Jump to content

ജോനഥൻ സ്വിഫ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോനഥൻ സ്വിഫ്റ്റ്
ചാൾസ് ജെർവാസ് വരച്ച ചിത്രം
ചാൾസ് ജെർവാസ് വരച്ച ചിത്രം
ജനനം(1667-11-30)30 നവംബർ 1667
ഡബ്ലിൻ, അയർലണ്ട്
മരണം19 ഒക്ടോബർ 1745(1745-10-19) (പ്രായം 77)
അയർലണ്ട്
തൂലികാ നാമംഎം.ബി.ഡ്രേപ്പിയർ, ലെമുവേൽ ഗള്ളിവർ, ഐസക്ക് ബിക്കർസ്റ്റാർ
തൊഴിൽആക്ഷേപഹാസ്യകാരൻ, ഉപന്യാസകൻ, ലഘുലേഖാകാരൻ, കവി, പുരോഹിതൻ
ഭാഷഇംഗ്ലീഷ്
ദേശീയതഐറിഷ്
പഠിച്ച വിദ്യാലയംട്രിനിറ്റി കോളജ്, ഡബ്ലിൻ
ശ്രദ്ധേയമായ രചന(കൾ)"ഗള്ളിവറുടെ യാത്രകൾ"
"മിതമായ ഒരു നിർദ്ദേശം"
"എ ടേൽ ഓഫ് എ ടബ്ബ്"
"ഡ്രേപ്പിയറുടെ കത്തുകൾ"

ആംഗല-ഐറിഷ് ആക്ഷേപഹാസ്യകാരനും, കവിയും, രാഷ്ട്രീയലഘുലേഖാകാരനും, പുരോഹിതനും ആയിരുന്നു ജോനഥൻ സ്വിഫ്റ്റ് (30 നവംബർ 1667 – 19 ഒക്ടോബർ 1745). ആംഗലസാഹിത്യചരിത്രത്തിൽ "ഓഗസ്റ്റൻ യുഗം" എന്നറിയപ്പെടുന്ന കാലഘട്ടത്തിലെ ഏറ്റവും മികച്ച ഗദ്യകാരനായി കണക്കാക്കപ്പെടുന്ന അദ്ദേഹം മനുഷ്യസ്വഭാവത്തിന്റേയും, മനുഷ്യർക്കിടയിലെ സാമൂഹ്യബന്ധങ്ങളുടേയും, വിശ്വാസങ്ങളുടേയും, ദർശനങ്ങളുടേയും സ്വാർത്ഥതയും പൊള്ളത്തരവും ദോഷദൃഷ്ടിയോടെ തുറന്നുകാട്ടുന്ന ഒരു പറ്റം രചനകളുടെ കർത്താവാണ്. ഗള്ളിവറുടെ യാത്രകൾ എന്ന കൃതിയാണ് സ്വിഫ്റ്റിന്റെ ഏറ്റവും പേരുകേട്ട രചന. "മാനവികതയുടെ ബീഭത്സമായ പരിഹാസം" (a monstrous satire on humanity) എന്നും[1]"മനുഷ്യവർഗ്ഗത്തെ ലക്ഷ്യമാക്കുന്ന ആക്ഷേപരചനകളിൽ ഏറ്റവും പ്രസിദ്ധവും ക്രൂരവും"[൧][2] എന്നും അദ്ദേഹത്തിന്റെ കൃതികൾ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.

ജീവിതം

[തിരുത്തുക]

തുടക്കം

[തിരുത്തുക]

ഇംഗ്ലണ്ടിൽ നിന്നെത്തി അയർലൻഡിൽ താമസമാക്കിയിരുന്ന ജോനഥൻ സ്വിഫ്റ്റ് എന്നു തന്നെ പേരുള്ള പിതാവിന്റേയും അബിഗെയിൽ എറിക്കിന്റേയും മകനായി അയർലൻഡിലെ ഡബ്ലിനിലാണ് സ്വിഫ്റ്റ് ജനിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തിന് എഴുത്തുകാരനും സാഹസികനുമയ സർ വാൾട്ടർ റാലി, സാഹിത്യകാരന്മാരായ ജോൺ ഡ്രൈഡൺ, ഫ്രാൻസിസ് ഗോഡ്വിൻ, വില്യം ഡേവനാന്റ് എന്നിവരുമായി ബന്ധമുണ്ടായിരുന്നു. മകന്റെ ജനനത്തിന് ഏതാനും മാസം മുൻപു സ്വിഫ്റ്റിന്റെ പിതാവു മരിച്ചു. ബാല്യകൗമാരങ്ങളിൽ ഏറെക്കാലം അമ്മയിൽ നിന്നു വേർപെട്ടു കഴിഞ്ഞ സ്വിഫ്റ്റ് വളർന്നത് അമ്മാവൻ ഗോഡ്വിൻ സ്വിഫ്റ്റിന്റേയും മറ്റും സംരക്ഷണയിലാണ്. തെക്കു-കിഴക്കൻ അയർലൻഡിലെ കിൽക്കന്നി സ്കൂളിലും ഡബ്ലിൻ സർവകലാശാലയിലും മറ്റും അദ്ദേഹം പഠിച്ചു.

