ജെയിംസ് ഡ്വൈറ്റ് ഡേന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെയിംസ് ഡ്വൈറ്റ് ഡേന

ഒരു അമേരിക്കൻ ഭൂഗർഭശാസ്ത്രജ്ഞനും ധാതുവിജ്ഞാനിയും ജന്തുശാസ്ത്രജ്ഞനുമായിരുന്നു ജെയിംസ് ഡ്വൈറ്റ് ഡേന. ശാസ്ത്രരംഗത്ത് പ്രത്യേകിച്ച് ധാതുവിജ്ഞാനീയത്തിൽ ഇദ്ദേഹം നൽകിയ സംഭാവനകൾ അമൂല്യങ്ങളാണ്. ഭൂവിജ്ഞാനീയം, ധാതുവിജ്ഞാനീയം (മിനറലോളജി) ജന്തുശാസ്ത്രം, തുടങ്ങിയ ശാസ്ത്രശാഖകളിലെ നിരവധി ആധികാരിക ഗ്രന്ഥങ്ങളുടെ കർത്താവ് എന്ന നിലയിലും ഡേന പ്രശസ്തനാണ്. സിസ്റ്റം ഓഫ് മിനറോളജി ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥം.

ജീവിതരേഖ[തിരുത്തുക]

ന്യൂയോർക്കിലെ യൂടികയിൽ 1813 ഫെബ്രുവരി 12-ന് ജനിച്ചു. 1833-ൽ യേൽ കോളജിൽ നിന്നു ബിരുദമെടുത്ത ഡേന 1836 മുതൽ ഇതേ കോളജിൽ പ്രൊഫ. ബെഞ്ചമിൻ സിലിമാന്റെ കീഴിൽ സേവനം ആരംഭിച്ചു. 1837-ൽ തന്റെ ഇരുപത്തിനാലാം വയസ്സിൽ ആദ്യ കൃതിയായ സിസ്റ്റം ഒഫ് മിനറോളജി പ്രസിദ്ധീകരിച്ചു. 1838-ൽ യേൽ കോളജ് വിട്ട്, യു.എസ് നാവികപ്പടയിൽ സിവിലിയൻ ഗണിത ശാസ്ത്ര പരിശീലകനായിച്ചേർന്നു. 1838 മുതൽ 42 വരെ യു.എസ്. ഗവൺമെന്റിന്റെ ദക്ഷിണപസിഫിക്കിലേക്കുള്ള പര്യവേക്ഷണ സംഘത്തിൽ ജിയോളജിസ്റ്റ്, മിനറോളജിസ്റ്റ് എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. 'വിൽക്സ് എക്സ്പെഡിഷൻ' എന്ന പേരിലറിയപ്പെട്ട ഈ പര്യവേക്ഷണത്തിലെ പഠനങ്ങളിൽ നിന്ന് പവിഴദ്വീപുകളുടെ ഭൂവിജ്ഞാനീയം, അവയിലെ ജീവസമൂഹങ്ങൾ എന്നിവയെക്കുറിച്ച് ഡേന പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ പ്രസക്ത മേഖലയിലെ ആധികാരികരേഖകളായി തുടരുന്നു. 1840-ൽ ഇദ്ദേഹം അമേരിക്കൻ ജേർണൽ ഒഫ് സയൻസിന്റെ കോ-എഡിറ്ററായി നിയുക്തനായി. 1849-ൽ ഡേനയെ യേൽ കോളജിലെ പ്രകൃതി-ചരിത്ര പ്രൊഫസറായി നിയമിച്ചു. 1864 മുതൽ 92 വരെ ഇതേ കോളജിലെ ഭൂവിജ്ഞാനീയ, ധാതുവിജ്ഞാനീയ വിഭാഗങ്ങളുടെ പ്രൊഫസറായും ഇദ്ദേഹം സേവനമനുഷ്ഠിച്ചു. ധാതുവിജ്ഞാനശാഖയ്ക്ക് വളരെ ശ്രദ്ധാർഹമായ സംഭാവനകൾ നല്കിയിട്ടുള്ള ഈ പ്രതിഭാശാലി 1895 ഏപ്രിൽ 14-ന് കണക്റ്റിക്കട്ടിലെ ന്യൂഹേവനിൽ അന്തരിച്ചു.


കൃതികൾ[തിരുത്തുക]

അഞ്ച് എഡിഷനുകളിലായി പ്രസിദ്ധീകരിച്ച സിസ്റ്റം ഒഫ് മിനറോളജി, മാനുവൽ ഒഫ് മിനറോളജി (1848), മാനുവൽ ഒഫ് ജിയോളജി (1862), കോറൽസ് ആൻഡ് കോറൽ ഐലൻഡ്സ് (1872), കാരക്റ്ററിസ്റ്റിക്സ് ഒഫ് വൽകനോസ് (1890) തുടങ്ങിയ ഗ്രന്ഥങ്ങളും 200-ലധികം ഗവേഷണ പ്രബന്ധങ്ങളും ഡേന രചിച്ചിട്ടുണ്ട്. 49 വർഷക്കാലം താൻ പ്രസാധനം ചെയ്ത അമേരിക്കൻ ജേർണൽ ഒഫ് സയൻസിലാണ് ഇദ്ദേഹത്തിന്റെ ഭൂരിഭാഗം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ളത്.

"https://ml.wikipedia.org/w/index.php?title=ജെയിംസ്_ഡ്വൈറ്റ്_ഡേന&oldid=2266465" എന്ന താളിൽനിന്ന് ശേഖരിച്ചത്