Jump to content

ഗീതാഞ്ജലി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1990 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഗീതാഞ്ജലി. മണിരത്നമാണ് ഈ ചിത്രത്തിന്റെ സംവിധായകൻ .ഈ ചിത്രം തെലുഗുവിൽ നിന്ന് മലയാളത്തിലേക്ക് ഡബ്ബ് ചെയ്യപ്പട്ടതാണ്. നാഗാർജുന , ഗിരിജ ഷെട്ടാർ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്. ഇതിലെ നായികയായ ഗിരിജ ഷെട്ടാർ അഭിനയിച്ച ഏകമലയാളചിത്രം പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ നായകനായ വന്ദനം ആണ്. തമിഴിൽ ഇദയത്തെ തിരുടാതൈ എന്ന പേരിലാണ് ഈ ചിത്രം ഇറങ്ങിയത്. ഹിന്ദിയിൽ യാദ് രഖേഗി ദുനിയാ എന്ന പേരിൽ ഇത് പുനർനിർമ്മിക്കപ്പെട്ടു. ആദിത്യ പഞ്ചോളിയും റുക്സാറുമാണ് പ്രധാനവേഷങ്ങൾ ചെയ്തത്. മെലഡി കിങ് ഇളയരാജയായിരുന്നു ഈ ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണമിട്ടത്. അന്തിക്കാട് മണിയാണ് ഗാനരചന നിർവഹിച്ചത്. ഈ ചിത്രം 1990ൽ ഏറ്റവും ജനപ്രീതി നേടിയ ചിത്രത്തിനുള്ള സുവർണകമലവും 7 നന്ദി അവാർഡുകളും നേടി.

കഥാസാരം[തിരുത്തുക]

ഗീതയുടെയും പ്രകാശിന്റെയും പ്രണയകഥ. തെലുഗ് സിനിമകളിൽ സ്ഥിരം കാണാറുള്ള ഐറ്റം ഡാൻസും അടിയും ഇടിയും ബഹളവും നിറഞ്ഞ അന്തരീക്ഷത്തിലേക്ക് മണിരത്‌നം നൽകിയ ഒരു പ്രണയകാവ്യം.

അതുവരെ കുത്തഴിഞ്ഞ ജീവിതം നയിച്ച പ്രകാശ് എന്ന ചെറുപ്പക്കാരൻ അവന്റെ ശരീരത്തിൽ കാൻസർ പിടിമുറുക്കിയിരിക്കുന്ന കാര്യം ഒരു ആക്‌സിഡന്റിനു ശേഷം നടത്തിയ മെഡിക്കൽ ടെസ്റ്റിലൂടെയാണ് അറിയുന്നത്. മരണം ദയയോടെ ദാനം നൽകിയ എണ്ണപ്പെട്ട ദിവസങ്ങൾ മാതാപിതാക്കളുടെ ഹൃദയവേദനയ്ക്ക് മുമ്പിൽ ഇഞ്ചിഞ്ചായി മരിക്കേണ്ടി വരുമെന്ന ബോധ്യത്തിൽ അവൻ വിഷമിക്കുന്നു. അതോടെ അവൻ ഒരു തീരുമാനമെടുക്കുന്നു. എസ്റ്റേറ്റിൽ പോയി അവിടെ ശിഷ്ടകാലം ജീവിക്കുക. അതോടെ അച്ഛനമ്മമാരുടെ പകുതി സമ്മതത്തോടെ അവൻ നീലഗിരിയിലേക്ക് യാത്ര പോവുന്നു.

നീലഗിരിയിൽ പക്ഷെ, പ്രകാശിനെ എതിരേറ്റത് അങ്ങേയറ്റം കുസൃതി നിറഞ്ഞ, കുഴപ്പങ്ങൾ സൃഷ്ടിച്ചു തന്നെ വഴക്കു കേൾപ്പിക്കുന്ന ഗീത എന്ന പെൺകുട്ടിയാണ്. അവൾക്ക് മുത്തശ്ശിയും അച്ഛനും മൂന്ന് അനിയത്തിമാരുമുണ്ട്. ഗീതയുടെ അച്ഛന്റെ അടുത്തേക്കാണ് പ്രകാശ് തന്റെ മെഡിക്കൽ റെക്കോർഡ് കൊണ്ടുവന്ന് ചികിൽസ തുടരുന്നത്. ആരെ കണ്ടാലും "നിങ്ങൾക്ക് എന്നെ ഇഷ്ടമാണോ, എങ്കിൽ നമുക്ക് ഒളിച്ചോടിപ്പോവാം?" എന്ന ഗീതയുടെ തമാശ പലരെയും കുഴിയിൽ ചാടിച്ചിട്ടുണ്ട്. ഒരിക്കൽ ഗീതയുടെ കുസൃതി അതിരു കടന്നതിന് പ്രകാശ് അവളെ കണക്കറ്റ് ശിക്ഷിച്ചു. നാല്പത് കിലോമീറ്റർ അകലെ അവളെ ഉപേക്ഷിച്ച് അവൻ വീട്ടിലേക്ക് കടന്നുകളഞ്ഞു.

