ജനറൽ അറ്റോമിക്സ് എം.ക്യു.-9 റീപ്പർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


എം.ക്യു.-9 റീപ്പർ
MQ-9 റീപ്പർ
MQ-9 റീപ്പർ
തരം അൺമാൻഡ് കോമ്പാറ്റ് എയർ വെഹിക്കിൾ (ആളില്ലാ യുദ്ധവിമാനം)
ഉത്ഭവ രാജ്യം യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക-യു.എസ്.എ.
നിർമ്മാതാവ് ജനറൽ അറ്റോമിക്സ് എയ്റോനോട്ടിക്കൽ സിസ്റ്റംസ്.
ആദ്യ പറക്കൽ 2001 ഫെബ്രുവരി 2
അവതരണം 2007 മേയ് 1
സ്ഥിതി In service
പ്രാഥമിക ഉപയോക്താക്കൾ അമേരിക്കൻ എയർഫോഴ്സ്
യു.എസ്. കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടെക്ഷൻ
ബ്രിട്ടീഷ് റോയൽ എയർഫോഴ്സ്
ഇറ്റാലിയൻ എയർഫോഴ്സ്
നിർമ്മിച്ച എണ്ണം 163
(2014 പ്രകാരം)[1]
പദ്ധതിയുടെ ചെലവ്‌ 11.8 ബില്യൺ യു.എസ്. ഡോളർ[2]
ഒന്നിൻ്റെ വില 16.9 മില്യൺ ഡോളർ (flyaway cost, 2013)[3]
ഇതിൽ നിന്ന് വികസിപ്പിച്ചത് ജനറൽ അറ്റോമിക്സ് MQ-1 പ്രിഡേറ്റർ

ബ്രിട്ടന്റെ റോയൽ എയർഫോഴ്സ് (RAF) ഉപയോഗിക്കുന്ന വൈമാനികനില്ലാ യുദ്ധവിമാനമാണ്(ഡ്രോൺ) റീപ്പർ. (ഇംഗ്ലീഷ്:Reaper) സൈനികാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഇത്തരം വിമാനങ്ങളെ വിദൂരത്തുള്ള കമ്പ്യൂട്ടർ സംവിധാനങ്ങളുപയോഗിച്ചാണ് നിയന്ത്രിക്കുന്നത്. മനുഷ്യസാന്നിദ്ധ്യമില്ലാതെ തന്നെ മിസൈലുകളും ബോംബുകളും ലക്ഷ്യസ്ഥാനത്ത് കൃത്യമായി എത്തിക്കുവാൻ ഇവയ്ക്കു സാധിക്കും. ചെറിയ എക്സിക്യൂട്ടീവ് ജെറ്റുകളുടെ വലിപ്പമുള്ള ഇത്തരം വിമാനങ്ങൾക്ക് 50,000 അടി ഉയരം വരെ പറക്കുവാൻ കഴിയും.[4]

2015 ഓഗസ്റ്റ് 21-ന് ബ്രിട്ടീഷ് റോയൽ എയർഫോഴ്സ് സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐസിസ്) ഭീകരരായ രണ്ടു ബ്രിട്ടീഷ് ജിഹാദികളെ റീപ്പർ ഡ്രോണുപയോഗിച്ച് കണ്ടെത്തുകയും വധിക്കുകയും ചെയ്തിരുന്നു.[5] ഐസിസിനെതിരെ സിറിയയിൽ വച്ച് ബ്രിട്ടൻ നടത്തിയ ആദ്യത്തെ ഡ്രോൺ ആക്രമണമായിരുന്നു അത്.[5] അമേരിക്ക, ഫ്രാൻസ്, ജർമ്മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളും റീപ്പർ ഡ്രോണുകളുപയോഗിക്കുന്നുണ്ട്.

