ജാപ്പനീസ് സംസ്കാരത്തിലെ ചൈനീസ് സ്വാധീനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചൈനീസ് കലയായ പെൻജിംഗിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ബോൺസായ്

ജാപ്പനീസ് സംസ്കാരത്തിലെ ചൈനീസ് സ്വാധീനം എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് ജാപ്പനീസ് സ്ഥാപനങ്ങൾ, സംസ്കാരം, ഭാഷ, സമൂഹം എന്നിവയിൽ ചൈനയിൽ നിന്ന് കൈമാറ്റം ചെയ്യപ്പെടുന്നതോ ഉത്ഭവിക്കുന്നതോ ആയ ഏതെങ്കിലും വിധത്തിലുള്ള സ്വാധീനങ്ങൾ എന്നാണ്. താവോയിസം, ബുദ്ധമതം, ജ്യോതിഃശാസ്ത്രം, ഭാഷ, ആഹാരം തുടങ്ങിയ പരമ്പരാഗത ജാപ്പനീസ് സംസ്കാരത്തിന്റെ പല വശങ്ങളിലും നൂറ്റാണ്ടുകളായി ചൈനയുടെ സ്വാധീനം കാണാൻ കഴിയും.

ചരിത്രം[തിരുത്തുക]

ബിസി 400-ൽ ജോമോൻ കാലഘട്ടത്തിന്റെ അവസാന ഘട്ടങ്ങളിലാണ് ജപ്പാനിലേക്ക് കൂട്ടത്തോടെയുള്ള കുടിയേറ്റങ്ങൾ ഉണ്ടായത്.[1] കുടിയേറ്റക്കാർ പ്രധാനമായും വന്നത് കൊറിയയിൽ നിന്നും ദക്ഷിണ ചൈനയിൽ നിന്നുമാണ്. "പുതിയ മൺപാത്രങ്ങൾ, വെങ്കലം, ഇരുമ്പ്, മെച്ചപ്പെട്ട ലോഹനിർമ്മാണ വിദ്യകൾ" എന്നിവ കൂടി ഇവർ കൊണ്ടുവന്നു. ഇത് മുമ്പുണ്ടായിരുന്ന കാർഷിക ഉപകരണങ്ങളും ആയുധങ്ങളും മെച്ചപ്പെടുത്താൻ സഹായിച്ചു.[1][2]

കെന്റോഷി റൂട്ട്, ജപ്പാനിൽ നിന്ന് ചൈനയിലേക്കുള്ള കടൽ പാത

ഏകദേശം സി.ഇ 1 മുതൽ 5 വരെയുള്ള നൂറ്റാണ്ടുകളിൽ തന്നെ കൊറിയ ചൈനീസ് നാഗരികതയുടെ പ്രധാന ഘടകങ്ങളെ സ്വന്തം സംസ്കാരത്തിൽ ഉൾപ്പെടുത്തിയിരുന്നു. പിന്നീട് ചൈനയും ജപ്പാനും തമ്മിലുള്ള ആശയവിനിമയത്തിന് സഹായിക്കുകയും ചെയ്തു.[3]

ജപ്പാനിലെ പരമ്പരാഗതവസ്ത്രമായ കിമോണ 7-ാം നൂറ്റാണ്ടിലെ ചൈനീസ് വസ്ത്രരൂപങ്ങളിൽ നിന്നും പകർത്തിയതാണ്.[4][5] സിൽക്ക് കിമോണകളായ ഗോഫുകു, ചൈനീസ് ഭാഷയിൽ ഗോ (呉), അല്ലെങ്കിൽ വു വസ്ത്രങ്ങളിൽ നിന്നും ഉണ്ടായതാണ്. ഇത് വു രാജവംശത്തെ അനുസ്മരിക്കുന്നു.[6][5]