നേരം ഏറെ ഇരുട്ടിയിട്ടും വഴിയിൽ മൂടൽ മഞ്ഞുവീണിട്ടും ഗീതയെ കാണാതെ അനിയത്തി പ്രകാശിന്റെ അടുത്തേക്ക് പേടിയോടെ അന്വേഷിച്ചെത്തി. അങ്ങേയറ്റം ഭയചകിതനായ പ്രകാശ് ഗീതയെ അന്വേഷിച്ചു കണ്ടെത്തി വീട്ടിലെത്തിച്ചു. ഗീതയുടെ അമ്മൂമ്മ പ്രകാശിനെ ശകാരിച്ചു. "അല്ലെങ്കിലേ അതിന് അൽപായുസ്സാണ്. അതിന്റെ ഇടയിൽ കുറച്ചുകാലം ജീവിക്കുന്ന അത് എന്തെങ്കിലും കുസൃതി കാണിച്ചാൽ നിനക്ക് ക്ഷമിച്ചുകൂടെ? എന്തെങ്കിലും പറ്റിയാൽ പിന്നെ ആരുണ്ട്?.. അതോടെ പ്രകാശ് അറിയുന്നു. ഗീതയും തന്നെപ്പോലെ ജീവിതം എണ്ണിയെണ്ണി കഴിയുകയാണ്. ഉള്ള കാലം സന്തോഷത്തോടെ ജീവിക്കാൻ അവൾ തന്നെ ഉണ്ടാക്കിയ ഉലകത്തിൽ അവൾ മതിമറക്കുന്നു.

തൊട്ടടുത്ത ദിവസം ഗീതയുടെ അച്ഛനോട് പ്രകാശ് ചോദിക്കുന്നു, എന്താണ് ഗീതയുടെ അസുഖം. അതെ, ഗീതക്ക് ഹൃദയഭിത്തികളിൽ ദ്വാരമുണ്ട്. അവൾക്ക് പലതവണ ഓപ്പറേഷൻ ചെയ്‌തെങ്കിലും ഫലമില്ല. ഇനിയെല്ലാം വിധി. അത് അവൾക്കുമറിയാം. പ്രകാശ് നേരെ ഗീതയുടെ അടുക്കൽ പോയി ചോദിച്ചു, "നിന്റെ രോഗത്തെപ്പറ്റി നിനക്ക് ഒരു വേവലാതിയുമില്ലേ?"

"നോക്കൂ, ഈ കിളികൾ ചത്തുപോകും, മരങ്ങൾ വീണ് മണ്ണിൽ ലയിക്കും, എല്ലാവരും മരിക്കും, ഞാൻ കുറച്ചു നാൾ മുന്നേ മരിക്കും. അത്രമാത്രം. എനിക്ക് നാളെയെക്കുറിച്ചു ഒരു ഭയവുമില്ല. ഇന്നാണ് എനിക്ക് മുഖ്യം."

പുതിയ ജീവിതം വീണ്ടുകിട്ടിയ പോലെ പ്രകാശ് സന്തോഷവാനായി. താനും ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കണം. പിന്നീട് പ്രകാശ് ഗീതയെ സ്നേഹിക്കാൻ തുടങ്ങി. പലതവണ അവൻ അവളെ തമാശക്ക് പാത്രമാക്കി. പക്ഷെ, അവൾ ഒരിക്കലും അതിന് നിന്നുകൊടുത്തില്ല. ഒരിക്കൽ അവൻ അവളോട് തന്റെ പ്രേമം തുറന്നുപറഞ്ഞപ്പോൾ, ജീവിതത്തിന്റെ അവസാന നാളുകളിൽ തനിക്ക് സ്നേഹിക്കാനും തന്നെ ജീവനുതുല്യം സ്നേഹിക്കാനും ഒരാളെ കിട്ടിയ സന്തോഷത്തിൽ അവൾ ആ പ്രേമം സ്വീകരിച്ചു. അത് പക്ഷെ, പ്രകാശിന്റെ അമ്മയുടെ ഒരു മിന്നൽ  സന്ദർശനം വരെ എല്ലാം നല്ലപടിയിൽ പോവുകയായിരുന്നു.പ്രകാശിന്റെ അമ്മയുടെ ഗീത അറിയുന്നു പ്രകാശ് ഇനി അധികകാലം ഉണ്ടാവില്ല.

