തിന്റെ തന്നെ ഭാഗമായി വിലയിരുത്തി എന്നതായിരുന്നു ഗിബ്ബന്റെ 'കുറ്റം'. മതത്തെ അദ്ദേഹം ദൈവശാസ്ത്രത്തിന്റെ മേഖലയിൽ നിന്ന് ചരിത്രത്തിന്റെ മേഖലയിലേക്ക് ഇറക്കിക്കൊണ്ടുവന്നു. പോരാഞ്ഞ്, അതിനുമുൻപുണ്ടായിരുന്ന മഹത്തായ സംസ്കാരത്തെ പിഴുതെറിയുന്നതിൽ ക്രിസ്തുമതം അനാവശ്യവും വിനാശകരവുമായ ബലം പ്രയോഗിച്ചെന്നും മതപരമായ അസഹിഷ്ണുതയും അക്രമവും ഉപയോഗിച്ചെന്നുമുള്ള ഗിബ്ബന്റെ ആരോപണം ദൈവനിന്ദയായി വ്യാഖ്യാനിക്കപ്പെട്ടു.[11]

റോമിന്റെ തളർച്ചക്കുള്ള കാരണങ്ങളിലൊന്ന് ക്രിസ്തുമതം തന്നെയാണെന്ന് സൂചിപ്പിക്കുന്ന ഗിബ്ബൺ ആരംഭഘട്ടത്തിൽ സാമ്രാജ്യം ക്രിസ്തുമതത്തോടുപുലർത്തിയ ശത്രുതാമനോഭാവത്തേയും ക്രിസ്തുമതപീഡനങ്ങളേയും വിലയിരുത്തിയതും വ്യത്യസ്തമായാണ്. രഹസ്യസ്വഭാവമുള്ള സംഘങ്ങളായി പ്രവർത്തിച്ച ക്രിസ്തീയസമൂഹങ്ങൾ രാഷ്ട്രത്തിന്റെ നിലനില്പിനെ അപകടപ്പെടുത്തിയേക്കാമെന്ന ഭരണാധികാരികളുടെ ആശങ്കയോട് അദ്ദേഹം അനുഭാവം പ്രകടിപ്പിക്കുന്നു. അത്തരം സമൂഹങ്ങൾ, സാമ്രാജ്യത്തിന്റെ നിലനില്പിനാവശ്യമായ സൈനികസേവനത്തോടും പ്രയോജനപ്രദമായ മറ്റു ജീവിതവൃത്തികളോടും വൈമുഖ്യം പ്രകടിപ്പിക്കുന്ന സ്വർഗ്ഗകാമികളുടെ കുട്ടായ്മകളാണെന്ന ആരോപണം അടിസ്ഥാനരഹിതമല്ലായിരുന്നു. ഭിക്ഷതെണ്ടുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് അദ്ധ്വാനിക്കുന്നതിനേക്കാൾ എളുപ്പമാണെന്ന് കണ്ടെത്തിയ അലസന്മാരായാണ് അദ്ദേഹം ക്രിസ്തീയ സംന്യാസികളെ ചിത്രീകരിച്ചത്. റോമിന്റെ ക്രിസ്തുമതപീഡനങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായിരത്തിൽ കവിയില്ലെന്നും പിൽക്കാലത്ത് ക്രിസ്ത്യാനികൾക്കിടയിൽ ഉണ്ടായ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ സംഖ്യയേക്കാൾ വളരെക്കുറവാണ് ഇതെന്നുമുള്ള വോൾട്ടയറുടെ വിലയിരുത്തലിനോടും ഗിബ്ബൺ സഹമതി പ്രകടിപ്പിച്ചു.[10]

