ഗ്ലോറിയ ഗ്രഹാം
ഗ്ലോറിയ ഗ്രഹാം | |
---|---|
ജനനം | ഗ്ലോറിയ ഗ്രഹാം ഹാൾവാർഡ് നവംബർ 28, 1923 |
മരണം | ഒക്ടോബർ 5, 1981 | (പ്രായം 57)
അന്ത്യ വിശ്രമം | ഓക്ക്വുഡ് മെമ്മോറിയൽ പാർക്ക് സെമിത്തേരി |
വിദ്യാഭ്യാസം | ഹോളിവുഡ് ഹൈസ്ക്കൂൾ |
തൊഴിൽ | നടി, ഗായിക |
സജീവ കാലം | 1944–1981 |
ജീവിതപങ്കാളി(കൾ) | സൈ ഹോവർ
(m. 1954; div. 1957)ആന്റണി റേ
(m. 1960; div. 1974) |
കുട്ടികൾ | 4 |
ബന്ധുക്കൾ | ആന്റണി റേ (stepson) നിക്കോളാസ് റേ (father-in-law) |
ഗ്ലോറിയ ഗ്രഹാം ഹാൾവാർഡ് (ജീവിതകാലം: നവംബർ 28, 1923 - ഒക്ടോബർ 5, 1981) ഗ്ലോറിയ ഗ്രഹാം എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന ഒരു അമേരിക്കൻ നാടക, ചലച്ചിത്ര, ടെലിവിഷൻ അഭിനേത്രിയും ഗായികയുമായിരുന്നു. നാടകങ്ങളിലൂടെ അഭിനയ ജീവിതത്തിനു തുടക്കം കുറിച്ച അവർ 1944 ൽ എംജിഎമ്മിലൂടെ ചലച്ചിത്ര രംഗത്തേയ്ക്കുള്ള അരങ്ങേറ്റം നടത്തി. ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ് (1946) എന്ന സിനിമയിൽ ഒരു പ്രത്യേക വേഷമുണ്ടായിരുന്നിട്ടുകൂടി, എംജിഎം അവർക്ക് വലിയ വിജയസാധ്യതയില്ലെന്നു വിശ്വസിക്കുകയും അവരുമായുള്ള കരാർ ആർ.കെ.ഒ. സ്റ്റുഡിയോയ്ക്ക് കൈമാറുകയും ചെയ്തു. മിക്കപ്പോഴും ഫിലിം നോയർ പ്രോജക്റ്റുകളിൽ അഭിനയിച്ചിരുന്ന ഗ്രഹാമിന്റെ ക്രോസ്ഫയർ (1947) എന്ന ചിത്രം മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിന് (1947) നാമനിർദ്ദേശം ചെയ്യപ്പെടുകയും പിന്നീട് ദി ബാഡ് ആൻഡ് ബ്യൂട്ടിഫുൾ (1952) എന്ന ചിത്രത്തിലെ വേഷത്തിലൂടെ ഈ അവാർഡ് നേടുകയും ചെയ്തു. സഡൻ ഫിയർ (1952), ദി ബിഗ് ഹീറ്റ് (1953), ഹ്യൂമൻ ഡിസയർ (1954), ഒക്ലാഹോമ! (1955) എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തിയുടെ പടവുകൾ ചവിട്ടിക്കയറിയ അവരുടെ സിനിമാ ജീവിതം താമസിയാതെ ക്ഷയിച്ചുതുടങ്ങി.