ഗീത ഓടിച്ചെന്ന് അച്ഛന്റെ ഓഫീസിൽനിന്നും പ്രകാശിന്റെ റെക്കോഡുകൾ കണ്ടെത്തി മനസ്സിലാകുന്നു, പ്രകാശിന് തന്നെക്കാൾ അപകടമായ ഘട്ടമാണ്. ഗീത പ്രകാശിനെ കാണാൻ ഓടിയെത്തിയത് റെയിൽവേ സ്റ്റേഷനിൽ. അവൻ അമ്മയെ യാത്രയാക്കാൻ വന്നതാണ്. കോരിച്ചൊരിയുന്ന മഴയത്ത് ഗീത പ്രകാശിനെ അതിരൂക്ഷമായി ശകാരിച്ചു. ഇനി ഒരിക്കലും നമ്മൾ തമ്മിൽ കാണരുതെന്ന് വിലക്കി.

"ഗീതേ, നീയല്ലേ പറഞ്ഞത്, എല്ലാവരും മരിച്ചുപോകുമെന്ന്. ഞാനും അതുപോലെ മരിച്ചുപോകും, ചിലപ്പോൾ നിന്നെക്കാൾ ഒരുദിവസം മുമ്പ്, അത്രെയേ ഉള്ളൂ.." പക്ഷെ, ഗീത ആ വാക്കുകളെ അവഗണിച്ചുകൊണ്ട് പറഞ്ഞു, ഇനി എന്നെ കാണാൻ വരരുത്. കാരണം ചോദിച്ചപ്പോൾ പറഞ്ഞത്, "എന്റെ പ്രാണനേക്കാൾ വലുതായി നിന്റെ പ്രാണനെ ഞാൻ കാണുന്നു. അത് ഞാൻ ജീവിച്ചിരിക്കുവോളം അണയാൻ ഞാൻ സമ്മതിക്കില്ല. പ്രകാശ്, നീ എങ്ങോട്ടെങ്കിലും പോവൂ. വേറെ ഏതെങ്കിലും നാട്ടിൽ നീ സന്തോഷത്തോടെ ജീവിക്കുന്നു എന്ന വിശ്വാസത്തിൽ എനിക്ക് മരിക്കണം. പ്ളീസ്..."

പ്രകാശ് അന്ന് രാത്രി തിരിച്ചു വീട്ടിലേക്ക് പോവാൻ തയാറെടുക്കുന്ന വേളയിൽ അറിയുന്നു, ഗീതക്ക് അസുഖം കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അവൾക്ക് എന്തും സംഭവിക്കാം, ചിലപ്പോൾ എന്തെങ്കിലും ഒരു മിറക്കിൾ പോലും നടക്കാം. പക്ഷെ ഗീതയുടെ കുടുംബം പ്രകാശിനെ അവളെ കാണുന്നതിൽനിന്ന് വിലക്കി. അവർ കരുതി, പ്രകാശ് കാരണമാണ് ഗീതക്ക് അസുഖം കൂടിയതെന്ന്. ഗീതക്ക് അന്ന് ഒരു മേജർ ഓപ്പറേഷൻ ഉണ്ട്. അതിന് മുമ്പ് ഗീതയെ ആശുപത്രിയുടെ ജനലിലൂടെ വിദൂരമായ് ഒരുനോക്കുകണ്ട പ്രകാശ് അവിടെനിന്നും വീട്ടിലേക്കു മടങ്ങി.

ഓപ്പറേഷൻ കഴിഞ്ഞ ഗീത കണ്ണുതുറന്നു ആദ്യം ചോദിച്ചത് പ്രകാശിനെ കാണണമെന്നാണ്. പ്രകാശ് റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോൾ അങ്ങോട്ട് ഗീതയേയും കൊണ്ട് ആംബുലൻസിൽ വന്ന കുടുംബത്തെ കണ്ട പ്രകാശ് ഭയചകിതനായ് ഓടിയെത്തി. അവൻ നോക്കിയപ്പോൾ ഗീത ചിരിച്ചുകൊണ്ട് ചോദിക്കുന്നു, "നിങ്ങൾക്ക് എന്നെ ഇഷ്ടമാണോ, എങ്കിൽ നമുക്ക് ഒളിച്ചോടിപ്പോവാം?" ....