1688-ൽ അയർലൻഡിലെ രാഷ്ട്രീയസാഹചര്യങ്ങൾ ഇംഗ്ലീഷുകാർക്ക് പ്രതികൂലമായതിനെ തുടർന്ന്, സ്വിഫ്റ്റ്, ഇംഗ്ലണ്ടിലേക്കു മടങ്ങി. അവിടെ അമ്മ അദ്ദേഹത്തിനു നയതന്ത്രജ്ഞനായ വില്യം ടെമ്പിളിന്റെ സെക്രട്ടറിയായി ജോലി നേടിക്കൊടുത്തു. ആ പദവിയിൽ ടെമ്പിളിന്റെ വസതിയിൽ, താമസിച്ച് ഏതാണ്ട് പത്തു വർഷത്തോളം സ്വിഫ്റ്റ് പ്രവർത്തിച്ചു.

പാതിരി, ആദ്യരചനകൾ

[തിരുത്തുക]

പ്രതിഭയിൽ തന്നേക്കാൾ വളരെ താഴെ നിന്ന ടെമ്പിളിന്റെ കീഴിൽ പരിചാരകന്റേതിൽ ഏറെ മേലല്ലാത്ത പദവിൽ തുടരുന്നത്, സ്വതേ അഭിമാനിയായിരുന്ന സ്വിഫ്റ്റിന് ബുദ്ധിമുട്ടായി. ടെമ്പിളുമായി കലഹിച്ച അദ്ദേഹം സെക്രട്ടറിയുടെ ജോലി ഉപേക്ഷിച്ച് ആംഗ്ലിക്കൻ സഭയിൽ പൗരോഹിത്യം സ്വീകരിച്ചു. എന്നാൽ പുരോഹിതനെന്ന നിലയിലും ഭേദപ്പെട്ട ഏതെങ്കിലും പള്ളിയിൽ നിയമനം നേടാൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. അയർലണ്ടിൽ ലരാക്കോർ എന്ന ഒറ്റപ്പെട്ട സ്ഥലത്തെ തീരെ പ്രാധാന്യം കുറഞ്ഞ പള്ളിയിലെ നിയമനമാണ് കിട്ടിയത്.

ഇക്കാലത്ത് ഏറെ വായനയിലും പഠനത്തിലും മുഴുകിയിരുന്ന സ്വിഫ്റ്റിന്റെ "ടേൽ ഓഫ് എ ടബ്ബ്", എന്ന കൃതി 1704-ൽ വെളിച്ചം കണ്ടു. പാശ്ചാത്യക്രിസ്തീയതയിലെ പ്രമുഖവിശ്വാസധാരകളുടേ നിർദ്ദയമായ വിമർശനമാണ് ഈ രചന. മൂന്നു വിശ്വാസധാരകളെ പ്രതിനിധാനം ചെയ്യുന്ന പീറ്റർ, ജാക്ക്, മാർട്ടിൻ എന്നീ സഹോദരന്മാരുടെ കഥയിലൂടെയാണ് സ്വിഫ്റ്റ് തന്റെ വിമർശനം സാധിക്കുന്നത്. പീറ്റർ റോമൻ കത്തോലിക്കാ സഭയേയും, ജാക്ക് തീക്ഷ്ണപ്രൊട്ടസ്റ്റന്റ് വിശ്വാസങ്ങളേയും മാർട്ടിൻ, ലൂഥറൻ-ആംഗ്ലിക്കൻ വിശ്വാസങ്ങളേയും പ്രതിനിധീകരിക്കുന്നു.[3] സ്വിഫ്റ്റിന്റെ ഏറ്റവും മെച്ചപ്പെട്ട രചനയായി സാമുവൽ ജോൺസണും മറ്റും ഇതിനെ വിലയിരുത്തുന്നു.[4] അക്കാലത്തെ ചില സാഹിത്യസംവാദങ്ങളിൽ പങ്കുചേരുന്ന "ബാറ്റിൽ ഓഫ് ദ ബുക്സ്" എന്ന കൃതിയും സ്വിഫ്റ്റ് 1704-ൽ തന്നെ പ്രസിദ്ധീകരിച്ചു. ഈ രചനകൾ സ്വിഫ്റ്റിനെ ഒന്നാംകിട ആക്ഷേപസാഹിത്യകാരൻ എന്ന നിലയിൽ ശ്രദ്ധേയനാക്കി.

