ജോഹൻ നികൊളസ് ടെറ്റൻസ്
ജനനം | 16 September 1736 Tetenbüll, Duchy of Schleswig (present-day Nordfriesland, Schleswig-Holstein) |
---|---|
മരണം | 17 August 1807 Copenhagen |
കാലഘട്ടം | 18th-century philosophy |
പ്രദേശം | Western Philosophy |
സ്വാധീനിച്ചവർ | |
സ്വാധീനിക്കപ്പെട്ടവർ |
ജോഹൻ നികൊളസ് ടെറ്റൻസ് ജർമൻ തത്ത്വചിന്തകനും മനഃശാസ്ത്രജ്ഞനുമായിരുന്നു. 1736 സെപ്റ്റംബർ 16-ന് ഷെൽസ്വിഗ് (Schleswig)ലെ ടെറ്റൻബുള്ളി(Tetenbull)ൽ ജനിച്ചു. (1738-ൽ ഷെൽസ്വിഗിലെ ട്യോണിംഗിലാണ് ഇദ്ദേഹം ജനിച്ചതെന്നു വാദിക്കുന്നവരുമുണ്ട്).
ജീവിതരേഖ
[തിരുത്തുക]റോസ്റ്റോക്, കോപ്പൻഹേഗൻ എന്നീ സർവകലാശാലകളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. 1759-ൽ റോസ്റ്റോക് സർവകലാശാലയിൽ അധ്യാപകനായി (Magister) ചേർന്നു. 1760 മുതൽ 1765 വരെ ബ്യൂട്ട്സൗ (Butzow) അക്കാദമിയിൽ ഊർജതന്ത്ര അധ്യാപകനായും 1776 മുതൽ 1789 വരെ കീൽ സർവകലാശാലയിൽ തത്ത്വശാസ്ത്രത്തിന്റെ പ്രൊഫസറായും സേവനം അനുഷ്ഠിച്ചു. 1789 മുതൽ 1807-ൽ മരിക്കുന്നതുവരെയും കോപ്പൻഹേഗനിൽ സാമ്പത്തികരംഗത്ത് സമുന്നതപദവി വഹിച്ചിരുന്നു.
ആത്മീയവാദി
[തിരുത്തുക]ഹ്യൂമിന്റെ തത്ത്വശാസ്ത്രവീക്ഷണങ്ങളെക്കുറിച്ച് ആധികാരിക പഠനം നടത്തിയ ആദ്യത്തെ ജർമൻ പണ്ഡിതൻ എന്ന നിലയിലാണ് ഇദ്ദേഹം പ്രശസ്തിയിലേക്ക് ഉയർന്നത്. ജർമൻ ആത്മീയവാദത്തെ നവീകരിക്കുന്നതിനുവേണ്ടിയാണ് ഇദ്ദേഹം പ്രധാനമായും യത്നിച്ചത്. ആത്മീയമായ ഓരോ ആശയത്തിന്റെയും ആവിർഭാവവും വികാസവും സൂക്ഷ്മപഠനത്തിനു വിധേയമാക്കുകവഴി ആത്മീയവാദത്തെ നവീകരിക്കാമെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശ്വാസം. ആത്മപരിശോധനയാണ് ഇതിനുള്ള മാർഗ്ഗമായി ഇദ്ദേഹം നിർദ്ദേശിച്ചത്. മനുഷ്യന്റെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾക്കും അതിഭൗതിക ശാസ്ത്രത്തെ സംബന്ധിച്ച പ്രശ്നങ്ങൾക്കും മനഃശാസ്ത്രപരമായ സമീപനത്തിലൂടെയുള്ള പരിഹാരമാർഗ്ഗമാണ് ടെറ്റൻസ് നൽകിയിരുന്നത്. അറിവിന്റെ ഉത്ഭവത്തെയും ഘടനയെയും സംബന്ധിച്ച അന്വേഷണമാണ് ഇതിനായി ഇദ്ദേഹം അവലംബിച്ച മാർഗം. മനുഷ്യമനസ്സിന് മൂന്നു പ്രവർത്തന മേഖലകൾ ഉള്ളതായി ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു: ഗ്രഹണശക്തി, ഇച്ഛാശക്തി, സന്തോഷവും വേദനയും അനുഭവിച്ചറിയാനുള്ള സംവേദനശക്തി. സംവേദന ശക്തി ഗ്രഹണശക്തിയിൽ നിന്നും ഇച്ഛാശക്തിയിൽനിന്നും സ്വതന്ത്രമാണെന്നും ഇദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ആത്മീയവാദത്തിന്റെ തത്ത്വങ്ങൾ