ഈ സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് നടത്തിയ പ്രീമിയർ ഷോ കണ്ട എല്ലാവരും പറഞ്ഞു, ഇതൊരു വൻ പരാജയമായാൽ നാഗാർജുന എന്ന നടനെ തെലുഗ് സിനിമക്ക് നഷ്ടമാവും. അഥവാ സൂപ്പർ ഹിറ്റ് സിനിമ ആവുകയാണെങ്കിൽ അത് തെലുഗ് സിനിമയിലെ ഒരു ചരിത്രവും നാഗാർജുനയുടെ കരിയറിൽ ഒരു പൊൻതൂവലുമാവും. അതെ, പടം സൂപ്പർ ഹിറ്റ് ആവുകയും മലയാളം, തമിഴ്, മറാഠി ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുകയും ഹിന്ദി, ബംഗാളി, സിന്ധി ഭാഷകളിൽ പുനർനിർമിക്കുകയും ചെയ്തു. ഗാനങ്ങൾ വെട്ടൂരിയുടെ തൂലികയിൽനിന്ന് ഉതിർന്നപ്പോൾ ഇളയരാജ നൽകി എസ് പി ബാലസുബ്രമണ്യം, ചിത്ര, എസ് ജാനകി എന്നിവർ പാടിയ പാട്ടുകൾ ഇന്നും ആസ്വാദ്യകരമാണ്.  പ്രകാശ് ആയി നാഗാർജുന അഭിനയിച്ചപ്പോൾ, ഗീതാഞ്ജലി എന്ന ടൈറ്റിൽ കഥാപാത്രമായത് ബ്രിടീഷ് ഇന്ത്യൻ വംശജയായ ഗിരിജ ഷെട്ടാർ (വന്ദനം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്) ആണ്.

സിനിമ അവസാനിക്കുമ്പോൾ യാതൊരു ട്രാജഡിയും ഇല്ലാതെ, ആർ ആദ്യം മരിക്കുമെന്ന് ഒരു സൂചനയും നൽകാതെ പടം തീരുന്നു. ഇന്നും ഒരു പുതുമയോടെ കണ്ടിരിക്കാവുന്ന ഈ മണിരത്നം സിനിമ ഇറങ്ങിയിട്ട് 35 വർഷം തികയുന്നു.

ഗാനങ്ങൾ[തിരുത്തുക]

എണ്ണം ഗാനം ആലാപനം
1 ഓ പ്രിയേ പ്രിയേ എസ്.പി. ബാലസുബ്രഹ്മണ്യം, ചിത്ര.
2 കന്ദർപ്പനിന്നൊരു ചിത്ര.
3 ഇല്ലിമുളംകാട്ടിന്നുള്ളിൽ ചിത്ര , എസ്.പി. ബാലസുബ്രഹ്മണ്യം.
4 ഓം നമഹ എസ്.ജാനകി , എസ്.പി. ബാലസുബ്രഹ്മണ്യം.
5 ഓ പാപാ ലാലി എസ്.പി. ബാലസുബ്രഹ്മണ്യം.
6 ജഗഡ ജഗഡ എസ്.പി. ബാലസുബ്രഹ്മണ്യം.
7 കാവ്യങ്ങൾ പാടുമോ എസ്.പി. ബാലസുബ്രഹ്മണ്യം.

പ്രധാന അഭിനേതാക്കൾ[തിരുത്തുക]

ഗിരിജ (ഗീതാഞ്ജലി), നാഗാർജുന (പ്രകാശ് ), വിജയകുമാർ ( ഗീതാഞ്ജലിയുടെ അച്ഛൻ ),വിജയചന്ദർ (പ്രകാശിന്റെ അച്ഛൻ ), ചന്ദ്രമോഹൻ , സുതിവേലു, സുമിത്ര (പ്രകാശിന്റെ അമ്മ),രാധാഭായ് (ഗീതാഞ്ജലിയുടെ മുത്തശി ), സിൽക്ക് സ്മിത, ഡിസ്കോ ശാന്തി, ഷൌക്കർ ജാനകി (ചാൻസലർ ), അരുണ മുചേർല (ഡോക്ടർ ).

"https://ml.wikipedia.org/w/index.php?title=ഗീതാഞ്ജലി_(ചലച്ചിത്രം)&oldid=4069888" എന്ന താളിൽനിന്ന് ശേഖരിച്ചത്