എന്നാൽ തീർത്തും മതവിരുദ്ധനായി ഗിബ്ബൺ കണക്കാക്കപ്പെടാറുണ്ടെങ്കിലും ഔദ്യോഗിക മതസംഹിതകളുടെ സ്വാധീനത്തിൽ നിന്ന് വിമുക്തമായി ചരിത്രമെഴുതുക എന്ന തന്റെ മുഖ്യലക്‌ഷ്യത്തിന് തടസമാകാതിരുന്നപ്പോൾ മതത്തെ പിന്തുണച്ചു. പുസ്തകത്തിലെ ഏറ്റവും വിമർശിക്കപ്പെട്ട രണ്ട് അദ്ധ്യായങ്ങളിൽ ആക്ഷേപഹാസ്യത്തിന്റെ പിൻബലത്തോടെ ഗിബ്ബൺ മതത്തെ വിമർശിക്കുന്നുണ്ടെങ്കിലും അവയിലൊരിടത്തും ക്രിസ്തുമതത്തെ അദ്ദേഹം തീർത്തും തള്ളിപ്പറയുന്നില്ലെന്നും ക്രിസ്തീയ വിശ്വാസപ്രമാണങ്ങൾ സത്യവും ശരിയുമാണെന്ന് ഏറെ ശക്തിയോടെയല്ലെങ്കിലും വാദിക്കുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ക്രിസ്തുമതത്തെ പരിധിവിട്ട് വിമർശിക്കുന്നത് അപകടകരവുമായിരുന്നു. ക്രിസ്തീയവിശ്വാസം അഭ്യസിക്കപ്പെട്ടിട്ടുള്ള ഒരാൾ ആ വിശ്വാസം കപടമാണെന്ന് എഴുതിയാൽ മൂന്നുവർഷത്തെ ജാമ്യമില്ലാത്ത തടവുശിക്ഷ നൽക്കാൻ വ്യവസ്ഥ ചെയ്യുന്ന നിയമം അപ്പോഴും നിലവിലുണ്ടായിരുന്നു. ഇതുമനസ്സിലാക്കിയ ഗിബ്ബൺ, മതത്തെ പരാമർശിക്കുമ്പോൾ മമതാരഹിതവും ആക്ഷേപഹാസ്യം നിറഞ്ഞതുമായ ശൈലി ഉപയോഗിച്ചു. ക്രിസ്തുമതത്തിന്റെ പ്രാബല്യം ഉറയ്ക്കുന്നതിനുമുൻപ് റോമാസാമ്രാജ്യത്തിൽ നിലനിന്നിരുന്ന വിശ്വാസവൈവിദ്ധ്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പേരുകേട്ട ഒരു നിരീക്ഷണം ഇതിനുദാഹരണമാണ്:

"റോമൻ ലോകത്ത് നിലവിലിരുന്ന വിശ്വാസവ്യവസ്ഥകളെല്ലാം ഒരുപോലെ ശരിയാണെന്ന് സാമാന്യജനങ്ങളും, ഒരുപോലെ കപടമാണെന്ന് ചിന്തകന്മാരും ഒരുപോലെ പ്രയോജനപ്രദമാണെന്ന് ഭരണാധികാരികളും കരുതി."[10]

ഹോൾറോയ്‌ഡിനും മറ്റും എഴുതിയ കത്തുകളിൽ സഭയുടെ ഭാഗത്തുനിന്ന് ചില വിമർശനങ്ങൾ താൻ പ്രതീക്ഷിക്കുന്നതായി ഗിബ്ബൺ സൂചിപ്പിച്ചിരുന്നെങ്കിലും യഥാർത്ഥത്തിൽ ഉണ്ടായ വിമർശനത്തിന്റെ കാഠിന്യവും ശക്തിയും അദ്ദേഹത്തിന്റേയും സുഹൃത്തുക്കളുടേയും ആശങ്കകളെയെല്ലാം അതിലംഘിക്കുന്നതായിരുന്നു. ജൊസഫ് പ്രീസ്റ്റ്ലി, റിച്ചാർഡ് വാട്ട്സൺ തുടങ്ങിയ എതിരാളികൾ ആരംഭദശയിൽ വിമർശനത്തെ ആളിക്കത്തിച്ചു. എന്നാൽ ഏറ്റവും കടുത്ത വിമർശനം ഹെൻട്രി എഡ്വേഡ്സ് ഡേവിസ് എന്ന യുവപുരോഹിതന്റേതായിരുന്നു. [12] ഗിബ്ബൺ ഡേവിസിന്റെ വിമർശനങ്ങൾക്ക് 1779-ൽ മറുപടി എഴുതി. താൻ സാഹിത്യചോരണം നടത്തിയതായും മറ്റുമുള്ള ആരോപണങ്ങളെ അദ്ദേഹം ശക്തിയായി നിഷേധിച്ചു.[13] ഇതിന് ഡേവീസും ഒരു മറുപടി അതേവർഷം തന്നെ പ്രസിദ്ധീകരിച്ചു.