ഗ്ലോറിയ ഗ്രഹാം നാടക വേദിയിലേയ്ക്കു തിരിച്ചെത്തിയെങ്കിലും സിനിമകളിലും ടെലിവിഷൻ നിർമ്മാണങ്ങളിലും സഹവേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നതു തുടർന്നു. 1974 ൽ അവർക്ക് സ്തനാർബുദം കണ്ടെത്തി. ഒരു വർഷത്തിനുശേഷം ഇതിൽനിന്നു മുക്തി പ്രാപിച്ചതോടെ ഗ്രഹാം അഭിനയമേഖലയിലേയ്ക്ക് തിരിച്ചെത്തി. 1980-ൽ കാൻസർ ബാധ തിരിച്ചെത്തിയെങ്കിലും രോഗനിർണയം സ്വീകരിക്കാനോ ചികിത്സ തേടാനോ ഗ്രഹാം വിസമ്മതിച്ചു. ഇതിനിടെ അവർ ഒരു നാടകത്തിൽ അഭിനയിക്കുന്നതിനായി ബ്രിട്ടനിലേക്ക് പോയി. എന്നിരുന്നാലും, അവരുടെ ആരോഗ്യം അതിവേഗം ക്ഷയിക്കുകയും 1981 സെപ്റ്റംബറിൽ ചികിത്സാ നടപടിക്രമങ്ങൾ തുടരുന്നതിനിടെ ന്യൂയോർക്ക് നഗരത്തിലേയ്ക്ക് മടങ്ങിയ അവർ 1981 ഒക്ടോബറിൽ അന്തരിച്ചു.
ആദ്യകാലജീവിതം
[തിരുത്തുക]കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിലാണ് ഗ്ലോറിയ ഗ്രഹാം ജനിച്ചത്.[1] അവൾ ഒരു മെത്തഡിസ്റ്റായി വളർന്നു.[2] അവരുടെ പിതാവ് റെജിനാൾഡ് മൈക്കൽ ബ്ലോക്സാം ഹാൾവാർഡ് ഒരു വാസ്തുശില്പിയും എഴുത്തുകാരനുമായിരുന്നു. ജീൻ ഗ്രഹാം എന്ന അരങ്ങിലെ പേര് ഉപയോഗിച്ചിരുന്ന മാതാവ് ജീൻ മക്ഡൊഗാൾ ഒരു ബ്രിട്ടീഷ് നാടക നടിയും അഭിനയ പരിശീലകയുമായിരുന്നു.[3] ഈ ദമ്പതികളുടെ മൂത്ത പുത്രി ജോയ് ഹാൾവാർഡ് (1911–2003) ജോൺ മിച്ചമിനെ (നടൻ റോബർട്ട് മിച്ചത്തിന്റെ ഇളയ സഹോദരൻ) വിവാഹം കഴിച്ച ഒരു അഭിനേത്രിയായിരുന്നു. ഗ്ലോറിയയുടെ ബാല്യകാലത്തും കൌമാരത്തിലും മാതാവ് അവളെ അഭിനയത്തിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചു. അഭിനയത്തിലേയ്ക്ക് ആകർഷിക്കപ്പെട്ട് പഠനം ഉപേക്ഷിക്കുന്നതിനുമുമ്പ് ഗ്ലോറിയ ഗ്രഹാം ഹോളിവുഡ് ഹൈസ്കൂളിൽ പഠനത്തിനുചേർന്നിരുന്നു.[4]
എംജിഎം സ്റ്റുഡിയോയുടെ സഹസ്ഥാപകനായിരുന്ന ലൂയിസ് ബി. മേയർ ബ്രോഡ്‌വേ നാടകവേദിയിൽ വർഷങ്ങളായി അവളുടെ പ്രകടനം കണ്ടതിന് ശേഷം, ഗ്ലോറിയ ഗ്രഹാം എന്ന പ്രൊഫഷണൽ പേരിൽ എംജിഎം സ്റ്റുഡിയോയുമായുള്ള ഒരു കരാറിൽ അവരുമായി ഒപ്പുവച്ചു.
ഔദ്യോഗികജീവിതം
[തിരുത്തുക]ബ്ളോണ്ട് ഫിവർ (1944) എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച ഗ്ലോറിയ ഗ്രഹാം അതിനുശേഷം ഇറ്റ്സ് എ വണ്ടർഫുൾ ലൈഫ് (1946) എന്ന ചിത്രത്തിൽ തന്റെ കരിയറിലെ ഏറ്റവും പ്രശംസനീയമായ വേഷങ്ങളിലൊന്നായ വയലറ്റ് ബിക്ക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഒരു താരമെന്ന നിലയിൽ എംജിഎമ്മിന് അവളുടെ കഴിവുകൾ വികസിപ്പിക്കാൻ കഴിഞ്ഞില്ല എന്നുമാത്രമല്ല, കരാർ ആർകെഒ സ്റ്റുഡിയോയ്ക്ക് 1947 ൽ കൈമാറ്റം ചെയ്യപ്പെടുകയുമുണ്ടായി.
ഫിലിം നോയിർ ചിത്രങ്ങളിൽ ഗ്ലോറിയ ഗ്രഹാമിനെ പലപ്പോഴും ദുഷ്‌കീർത്തിയുള്ള അതിയായ ലൈംഗിക മോഹമുള്ള ഒരു മാദകത്തിടമ്പായി അവതരിപ്പിച്ചിരുന്നു. ഈ സമയത്ത് നിരവധി ഹോളിവുഡ് സ്റ്റുഡിയോകൾക്കായി അവർ സിനിമകൾ ചെയ്തു. ക്രോസ്ഫയർ (1947) എന്ന ചിത്രത്തിലെ അഭിനയത്തിന്റെപേരിൽ മികച്ച സഹനടിക്കുള്ള ഓസ്കാർ നോമിനേഷൻ ലഭിച്ചു.[5]
കൊളംബിയ പിക്ചേഴ്സിനായി ഇൻ എ ലോൺലി പ്ലേസ് (1950) എന്ന സിനിമയിൽ ഹംഫ്രി ബൊഗാർട്ടിനൊപ്പം അഭിനയിക്കുകയും, ഈ പ്രകടനം പ്രശംസ പിടിച്ചുപറ്റുകയും ചെയ്തു. ഇന്ന് ഇത് അവളുടെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായാണ് ഇത് കണക്കാക്കുന്നതെങ്കിലും ഇത് ഒരു ബോക്സ് ഓഫീസ് വിജയമായിരുന്നില്ല. അതുമാത്രമല്ല താൻ ഈ സിനിമ ഒരിക്കലും കണ്ടിട്ടില്ലെന്ന് ആർകെഒ ഉടമ ഹോവാർഡ് ഹ്യൂസ് സമ്മതിക്കുകയും ചെയ്യുന്നു. ബോർൺ യെസ്റ്റർഡേ (1950), എ പ്ലേസ് ഇൻ ദി സൺ (1951) എന്നീ ചിത്രങ്ങളിലെ വേഷങ്ങൾക്കായി തന്റെ കരാർ കടം കൊടുക്കാൻ ആവശ്യപ്പെട്ടപ്പോൾ ഹ്യൂസ് വിസമ്മതിക്കുകയും പകരം മക്കാവോ (1952) എന്ന സിനിമയിലെ സഹവേഷത്തിൽ അഭിനയിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. സ്‌ക്രീനിൽ ഒൻപത് മിനിറ്റിലധികം മാത്രമാണ് പ്രത്യക്ഷപ്പെട്ടെങ്കിലും, എംജിഎമ്മിന്റെ ദി ബാഡ് ആൻഡ് ബ്യൂട്ടിഫുൾ (1952)[6][7] എന്ന ചിത്രത്തിലെ വേഷത്തിന്റെ പേരിൽ മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് നേടുകയും; 5 മിനിറ്റ്, 2 സെക്കൻഡ് പ്രകടനത്തിലൂടെ നെറ്റ്‍വർക്ക് എന്ന ചിത്രത്തിൽ ബിയാട്രിസ് സ്ട്രെയിറ്റ് ഒരു ഓസ്കാർ നേടുന്നതുവരെ സ്‌ക്രീനിലെ ഏറ്റവും ചെറിയ പ്രകടനത്തിനുള്ള റെക്കോർഡ് അവർ വളരെക്കാലം കൈവശം വയ്ക്കുകയും ചെയ്തു.