സി.ഇ 82-ൽ എഴുതിയ ഹാൻ ഷുവിൽ (ഹാൻ പുസ്തകം അല്ലെങ്കിൽ ഹാൻ ചരിത്രം എന്നും അറിയപ്പെടുന്നു) ചൈനയുടെ ഭരണത്തിൻ കീഴിലുള്ള കൊറിയയുടെ വടക്കൻ ഭാഗങ്ങളിലേക്ക് വാ (ജപ്പാന്റെ പഴയ പേര്) ദൂതന്മാരെ അയച്ചതായി പറയുന്നു.[1] ഹാൻ ഷുവിൽ പറഞ്ഞതനുസരിച്ച് ചൈന-ജപ്പാൻ ഇടപെടലിനെ പരാമർശിച്ചുള്ളആദ്യത്തെ വാചക പരാമർശമാണിത്. ജാപ്പനീസ് സംസ്കാരത്തിൽ ചൈനീസ് സ്വാധീനം രേഖപ്പെടുത്തുന്ന മറ്റൊരു ചൈനീസ് സ്രോതസ്സ് വെയ് ചിഹ് ആണ്. ഇത് സി.ഇ 297ൽ എഴുതിയതാണ് (ഹിസ്റ്ററി ഓഫ് വെയ് എന്നും അറിയപ്പെടുന്നു). സി.ഇ 107 മുതലാണ് ചൈനീസ് - ജാപ്പനീസ് ആശയവിനിമയങ്ങൾ ആരംഭിച്ചതെന്ന് അതിൽ പറയുന്നു. ഹിമിക്കോ രാജ്ഞിയെപ്പോലുള്ളവർ സി.ഇ 189-248 കാലഘട്ടത്തിൽ ചൈനയിലെക്ക് ജപ്പനീസ് അംബാസഡർമാരെ അയച്ചു.[1] കോഫൺ കാലഘട്ടത്തിലും ജപ്പാനീസ് അമ്പാസിഡർമാരെ ചൈനയിലേക്ക് അയച്ചിരുന്നു. സി.ഇ 502-ൽ പതിനൊന്ന് പുതിയ ദൂതന്മാരെ ചൈനയിലേക്ക് അയച്ചു. മാർക്ക് കാർട്ട്‌റൈറ്റിന്റെ അഭിപ്രായത്തിൽ, ജപ്പാൻ ഒരു അന്താരാഷ്ട്ര നയതന്ത്ര രാഷ്ട്രമായി ഉയർന്നുവന്നു.[1]കൊറിയയുമായി താരതമ്യപ്പെടുത്തുമ്പോൾ ചൈനയിൽ നിന്നുള്ള സാംസ്കാരിക സ്വാധീനം ജപ്പാൻ നിയന്ത്രിച്ചിരുന്നു. അതായത് ജപ്പാൻ ചൈനയുടെ സാംസ്കാരിക ശ്രേഷ്ഠതയെ അംഗീകരിച്ചു. എന്നാൽ എല്ലായ്പ്പോഴും സ്വന്തം രാഷ്ട്രീയ സ്വാതന്ത്ര്യം മുറുകെ പിടിക്കുകയും ചെയ്തു.[3]

ജാപ്പനീസ് സംസ്കാരത്തിൽ ചൈനയുടെ സ്വാധീനം ആധുനിക കാലത്ത് ഒരുപക്ഷേ ഏറ്റവും വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നത് പാചകരീതിയിലാണ്. 2010-കളുടെ അവസാനത്തിൽ ബബിൾ ടീ ജനപ്രീതി നേടിയതിലൂടെ തായ്‌വാനിൽ നിന്നുള്ള സ്വാധീനവും അനുഭവപ്പെട്ടു.

താവോയിസം[തിരുത്തുക]

മതപരവും ദാർശനികവുമായ വിശ്വാസങ്ങളുടെ ഒരു കൂട്ടമാണ് താവോയിസം. ചരിത്രം അന്വേഷിച്ചാൽ ബി.സി.ഇ 3-ാം നൂറ്റാണ്ടിലാണ് ഇതിന്റെ തുടക്കം എന്നു കാണാം.[7] ചൈനീസ് തത്ത്വചിന്തകരിൽ നിന്നും രൂപം ഈ ദർശനം പിന്നീട് ജപ്പാനീസ് സംസ്കാരവുമായി സമ്പർക്കം പുലർത്തുകയും ഗണ്യമായ രീതിയിൽ തന്നെ സ്വാധീനം ചെലുത്തുകയും ചെയ്തു. ചൈനയിൽ താവോയിസം രൂപംകൊണ്ടപ്പോൾ സങ്കീർണ്ണവും ബഹുമുഖവും, പുതിയതും പഴയതുമായ ആശയങ്ങളുടെ തുടർച്ചയും ആയിരുന്നു.[8] ജാപ്പനീസ് സംസ്കാരവുമായി സംയോജിപ്പിച്ചപ്പോൾ അത് റിത്‍സൂര്യോ നിയമവ്യവസ്ഥയുടെ ഭാഗമായി.