ഡ്രോൺ[തിരുത്തുക]

മനുഷ്യസാന്നിദ്ധ്യമില്ലാതെ സ്വയം നിയന്ത്രിതമായി പറത്താവുന്ന വിമാനങ്ങളെ പൊതുവെ ഡ്രോൺ എന്നുപറയുന്നു. അകലെയിരുന്നുകൊണ്ട് റേഡിയോ തരംഗങ്ങൾ വഴി ഇവയുമായി ആശയവിനിമയം നടത്തുവാൻ സാധിക്കും.

ആദ്യ കാലങ്ങളിൽ ഇവയെ നിരുപദ്രവപരമായ കാര്യങ്ങൾക്കാണ് ഉപയോഗിച്ചിരുന്നത്. ഇപ്പോൾ സൈനികാവശ്യങ്ങൾക്ക് വ്യാപകമായി ഉപയോഗിച്ചു വരുന്നു. വിദൂരത്തുള്ള കമ്പ്യൂട്ടർ സംവിധാനങ്ങളുപയോഗിച്ച് നിയന്ത്രിക്കുവാൻ സാധിക്കുന്നവയാണ് ഇത്തരം ഡ്രോണുകൾ. അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ വ്യോമാക്രമണങ്ങൾ നടത്തുവാനായി ഈ ഡ്രോണുകൾ ഉപയോഗിക്കാറുണ്ട്. മിസൈലുകളും ബോംബുകളും സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാനും, കൃത്യമായി പ്രയോഗിക്കാനും ഡ്രോണുകൾക്കു സാധിക്കും. അതിനാൽ തന്നെ പല രാജ്യങ്ങളും ഇവയുടെ ഉപയോഗത്തെ ഭീതിയോടെയാണ് നിരീക്ഷിക്കുന്നത്.

ചരിത്രം[തിരുത്തുക]

സൈനികാവശ്യങ്ങൾക്കുവേണ്ടി ഡ്രോണുകളെ ആദ്യമുപയോഗിച്ചത് അമേരിക്കയായിരുന്നു. 'ജനറൽ അറ്റോമിക്സ് എയ്റോനോട്ടിക്കൽ സിസ്റ്റംസ്' നിർമ്മിച്ച 'ജനറൽ അറ്റോമിക്സ് എംക്യു-9 റീപ്പർ (General Atomics MQ-9 Reaper) ആയിരുന്നു അമേരിക്കൻ വ്യോമസേന ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. [6] തുടർന്ന് ഓസ്ട്രേലിയ, ഡൊമനിക്കൻ റിപ്പബ്ലിക്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, നെതർലന്റ്സ്, സ്പെയിൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ റീപ്പർ ഡ്രോണുകൾ വാങ്ങുകയും വികസിപ്പിച്ചെടുക്കുകയും ചെയ്തു. 2007 മുതലാണ് ബ്രിട്ടൻ റീപ്പർ ഡ്രോണുകളുപയോഗിച്ചു തുടങ്ങിയത്.[7]

ഡ്രോൺ ആക്രമണങ്ങൾ[തിരുത്തുക]

താലിബാനെതിരെ അഫ്ഗാനിസ്താനിൽ റീപ്പർ ഡ്രോണുകളുപയോഗിച്ച് അമേരിക്ക ആക്രമണങ്ങൾ നടത്തിയിരുന്നു. അതിനുശേഷം ഇസ്ലാമിക് സ്റ്റേറ്റിനെതിരെ(ഐസിസ്) ഇറാഖിലും സിറിയയയിലും ഡ്രോൺ-ആക്രമണങ്ങളിലൂടെ നിരവധി ഭീകരരെ വധിക്കുകയും ചെയ്തു.[8]