ലഘുലേഖാകാരൻ

[തിരുത്തുക]
അയർലൻഡിൽ ഡബ്ലിനിലെ വിശുദ്ധ പാട്രിക്കിന്റെ പള്ളിയിലുള്ള സ്വിഫ്റ്റിന്റെ അർദ്ധകായ പ്രതിമ

ഈ കൃതികളുടെ വിജയത്തോടെ തന്റെ തൂലികയുടെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ സ്വിഫ്റ്റ് രാഷ്ട്രീയ ലഘുലേഖകൾ എഴുതാൻ തുടങ്ങി. ആ രംഗത്ത് അസാമാന്യമായ വിജയം കണ്ട അദ്ദേഹം പൊതുജീവിതത്തിൽ ഏറെ സ്വാധീനമുള്ളവനും അധികാരസ്ഥാനങ്ങൾക്കു ഒഴിവാക്കാനാവാത്തവനും ആയി. ആദ്യം 'വിഗ്' (ലിബറൽ) കക്ഷിയേയും പിന്നീട് 'ടോറി' (യാഥാസ്ഥിതിക) കക്ഷിയേയും അദ്ദേഹം പിന്തുണച്ചു.

'പഞ്ചാംഗം'

[തിരുത്തുക]

ആണ്ടോടാണ്ട് 'വർഷഫലം' പറഞ്ഞു പണമുണ്ടാക്കിയിരുന്ന ലണ്ടണിലെ പാട്രിഡ്ജ് എന്ന പഞ്ചാംഗക്കാരനെ വിഷമിപ്പിച്ച "ബിക്കർസ്റ്റാഫ് പഞ്ചാംഗം" എന്ന കൃതി സ്വിഫ്റ്റ് എഴുതിയത് ഇക്കാലത്താണ്. സ്വിഫ്റ്റിന്റെ മറ്റെല്ലാ രചനകളേയും പോലെ പേരു വയ്ക്കാതെ പ്രസിദ്ധീകരിച്ച ഈ കൃതിക്ക്, 1708-ലെ വർഷഫലത്തിന്റെ മട്ടായിരുന്നു. അതിൽ അദ്ദേഹം, ജ്യോതിഷജ്ഞാനത്തിന്റെ വൻനാട്യത്തോടെ, 1708 മാർച്ച് 29 രാത്രി 11 മണിക്ക് പഞ്ചാംഗക്കാരൻ പാട്രിഡ്ജ് മരിക്കുമെന്നു പ്രവചിച്ചു. അതിനു മുൻപ് വീട്ടുകാര്യങ്ങൾ നേരേയാക്കാൻ പാട്രിഡ്ജിനെ ഉപദേശിക്കുക കൂടി ചെയ്തു അദ്ദേഹം. പ്രവചിച്ചിരുന്ന മരണദിവസത്തിന്റെ പിറ്റേന്ന് സ്വിഫ്റ്റ്, പാട്രിഡ്ജിന്റെ "ദേഹസംസ്കാരത്തിന്റെ" വാർത്തയും പ്രസിദ്ധീകരിച്ചു. അതോടെ പറ്റുകാരെ കിട്ടാതായ പാട്രിഡ്ജ്, താൻ ജീവിച്ചിരിക്കുന്നു എന്നു പരസ്യം ചെയ്തു. എന്നാൽ അതിനടുത്ത ദിവസം സ്വിഫ്റ്റ്, ഗ്രഹനിലയുടെ നിസ്സംശയസ്വഭാവം പരിഗണിക്കുമ്പോൾ, ജ്യോതിഷിയായ പാട്രിഡ്ജ് ജീവിച്ചിരിപ്പുണ്ടാകാൻ സാദ്ധ്യത തീരെയില്ലെന്നും, ജീവിച്ചിരിക്കുന്നതായി അവകാശപ്പെടുന്ന വ്യക്തി, മരിച്ചുപോയ പാട്രിഡ്ജിന്റെ പേരിൽ മുതലെടുക്കുന്ന തട്ടിപ്പുകാരനാകാനേ വഴിയുള്ളു എന്നും എഴുതി. സ്വിഫ്റ്റിന്റെ വ്യക്തിത്വത്തിലേക്കും, തട്ടിപ്പുകൾ തുറന്നുകാട്ടുന്നതിൽ അദ്ദേഹത്തിനുണ്ടായിരുന്ന സവിശേഷമായ കൗതുകത്തിലേക്കും ഈ സംഭവം വെളിച്ചം വീശുന്നു. [1][2]

ഡീൻ പദവി

[തിരുത്തുക]