താവോയിസവുമായി ബന്ധപ്പെട്ട സംവാദങ്ങൾ[തിരുത്തുക]

"ജാപ്പനീസ് മത-രാഷ്ട്രീയ ഭൂപ്രകൃതി"കൾക്കുള്ളിലെ താവോയിസത്തിന്റെ നിർവചിക്കപ്പെടാത്ത ഘടകങ്ങൾ ചൈനയുടെ ചരിത്രത്തിലും പാരമ്പര്യത്തിലും പെട്ടതാണെന്നും അവ താവോയിസത്തിന്റെ തന്നെ ഒരു ഭാഗം മാത്രമാണെന്നുമുള്ള വാദങ്ങൾ ഉന്നയിക്കപ്പെട്ടിട്ടുണ്ട്.[8] പ്രപഞ്ചശാസ്ത്രം, യിൻ, യാങ്, വു സിംഗ് (അഞ്ച് ഘട്ടങ്ങൾ), ഭാവിപ്രവചനം, ജ്യോതിശാസ്ത്രം തുടങ്ങിയവ യഥാർത്ഥത്തിൽ ചൈനീസ് സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായിരുന്നു എന്ന് ഗവേഷകനായ ഗെയ്‌നർ സെകിമോറി വാദിക്കുന്നു.

ജപ്പാനീസ് താവോയിസത്തിൽ കൂടുതലും ചൈനീസ് സംസ്കാരമാണോ അതോ താവോയിസത്തിന്റെ സ്വാധീനം മാത്രമാണോ എന്ന കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങളും ഉണ്ടായിട്ടുണ്ട്. ജൊനാഥൻ സ്മിത്ത് ചൈനീസ് പൈതൃകത്തിന്റെ ഭാഗമായിട്ടുള്ളവ വേർതിരിച്ചറിയാനാവും എന്ന് അവകാശപ്പെട്ടവരിൽ ഒരാളാണ്.

ഈ ആശയത്തെ അടിസ്ഥാനമാക്കി, ജാപ്പനീസ് തത്ത്വചിന്തകനായ മിയുറ കുനിയോ താവോയിസത്തിന്റെ പ്രത്യേക ഘടകങ്ങളെ ചൈനീസ് സംസ്കാരത്തിൽ പെട്ടവ, പിന്നീട് ജാപ്പനീസ് സംസ്കാരത്തിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടവ എന്നിങ്ങനെ വേർതിരിക്കുന്നുണ്ട്.[8] ഏഴാം നൂറ്റാണ്ടിൽ ജപ്പാനിൽ അവതരിപ്പിക്കപ്പെട്ട "കലണ്ടർ നിർമ്മാണം, ജ്യോതിശാസ്ത്രം/ജ്യോതിഷം, ഭാവിപ്രവചനം" തുടങ്ങിയവ ചൈനീസ് സംസ്കാരത്തിൽ നിന്നും വന്നതാണെന്ന് കുനിയോ അവകാശപ്പെടുന്നു.അമർത്യതയെക്കുറിച്ചുള്ള വിശ്വാസങ്ങൾ, താവോയിസ്റ്റ് ഗ്രന്ഥങ്ങൾ, കോഷിൻ ആരാധന എന്നിവ ജപ്പാൻ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും കരുതുന്നു.