ഗിബ്ബന്റെ ക്രിസ്തുമതവിരോധം ഇടക്ക് യഹൂദമതവിരോധമായും പ്രത്യക്ഷപ്പെടുന്നുണ്ട്. അദ്ദേഹം യഹൂദവിരുദ്ധനാണെന്നുള്ള ആരോപണത്തിന് ഇത് കാരണമായി. ഉദാഹരണമായി അദ്ദേഹം ഇങ്ങനെ എഴുതിയിട്ടുണ്ട്:

ഈജിപ്തിലേയും സൈപ്രസ്സിലേയും സൈറീനിലേയും പട്ടണങ്ങളിൽ നിഷ്കളങ്കരായ നാട്ടുകാരുമായി വഞ്ചനാപൂർവമായ സൗഹൃദത്തിൽ കഴിഞ്ഞ യഹൂദർ അവർക്കെതിരെ കാട്ടിയ കൊടുംക്രൂരതകൾ മനുഷ്യരാശിക്ക് ഞെട്ടലുണ്ടാക്കുന്നു;¹ അന്ധവിശ്വാസത്തിന്റെ പേരിൽ റോമൻ സർക്കാരിന്റെയെന്നല്ല മനുഷ്യരാശിയുടെ തന്നെ ശത്രുക്കളായിത്തീർന്ന അസഹിഷ്ണുക്കളുടെ ഈ വർഗ്ഗത്തിനെതിരെ റോമൻ സൈന്യം കൈക്കൊണ്ട പ്രതികാരനടപടികളെ പ്രശംസിക്കാനേ നമുക്കു തോന്നൂ.²[14]

ക്രിസ്തുമതവിരോധത്തിന്റെ പേരിൽ മാത്രമല്ല ഗിബ്ബന്റെ രചന വിമർശിക്കപ്പെട്ടിട്ടുള്ളത്. ആ മതത്തിലെ നാനാവിധമായ ചേരിതിരിവുകൾക്കും അവയ്ക്കുപിന്നിലുള്ള സങ്കീർണ്ണമായ ദൈവശാസ്ത്ര സം‌വാദങ്ങൾക്കും ആവശ്യത്തിലേറെ പ്രാധാന്യം കൊടുത്തതും പലർക്കും മുഷിപ്പുണ്ടാക്കി. "തളർച്ചയും തകർച്ചയും" ഇറങ്ങിയപ്പോൾ അതിനെ ഏറെ പ്രശംസിച്ച എഴുത്തുകാരൻ ഹോറേസ് വാല്പോൾ ഇതേക്കുറിച്ചു പറഞ്ഞത് " ഗിബ്ബൺ ഏകസ്വഭാവവാദികളേക്കുറിച്ചും (Monophysittes) നെസ്തോറിയന്മാരെക്കുറിച്ചും അതുപോലുള്ള മറ്റു വിഡ്ഢികളെക്കുറിച്ചും കേട്ടിട്ടേയില്ലായിരുന്നെങ്കിൽ എത്രനന്നായിരുന്നു" എന്നാണ്. വാക്കുകൾ കൊണ്ട് അമ്മാനാടി അത്ഭുതം സൃഷ്ടിക്കുന്ന ഗിബ്ബന്റെ ഏറെ പ്രശംസിക്കപ്പെട്ട ശൈലിപോലും, ദീർഘമായ ഗ്രന്ഥത്തിൽ ആവർത്തനം കൊണ്ട് വിരസത സൃഷ്ടിച്ചു. കലയുടേയും ശാസ്ത്രത്തിന്റേയും സാഹിത്യത്തിന്റേയും ചരിത്രം ഗിബ്ബൺ സ്പർശിച്ചതേയില്ല. ഗോത്തിക്ക് ഭദ്രാസനപ്പള്ളികളും, മുസ്ലിം മോസ്ക്കുകളും അറേബ്യൻ സയൻസും അദ്ദേഹത്തിന്റെ ആഖ്യാനത്തിനു വെളിയിൽ നിന്നു. താഴേക്കിടയിലുള്ള മനുഷ്യരുടെ ജീവിതവും അദ്ദേഹം മിക്കവാറും അവഗണിച്ചു.[10]

സാഹിത്യമേന്മ, 'മൂലസ്രോതസ്സുകൾ

[തിരുത്തുക]