പൊതുജീവിതത്തിലെ സ്വാധീനം പൗരോഹിത്യത്തിൽ ഉയർന്ന് മെത്രാൻ പദവിയിൽ എത്താൻ സഹായിക്കുമെന്നു സ്വിഫ്റ്റ് കരുതിയിരുന്നു. എന്നാൽ "ടേൽ ഓഫ് തെ ടബ്ബ്" ഉൾപ്പെടെ പല രചനകളും ക്രിസ്തുമതവിരുദ്ധമായി കരുതപ്പെട്ടതു പ്രശ്നമായി. 1708-ൽ "ക്രിസ്തുമതത്തെ നിരോധിക്കുന്നതിനെതിരെ" എന്ന പേരിൽ എഴുതിയ ലഘുകൃതിയിൽ അദ്ദേഹം, ക്രിസ്തുമതത്തിന്റെ നിരോധനം പ്രതീക്ഷിക്കുന്നത്ര ഗുണം ചെയ്തേക്കില്ലെന്നും അതു ചില 'അസൗകര്യങ്ങൾ' ഉണ്ടാക്കാൻ വഴിയുണ്ടെന്നുമാണ് വാദിച്ചത്.[5][൨] ക്രിസ്തുമതവിരുദ്ധനെന്ന ദുഷ്കീർത്തിക്കൊപ്പം സ്വിഫ്റ്റ് പിന്തുണച്ചിരുന്ന ടോറി കക്ഷിയ്ക്ക് അധികാരം നഷ്ടപ്പെട്ടതും ഇംഗ്ലണ്ടിൽ മതരംഗത്തെ ഉയർന്ന പദവികൾ ലഭിക്കുന്നതിൽ സ്വിഫ്റ്റിനു തടസ്സമായി. ഒടുവിൽ അയർലൻഡിൽ ഡബ്ലിനിലെ വിശുദ്ധ പാട്രിക്കിന്റെ പള്ളിയിലെ ഡീൻ പദവി അദ്ദേഹത്തിനു വാഗ്ദാനം ചെയ്യപ്പെട്ടു. മറ്റൊരു പദവിയും ലഭിക്കാൻ വഴിയില്ലെന്നു കണ്ട അദ്ദേഹം 1713-ൽ പാട്രിക്കിന്റെ ദേവാലയത്തിലെ ഡീൻ പദവി സ്വീകരിച്ചു ഡബ്ലിനിലേക്കു പോയി.

ഗള്ളിവറുടെ യാത്രകൾ

[തിരുത്തുക]
ഉത്തമജീവികളായ 'ഹൂയിനങ്ങൾ' എന്ന കുതിരകൾക്കിടയിൽ ഗള്ളിവർ

ഡബ്ലിനിലെ ഈ നാളുകളിലാണ് സ്വിഫ്റ്റ് അദ്ദേഹത്തിന്റെ യശസ്സിന്റെ മുഖ്യ അടിസ്ഥാനമായ ഗള്ളിവറുടെ യാത്രകൾ എന്ന കൃതി എഴുതിയത്. 1726-ലാണ് അതു പ്രസിദ്ധീകരിച്ചത്. സാഹിത്യസംബന്ധിയായ ലക്ഷ്യങ്ങളേക്കാൾ, വിധിക്കും മനുഷ്യസമൂഹത്തിനുമെതിരെ ഉള്ളിൽ ഉറഞ്ഞുകൂടിയ വെറുപ്പിന്റെ തുറന്നു വിടലാണ് ഈ കൃതിയിൽ സ്വിഫ്റ്റ് സാധിച്ചത്. ലെമുവേൽ ഗള്ളിവർ എന്ന സാങ്കല്പികവ്യക്തിയുടെ സാഹസയാത്രകളുടെ കഥയിലെ 'മനുഷ്യവിരോധം' (misanthropy) വിമർശിക്കപ്പെട്ടെങ്കിലും സ്വിഫ്റ്റിന്റെ ഈ നായകശില്പം അസാമാന്യമായ ജനപ്രീതി നേടി. ഗള്ളിവറുടെ നാലു യാത്രകളുടെ വിവരണമായി, നാലു ഭാഗങ്ങൾ അടങ്ങിയതാണ് ഈ രചന.

ഗള്ളിവർ യാത്രയുടെ നാലു ഖണ്ഡങ്ങളിൽ ഏറ്റവുമധികം വിമർശിക്കപ്പെട്ടിട്ടുള്ളത് ഹൂയിനം നാടിനെപ്പറ്റിയുള്ള അവസാനഖണ്ഡമാണ്. അതിൽ സ്വിഫ്റ്റിന്റെ ദോഷദൃഷ്ടി ഹാസ്യത്തിന്റെ വഴിവിട്ട് മനുഷ്യരാശിയെ നിർദ്ദയം തൊലിയുരിയുകയാണെന്ന് വിമർശിക്കപ്പെട്ടിട്ടുണ്ട്. "ഒരേസമയം തെറിക്കഥയും ബാലസാഹിത്യവും ആയിരിക്കുന്ന രചന" എന്ന് ഗള്ളിവറുടെ യാത്രകൾ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.[6]