മരണം
[തിരുത്തുക]1974 മാർച്ചിൽ ഗ്രഹാമിന് സ്തനാർബുദം കണ്ടെത്തി. റേഡിയേഷൻ ചികിത്സയ്ക്ക് വിധേയയായതോടെ അവർ തന്റെ ഭക്ഷണശീലത്തിൽ വരുത്തുകയും പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങൾ നിർത്തിയതോടൊപ്പം ഹോമിയോ ചികിത്സയിലൂടെയും രോഗത്തിനു പരിഹാരം തേടുകയും ചെയ്തു. പുതിയ ജീവിതചര്യയിലൂടെ ഒരു വർഷത്തിനുള്ളിൽ കാൻസറിൽനിന്ന് മുക്തി നേടാൻ അവർക്ക് സാധിച്ചു.[8] 1980 ൽ ക്യാൻസർ രോഗം അവരിലേയ്ക്ക് തിരിച്ചെത്തിയെങ്കിലും രോഗനിർണയത്തിനോ റേഡിയേഷൻ ചികിത്സ തേടാനോ ഗ്രഹാം വിസമ്മതിച്ചു. ആരോഗ്യം മോശമായിരുന്നിട്ടുകൂടി, ഗ്രഹാം അമേരിക്കയിലും യുണൈറ്റഡ് കിംഗ്ഡത്തിലുമായി തന്റെ നാടകാഭിനയം തുടർന്നു.
1981 ലെ ശരത്കാലത്ത് ഇംഗ്ലണ്ടിലെ ലാൻകാസ്റ്ററിലെ ഡ്യൂക്സ് പ്ലേ ഹൌസിൽ[9] ഒരു പ്രദർശനം നടത്തുന്നതിനിടെ ഗ്രഹാമിന് അസുഖം മൂർഛിച്ചു. ഒരു പ്രാദേശിക ആശുപത്രി ഉടനടി അവരോട് ശസ്ത്രക്രിയ നടത്താൻ ആവശ്യപ്പെട്ടുവെങ്കിലും അത് നിരസിക്കപ്പെട്ടു. മുൻ കാമുകൻ, നടൻ പീറ്റർ ടർണറുമായി[10] ബന്ധപ്പെട്ട അവർ ലിവർപൂളിൽ, മാതാവിന്റെ വീട്ടിൽ താമസിക്കാൻ അഭ്യർത്ഥിച്ചു. മെഡിക്കൽ സംഘങ്ങളുമായോ അവളുടെ കുടുംബാംഗങ്ങളുമായോ ബന്ധപ്പെടരുതെന്ന് ഗ്രഹാം ടർണറോട് അഭ്യർത്ഥിച്ചുവെങ്കിലും ടർണർ അവളുടെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലനായിരുന്നു. ഫിലിം സ്റ്റാർസ് ഡോണ്ട് ഡൈ ലിവർപൂൾ, എന്ന പേരിലുള്ള ടർണറിന്റെ പുസ്തകത്തിൽ പരാമർക്കുന്നതുപ്രകാരം അദ്ദേഹത്തിന്റെ പ്രാദേശിക കുടുംബ ഡോക്ടർ ഗ്രഹാമിനോട് അവളുടെ അടിവയറ്റിൽ "ഒരു ഫുട്ബോളിനോളം വലുപ്പം" ഉള്ള ഒരു ട്യൂമർ വളർന്നിട്ടുണ്ടെന്ന് പറഞ്ഞു. സ്തനാർബുദം ഈ പുസ്തകത്തിൽ പരാമർശിക്കപ്പെട്ടിട്ടില്ല.[11] അമേരിക്കയിൽ ഉണ്ടായിരുന്ന ഗ്രഹാമിന്റെ രണ്ട് മക്കളായ തിമോത്തിയെയും മരിയാനയെയും പീറ്റർ ടർണർ അസുഖത്തെക്കുറിച്ച് അറിയിച്ചു. ചികിത്സിക്കുന്ന ഡോക്ടർ, ഗ്രഹാം, പീറ്റർ ടർണർ, അയാളുടെ കുടുംബം എന്നിവരുടെ ആഗ്രഹത്തിന് വിരുദ്ധമായി മാതാവിനെ അമേരിക്കയിലേക്ക് തിരികെ കൊണ്ടുപോകാൻ തീരുമാനിച്ച് മക്കൾ ലിവർപൂളിലേക്ക് യാത്രചെയ്തു.[12][13]
പീറ്റർ ടർണറുടെ മാതാവിന്റെ ഭവനത്തിൽ ആറുദിവസം താമസിച്ച ശേഷം, 1981 ഒക്ടോബർ 5 ന്, ഗ്രഹാമിനെ അവളുടെ രണ്ടു മക്കൾ അമേരിക്കയിലേക്ക് തിരികെ കൊണ്ടുപോകുകയും അവിടെ, ന്യൂയോർക്ക് നഗരത്തിലെ സെന്റ് വിൻസെന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. 57-ആം വയസ്സിൽ ആശുപത്രിയിലേയ്ക്കു പ്രവേശിപ്പിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം അവർ മരിച്ചു.[14] ഭൌതികശരീരം ലോസ് ഏഞ്ചലസിലെ ചാറ്റ്സ്‌വർത്തിലെ ഓൿവുഡ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ സംസ്കരിച്ചു. ആദ്യ ഭർത്താവ് സ്റ്റാൻലി ക്ലെമന്റ്‌സിന്റെ മരണത്തിന് 11 ദിവസത്തിനകമാണ് അവളുടെ മരണം സംഭവിച്ചത്. 