ഐസിസ് ഭീകരർക്കെതിരെ അഫ്ഗാനിസ്താനിലും ഇറാഖിലും സിറിയയിലും റീപ്പർ ഉപയോഗിച്ചുള്ള ആക്രമണങ്ങൾ ബ്രിട്ടനും നടത്തിയിട്ടുണ്ട്.[8] RAF ടൊർണാഡോസ്, ജീആർ 4 ജെറ്റുകൾ എന്നീ ബ്രിട്ടീഷ് യുദ്ധവിമാനങ്ങൾ 1200 ദൗത്യങ്ങളിലൂടെ 250 ഐസിസ് ഭീകരരെ വധിച്ചിരുന്നു.[4] 2015 ഓഗസ്റ്റ് 21-ന് ഐസിസിലെ രണ്ടു ബ്രിട്ടീഷ് ജിഹാദികളെ തിരഞ്ഞുപിടിച്ച് വധിക്കുവാനായി ബ്രിട്ടൻ ഉപയോഗിച്ചത് റീപ്പർ ഡ്രോണിനെയായിരുന്നു.[5]

സവിശേഷതകൾ[തിരുത്തുക]

 • പൈലറ്റിന്റെ സാന്നിദ്ധ്യമില്ലാതെ പറക്കുവാൻ സാധിക്കുന്ന (Unmanned Aerial Vehicle (UAV)) വിമാനമാണ് റീപ്പർ. ബ്രിട്ടീഷ് റോയൽ എയർഫോഴ്സ് ഉപയോഗിക്കുന്ന ഡ്രോണുകളിൽ പ്രധാനപ്പെട്ടവയാണ് റീപ്പറുകൾ.
 • വിദൂരത്തുള്ള കമ്പ്യൂട്ടർ സംവിധാനങ്ങളുപയോഗിച്ച് റീപ്പറിനെ നിയന്ത്രിക്കുന്നു. സന്ദേശങ്ങളയയ്ക്കുവാൻ ഉപഗ്രഹ സംവിധാനവുപയോഗിക്കാറുണ്ട്.
 • റഡാറുകളുടെ ദൃഷ്ടിയിൽപ്പെടാതെ 50,000 അടി ഉയരത്തിൽ വരെ പറക്കുവാൻ സാധിക്കും.[9][5]
 • മണിക്കൂറിൽ 483 കിലോമീറ്റർ വേഗത കൈവരിക്കുവാൻ സാധിക്കും. [5]
 • ആകെ നീളം 36 അടിയാണ്‌. ചിറകുകൾ തമ്മിലുള്ള അകലം 86 അടി.
 • 4530 കിലോഗ്രാം ഭാരം.
 • മിസൈലുകളും ബോംബുകളും വഹിച്ചുകൊണ്ട് യാത്ര ചെയ്യാൻ സാധിക്കും. ലേസർ നിയന്ത്രിത ഹെൽഫയർ (Hellfire) മിസൈലുകളുപയോഗിച്ച് കൃത്യമായി ആക്രമണം നടത്തുവാൻ കഴിയും. [4]
 • ചെലവ് - പത്തു മില്യൺ പൗണ്ട് (100 കോടി രൂപ) [5]

സിറിയയിലെ ആക്രമണം[തിരുത്തുക]

2015 ഓഗസ്റ്റ് 21-ന് ബ്രിട്ടീഷ് എയർഫോഴ്സ് സിറിയയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരായ രണ്ടു ബ്രിട്ടീഷുകാരെ റീപ്പർ ഡ്രോണുപയോഗിച്ച് വധിച്ചിരുന്നു.[5] ബ്രിട്ടനിലെ കാർഡിഫ്, അബ്ദെർഡീൻ എന്നീ സ്ഥലങ്ങളിൽ ജനിച്ചുവളർന്ന് പിന്നീട് സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയിൽ ചേർന്ന റെയാദ് ഖാൻ, റുഹുൾ അമീൻ എന്നിവരെയാണ് വധിച്ചത്.[10][5][4] [5] ബ്രിട്ടീഷ് റോയൽ എയർഫോഴ്സിലെ രണ്ടു പൈലറ്റുമാർ 4828 കിലോമീറ്റർ അകലെ ഗ്രൗണ്ട് സ്റ്റേഷനിലിരുന്നാണ് വിമാനം നിയന്ത്രിച്ചിരുന്നത്. അതീവ രഹസ്യമായി നടത്തിയ ഈ ദൗത്യം പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ മാത്രമാണ് അറിഞ്ഞിരുന്നത്.