ഗള്ളിവർ ലില്ലിപ്പുട്ടിൽ

[തിരുത്തുക]

കൃതിയുടെ ആദ്യഭാഗം ചെറിയമനുഷ്യരുടെ നാടായ ലില്ലിപ്പുട്ടിലെ യാത്രയുടെ കഥയാണ്. ആ നാട്ടിലെ മനുഷ്യർ ആറിഞ്ചു മാത്രം ഉയരമുള്ളവരായിരുന്നു. അവർക്കു മുൻപിൽ ഗള്ളിവർ ഭീമാകാരനായി കാണപ്പെട്ടു. ഈ ചെറുമനുഷ്യരുടെ ക്ഷുദ്രകലഹങ്ങളിൽ ഗള്ളിവർ മനുഷ്യരാശിയുടെ നിസ്സാരത ചിത്രീകരിക്കുന്നു. ആ നാട്ടിലെ രാജനീതിയിൽ രണ്ടു കക്ഷികൾ ഉണ്ടായിരുന്നു. ചെരിപ്പുമടമ്പിന്റെ ഉയരത്തിലായിരുന്നു അവർ തമ്മിലുള്ള അന്തരം. ഒരു കക്ഷിയിൽ പെട്ടവർ ഉയർന്ന മടമ്പുള്ള ചെരിപ്പിട്ടപ്പോൾ എതിർകക്ഷിക്കാരുടെ ചെരിപ്പു മടമ്പിന് ഉയരമില്ലായിരുന്നു. "വൻതുമ്പന്മാർ" (Big endinans), "ചെറുതുമ്പന്മാർ" (Little endians) എന്നിങ്ങനെ മതപരമായും അവർക്കിടയിൽ രണ്ടു ചേരികൾ ഉണ്ടായിരുന്നു. മുട്ട തിന്നുമ്പോൾ, ഏതറ്റത്തു നിന്ന് തോടുപൊളിച്ചു തുടങ്ങണം എന്ന വിഷയത്തിലായിരുന്നു അവരുടെ ഭിന്നത. പൊളിക്കേണ്ടത് കൂർപ്പു കുറഞ്ഞ വലിയ അറ്റത്തു നിന്നാണെന്ന് വൻതുമ്പന്മാരും, കൂർത്ത ചെറിയ അറ്റത്തു നിന്നാണെന്ന് ചെറുതുമ്പന്മാരും വിശ്വസിച്ചു. ഈ വിശ്വാസഭേദത്തിന്റെ പേരിൽ അവർക്കിടയിൽ വലിയ വൈരം നിലനിന്നിരുന്നു.

ബ്രോബ്ഡിങ്ങ്നാഗിൽ

[തിരുത്തുക]

ഈ നാട്ടിലെ അറുപതടി ഉയരമുള്ള മനുഷ്യഭീമന്മാർ ഗള്ളിവർക്ക് മനുഷ്യസ്വഭാവത്തിന്റെ മറ്റൊരു പരിപ്രേഷ്യമായി. ആ നാട്ടിലെ കാര്യങ്ങളെല്ലാം ഈ വലിപ്പവ്യത്യാസത്തിന്റെ തോതിനിണങ്ങും വിധമായിരുന്നു. അവിടത്തെ രാജാവ് ഗള്ളിവറെ ഒരു കീടമായി കരുതി. യൂറോപ്പ് അദ്ദേഹത്തിന് ഒരു ചിതൽപ്പുറ്റായിരുന്നു. സ്വന്തം നാട്ടിലെ ആളുകളുടെ നേട്ടങ്ങളേയും യുദ്ധങ്ങളേയും കുറിച്ചു ഗള്ളിവർ വമ്പു പറഞ്ഞപ്പോൾ, ഇത്ര ചെറിയ കൃമികൾക്കുള്ളിൽ ഇത്രയധികം വിഷം എങ്ങനെ ഉണ്ടാകുമെന്ന് ഭീമന്മാർ അത്ഭുതപ്പെട്ടു.

ലപ്പൂട്ടായിലും മറ്റും

[തിരുത്തുക]
ഒഴുകിനടക്കുന്ന ആകാശദ്വീപായ ലപ്പൂട്ടാ

ആകാശത്തു പറന്നുനടന്നിരുന്ന ലപ്പൂട്ടാ എന്ന ദ്വീപിലും മറ്റുമായിരുന്നു ഗള്ളിവറുടെ അടുത്ത യാത്ര. ശാസ്ത്രജ്ഞന്മാരും, പണ്ഡിതന്മാരും, കണ്ടുപിടിത്തക്കാരും, പ്രൊഫസർമാരും, ദാർശനികരും മറ്റുമായിരുന്നു ആ നാട്ടിലെ പ്രധാനികൾ. പ്രായോഗികജീവിതവുമായി ബന്ധമില്ലാത്ത ഗണിത, ജ്യോതിശാസ്ത്ര, സാങ്കേതികസമസ്യകളിലായിരുന്നു അവർക്ക് താത്പര്യം. ലാപ്പൂട്ടായുടെ ഭരണത്തിൽ കീഴിലുള്ള ലഗാഡോ നഗരത്തിലെ അക്കാദമി പേരെടുത്തതായിരുന്നു. വെള്ളരിക്കയിൽ നിന്നു സൂര്യപ്രകാശം വേർതിരിച്ചെടുക്കാനും മറ്റുമായി അവിടത്തെ ഗവേഷകർ കഠിനാദ്ധ്വാനം ചെയ്തു. ഈ യാത്രയിൽ ഗള്ളിവർ ലഗ്ഗ്‌നാഗ് എന്ന നാട്ടിലും എത്തുന്നുണ്ട്. ഒന്നും ആശിക്കാനില്ലെങ്കിലും മരിക്കാനാകാതെ നിത്യകാലം ജീവിക്കാൻ ശപിക്കപ്പെട്ട സ്ട്രൾഡ്ബർഗുകൾ എന്ന മനുഷ്യരെ ഗള്ളിവർ കണ്ടുമുട്ടുന്നത് അവിടെയാണ്.

ഹൂയിനം നാട്ടിൽ

[തിരുത്തുക]

പിന്നീട് ഗള്ളിവർ ചെന്ന ഹൂനിനങ്ങളുടെ നാട്ടിൽ അധികാരത്തിലിരുന്നത്, സൗന്ദര്യവും, ശുചിത്വവും, സംസ്കാരവുമുള്ള ഹൂയിനങ്ങൾ (Houyhnhnms) എന്ന കുതിരകളാണ്. സന്തുഷ്ടരും സദാചാരികളുമായ അവർക്ക് വൈദ്യന്മാരോ, വക്കീലന്മാരോ, പുരോഹിതന്മാരോ, സൈനികരോ വേണ്ടിയിരുന്നില്ല. ഹൂയിനങ്ങടെ പരിചാരകന്മാരായ യാഹൂമാരാകട്ടെ (Yahoos) മനുഷ്യരാണെങ്കിലും വൃത്തിയും ബുദ്ധിയുമില്ലാത്ത വിരൂപന്മാരായിരുന്നു. ഏറ്റവും വൃത്തികെട്ടവൻ അവർക്കിടയിൽ നേതാവായി. ആ നേതാവ് തന്നെപ്പോലൊരുവനെ തന്റെ കാൽ നക്കാനായി തെരഞ്ഞെടുക്കുന്നു. ആ സേവനത്തിന് അവനു കൊടുത്തിരുന്ന പ്രതിഫലം കഴുതമാംസമായിരുന്നു. കൂടുതൽ വൃത്തികെട്ട മറ്റൊരുവനെ കണ്ടുകിട്ടും വരെ അവൻ ഈ സേവനത്തിൽ തുടർന്നു.

'വിനീതനിർദ്ദേശം'

[തിരുത്തുക]

1729-ൽ സ്വിഫ്റ്റ് "വിനീതനിർദ്ദേശം" (A modest Proposal) എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ലേഖനം പതിവുപോലെ പേരുവയ്ക്കാതെ പ്രസിദ്ധീകരിച്ചു. "പാവപ്പെട്ട മനുഷ്യരുടെ കുട്ടികൾ മാതാപിതാക്കൾക്കും നാടിനും ഭാരമാകാതിരിക്കാനും പൊതുജനങ്ങൾക്ക് ഉപകാരപ്പെടാനുമായുള്ള ഒരു വിനീതനിർദ്ദേശം"[൩] എന്നായിരുന്നു അതിന്റെ മുഴുവൻ പേര്. അയർലണ്ടിലെ പാവങ്ങൾ, ദാരിദ്യത്തിൽ ആശ്വാസം കിട്ടാനായി അവരുടെ കുട്ടികളെ ധനവാന്മാരായ മഹതീമഹാന്മാർക്ക് ഭക്ഷണമായി വിൽക്കണം എന്നായിരുന്നു ഈ കൃതിയിലെ വാദം.[7] പാവപ്പെട്ടവരോടുള്ള ഹൃദയശൂന്യമായ മനോഭാവത്തേയും അയർലണ്ടിന്റെ കാര്യത്തിലുള്ള ബ്രിട്ടീഷ് സർക്കാരിന്റെ നയത്തേയും പരിഹസിക്കുകയായിരുന്നു ഈ രചനയിൽ സ്വിഫ്റ്റ്.

'സ്റ്റെല്ല'

[തിരുത്തുക]
സ്വിഫ്റ്റിന്റെ മൃതദേഹത്തിന്റെ മുഖാവരണം

23 വയസ്സുള്ളപ്പോൾ, വില്യം ടെമ്പിളിന്റെ സെക്രട്ടറിയായി ജോലിചെയ്യുന്ന കാലത്തു പരിചയപ്പെട്ട എസ്തേർ ജോൺസൺ എന്ന പെൺകുട്ടി തുടർന്ന് അവളുടെ മരണം വരെ സ്വിഫ്റ്റിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ടെമ്പിളിന്റെ വീട്ടുവേലക്കാരിൽ ഒരാളുടെ മകളായിരുന്നു എസ്തേർ. സ്വിഫ്റ്റുമായി പരിചയപ്പെടുമ്പോൾ 8 വയസ്സു മാത്രം പ്രായമുണ്ടായിരുന്ന എസ്തേറിന് സ്വിഫ്റ്റ് ട്യൂട്ടറും സംരക്ഷകനുമായി. അവൾക്ക് അദ്ദേഹം 'സ്റ്റെല്ല' എന്നു ചെല്ലപ്പേരിട്ടു. ഗുരു-ശിഷ്യബന്ധത്തിൽ ആരംഭിച്ച അവരുടെ ദീർഘകാലസൗഹൃദത്തിന്റെ സന്ദിഗ്ദ്ധസ്വഭാവം ഇന്നും നിലനിൽക്കുന്നു. 1716-ൽ സ്വിഫ്റ്റും സ്റ്റെല്ലയും രഹസ്യമായി വിവാഹിതരായിരുന്നു എന്നു കരുതുന്നവരുണ്ട്.[2] പിൽക്കാലത്ത് സ്വിഫ്റ്റിന്റെ കാമുകിയായിത്തീർന്ന എസ്തേർ വാൻഹോമ്രിഗ് അവർക്കിടയിൽ പ്രത്യക്ഷപ്പെട്ടതോടെ, ആ വ്യക്തിബന്ധങ്ങൾ സംഘർഷപൂരിതവും സങ്കീർണ്ണവുമായി. 'വനേസ' എന്ന് അദ്ദേഹം വിളിച്ചിരുന്ന എസ്തേർ വാൻഹോമ്രിഗ്, സ്റ്റെല്ലക്കു മുന്നേ, 1723-ൽ മരിച്ചു. മൂന്നു ദശാബ്ദമായി അദ്ദേഹവുമായി ഗാഢസൗഹൃദം പുലർത്തിയിരുന്ന 'സ്റ്റെല്ല'-യുടെ 1728-ലെ മരണം സ്വിഫ്റ്റിനു വലിയ ആഘാതമായി.

പൊതുജീവിതത്തിലെ സംഘർഷങ്ങൾക്കും തിരിച്ചടികൾക്കുമിടയിൽ അദ്ദേഹം ആശ്വാസം കണ്ടെത്തിരുന്നത് സ്റ്റെല്ലയ്ക്ക് ദീർഘമായ കത്തുകൾ എഴുതിക്കൊണ്ടായിരുന്നു. ഇരുവരുടേയും മരണാനന്തരം "സ്റ്റെല്ലക്കുള്ള പത്രിക" (Journal to Stella) എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കത്തുകൾ പ്രസിദ്ധമാണ്.[8]

ഇതിനിടെ സ്വിഫ്റ്റിന്റെ വ്യക്തിജീവിതം വലിയ ദുരന്തമായി പരിണമിച്ചുകൊണ്ടിരുന്നു. തന്റെ ജന്മദിനങ്ങളിൽ ആഘോഷിക്കുന്നതിനു പകരം അദ്ദേഹം അനുശോചിക്കാൻ തുടങ്ങി. "ശുഭരാത്രി, നിങ്ങളെ ഇനി ഒരിക്കലും കാണാനിടവരില്ലെന്ന് പ്രതീക്ഷിക്കുന്നു" എന്നായി സന്ദർശകരോടുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ മൊഴി. കണ്ണട ഉപയോഗിക്കാൻ വിസമ്മതിച്ചിരുന്ന അദ്ദേഹത്തിനു കാഴ്ചശക്തി കുറഞ്ഞ് വായന ഇല്ലാതായി.