[തിരുത്തുക]മനുഷ്യമനസ്സ് സദാ കർമനിരതമാണ്. വസ്തുക്കളോടുള്ള മനസ്സിന്റെ പ്രതികരണമാണ് സംവേദനം. പ്രതിനിധീകരണത്തിനുള്ള മൂന്നു അടിസ്ഥാന പ്രവർത്തനങ്ങളാണ് പ്രത്യക്ഷണം (perception), പ്രതിഫലനം (reflection), കല്പനാസൃഷ്ടി (fiction) എന്നിവ. പ്രതിനിധീകരണത്തിനുള്ള അടിസ്ഥാന പ്രവർത്തനങ്ങളും രൂപവും ചേർന്നാണ് വസ്തു എന്ന ആശയത്തിനു ജന്മം നൽകുന്നത്.
ആത്മീയവാദത്തിന്റെ തത്ത്വങ്ങൾ അഹം ബോധത്തിൽ അധിഷ്ഠിതമായിരിക്കുന്നതിനാൽ അതിനെ നിഷേധിക്കുക സാധ്യമല്ല. ബുദ്ധിയെ സംബന്ധിച്ചിടത്തോളം അവ പ്രകൃതിനിയമങ്ങളെപ്പോലെയാണ്. ബുദ്ധിയും യുക്തിയും വ്യത്യസ്തനിയമങ്ങൾക്കനുസരണമായിട്ടാണ് പ്രവർത്തിക്കുന്നത്; ഇതുമൂലം ഉണ്ടാകുന്ന ആശയക്കുഴപ്പം ചിലപ്പോൾ ഇവ തമ്മിലുള്ള സംഘർഷത്തിനും കാരണമാകും.
പ്രധാനകൃതികൾ
[തിരുത്തുക]അതിഭൗതികശാസ്ത്രം, ധർമശാസ്ത്രം, വിദ്യാഭ്യാസത്തിന്റെ തത്ത്വശാസ്ത്രം, ഭാഷയുടെ തത്ത്വശാസ്ത്രം എന്നിവയിൽ അടങ്ങിയിട്ടുള്ള അതിസങ്കീർണമായ പ്രശ്നങ്ങളെക്കുറിച്ച് ഉൾക്കാഴ്ചയോടുകൂടിയ ചർച്ചകൾ ടെറ്റൻസ് തന്റെ രചനകളിൽ നടത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ആശയങ്ങൾ കാന്റിന്റെ രചനകളെ ശക്തമായി സ്വാധീനിച്ചിരുന്നു. പ്രധാന കൃതികൾ:
- ഓൺ ജനറൽ സ്പെക്യുലേറ്റീവ് ഫിലോസഫി (1775)
- ഫിലോസഫിക്കൽ എസ്സേയ്സ് ഓൺ ഹ്യൂമൻ നേച്ചർ ആൻഡ് ഇറ്റ്സ് ഡെവലപ്പ്മെന്റ് (1777).
1807 ഓഗസ്റ്റ് 17-ന് അദ്ദേഹം അന്തരിച്ചു.
അവലംബം
[തിരുത്തുക]- http://www.bookrags.com/research/tetens-johann-nicolaus-1736-or-1738-eoph/
- http://www-history.mcs.st-and.ac.uk/Biographies/Tetens.html
- http://www.enlightenment-revolution.org/index.php/Tetens,_Johann_Nicolaus Archived 2016-03-15 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടെറ്റൻസ്, ജോഹൻ നികൊളസ് (1736-1807) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |