ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള

തിരുവിതാംകൂറിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ, സമുദായ പരിഷ്കർ‍ത്താവ്, നിയമസഭാ സാമാജികൻ‍, ഹരിജനോദ്ധാരകൻ‍, അഭിഭാഷകൻ, ന്യായാധിപൻ‍, എൻ.എസ്.എസ്. പ്രസിഡന്റ് എന്നീ നിലകളിൽ പ്രസിദ്ധിയാർജ്ജിച്ച വ്യക്തിയായിരുന്നു ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള. ചങ്ങനാശ്ശേരി എന്ന അപരനാമത്തിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. നാലുവട്ടം തിരുവിതാംകൂർ നിയമസഭയിലേയ്ക്കു് (ശ്രീമൂലം പ്രജാസഭ) തെരഞ്ഞെടുക്കപ്പെട്ടു.

ആദ്യകാലജീവിതം[തിരുത്തുക]

കൊല്ലവർഷം ൧൦൫൨ മീനം ൩-ന് (എ.ഡി. 1877 മാർച്ചിൽ) പഴയ തിരുവിതാംകൂർ രാജ്യത്തിലെ ചങ്ങനാശ്ശേരി പ്രവിശ്യയിലെ വാഴപ്പള്ളിയിലാണ് അദ്ദേഹം ജനിച്ചത്. പിതാവ് വടക്കേക്കര പുത്തേട്ടു് വീട്ടിൽ നാരായണപിള്ളയും, മാതാവ് മണക്കാട്ടു് വീട്ടിൽ നാരായണിയമ്മയും ആയിരുന്നു. പ്രാഥമിക വിദ്യാഭ്യാസം വാഴപ്പള്ളിയിലും, ചങ്ങനാശ്ശേരിയിലുമായിരുന്നു. സ്കൂൾ കാലത്തേ അച്ഛനും അമ്മയും മരിച്ചു. തിരുവനന്തപുരത്ത് പ്രിപ്പറേറ്ററി സ്കൂളിലും കൊല്ലത്ത് മഹാരാജാസ് സ്കൂളിലും പഠിച്ചു. സി. കൃഷ്ണപിള്ളയായിരുന്നു അന്നവിടുത്തെ ഹെഡ്മാസ്റ്റർ. തിരുവനന്തപുരം മഹാരാജാസ് കോളേജിൽ എഫ്.എ ബിരുദം ഒന്നാം ക്ലാസിൽ പൂർത്തിയാക്കി. സായാഹ്ന ക്ലാസിൽ ബി.എൽ ബിരുദത്തിനു പഠിച്ചു. ചാല ഫോർട്ട് ഹൈസ്കൂളിലും പിന്നീട് കൊല്ലത്ത് മഹാരാജാസ് സ്കൂളിലും അദ്ധ്യാപകവൃത്തിയിൽ പ്രവേശിച്ച[1] അദ്ദേഹം പിന്നീടു് ബി.എൽ. പാസായി പ്രഗ്തഭനായ അഭിഭാഷകൻ എന്നു് പേരെടുത്തു. കൊല്ലം ബാർ അസോസിയേഷന്റെ സ്ഥാപകരിലൊരാളായിരുന്നു അദ്ദേഹം.

പൊതുരംഗത്തു്[തിരുത്തുക]

തിരുവിതാംകൂർ നിയമസഭയ്ക്കത്തും പുറത്തും സാമൂഹിക പരിഷ്കരണങ്ങൾ‍ക്കും പൗരസ്വാതന്ത്ര്യങ്ങൾ‍ക്കും ഉത്തരവാദ ഭരണത്തിനും ശബ്ദമുയർ‍ത്തിയ അദ്ദേഹത്തിനു് മഹാത്മാ ഗാന്ധിയുമായി അടുത്തുബന്ധപ്പെട്ടു് പ്രവർ‍ത്തിയ്ക്കുവാൻ അവസരം ലഭിച്ചിട്ടുണ്ടു്. ഹരിജൻ സേവാ സംഘത്തിന്റെ കേന്ദ്രക്കമ്മിറ്റി അംഗവും കേരളപ്രദേശ് ശാഖയുടെ അദ്ധ്യക്ഷനുമായിരുന്നു. അദ്ദേഹത്തിന്റെ ശ്രമഫലമായി കേരളത്തിലുടനീളം 82 ഹരിജനോദ്ധാരണകേന്ദ്രങ്ങൾ തുറന്നു

അയിത്തത്തിനെതിരെ ശുചീന്ദ്രത്തും വൈക്കത്തും അവർ‍ണർ‍ക്കുവേണ്ടി നടന്ന സമരങ്ങളിൽ‍ നേതൃപരമായ പങ്കുവഹിച്ചു. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി നടന്ന സവർ‍ണരുടെ ജാഥയിൽ മന്നത്തു പത്മനാഭനൊപ്പം പങ്കെടുത്തിരുന്നു. അയ്യങ്കാളിയുടെ ക്ഷണം സ്വീകരിച്ച് കല്ലുമാല പ്രക്ഷോഭത്തിലും പങ്കെടുത്തു.[2]

നായർ സർവീസ് സൊസൈറ്റി[തിരുത്തുക]

നായർ സർവീസ് സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡന്റും സ്ഥാപക പ്രമുഖരിൽ പ്രധാനിയുമായിരുന്നു അദ്ദേഹം. അതുപോലെതന്നെ കേരളാ കർഷക സംഘത്തിന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നായർ റെഗുലേഷൻ ആക്ട് തിരുവിതാംകൂർ അസംബ്ലിയിൽ പാസാക്കിയെടുക്കാൻ സാധിച്ചത് അദ്ദേഹത്തിന്റെ പ്രാഗ്തഭ്യം ഒന്നുകൊണ്ടാണെന്നു് പറയപ്പെടുന്നു. കേരളാ കർഷക സംഘത്തിന്റെ പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.[3]

ഹൈക്കോടതി ജഡ്ജി[തിരുത്തുക]

1926-ൽ‍ തിരുവിതാംകൂറിലെ ഹൈക്കോടതി ന്യായാധിപനായി അദ്ദേഹം നിയമിതനായി. ആറുവർ‍ഷത്തിനു് ശേഷം ഹൈക്കോടതിയിൽ‍നിന്നു് വിരമിച്ചപ്പോൾ വീണ്ടും പൊതുരംഗത്തേയ്ക്കു് പ്രവേശിച്ചു. നാലാമത്തെ തവണ നിയമസഭയിലേയ്ക്കു് തെരഞ്ഞെടുക്കപ്പെട്ടതു് ഇക്കാലത്താണു്. രാഷ്ട്രീയ കാരണത്താൽ സർ‍ക്കാർ അദ്ദേഹത്തിന്റെ പെൻഷൻ റദ്ദാക്കി.

നാഷണൽ കോൺഗ്രസിന്റെ തിരുവിതാംകൂർ ശാഖാ സമിതി പ്രസിഡന്റ്[തിരുത്തുക]

1938-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിരുവിതാംകൂർ ഘടകമായ ശാഖ തിരുവനന്തപുരത്തു് സ്ഥാപിതമായപ്പോൾ ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയായിരുന്നു അതിന്റെ ആദ്യ പ്രസിഡന്റ്. ജി രാമചന്ദ്രൻ ആദ്യ സെക്രട്ടറിയുമായി. വൈകാതെ,1938-ലെ എ ഐ സി സിയ്ക്കു് മുമ്പു്, തിരുവനന്തപുരത്തു് പട്ടാഭി സീതാരാമയ്യയുടെ അദ്ധ്യക്ഷതയിൽ‍ കൂടിയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് തിരുവിതാംകൂർ ഘടകത്തിന്റെ സമ്മേളനം സുപ്രധാനമായിരുന്നു. എത്രയും പെട്ടെന്നു് കൊച്ചിയിലും തിരുവിതാംകൂറിലും ഉത്തരവാദഭരണം സ്ഥാപിക്കണമെന്നു് സമ്മേളനം ആവശ്യപ്പെട്ടു. മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ മൂന്നു് സംസ്ഥാനങ്ങളും ഒരു സബ് ഫെഡറേഷനായി സംഘടിപ്പിയ്ക്കേണ്ടതാണെന്നു് ആവശ്യപ്പെടുന്ന പ്രമേയവും യോഗം പാസ്സാക്കി[4].

1938-ഫെബ്രുവരിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഹരിപുര സമ്മേളനം നാട്ടുരാജ്യങ്ങളിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കമ്മറ്റികൾ നാട്ടുരാജ്യങ്ങളിലെ രാഷ്ട്രീയ മുന്നേറ്റങ്ങളിൽ സജീവമായി ഇടപെടേണ്ടതില്ലെന്നും രാഷ്ട്രീയ പ്രക്ഷോഭങ്ങൾ‍ മുന്നോട്ടുകൊണ്ടുപോകാൻ സ്വതന്ത്ര രാഷ്ട്രീയ സംഘടനകൾക്കു് പ്രോത്സാഹനം നൽകാമെന്നും തീരുമാനിച്ചു. എട്ടു് ബ്രിട്ടീഷ്‍ ഇന്ത്യൻ‍ സംസ്ഥാനസർ‍ക്കാരുകളുടെ നേതൃത്വം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഏറ്റെടുത്ത സന്ദർ‍ഭമായതുകൊണ്ടു് നാട്ടുരാജ്യങ്ങളിലെ ഉത്തരവാദഭരണത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങൾക്കു് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ശാഖാസമിതികൾ നേതൃത്വം നല്കുന്നതു് പാടില്ലെന്നു വന്നു.