ഗിബ്ബന്റെ കൃതി അതിന്റെ ശൈലിയുടേയും, ആക്ഷേപഹാസ്യത്തിന്റേയും, കുറിക്കുകൊള്ളുന്ന ലഘുവാക്യങ്ങളുടേയും പേരിൽ പ്രശംസിക്കപ്പെട്ടിട്ടുണ്ട്. വിൻസ്റ്റൺ ചർച്ചിലിന്റെ പ്രശംസ ശ്രദ്ധേയമാണ്: "ഗിബ്ബന്റെ "തളർച്ചയും തകർച്ചയും" വായിക്കാൻ തുടങ്ങിയപ്പോൾ തന്നെ അതിലെ ആഖ്യാനവും ശൈലിയും എന്നെ ആകർഷിച്ചു ...ഗിബ്ബണെ ഞാൻ ഒന്നോടെ അകത്താക്കി. ആദ്യവസാനം ഞാൻ ആ കൃതിയിലൂടെ ജൈത്രയാത്രനടത്തുകയും അത് പൂർണ്ണമായി ആസ്വദിക്കുകയും ചെയ്തു."[15] തന്റെ സാഹിത്യശൈലി മിക്കവാറും ഗിബ്ബന്റെ രീതിയിലാണ് ചർച്ചിൽ രൂപപ്പെടുത്തിയത്. ഗിബ്ബണെപ്പോലെ അദ്ദേഹവും "ദീർഘമായ കാലഘട്ടങ്ങളെക്കുറിച്ച് മിഴിവുള്ള ചരിത്രാവലോകനങ്ങൾ എഴുതാൻ തുനിഞ്ഞു."[16]

തന്റെ രചനക്ക് ആശ്രയമായി മൂലസ്രോതസ്സുകൾ തന്നെ വേണമെന്ന ഗിബ്ബന്റെ നിർബ്ബന്ധം പതിനെട്ടാം നൂറ്റാണ്ടിൽ പുതുമയായിരുന്നു. "മുഖ്യധാരയെ തന്നെ ആശ്രയിക്കാൻ ഞാൻ കഴിയുന്നത്ര ശ്രമിച്ചു," എന്നദ്ദേഹം പറഞ്ഞു; "എന്റെ കൗതുകവും ഉത്തരവാദിത്തബോധവും മൂലരചനകളെത്തന്നെ ആശ്രയിക്കാൻ എന്നെ പ്രേരിപ്പിച്ചു; ചിലപ്പോൾ അവ ലഭ്യമല്ലെന്നു വന്നാൽ, വളരെ ശ്രദ്ധയോടെ മറ്റുറവിടങ്ങളെ ആശ്രയിച്ചു."[17] മൂലരചനകളിന്മേലുള്ള ഈ ആശ്രയം ഗിബ്ബണെ ആധുനിക ചരിത്രരചനയുടെ ഉദ്ഘാടകരിൽ ഒരാളാക്കുന്നു:

കൃത്യത, സമഗ്രത, വ്യക്തത, വിഷയജ്ഞാനം എന്നീ ഗുണങ്ങളിൽ ഗിബ്ബന്റെ ചരിത്രത്തെ വെല്ലാൻ മറ്റൊന്നില്ല. ഇംഗ്ലീഷിലുള്ള ചരിത്രഗ്രന്ഥങ്ങളിൽ, തീർത്തും വിശ്വസിക്കവുന്ന ഒന്നാണത്. ...അതിന്റെ കുറവുകളെല്ലാം നിൽക്കുമ്പോഴും, ഒരു വലിയകാലഘട്ടത്തിന്റെ ചിത്രം എന്ന നിലയിൽ ഒരു കലാസൃഷ്ടിയും ചരിത്രരചനയും എന്നനിലയിൽ അത് മഹത്തരമാണ്.[18]

സ്വാധീനം

[തിരുത്തുക]

ഗിബ്ബൺ തെരഞ്ഞെടുത്ത വിഷയവും അദ്ദേഹത്തിന്റെ ആശയങ്ങളും ശൈലിയും പിൽക്കാലലേഖകന്മാരെ സ്വാധീനിച്ചിട്ടുണ്ട്. ചർച്ചിലിനുപുറമേ ഐസക്ക് അസിമോവും അദ്ദേഹത്തെ പിന്തുടർന്നു. അസിമോവിന്റെ ഫൗൻഡേഷൻ ട്രൈലോജി പിന്തുടരുന്നത് ഗിബ്ബന്റെ മാതൃകയാണ്.