ബുദ്ധിസം[തിരുത്തുക]

ലോകത്തിലെ വലിയ മതങ്ങളിൽ ഒന്നായ ബുദ്ധമതം ബിസി ആറാം നൂറ്റാണ്ടിൽ ഇന്ത്യയിലാണ് രൂപം കൊണ്ടത്. ഥേരവാദ, മഹായാനം, വജ്രയാനം എന്നിവയാണ് ബുദ്ധമതത്തിലെ പ്രധാന ശാഖകൾ. സി.ഇ. 552-ൽ ചൈനയിലൂടെയും കൊറിയയിലൂടെയുമാണ് ബുദ്ധമതം ജപ്പാനിലേക്ക് എത്തുന്നത്.[9]

ഷാറ്റോകു രാജകുമാരനെപ്പോലുള്ളവർ അധികാരത്തിലിരുന്നപ്പോൾ ബുദ്ധമതത്തിന് പ്രോത്സാഹനം ലഭിക്കുകയുണ്ടായി. "ചൈനീസ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന്" ബുദ്ധമതം അനിവാര്യമാണെന്ന് അദ്ദേഹം വാദിച്ചു. ബുദ്ധമതത്തിന്റെ മൂന്ന് ശാഖകളിൽ, ജപ്പാനീസ് സംസ്കാരത്തിൽ ആദ്യമായി വേരൂന്നിയത് മഹായാനമായിരുന്നു. പ്രത്യേകിച്ചും, ചൈനയിലെ മഹായാന ശാഖയായ ചാൻ ബുദ്ധമതം. ഇത് ജപ്പാനിലേക്ക് എത്തിയപ്പോൾ സെൻ ബുദ്ധമതം ആയി.

ബുദ്ധമതവിഭാഗങ്ങളുടെ സംസ്ഥാപനം[തിരുത്തുക]

സൈച്ചോ - ഒരു പെയ്ന്റിങ്

ജാപ്പനീസ് മതത്തിൽ ചൈനീസ് സ്വാധീനത്തിന്റെ മറ്റൊരു ഉദാഹരണമാണ് വജ്രായന ബുദ്ധമതത്തിന്റെ സാന്നിദ്ധ്യം. ഹിയാൻ കാലഘട്ടത്തിന്റെ തുടക്കത്തിൽ, ചൈനയിൽ പോയി മതപഠനം നടത്തിയ നിരവധി ജാപ്പനീസ് സന്യാസിമാർ തിരിച്ചെത്തി ജപ്പാനിൽ സ്ഥാപിച്ച ബുദ്ധമത വിഭാഗമാണ് വജ്രയാന ബുദ്ധമതം.[10] പ്രത്യേകിച്ച്, സൈച്ചോ, കുകായി എന്നീ പേരുകളിൽ അറിയപ്പെടുന്ന രണ്ട് പണ്ഡിത സന്യാസിമാർ ടെൻഡായി എന്ന വിഭാഗവും ഷിങ്കോൺ എന്ന വിഭാഗവും സൃഷ്ടിച്ചു. ചൈനയിലെ താങ് രാജവംശത്തിന്റെ കാലത്ത് അവിടെ നിന്ന് മടങ്ങിയെത്തിയ സൈച്ചോ 805-ൽ ടെൻഡായി വജ്രയാന ബുദ്ധമതം സ്ഥാപിച്ചു.

804ൽ പതിനൊന്ന് മാസക്കാലം കൊണ്ടാണ് ചൈനയിലെ ബുദ്ധമത വിദ്യാലയമായ ടിയാൻ-ടായിയിൽ സൈച്ചോ തന്റെ ബുദ്ധമത പഠനം പൂർത്തിാക്കിയത്.[10] , ചൈനീസ് ആസ്ഥാനമായുള്ള ബുദ്ധമത വിദ്യാലയത്തിന്റെ ആധികാരികത നിലനിർത്തിക്കൊണ്ട് ടിയാൻ-ടായി ധർമ്മ പൈതൃകത്തെക്കുറിച്ചുള്ള ആശയം ജപ്പാനിലും പ്രചരിപ്പിക്കാൻ സൈച്ചോ ആഗ്രഹിച്ചു. മിംഗ്-ചൗവിലെ തന്റെ അവസാന മാസത്തിൽ, വജ്രായന ബുദ്ധമതത്തെ സംബന്ധിച്ച കൂടുതൽ മതഗ്രന്ഥങ്ങൾ ശേഖരിക്കാൻ സൈച്ച യൂ-ചൗവിലേക്ക് പോയി. അവിടെ അദ്ദേഹം പുരോഹിതനായ ഷുൻ-ഹ്‌സിയാവോയെ കണ്ടുമുട്ടി. അദ്ദേഹത്തിൽ നിന്നും സൈച്ചോ വജ്രയാന ബുദ്ധമതത്തെ കുറിച്ചുള്ള കൂടുതൽ അറിവുകൾ സമ്പാദിച്ചു. യൂ-ചൗ സന്ദർശിച്ച ശേഷം സൈച്ചോ ആചാരങ്ങളുമായി ബന്ധപ്പെട്ട ബുദ്ധമത ഉപകരണങ്ങൾ, വജ്രയാന ദേവതകളുടെ ചിത്രങ്ങൾ, മിക്യോയുമായി (വജ്രയാന സമ്പ്രദായങ്ങളെ സൂചിപ്പിക്കുന്ന ഒരു ജാപ്പനീസ് പദം) ബന്ധപ്പെട്ട 38 മതഗ്രന്ഥങ്ങൾ എന്നിവ ശേഖരിച്ചു.