ഹരിപുര എ ഐ സി സി തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ 1938-ഫെബ്രുവരിയിൽ തന്നെ തിരുവനന്തപുരത്തു് എ നാരായണപിള്ളയുടെ വക്കീലാഫീസിൽ സി. വി. കുഞ്ഞിരാമന്റെ അദ്ധ്യക്ഷതയിൽ‍ കൂടിയ ഒരു രാഷ്ട്രീയ നേതൃയോഗം തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് എന്ന പേരിൽ സ്വതന്ത്ര രാഷ്ട്രീയ കക്ഷി രൂപവത്‍കരിക്കാൻ തീരുമാനിച്ചു. പട്ടം എ. താണുപിള്ളയെ അതിന്റെ പ്രസിഡന്റായും പി. എസ് നടരാജപിള്ളയെ സെക്രട്ടറിയായും തെരഞ്ഞെടുത്തു് കൊണ്ടു് താല്ക്കാലിക സമിതിയും രൂപവത്‍കരിച്ചു. തിരുവിതാംകൂറിൽ ഉത്തരവാദഭരണത്തിനായുള്ള പ്രക്ഷോഭം തുടങ്ങാനുള്ള തീരുമാനത്തോടെ സ്റ്റേറ്റ് കോൺഗ്രസ് നിലവിൽ വന്നു.

സ്റ്റേറ്റ് കോൺഗ്രസും കോൺഗ്രസിന്റെ ശാഖാസമിതിയും തമ്മിൽ ലയിപ്പിയ്ക്കാനുള്ള ശ്രമങ്ങൾ പലതുനടന്നെങ്കിലും ഫലപ്രദമായില്ല. കോൺഗ്രസിന്റെ ശാഖാസമിതിയോഗം ചേർ‍ന്നു് സംഘടനപിരിച്ചുവിടാൻ തീരുമാനമെടുത്തുവെങ്കിലും ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയും ജി രാമചന്ദ്രനും സ്റ്റേറ്റ് കോൺഗ്രസിൽ ചേരാൻ തയ്യാറായില്ല[5]. പട്ടം എ. താണുപിള്ളയും മറ്റുള്ളവരും സ്റ്റേറ്റ് കോൺഗ്രസുമായി മുന്നോട്ടുപോയി.

മരണം[തിരുത്തുക]

കേരള ചരിത്രത്തിൽ സ്ഥാനം പിടിച്ച മഹാന്മാരിൽ ഒരാളായ ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള 1940 ജൂൺ‍30-നു് അന്തരിച്ചു[6].

ഐവർകാല[തിരുത്തുക]

ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ള

കൊല്ലത്ത് ഐവർകാലയിൽ അദ്ദേഹത്തിന്റെ പേരിൽ ഒരു ഗ്രന്ഥശാലയുണ്ട്. ഗ്രന്ഥശാലയുടെ പേർ ചങ്ങനാശ്ശേരി സ്മാരക ഗ്രന്ഥശാല എന്നാണ്. ഈ ലൈബ്രററി ഗ്രന്ഥശാല സംഘം റെജിസ്റ്ററിൽ നാലാം നമ്പറിലാണ് റെജിസ്റ്റർ ചെയ്തിരിക്കുന്നത്, അത്രയേറെ പഴക്കമേറിയ ഒരു ലൈബ്രററിയാണിത്.

ഇതും കാണുക[തിരുത്തുക]

ജീവചരിത്രം കോമൺസിൽ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. സി. നാരായണപിള്ള (1117). ചങ്ങനാശേരി(ചങ്ങനാശ്ശേരി പരമേശ്വരൻപിള്ളയുടെ ജീവചരിത്രം). ജി. രാമചന്ദ്രൻ. പുറം. 32.
  2. പി ഗോവിന്ദപ്പിള്ള,പിജിയുടെ പുസ്തകം, പച്ചക്കുതിര, 2010 ഡിസംബർ, പുറം 62
  3. "PARAMESWARAN PILLAI, CHANGANASSERY". nairs.in.
  4. പട്ടം താണുപിള്ള അജയ്യനായ ജനനായകൻ,കേരളഭാഷാഇൻ‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുര,2008, പുറം 51,
  5. പട്ടം താണുപിള്ള അജയ്യനായ ജനനായകൻ,കേരളഭാഷാഇൻ‍സ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം, 2008, പുറം 52
  6. കേരളത്തിലെ 235 പ്രസിദ്ധവ്യക്തികളുടെ ജീവചരിത്രം,സോഷ്യലിസ്റ്റ് കൗമുദി, തിരുവനന്തപുരം പുറം 98