ലക്ഷ്യം[തിരുത്തുക]

ബ്രിട്ടനിലെ കാർഡിഫിൽ ജനിച്ച റെയാദ് ഖാൻ സിറിയയിലെത്തി ഇസ്ലാമിക് സ്റ്റേറ്റിൽ അംഗമായി. ബ്രിട്ടനിൽ നിന്നും നിരവധി പേരെ സംഘടനയിൽ ചേർക്കുവാൻ ഇയാൾ ശ്രമിച്ചിരുന്നു. ബ്രിട്ടനെ ആക്രമിക്കുവാനും രാജ്ഞിയടക്കമുള്ള പ്രമുഖരെ വധിക്കുവാനും പദ്ധതി തയ്യാറാക്കിയിരുന്നു. [4] അതിനാൽ തന്നെ റെയാദ് ഖാനെ കണ്ടുപിടിച്ച് വധിക്കുന്നതിനായി സിറിയയിലേക്ക് റീപ്പർ ഡ്രോൺ അയയ്ക്കുവാൻ ഡേവിഡ് കാമറൂൺ നിർദ്ദേശം നൽകി.[10]

ദൗത്യം[തിരുത്തുക]

അതീവ രഹസ്യമായാണ് റീപ്പർ ഡ്രോണിനെ സിറിയയിലേക്ക് അയച്ചത്. കുവൈറ്റിലെ എയർഫീൽഡിൽ നിന്നും പുറപ്പെട്ട റീപ്പറിനെ നിയന്ത്രിച്ചത് ബ്രിട്ടീഷ് റോയൽ എയർഫോഴ്സിലെ രണ്ടു പൈലറ്റുമാരായിരുന്നു. ബ്രിട്ടനിലെ വാഡിങ്ടണിലെ ലിങ്കൺഷെയറിലുള്ള ഹൈടെക്ക് കൺട്രോൾ ഹബ്ബിലിരുന്ന് കമ്പ്യൂട്ടർ സംവിധാനങ്ങളിലൂടെ അവർ വിമാനത്തെ നിയന്ത്രിച്ചു. കോക്‌പിറ്റിലിരുന്ന് ഒരു വിമാനം നിയന്ത്രിക്കുന്നത് പോലെയായിരുന്നു ഇവരുടെ പ്രവർത്തനം. റീപ്പറിലേക്കു സന്ദേശങ്ങൾ നൽകുവാൻ ഉപഗ്രഹ സംവിധാനങ്ങളുപയോഗിച്ചു.

സിറിയയിൽ എത്തിച്ചേർന്ന വിമാനം പതിനാലു മണിക്കൂറുകൾ പറന്നുകൊണ്ടിരുന്നു. പറന്നു നടക്കുന്നതിനിടയിൽ ലക്ഷ്യസ്ഥാനത്തിന്റെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തി പൈലറ്റുമാർക്കും കുവൈറ്റിലെ ഗ്രൗണ്ട് സ്റ്റാഫിനും അയച്ചുകൊണ്ടിരുന്നു.

സിറിയയിലെ റാഖയിലൂടെ പിക്കപ്പ് ട്രക്കിൽ സഞ്ചരിച്ചുകൊണ്ടിരുന്ന റെയാദ് ഖാനെ റീപ്പർ തിരിച്ചറിയുകയും ട്രക്കിലേക്ക് മിസൈൽ വിക്ഷേപിക്കുകയും ചെയ്തു. ലേസർ നിയന്ത്രിത മിസൈലായിരുന്ന ഹെൽഫയർ റെയാദ് ഖാന്റെ വാഹനത്തെ നശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്ന റെയാദ് ഖാനും റുഹുൾ അമീനും സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. [5][10]

വിമർശനങ്ങൾ[തിരുത്തുക]