806-ൽ ഷിങ്കോൺ വിഭാഗം സ്ഥാപിക്കുന്നതിന് സൈച്ചോ കൂകായിയെ സഹായിച്ചു. ക്യോട്ടോയുടെ വടക്കുപടിഞ്ഞാറുള്ള ടക്കോസാൻ-ജി എന്ന പർവതക്ഷേത്രം സ്വന്തമാക്കാനും യഥാർത്ഥ ഷിങ്കോൺ സ്കൂളാക്കി മാറ്റാനും സൈച്ചോ കുകായിയുടെ കൂടെ നിന്നു. പകരമായി, സൈച്ചോയെയും അനുയായികളെയും വജ്രയാന ആചാരങ്ങൾ പഠിപ്പിക്കാനും പരിശീലിപ്പിക്കാനും കുകായി സഹായിച്ചു.

ചൈനീസ് ജ്യോതിശാസ്ത്രത്തിന്റെ സ്വാധീനം[തിരുത്തുക]

ചൈനീസ് ജ്യോതിശാസ്ത്രവും ജ്യോതിഷവും ജപ്പാനെ വളരെയധികം സ്വാധീനിച്ചിട്ടുണ്ടെന്ന് ദോഷിഷ സർവകലാശാലയിലെ പ്രൊഫസറായ കസുഹിക്കോ മിയാജിമ വാദിക്കുന്നു.[11] ചൈനക്കാരിൽ നിന്ന് നേരിട്ട് പഠിച്ച കൊറിയക്കാരിൽ നിന്നാണ് ജപ്പാൻകാർ ചൈനീസ് ജ്യോതിശാസ്ത്രത്തെക്കുറിച്ച് ആദ്യം പഠിച്ചത്. "ഓൺമിയോ നോ സുകാസ" എന്നറിയപ്പെട്ട ചൈനീസ് ജ്യോതിശാസ്ത്ര മാതൃകയുടെ നേരിട്ടുള്ള സ്വാധീനം ജ്യോതി ജപ്പാനീസ് സർക്കാർ ഓഫീസുകളിൽ ഉണ്ടായിരുന്നു. ഈ ഓഫീസുകൾക്ക് ജ്യോതിശാസ്ത്രവും ജ്യോതിഷവുമായി ബന്ധപ്പെട്ട പ്രത്യേക വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള ചുമതലയുണ്ടായിരുന്നു. ദാവോയിസത്തിന്റെ ഭാഗമായിരുന്നു ഇവ. ഓഫീസിലെ നാല് വകുപ്പുകൾ "ആകാശ ശകുനങ്ങളുപയോഗിച്ചുള്ള ഭാവിപ്രവചനം, കലണ്ടർ നിർമ്മാണം, യിൻ-യാൻ ഭാവിപ്രവചനം" എന്നിവയായിരുന്നു.[11] ഈ വകുപ്പുകളുടെ ഉത്തരവാദിത്തം ചൈനയിലെ തായ് ഷിഹ് ചു, തായ്-പു ഷു എന്നിവയക്ക് സമാനമാണ്.