"കയ്‌ക്കുന്ന ക്രോധം ഹൃദയത്തെ കീറിമുറിക്കാത്ത ഈ സ്ഥലത്ത് ജോനഥൻ സ്വിഫ്റ്റിന്റെ ദേഹം വിശ്രമിക്കുന്നു" എന്നെഴുതിയ സ്വിഫ്റ്റിന്റെ ചരമഫലകം

"ഗള്ളിവറുടെ യാത്രകളിലെ" തുറന്നു വിടലിനു ശേഷവും സ്വിഫ്റ്റ് ഉള്ളിൽ സുക്ഷിഷിച്ചിരുന്ന കയ്പ് ക്രമേണ ഉന്മാദമായി മാറി. 1738 ആയപ്പോൾ ചിത്തഭ്രമത്തിന്റെ വ്യക്തമായ ലക്ഷണങ്ങൾ അദ്ദേഹം കാട്ടി. മസ്തിഷ്കരോഗം സ്വിഫ്റ്റിനെ ചിലപ്പോഴൊക്കെ ഭ്രാന്തനും അല്ലാത്തപ്പോൾ മൂഢനുമാക്കി. 1741-ൽ, സ്വയം അപായപ്പെടുത്താതിരിക്കാൻ അദ്ദേഹത്തിനു കാവൽക്കാർ നിയമിക്കപ്പെട്ടു. 1745-ൽ 77-ആമത്തെ വയസ്സിൽ ജോനഥൻ സ്വിഫ്റ്റ് മരിച്ചു. തന്റെ സ്വത്തെല്ലാം മനോരോഗചികിത്സക്കായുള്ള ഒരു സ്ഥാപനം നിർമ്മിക്കാൻ ഉപയോഗിക്കാൻ ഓസ്യത്തിൽ അദ്ദേഹം വ്യവസ്ഥ ചെയ്തു. "കയ്‌ക്കുന്ന ക്രോധം ഹൃദയത്തെ കീറിമുറിക്കാത്ത ഈ സ്ഥലത്ത് ജോനഥൻ സ്വിഫ്റ്റിന്റെ ദേഹം വിശ്രമിക്കുന്നു"[൪] എന്ന ലിഖിതം തന്റെ ചരമഫലകത്തിനായി സ്വിഫ്റ്റ് നേരത്തേ തെരഞ്ഞെടുത്തിരുന്നു.

കുറിപ്പുകൾ

[തിരുത്തുക]

^ ".....the most famous and savage satire ever directed against mankind."

^ "An Argument to Prove that the Abolishing of Christianity in England May, as Things Now Stand Today, be Attended with Some Inconveniences and Perhaps not Produce Those Many Good Effects Proposed Thereby."

^ "A Modest Proposal for Preventing the Children of Poor People From Being a Burden on Their Parents or Country, and for Making Them Beneficial to the Publick"


^ "Here is laid the Body of Jonathan Swift, .....where bitter Indignation can no longer tear his heart."

അവലംബം

[തിരുത്തുക]
  1. 1.0 1.1 വില്യം ജെ. ലോങ്ങ്, English Literature, Its History and Its Significance fof the Life of the English Speaking World(പുറങ്ങൾ 270-78)
  2. 2.0 2.1 2.2 വിൽ-ഏരിയൽ ഡുറാന്റുമാർ, ലൂയി പതിനാലാമന്റെ കാലം, സംസ്കാരത്തിന്റെ കഥ (എട്ടാം ഭാഗം - പുറങ്ങൾ 346-62)
  3. Emily DeBaun, Jonathan Swift's Satire of Hypocrisy in A Tale of a Tub Archived 2010-07-24 at the Wayback Machine. The Darmouth Apologia
  4. ജെയിംസ് ബോസ്വെൽ, ലൈഫ് ഓഫ് സാമുവൽ ജോൺസൺ, പ്രസാധകർ, വില്യം ബെന്റൻ പബ്ലിഷർ(പുറങ്ങൾ 244-45)
  5. ക്രിസ്തുമതത്തിന്റെ നിരോധനത്തിനെതിരെയുള്ള വാദം, സമ്പൂർണ്ണപാഠം Archived 2014-03-12 at the Wayback Machine. eBooks@Adelaide-ൽ
  6. അല്ലൻ ബ്ലൂം, An outline of Gulliver's Travels, Gulliver's Travels, A Norton Critical Edition Revised, സംശോധകൻ, റോബർട്ട് എ. ഗ്രീൻബർഗ് (പുറം 297)
  7. Ebooks browse-ൽ 'വിനീതനിർദ്ദേശം' സമ്പൂർണ്ണപാഠം - A Modest Proposal
  8. എസ്തേർ ജോൺസണ് സ്വിഫ്റ്റ് എഴുതിയ കത്തുകൾ ബ്ലാക്ക്മാസ്ക് ഓൺലൈനിൽ ജേണൽ ടു സ്റ്റെല്ലാ Archived 2016-03-05 at the Wayback Machine.
"https://ml.wikipedia.org/w/index.php?title=ജോനഥൻ_സ്വിഫ്റ്റ്&oldid=3822887" എന്ന താളിൽനിന്ന് ശേഖരിച്ചത്