സിറിയയിൽ ബ്രിട്ടൻ നടത്തിയ ഡ്രോൺ ആക്രമണത്തിനെതിരെ മനുഷ്യാവകാശ പ്രവർത്തകർ പ്രതിഷേധമറിയിച്ചിരുന്നു.[5] പ്രധാനമന്ത്രി ഡേവിഡ് കാമറൂൺ മാത്രമായിരുന്നു ഇങ്ങനെയൊരു ദൗത്യത്തെപ്പറ്റി അറിഞ്ഞിരുന്നത്. 2015 ഓഗസ്റ്റ് 21-നു നടന്ന സംഭവത്തെപ്പറ്റി അദ്ദേഹം വിശദീകരിച്ചത് 2015 സെപ്റ്റംബർ 8-നായിരുന്നു. പാർലമെന്റിന്റെ അനുമതിയില്ലാതെ മറ്റൊരു രാജ്യത്ത് ആക്രമണം നടത്തുവാൻ അദ്ദേഹം നിർദ്ദേശം നൽകിയതിനെ പലരും വിമർശിച്ചു. എങ്കിലും ഭീകരവാദത്തിനെതിരെയുള്ള ഈ ദൗത്യത്തെ പല രാജ്യങ്ങളും അഭിനന്ദിക്കുകയും ചെയ്തിരുന്നു. [10]

അവലംബം[തിരുത്തുക]

 1. "bga-aeroweb.com". Archived from the original on 2016-12-06. Retrieved 2015-09-21.
 2. "Analysis of the Fiscal Year 2012 Pentagon Spending Request". National Priorities Project. 15 February 2011. Retrieved 1 January 2012.
 3. ""Fiscal Year (FY) 2013 President's Budget Submission, Aircraft Procurement, Volume 1", U.S. Air Force, February 2012. p. Vol. 1–221" (PDF). Archived from the original (PDF) on 2016-03-04. Retrieved 2015-09-21.
 4. 4.0 4.1 4.2 4.3 4.4 'ഭീകരവേട്ടയിൽ അതിനിർണായക വിജയം വരിച്ച് ബ്രിട്ടൻ; ആളില്ലാ വിമാനം സിറിയയിൽ അയച്ച് കൊന്നത് ബ്രിട്ടനിൽ നിന്നും ഐസിസിൽ ചേർന്ന പാകിസ്താൻ വംശജരായ മൂന്ന് യുവാക്കളെ; അതീവ രഹസ്യമായി ഓപ്പറേഷൻ അറിഞ്ഞത് കാമറോൺ മാത്രം', മറുനാടൻ മലയാളി, 2015 സെപ്റ്റംബർ 8, ശേഖരിച്ചത്-2015 സെപ്റ്റംബർ 17
 5. 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 5.10 'സിറിയയിൽ രണ്ടു ഭീകരരെ ബ്രിട്ടൻ തിരഞ്ഞുപിടിച്ച് വധിച്ചു.', മലയാള മനോരമ, 2015 സെപ്റ്റംബർ 9, പേജ്-6, കൊല്ലം എഡിഷൻ.
 6. Escutia, Sondra (29 October 2009)."4 remotely piloted vehicle squadrons stand up at Holloman". US Air Force.Retrieved 1 January 2012.
 7. 'Video: Reaper drone in 60 Seconds' , The Telegraph, 2015 September 7, Access Date- 2015 September 17
 8. 8.0 8.1 'ഐ.എസ്. വേട്ട; ബ്രിട്ടനും ഡ്രോൺ ആക്രമണത്തിന്', മാധ്യമം, 2014 ഒക്ടോബർ 21, ശേഖരിച്ചത്-2015 സെപ്റ്റംബർ 17[പ്രവർത്തിക്കാത്ത കണ്ണി]
 9. "സാങ്കേതിക മികവിൽ സിറിയയിൽ ബ്രിട്ടന്റെ ഭീകരവേട്ട', മംഗളം, 2015 സെപ്റ്റംബർ 9, ശേഖരിച്ചത്-2015 സെപ്റ്റംബർ 17
 10. 10.0 10.1 10.2 10.3 'Islamic State conflict: Two Britons killed in RAF Syria strike', BBC, 7 September 2015, Access Date-2015 Sept. 17