1981 ഒക്ടോബർ 16 ന് കാലിഫോർണിയയിലെ പാസഡെനയിൽ എംഫിസെമ ബാധിച്ചാണ് അദ്ദേഹം മരിച്ചത്.[15] ന്യൂയോർക്ക് നഗരത്തിലെ പാർപ്പിട സമുച്ചയമായ മാൻഹട്ടൻ പ്ലാസയിൽ ഗ്രാഹം ഒരു അപ്പാർട്ട്മെന്റ് സൂക്ഷിച്ചിരുന്നു. ഗ്ലോറിയയ്ക്കായി സമർപ്പിച്ചിരിക്കുന്ന സമുച്ചയത്തിലെ കമ്മ്യൂണിറ്റി റൂമിന്റെ ചവരിൽ അവളുടെ ഒരു ഛായാചിത്രം സ്ഥാപിക്കപ്പെട്ടിരിക്കുന്നു.[16]
അവലംബം
[തിരുത്തുക]- ↑ "Flashback: Gloria Grahame". Beaver County Times. August 11, 1991. p. 7. Retrieved June 26, 2014.
- ↑ "About FUMC". First United Methodist Church, Eunice, Louisiana. Archived from the original on September 15, 2012.
- ↑ "Actress Gloria Grahame dead of cancer at age 51". The Bulletin. October 7, 1981. pp. C–7. Retrieved June 26, 2014.
- ↑ "Flashback: Gloria Grahame". Beaver County Times. August 11, 1991. p. 7. Retrieved June 26, 2014.
- ↑ "The 20th Academy Awards (1948): Actress In A Supporting Role". Oscars.org. Academy of Motion Picture Arts and Sciences. Retrieved February 12, 2020.
- ↑ "THE BAD AND THE BEAUTIFUL (1953)". TCM.com. Turner Classic Movies (TCM). Retrieved 28 November 2018.
- ↑ "The 25th Academy Awards (1953): Actress In A Supporting Role". Oscars.org. Academy of Motion Picture Arts and Sciences. Retrieved February 12, 2020.
- ↑ (Lentz 2011, പുറം. 247)
- ↑ Walker, Natalie (21 November 2017). "Gloria Grahame's final wish at The Dukes in Lancaster". Lancashire Evening Post. Archived from the original on 2019-05-02. Retrieved 2020-03-27.
- ↑ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Peter Turner
- ↑ Boyle, Frank Cottrell (14 November 2017). "Film Stars Don't Die in Liverpool: the tragic life of Hollywood sensation Gloria Grahame". The Guardian. Retrieved 14 November 2017.
- ↑ (Lentz 2011, പുറം. 317)
- ↑ Turner, Peter (November 2, 2017). "A VERY unlikely love affair". Daily Mail. Retrieved February 12, 2020.
- ↑ (Lentz 2011, പുറം. 317)
- ↑ Patricia, Patricia; Brooks, Jonathan (2006). Laid to Rest in California: A Guide to the Cemeteries and Grave Sites of the Rich and Famous. Globe Pequot. p. 118. ISBN 0-762-74101-5.
- ↑ King, Susan (December 23, 2017). "Classic Hollywood: Remembering Gloria Grahame before 'Film Stars Don't Die in Liverpool'". Los Angeles Times. Retrieved February 12, 2020.