എവ്‌ലീൻ വാഗ് ഗിബ്ബന്റെ ശൈലിയെ ബഹുമാനിച്ചെങ്കിലും അദ്ദേഹത്തിന്റെ മതേനിരപേക്ഷനിലപാടിനെ വിമർശിച്ചു. വാഗ് 1950-ൽ പ്രസിദ്ധീകരിച്ച് ഹെലീന എന്ന നോവലിൽ ആദ്യകാലക്രൈസ്തവ ലേഖകനായ ലക്ടാന്റിയസ്, ഭാവിയിൽ സിസറോയുടേയോ ടാസിറ്റസിന്റേയോ ബുദ്ധിയും ഒരു മൃഗത്തിന്റെ ആത്മാവുമുള്ള "കപടചരിത്രകാരൻ" ഉണ്ടായേക്കാമെന്ന ആശങ്ക പ്രകടിപ്പിക്കുന്നത് ഗിബ്ബണെ സൂചിപ്പിച്ചാണ്"[19]

റോമിനുണ്ടായിരുന്ന മഹത്ത്വം(1911‌)‌ എന്ന കൃതിയുടെ രചയിതാവായ ജെ.സി. സ്റ്റോബാർട്ട് ഗിബ്ബണെക്കുറിച്ച് ഇങ്ങനെ എഴുതി: '"ഒരു സാമ്രാജ്യം അഞ്ചു നൂറ്റാണ്ടുകാലം "തളർന്നും തകർന്നും" കൊണ്ടിരുന്നു എന്ന ആശയം തന്നെ പരിഹാസ്യമാണ്... ചരിത്രം സൃഷ്ടിക്കുന്നത് ചരിത്രപുരുഷന്മാരോ, പ്രകൃതിയോ അല്ല ചരിത്രകാരന്മാരാണ് എന്നതിന് ഇത് തെളിവാണ്."

അവലംബം

[തിരുത്തുക]
 1. David Potter, A Companion To The Roman Empire. (Malden, Mass.: Blackwell Pub., 2006), p. 100.
 2. Stephen, DNB, p. 1130; Pocock, EEG, 29–40.
 3. ഗിബ്ബൺ, സ്മരണകൾ, "ശീഘ്രഗതിയിൽ മിതഭാഷിയായി ഞാൻ തുടരട്ടെ."
 4. Pocock, "ക്ലാസിക്കൽ ചരിത്രം"
 5. ഗിബ്ബൺ, സ്മരണകൾ, "വിദേശയാത്രയുടെ പ്രയോജനങ്ങൾ." ഈ അവകാശവാദത്തെ സംശയിക്കാൻ മതിയായ കാരണങ്ങൾ ഉണ്ടെന്നും ( Womersley (ODNB, പുറം 12) ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇത് സൃഷ്ടിക്കപ്പെട്ട സ്മരണയോ (created memory) സർഗ്ഗവാസനയുടെ കണ്ടുപിടിത്തമോ(literary invention) ആകാം എന്ന് ("ക്ലാസിക്കൽ ചരിത്രം") പോക്കോക്ക് വാദിക്കുന്നു.
 6. Norton, Biblio, pp. 37, 45. ഒന്നാം പതിപ്പിന്റെ അവശേഷിക്കുന്ന പതിപ്പുകളുടേയും തുടർന്നുള്ള അഞ്ചു പതിപ്പുകളുടേയും പ്രസിദ്ധീകരണാവകാശം ഗിബ്ബൺ പ്രസാധകരായ സ്ട്രഹാൻ ഹാൻ ആൻഡ് കേഡലിന് 8000 പൗണ്ടിന് വിറ്റതിനാൽ |ഗിബ്ബണ് കിട്ടിയ മൊത്തം പ്രതിഫലം 9000 പൗണ്ടായി.
 7. Ibid., pp. 49, 57.
 8. ഗിബ്ബൺ, സ്മരണകൾ
 9. നോർട്ടൺ, Biblio, p. 61.
 10. 10.0 10.1 10.2 10.3 സംസ്കാരത്തിന്റെ കഥ പത്താം വാല്യം - വിൽ-ഏരിലയൽ ഡുറാന്റുമാർ
 11. ക്രാഡോക്ക്, ഉജ്ജ്വല ചരിത്രകാരൻ, p.60; ഷെല്ലി തോമസ് മക്‌ക്ലോയിയുടെ ഗിബ്ബന്റെ ക്രിസ്തുമതവിരോധം (Chapel Hill: Univ. of North Carolina Press, 1933). എന്നാൽ ഗിബ്ബൺ പതിനഞ്ചാം അദ്ധ്യായം തുടങ്ങിയത് രാഷ്ടീയാധികാരത്തിലേക്കും ശക്തിയിലേക്കുമുള്ള ക്രിസ്തുമതത്തിന്റെ വളർച്ചയുടെ വളരെ അനുകൂലമായതെന്നു തോന്നിക്കുന്ന ഒരു വിലയിരുത്തലോടെയാണ്. റോമാസാമ്രാജ്യത്തിലുടനീളം ക്രിസ്തുമതം ശീഘ്രം പ്രചരിക്കാനിടയായത് ഒരു മുഖ്യ കാരണവും അഞ്ചു മറ്റുകാരണങ്ങളും മൂലമാണെന്ന് ഗിബ്ബൺ അവിടെ വാദിച്ചു: മുഖ്യകാരണമായി പറഞ്ഞത്, "ക്രിസ്തുമത സിദ്ധാന്തങ്ങളുടെ സ്വയം സിദ്ധിയും,... അവയുടെ രചയിതാവിന്റെ പരിപാലനയും" ആണ്. മറ്റുകാരണങ്ങളായി പറയപ്പെട്ടത്, ക്രിസ്ത്യാനികളുടെ "അസാമാന്യമായ തീക്ഷ്ണത, പരലോകത്തെക്കുറിച്ചുള്ള പ്രത്യാശ, അത്ഭുതങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങൾ, വിട്ടുവീഴ്ചയില്ലാതെ പിന്തുടർന്ന വിശുദ്ധി, ആദിമസഭയുടെ പ്രത്യേകമായ ചട്ടക്കൂട്" എന്നിവയാണ്. (ആദ്യത്തെ ഉദ്ധരണി, ക്രാഡോക്കിന്റെ, ഉജ്ജ്വലചരിത്രകാരൻ, p. 61; രണ്ടാമത്തേത്, വോമസ്ലി സംശോധന ചെയ്ത, തളർച്ചയും തകർച്ചയും, vol. 1, ch. XV, p. 497.)
 12. ഹെൻട്രി എഡ്വേഡ്സ് ഡേവിസ്, ഗിബ്ബന്റെ റോമാസാമ്രാജ്യത്തിന്റെ തളർച്ചയുടേയും തകർച്ചയുടേയും ചരിത്രം എന്ന പുസ്തകത്തിന്റെ പതിനഞ്ചും പതിനാറും അദ്ധ്യായങ്ങളുടെ ഒരു വിശകലനം"(London: J. Dodsley, 1778). online.
 13. See Gibbon monographs.
 14. വോമർസ്ലി സംശോധന ചെയ്ത്, തളർച്ചയും തകർച്ചയും, vol. 1, ch. XVI, p. 516. ഇവിടെ ഗിബ്ബൺ കൊടുത്തിട്ടുള്ള അടിക്കുറിപ്പുകളിൽ ആദ്യത്തേത് ഈ ഭാഗം വിളിച്ചുവരുത്തിയ വിമർശനങ്ങളെ മനസ്സിലാക്കാൻ കൂടുതൽ സഹായകമാവും: "സൈറീനിൽ യഹൂദർ 220,000 യവനരെ കൊന്നു; സൈപ്രസ്സിൽ, 240,000; ഈജിപ്തിലും ഒരു വലിയ സംഖ്യ. നിർഭാഗ്യരായ ഈ ഇരകളിൽ പലരുരേയും ദാവീദ് രാജാവ് കാണിച്ചുകൊടുത്തിരുന്ന ഒരു മാതൃക പിന്തുടർന്ന് രണ്ടായി അറുത്തുമുറിക്കുകയാണ് ചെയ്തത്. വിജയികളായ യഹൂദർ കൊന്നവരുടെ മാംസം തിന്നു; രക്തം നക്കിയെടുത്തു; കുടൽമാലകൾ കഴുത്തിൽ ധരിച്ചു. ഡയോൺ കാഷിയസ് l.lxviii, p. 1145 കാണുക"
 15. ചർച്ചിൽ, എന്റെ ആദ്യകാലജീവിതം: A Roving Commission (New York: Charles Scribner's Sons, 1958), p. 111.
 16. Roland Quinault, "ചർച്ചിലും ഗിബ്ബണും," എഡ്വേഡ് ഗിബ്ബണും സാമ്രാജ്യവും', സംശോധകർ. R. McKitterick and R. Quinault (Cambridge: 1997), 317-332, at p. 331
 17. തളർച്ചയും തകർച്ചയും, vol. 2, ഗിബ്ബണ് മുഖവുര vol. 4, p. 520.
 18. Stephen, DNB, p. 1134.
 19. (London: Chapman and Hall), chapter 6, p.122.