ദിശാനിർണ്ണയവും സ്ഥാനനിർണ്ണയവും ചൈനീസ് സർവേയിംഗ് രീതി പഠിക്കുന്നതിലൂടെ നേടിയെടുത്തു.[11]

ജപ്പാനിലെ പല നക്ഷത്ര ഭൂപടങ്ങളിലും ചൈനീസ് നക്ഷത്രനാമങ്ങൾ ഉള്ളത് ജാപ്പനിലെ നക്ഷത്ര ഭൂപടങ്ങളുടെ നിർമ്മാണത്തിൽ ചൈനീസ് ജ്യോതിശാസ്ത്രത്തിനുള്ള പങ്ക് വെളിവാക്കുന്നു. ചൈനക്കാരിൽ നിന്നുള്ള നേരിട്ടുള്ള പകർപ്പുകളായാണ് അവ സൃഷ്ടിച്ചത്. അവയിൽ ചിലത് ഇപ്പോഴും ജനപ്രിയമായി തുടരുന്നു. "എഡോ കാലഘട്ടത്തിലെ ആദ്യത്തെ ഔദ്യോഗിക ജ്യോതിശാസ്ത്രജ്ഞൻ" എന്നറിയപ്പെടുന്ന ഷിബുകാവ ഹറുമി, കൊറിയയിൽ നിന്നുള്ള പരമ്പരാഗത ചൈനീസ് മാതൃകയിൽ നിന്ന് രൂപപ്പെടുത്തിയ രണ്ട് തരം നക്ഷത്ര ഭൂപടങ്ങൾ പ്രസിദ്ധീകരിച്ചു.[11] ചില നക്ഷത്ര ഭൂപടങ്ങൾ സൃഷ്ടിച്ചത് തകഹാഷി കഗേയാസുവും ഇഷിസാക്ക ജോക്കനും ചേർന്നാണ്. അവ പാശ്ചാത്യ ജ്യോതിശാസ്ത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവയാണ്. അവ "T'ienching huomen" എന്ന പുസ്തകത്തിലൂടെ ചൈന വഴി ജപ്പാനിലെത്തിതാണ്. ലളിതവൽക്കരണം, അമിതമായ തെറ്റുകൾ, കൃത്യതയില്ലായ്മ എന്നിവ കാരണം ചൈനയിൽ പുസ്തകത്തിന്റെ ജനപ്രീതി ഹ്രസ്വകാലമായിരുന്നു. പക്ഷേ ജപ്പാനിൽ അത് വളരെ ജനപ്രിയമായിരുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 "Ancient Japanese & Chinese Relations". World History Encyclopedia. Retrieved 2018-11-08.
  2. "Yayoi linked to Yangtze area". www.trussel.com. Retrieved 2019-04-27.
  3. 3.0 3.1 Stearns, Peter N. (2000). The Spread Of Chinese Civilization To Japan. Pearson. p. 394.
  4. "Comment | How the kimono became a symbol of oppression in some parts of Asia". Keele University (in ഇംഗ്ലീഷ്). 2022-08-24. Retrieved 2023-06-07.
  5. 5.0 5.1 "The origin of kimono". Google Arts & Culture (in ഇംഗ്ലീഷ്). Retrieved 2023-06-07.
  6. Khoon Choy Lee (1995). Japan - Between Myth And Reality. p. 46.
  7. Liu, King Shu (1917). "The Origin of Taoism". The Monist. 27 (3): 376–389. doi:10.5840/monist191727311. JSTOR 27900647.
  8. 8.0 8.1 8.2 Sekimori, Gaynor (2018). "Daoism in Japan: Chinese Traditions and Their Influence on Japanese Religious Culture Ed. by Jeffrey L. Richey". The Journal of Japanese Studies. 44: 181–186. doi:10.1353/jjs.2018.0018. S2CID 148685937 – via JSTOR.
  9. Hammer, Elizabeth. "Buddhism in Japan". Asia Society.
  10. 10.0 10.1 Abé, Ryūichi (1995). "Saichō and Kūkai: A Conflict of Interpretations". Japanese Journal of Religious Studies. 22 (1/2): 103–137. doi:10.18874/jjrs.22.1-2.1995.103-137. JSTOR 30233539.
  11. 11.0 11.1 11.2 11.3 Miyajima, Kazuhiko (1988). "Influence of Chinese Astronomy on Japanese Culture". Vistas in Astronomy. 31 (1): 805–808. Bibcode:1988VA.....31..805M. doi:10.1016/0083-6656(88)90310-8.